നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം (നിയമാവര്‍ത്തനം 12:5).

ഇവിടെ നിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. എന്റെ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാല്‍, എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ ഇതിന്‍മേല്‍ ഉണ്ടായിരിക്കും (2 ദിനവൃത്താന്തം 7:1516).

അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ തിരഞ്ഞെടുത്തു കൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ, വിശുദ്ധ മന്ദിരത്തിലെ, നന്‍മകൊണ്ടു സംതൃപ്തരാകും (സങ്കീര്‍ത്തനങ്ങള്‍ 65:4).

കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും (ജറെമിയാ 31:9) . 

സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക (ഏശയ്യാ 58:13).

എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥപാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹന്നാന്‍ 6:5456).

കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറിന്തോസ് 11:2326).

ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു  പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ് (1 കോറിന്തോസ് 11:2730).