മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്? (മിക്കാ 6:8).

നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ 6:36).

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ (എഫേസോസ് 4:32).

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്‌സരിച്ചു (ദാനിയേല്‍ 9:9).

കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു (യാക്കോബ് 2:13).

അവിടുത്തെ നിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? (റോമാ 2:4).

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍ (1 പത്രോസ് 3:8).

എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ (മത്തായി 5:44)

കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ് (വിലാപങ്ങള്‍ 3:22).

നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായിഉണ്ടാകട്ടെ! (യുദാസ് 1:2).