മറിയം വീണ്ടെടുത്ത ഒരു സാത്താനിക മാന്ത്രികന്റെ കഥയാണിത്. ബ്ലാക്ക് മാസിന്റെ ലോകത്തുനിന്നും ഹോളി മാസിന്റെ ലോകത്തേക്കു യാത്ര ചെയ്ത കഥ. കുഞ്ഞുങ്ങളുടെ ഘാതകന്‍ പരിരക്ഷകനായി മാറിയതിന്റെ നേര്‍വഴികള്‍. സാത്താന്‍ ലോകത്തിനിന്നും ദൈവമുഖത്തേക്കു നടന്നടുത്ത ഒരു യാത്രയിലെ അനുഭവങ്ങള്‍. സാത്താന്‍ പള്ളിയിലെ പ്രധാനപുരോഹിതനായിരുന്ന സക്കറി കിങ് തന്റെ നാള്‍വഴികള്‍ സണ്‍ഡേ ശാലോമിനോട് പങ്കുവയ്ക്കുന്നു.
ലോകത്താദ്യമായി സാത്താന്‍ പള്ളി സ്ഥാപിക്കപ്പെട്ടത് കാലിഫോര്‍ണിയായിലാണ്. ഒരു കാലത്ത് സ്പാനിഷ് മിഷനറിമാര്‍ ഒരു ലക്ഷത്തിലധികം ക്രിസ്തീയ ദേവാലയങ്ങള്‍ പണിതുയര്‍ത്തിയ സ്ഥലവും ഇതുതന്നെ. കാലിഫോര്‍ണിയായിലെ പ്രധാന നഗരങ്ങളെല്ലാം വിശുദ്ധരുടെ നാമത്തിലാണ് അറിയപ്പെടുക. അതേസമയം സിനിമയുടെ മാസ്മരിക ലോകമായ ഹോളിവുഡും പൊര്‍ണോഗ്രാഫിയുടെ തലസ്ഥാനമായ ലോസ് ആഞ്ചലസും ഇവിടെത്തന്നെയാണ്. സാത്താന്‍ സേവയുടെ നൂറുകണക്കിന് സെന്ററുകള്‍ കാലിഫോര്‍ണിയയില്‍ മാത്രമുണ്ട്. ഭ്രൂണഹത്യയും സാത്താന്‍ സേവയും കൂട്ടുചേര്‍ന്നാലോ? സാത്താന്‍ ബലിയും കാഴ്ചയുമായി കുഞ്ഞുങ്ങളെ ജനിപ്പിച്ച് നല്‍കുന്ന വൈകൃതവും ക്രൂരവുമായ ചെയ്തികളുടെ കഥയാണ് സക്കറി കിങ്ങിന് പറയുവാനുള്ളത്. ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചെങ്കിലും പത്താം വയസ്സുമുതല്‍ ബ്ലാക് മാസിന്റെ രസതന്ത്രത്തില്‍ സക്കറിയുടെ മനസ്സ് ചൂടുപിച്ചു. പതിമൂന്നാം വയസ്സില്‍ ഇതേക്കുറിച്ച് വായന തുടങ്ങിയവന്‍ പതിനഞ്ചു പിന്നിട്ടപ്പോള്‍ പത്തുകല്‍പനകളും തെറ്റിച്ച് ജീവിതം സാത്താന് അടിയറവച്ചു.
