എത്യോപ്യക്കാരന് നിറവും പുളളിപ്പുലിക്ക് വരയും മാറ്റാന്‍ കഴിയില്ലായിരിക്കാം. പക്ഷേ ദൈവത്തിന്റെ പരിശുദ്ധാത്മാവ് കടന്നുവരുമ്പോള്‍ എത്ര ഭീകരനായ മനുഷ്യന് പോലും മാനസാന്തരപ്പെടാന്‍ സാധിക്കും എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഒരുകാലത്ത് ആലപ്പുഴ ജില്ലയില്‍ കുപ്രസിദ്ധനായിരുന്ന ഇറച്ചി ആല്‍ബിയുടെ മനപ്പരിവര്‍ത്തനം.
ഒരിക്കല്‍ മനുഷ്യജീവനെ ചവിട്ടിമെതിച്ചു നടന്നിരുന്ന ഭീകരനായ കൊലപാതകിയും ഗുണ്ടയും അക്രമിയുമൊക്കെയായിരുന്ന ആല്‍ബി ഇന്ന് ബ്രദര്‍ ആല്‍ബിനായി രൂപാന്തരപ്പെട്ടുകൊണ്ട് മാനവസേവയെ മാധവസേവയായി കൊണ്ടാടുകയാണ്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അനേകര്‍ക്ക് അഭയകേന്ദ്രമായി മാറിയ ശാന്തിഭവന്റെ സ്ഥാപനത്തിലൂടെ ജീവകാരുണ്യത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഇന്ന് ആ പഴയ ഗുണ്ട.
നാലായിരത്തി ഇരുനൂറ് ജയില്‍ ദിനങ്ങള്‍ക്കിടയില്‍ എന്നോ സംഭവിച്ച അത്ഭുതകരമായ മാനസാന്തരമാണ് ആല്‍ബിയുടെ ജീവിതത്തെ ഇന്ന് കാണുന്ന വിധത്തിലേക്ക് മാറ്റിമറിച്ചത്. വൈദികരും ജയില്‍ മിനിസ്ട്രി പോലെയുളള സേവന സംഘടനകളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഭാര്യയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും ആല്‍ബിന്റെ തമോഗര്‍ത്തങ്ങളായ ജീവിതത്തിന്മേല്‍ പ്രകാശകിരണങ്ങള്‍ ചൊരിയുവാന്‍ ദൈവം തിരുമനസ്സായ ചില നിയോഗങ്ങളായിരുന്നു.
മത്സ്യത്തൊഴിലാളിയായ മാത്യുവിന്റെയും റോസയുടെയും മകനായി ജനിച്ച ആല്‍ബിയുടെ ജീവിതം സാധാരണ മത്സ്യത്തൊഴിലാളികളുടെ മക്കളുടേതു പോലെ തന്നെയായിരുന്നു. അപ്പന്‍ മരണമടയുന്നതുവരെ.. മാത്യുവിന്റെ മരണത്തെക്കുറിച്ച് ഇന്നും ആലപ്പുഴക്കാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളാണുളളത്. മത്സ്യബന്ധനത്തിന് പോയപ്പോള്‍ വലയില്‍ കുടുങ്ങി മരിക്കുകയാ യിരുന്നുവെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ അതല്ല അതൊരു കൊലപാതകമായിരു ന്നുവെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. രണ്ടാമത്തെ കാരണത്തിലേക്ക് നയിക്കാവുന്ന ചില സൂചനകള്‍ തലേന്ന് കിട്ടിയതുകൊണ്ട് അപ്പന്റെ മരണം കൊലപാതകമായിരുന്നുവെന്ന് വിശ്വാസം ഇപ്പോഴും ആല്‍ബിക്കുമുണ്ട്.
കോണ്‍സ്റ്റബിള്‍ കരുണാകരന്‍ നായരെ വീട്ടില്‍ കയറി വെട്ടി പരിക്കേല്പിച്ചതോടെ ആല്‍ബി പോലീസുകാരുടെ ആജന്മശത്രുവായി മാറുകയായിരുന്നു. പോലീസുകാരുടെ സ്‌നേഹപ്രകടനങ്ങള്‍ അധികമായപ്പോള്‍ അതില്‍ നിന്നുളള രക്ഷനേടലായിരുന്നു ആല്‍ബിയെ തൃശ്ശൂരിലെത്തിച്ചത്. അവിടെ സമ്പന്നനായ ഒരു വൃദ്ധന്റെ പരിചരണം ഏറ്റെടുത്തു. പില്ക്കാലത്ത് അഗതികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ബ്രദര്‍ ആല്‍ബിയായി മാറിയപ്പോള്‍ അതിനുളള ആദ്യ പരിശീലനം കിട്ടിയത് ഇവിടെ നിന്നായിരുന്നു എന്ന് കരുതുന്നതിലും തെറ്റില്ല.
