ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വത്തിക്കാനില്‍ സംഭവിച്ച രഹസ്യരേഖയുടെ മോഷണത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് തുടര്‍ന്നു സംസാരിച്ചു.
നവംബര്‍ 8-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭാ നവീകരണത്തിന് വിഘ്‌നമാകുന്ന പ്രതിസന്ധികളെ മറികടന്നും മുന്നോട്ടു പോകുമെന്ന് പാപ്പാ പരാമര്‍ശിച്ചത്.
എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, പതിവുകള്‍ തെറ്റിക്കുന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വത്തിക്കാനില്‍ ഉണ്ടായ രഹസ്യരേഖയുടെ മോഷണത്തെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് തുറന്നു സംസാരിച്ചത്.
വത്തിക്കാന്റെ രേഖകള്‍ പഠിക്കുവാനും പരിശോധിക്കുവാനുമായി താന്‍ നിയോഗിച്ച വ്യക്തികള്‍ തന്നെയാണ് അവ ചോര്‍ത്തി പുറത്തുള്ള ഏജന്‍സികള്‍ക്കു നല്കിയതെന്നും, അത് സമൂഹത്തിന്റെ തെറ്റിദ്ധാരണയും ഉളുപ്പും ഉണ്ടാക്കുന്ന പുസ്തകങ്ങളുടെ പ്രകാശനത്തിന് വഴിതെളിച്ചിട്ടുണ്ടെന്നും പാപ്പാ വേദനയോടെ ചൂണ്ടിക്കാട്ടി. കാലികമായ സഭാനവീകരണം ലക്ഷ്യമാക്കി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെ ഭരണസമിതിക്ക് വ്യക്തമായിട്ട് അറിയാവുന്ന രേഖകളാണ് മോഷണം പോയതെന്നും, തല്പരകക്ഷികള്‍ ചെയ്തത് വലിയ അപരാധമാണെന്നും പാപ്പാ പ്രസ്താവിച്ചു.
എന്നാല്‍ ആഗോളസഭയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും നന്മ ലക്ഷ്യമാക്കി ദൈവമഹത്വത്തിനായി എടുത്തിരിക്കുന്ന തീരുമാനത്തില്‍നിന്നും പിന്മാറുകയോ പതറുകയോ ചെയ്യുകയില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സഭയെ സ്‌നേഹിക്കുന്ന സകലരുടെയും, ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുള്ള എല്ലാ സഭാമക്കളുടെയും ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രാര്‍ത്ഥനയും ജീവിതവിശുദ്ധിയും ഈ നവീകരണ പദ്ധതിക്ക് തുണയാവണമെന്ന് വിശുദ്ധ പത്രോസിന്റെ ചത്വരം തിങ്ങിനിന്ന ജനാവലിയോടും, മാധ്യങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുകൊണ്ട് തന്റെ പ്രഭാഷണം ശ്രവിച്ച സകലരോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.