ആ അമ്മയ്ക്ക് മറ്റൊന്നും പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നില്ല മകന് മാനസാന്തരം ഉണ്ടാവണമേയെ ന്നല്ലാതെ. കാരണം വഴിപിഴച്ച ജീവിതവും പാഷണ്ഡതകളും കൊണ്ട് അലങ്കരിക്കപ്പെട്ട ജീവിതമായിരുന്നു ആ മകന്റേത്. സ്ത്രീ സ്പര്‍ശമനുഭവിക്കാതെയുളള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവിധം ആത്മസംയമനം ഇല്ലാതെപോകുന്ന തന്റെ മാനസികാവസ്ഥയെക്കുറിച്ച് അയാള്‍ പില്ക്കാലത്ത് എഴുതിയിട്ടുമുണ്ട്.

സംശയിക്കേണ്ട വിശുദ്ധ അഗസ്റ്റ്യനെയും അമ്മ വിശുദ്ധ മോനിക്കയെയും കുറിച്ചാണ് പറഞ്ഞുവരുന്നത്. കത്തോലിക്കാ മതവിശ്വാസിയായിരുന്നു മോനിക്ക. ഭര്‍ത്താവ് പട്രീഷ്യസാകട്ടെ അക്രൈസ്തവനും നമ്മുടെ ഇക്കാലത്തെ ഇന്റര്‍കാസ്റ്റ് റിലിജിയന്‍ വിവാഹങ്ങള്‍ പോലെ. സ്വഭാവികമായും അതിന്റെ ദൂഷ്യഫലങ്ങളും അവര്‍ക്കുണ്ടായ മകന് അനുഭവിക്കേണ്ടി വന്നു.

മകന്‍ അച്ഛന്റെ പാതയിലാണ് ചരിച്ചത്. അമ്മയുടെ ഹൃദയവേദന കൂടി കണ്ണീരുകള്‍ വര്‍ദ്ധിച്ചു. മകനെ എങ്ങനെയും തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തോടെ അവള്‍ പ്രാര്‍ത്ഥനയില്‍ കൂടുതലായി ശരണം പ്രാപിച്ചു. വി.അംബ്രോസിന് ആ അമ്മയുടെ നെഞ്ചിലെ തീ മനസ്സിലാവുന്നുണ്ടായിരുന്നു. കൂടുതല്‍ പ്രാര്‍ത്ഥിക്കാനും പ്രാര്‍ത്ഥനയില്‍ മാത്രം ശരണം പ്രാപിക്കാനും അദ്ദേഹമാണ് മോനിക്കയ്ക്ക് പറഞ്ഞുകൊടുത്തത്. ഒടുവില്‍ സംഭവിച്ചത് എന്താണ്..അമ്മയുടെ കണ്ണീരുകള്‍ക്ക് ദൈവം മറുപടി നല്‍കി. അഗസ്റ്റ്യന്‍ നല്ല ജീവിതം നയിക്കുന്നതിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോനിക്കയ്ക്ക് ഇട വന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചതിലധികം ദൈവം എനിക്ക് തന്നു എന്ന് മരിക്കുന്നതിന് മുമ്പ് മോനിക്ക മകനോട് പറയുന്നതിന് ദൈവം ഇടവരുത്തി. ഒടുവില്‍ അമ്മയും മകനും പുണ്യപഥത്തിന്റെ കൊടുമുടികളിലെത്തി.

കത്തോലിക്കാതിരുസഭ ഇന്ന് രണ്ടുപേരെയും വിശുദ്ധരായി വണങ്ങുന്നു. മടുപ്പുകൂടാതെയും നിരാശ കൂടാതെയും വിശ്വാസത്തോടെയുളള പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി തരുമെന്ന് തന്നെയാണ് ഈ സംഭവം വിവരിക്കുന്നത്. അതിനാല്‍ പ്രാര്‍ത്ഥനകളെക്കുറിച്ചുളള നമ്മുടെ ആത്മാര്‍ത്ഥതയും സ്‌നേഹവും വീണ്ടും പുതുക്കിപ്പണിയാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തിന്റെ പക്കല്‍ ഉത്തരമുണ്ട് എന്ന തീര്‍ച്ചയോടെ നമുക്ക് പ്രാര്‍ത്ഥനകള്‍ തുടരുകയും ചെയ്യാം.