സ്‌നേഹപിതാവായ ദൈവമേ/ ഞങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി/ വി. ഗീവര്‍ഗ്ഗീസിനെ നല്‍കിയതിന്/ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു/ ഞങ്ങളുടെ അനുദിന ജീവിതത്തിലെ/ ആത്മീയവും ഭൗതികവുമായ / എല്ലാ സാഹചര്യങ്ങളിലും/ ഞങ്ങളെ സംരക്ഷിച്ച്/ സ്വര്‍ഗ്ഗഭവനത്തിലേക്ക് ഞങ്ങളെ നയിക്കുവാന്‍ / വി. ഗീവര്‍ഗ്ഗീസിന്റെ നിരന്തര സഹായം/ ഞങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ. അനാഥരെയും ആലംബഹീനരെയും സംരക്ഷിച്ച/ ധീരയോദ്ധാവായ വി.ഗീവര്‍ഗ്ഗീസേ/ അങ്ങയുടെ പക്കല്‍ അഭയംതേടുന്ന/ ഞങ്ങളുടെ സഹായത്തിനെത്തണമേ. അലറുന്ന സിംഹത്തെപ്പോലെ / ആരെ വിഴുങ്ങണമെന്നന്വേഷിച്ച് ചുറ്റി നടക്കുന്നവനും ( 1 പത്രോ 5.8) ഞങ്ങളില്‍ ദുഷ്താല്‍പര്യംവച്ച്/ ഞങ്ങളുടെ പടിവാതില്‍ക്കല്‍ പതിയിരിക്കുന്നവനും ( ഉല്‍.4.7) സര്‍വ്വലോകത്തേയും വഞ്ചിക്കുന്ന/ സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്നവനുമായ/ ആ പുരാതന സര്‍പ്പത്തിന്റെ ദ്വേഷത്തില്‍ ( വെളി. 12.9) നിന്നും/ ഞങ്ങളെ കാത്തുകൊള്ളണമേ.
സര്‍വ്വായുധവിഭൂഷിതനായി/ അശ്വാരൂഢനായിരിക്കുന്ന അങ്ങയുടെ ചിത്രം/ ഞങ്ങള്‍ക്ക് ആത്മധൈര്യം പകരട്ടെ/ തിന്മയുടെ ദുരാത്മാക്കള്‍ക്കെതിരെയുളള ഞങ്ങളുടെ പോരാട്ടത്തില്‍/ സാത്താന്റെ കുടിലതന്ത്രങ്ങള്‍ക്കെതിരെ/ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവാന്‍/ ഞങ്ങളെ സഹായിക്കണമേ/ സത്യംകൊണ്ട് അരമുറുക്കി/ നീതിയുടെ കവചംധരിച്ച്/ സമാധാന സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ അണിഞ്ഞ്/ വിശ്വാസത്തിന്റെ പരിച എടുത്ത് / രക്ഷയുടെ പടത്തൊപ്പി ധരിച്ച്/ ദൈവവചനമാകുന്ന ആത്മാവിന്റെ വാളെടുത്ത് ( എഫേ.6:1017)/ ഈ ജീവിതയാത്രയില്‍ നിര്‍ഭയരായി പൊരുതി മുന്നേറുവാന്‍ ( 1 തിമോ4:7) / ഞങ്ങള്‍ക്ക് സാധിക്കട്ടെ.
ഞങ്ങള്‍ അറിഞ്ഞോ അറിയാതെയോ / ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന / എല്ലാ ദുഷ്ട സാന്നിദ്ധ്യങ്ങളും/ അകന്നുപോകട്ടെ/ സനേഹം ഞങ്ങളില്‍ വളരട്ടെ/ സമാധാനം ഞങ്ങളില്‍ നിറയട്ടെ/ ആനന്ദം ഞങ്ങളില്‍ കവിഞ്ഞൊഴുകട്ടെ / എല്ലാ പരിശുദ്ധാത്മ ഫലങ്ങളോടും കൂടെ/ ദൈവരാജ്യം / ഞങ്ങളില്‍ സംസ്ഥാപിതമാകട്ടെ വിശുദ്ധ ഗീവര്‍ഗ്ഗീസ്സേ, വല്‍സലതാതാ/ അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥ്യം വഴി / ഞങ്ങളുടെ സമൂഹത്തില്‍/ ദൈവത്തിന് മഹത്വമുണ്ടാകട്ടെ/ എന്തുകൊണ്ടെന്നാല്‍/ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും/ രാജ്യവും ശക്തിയും മഹത്വവും/ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവായ ദൈവമേ/ എന്നേയ്ക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്മ, 1ത്രിത്വ.