ഇറ്റലിയിലെ ടുറിന്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ അവിടെയുളള തടവുകാരെയും കണ്ടു. ടുറിനിലെ ഫെറന്റെ അപ്പോര്‍റ്റി ജുവനൈല്‍ ജയിലാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. 17 നും 21 നും ഇടയില്‍ പ്രായമുളള പതിനൊന്നോളം തടവുകാരും മറ്റു ജയില്‍ ജീവനക്കാരുമടക്കം മുപ്പത്തിയഞ്ചോളം ആളുകള്‍ മാര്‍പാപ്പയോടൊപ്പമിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ഒരു മണിക്കൂറോളം തടവുകാരോടൊപ്പം ചെലവഴിച്ച മാര്‍പാപ്പയ്ക്ക് സമ്മാനങ്ങള്‍ നല്‍കാനും അവര്‍ മറന്നില്ല. ജയിലില്‍ വെച്ചുണ്ടാക്കിയ കരകൗശലവസ്തുക്കളാണ് തടവുകാര്‍ പോപ്പിന് കൈമാറിയത്. ആദ്യമല്‍പം അങ്കലാപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറി. പോപ്പിനോട് ചോദ്യങ്ങള്‍ ചോദിക്കാനും തടവുകാര്‍ മറന്നില്ല.
രണ്ടുവര്‍ഷം മുന്‍പു മാര്‍പാപ്പയെ കണ്ടപ്പോള്‍ ഇവിടുത്തെ തടവുകാരെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇത് തീര്‍ച്ചയായും സ്വപ്നതുല്യമായ ഒരു സന്ദര്‍ശനമാണ്. പോപ്പിന്റെ ടുറിന്‍ സന്ദര്‍ശന ദിവസങ്ങള്‍ വളരെ തിരക്കേറിയതായിരുന്നു. ഇവിടെ വരാന്‍ സാധിക്കുമെന്ന് കരുതിയതല്ല. സ്‌കൂളില്‍ പരീക്ഷയെഴുതാനും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി ഇവിടുത്തെ കുട്ടികളെ പുറത്തുവിടാറുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അതിനുമപ്പുറം സന്തോഷം പകരുന്നതായിരുന്നു പോപ്പിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍. ജയില്‍ ചാപ്പലിന്റെ ചുമതലയുളള ഫാദര്‍ ഡൊമിനിക്കോ റിക്ക പറയുന്നു.