നശിച്ചുപോകേണ്ടിയിരുന്ന നമ്മെ രക്ഷിക്കുവാന്‍ ക്രൂശിനെ പുല്‍കിയ തന്റെ ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് കൈയില്‍ സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പുചങ്ങല അദ്ദേഹം പുറത്തെടുത്തു. തോളിലെ വസ്ത്രം മാറ്റി. ലോകം മുഴുവന്‍ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി വേദനകളേറ്റെടുക്കുവാന്‍ ഉറക്കെപറഞ്ഞുകൊണ്ട് ആ മനുഷ്യന്‍ സ്വയം പ്രഹരിക്കുവാന്‍ തുടങ്ങി. ദേഹം പൊട്ടി രക്തമൊഴുകാന്‍ തുടങ്ങിയിട്ടും അദ്ദേഹം പിന്മാറിയില്ല. ശരീരം വേദനിച്ചപ്പോള്‍ എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ലോകം നല്കുന്ന സുഖങ്ങള്‍ എറിഞ്ഞുകളയാന്‍ ഉച്ചത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു ആ പ്രസംഗകന്‍. ഭക്ഷണത്തിനും സ്ത്രീസുഖത്തിനും പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന അനേകര്‍ വലിയ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. അതുകണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു സന്യാസി അടുത്തുകണ്ട വടിയെടുത്ത് സ്വയം പ്രഹരിച്ചു. എന്നിട്ട് ഇപ്രകാരം നിലവിളിച്ചു. ഈ വിശുദ്ധനായ വൈദീകനല്ല പ്രഹരമേല്‍ക്കേണ്ടത്. പാപിയായ ഞാനാണ്. ഇങ്ങനെ പലരും തങ്ങള്‍ക്കാവുംവിധം പരിഹാര പ്രവര്‍ത്തികള്‍ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രസംഗകന്‍ തളര്‍ന്നുവീണു. മരിച്ചുപോയെന്ന് പലരും കരുതി. അവിടെവച്ചുതന്നെ അദ്ദേഹത്തിന് അന്ത്യകൂദാശ നല്‍കപ്പെട്ടു.

ഫ്രാന്‍സിസ്‌കന്‍ സന്യാസിയും മിഷനറിയുമായിരുന്ന ഫാ. ജൂണിപ്പെറോ സേറയുടെ മെക്‌സിക്കോയിലെ ഒരു ദൈവവചനപ്രസംഗവും അതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളും നേരില്‍കണ്ട അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ എഴുതിയിരിക്കുന്ന വരികളാണിവ. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ സെപ്തംബര്‍ 22 ന് അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍പ്പെടുകയാണ് അമേരിക്കയുടെ മിഷനറിയായിരുന്ന ഈ വ്യത്യസ്തനായ സന്യാസി ഫാ. ജൂണിപ്പെറോ സേറ.

ജൂണിപ്പെറോ സേറയുടെ ജീവിതം പഠിച്ചാല്‍ തികച്ചും വ്യത്യസ്തമായ ചില അനുഭവങ്ങളാവും നമുക്കുണ്ടാവുക. കാല്‍നടയായി ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് സുവിശേഷം പങ്കുവയ്ക്കാനും പൊട്ടിക്കീറിയ കാലുകളില്‍ വ്രണം ബാധിച്ചിട്ടും തളരാതെ അനേകരുടെ അടുക്കലെത്താനും ശ്രമിച്ച ഒരു മിഷനറി. അനേകര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി ചുറ്റിസഞ്ചരിച്ചതിനുശേഷവും മരണത്തിന് തൊട്ടുമുമ്പ് പ്രായാധിക്യം വകവയ്ക്കാതെ താന്‍ സഞ്ചരിച്ച ദേശങ്ങളിലൂടെയെല്ലാം പോയി ആറായിരത്തോളം പേര്‍ക്ക് സ്ഥൈര്യലേപനം നല്കിയ പുരോഹിതന്‍. ഈ യാത്രയില്‍ 600 മൈലുകള്‍ അദ്ദേഹം തുടര്‍ച്ചയായി നടന്നുവത്രേ. യാത്രാസൗകര്യങ്ങളുടെ പരിമിതികളെയും കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പിന്തള്ളി ഒരു ദേശത്തെ മുഴുവന്‍ ക്രിസ്തുജ്ഞാനത്താല്‍ നിറയ്ക്കാന്‍ ഉദ്യമിച്ച വാഗ്മി.

