ക്ഷമ
നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും (1 യോഹന്നാന്‍ 1:9).

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ (എഫേസോസ് 4:32).

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും (മര്‍ക്കോസ് 11:25-26)

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല (മത്തായി 6:14-15).

ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം (കൊളോസോസ് 3:13).

സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍. ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ (എഫേസോസ് 4:31-32).

സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം (സുഭാഷിതങ്ങള്‍ 19:11). 

കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 86:5).