വത്തിക്കാന്‍ സിറ്റി: വിശുദ്ധരാകുവാനുളള ഏറ്റവും എളുപ്പവഴി ഈശോ ചെയ്തുപോലെ യൊക്കെ ചെയ്യുകയാണെന്ന് പരിശുദ്ധപിതാവ്. സകല വിശുദ്ധരുടെയും തിരുനാള്‍ ദിവസം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. 'സന്തോഷത്തിലേക്കും വിശുദ്ധിയിലേക്കുമുളള നേര്‍രേഖയായി നമുക്ക് കാണാവുന്നത് ബൈബിളില്‍ നല്‍കിയിരിക്കുന്ന സുവിശേഷഭാഗ്യങ്ങളാണ്. ഈശോ നടന്ന വഴി ബുദ്ധിമുട്ടുളളതാണെങ്കിലും പ്രതിഫലം ഉറപ്പുളള, സ്വര്‍ഗ്ഗത്തിലേക്കുളള പാതയാണത്.' പാപ്പ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധിയിലേക്കുളള വഴിയും സന്തോഷത്തിലേക്കുളള വഴിയും ഒന്നുതന്നെ. ഈശോ തന്നെയാണ് ആ വഴി. അവിടുന്നിലൂടെ സഞ്ചരിക്കുന്നവര്‍ നിത്യജീവന്‍ സ്വന്തമാക്കുന്നു. ലളിതവും എളിമയുളളതുമായ ജീവിതം യേശുവിനെപ്പോലെ ഓരോരുത്തരും സ്വന്തമാക്കണം.
    'വിലപിക്കുവാനും ശാന്തശീലരാകുവാനും നീതിക്കും സമാധാനത്തിനും വേണ്ടി അദ്ധ്വാനിക്കുവാനും ദൈവത്തിന്റെ കരുണയുടെ ഉപകരണങ്ങളാകുന്നതിനായി ക്ഷമ സ്വീകരിക്കുവാനും ഓരോ വിശ്വാസിക്കും കഴിയണം.'
    ഈശോയുടെ വാക്കുകള്‍ എളുപ്പം മനസ്സിലാക്കുവാന്‍ ചിലപ്പോള്‍ സാധിക്കണമെന്നില്ല. കാരണം, ഒഴുക്കിനെതിരെ പ്രഘോഷിക്കപ്പെടുന്ന  വാക്കുകളാണവ. ഈ വഴി സന്തോഷത്തിന്റെ  വഴിയാണെന്ന ഉറപ്പ് ദൈവം നല്‍കുന്നുണ്ട്. ഇതിലെ സഞ്ചരിക്കുന്നവര്‍, ആദ്യം സാധിച്ചില്ലെങ്കിലും പതിയെ യഥാര്‍ത്ഥ സന്തോഷത്തിലേക്ക് വരും. ദൈവരാജ്യം മാത്രമാണ് ഏക സമ്പാദ്യമെന്ന അവസ്ഥ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംജാതമാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരുവന് സന്തോഷിക്കാന്‍ സാധിക്കുക. ലൗകിക കാര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഹൃദയം പറിച്ചുമാറ്റപ്പെടുമ്പോള്‍ മാത്രമെ ദൈവരാജ്യത്തെക്കുറിച്ച് കലര്‍പ്പില്ലാതെ ചിന്തിക്കുവാന്‍ ഒരു വ്യക്തിക്കാകൂ.
    'വിലപിക്കുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ ആശ്വസിപ്പിക്കപ്പെടും' എന്ന ഈശോയുടെ വാക്കുകളെക്കുറിച്ച് പാപ്പ ഇങ്ങനെ പറഞ്ഞു. 'കരയുന്ന ഒരുവന് എങ്ങനെയാണ് സന്തോഷിക്കാനാവുക? ആദ്യം ഈ വാക്കുകള്‍ വളരെ അപരിചിതമായി നമുക്ക് തോന്നാം. എന്നാല്‍ ഒരു കാര്യം മനസിലാക്കണം. ദു:ഖവും വേദനയും പ്രയാസങ്ങളും എന്തെന്നറിയാത്ത ഒരുവന് ആശ്വാസത്തിന്റെ ആഴങ്ങള്‍ മനസിലാവില്ല. അതിന്റെ സൗന്ദര്യവും മനസിലാകില്ല. ദൈവത്തിന്റെ മൃദുലമായ കരങ്ങള്‍ ഒരുവനെ ആശ്വസിപ്പിക്കാനെത്തുമ്പോള്‍ അതിന്റെ മാധുര്യം അനുഭവിക്കുന്നതിന് വേദനകളിലൂടെ കടന്നുപോകേണ്ടിവരും.'
    ജീവിതത്തില്‍ സഹനങ്ങളും വേദനകളും തിരസ്‌കരണവും ഉണ്ടായപ്പോള്‍ ഈശോ ശാന്തത കൈവെടിയാതെ നിന്നു. അനുദിന ജീവിതത്തില്‍ ഇപ്രകാരം ശാന്തത കാത്തുസൂക്ഷിക്കേണ്ടത് വിശുദ്ധിയില്‍ ജീവിക്കുന്നതിന് അത്യന്താപേക്ഷിതമാണ് പാപ്പ സൂചിപ്പിച്ചു.
    മറ്റുളളവരെ ചൂഷണം ചെയ്തും, കബളിപ്പിച്ചും, താഴ്ത്തിക്കെട്ടിയും സ്വയം വളരുവാനാഗ്രഹിക്കുന്നവര്‍ ഒരിക്കലും ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നില്ല. യഥാര്‍ത്ഥ സന്തോഷം വേണ്ടവര്‍ യേശുവിലേക്ക് തിരിയണം. അവിടുത്തെ മാതൃക പിന്‍ചെല്ലണം. പരിശുദ്ധപിതാവ് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.