ജീവചരിത്രം
സ്‌പെയിനിലെ മജോര്‍ക്ക ദ്വീപില്‍ 1713 നവംബര്‍ 24ന് ജനനം. മിഗ്വേല്‍ ജൊസേ എന്നായിരുന്നു ജൂണിപ്പെറോയുടെ ജ്ഞാനസ്‌നാന നാമം. പതിനാറാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ചേര്‍ന്ന് സന്യാസിയായി. സന്യാസസഭയില്‍ വച്ച് ജൂണിപ്പെറോ എന്ന പുതിയ പേരു സ്വീകരിച്ചു. തത്വശാസ്ത്രത്തില്‍ ബിരുദം നേടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാരംഭിച്ചു. പ്രസംഗചാതുര്യവും അത്ഭുതകരമായ ജ്ഞാനവും അനേകം സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതിനിടയാക്കി. സഭാധികാരികളുടെ ആശീര്‍വാദത്തോടെ മുപ്പത്തിയാറാമത്തെ വയസ്സില്‍, 1749 ല്‍ അന്നത്തെ പുതിയ ലോകം എന്നറിയപ്പെട്ടിരുന്ന അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ഒരു മിഷനറിയായി യാത്ര. അക്കാലത്ത് പുതിയ രാജ്യങ്ങളിലേക്കും ദേശങ്ങളിലേക്കും മിഷനറിമാരായി പോകുക എന്നത് ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ ജീവിതരീതി തന്നെയായിരുന്നു. കടല്‍ കടന്നെത്തുമ്പോള്‍ കുറച്ചു ഫ്രാന്‍സിസ്‌കന്‍ സന്യാസികളും ജൂണിപ്പെറോയുടെ ഒപ്പമുണ്ടായിരുന്നു. ആദ്യം ജൂണിപ്പെറോയും കൂട്ടരും കുറച്ചുകാലം മെക്‌സിക്കോയില്‍ താമസിച്ചു. പിന്നീട് സേറ മാദ്രെ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സാന്‍ ലൂയിസ് പൊട്ടോസി സംസ്ഥാനത്ത് മിഷനറിപ്രവര്‍ത്തനം നടത്തി. ഈ സ്ഥലപ്പേരില്‍ നിന്നാണ് ജൂണിപ്പെറോ സേറ എന്ന പേരിന്റെ ഉത്ഭവം. ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം തിരികെ മെക്‌സിക്കോയിലെ സാന്‍ ഫെര്‍ണാണ്ടോ ആശ്രമത്തിലെത്തി ഏഴുവര്‍ഷം താമസിച്ചു. 1767 ല്‍ അമ്പത്തിനാലാമത്തെ വയസ്സില്‍ കാലിഫോര്‍ണിയയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കപ്പെട്ടു. 1769 ല്‍ സാന്‍ ഡിയേഗോയിലെത്തിയ ജൂണിപ്പെറേ, ഒരിക്കല്‍ മെക്‌സിക്കോയിലേക്ക് യാത്ര ചെയ്തതൊഴിച്ചാല്‍, ജീവിതം മുഴുവനും അവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചു.

പാലോ എന്ന കൂട്ടുകാരന്‍
ജൂണിപ്പെറോയുടെ ജീവചരിത്രവും ഏറെ ഹൃദയസ്പര്‍ശിയായ ജീവിതവിവരണങ്ങളും നമുക്ക് ലഭിക്കുന്നത് പാലോ എന്നു പേരുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ എഴുത്തുകളില്‍ നിന്നാണ്. മജോര്‍ക്കയില്‍ നിന്നുതന്നെയായിരുന്നു പാലോയും. കോളേജ് പഠനകാലംമുതല്‍ മരണക്കിടക്കയില്‍ അവസാനനിമിഷംവരെ പാലോ അദ്ദേഹത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്നു. മിഷന്‍പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. അന്ന് ജൂണിപ്പെറോയുടെ കൂടെ സഞ്ചരിച്ച പാലോ എഴുതിയ ജീവചരിത്രത്തില്‍ ധാരാളം ജീവിതാനുഭവങ്ങളും മിഷനറിമാരുടെ കരളലിയിക്കുന്ന ത്യാഗങ്ങളും കാണാം. ജൂണിപ്പെറോയുടെ മരണക്കിടയ്ക്കടുത്ത് പാലോ ഉണ്ടായിരുന്നു. കോളേജ് പഠനകാലം മുതല്‍ അവസാനനിമിഷം വരെ നാല്പതു വര്‍ഷം നീണ്ട ആത്മബന്ധം.