മാന്ത്രിക ചെയ്തികള്‍ക്കായി നൂറുകണക്കിന് ഗര്‍ഭസ്ഥശിശുക്കളെ കൊന്നുകളഞ്ഞ ഈ മാന്ത്രികന്‍ വഴിമാറി സഞ്ചരിക്കുകയാണ് കഴിഞ്ഞ നാളുകളില്‍. തന്റെ പൂര്‍വ്വകാലത്തിന് ദൈവത്തോടും സഹജരോടും മാപ്പിരക്കുന്ന സക്കറി, അബോര്‍ഷന്‍ ഒരു പൈശാചിക ബലി എന്ന ഗ്രന്ഥത്തിലൂടെ അനേകരുടെ കണ്ണുതുറക്കുന്നു. ഒപ്പം, എല്ലാം പൊറുക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞ്, ശിഷ്ടജീവിതം ക്രിസ്തുവിനായി വലിച്ചെറിയുന്നു. സക്കറിയുടെ വാക്കുകള്‍ വായിക്കുക. വെറുമൊരു ജിജ്ഞാസയില്‍ തുടങ്ങിയതാണ് എന്റെ യാത്ര . മാജിക്കില്‍ സത്യമുണ്ടോ? നിരന്തരം കാണുന്ന സിനിമകളിലും നാടകങ്ങളിലും സാത്താനിക മാന്ത്രികം ശ്രദ്ധിച്ചു. 'ബ്ലഡി മേരി'. മന്ത്രജാലക്കാരന്‍ ഞങ്ങളോട് പറയും ബ്ലഡി മേരി, നിന്നെ ഞാന്‍ വെറുക്കുന്നു. ക്രൂരയായ മറിയത്തെ വെറുക്കുന്നു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയും മുറിയിലെ ജാലകങ്ങള്‍ അടച്ച്, ലൈറ്റുകള്‍ അണച്ച് ഈ മന്ത്രം ജപിക്കണമെന്നാണ് നിര്‍ദ്ദേശം. ഞങ്ങള്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ ഇതുചെയ്യും. ഒരു പൈശാചിക ചിത്രം മുറിയില്‍ തെളിഞ്ഞുവരുന്നതായി ഞങ്ങളില്‍ പലരും കണ്ടു. എല്ലാവരും ഭയപ്പെട്ട് ഓടിപ്പോയി. ഞാന്‍ അവിടെത്തന്നെ നിന്നു. എനിക്ക് ഭയം തോന്നിയില്ലെന്ന് മാത്രമല്ല, രസസകരമായി തോന്നി. തുടര്‍ന്ന് എല്ലാ അവധിദിവസങ്ങളിലും പിശാചിനെ വിളിച്ചുള്ള ഗെയിമുകള്‍ തുടങ്ങി. ഞാനെപ്പോഴും മുഖ്യമാന്ത്രികനായിരിക്കും. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ എന്റെ മാറ്റം ഞാന്‍ ശ്രദ്ധിച്ചു. പിശാചും ഞാനും ഒന്നായി. എല്ലാം തികഞ്ഞ ഒരു സാത്താനിക മാന്ത്രികന്‍. എന്റെ മാന്ത്രിക വിദ്യകള്‍ കണ്ട് കുട്ടികളും സുഹൃത്തുക്കളും പൈസ തരാനും തുടങ്ങി. ബ്ലഡി മേരി, നിന്നെ ഞാന്‍ വെറുക്കുന്നു എന്ന ജപമന്ത്രങ്ങള്‍ ഉരുവിട്ട് അടുത്തദിവസം ആയിരം ഡോളര്‍ കൈയിലെത്തി. വിദ്യ ഫലിച്ചു, ഇതു തുടരുകതന്നെ എന്നും തീരുമാനിച്ചു. പന്ത്രണ്ടാം വയസ്സില്‍ ഡ്രാഗണ്‍ ഇഷ്ടവിഷയമായി. സ്വപ്നവും ചിന്തയും എല്ലാം പിന്നെ ആ ലോകത്താണ്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഡ്രാഗണ്‍ കാര്യങ്ങള്‍ നടത്തിത്തരുന്ന ഡ്രാഗണ്‍, ഒരാളെ പ്രത്യേകിച്ചും കുട്ടികളെ എങ്ങനെ വശത്താക്കാമെന്ന് ഇത്തരം ജീവികള്‍ക്കറിയാം. വേള്‍ഡ് ചര്‍ച്ച് ഓഫ് സ്റ്റേന്‍ പ്രധാന സംഘടനായണ് ബ്ലാക്ക് മാസ് നടത്തിപ്പുകാര്‍ക്ക്. പതിനെട്ടാം വയസ്സില്‍ അതില്‍ അംഗമായി. അഞ്ചോ പത്തോ പേരടങ്ങുന്ന ഗ്രൂപ്പിനെ നയിക്കാനുള്ള ഉത്തരവാദിത്തവും കിട്ടി. ഇരുപത്തിയൊന്ന് വയസ്സായപ്പോള്‍ ചര്‍ച്ചിലെ മുഖ്യമാന്ത്രികനെന്ന സ്ഥാനം തരാന്‍ അവര്‍ തീരുമാനിച്ചു. മുഖ്യമാന്ത്രികനെ സാത്താന്‍ തിരഞ്ഞടുക്കുന്നു എന്നതാണ് സങ്കല്‍പം. എന്തായാലും സാത്താന്‍ പള്ളിയുടെ സി.ഇ.ഒ യും ബോര്‍ഡ് മെമ്പേഴ്‌സും വിവരം അറിയിക്കും. തുടര്‍ന്ന് മുഖ്യമാന്ത്രികന്റെ വസ്ത്രമിടണം. ബലിചെയ്യണം, പൈശാചിക ചെയ്തികള്‍ക്ക് നേതൃത്വം വഹിക്കണം സാത്താന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുക്കാന്‍ ഗ്രൂപ്പായി ചെല്ലും. റോക്ക് മ്യൂസിക് താരങ്ങളും രാഷ്ട്രീയനേതാക്കളും സിനിമക്കാരും വലിയ ധനവാന്മാരുമൊക്കെ സഹായത്തിനെത്തും. സാത്താനിക മാന്ത്രിക വിദ്യയിലൂടെ സഹായമെത്തിക്കും. പന്ത്രണ്ടുവര്‍ഷം ഞാന്‍ ഈ ജോലി ചെയ്തു.
സാത്താന്‍ സേവകര്‍ എന്താണവിടെ ചെയ്യുന്നത്?
എന്നെപ്പോലെ ഏറെ ചെറുപ്പക്കാര്‍ അവിടെ ഉണ്ടാകും. ആദ്യമെ ഫ്രീയായി ലൈംഗിക വൈകൃതങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം ഒരുക്കും. പതിനെട്ടുതികഞ്ഞ പെണ്‍കുട്ടികളുമായിട്ടാവും ബന്ധം. ഏറെ കൗമാരക്കാര്‍ ഇതില്‍ ആകൃഷ്ടരാകും. ഈ ബന്ധപ്പെടലിലൂടെ പല പെണ്‍കുട്ടികളും ഗര്‍ഭിണികളാകും. ശിശുക്കളെ സാത്താന് ബലിയായി അര്‍പ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അബോര്‍ഷനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല. ഇത് തെറ്റാണെന്ന് തീര്‍ച്ചയായും അറിയാമായിരുന്നു എങ്കിലും ഇതിന്റെ ക്രൂരത അന്ന് പിടികിട്ടിയിരുന്നില്ല.
