പന്തക്കുസ്താദിനം പത്രോസ് പ്രസംഗിച്ചപ്പോള്‍ ഒരത്ഭുതവും ഉണ്ടായില്ല. പക്ഷേ, 3000 പേര്‍ സ്‌നാനപ്പെട്ടു. പവര്‍ ഇവാഞ്ചലൈസേഷന്‍ എന്നാല്‍ ആത്മാവിനെ സ്പര്‍ശിക്കാന്‍ പറ്റുന്ന ശുശ്രൂഷ എന്നാണര്‍ത്ഥം. വര്‍ഷങ്ങള്‍ക്കുമുമ്പ് കുളത്തുവയലില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച പാരലല്‍ കോളജ് മാറ്റി മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍ ധ്യാനകേന്ദ്രം തുടങ്ങി. അദ്ദേഹം പറഞ്ഞ ന്യായം മലബാറില്‍ പള്ളിയും പള്ളിക്കൂടവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുവേണ്ടി ഇത്രയും കാലം ഏറെ സമയം ചെലവാക്കി. ഇനിയും ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ ഭൗതിക പുരോഗതി പ്രയോജനശൂന്യമാകും. ആ പാരലല്‍ കോളജില്‍ ധ്യാനം ആരംഭിച്ചപ്പോള്‍ നവീകരണത്തില്‍ ഉണ്ടായിരുന്നവര്‍ പോലും പരിഹസിച്ചു. വേണ്ടത്ര യാത്രാസൗകര്യം ഇല്ലാത്ത ഇവിടെ ആരു വരും എന്നായിരുന്നു സംശയം.
ഞാന്‍ അച്ചനോട് നാട്ടുകാരുടെ വര്‍ത്തമാനം അറിയിച്ചു. അച്ചന്‍ പറഞ്ഞു. ആളുകള്‍ വരുന്നത് ഒരുപാട് സൗകര്യം ഉള്ളിടത്തേക്കല്ല. കര്‍ത്താവ് പ്രവര്‍ത്തിക്കുന്നിടത്തേക്കാണ്. അച്ചന്‍ പറഞ്ഞതാണ് സത്യം എന്ന് കാലം തെളിയിച്ചു. കര്‍ത്താവ് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം.
അതുകൊണ്ടാണ് പവര്‍ ഇവാഞ്ചലൈസേഷന്‍ എന്നാല്‍ നാമെന്തു പ്രവര്‍ത്തിക്കുന്നു എന്നതല്ല, കര്‍ത്താവ് നമ്മെ ഉപയോഗിക്കുന്നു എന്നതാണ്. നാം ശക്തമായി പ്രവര്‍ത്തിക്കുകയും എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തി ശുശ്രൂഷയില്‍ കുറയുകയും ചെയ്യുന്നതുകൊണ്ടാണ് നാം തളരുന്നത്. അതിനാല്‍ പുത്തന്‍ ഉണര്‍വിന് ഒരുങ്ങുമ്പോള്‍ ദൈവത്തിന് പ്രവര്‍ത്തിക്കത്തക്കവിധം നമ്മെ വിട്ടുകൊടുക്കാന്‍ നമുക്കാകണം. ഈശോ ശിഷ്യരോട് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാന്‍ കല്പിച്ചു. എങ്കിലും അവര്‍ ഇറങ്ങി ഓടിയില്ല. അവര്‍ ഉന്നതത്തില്‍ നിന്നുള്ള ശക്തിക്കുവേണ്ടി കാത്തിരുന്നു. നമ്മുടെ പല ശുശ്രൂഷകരും ശുശ്രൂഷകളും വഴിമുട്ടുന്നത് ദൈവത്തിന്റെ നിയോഗങ്ങള്‍ മനുഷ്യശക്തികൊണ്ട് നിറവേറ്റാന്‍ തീരുമാനിച്ചതു കൊണ്ടാണ്. എന്നാല്‍ കര്‍ത്താവിന്റെ ശക്തി നമ്മില്‍ പ്രകടമായാലേ ഈ ദൗത്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കു.
