94 ഖണ്ഡികകളുളള സിനഡ് ഡോക്യുമെന്റ് പുറത്തിറങ്ങി. * സഭാപഠനങ്ങളില്‍ തിരുത്തലുകളില്ല * ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ അജപാലന ക്രമീകരണങ്ങള്‍ * മാധ്യമ പ്രചരണങ്ങള്‍ അസ്ഥാനത്തായി.
വത്തിക്കാന്‍ സിറ്റി : സെക്കുലര്‍ ലോകത്തിന്റെ ദുരാഗ്രഹങ്ങളും മാധ്യമപ്രചാരണങ്ങളും അസ്ഥാന ത്താക്കി വത്തിക്കാനില്‍ സമ്മേളിച്ച കുടുംബസിനഡിന്റെ ഡോക്യുമെന്റ്. സ്വവര്‍ഗാനുരാഗത്തെ വിവാഹത്തിന്റെ ഗണത്തില്‍പോലും പെടുത്താതെ സഭാ നിലപാട് അരക്കിട്ടുറപ്പിച്ച സിനഡ്, വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നതിനെക്കുറിച്ച് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
'സഭയിലും ആധുനിക ലോകത്തിലും കുടുംബങ്ങളുടെ ദൗത്യവും വിളിയും' എന്ന വിഷയവുമായി ഒക്‌ടോബര്‍ നാലിന് ആരംഭിച്ച സിനഡ് 25 നാണ് സമാപിച്ചത്. 2014 ല്‍ നടന്ന അസാധാരണ സിനഡില്‍ ചര്‍ച്ച ചെയ്യപ്പെട്ട കുടുംബ അജപാലന പ്രതിസന്ധികള്‍ തന്നെയായിരുന്നു ഈ കൂടിച്ചേരലിനും മുഖ്യവിഷയമായത്.
കുടുംബങ്ങള്‍ നേരിടുന്ന ഓരോ പ്രശ്‌നങ്ങളും സിനഡ് പഠനവിധേയമാക്കി. പരസ്യ പാപത്തില്‍ കഴിയുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കണമോ? സ്വവര്‍ഗാനുഭാവികളെ എപ്രകാരം സഭ അഭിമുഖീകരിക്കണം? ഈ വിഷയങ്ങള്‍ക്കു പുറമേ ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, ലൈംഗികചൂഷണവും ദുരുപയോഗവും കുടുംബങ്ങളില്‍, വിവാഹ ഒരുക്കം, പോര്‍ണോഗ്രഫി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
94 ഖണ്ഡികകളുളള സിനഡ് ഡോക്യുമെന്റാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓരോ ഖണ്ഡികയും സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ വോട്ടിങ്ങിലൂടെയാണ് അംഗീകരിച്ചത്.
മുന്‍ വിവാഹത്തിലെ കുട്ടികളുടെ സംരക്ഷണം, ഉപേക്ഷിക്കപ്പെട്ട ജീവിതപങ്കാളിയുടെ ഇപ്പോഴത്തെ അവസ്ഥ, സിവിലായി വിവാഹം കഴിച്ച രണ്ടാമത്തെ ബന്ധം സമൂഹത്തിലും സഭയിലുമുണ്ടാക്കുന്ന പരിണതഫലങ്ങള്‍, എളുപ്പത്തില്‍ ഉപേക്ഷിക്കപ്പെടാവുന്നതെന്ന് കരുതുന്ന വിവാഹബന്ധങ്ങള്‍ വരും തലമുറയിലുണ്ടാക്കുന്ന ദോഷഫലങ്ങള്‍ തുടങ്ങിയവ സിനഡ് ഡോക്യുമെന്റ് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷത്തെ അസാധാരണ സിനഡില്‍ ഉയര്‍ന്നുവന്ന വിവാദപരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റപ്പെട്ടു. 'സ്വവര്‍ഗാനുഭാവമുളള വ്യക്തികളുളള കുടുംബങ്ങള്‍, എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കണം' എന്ന കാര്യത്തില്‍ ഒരു ഖണ്ഡിക മാത്രമാണുളളത്. 76-ാം ഖണ്ഡിക പറയുന്നു : 'ലൈംഗിക പ്രവണതകളുടെ പേരില്‍ വിവേചനം കാട്ടാതെ എല്ലാ വ്യക്തികളും ബഹുമാനിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും വേണം. എന്നാല്‍, വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ദൈവത്തിന്റെ പദ്ധതിയും ക്രമീകരണവും മനസ്സിലാക്കുമ്പോള്‍ സ്വവര്‍ഗാനുരാഗം പോലുളള കാര്യങ്ങളെ ഒരിക്കലും പരിഗണിക്കുന്നതില്‍ അടിസ്ഥാനമില്ല. വ്യക്തമായി ഇക്കാര്യത്തെ വിശദീകരിക്കുന്നതില്‍ സിനഡ് വിജയിച്ചുവെന്ന് മനസ്സിലാക്കാം.
