'ഈ അന്യരാജ്യത്ത് മക്കളെ വളര്‍ത്താന്‍ ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടു. ഭര്‍ത്താവിന് വീട്ടുകാര്യങ്ങളില്‍ വലിയ താല്പര്യമോ ഉത്തരവാദിത്വമോ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രിയും പകലും വിശ്രമമില്ലാതെ ഞാന്‍ ജോലി ചെയ്തു. ഏറ്റവും നല്ല സ്‌കൂളുകളില്‍ത്തന്നെയാണ് കുട്ടികളെയെല്ലാവരെയും പഠിപ്പിച്ചത്. പക്ഷേ, സ്വന്തം കാലില്‍ നില്ക്കാറായപ്പോള്‍ കുട്ടികളോരോരുത്തരും വീടുവിട്ടുപോയി. അവരാരും ഇപ്പോള്‍ വീട്ടില്‍ വരാറില്ല. എന്നെ വിളിക്കാറില്ല. ഞാന്‍ ഫോണ്‍ ചെയ്താല്‍ അത്യാവശ്യം മറുപടി പറഞ്ഞതിനുശേഷം ഫോണ്‍ താഴെ വയ്ക്കും. ഞാനെങ്ങനെയാണ് ജീവിക്കുന്നതെന്ന് അവരാരും അന്വേഷിക്കുകപോലും ചെയ്യുന്നില്ല.' ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ വാക്കുകള്‍ ഇടറി, കണ്ണില്‍ നിന്നു കണ്ണുനീര്‍ പ്രവഹിക്കുവാന്‍ ആരംഭിച്ചു. കുറെ നേരം കരഞ്ഞപ്പോള്‍ ശാന്തത വീണ്ടെടുത്ത അവര്‍ വീണ്ടും പറഞ്ഞുതുടങ്ങി.

'ഒരു വിധത്തില്‍  പറഞ്ഞാല്‍ ഞാന്‍ തന്നെയാണ് അവരെ വീട്ടില്‍ നിന്നും ഓടിച്ചത്. ' ആ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യവും ആകാംക്ഷയും ഒരുമിച്ച് എന്നിലുണര്‍ന്നു. മക്കള്‍ക്കുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച ഒരമ്മയ്ക്ക് എങ്ങനെയാണ് അവരെ സ്വന്തം വീട്ടില്‍ നിന്നും ഓടിക്കാന്‍ കഴിയുക?

'ഞാനവര്‍ക്ക് നല്ല ഭക്ഷണം കൊടുത്തു. വസ്ത്രം കൊടുത്തു, വിദ്യാഭ്യാസം കൊടുത്തു. പക്ഷേ, സന്തോഷം മാത്രം കൊടുത്തില്ല. എപ്പോഴും അരിശപ്പെടുന്ന സ്വഭാവമായിരുന്നു എന്റേത്. എന്റെ മുന്‍കോപം, പൊട്ടിത്തെറി, നിരന്തരമായ ശകാരം ഇവയെല്ലാം കാരണം വീട്ടിലൊരിക്കലും സന്തോഷകരമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. അതിനാലായിരിക്കാം അവര്‍ വീടിനെ വെറുത്തുപേക്ഷിച്ചത്.'തിരിച്ചറിവിന്റെ വെളിച്ചം അവരുടെ കണ്ണുകളില്‍ നിറഞ്ഞു.

എല്ലാ ഹൃദയങ്ങളും സ്വാഭാവികമായി തേടുന്ന ഒന്നാണ് സന്തോഷം. സന്തോഷമില്ലാത്ത സാഹചര്യങ്ങളില്‍ നിന്നും സന്തോഷം നല്‍കാത്ത വ്യക്തികളില്‍ നിന്നും ഒഴിഞ്ഞുമാറാനുളള പ്രവണതയും സാധാരണ മനുഷ്യരില്‍ പ്രബലമാണ്. അതിനാല്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ സന്തോഷം പകരുന്നവരായി നാം മാറേണ്ടത് അത്യാവശ്യമാണ്.

കുടുംബത്തിനുവേണ്ടി രാത്രിയും പകലും കഷ്ടപ്പെട്ടാലും കുടുംബങ്ങളില്‍ സന്തോഷം കൊടുക്കാനായില്ലെങ്കില്‍ നാം ഒരു പരാജയമായി മാറും. നമ്മുടെ ഓഫീസുകളിലും സമൂഹങ്ങളിലും കുടുംബങ്ങളിലും സന്തോഷം പകരുന്നവരാണോ നാം എന്ന് ആത്മപരിശോധന നടത്തുന്നത് പ്രയോജനകരമായിരിക്കും. എപ്പോഴുമുളള പരാതിയും കുറ്റപ്പെടുത്തലും ഏതന്തരീക്ഷത്തെയും നരകതുല്യമാക്കി മാറ്റും. ഒരാളുടെ മുന്‍കോപം ചുറ്റുമുളളവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നതിനാല്‍, അന്തരീക്ഷത്തിലെ ആഹ്ലാദം വറ്റിച്ചുകളയാം.

എപ്പോഴും സ്വന്തം വേദനകളുടെയും ദുരിതങ്ങളുടെയും കഥ മാത്രം പറയുന്ന വ്യക്തിയും നിരന്തരം സ്വന്തം നേട്ടങ്ങളും മേന്മന്മകളും മാത്രം സംസാരിക്കുന്നവരും മറ്റുളളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വയംകേന്ദ്രീകൃത മനുഷ്യരാണ്. ഇവിടെയെല്ലാം മാറ്റം വരുത്തിയാലേ സന്തോഷം പകരുന്നവരാകാന്‍ നമുക്ക് കഴിയൂ. മറ്റുളളവര്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങള്‍ പറയുവാന്‍ നാം ബോധപൂര്‍വ്വം ശ്രമിക്കണം. പ്രശംസ, പ്രോത്സാഹനം, അംഗീകാരം ഇവയൊക്കെ സന്തോഷം വളര്‍ത്തുന്ന കാര്യങ്ങള്‍ തന്നെയാണ്. അപരനെ ക്ഷമയോടെ ശ്രവിക്കാന്‍ കഴിയുന്ന സ്വഭാവവും സന്തോഷവര്‍ധകമാണ്. നമ്മുടെ വേദനകളുടെയും ദുരിതങ്ങളുടെയും നടുവിലും സന്തോഷം പകരുന്നവരായി മാറാന്‍ നമുക്കാവും. നമ്മുടെ ഹൃദയത്തില്‍ ദൈവമുണ്ടായാല്‍ മതി. കാരണം, ദൈവമാണ് സന്തോഷത്തിന്റെ ഉറവിടം. സങ്കീര്‍ത്തനം 16:11 ല്‍ ഇങ്ങനെ പറയുന്നു:'അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ്ണതയുണ്ട്. അങ്ങയുടെ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.'  പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്ന് ആനന്ദം തന്നെയാണ്. അതിനാല്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നവരും ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നവരും സന്തോഷം പകരാന്‍ കൂടുതല്‍ കഴിവുളളവരാകും, കഴിവുളളവരാകണം. നമുക്കതിന് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം.

കര്‍ത്താവേ, അങ്ങയുടെ സന്തോഷം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. ഞാനുമായി ബന്ധപ്പെടുന്നവരുടെ സന്തോഷം കെടുത്തിക്കളയുന്ന സ്വഭാവരീതികളെ എന്നില്‍ നിന്നും എടുത്തു നീക്കിയാലും. എന്റെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം പകരുവാന്‍ അങ്ങുതന്നെ എന്നെ പഠിപ്പിക്കണമേ- ആമ്മേന്‍.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റര്‍