ലോകം മുഴുവന്‍ തിന്മ വ്യാപിക്കുകയാണ്. നമ്മുടെ ബുദ്ധികൊണ്ടും ശക്തികൊണ്ടും ഈ കടന്നുകയറ്റത്തെ ചെറുക്കാനാവില്ല. സ്വര്‍ഗ്ഗത്തിന്റെ ശക്തി നമ്മുക്ക് വേണം. അത് എങ്ങനെ നേടാം? ശക്തിയുടെ ഉറവിടമായ ദൈവത്തോട് ചേര്‍ന്നു ജീവിക്കാതെ സാധിക്കില്ല. വരദാനങ്ങള്‍ കിട്ടുന്നത് നല്ലതാണ്. പക്ഷേ, എന്തുമാത്രം വരദാനങ്ങള്‍ ഉണ്ടായാലും ശക്തിയുടെ ഉറവിടമായ ദൈവത്തോടു ചേര്‍ന്നുള്ള ജീവിതം ഇല്ലെങ്കില്‍ അവ പ്രയോജനമില്ലാത്തതാകും.
വിശുദ്ധ പാട്രിക്കിന്റെ ജീവിതം വലിയ മാതൃകയാണ്. കടല്‍ക്കൊള്ളക്കാര്‍ ഇംഗ്ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്ക് തട്ടിക്കൊണ്ടുപോയ അടിമച്ചെറുക്കനായിരുന്നു അദ്ദേഹം. അവിടെനിന്നും രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അയര്‍ലണ്ടിലേക്ക് മടങ്ങി. ആ നാടിനെ അദ്ദേഹം ഒറ്റയ്ക്ക് ഈശോയ്ക്ക് വേണ്ടി നേടി. ദൈവാത്മാവിന്റെ ശക്തി അദ്ദേഹത്തില്‍ എത്രമാത്രം ഉണ്ടായിരുന്നിരിക്കണം എന്ന് ഓര്‍ത്തുപോകാറുണ്ട്. ദൈവാരൂപി നിറഞ്ഞാല്‍ നമ്മിലൂടെ കര്‍ത്താവിന് ഈ ലോകത്തെ മാറ്റി മറിക്കാനാവും. ദൈവത്തിന് ഒരുപാട് പേരെ ആവശ്യമില്ല. ഒരുപാട് കഴിവുള്ളവരെയും വേണ്ട. ദൈവാത്മാവിന് പൂര്‍ണ്ണമായും വിധേയപ്പെടുന്ന ചുരുക്കം ചിലരെ മതി. അവരിലൂടെ ലോകത്തിന്റെ ഭാവി മാറ്റാന്‍, സഭയെ രൂപപ്പെടുത്താന്‍ ദൈവത്തിനാവും. ദൈവാത്മാവിന് പ്രവര്‍ത്തിക്കത്തക്കവിധം നമ്മെ വിട്ടുകൊടുക്കുക. അതാണ് നാം ചെയ്യേണ്ടത്.
പരിശുദ്ധാത്മാവ് എന്തേ തോമാശ്ലീഹായെ കേരളത്തിലേക്കയച്ചു.? പാക്കിസ്ഥാനിലേക്കോ ശ്രീലങ്കയിലേക്കോ അയച്ചില്ല? ആദ്യനൂറ്റാണ്ടില്‍തന്നെ ഇവിടെ സുവിശേഷം എത്താനും സഭ രൂപം കൊള്ളാനും ഇടയാക്കി. കരിസ്മാറ്റിക് നവീകരണത്തിന്റെ ചരിത്രം ഇതു നമുക്ക് മനസ്സിലാക്കി തരുന്നു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചത് അമേരിക്കയിലാണ്. അവിടം അതു കെട്ടുപോയി. ഇന്ത്യയില്‍ വന്ന നവീകരണം ആഴത്തില്‍ വളര്‍ന്നു.
