സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മര്‍ക്കോസ് 10:6-9).
ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ (ഉല്‍പത്തി 1:28). നോഹയെയും പുത്രന്‍മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍ (ഉല്‍പത്തി 9:1).
നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക. അവള്‍ ചന്തമുള്ളൊരു മാന്‍പേട,സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്‌നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ. അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ (സുഭാഷിതങ്ങള്‍ 5:18-19).
ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ ഭാഗ്യവാന്‍; അതു കര്‍ത്താവിന്റെ അനുഗ്രഹമാണ് (സുഭാഷിതങ്ങള്‍ 18:22). വീടും സമ്പത്തും പിതാക്കന്‍മാരില്‍ നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെ കര്‍ത്താവിന്റെ ദാനമാണ് (സുഭാ 19:14).
രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും. അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാനാരുമില്ല. അവന്റെ കാര്യം കഷ്ടമാണ് (സഭാപ്രസംഗകന്‍ 4:9-10)
മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും (ഉല്‍പത്തി 2:22-24).
പുതുതായി വിവാഹം ചെയ്തപുരുഷനെ സൈനികസേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ നിയോഗിക്കരുത്. അവന്‍ ഒരു വര്‍ഷം വീട്ടില്‍ ഭാര്യയോടൊന്നിച്ച് സന്തോഷപൂര്‍വം വസിക്കട്ടെ (നിയമാവര്‍ത്തനം 24:5).
കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു (തോബിത് 8:7-8)