ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസം ബാള്‍ട്ടിമോറായിരുന്നു അവസാന സന്ദര്‍ശന സ്ഥലം. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് പത്തു മണിക്കൂര്‍ ദൈര്‍ഘ്യമുളള സന്ദര്‍ശനത്തിനാണ് അദ്ദേഹം ബാള്‍ട്ടിമോറിലെത്തിയത്. ഓരോരോ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒടുവിലദ്ദേഹം അമേരിക്കയിലെ ആദ്യത്തെ കത്തോലിക്കാ സെമിനാരിയായ ബാള്‍ട്ടിമോറിലെ സെന്റ് മേരീസ് സെമിനാരിയിലെത്തി. മുന്നൂറോളം സെമിനാരി വിദ്യാര്‍ത്ഥികള്‍ മാര്‍പാപ്പയെ വരവേല്‍ക്കാന്‍ നിരന്നു നിന്നിരുന്നു.
വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വരവിനോടനുബന്ധിച്ച് സെമിനാരിയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അദ്ദേഹം പാപ്പാ മൊബൈലിന്‍ നിന്നിറങ്ങി. ആകാംക്ഷയും സന്തോഷവും സമം ചേര്‍ന്ന് പുഞ്ചിരിക്കുന്ന മുഖത്തോടെ സെമിനാരി വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. മാര്‍പാപ്പ എല്ലാവര്‍ക്കും ഹസ്തദാനം ചെയ്തു.
അതിനുശേഷം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാര്‍പാപ്പ പോയത് സെന്റ് മേരീസ് സെമിനാരിയുടെ ചാപ്പലിലേക്കായിരുന്നു. അമ്പരപ്പിന് ഒരു കാരണമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരിപാടികളില്‍ പെടാത്തതായിരുന്നു ഈ ചാപ്പല്‍ സന്ദര്‍ശനം. ആശങ്കയോടെ സുരക്ഷാ സൈന്യം പാപ്പയ്ക്ക് മുന്‍പേ ഓടി. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമല്ലോ.
രഹസ്യാന്വേഷകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പുറമേ ഒളിച്ചിരിക്കുന്നവരെ മണത്തു കണ്ടുപിടിക്കുന്നതിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തുന്നതിലും വൈദഗ്ദ്ധ്യം സിദ്ധിച്ച 'കെ9' നായ്ക്കളും പാപ്പയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ചാപ്പലിനുളളില്‍ പ്രവേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും കെ9 നായ്ക്കളും ചാപ്പലിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. അസാധാരണമായതൊന്നും കണ്ടെത്തിയില്ല. എന്നാല്‍ കെ9 നായ്ക്കള്‍ മാത്രം മുരണ്ടു തുടങ്ങി. കാര്യമെന്താണെന്നറിയാന്‍ അവയെ നിയന്ത്രിക്കുന്ന ഹാന്‍ഡ്‌ലേഴ്‌സ് അടുത്തേക്കു ചെന്നു. നായ്ക്കള്‍ സക്രാരിയില്‍ നോക്കി നിശ്ചലരായി നില്‍ക്കുകയാണ്. വൈദികന്‍ സക്രാരി തുറന്നപ്പോള്‍ അതിനുളളില്‍ കസ്‌തോദിയും ദിവ്യകാരുണ്യവും മാത്രമേ കണ്ടെത്തിയുളളൂ. ഹാന്‍ഡ്‌ലേഴ്‌സ് തിരിഞ്ഞുനടന്നു. പക്ഷേ അപ്പോഴും നായ്ക്കള്‍ സക്രാരിയിലേക്കു നോക്കിക്കൊണ്ട് നിശ്ചലരായിത്തന്നെ നില്‍ക്കുകയാണ്. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് അവയെ ചാപ്പലില്‍ നിന്നും പുറത്തു കൊണ്ടുവരാനായത്.
ദിവ്യകാരുണ്യം ശക്തിയാണ്. അത്ഭുതമാണ്. ഇത്തിരിപ്പോന്ന അപ്പത്തിനുളളില്‍ മറഞ്ഞിരിക്കുന്നത് ലോകത്തിനു മുഴുവന്‍ ജീവന്‍ നല്‍കാനുതകുന്ന മഹാത്ഭുതമാണെന്ന് ആ നായ്ക്കളും തിരിച്ചറിഞ്ഞിട്ടുണ്ടാകാം. മനുഷ്യബുദ്ധിക്കതീതമായ എന്തോ ഒന്ന് അവയെ നയിച്ചിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും നിത്യജീവന്‍ നല്‍കുന്ന ആ വിശിഷ്ട അപ്പത്തിനു മുന്നില്‍ അവ നിശ്ചലരായതും. ആ നിശബ്ദത തന്നെയാകാം ദിവ്യകാരുണ്യത്തോടുളള അവയുടെ പ്രാര്‍ത്ഥനയും.