എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടിലെ അത്യാവശ്യ ജോലികള്‍ ചെയ്തിട്ടുവേണമായിരുന്നു സ്‌കൂളില്‍ പോകാന്‍. ഒമ്പതുമണിക്ക് സ്‌പെഷ്യല്‍ ക്ലാസ്.സമയത്തിന് ക്ലാസില്‍ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെ വളരെ വേഗത്തില്‍ പോകുന്ന സമയം. സ്‌കൂള്‍ അടുക്കാറായപ്പോള്‍ വളരെ പരിചയമുളള ഒരു ചേട്ടന്‍ വലിയ സങ്കടത്തോടെ എനിക്ക് മുന്‍പേ വരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു 'ചേട്ടാ സമയം എന്തായി ?' ചേട്ടന്‍ വാച്ചുനോക്കി പറഞ്ഞു 'എട്ടേമുക്കാല്‍. ' എനിക്ക് സമാധാനമായി, ഒമ്പതുമണിക്കാണല്ലോ ക്ലാസ്. ഞാന്‍ മെല്ലെ നടക്കാന്‍ ഭാവിച്ചപ്പോള്‍ ആ ചേട്ടന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു : മോളേ, ചാച്ചന്‍ (പിതാവ്) വീട്ടിലുണ്ടോ? ഞാന്‍ പറഞ്ഞു:ഉണ്ട്. എനിക്ക് ചാച്ചനെ ഒന്നു കാണണം. അദ്ദേഹം മുന്നോട്ടുപോയി. ഞാന്‍ സ്‌കൂളിലേക്കും പോയി.
വല്യമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്ന കാര്യം എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു- ആരെങ്കിലും സങ്കടപ്പെടുന്നത് കണ്ടാല്‍ മൂന്ന് 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലി അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കണമെന്നും ഉറങ്ങാന്‍ സമയം ഇതേ പ്രാര്‍ത്ഥന ചൊല്ലി മാതാവിനെ ഓര്‍മ്മപ്പെടുത്തണമെന്നും. അതിനാല്‍ ആ ചേട്ടനുവേണ്ടിയും അപ്രകാരം ദൈവമാതാവിനോട് മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചു. എന്റെ ക്ലാസിലോ സ്‌കൂളിലോ ആരുടെയെങ്കിലും മുഖം സന്തോഷമില്ലാതെ കണ്ടാല്‍ ഈ മരുന്ന് അവര്‍ക്കുവേണ്ടി ചെയ്യുക എന്നതും നിത്യപതിവായിരുന്നു.
വെറുതെയാവാത്ത പ്രാര്‍ത്ഥന
വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടില്‍ചെന്നപ്പോള്‍ രാവിലെ കണ്ട ചേട്ടനും ചാച്ചനും കപ്പയും കട്ടന്‍ചായയും കഴിച്ച് സന്തോഷത്തോടെ ഇരിക്കുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. 'രാവിലെ ചേട്ടന്‍ എന്തിനാണ് കരഞ്ഞത് ?' ആ ചോദ്യം കേട്ടയുടനെ അദ്ദേഹം എന്റെ കൈപിടിച്ച് അവരുടെ നടുവിലേക്ക് നിര്‍ത്തി. എന്നിട്ട് എന്റെ ശിരസില്‍ ചുംബിച്ചുകൊണ്ട് എന്റെ പിതാവിനോടു പറഞ്ഞു. 'ചേട്ടാ, ഇന്ന് ഈ കുഞ്ഞിന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയും സ്‌നേഹവുമാണ് എന്നെ ജീവിക്കാന്‍ സഹായിച്ചതും ഈ വീട്ടിലേക്ക് വരാന്‍ പ്രേരിപ്പിച്ചതും.' അദ്ദേഹത്തിന്റെ ആ സന്തോഷപ്രകടനം ഇന്നും ഞാന്‍ ഓര്‍ത്തിരിക്കുന്നു. സ്വന്തം ഭാര്യയും മക്കളും അദ്ദേഹവും തമ്മില്‍ സാമ്പത്തികമായ പ്രശ്‌നത്തില്‍ വാക്കുതര്‍ക്കമായി. അതു നിമിത്തമുണ്ടായ സംഘര്‍ഷത്തില്‍, ആറ്റില്‍ ചാടി മരിക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. ചാച്ചന്റെ സ്‌നേഹിതനാണ്. ഞാന്‍ സമയം ചോദിച്ചപ്പോള്‍ അദ്ദേഹം കേള്‍ക്കുന്നതും കാണുന്നതും സ്വന്തം മകളുടെ ശബ്ദവും ഛായയും. അങ്ങനെ നേരെ സുഹൃത്തായ ചാച്ചന്റെ അടുത്ത് ചെന്നു. വിഷമം പങ്കുവച്ചു. എന്റെ ചാച്ചന്‍ അദ്ദേഹത്തിന് ഒരു നല്ല അയല്‍ക്കാരനായി. വേദനകള്‍ സഹാനുഭൂതിയോടെ കേട്ടു. ആശ്വസിപ്പിച്ചു. തന്റെ വീട്ടില്‍ തങ്ങാന്‍ ക്ഷണിച്ചു.
പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍
പിറ്റേന്നു മുതല്‍ രാവിലെ ചാച്ചന്റെ കൂടെ പറമ്പില്‍ ജോലിയ്ക്കിറങ്ങും. ഒന്നിച്ച് പ്രാര്‍ത്ഥിച്ചും ഭക്ഷിച്ചും സ്‌നേഹത്തോടെ ഒരാഴ്ചക്കാലം വീട്ടില്‍ത്തന്നെ താമസിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയും മക്കളും വീട്ടില്‍ വന്നു. പ്രശ്‌നം പരിഹരിച്ചു. സന്തോഷമായി തിരിച്ചുപോയി. പിന്നീടും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത് ലഭിക്കുന്ന വേതനംകൊണ്ട് ശാന്തനായി ജീവിക്കാന്‍ തുടങ്ങി. ആ കുടുംബം സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടാന്‍ ആരംഭിച്ചു. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായി. സ്വന്തം കൈകൊണ്ട് അദ്ധ്വാനിക്കാന്‍ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും പരിശീലനം സ്വന്തം മാതാപിതാക്കളില്‍ നിന്ന് ലഭ്യമായി.
ഇന്നും ദൈവം മനുഷ്യരക്ഷ സാധ്യമാക്കുന്നത് ദൈവത്തിന്റെ സൃഷ്ടികളിലൂടെയും മനുഷ്യരിലൂടെയും ആണ്. കാരണം, ദൈവത്തിന്റെ അത്ഭുതസൃഷ്ടി മനുഷ്യന്‍തന്നെ. അതിലൊരാള്‍ തളരുമ്പോള്‍ താങ്ങാകാന്‍ നമുക്കോരോരുത്തര്‍ക്കും വിളിയുണ്ട്. അത് പല തരത്തിലാകാം. അതിലൊരു വഴിയാണ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്. ആരെങ്കിലും വിഷമിക്കുന്നെന്നു കാണുമ്പോള്‍ അഥവാ അറിയുമ്പോള്‍ അവര്‍ക്കായി കര്‍ത്താവിനോടൊന്നു സംസാരിക്കാന്‍ നമുക്കാവുകയില്ലേ? അവരുടെ പ്രശ്‌നം നമുക്കറിയാമെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് വലിയ വിലയുണ്ട്. അവര്‍ക്കുവേണ്ടി കൂടുതല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാന്‍ കഴിവുളള പരിശുദ്ധ ദൈവമാതാവിനെ പ്രാര്‍ത്ഥനാവശ്യം ഏല്പിക്കുകയുമാവാം. എന്തായാലും അവരെ ദൈവസന്നിധിയില്‍ ഉയര്‍ത്തുകയാണ് പ്രധാനം.