എന്തുകൊണ്ട് നവീകരണത്തിന്റെ അഭിഷേകത്തില്‍ മുങ്ങിക്കുളിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ദൈവത്തിന് അനാദിയിലേ മലയാളികളെക്കുറിച്ച് ഒരു പദ്ധതി ഉണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം, മാര്‍ത്തോമ്മാ ഇന്ത്യയില്‍ വന്നതിന്റെയും നവീകരണ അനുഭവത്തിന്റെ പ്രകാശത്തിലും നോക്കുമ്പോള്‍ എത്രയോ സത്യം. ഈ അവസാന നാളുകളില്‍ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് കരിസ്മാറ്റിക് നവീകരണം ഇവിടെ ആഴപ്പെട്ടത്, തന്മൂലം നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കര്‍ത്താവ് നമ്മെ എന്തിനുവേണ്ടി എവിടേക്ക് വിളിച്ചു എന്ന് തിരിച്ചറിയണം. അവിടെ പൂര്‍ണമായി സമര്‍പ്പിക്കുക നമ്മുടെ ചില സ്വപ്നങ്ങള്‍ പൂവണിയിക്കാനല്ല ദൈവം നമുക്ക് പരിശുദ്ധാത്മാവിനെ തരുന്നത്. നമ്മുടെ സ്വപ്നങ്ങളെ തകര്‍ത്താലേ ദൈവികസ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ സാധിക്കു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ കാലത്ത് എന്റെ ഭാര്യയ്ക്ക് കോതമംഗലത്തായിരുന്നു ജോലി. ഞാന്‍ മലബാറിലൊരു ബാങ്കിലും. ബാങ്കിന് കോതമംഗലത്തിനടുത്ത് നിരവധി ശാഖകളുണ്ട്. എത്രയും പെട്ടെന്ന് കോതമംഗലത്തേക്ക് സ്ഥലം മാറ്റം വാങ്ങി സുഖമായി ജീവിക്കാനായിരുന്നു പരിപാടി.
അങ്ങനെ ഇരിക്കെ, ദൈവം എന്നോടു പറയുന്നു ജോലി രാജിവയ്ക്കുക. എന്റെ കണക്കുകള്‍ തകിടം മറിക്കുന്ന വിളിയായിരുന്നു അത്. ദൈവത്തിന്റെ ശബ്ദമാണത് എന്ന് ആത്മീയ ഗുരുക്കന്മാരിലൂടെ ബോധ്യമായപ്പോള്‍ ഞാന്‍ ജോലി രാജിവച്ചു. മണ്ടത്തരമാണ് ചെയ്യുന്നതെന്ന് പലരും ഉപദേശിച്ചു. ജോലിയും സുവിശേഷവേലയും ഒന്നിച്ചു കൊണ്ടുപോകാമെന്ന് പലരും പറഞ്ഞു. ഫുള്‍ടൈം സുവിശേഷം പറയാന്‍ വൈദീകരും കന്യാസ്ത്രീകളും ഉണ്ടല്ലോ എന്നും ഓര്‍മ്മിപ്പിച്ചു. ചിലര്‍ ഭാര്യയോടും മക്കളോടും ഉള്ള ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ച് നിരുത്സാഹപ്പെടുത്തി. ഞാന്‍ ജോലി ചെയ്ത ബാങ്കിന്റെ മാനേജ്‌മെന്റിനേക്കാള്‍ വിശ്വസ്തനാണ് എന്റെ കര്‍ത്താവ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ കര്‍ത്താവിന്റെ ജോലി ചെയ്യുമ്പോള്‍ എന്റെ മക്കള്‍ പട്ടിണി കിടക്കാന്‍ അവിടുന്ന് അനുവദിക്കില്ല എന്ന് ഞാന്‍ വിശ്വസിച്ചു.
