വത്തിക്കാന്‍ സിറ്റി: കുടുബഭദ്രതയുടെയും വേര്‍പിരിയാനാകാത്തവിധം ക്രിസ്തുവില്‍ സുദൃഢമായി യോജിപ്പിക്കപ്പെട്ട ഭാര്യാ-ഭത്തൃ ബന്ധത്തിന്റെയും പ്രാധാന്യം മനുഷ്യന്റെയും സമൂഹത്തിന്റെയും അടിസ്ഥാനഘടകമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ശനിയാഴ്ച മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തില്‍ കുടുംബത്തെക്കുറിച്ചു നടന്ന ചര്‍ച്ചയുടെ അവലോകനസന്ദേശത്തിലാണു മാര്‍പാപ്പ ഈ കാര്യം വ്യക്തമാക്കിയത്. കുടുംബങ്ങളിലെ പ്രതിസന്ധികള്‍ക്കെല്ലാം സത്വര പരിഹാരം കണ്ടെത്തുന്നതിലുപരി അവയെക്കുറിച്ചു വിശകലനം ചെയ്യുന്നതിനും കുടുംബാംഗങ്ങള്‍ നിരാശരാകാതെ വിശ്വാസത്തിന്റെ ശക്തമായപിന്‍ബലത്തില്‍ അവയെ സധൈര്യം നേരിടുന്നതിനുള്ള സാധ്യതയെക്കുറിച്ചു ചിന്തിക്കുന്നതിനുമായിരുന്നു സിനഡ് പ്രാമുഖ്യം നല്‍കിയത്. ആധുനിക ലോകത്തെ കുടുംബത്തെക്കുറിച്ച് ക്രിയാത്മാകമായ അഭിപ്രായമാണ് സിനഡില്‍ പങ്കെടുത്തവരെല്ലാം പങ്കുവച്ചത്. യാഥാര്‍ഥ്യങ്ങളെ മുന്‍വിധിയില്ലാതെ വിശകലനം ചെയ്യാനും ദൈവീകമായ വീക്ഷണത്തിലൂടെ അവയെ ഗ്രഹിക്കാനുള്ള ശ്രമമുണ്ടായി.
വര്‍ധിച്ചുവരുന്ന നിരാശാബോധത്തിന്റെയും സാമൂഹിക, സാമ്പത്തിക, സദാചാര പ്രതിസന്ധികളുടെയും മധ്യത്തില്‍ വിശ്വാസികളുടെ മനസുകളെ ദീപ്തമാക്കാനും വിശ്വാസതീക്ഷ്ണതയില്‍ ജനങ്ങളെ വളര്‍ത്താനും സഹായിക്കുകയെന്നതായിരുന്നു ബൃഹത്തായ ചര്‍ച്ചകളുടെ അന്തസത്ത. കത്തോലിക്ക സഭയുടെ ഊര്‍ജസ്വലതയും വിശ്വാസത്തില്‍ അധിഷ്ഠിതമായ, അചഞ്ചലമായ കരുത്തുമാണ് അഭിപ്രായ വൈവിധ്യത്തിലൂടെ കടന്ന് പൊതുവായി അംഗീകരിക്കപ്പെട്ട തീരുമാനങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്.
ദൈവസാന്നിധ്യം അനുഭവവേദ്യമായ സിനഡിന്റെ വിവിധ യോഗങ്ങളില്‍ പ്രതിഫലിച്ചത് സഭയുടെ കരുത്തുറ്റ നിലപാടാണ്- അധഃസ്ഥിതരുടെയും തഴയപ്പെട്ടവരുടെയും പശ്ചാത്താപ വഴിയിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ തീവ്രമായി ആഗ്രഹിക്കുന്നവരുടെയും ആശയും സങ്കേതവുമാകുക എന്ന നിയോഗം.
ആധുനിക ലോകത്ത് എല്ലാ സമൂഹത്തോടും വ്യക്തികളോടും സുവിശേഷം പ്രഘോഷിക്കുക, ഒപ്പം വിഘടിത ആശയത്തിന്റെയും വ്യക്ത്യാധിഷ്ഠിത അക്രമണത്തിന്റെയും പിടിയില്‍നിന്നു കുടുംബത്തെ സംരക്ഷിക്കുന്നതിന് കാതലായ പിന്‍ന്തുണനല്‍കുക എന്നിവ ഏറ്റവു പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.
സഭയുടെ പ്രബോധനങ്ങളെ അനുസരിക്കുന്നവര്‍ അവയുടെ അന്തസത്തയാണ് ഉള്‍ക്കൊള്ളേണ്ടത്. ആശയങ്ങളെയല്ല, ജനങ്ങളെയാണ് സ്വീകരിക്കേണ്ടത്. സൂത്രവാക്യങ്ങളല്ല, ദൈവത്തിന്റെ നിര്‍ലോഭമായ സ്‌നേഹവും ക്ഷമിക്കാനുള്ള മനോഭാവവുമാണ് ഹൃദയത്തില്‍ സൂക്ഷിക്കേണ്ടത്.
കല്പനകള്‍ അനുസരിക്കുന്നതില്‍നിന്നു മാറിനില്‍ക്കണമെന്നല്ല, സത്യദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവരാകണമെന്നാണ് ഇതിനര്‍ഥം നമ്മുടെ നന്മയുടെ അളവനുസരിച്ചോ നമ്മുടെ പ്രവര്‍ത്തനത്തിന്റെ മികവു പരിശോധിച്ചോ അല്ല, പ്രത്യുത ദൈവത്തിന്റെ അതിരില്ലാത്ത കരുണയാലാണ് ഓരോ വ്യക്തിക്കും അനുഗ്രഹം ലഭ്യമാകുന്നതെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. സിനഡിന്റെ സമാപനത്തില്‍ ഓരോരുത്തരും ദൈവത്തിന്റെ വിശുദ്ധ സുവിശേഷം പ്രഘോഷിക്കുവാന്‍, സഭയുടെ സുരക്ഷിതവും സ്‌നേഹോഷ്മളവുമായ കരവലയത്തിനുള്ളില്‍ വിശ്വാസതീക്ഷ്ണത വളര്‍ത്തുവാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നുവെന്നത് ദൈവപരിപാലനയുടെ പ്രതിഫലനമാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.