രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ് ബാങ്കിലെ ജോലി രാജിവച്ച് ഞാന്‍ മുഴുവന്‍സമയ സുവിശേഷ പ്രഘോഷണത്തിനിറങ്ങിയത്. ജോലിയില്‍ നിന്ന് രാജിവയ്ക്കാനായി ഞാന്‍ തിരഞ്ഞെടുത്ത ദിവസം ഏപ്രില്‍ ഒന്നായിരുന്നു! കാരണം, ലോകത്തിന്റെ മുന്‍പില്‍ ഞാനന്ന് ചെയ്ത ഒരു മണ്ടത്തരംതന്നെ. ജോലി രാജിവച്ചതോടെ പലരുടെയും സ്‌നേഹം എനിക്ക് നഷ്ടപ്പെട്ടു. കാണുമ്പോള്‍ ചിരിച്ചുകൊണ്ട് ഓടിവന്നിരുന്നവര്‍ കാണാത്ത ഭാവത്തില്‍ നടക്കാന്‍ തുടങ്ങി... 'സാറേ' എന്ന് വിളിച്ചിരുന്നവര്‍ പേരുവിളിക്കാനാരംഭിച്ചു. ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞ 'മണ്ടനെ' ഒരു പ്രത്യേക ഭാവത്തില്‍ ആളുകള്‍ നോക്കുവാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതുപോലും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു.... പിന്നീട് ശാലോം ടി.വി. ആരംഭിച്ചതിനുശേഷം മാത്രമാണ് ചിലരൊക്കെ എന്റെ 'ദൈവവിളി' സത്യമായിരുന്നുവെന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. എന്തായാലും എല്ലാ ഏപ്രില്‍ ഒന്നിനും കര്‍ത്താവിനുവേണ്ടി ഒരു മണ്ടനാകാന്‍ കഴിഞ്ഞതിന്റെ ഭാഗ്യം ഞാന്‍ അനുസ്മരിക്കാറുണ്ട്.  

സര്‍ക്കസിലെ കോമാളികള്‍ മാത്രമാണ് ബോധപൂര്‍വ്വം സ്വയം മണ്ടന്മാരാകാന്‍ ശ്രമിക്കാറുളളത്. നമ്മളൊക്കെ ഞാനൊരു 'മണ്ടനോ' 'മണ്ടിയോ' അല്ലെന്ന് കാണിക്കാനാണ് എപ്പോഴും പരിശ്രമിക്കാ റുളളത്. എന്നാല്‍, എവിടെയൊക്ക നാം ബുദ്ധിമാന്മാരാണെന്ന് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ അവിടെയെല്ലാം യഥാര്‍ത്ഥത്തില്‍ നാം മണ്ടന്മാരാകുകയാണ്. വാദപ്രതിവാദങ്ങള്‍ പലപ്പോഴും ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കാറുണ്ട്. ചില ദാമ്പത്യബന്ധങ്ങളില്‍ നിന്ന് കലഹങ്ങള്‍ വിട്ടൊഴിയാത്തതിന്റെ കാരണം പോലും ദമ്പതികളുടെ 'വാദപ്രതിവാദ' സ്വഭാവമാണ്. വാദിച്ചു ജയിച്ചില്ലെങ്കില്‍ നാം മണ്ടന്മാരാകും എന്ന ഭയം അവിടെയുണ്ട്. ചിലപ്പോഴൊക്കെ ജീവിതപങ്കാളി ജയിക്കാന്‍വേണ്ടി സ്വയം മണ്ടന്മാരാകുന്നതാണ് ഏറ്റവും വലിയ ബുദ്ധി. വാദിച്ച് ജീവിതപങ്കാളിയെ പരാജയപ്പെടുത്തുന്നവര്‍ ചെയ്യുന്നതാകട്ടെ മണ്ടത്തരവും.... സൗഹൃദബന്ധങ്ങള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഇത്തരം മണ്ടന്മാര്‍ ധാരാളമാണിന്ന്.

കൊച്ചുകുട്ടികള്‍ വന്ന് അവരുടെ അറിവും അനുഭവവും വര്‍ണ്ണിക്കുമ്പോള്‍, അവരുടെ മുന്നില്‍ ഒന്നും അിറയാത്തവരെപ്പോലെയിരുന്ന് നാം അവരെ പ്രോത്സാഹിപ്പിക്കാറില്ലേ? എന്നാല്‍ 'ഇതൊക്കെ എനിക്കറിയാം, ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നു. എന്തൊരു പൊട്ടത്തരമാണ് നീ പറയുന്നത് ' ഇതൊക്കെ അഹങ്കാരഭാവങ്ങളാണ് - ജ്ഞാനമില്ലായ്മയുമാണ്.