20 വര്‍ഷം പിന്നിട്ടു. ദൈവം എപ്പോഴും എന്നെ കരുതി. രാജിവയ്ക്കുമ്പോള്‍ ഞാന്‍ ഒരുകാര്യം കര്‍ത്താവിനോട് പറഞ്ഞു. ഒന്ന്, ഭാര്യയായ സ്റ്റെല്ല അനുവദിക്കണം. രണ്ട്, എനിക്ക് എന്തെല്ലാം സാമ്പത്തിക ആവശ്യം ഉണ്ടായാലും ഞാന്‍ മനുഷ്യരോട് കടം ചോദിക്കില്ല. ഇന്നുവരെ കര്‍ത്താവ് എന്നെ കരുതി. വാക്കു പാലിച്ചു. ഒരു രാജ്യത്തും ഞാന്‍ പണശേഖരണം നടത്തിയിട്ടില്ല. ശാലോം ടി.വി.യ്ക്കുവേണ്ടി പോലും. ദൈവത്തില്‍ പൂര്‍ണമായും വിശ്വസിച്ചാലേ നമുക്ക് രണ്ടുകൈയ്യും വിട്ട് ചാടാന്‍ സാധിക്കുകയുള്ളു. പലരുടെയും ഭീതി ഭൗതിക കാര്യങ്ങളിലാണ്. സാമ്പത്തിക മേഖലയിലാണ്. പലരെയും പിന്നോട്ട് വലിക്കുന്ന ചിന്തയാണത്. ഈശോ പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും തേടുന്നവര്‍ക്ക് എല്ലാം കൂട്ടിച്ചേര്‍ത്തു തരുമെന്ന്. ശാലോം ടി.വി.യുടെ തുടക്കക്കാലത്ത് സ്റ്റുഡിയോയുടെ പണി നടക്കുമ്പോള്‍ കൂലികൊടുക്കാനുള്ള പണം പോലും ഇല്ലാതെ വിഷമിച്ചിട്ടുണ്ട്. അക്കാലത്ത് വിദേശത്തുള്ള പലരും അവിടെ ചെന്നാല്‍ പണം ഉണ്ടാക്കിത്തരാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. കേട്ടപ്പോള്‍ നല്ല ആശയമായി എനിക്കും തോന്നി. കര്‍ത്താവിനു വേണ്ടിയല്ലേ എന്ന ന്യായവും കണ്ടു. പക്ഷേ വിഷയം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് ആഗ്രഹിക്കുന്നില്ല എന്ന് കണ്ടു. വിദേശത്തുനിന്ന് പണം കൊണ്ടുവന്ന് എത്രകാലം ചാനല്‍ നടത്താനാവും? തുടങ്ങുന്നതിനേക്കാള്‍ പണം നിലനിര്‍ത്താന്‍ വേണം. എല്ലാക്കാലത്തും പിരിച്ചുകൊണ്ടുവന്ന് ചാനല്‍ നടക്കില്ല. അങ്ങനെ തുടങ്ങുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ തുടങ്ങിയാല്‍ അതു കര്‍ത്താവിന്റേതാവില്ല.
ഇനി വിദേശത്തേക്കു പോയാല്‍ എന്താണ് ചെയ്യുക? അവിടെ ക്രമീകരിച്ചിരിക്കുന്നത് ധ്യാനമാണ്. ഇതിലൂടെ കുറേ ഫണ്ട് ലഭിക്കുമായിരിക്കും. എന്നാല്‍ അതൊരു വഞ്ചനയാവും എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ധ്യാനശുശ്രൂഷയുടെ മറവില്‍ ഫണ്ട് വേണ്ട. ദൈവം അത് ആഗ്രഹിക്കുന്നില്ല എന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ തീരുമാനിച്ചു. ശാലോം ടി.വി. നടപ്പാകുന്നില്ലെങ്കില്‍ വേണ്ട. അതിനായി ഞാന്‍ വിദേശത്തുപോകില്ല. 2003 മുതല്‍ 2007 വരെ ഞാന്‍ ഒരു വിദേശ രാജ്യത്തും പോയില്ല. പണം ഏറെ ആവശ്യമുള്ള കാലമാണ്. ബലഹീനത കൊണ്ട് ഞാന്‍ ചിലപ്പോള്‍ പണം ആഗ്രഹിച്ചുപോകും. അതൊരു തെറ്റിലേക്ക് നയിക്കാം. 2007 ആയപ്പോഴേക്കും ശാലോം ടി.വി. ഏതാണ്ട് അംഗീകരിക്കപ്പെട്ടു. ഏകദേശം എല്ലാം ക്രമത്തിലായി. അതിനുശേഷമാണ് ഞാന്‍ ഒരു വിദേശ ശുശ്രൂഷ ഏറ്റെടുത്തത്. ഇത് സാക്ഷ്യപ്പെടുത്തുന്നത് എന്തിനെന്നോ? 11 വര്‍ഷമായി ശാലോം ടി വി. ആരംഭിച്ചിട്ട്. ഈ 11 വര്‍ഷവും ദൈവത്തിന്റെ ശുശ്രൂഷ ഒന്നിനും കുറവില്ലാതെ മുന്നോട്ടു പോകുന്നു.