സാത്താന് ഏറ്റവും ഇഷ്ടപ്പെട്ട ബലിയാണ് നരബലി. അതും പിഞ്ചുകുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥശിശുക്കളെയും ബലി ചെയ്യുന്നത്. ഈ നരബലി ചെയ്യാന്‍ സാത്താന്‍ പള്ളിയില്‍ ഒരു മെഡിക്കല്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഭ്രൂണഹത്യ നിയമപരമാണോ? 'സ്ത്രീയുടെ ഉദരത്തിലായിരിക്കെ കുഞ്ഞിനെ നമുക്ക് എന്തും ചെയ്യാം നിഷ്‌കളങ്ക കുഞ്ഞുങ്ങളെ കൊന്ന് സാത്താനില്‍ നിന്നും കാര്യങ്ങള്‍ നേടിയെടുക്കുക'. അവര്‍ പറഞ്ഞു. 145 അബോര്‍ഷനുകളില്‍ ഞാന്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആദ്യത്തേത് എനിക്ക് മറക്കാനാവില്ല. എനിക്ക് പതിനഞ്ച് വയസ്സുതികയുന്നതിന് മൂന്നുമാസം മുമ്പായിരുന്നു അത്. പാതിരാത്രി 11.45 നാണ് സാത്താനിക അബോര്‍ഷന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഗര്‍ഭിണിയായ സ്ത്രീയും ഡോക്ടറും നഴ്‌സും ഒരു വശത്ത് , പൈശാചിക മന്ത്രങ്ങള്‍ ജപിച്ച് സാത്താന്‍ പുരോഹിതന്‍ മറുവശത്ത് കുഞ്ഞിനെ അറുത്ത് പുറത്തെടുത്തു . അതിന്റെ രക്തത്തില്‍ എന്റെ കൈകളും ചേര്‍ത്തുവയ്ക്കാന്‍ പറഞ്ഞു. രക്തം പുരണ്ട കൈകള്‍ കൊണ്ടാവണം സാത്താനെ സേവിക്കാന്‍. ഞങ്ങളുടെ ശരീരവും മനസ്സും സാത്താന് തരുന്നു എന്ന ഗീതം മുഴക്കിയാണ് രക്തം പുരണ്ട കൈകള്‍ ചലിപ്പിക്കുന്നത്. വെളുപ്പിന് മൂന്നുമണിവരെ ഇതു നീളും സാത്താനിക മണിക്കൂറാണ് മൂന്നുമണി. അതുകൊണ്ട് ആ സമയത്ത് കുഞ്ഞിന്റെ ശിഷ്ടഭാഗങ്ങള്‍ നിലത്തിട്ട് ചവിട്ടിയരയ്ക്കും. ഒരുപറ്റം സാത്താന്‍ സ്ത്രീ പുരോഹിതകള്‍ ആ രക്തം കുടിക്കും. പൈശാചികതയുടെ ഏറ്റവും വികൃതമായ രൂപം ഞാനവിടെ കണ്ടു സാത്താനുള്ള കാഴ്ചയാണ് ഈ കൊലയും ബലിയും.
ബ്ലാക് മാസും അബോര്‍ഷനും
ബ്ലാക് മാസിന്റെ പ്രധാന ഇനവും അബോര്‍ഷനായിരുന്നു. രാത്രിയില്‍ രണ്ടും മൂന്നും മണിക്ക് സ്ത്രീകളെ എത്തിക്കാന്‍ ഏജന്‍സികളുണ്ട്. പണത്തിനായി അവിടെ എത്തുന്നവരുമുണ്ട്. പ്രണയബന്ധങ്ങളില്‍ ഗര്‍ഭിണികളായവര്‍ ഭയം മൂലവും ഇവിടെ എത്താറുണ്ട്. ഏതായാലും രക്തദാഹിയായ സാത്താന് കുഞ്ഞുങ്ങളെ സമര്‍പ്പിക്കുകയാണ് മുഖ്യമാന്ത്രികന്റെ ചുമതല. ചുറ്റും സാത്താനിക പുരോഹിതന്മാര്‍ വൈകൃതമായ വേഷം ധരിച്ച് നില്‍ക്കുന്നുണ്ടാവും. പിശാചിന്റെ ഈ സേവയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കോളേജുവിദ്യാര്‍ത്ഥികളും കുഞ്ഞുങ്ങളും എത്താറുണ്ട്. ചെറിയ കുട്ടികളെ പ്രധാന മുറിയില്‍ പ്രവേശിപ്പിക്കില്ല. അവര്‍ക്ക് ചോദ്യം ചോദിക്കാനും ഉത്തരം നല്‍കാനും സമ്മാനം കൊടുക്കുവാനും പ്രത്യേകം ഒരുക്കപ്പെട്ട കുട്ടിപ്പിശാചുക്കളുടെ മുറികളുണ്ട്. ക്രിസ്തീയമായ യാതൊന്നും , രൂപങ്ങളോ, ജപമാലയോ ആരുടെയും കൈവശമില്ലെന്ന് ഉറപ്പുവരുത്തും, ക്രൈസ്തവമായ ഒരു പ്രാര്‍ത്ഥനയും ചൊല്ലില്ലെന്ന് ഉറപ്പുവരുത്താന്‍ കാവല്‍ക്കാരുണ്ട്. ജപമാല കണ്ടാല്‍ പിശാചിനവിടെ നില്‍ക്കാനാവില്ല. കുരിശുകണ്ടാല്‍ സമനില തെറ്റും. ക്രിസ്തീയ പ്രാര്‍ത്ഥന കേട്ടാല്‍ തകര്‍ന്നടിയും അതുകൊണ്ട് സാത്താനിക ഗീതങ്ങള്‍ കേള്‍പ്പിക്കും. വലിയ ശബ്ദത്തില്‍ അവ വായിച്ചുകൊണ്ടിരിക്കും.
