പ്രത്യാശ സന്തോഷം നല്‍കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു. ഒക്‌ടോബര്‍ 28-ാം തീയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുളള പൊതു കൂടിക്കാഴ്ചാ പ്രഭാഷണത്തിനു മുന്‍പ്, അവിടെ സമ്മേളിച്ച രോഗികള്‍ക്കായി പോള്‍ ആറാമന്‍ ഹാളില്‍ പ്രത്യേകമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.
    രോഗവും അതുമായി ബന്ധപ്പെട്ട ആലസ്യങ്ങളും ക്ലേശകരമാണെങ്കിലും, എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് മുന്നോട്ടു നീങ്ങണമെന്നും, പ്രത്യാശ കൈവെടിയാതെ രോഗവും വേദനയും ഉള്‍ക്കൊളളാനായാല്‍, അത് ജീവിതത്തില്‍ സന്തോഷം പകരുമെന്നും പാപ്പാ അവരെ ഉദ്‌ബോധിപ്പിച്ചു.
    രോഗികളായവരെ ജയിലില്‍ അടച്ചതല്ലെന്ന് നര്‍മ്മരസത്തില്‍ പറഞ്ഞ പാപ്പാ, മഴ കാരണമാണ് അവരെ ഹാളില്‍ പ്രത്യേകമായി കാണുവാന്‍ ഏര്‍പ്പാടാക്കിയതും,അവിടെ എത്തിച്ചതുമെന്ന് വ്യക്തമാക്കി.
    നന്മ നിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന അവര്‍ക്കൊപ്പം ഉരുവിട്ട പാപ്പാ അപ്പസ്‌തോലിക ആശീര്‍വ്വാദം നല്‍കിയശേഷമാണ് ചത്വരത്തിലെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണവേദിയിലേക്ക് മഴയെ വെല്ലുവിളിച്ചും തുറന്ന പേപ്പല്‍ വാഹനത്തില്‍ യാത്രയായത്.