ഇന്നും ആയിരങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ച് ഓരോ മാസവും നിലനില്‍ക്കാനുള്ള പണം ലഭിക്കുന്നു. നമ്മുടെ ദൈവം വിശ്വസ്തനാണ്. അവിടുന്ന് പറയുന്നത് അനുസരിച്ചാല്‍ അവിടുന്ന് വാക്കുമാറാതെ നമുക്കൊപ്പം ഉണ്ടാവും. അതിനാല്‍ കര്‍ത്താവിനെ അനുസരിക്കുന്നതില്‍ ഭയപ്പെടേണ്ട. കര്‍ത്താവിനു വേണ്ടി നഷ്ടപ്പെടുത്തുന്നതില്‍ ഭയംവേണ്ട, നാം ദൈവകരങ്ങളിലും ആ വഴിയിലുമാണെന്ന് ബോധ്യമുണ്ടാകണം. ദാവീദ് ഗോലിയാത്തിനെ നേരിടാന്‍ പോയപ്പോള്‍ മിനുസമുള്ള അഞ്ചു കല്ലുകള്‍ സഞ്ചിയിലിട്ടു. ആദ്യത്തെ കല്ല് കവിണയില്‍ വച്ചപ്പോള്‍ തന്നെ ഗോലിയാത്ത് വീണു. ബാക്കി നാലു കല്ലുകള്‍ സഞ്ചിയില്‍ ഉണ്ട്. ആ നാലു കല്ലും ദാവീദ് ഉപയോഗിച്ചില്ലല്ലോ എന്ന് നാരാശപ്പെടുന്നില്ല. അവ അവന്റെ സഞ്ചിയിലുണ്ട്. നാളെ ഒരു സിംഹത്തെയോ ചെന്നായെയോ നേരിടാന്‍ ഇതു വേണ്ടി വന്നേക്കാം. നമ്മളും നിരാശപ്പെടരുത്. സമയം വരുമ്പോള്‍ കര്‍ത്താവ് ഉപയോഗിക്കും. എന്നെ മിനുക്കിയ അസ്ത്രമായി അവിടുന്ന് സൂക്ഷിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യ സ്വയം പറഞ്ഞത് ഞാന്‍ ഈശോയുടെ കൈയിലെ കളിപ്പന്താണെന്നാണ്.
ചിലപ്പോള്‍ പന്തില്‍ നോക്കി ഇരിക്കും. വേറെ ചിലപ്പോള്‍ എറിഞ്ഞു കളിക്കും. ചിലപ്പോള്‍ ഒരു മൂലയില്‍ ഇടും. ഒന്നും എന്നെ ഉപേക്ഷിച്ചതുകൊണ്ടല്ല. ഇന്നലെകളില്‍ എന്നെ ഉപയോഗിച്ചു. ഇന്ന് ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തളരരുത്. നിന്റെ കര്‍ത്താവ് നിന്നെ തേടിവരും. സമയം അവന്റെ കൈയ്യില്‍ പന്തായി മാറാന്‍ തയ്യാറായി ഇരിക്കുക.
