ചലച്ചിത്രതാരം മോഹിനിയുടെ കത്തോലിക്കാമതപ്പരിവര്‍ത്തനത്തിന്റെ കഥ
ചലച്ചിത്രതാരം മോഹിനി പലര്‍ക്കും സുപരിചിതയാണ്. നാടോടിയിലും സൈന്യത്തിലും ഈ പുഴയും കടന്നിലും ഒക്കെ നാം കണ്ട വെളളാരം കണ്ണുളള സുന്ദരി. എന്നാല്‍ മോഹിനി ക്രിസ്റ്റീനയോ? അധികമാരും അറിഞ്ഞിട്ടില്ലാത്ത ജീവിതപരിണാമമാണ് മോഹിനി ക്രിസ്റ്റീനയുടേത്.
വെളളിത്തിരയുടെ തിളക്കങ്ങളില്‍ നിന്നും പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും അകന്നുമാറി ഇപ്പോള്‍ വചനവേദികളില്‍ ക്രിസ്തുവിനെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചും വായ്‌തോരാതെ പ്രസംഗിക്കുകയാണ് ക്രിസ്റ്റീന എന്ന പേരില്‍ ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍ വിസിയില്‍ നിന്നും കത്തോലിക്കാവിശ്വാസം സ്വീകരിച്ച മോഹിനി.
തഞ്ചാവൂരിലെ കറ കളഞ്ഞ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മിയാണ് പിന്നീട് വെളളിത്തിരയിലെ മോഹിനിയായത്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മനംമയക്കുന്ന നിഷ്‌ക്കളങ്കത കൊണ്ടും ഒരു കാലത്ത് മോഹനി തെന്നിന്ത്യയിലെ ഹരമായിരുന്നു. അത് അവളുടെ ജീവിതത്തിലെ ഒന്നാം ഘട്ടം. ഇരുപത്തിമൂന്നാം വയസ്സില്‍ ഭരതിനെ വിവാഹം ചെയ്ത് അവള്‍ അമേരിക്കയിലേക്ക് യാത്രയായതു മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നു.
സന്തുഷ്ടകരമായ ദാമ്പത്യജീവിതത്തിന്റെ മധുരം കൂട്ടുവാനായി ആദ്യ സന്താനം പിറന്നു. പരക്കെ ശാന്തമായി തോന്നിയിരുന്ന കാലം. അപ്പോഴാണ് സ്‌പോണ്ടിലോസിസ് രോഗം മോഹിനിയെ ഗുരുതരമായി ആക്രമിച്ച് കീഴടക്കിയത്. മകന്റെ ദാമ്പത്യജീവിതം അസുഖകരമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ് എന്ന് മനസ്സിലാക്കിയ ഭരതിന്റെ മാതാപിതാക്കള്‍ വിവാഹമോചനം നടത്തുവാനും മറ്റൊരു വിവാഹം മകനെക്കൊണ്ട് കഴിപ്പിക്കുവാനും ശ്രമം തുടങ്ങി. ഇതേ സമയത്ത് തന്നെയായിരുന്നു രണ്ടാമതും ഗര്‍ഭിണിയാണെന്ന സത്യം മനസ്സിലായത്. നട്ടെല്ലിന് ബലക്ഷയമുളളതിനാല്‍ വിദേശ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം മോഹിനി അബോര്‍ഷന് വിധേയയായി. ഇത് ക്രമേണ വിഷാദരോഗത്തിന്റെ ആഴങ്ങളിലേക്ക് അവളെ നയിച്ചു.
ജീവിതത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗങ്ങളും തകര്‍ച്ചകളും മോഹിനിയുടെ ആകുലതകളെ വര്‍ദ്ധമാനമാക്കിക്കൊണ്ടിരുന്നു. എന്തുകൊണ്ടാണ് തന്റെ ജീവിതത്തില്‍ ഇത്തരം തകര്‍ച്ചകള്‍? കര്‍മ്മദോഷമാണെന്നും പാപമാണെന്നും തലമുറകളായി കൈമാറി വരുന്ന ശാപമാണെന്നും രാഹുവാണെന്നും വിവിധ മറുപടികള്‍ അവള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ മതഗ്രന്ഥങ്ങളുടെ ആഴപ്പെട്ട വായന ആരംഭിച്ചു. ഖുറാന്‍, രാമായണം, ഭഗവദ്ഗീത..പക്ഷേ അവയൊന്നും പാപങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നവയായി മോഹിനി കണ്ടെത്തിയില്ല.