ജീവിതം എന്നാല്‍?
ചുരുങ്ങിയ വാക്കുകളില്‍ ജീവിതം എന്താണെന്ന് ജൂണിപ്പെറോ തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും വ്യക്തമാക്കിയിരുന്നു. നിത്യനാശം ഒരു വശത്തും നിത്യരക്ഷ മറുവശത്തുമായുള്ള ഒരു പരിശീലനയാത്രയാണ് ജീവിതം. ഭൂമിയില്‍ പറയത്തക്ക ആനന്ദം കൊടുക്കുന്നതായി യാതൊന്നുമില്ല. ആത്മാവ് ഒരിക്കലും സ്വന്തം ഗേഹമായി ഈ ലോകത്തെ കാണരുത്. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളെയും ജൂണിപ്പെറോ നിരാകരിച്ചു. നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ചുള്ള വേദനയാല്‍ പലപ്പോഴും ചിരിക്കാന്‍ മറന്നുപോയ മനുഷ്യന്‍. ആത്മകഥയില്‍ എഴുതിച്ചേര്‍ക്കാവുന്ന പ്രാധാന്യമുള്ള യാതൊരു സന്തോഷവും ജൂണിപ്പെറോയുടെ ജീവിതത്തിലുണ്ടായിരുന്നില്ല.  ലോകത്തില്‍ ആകര്‍ഷകമെന്ന് പലരും പറഞ്ഞുകേള്‍ക്കുന്നതൊന്നും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജൂണിപ്പേറോയുടെ യാത്രയില്‍ പ്രലോഭനങ്ങളായിരുന്നില്ല. അവയെക്കുറിച്ചൊന്നും സംസാരിക്കാന്‍ പോലും ഈ ഫ്രാന്‍സിസ്‌കന്‍ സന്യാസി ഇഷ്ടപ്പെട്ടില്ല. സന്തോഷത്തില്‍നിന്ന് ഓടിയൊളിക്കുക മാത്രമല്ല, വേദനയെ സ്‌നേഹിക്കാനും പരിഹാരപ്രവൃത്തികളെ അദമ്യമായി ആഗ്രഹിക്കാനും അദ്ദേഹം സമയം കണ്ടെത്തി. മാംസമോ, വീഞ്ഞോ ഭക്ഷണത്തിന്റെ കൂടെ ഉള്‍പ്പെടുത്തിയില്ല. രുചികരമായതൊന്നും കഴിച്ചിരുന്നില്ല. ഈ ലോകജീവിതത്തിന്റെ ആസ്വാദ്യത എന്തെന്ന് രുചിച്ചുനോക്കാന്‍പോലും നില്‍ക്കാതെ കടന്നുപോയ താപസനായിരുന്നു ജൂണിപ്പെറോ സേറ.

മിഷന്‍
ഒരിക്കല്‍ മെക്‌സിക്കോയിലെ ഹുആസ്‌തെക്ക പ്രദേശത്തുകൂടി മിഷനറിമാരൊടൊപ്പം സഞ്ചരിക്കുകയായിരുന്നു ജൂണിപ്പെറോ. ദൈവവചനം കേള്‍ക്കുവാന്‍ ഒരു ഗ്രാമത്തിലെ ആളുകളാരും തയ്യാറായില്ല. സകലരും മിഷനറിമാരെ ആട്ടിയോടിച്ചു. എന്നാല്‍ മിഷനറിമാര്‍ ആ പ്രദേശത്തുനിന്ന് കടന്നുപോയപ്പോള്‍ വലിയൊരു പകര്‍ച്ചവ്യാധി അവിടെ പടര്‍ന്നുപിടിച്ചു. ദൈവവചനത്തെ നിരാകരിച്ചവര്‍ക്കുള്ള ശിക്ഷയായി ജനങ്ങള്‍തന്നെ ഇതിനെ വ്യാഖ്യാനിച്ചു. അടുത്ത ഗ്രാമങ്ങളിലേക്കും ഈ വാര്‍ത്ത പരന്നു. അനേകര്‍ ദൈവവചനം കേള്‍ക്കുവാനായി ഓടിയെത്തിത്തുടങ്ങി. പിന്നീടുള്ള യാത്രകളില്‍ മിഷനറിമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇത്തരം പല സംഭവങ്ങളും പാലോയുടെ എഴുത്തുകളില്‍ കാണാം.