യേശു ചെയ്ത മണ്ടത്തരങ്ങളാണ് മനുഷ്യാവതാരവും കുരിശുമരണവും. മരുഭൂമിയിലെ പരീക്ഷയുടെ സമയത്ത് സാത്താന്‍ തന്റെ ബുദ്ധി ഉപയോഗിച്ച് കുരിശില്ലാത്ത വഴികള്‍ യേശുവിന്റെ മുന്നില്‍ അവതരിപ്പിച്ചു. പക്ഷേ, ബുദ്ധിയുടെ വഴികള്‍ കര്‍ത്താവ് തിരസ്‌കരിച്ചു. സ്വര്‍ഗത്തിന്റെ മണ്ടത്തരങ്ങളാണ് സാത്താന്റെ ബുദ്ധിയെക്കാള്‍ മേന്മയേറിയതെന്ന് അവിടുന്ന് തെളിയിച്ചു.

യൂദാസ് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചുകൊണ്ടാണ് യേശുവിനെ ഒറ്റിക്കൊടുക്കുന്നത്. പക്ഷേ, അവന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടനായി. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ താന്‍ വിജയിച്ചുവെന്ന് സാത്താന് തോന്നി. അടുത്ത നിമിഷം അവന്‍ തിരിച്ചറിഞ്ഞു - താന്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെന്ന്.

ഹേറോദേസിന്റെ ചോദ്യത്തിനു മുന്നില്‍ യേശു നിശബ്ദനായത് ഉത്തരം അറിയാത്തതുകൊണ്ടല്ല. അതുപോലെ ചില ചോദ്യങ്ങളുടെ മുന്നില്‍ ഉത്തരമറിയാത്തവനെപ്പോലെ മണ്ടനാകുക. ചിലതൊക്കെ അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുക; കണ്ടാലും കണ്ടില്ലെന്ന് നടിക്കുക. ജീവിതം മനോഹരമാകാനും വിജയകരമാകാനും ചിലപ്പോഴെങ്കിലും നാം മണ്ടന്മാരാകേണ്ടതുണ്ട്. കുടുംബത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, ദൈവത്തിനുവേണ്ടി മണ്ടന്മാരായ ബുദ്ധിമാന്മാരുടെ ചരിത്രം നമുക്കതിനുളള പ്രചോദനം നല്‍കട്ടെ.

ശാരോനിലെ പനിനീര്‍പുഷ്പവും അടവിത്തരുക്കളിന്നിടയില്‍ മനോഹരമായ ഒരു നാരകവും ആയ ക്രിസ്തു ദൈവത്തിന്റെ തേജസ് മുഴുവനും വഹിക്കുന്നവനുമായിരുന്നു. എന്നാല്‍, അവനെ കണ്ടവര്‍ മുഖം തിരിച്ചുകളയാന്‍ തക്കവിധം (ഏശയ്യാ 53) അവന്‍ തന്റെ സൗന്ദര്യം ഉപേക്ഷിച്ചു- അവന്‍ നിന്ദിക്കപ്പെട്ടു. തന്റെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടുകൂടി എണ്ണപ്പെടുകയും ചെയ്തു (53:12). അതിന്റെ ഫലം എന്താണ്? കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറി, തന്റെ കഠിനവേദനയുടെ ഫലം കണ്ട് തൃപ്തനായി (53 :11).

എപ്പോഴും വിജയിക്കണമെന്നും എല്ലാവരുടെയും മുകളില്‍ കയറണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് മണ്ടന്മാരാകാന്‍ കഴിയില്ല. എന്നാല്‍, ദൈവഹിതം നിറവേറ്റാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും മണ്ടന്മാരാകാന്‍ തയ്യാറായേ പറ്റൂ. കുരിശിന്റെ ഭോഷത്തം ഉള്‍ക്കൊളളാതെ ഉയിര്‍പ്പിന്റെ മഹിമ തേടുന്നവരുടെ മണ്ടത്തരങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന
കര്‍ത്താവേ, സ്‌നേഹത്തെപ്രതി മണ്ടന്മാരാകാനും വിവേകത്തെപ്രതി മണ്ടത്തരങ്ങളെ അംഗീകരിക്കാനും അങ്ങയുടെ തിരുമനസ് നിറവേറ്റുന്നതിനെപ്രതി മണ്ടത്തരങ്ങള്‍ പ്രവര്‍ത്തിക്കാനും ഞങ്ങള്‍ക്ക് ശക്തി നല്‍കണമേ, ആമ്മേന്‍.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റര്‍