മറ്റൊരു വഴി അവരെ കേള്‍ക്കാന്‍ തയ്യാറാവുക എന്നതാണ്. കേള്‍ക്കാന്‍ മനസ്സുളളയാളോടുമാത്രമേ ഒരു വ്യക്തി തന്റെ ദു:ഖം പങ്കുവയ്ക്കുകയുളളൂ. അതിനാല്‍ സഹാനുഭൂതി നിറഞ്ഞ ഒരു മുഖഭാവം നമുക്കുണ്ടായിരിക്കണമെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കേള്‍ക്കാന്‍ തയ്യാറുളള ഒരാളെന്നു തോന്നിയതുകൊണ്ടാണല്ലോ എന്റെ പിതാവിനോട് അദ്ദേഹം തന്റെ വിഷമങ്ങള്‍ പങ്കുവച്ചത്. കേള്‍ക്കാനും ആശ്വസിപ്പിക്കാനും വിവേകപൂര്‍വ്വം അപ്പോഴാവശ്യമായ സഹായങ്ങള്‍ ചെയ്യാനും പിതാവ് മനസു കാണിച്ചതോടെ അദ്ദേഹത്തിന് തന്റെ പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്താന്‍ വഴികളൊരുങ്ങി.
നല്ല അയല്‍ക്കാരന്‍
യേശു പഠിപ്പിക്കുന്ന നല്ല അയല്‍ക്കാരന്റെ ഉപമ ഈ മനോഭാവം പുലര്‍ത്തുന്നതിനെക്കുറിച്ച് നല്ലൊരു ചിത്രം വരച്ചിടുന്നുണ്ട്. വഴിയില്‍ വീണു കിടന്നിരുന്ന യാത്രക്കാരന്റെ പ്രശ്‌നമെന്തെന്ന് അറിയാനും (അവനെ കേള്‍ക്കാനും) വേണ്ട സഹായങ്ങള്‍ ചെയ്യാനും നല്ല സമരിയാക്കാരന്‍ തയ്യാറാവുന്നു. സുരക്ഷിതമായ സ്ഥലത്ത് അവനെ ഏല്പിച്ചിട്ട് പോകുമ്പോള്‍ അത് ദൈവകരങ്ങളില്‍ ഏല്പിക്കുന്നതിന്റെ പ്രതീകമായിക്കൂടി കാണാമെന്നു തോന്നുന്നു. വെറുതെ ഏല്പിക്കുകമാത്രമല്ല. കൂടുതല്‍ ചെലവാകുന്നത് താന്‍ നല്‍കിക്കൊളളാമെന്ന് വാക്കു നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ നമ്മുടെ അവസ്ഥകളില്‍ അത് നമ്മുടെ പ്രാര്‍ത്ഥനകള്‍ തന്നെയെന്ന് കരുതാം. വേദനിക്കുന്നവരും മുറിവേറ്റവരുമായ സഹോദരങ്ങള്‍ക്കായി നല്‍കാനാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. കാരണം സാത്താനാകുന്ന കവര്‍ച്ചക്കാരന്‍ അവന്റെ ആനന്ദം കവര്‍ന്നിരിക്കുന്നു. അതിനാല്‍ തിരക്കുകളേറുന്ന ഈ കാലഘട്ടത്തിലും നല്ല സമരിയാക്കാരനാകാനുളള വിളി നമുക്ക് ശ്രവിക്കാം.
ലൂക്കായുടെ സുവിശേഷം 10-ാം അദ്ധ്യായത്തില്‍ 'നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?' എന്ന ഒരു നിയമജ്ഞന്റെ ചോദ്യത്തിനുത്തരമായാണ് യേശു സമരിയാക്കാരന്റെ ഉപമ പറയുന്നത്. 'നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.' എന്ന ദൈവകല്പനയ്ക്ക് വിശദീകരണമായി ആരാണ് അയല്‍ക്കാരന്‍ എന്ന് അവിടുന്ന് ഈ ഉപമയിലൂടെ വ്യക്തമാക്കുന്നു.
അതിനാല്‍ നിത്യജീവനിലേക്കുളള പാത തുറന്നു കിട്ടാനായി നമുക്കും നല്ല അയല്‍ക്കാരായി വര്‍ത്തിക്കാം. കാരണം ലൂക്കാ 10 :36-37 ല്‍ നാം ഇങ്ങനെ വായിക്കുന്നു, 'കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോട് കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.'
സിസ്റ്റര്‍ പ്രസന്ന എസ്.വി.എം.
Source : Shalom Times