എന്റെ വിവാഹം നടക്കുന്ന കാലത്ത് ഞാനും സ്റ്റെല്ലയും ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു. ഞങ്ങള്‍ വിവാഹിതരായാല്‍ നവീകരണ മേഖലകളില്‍ ശക്തമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാകും എന്നായിരുന്നു നേതൃത്വത്തില്‍ പലരും കണക്കുകൂട്ടിയത്. എന്നാല്‍ അനുഭവങ്ങള്‍ വിപരീതമായി. ഒരിടത്തും ഒന്നിനും പോകാന്‍ പറ്റാതായി. സ്റ്റെല്ല ഇടുക്കിയില്‍, ഞാന്‍ മലബാറില്‍. വളരെ ചുരുങ്ങിയ ദിവസമാണ് ബാങ്കിന് അവധി. തന്മൂലം ശുശ്രൂഷകള്‍ കുറഞ്ഞു. പിന്നെ രോഗങ്ങള്‍... പല കാരണങ്ങള്‍കൊണ്ടും മൂന്ന് വര്‍ഷമായപ്പോഴേക്കും നവീകരണപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ ഒഴിവായി. ആഗ്രഹമുണ്ട്, പക്ഷേ, നടക്കുന്നില്ല. എല്ലാവരും പറഞ്ഞു കല്യാണം കഴിഞ്ഞതോടെ അരൂപി പോയെന്നും കര്‍ത്താവിനെ മറന്നെന്നും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഹൃദയവേദന. ഒരു ക്രിസ്ത്യാനിപോലും ഇല്ലാത്ത, മലബാറിലെ കുഗ്രാമത്തില്‍ ഒറ്റപ്പെട്ടു ജീവിച്ച ആ മൂന്നുവര്‍ഷം.
ദൈവിക ശുശ്രൂഷയെക്കുറിച്ച് ഞങ്ങള്‍ കണ്ട സ്വപ്നങ്ങളെല്ലാം തകിടം മറിഞ്ഞ കാലം. കൂട്ടായ്മപോലും ഇല്ലാത്ത നാളുകള്‍. അന്നാണ് ദൈവം ശാലോം ഗ്രൂപ്പിന് രൂപം കൊടുത്തത്. ദൈവം മൂന്ന് വര്‍ഷം മൂഖ്യധാരയില്‍ നിന്ന് ഞങ്ങളെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് ഇന്ന് മനസിലാകുന്നു. കര്‍ത്താവ് തരുന്ന പുതിയ സ്വപ്നമായ ശാലോമിനെ സ്വീകരിക്കാന്‍ ഞങ്ങളെ ഒരുക്കുകയായിരുന്നു. പഴയതുപോലെ ഓടി നടന്നാല്‍ പറ്റില്ലെന്ന് കര്‍ത്താവിനറിയാം. ഇതുപോലെ ദൈവം നമ്മെ ചിലപ്പോള്‍ നമ്മുടെ കര്‍മ്മമേഖലകളില്‍നിന്നും മാറ്റി നിര്‍ത്തും.