അനുജന്‍ ജേക്കബ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ആല്‍ബിയെ തിരികെ ആലപ്പുഴയിലെത്തിച്ചു. ജീവിതം ആദ്യത്തേതിലും ക്രൂരമായ അനുഭവങ്ങളുടെ സംഘാതമായി മാറിയത് അവിടം മുതല്ക്കായിരുന്നു. സഹോദരിയെ അപമാനിച്ച മുഴുമണിയനെ വെട്ടിമുറിവേല്പിച്ചത് അതിനുളള മുന്നൊരുക്കവും. എന്തു ചെയ്യാന്‍, കഴിയുന്ന വിധത്തിലുളള ആസുരഭാവത്തിലേക്ക് ആല്‍ബി അധ: പ്പതിക്കുകയായിരുന്നു. അതിനിടയില്‍ ആ ക്രൂരതയെ രാഷ്ട്രീയക്കാരും സമര്‍ത്ഥമായി വിനിയോഗിച്ചു. ആല്‍ബിയുടെ ക്രൂരത കൊണ്ട് ആലപ്പുഴക്കാരുടെ സൈ്വര്യജീവിതം പോലും തടസ്സപ്പെട്ട കാലം.
അതിനിടയില്‍ ആല്‍ബി വിവാഹിതനുമായി, പിതാവുമായി. ഭാര്യ മേരിയും മൂന്ന് മക്കളും ആല്‍ബിയുടെ പീഡനങ്ങള്‍ക്ക് തീരെ കുറച്ചൊന്നുമല്ല വിധേയരാകേണ്ടി വന്നത്. ശത്രുവിനെ വെട്ടി വീഴ്ത്തി ആ രക്തം മദ്യത്തില്‍ ചേര്‍ത്തായിരുന്നു ആല്‍ബിയുടെ സുരപാനീയോത്സവങ്ങള്‍. ടേപ്പ് റിക്കോര്‍ഡര്‍ കഴുത്തില്‍ തൂക്കി ബലികൂടീരങ്ങളെ എന്ന് പാട്ട് നാടൊട്ടുക്ക് കേള്‍പ്പിച്ചുകൊണ്ടാ യിരുന്നുവത്രെ ശത്രുവിനെ ഉന്മൂലനം ചെയ്യാനായുളള ആല്‍ബിയുടെ യാത്രകള്‍. സ്വസഹോദരനെ പോലും വെട്ടി പരിക്കേല്പിക്കാന്‍ തക്ക ക്രൂരത ആല്‍ബിയുടെ മനസ്സിലുണ്ടായിരുന്നു.
എന്നാല്‍ സഹോദരന്‍ ആ തെറ്റ് ആല്‍ബിയോട് ക്ഷമിച്ചു എന്ന് മാത്രമല്ല തനിക്ക് അപകടം പറ്റിയത് ആല്‍ബി വഴിയല്ല എന്ന് മൊഴി നല്‍കുക കൂടി ചെയ്തതോടെ ആദ്യമായി ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ കാറ്റ് ആല്‍ബിയെ തൊട്ടു. ആല്‍ബിയുടെ ശത്രുക്കളും അടങ്ങിയിരുന്നില്ല. അവര്‍ ഒരു നാള്‍ ആല്‍ബിയെയും നടുറോഡില്‍ വെട്ടിവീഴ്ത്തി. ചിതറിത്തെറിക്കപ്പെട്ട മാംസകഷ്ണങ്ങളുമായി ജീവനുവേണ്ടി പിടയുമ്പോഴും ആല്‍ബിയില്‍ ആത്മധൈര്യമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ നിലവിളിച്ചോടിയെത്തിയ ഭാര്യയോട് അയാള്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ മരിക്കുകയില്ല നീയെന്നെ ആരുടെ കാലുപിടിച്ചിട്ടാണെങ്കിലും ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കണം എന്ന്.
