നല്ല സമരായക്കാരന്റെ മാതൃക പിന്തുടരണമെന്ന് ഫ്രാന്‍സിസ് പാപ്പ. നിസ്സഹായാവസ്ഥയില്‍ പെട്ടവര്‍ക്ക് നമ്മുടെ സഹായം ലഭ്യമാക്കണം. മുറിവേറ്റവരെ സഹായിക്കുക എന്നത് നമ്മുടെ ദൗത്യവും ശീലവുമായിരിക്കണം. അവരെ ചേര്‍ത്തു നിര്‍ത്തണം അവരുടെ മുറിവുകള്‍ വെച്ചു കെട്ടി വേദനകള്‍ സൗഖ്യമാക്കണം. വത്തിക്കാനില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ പ്രോലൈഫ് പ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
    ആത്മാവും മനസ്സും തകര്‍ന്ന മനുഷ്യര്‍ക്ക് നാം സമീപസ്ഥരാകണം. ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് അവരുടെയിടയിലേക്ക് ഇറങ്ങിച്ചെല്ലണം. ജറുസലേമില്‍ നിന്നും ജറീക്കോയിലേക്കു പോകുന്ന വഴി സകലതും കൊളളയടിക്കപ്പെട്ട് മുറിവേല്‍ക്കപ്പെട്ട യാത്രക്കാരന്റെ മുറിവുകള്‍ വെച്ചുകെട്ടിയ സമരിയാക്കാരനായിരിക്കണം നമ്മുടെ മാതൃക.
    മനുഷ്യജീവനുമേലുളള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അപരന്റെ മുറിവുകള്‍ വെച്ചു കെട്ടാനും അവനോട് സഹതപിക്കാനും സന്‍മനസ്സു കാണിക്കുന്ന മനുഷ്യര്‍ വളരെ വിരളമായേ ഉളളൂ. ദാരിദ്രമനുഭവിക്കുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരോടു കരുതലുളളവ രായിരിക്കണം നമ്മള്‍.
    നമുക്കു ചുറ്റുമുളള നിരവധി കുടുംബങ്ങള്‍ ദാരിദ്ര്യം മൂലം കഷ്ടതയനുഭവിക്കുന്നുണ്ട്. കുടുംബങ്ങളിലും സുഖപ്പെടുത്തേണ്ട അനേകം മുറിവുകളുണ്ട്. കുടുംബങ്ങളില്‍ ഒറ്റപ്പെടലും വേദനയുമനുഭവിക്കുന്നവരുടെ നൊമ്പരത്തില്‍ പങ്കു ചേരണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.