അതു പുത്തന്‍ അഭിഷേകം തരാനാണ്. പുതിയ സ്വപ്നങ്ങള്‍ വെളിപ്പെട്ടു കിട്ടാനാണ്. ഈ ശൂന്യതയില്‍ നിന്നും ഒളിച്ചോടരുത്. നാം അതു സ്വീകരിക്കണം. ഈ മരുഭൂമി അനുഭവങ്ങളിലാണ് വെളിപാടുകള്‍ ലഭിക്കുന്നത്. ധാരാളം വെളളമുള്ള പ്രദേശത്തു കൂടിയായിരുന്നു ഇസ്രയേല്‍ക്കാര്‍ മടങ്ങിയതെങ്കില്‍ പാറയില്‍ നിന്നും ജലം തരുന്ന ദൈവത്തെ എങ്ങനെ അവര്‍ അറിയുമായിരുന്നു. ഭക്ഷണ സമൃദ്ധി ഉണ്ടായിരുന്നെങ്കില്‍ കാടപക്ഷിയും മന്നായും തരുന്ന ദൈവത്തെ എങ്ങനെ അനുഭവിക്കുമായിരുന്നു? മരുഭൂമിയിലേക്ക് കൊണ്ടുപോകുന്നത് ദൈവസ്‌നേഹമാണ്. ചിലപ്പോള്‍ അവിടെ എത്താന്‍ കാരണം മറ്റു മനുഷ്യരാവാം, അവരുടെ അസൂയയും മാത്സര്യവും ആകാം. ഈ മരുഭൂമി സൃഷ്ടിച്ചതും ദൈവമാണെന്ന് ഓര്‍മ്മിക്കുക. അവിടെ ദൈവം നിശ്ചയിച്ചിരിക്കുന്നിടത്തോളം കാലം ജീവിക്കുമ്പോഴാണ് പുത്തന്‍ അഭിഷേകം കിട്ടുക.
ശാലോം മാസിക തുടങ്ങിയ കാലം. ഇന്ത്യയിലെ അക്കാലത്തുള്ള മിക്കവാറും ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിലകുറഞ്ഞ പേപ്പറിലാണ് അച്ചടിച്ചത്. എന്നാല്‍, സിനിമാ മാസിക പോലുള്ളവ വിലകൂടിയ കടലാസിലും. ദൈവം മനുഷ്യന് നല്‍കിയ വലിയ ദാനമാണ് അച്ചടി വിദ്യയും മറ്റും. അത് ദൈവമഹത്വത്തിന് ഉപയോഗിക്കാതെ പിശാച് ഉപയോഗിക്കുന്നു. ദൈവവചനം ഏറ്റവും നല്ല കലടാസില്‍ അച്ചടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആത്മീയ മാസിക മലബാറിലെ ഒരു കുഗ്രാമത്തില്‍ നിന്നും മെഴുകുതിരി വെട്ടത്തിലാണ് പുറത്തുവന്നത്. അതുകണ്ട ചിലര്‍ ചോദിച്ചു. കര്‍ത്താവിനെന്താ കളര്‍? നമ്മുടെ കര്‍ത്താവ് ദാരിദ്ര്യത്തിലല്ലേ ജീവിച്ചത്. കലടാസു മാറ്റിയാല്‍ കുറച്ചുകൂടി വിലകുറച്ചു ജനത്തിന് കൊടുക്കരുതോ? എങ്കിലും പില്‍ക്കാലത്ത് എല്ലാവരും നല്ല കടലാസിലേക്ക് വന്നു. ദൈവത്തിന് കൊടുക്കുന്നത് ഏറ്റവും നന്നായി കൊടുക്കണം എന്ന് അന്നുമുതല്‍ തീരുമാനിച്ചു.
സണ്‍ഡേ ശാലോം തുടങ്ങുമ്പോള്‍ സ്വന്തമായി കമ്പ്യൂട്ടറോ സംവിധാനങ്ങളോ ഇല്ല. ടെലിവിഷന്‍ തുടങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ പോലും ഇല്ല. എന്നാല്‍, ദൈവദര്‍ശനങ്ങളോട് വിശ്വസ്തത പുലര്‍ത്തിയപ്പോള്‍ ദൈവം അത്ഭുതം ചെയ്തു. സാഹചര്യങ്ങളിലേക്കോ കഴിവുകളിലേക്കോ നോക്കിയല്ല നാം ശുശ്രൂഷ ചെയ്യേണ്ടത്. നമ്മുടെ കഴിവിന് ഉപരിയായ ശുശ്രൂഷയ്ക്കാണ് ദൈവം പരിശുദ്ധാത്മാവിനെ തരുന്നത്. തന്മൂലം വലിയ കാര്യങ്ങള്‍ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അതിനായി ഒരുക്കട്ടെ.