''പരദൂഷണം ആദ്യം ഒരു മിഠായിയെപ്പോലെ രസകരവും മധുരവുമായി തോന്നാം. എന്നാല്‍ ക്രമേണ അത് മനസ്സിനെ കലുഷിതമാക്കുകയും നമ്മളെ വിഷലിപ്തമാക്കുകയും സഹോദരനെ കൊല്ലുകയും ചെയ്യുന്നു.'' പാപ്പാ പറഞ്ഞു.

''ഞാന്‍ നിങ്ങളോട് ഒരു സത്യം പറയാം.'' സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയ ജനസമൂഹത്തോടായി പാപ്പാ പറഞ്ഞു. ''നമ്മള്‍ മനഃപൂര്‍വ്വം പരദൂഷണം ഒഴിവാക്കിയാല്‍ നമ്മളെല്ലാവരും വിശുദ്ധരായി മാറും.'' എന്നിട്ട് അദ്ദേഹം ചോദിച്ചു.''നമ്മള്‍ക്ക് വിശുദ്ധരാകേണ്ടേ?'' എല്ലാവരും ആകണമെന്ന് പറഞ്ഞു. പരദൂഷണം ഒഴിവാക്കാമെന്ന് എല്ലാവരും സമ്മതിച്ചു.

സുവിശേഷവായന, മലയിലെ പ്രസംഗത്തില്‍ നിന്നായിരുന്നു. 'കൊല്ലരുത്' എന്ന പ്രമാണത്തെ പരാമര്‍ശിച്ചുകൊണ്ട്, സഹോദരോട് കോപിക്കുകപോലും അരുതെന്ന് കര്‍ത്താവ് കല്പിച്ചു. ''അതിനര്‍ത്ഥം വാക്കുകള്‍ കൊണ്ടുപോലും കൊലപാതകം നടത്താനാവുമെന്നാണ്'' പാപ്പാ പറഞ്ഞു. ''മറ്റൊരുവനെ കൊല്ലാന്‍ ശ്രമിക്കരുതെന്ന് മാത്രമല്ല, കോപത്തിന്റെ വിഷം അവന്റെമേല്‍ ചീറ്റരുതെന്നും, അവനെ അധിഷേപിക്കരുതെന്നും ഈശോ കല്പിക്കുന്നു. ഇവിടെയാണ് പരദൂഷണത്തിന്റെ സ്ഥാനം. പരദൂഷണം കൊണ്ട് മറ്റുള്ളവരെ നമുക്ക് കൊല്ലാന്‍ പറ്റും. കാരണം അത് ഒരുവന്റെ സത്‌പേരിനെ നശിപ്പിക്കുന്നു.''

''ഇതിനു പകരം ഈശോ നിര്‍ദ്ദേശിക്കുന്നത് മറ്റൊരു വഴിയാണ്-സ്‌നേഹത്തിന്റെ പൂര്‍ണ്ണത. അതായത് അളവില്ലാത്ത സ്‌നേഹം. എല്ലാ അളവിനെയും അതിലംഘിക്കുന്ന സ്‌നേഹം. അത്തരം സ്‌നേഹത്തിലൂടെ സഹോദരനെ പൊതിയുക. അപ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗപിതാവിന്റെ മക്കളാകും.'' പാപ്പാ പറഞ്ഞു.