ദൈവം എവിടെയോ ഉണ്ട്. പക്ഷേ എവിടെ? മോഹിനിയുടെ അന്വേഷണം ജീവിതദുരിതങ്ങളുടെ നടുവില്‍ നിന്നായിരുന്നു ആരംഭിച്ചത്. മോഹിനിയുടെ വീട്ടിലെ ജോലിക്കാരി ഒരു ക്രൈസ്തവവിശ്വാസിയായിരുന്നു. അവളുടെ കൈയില്‍ ബൈബിളുണ്ടെന്ന് മോഹിനിക്കറിയാമായിരുന്നു. പക്ഷേ അത് ബൈബിളിനെക്കുറിച്ചുളള യഥാര്‍ത്ഥ അര്‍ത്ഥത്തിലായിരുന്നില്ലെന്ന് മാത്രം. നിറയെ കഥകളുളള ഒരു പുസ്തകം. അങ്ങനെയായിരുന്നു മോഹിനിയുടെ ധാരണ.
അവളുടെ കൈയില്‍ നിന്ന് ബൈബിള്‍ വാങ്ങി വായിച്ച മോഹിനി അന്നു രാത്രി അതീവസുന്ദരനായ ഒരു ചെറുപ്പക്കാരനെ സ്വപ്നത്തില്‍ കണ്ടു. കൂടെ നടിച്ച ഏതൊരു നായകനെയും അസൂയപ്പെടുത്തുന്ന സുന്ദരന്‍. വയലറ്റ് കളറായിരുന്നു ആ ചെറുപ്പക്കാരന്റെ വേഷം. നീളമേറിയതായിരുന്നു ആ ഡ്രസ്..നീണ്ട താടി.. അതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപം. മോഹിനി പിറ്റേന്ന് താന്‍ സ്വപ്നത്തില്‍ കണ്ട രൂപത്തെക്കുറിച്ച് ജോലിക്കാരിയോട് പറഞ്ഞപ്പോള്‍ അവള്‍ അത്ഭുതത്തോടെ പറഞ്ഞു. 'അക്കാ. അത് യേശുവാണ്'.
യേശുവോ..മോഹിനി അത്ഭുതപ്പെട്ടു. അതാരാണ്? ക്രിസ്തുവിനെക്കുറിച്ചുളള മോഹിനിയുടെ അന്വേഷണം ചെന്നുനിന്നത് ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ്. പൂര്‍ണ്ണമായ മേല്‍വിലാസമുളള ഒരു ദൈവത്തെ മോഹിനി കണ്ടെത്തിയത് അവിടെ വച്ചാണ്. ഈ ദൈവത്തിന് 'ഫ്രം' അഡ്രസ്സുണ്ട്. 'റ്റു' അഡ്രസ്സും. ഈ തിരിച്ചറിവ് മോഹിനിയുടെ ഉളളില്‍ വലിയൊരു ശക്തിയായി വളരുകയായിരുന്നു. ഇതായിരിക്കുമോ താന്‍ അന്വേഷിച്ച ദൈവം. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിവുളള ദൈവം? അനേകര്‍ അന്നത്തെ ദിവ്യബലിക്കിടയില്‍ നാവുനീട്ടി എന്തോ സ്വീകരിക്കുന്നതായും മോഹിനി കണ്ടു. അതെന്താണ്? അത് സ്വീകരിക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ടായി. ഒരു കന്യാസ്ത്രീയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരാണ് പറഞ്ഞുതന്നത്. അത് ക്രിസ്തുവിന്റെ തിരുരക്തശരീരമാണെന്നും മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കരായവര്‍ക്ക് മാത്രമേ അത് സ്വീകരിക്കാന്‍ കഴിയൂ എന്നും. അതറിഞ്ഞപ്പോള്‍ മോഹിനി നേരെ പോയി അഗസ്റ്റിയന്‍ വല്ലുരാനച്ചനെ കണ്ട് ജ്ഞാനസ്‌നാനം നല്‍കണമെന്ന് അപേക്ഷിച്ചു. പക്ഷേ അച്ചന്‍ സമ്മതിച്ചില്ല. ബ്രാഹ്മണയായ, നടിയായ മോഹിനി കത്തോലിക്കാവിശ്വാസം സ്വീകരിച്ചു എന്ന് അറിഞ്ഞാലുണ്ടാകാവുന്ന ചില പ്രശ്‌നങ്ങളോര്‍ത്തായിരുന്നുഅച്ചന്‍ വിസമ്മതം പറഞ്ഞത്. എന്നാല്‍ അധികം വൈകാതെ തന്നെ മോഹിനി ജ്ഞാനസ്‌നാനം സ്വീകരിച്ചു. ക്രിസ്റ്റീന എന്ന പേരായിരുന്നു അവള്‍ സ്വീകരിച്ചത്. ക്രിസ്തുവിനെ തന്റെ ജീവിതത്തിന്റെയും രോഗങ്ങളുടെയും സകലപ്രശ്‌നങ്ങള്‍ക്കും മറുപടിയായി സ്വീകരിച്ച നാള്‍ മുതല്‍ തന്നെ അലട്ടിക്കൊണ്ടിരുന്നവയില്‍ നിന്നെല്ലാം മോചിതയായതായി മോഹിനി സാക്ഷ്യപ്പെടുത്തുന്നു. വീണ്ടുമൊരു അമ്മയാകാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ സയന്‍സ് മോഹിനിയോട് പറഞ്ഞിരുന്നത്. ഹോര്‍മോണ്‍ ചികിത്സ നടത്തിയാല്‍ മാത്രമേ രണ്ടാമതൊരു കുഞ്ഞിനെ ലഭിക്കാന്‍ സാധ്യതയുളളൂ എന്നായിരുന്നു വൈദ്യശാസ്ത്രത്തിന്റെ അഭിപ്രായം. ഇക്കാര്യം മൈക്കിള്‍ പയ്യപ്പിളളിയച്ചനോട് പറഞ്ഞപ്പോള്‍ അച്ചന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മക്കളെ തരുന്നത് ദൈവമാണ്. കുഞ്ഞിനെ ലഭിച്ചാലും ലഭിച്ചില്ലെങ്കിലും അത് ദൈവത്തിന്റെ തീരുമാനമായി കാണുക. പക്ഷേ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹിനി വീണ്ടും ഗര്‍ഭിണിയായി.
ഇന്ന് മോഹിനിയുടെ ജീവിതം മുഴുവന്‍ ക്രിസ്തുവാണ്, മറിയമാണ്. ദിവസം ഒരു കൊന്തയെങ്കിലും ചൊല്ലാത്ത ദിവസം മോഹിനിയുടെ ജീവിതത്തിലില്ല. കത്തോലിക്കാ സഭ ഒരു 'യൂണിവേഴ്‌സിറ്റി'യാണ്. ഇതര ക്രൈസ്തവസമൂഹങ്ങള്‍ ഒരു 'ട്യൂട്ടോറിയലും'.. മോഹിനി അങ്ങനെയാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ മോഹിനി ആഗ്രഹിക്കുന്നുണ്ട് എല്ലാവരും ക്രിസ്തുവിന്റെ തിരുവുടലിനെ ഭക്ഷിക്കുകയും തിരുരക്തത്തെ പാനം ചെയ്യുകയും ചെയ്യുന്നവരായി മാറിയിരുന്നുവെങ്കില്‍ എന്ന്. ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങള്‍ പാനം ചെയ്യാനും ഭക്ഷിക്കാനും ഭാഗ്യം ലഭിച്ച നാം എത്രയോ ഭാഗ്യവാന്മാരാണ്?
ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല (അപ്പ.പ്രവര്‍ത്തനങ്ങള്‍ 17:7).
നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും (ജറെമിയാ 29 :13)
എന്നാല്‍, അവിടെവച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെത്തും (നിയമാവര്‍ത്തനം 4:29).