കാലിഫോര്‍ണിയയിലെ സ്പാനിഷ് മിഷനുകളുടെ സ്ഥാപകന്‍ ജൂണിപ്പെറോ സേറയാണ്. 21  സ്പാനിഷ് മിഷനുകള്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ജനങ്ങളെ പാപബോധത്തിലേക്ക് നയിക്കാന്‍ കല്ലുകൊണ്ട് ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചും, കത്തുന്ന തിരി സ്വന്തം മാറോട് ചേര്‍ത്ത് പൊള്ളലേല്‍പ്പിച്ചും അദ്ദേഹം അവരുടെ മുമ്പില്‍ സാക്ഷിയായി ശരീരത്തിന്റെ വാസനകളെ തെല്ലും വിലകൊടുക്കാതെ അവഗണിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിക്കുമായിരുന്നു. സ്പാനിഷ് ചരിത്രത്തില്‍, വെട്ടിപ്പിടിക്കാനുള്ള ത്വരയോടുകൂടി വന്ന പട്ടാളക്കാരുടെ പീഡനങ്ങളും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും പലപ്പോഴും ഇടകലര്‍ന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്ഭ പട്ടാളക്കാരുടെ പീഡനങ്ങളും മിഷനറിമാര്‍ ആഹ്വാനം ചെയ്ത പരിഹാരപ്രവൃത്തികളും ദൈവശാസ്ത്രമോ വിശ്വാസമോ പോലും ബലപ്പെടാത്ത, ആഴപ്പെടാത്ത ആ കാലഘട്ടത്തില്‍ വലിയ തെറ്റിദ്ധാരണകളുണ്ടാക്കി. പല ദുഷ്ടശക്തികളും ഇവയെ മുതലെടുക്കുകയും ചെയ്തു. സന്യാസത്തിന്റെ ആവൃത്തിക്കുള്ളില്‍ അനുഷ്ഠിക്കപ്പെടേണ്ട പരിഹാരങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിച്ചതിനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദൈവം അനുവദിക്കുന്നവയില്‍ നിന്നു മാറി സ്വയം അനുഭവിക്കുന്ന വേദനകള്‍ എത്രകണ്ട് ഒരു വ്യക്തിയുടെ ആത്മീയജീവിതത്തില്‍ അനുഗ്രഹപ്രദമാകും എന്നുള്ള ദൈവശാസ്ത്ര സംവാദങ്ങളും പിന്നീട് ചൂടുപിടിച്ചു. എന്നിരുന്നാലും സ്പാനിഷ് ജനതയുടെ സുഖലോലുപതയോടുള്ള ഭ്രമം, ഭക്ഷണക്കൊതി ഇതൊക്കെ മാറുവാന്‍ ശരീരത്തിലുള്ള പരിഹാരപ്രവൃത്തികള്‍ ആവശ്യമായിരുന്നെന്നും മനുഷ്യന്റെ പരിഹാരപ്രവൃത്തികള്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ രക്ഷാകരമാകുമെന്നും ദൈവശാസ്ത്രജ്ഞര്‍ ന്യായീകരിക്കുന്നു.

ദൈവം വഴിനടത്തിയ സംഭവങ്ങളെക്കുറിച്ച് പല രേഖകളിലും മിഷനറിമാര്‍ അനുസ്മരിക്കുന്നുണ്ട്. ഒരിക്കല്‍ ജൂണിപ്പെറോയും മിഷനറിമാരും തങ്ങളുടെ പകലന്തിയോളമുള്ള കഠിനാധ്വാനം കഴിഞ്ഞ് വിശ്രമിക്കാന്‍ സ്ഥലം കണ്ടെത്താതെ ഒരു തെരുവില്‍ കഴിയുകയായിരുന്നു. തെരുവില്‍ ഉറങ്ങാന്‍ ഒരുങ്ങവേ, അവരെ വൃദ്ധരായ രണ്ടു വ്യക്തികളെത്തി പരിചയപ്പെടുകയും തങ്ങളുടെ ഭവനത്തിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വളരെ ഹൃദ്യമായിരുന്നു അവരുടെ സ്വീകരണവും ഇടപെടലും. പിറ്റേദിവസം സുവിശേഷപ്രഘോഷണം കഴിഞ്ഞ് വീണ്ടും സന്യാസികള്‍ അവിടെയെത്തിയെങ്കിലും ഈ വീടോ ആ വ്യക്തികളോ അവിടെ ഉണ്ടായിരുന്നില്ല. ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു ഭവനമോ വീടോ ദമ്പതിമാരോ അവിടെ ഇല്ലെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തി.  ഈ അനുഭവം സന്യാസികളുടെ ജീവിതത്തിലുണ്ടായ വളരെ വലിയൊരു അത്ഭുതമായിരുന്നു. കാരണം, തങ്ങള്‍ തലേദിവസം കിടന്നുറങ്ങിയ സ്ഥലത്ത് ഒരു വീടുണ്ടായിരുന്നതിന്റെ ലക്ഷണം പോലും സന്യാസികളിലാര്‍ക്കും കണ്ടെത്താനായില്ലത്രേ.