അതുവഴി വന്ന വെളള അംബാസിഡര്‍ കാറില്‍ കയറ്റിയാണ് അന്ന് മേരി ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചത്. വലിയ കാര്യങ്ങള്‍ക്ക് വേണ്ടി അയാളുടെ ജീവിതത്തെ തിരുത്തിയെഴുതി ഉപയോഗിക്കാന്‍ വേണ്ടി തന്നെയായിരുന്നു ദൈവം ആല്‍ബിയുടെ ആയുസ് നീട്ടിക്കൊടുത്തത് എന്ന് തുടര്‍ന്നുളള സംഭവങ്ങള്‍ തെളിയിക്കുന്നു. വിവിധ കേസുകള്‍, കൊലപാതകങ്ങള്‍.. ഏതൊരു അക്രമിയുടെയും ജീവിതത്തിന്റെ അവസാനവഴികളിലേക്കെന്നോണം ആല്‍ബിയുടെ മുമ്പിലും ഒരു വാതില്‍ തുറന്നു ജയിലേക്കുളള വാതില്‍. പക്ഷേ അതവിടെ അടഞ്ഞുകിടന്നില്ല. ഏതു വാതിലിലൂടെ പ്രവേശിച്ചുവോ ആ വാതിലിലൂടെ പുറത്തേക്ക് വന്നത് പുതിയൊരു ആല്‍ബിയായിരുന്നു. പുഴുവില്‍ നിന്ന് പൂമ്പാറ്റയാകുന്നതു പോലെയുളള ഒരു പരിണാമം.
ജയില്‍ മിനിസ്ട്രിയും വൈദികരുടെ ഉപദേശങ്ങളും ആല്‍ബിയുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. പിന്നെപ്പിന്നെ ആല്‍ബി പരോളിലിറങ്ങിയത് ധ്യാനകേന്ദ്രങ്ങളില്‍ ധ്യാനത്തില്‍ സംബന്ധിക്കാനായിട്ടായിരുന്നു. അത്തരം യാത്രകളില്‍ ദൈവം പ്രത്യേകമായി ആല്‍ബിയെ സ്പര്‍ശിച്ചു. ഭാര്യയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ക്ക് ദൈവം നല്‍കിയ മറുപടി പോലെ. ചെയ്തുപോയ പാപങ്ങള്‍ നിറഞ്ഞ ഭൂതകാലം ആല്‍ബിയെ വേട്ടയാടി പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും ദിനരാത്രങ്ങള്‍. ആല്‍ബി ദൈവത്തോട് മാപ്പിരന്നു. ദൈവം അപാരമായ സ്‌നേഹത്തോടെ നഷ്ടപ്പെട്ടുപോയ ആ കുഞ്ഞാടിനെയും തന്റെ തോളിലേറ്റി. 1997 ല്‍ നല്ല നടപ്പിന്റെ പേരില്‍ ആല്‍ബി ജയില്‍ മോചിതനായി. 11 വര്‍ഷവും ആറ് മാസവും നീണ്ട ജയില്‍ ജീവിതത്തിന് ശേഷം.
തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായിട്ടാണ് ആല്‍ബി ആതുരസേവനത്തിന് ഇറങ്ങിയത്. തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്ന ആല്‍ബിയുടെ രീതികളോട് യോജിച്ചുപോകാന്‍ ആദ്യം ഭാര്യക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ദൈവം തന്നെയും അത്തരമൊരു ശുശ്രൂഷയിലേക്ക് ക്ഷണിക്കുകയാണെന്ന് വൈകാതെ മനസ്സിലായതോടെ മേരിയും ഭര്‍ത്താവിന് പിന്തുണയുമായി ചേര്‍ന്നുനിന്നു. ശാന്തിഭവന്‍ സര്‍വ്വോദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന തെരുവില്‍ അലഞ്ഞുതിരിയുന്ന മനോരോഗികള്‍ക്കായുളള അഭയകേന്ദ്രത്തിന്റെ പിറവി അങ്ങനെയായിരുന്നു. ഇന്ന് ആ ട്രസ്റ്റിന്റെ തണലില്‍ അനേക തെരുവുജീവിതങ്ങള്‍ ജീവിതത്തിന്റെ പച്ചപ്പ് അനുഭവിക്കുന്നു. വചനവും പ്രാര്‍ത്ഥനയും അതാണ് തന്റെ ഭര്‍ത്താവിനെ മാറ്റിമറിച്ചതെന്ന് മേരി പറയുന്നു. ഇറച്ചി ആല്‍ബിയുടെ ജീവിതകഥ കനല്‍ കിരീടം എന്ന പേരില്‍ സിനിമയായിട്ടുമുണ്ട്.