യേശു രോഗികളുടെ നാഥന്‍ - അല്‍ഭുതങ്ങള്‍
രോഗിയായ ഹെസക്കിയാ രാജാവ് പ്രാര്‍ത്ഥിച്ചു. രോഗം കര്‍ത്താവ് സുഖപ്പെടുത്തി.
ആ ദിവസങ്ങളില്‍ ഹെസക്കിയാ രോഗിയവുകയും മരണത്തോട് അടുക്കുകയും ചെയ്തു. ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു. കര്‍ത്താവ് അരുളി ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക. എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഹെസക്കിയാ ചുമരിന്റെ നേരെ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ ഞാന്‍ വിശ്വസ്തതയോടും പൂര്‍ണ്ണഹൃദയത്തോടും കൂടി അങ്ങയുടെ മുമ്പില്‍ വ്യാപരിച്ചുവെന്നും അങ്ങേക്കും പ്രതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം ഹെസക്കിയാ വേദനയോടെ കരഞ്ഞു. അപ്പോള്‍ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു. നിന്റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ നിന്റെ ആയുസ്സ് പതിനഞ്ചു വര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും(ഏശയ്യാ 38:1-5).
യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
മത്താ. 8:1-4 യേശു മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങി പറഞ്ഞു: "കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും". യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട് അരുളിചെയ്തു: "എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ". തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു.
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
കര്‍ത്താവു നിങ്ങളില്‍നിന്ന് എല്ലാ രോഗങ്ങളും മാറ്റിക്കളയും...(നിയമാ. 7:15)
അവന്‍ എല്ലാ രോഗികളേയും സുഖപ്പെടുത്തി
സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളേയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8:16).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ...രോഗയായ എന്നെ സുഖപ്പെടുത്തണമേ.
അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്ക് കാഴ്ചകൊടുക്കുകയും ചെയ്തു. അവന്‍ പറഞ്ഞു നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍ ( ലൂക്കാ. 7:21-23)
ശതാധിപന്റെ ഭൃത്യന്‍
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന് യാചിച്ചു. കര്‍ത്താവേ, എന്റെ ഭൃത്യന തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച് വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു. ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം (മത്തായി 8:5-7).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
പത്രോസ് അവനോടു പറഞ്ഞു : ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന്‍ എഴുന്നേറ്റു., ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കര്‍ത്താവിലേക്കു തിരിഞ്ഞു (അപ്പസ്‌തോ.9.34-35).
യേശു രോഗികളെ സുഖപ്പെടുത്തുന്നു
എല്ലാ രോഗികളേയും, വിവിധ വ്യാഥികളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരേയും അവര്‍ അവന്റെ അടുത്തകൊണ്ടു വന്നു. അവന്‍ അവരെ സുഖപ്പെടുത്തി (മത്തായി 4:24).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
ഞാന്‍ നിങ്ങളുടെ നാട്ടില്‍ സമാധാനം സ്ഥാപിക്കും. നിങ്ങള്‍ സൈ്വരമായി വസിക്കും.ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല.ഞാന്‍ നാട്ടില്‍നിന്നു ദുഷ്ട മൃഗങ്ങളെ ഓടിച്ചുകളയും. നിങ്ങളുടെ ദേശത്തുകൂടെ വാള്‍ കടന്നുപോകയില്ല (ലേവ്യര്‍ 26:6).
തളര്‍വാതരോഗി സുഖം പ്രാപിക്കുന്നു
..........അനന്തരം അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു. എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി(മത്തായി 9:6-8).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പാശാചുക്കളെ ബഹിഷ്‌ക്കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിതന്നെ കൊടുക്കുവിന്‍(മത്തായി 10:8).
അന്ധര്‍ക്കു കാഴച
യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍ ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ട അവനെ അനുഗമിച്ചു. അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര്‍ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു അവരുടെ കണ്ണുകള്‍ തുറന്നു....(മത്തായി 9:27-30).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയമേ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു (ലൂക്കാ 6:19).
ഊമനെ സുഖപ്പെടുത്തുന്നു.
അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അത്ഭുതപ്പെട്ടു പറഞ്ഞു. ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല (മത്തായി 9:32-33).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും.ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും.അവരുടെ വഴി സുഗമമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്.... (ജറെമിയ 31:9).
കൈ ശോഷിച്ചവനെ സുഖപ്പെടുത്തുന്നു.
യേശു അവിടെ നിന്നു യാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു..... അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. ഉടനെ അത് സുഖം പ്രാപിച്ച് മറ്റേ കൈ പോലെയായി (മത്തായി 12:9-13).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
അപ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിചെയ്തു.ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?(ജറെമിയ 32:26-27).
ഗനേസറത്തിലെ അത്ഭുതങ്ങള്‍
അവര്‍ കടല്‍കടന്ന് ഗനേസറത്തിലെത്തി. അവിടുത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളേയും അവന്റെ അടുത്തു കൊണ്ടുവന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു (മത്തായി 14:34-36).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
കര്‍ത്താവ് അരുളിചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും.... (ജറെമിയ 31:16).
അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു.
അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ, അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടു കടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു (മത്തായി 17:14-18).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
…രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനില്‍ ഉണ്ടായിരുന്നു (ലൂക്കാ 5:17)
ജറീക്കോയിലെ സൗഖ്യം
അവന്‍ ജറീക്കോയില്‍നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട് അന്ധന്മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു കര്‍ത്താവേ ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ... യേശു അവിടെ നിന്ന് അവരെ വിളിച്ചു ചോദിച്ചു. ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു "കര്‍ത്താവേ ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം". യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവര്‍ക്കു കാഴ്ച കിട്ടി (മത്തായി 20:29-34).
കര്‍ത്താവേ, ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ....രോഗിയായ എന്നെ സുഖപ്പെടുത്തണമേ.
അപ്പോള്‍ അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല (ഏശയ്യാ 35:5).
+++