ജീവിതസായാഹ്നം
യാത്രാവിഷമങ്ങള്‍ കൂടാതെ, ഏതോ വിഷമുള്ള ജീവി കടിച്ചതിന്റെ ഭാഗമായി കാലില്‍ വലിയൊരു വ്രണവും പേറിയായിരുന്നു ജൂണിപ്പേറോയുടെ ജീവിതത്തിലെ ഭൂരിഭാഗവുമുള്ള യാത്രകള്‍. രാഷ്ട്രീയം ലക്ഷ്യമിട്ട അനേകരുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ ദുഃഷ്‌കരമാക്കുകയും ചെയ്തു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലേക്ക് മിഷനറി പ്രവര്‍ത്തനവുമായി വന്നപ്പോള്‍ തദ്ദേശിയരായ ജനങ്ങളുടെ ജീവിതരീതികളെ മാനിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നിരുന്നാലും പള്ളിയും, പരിസരവും തെരുവുകളും വൃത്തിയാക്കുവാന്‍ സ്വയം ഇറങ്ങിത്തിരിച്ച ഒരു മിഷനറിയായിരുന്നു ജൂണിപ്പെറോ. സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായിത്തന്നെ തെരുവിലെ മാലിന്യങ്ങള്‍ നീക്കുന്ന ജോലിയിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. മാത്രമല്ല, സ്പാനിഷ് മിഷനറിമാര്‍ എത്തിയതിനുശേഷം 150 വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ലക്ഷത്തോളം പള്ളികളെങ്കിലും പതിയ ലോകം എന്നു വിളിക്കപ്പെട്ടിരുന്ന അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നതും  ഒരു വസ്തുതയാണ്. കാലിഫോര്‍ണിയയിലെ ഇന്ന് പേരുകേട്ട പല നഗരങ്ങളും സ്പാനിഷ് മിഷന്റെ ബാക്കിപത്രമാണ്.

ഒരു മിഷനറി എന്നതിനേക്കാള്‍ ഉപരിയായി, നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്നതിനും ജനങ്ങള്‍ക്ക് രണ്ടുപക്ഷമുണ്ടയിരുന്നില്ല. മൊന്തേരിക്കടുത്ത് കാര്‍മ്മലിലെ അദ്ദേഹംതന്നെ സ്ഥാപിച്ച സാന്‍ കാര്‍ലോസ് ബൊറേമിയോ മിഷനില്‍ വച്ച് 1784 ഓഗസ്റ്റ് 1 ന് തന്റെ നിത്യസമ്മാനം വാങ്ങുവാനായി ജുണിപ്പെറോ യാത്രയായി. എഴുപത്തിയേഴ് വയസ്സായിരുന്നു. ജൂണിപ്പെറോയുടെ മരണസമയത്ത് അനേകര്‍ ആ കല്ലറ സന്ദര്‍ശിക്കാനെത്തി. പലരും കണ്ണീര്‍പൊഴിക്കുകയായിരുന്നു. അവര്‍ക്ക് അദ്ദേഹം ചെയ്ത നന്മന്മകളോര്‍ത്ത്. മറ്റു പലരും പതിയെ പറഞ്ഞു. അദ്ദേഹം ഒരു വിശുദ്ധനാകും. കാരണം അത്തരമൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിക്കുന്ന രക്തസാക്ഷിയിത്തീര്‍ന്ന വൈദീകനായിരുന്നു ഫാ. ജൂണിപ്പെറോ. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകന്‍ പ്രൊഫസര്‍ റൂബന്‍ മെന്‍ഡോസ പറയുന്നു.

1988 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ജൂണിപ്പെറോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. കഴിഞ്ഞ ജനുവരി മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ 'പടിഞ്ഞാറിന്റെ സുവിശേഷകന്‍' എന്ന ബഹുമതിയോടെയാണ് അഭിസംബോധന ചെയ്തത്.

ആത്മാക്കളെ തരിക...എന്റെ സര്‍വ്വവും എടുത്തുകൊള്‍ക

വിശുദ്ധരുടെ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ദൈവമേ കൃപ തരണേ.