ആഫ്രിക്കയുടെ ഹൃദയത്തിലൂടെയും ആഫ്രിക്കയെ ഹൃദയത്തിലേറ്റിയും ജീവിച്ച വ്യക്തി. സഭയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മിഷനറിമാരിലൊരാളും മധ്യാഫ്രിക്കയിലെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പും. അതെ, വിശുദ്ധ ഡീനിയേല്‍ കോംബോനി അതെല്ലാമായിരുന്നു. ആഫ്രിക്ക അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം അത്രമാത്രം പ്രേക്ഷിതതീക്ഷ്ണതയാല്‍ ജ്വലിച്ചുനിന്നിരുന്ന മിഷനറിയായിരുന്നു വിശുദ്ധ കോംബോനി.
ലൂജി ദൊമനിക്ക ദമ്പതികളുടെ മകനായി ഇറ്റലിയിലെ ലിമോണ്‍ സുഗാര്‍ഡയില്‍ 1831 മാര്‍ച്ച് 15 നായിരുന്നു ജനനം. മാതാപിതാക്കളുടെ ഓമനപുത്രനായിരുന്ന അവന്‍. കാരണം എട്ടുമക്കളില്‍ ആയുസെത്തിച്ചത് ഡാനിയേല്‍ മാത്രമായിരുന്നു. ദരിദ്രരായിരുന്നുവെങ്കിലും മകനെ മൂല്യങ്ങളിലും വിശ്വാസത്തിലുമാണ് മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. വീട്ടിലെ ദാരിദ്ര്യാവസ്ഥയാണ് വെറോനയിലെ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം ചെയ്യാന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഫാദര്‍ നിക്കോളമാസാ സ്ഥാപിച്ച സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഈ ജീവിതകാലത്താണ് പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി ഡാനിയേല്‍ തിരിച്ചറിഞ്ഞത്. മാസാ ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ മിഷനറിമാരില്‍നിന്നാണ് മധ്യാഫ്രിക്കയിലെ മിഷന്‍ ലോകത്തെക്കുറിച്ച് കോംബാനി മനസ്സിലാക്കുന്നത്. 1854 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം മറ്റ് അഞ്ച് മിഷനറിമാരൊത്ത് ആഫ്രിക്കയിലേക്ക് യാത്രതിരിച്ചു. അമ്മയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ. 'പോകൂ മകനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.' അമ്മ യാത്രവേളയില്‍ അവസാനമായി മകനോട് പറഞ്ഞത് അതായിരുന്നു.
നാലുമാസത്തെ യാത്രയ്ക്കുശേഷം സുഡാന്റെ തലസ്ഥാനമായ ഹാര്‍ട്ടോമില്‍ കോംബാനി എത്തി. ആദ്യമാത്രയില്‍തന്നെ ഇവിടെയുള്ള തന്റെ ദൗത്യം ഏറ്റവും പ്രയാസകരമായിരിക്കുമെന്ന് കോംബാനിക്ക് മനസ്സിലായി. പ്രതികൂലമായ കാലാവസ്ഥ , കഠിനജോലികള്‍, രോഗം, ഒപ്പമുള്ള മിഷനറിമാരുടെ മരണം ഇതെല്ലാം ഡാനിയേലിന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളായിരുന്നു. പക്ഷേ, അവയ്‌ക്കൊന്നും അദ്ദേഹത്തിന്റെ മിഷന്‍ തീക്ഷ്ണത നശിപ്പിക്കാനായില്ല. അതിനെക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് അമ്മയ്‌ക്കെഴുതി. ഞങ്ങള്‍ക്ക് ഇവിടെ ഏറെ വിയര്‍പ്പൊഴുക്കുവാനുണ്ട്. ഈ ഓരോ തുള്ളിയും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി മരിക്കുവാനും അനേകം ആത്മാക്കളെ പാപത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുവാനും ആയി ഞങ്ങള്‍ ഉപയോഗിക്കുന്നു. ആഫ്രിക്കയെ ആഫ്രിക്കയിലൂടെ രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1864 ല്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതനായിക്കഴിയുമ്പോഴാണ് ആഫ്രിക്കയുടെ പുനര്‍ജന്മം എന്ന പ്രശസ്തമായ പദ്ധതിയെക്കുറിച്ചുള്ള ആദ്യ പ്രചോദനം അദ്ദേഹത്തിന് ഉണ്ടാകുന്നത്. നേരിടേണ്ടിവന്ന പ്രാതികൂല്യങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും മുമ്പില്‍ അടിപതറാതെ നില്‍ക്കാന്‍ ഡാനിയേല്‍ കോംബോനിക്ക് സാധിച്ചതും തന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യം കൊണ്ടുതന്നെയായിരുന്നു. മധ്യാഫ്രിക്കയുടെ വികസനത്തിനായി പല യൂറോപ്യന്‍ രാജ്യങ്ങളിലും അദ്ദേഹം ചുറ്റിസഞ്ചരിച്ചു. ആധ്യാത്മികവും ഭൗതികവുമായ സഹായങ്ങള്‍ അവിടെനിന്ന് ആഫ്രിക്കയ്ക്ക് വേണ്ടി അദ്ദേഹം യാചിച്ചു. രാജാക്കന്മാര്‍, രാജ്ഞിമാര്‍, ബിഷപ്പുമാര്‍, പ്രഭുക്കള്‍, സാധാരണക്കാര്‍ എന്നിവരില്‍നിന്നെല്ലാം കോംബോനി സഹായം കൈപ്പറ്റി. മിഷന്‍ പ്രചാരണത്തിന് ഏറെ സഹായകമാകുമെന്ന പ്രതീക്ഷയില്‍ ഇറ്റലിയില്‍നിന്ന് അദ്ദഹേം ആദ്യത്തെ മിഷനറി മാസിക ആരംഭിച്ചു.
ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ആഫ്രിക്കയോടുള്ള സ്‌നേഹവും കൈമുതലാക്കി മിഷന്‍ ദൗത്യങ്ങള്‍ക്കായി 1867 ലും 1872 ലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് മിഷനറി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ അദ്ദേഹം ആരംഭിച്ചു. കോംബോനി മിഷനറീസ്, കോംബോനി മിഷനറി സിസ്റ്റേഴ്‌സ് എന്നീ പേരുകളില്‍ പില്‍ക്കാലത്ത് അവ ലോകവ്യാപകമായി അറിയപ്പെട്ടു. 1877 ജൂലൈ രണ്ടിന് മധ്യാഫ്രിക്കയുടെ വികാര്‍ അപ്പസ്‌തോലിക് ആയും ഒരു മാസത്തിന് ശേഷം ബിഷപ്പായും ദാനിയേല്‍ അവരോധിതനായി. ആദ്യ വത്തിക്കാന്‍ കൗണ്‍സിലിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അവിടെ വച്ച് മധ്യാഫ്രിക്കയിലെ സുവിശേഷ പ്രചാരണത്തിനായി എഴുപതോളം ബിഷപ്പുമാര്‍ ഒപ്പിട്ടു ഒരു നിവേദനം നല്‍കുകയുണ്ടായി.
ബിഷപ്പ് ഡാനിയേല്‍ കോംബോനിയുടെ 1880 ലെ എട്ടാമത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ അവസാനസന്ദര്‍ശനംകൂടിയായി മാറി. അടിമവ്യാപാരത്തിനെതിരെയുള്ള തന്റെ സമരം ആ സമയത്ത് കോംബോനി തുടര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം കഠിനമായ ജോലിയെതുടര്‍ന്ന് കോംബോനിയുടെ ആരോഗ്യനില വഷളായി. 1881 ഒക്‌ടോബര്‍ 10 ന് അമ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. സ്‌നേഹസമ്പന്നയും വിശ്വസ്തയുമായ ഒരു വധു തന്റെ കാന്തനെ വിട്ടുപിരിയാന്‍ വിമുഖയാകുന്നതുപോലെ തന്നെ സ്‌നേഹിച്ച ജനങ്ങള്‍ക്കുവേണ്ടി ജീവിച്ചും പ്രവര്‍ത്തിച്ചും മതിയാവാതെയായിരുന്നു കുരിശാല്‍ അടയാളപ്പെടുത്തിയ ആ ജീവിതത്തിന്റെ അന്ത്യം. 'ഞാന്‍ മരിക്കുകയാണ്... എന്നാല്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും മരണമില്ല.' അദ്ദേഹത്തിന്റെ അവസാനവാക്കുകളായിരുന്നു അത്.സത്യമായിരുന്നു കോംബോനിയുടെ വാക്കുകള്‍. കോംബോനി തെളിയിച്ചുകൊടുത്ത പാതയിലൂടെ ഇന്ന് അനേകം യുവജനങ്ങള്‍ ആഫ്രിക്കയുടെ മണ്ണില്‍ ദൈവസ്‌നേഹത്താല്‍ പ്രേരിതരായി സേവനം ചെയ്യുന്നു.
1995 ഏപ്രില്‍ ആറ് ഫാ.ഡാനിയേല്‍ കോംബോനിയുടെ മാധ്യസ്ഥത്താല്‍ ഒരു ആഫ്രോ ബ്രസീലിയന്‍ പെണ്‍കുട്ടിക്കുണ്ടായ അത്ഭുതകരമായ രോഗസൗഖ്യം അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും 2003 ഡിസംബര്‍ 20ന് സുഡാനിലെ ഒരു മുസ്ലിം വനിതയ്ക്കുണ്ടായ രോഗസൗഖ്യം അദ്ദേഹത്തെ വിശുദ്ധനുമായി പ്രഖ്യാപിക്കുന്നതിന് ഇടയായി. 2003 ഒക്‌ടോബര്‍ അഞ്ചിന് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍വച്ചായിരുന്നു വിശുദ്ധ പദവി പ്രഖ്യാപനം.
വിശുദ്ധ ഡാനിയേല്‍ കോംബോനി, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…