പാപിയെ നിരാകരിക്കരുതെന്നും പാപത്തെ ഉള്‍ച്ചേര്‍ക്കരുതെന്നുമുളള വ്യക്തമായ കാഴ്ചപ്പാട്. കൂടാതെ, നിയമനിര്‍മ്മാണത്തിലൂടെ ചില രാജ്യങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനുളള നിര്‍ദ്ദേശങ്ങളുണ്ട്. സ്വവര്‍ഗവിവാഹം അടിച്ചേല്‍പ്പിക്കാനുളള സെക്കുലര്‍ ശക്തികളുടെ പ്രലോഭനത്തെ പ്രതിരോധിക്കാന്‍ സിനഡ് നിര്‍ദ്ദേശിക്കുന്നു.
സിനഡ് ഡോക്യുമെന്റില്‍ ഭ്രൂണഹത്യ, ഗര്‍ഭനിരോധനം തുടങ്ങിയ കാര്യങ്ങളില്‍ സഭയുടെ കാഴ്ചപ്പാടുകളെയും വീക്ഷണങ്ങളെയും മാറ്റമില്ലാതെ പിന്തുണച്ചു. ഖണ്ഡിക 33 പറയുന്നതുപോലെ 'ജീവന്‍ അതിന്റെ ഉത്ഭവം മുതല്‍ വിശുദ്ധമാണ്. കാരണം ദൈവത്തിന്റെ സൃഷ്ട പ്രവൃത്തി അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.' ആധുനിക ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന ശാസ്ത്രീയ ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗം ലൈംഗികതയെയും മാതൃപിതൃസ്വഭാവത്തെയും വേര്‍തിരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡോക്യുമെന്റ് ചൂണ്ടിക്കാട്ടുന്നു.
അതിലൂടെ, മനുഷ്യജീവനും മാതൃത്വവും പിതൃത്വവും ലൈംഗികതയും വേര്‍തിരിച്ചുകാണു മ്പോള്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതിലെ മഹനീയ പദ്ധതികളെ വെല്ലുവിളിക്കുകയാണ്. കുഞ്ഞുങ്ങളുടെ ജനനം വ്യക്തികളുടെയോ, ദമ്പതിമാരുടെയോ സംതൃപ്തിക്കുവേണ്ടി മാത്രമാണെന്ന് ആധുനികസമൂഹം വരുത്തിത്തീര്‍ക്കുകയാണ്. മറിച്ച്, 'കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനവും ക്രിസ്തു ഏറെയധികമായി സ്‌നേഹിക്കുന്നവരുമാണെ'ന്നും ഡോക്യുമെന്റ് ഉദ്‌ബോധിപ്പിച്ചു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നിരാശപ്പെട്ട് ജീവിക്കാനല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഡോക്യുമെന്റിന്റെ ആദ്യ ഖണ്ഡികതന്നെ. സ്ത്രീയും പുരുഷനും വിവാഹത്തില്‍ ഒരുമിക്കുന്നതിലൂടെ ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തപ്പെടുന്നുവെന്നും പരിശുദ്ധാത്മാവ് ആ ബന്ധത്തെ ഉറപ്പിച്ച് കൂടെനില്‍ക്കുന്നു എന്നും ആദ്യഭാഗം തന്നെ വ്യക്തമാക്കുന്നു. 'ദൈവം തന്റെ ഏകജാതനെ അയച്ചത് ഒരു കുടുംബത്തിലേക്കാണ്. ഒരു കൊട്ടാരത്തിലേക്കോ നഗരത്തിലേക്കോ അല്ല. ' കുടുംബത്തിന്റെ മഹനീയതയും ശ്രേഷ്ടതയും എടുത്തുകാട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് സഭയ്ക്ക് നല്‍കാനുളളത്.
270 മെത്രാന്മാരും 55 അല്മായരും വിദഗ്ധരുമടങ്ങിയ സിനഡ് മൂന്ന് ആഴ്ചയായി പരി.ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നേതൃത്വത്തില്‍ കുടുംബത്തിന് സഭയിലും സമൂഹത്തിലും നിര്‍വ്വഹിക്കുവാനുളള പങ്കിനെക്കുറിച്ച് വിലയിരുത്തി. സഹോദരി സഭകളില്‍ നിന്ന് 12 പ്രതിനിധികള്‍ സംബന്ധിച്ചു. ഇന്ത്യയില്‍ നിന്ന് മൂന്ന് കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെ എട്ട് മെത്രാന്മാരും മൂന്ന് അല്മായരും പങ്കെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുളള സഭാ പ്രതിനിധികള്‍ ഏറെ താല്പര്യത്തോടെയാണ് സിനഡിന്റെ എല്ലാ സെഷനുകളിലും സംബന്ധിച്ചത്. ഓരോരുത്തര്‍ക്കും മൂന്ന് മിനിറ്റ് വീതം സംസാരിക്കുവാന്‍ അവസരം ഔദ്യോഗികമായി ലഭിച്ചതു കൂടാതെ ഭാഷാടിസ്ഥാനത്തിലുളള 14 ഗ്രൂപ്പുകളിലായി അനേകം തവണ സംസാരിക്കുന്നതിന് സാധിച്ചു. ഭാരതത്തില്‍ നിന്നുളള സിനഡംഗങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്ന കുടുംബ സംവിധാനങ്ങളെക്കുറിച്ചും അതിനാധാരമായ ആത്മീയതയെക്കുറിച്ചുമാണ് പറഞ്ഞത്.