ഗര്‍ഭസ്ഥ ശിശുക്കളെ ബലിചെയ്ത് കാര്യസാധ്യതകള്‍ നേടിയെടുക്കാം എന്നുള്ളതുകൊണ്ടാണ് ഏറെപ്പേര്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നത്. ബ്ലാക് മാസിനെത്തുന്നവരിലോ നാട്ടില്‍ മേയറുള്‍പ്പെടെ പല പ്രധാനികളെയും കണ്ടിട്ടുണ്ട്. വിശുദ്ധി തേടി ക്രൈസ്തവ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും പ്രവേശിക്കുന്നതുപോലെ അശുദ്ധിയും സാത്താന്‍ നല്‍കുന്ന നേട്ടങ്ങളും ലക്ഷ്യമാക്കി പൈശാചികത പൗരോഹിത്യത്തിലേക്കും ബ്ലാക്ക് മാസിലേക്കും ആളുകള്‍ പ്രവേശിക്കുന്നു.
പിശാച് നിസ്സഹായനാകുന്ന സമയങ്ങള്‍
അബോര്‍ഷന്‍ ക്ലിനിക്കുകളുടെ ചുറ്റും പ്രാര്‍ത്ഥന നടത്തുന്ന നൂറുകണക്കിനാളുകളുടെ നിലവിളി കേള്‍ക്കപ്പെടാതെ പോകുന്നുണ്ടോ? അത്തരം പ്രാര്‍ത്ഥനാ യുദ്ധത്തിന് യാതൊരു സ്വാധീനവുമില്ലേ? തീര്‍ച്ചയായും പ്രാര്‍ത്ഥനാ യുദ്ധത്തിന് വലിയ സ്വാധീനമുണ്ടെന്ന് തന്നെയാണ് സക്കറിയുടെ മറുപടി. അത്തരം അനുഭവങ്ങളിലൊന്ന.് ഒരിക്കല്‍ ഞാനൊരു ക്ലിനിക്കിലെത്തി. സാത്താനിക അബോര്‍ഷന്‍ ക്ലിനിക്കായിരുന്നു . സ്ട്രീറ്റില്‍ വിശ്വാസികള്‍ അബോര്‍ഷനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. പരുപരുത്ത നിലത്ത് മുട്ടില്‍നിന്നാണ് പ്രാര്‍ത്ഥന . ക്ലിനിക്കിനകത്ത് അബോര്‍ഷന്‍ ചെയ്യാന്‍ ഞങ്ങള്‍ പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ല. ജനാലകള്‍ അടച്ച് അവരുടെ മുഖം മറയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും എന്തോ ഒരു ശക്തി ഞങ്ങളെ അതില്‍നിന്ന് പിന്‍വലിക്കുന്നതുപോലെ . ജപമാല ചൊല്ലുന്നവരുടെ ശബ്ദം നിലയ്ക്കാന്‍ ഞങ്ങള്‍ സാത്താനോട് പറഞ്ഞു. പക്ഷേ, ജപമാല ചൊല്ലുന്നവരുടെ അടുത്തെത്താന്‍ പോലും സാത്താനാകില്ല. മൂന്നുപ്രാവശ്യം ഇതേ സംഭവമുണ്ടായി. അന്നതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. ഇന്ന് മനസ്സിലാകുന്നു ഹോളി മേരിയുടെ മധ്യസ്ഥ ശക്തിയെന്തെന്ന്. ഇത്തരം പ്രാര്‍ത്ഥനായുദ്ധത്തിനിറങ്ങുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്? സക്കറി വിശദമാക്കുന്നു. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കെതിരെയും അബോര്‍ഷനെതിരെയുമുള്ള യുദ്ധം പിശാചിനെതിരായ യുദ്ധമാണ്. വിജയം തീര്‍ച്ചയായും ദൈവത്തിന്റേതായിരിക്കും. എങ്കിലും യുദ്ധത്തിനിറങ്ങുന്നവര്‍ മുറിവേല്‍ക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. സാധിക്കുമെങ്കില്‍ വെഞ്ചരിച്ച ജലം എല്ലായ്‌പ്പോഴും വീട്ടില്‍ സൂക്ഷിക്കുക. ഇത്തരം പ്രാര്‍ത്ഥനകള്‍ക്കായി പോകുമ്പോള്‍ ഈ വിശുദ്ധജലം നിങ്ങളുടെയും കുഞ്ഞുങ്ങളുടെയും ശിരസ്സില്‍ പൂശണം. വിശുദ്ധബലിയില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യം സ്വീകരിക്കുക. കുറച്ചുസമയമെങ്കിലും ആരാധനയില്‍ ചിലവഴിക്കണം. ജപമാല എല്ലായ്‌പ്പോഴും കൈകളില്‍ സൂക്ഷിക്കണം. പിശാചിനെതിരായ ആയുധമാണത്. അതവനെ ഭയപ്പെടുത്തും ആത്മീയസമരത്തെക്കുറിച്ചുള്ള ജ്ഞാനം നമുക്കുണ്ടാവണം.
ഹോളി മേരി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
2008 മെയ് മാസത്തില്‍ സക്കറിയെ ദൈവം വീണ്ടെടുത്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടല്‍. പരിശുദ്ധ മറിയം തന്റെ മുറിയില്‍. അവളുടെ കണ്ണീരിന്റെ കാരണം ഞാന്‍ തിരിച്ചറിഞ്ഞു. അതിനുശേഷം പിശാചിനെയും അവന്റെ ആഡംബരങ്ങളെയും എന്റെ വീട്ടില്‍ നിന്നും ഹൃദയത്തില്‍നിന്നും പുറത്താക്കി. ബ്ലഡി മേരിയെന്നുവിളിച്ച നാവിലിന്ന് ഹോളിമേരിയെന്ന ജപമാണ്. കഴിഞ്ഞ 26 വര്‍ഷം നഷ്ടമാക്കിയതിന്റെ നോവ് അടക്കാനാവാത്തതാണ്. നിലവിളിക്കാത്ത ദിവസങ്ങളില്ല. എങ്കിലും ക്ഷമിക്കുന്ന ക്രിസ്തു തന്നെ ചേര്‍ത്തുപിടിച്ചതിന്റെ ആനന്ദത്തിലാണ് സക്കറി. ഫ്‌ളോറിഡയില്‍ കുടുംബമായി ജീവിക്കുന്ന ഇദ്ദേഹം തന്റെ നാള്‍വഴികളെ സാക്ഷ്യമായി അനേകര്‍ക്കു മുമ്പില്‍ പങ്കുവയ്ക്കുന്നു. ഇതുവെറുമൊരു സാക്ഷ്യം മാത്രമല്ല, സാത്താനിക ചെയ്തികള്‍ പ്രബലമാകുന്ന കാലത്ത് ഒരു മുന്‍കരുതല്‍ കൂടിയാണ്.