വിശുദ്ധ കൊച്ചുത്രേസ്യാ, മരിയാ ഗൊരേത്തി, ഡോണ്‍ ബോസ്‌ക്കോ, ചാവറയച്ചന്‍, അല്‍ഫോന്‍സാമ്മ... വിശുദ്ധരാകാന്‍ വേണ്ടിമാത്രം ജനിച്ചതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വിശുദ്ധര്‍. മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ജീവിതത്തിന്റെ ഒരു ഘട്ടത്തിലും താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നുവരെ ചാവറയച്ചന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്രകാരമല്ലാത്ത വിശുദ്ധരും കത്തോലിക്കാസഭയിലുണ്ട്. ജീവിതത്തിന്റെ എല്ലാ ആസക്തികളിലൂടെയും കടന്നുപോയി മലിനമാക്കപ്പെട്ടതെന്ന് കരതുന്ന ജീവിതങ്ങള്‍. അങ്ങനെയെഴുതുമ്പോള്‍ ആദ്യം ഓര്‍ക്കുക സഭാ പണ്ഡിതനായ വിശുദ്ധ ആഗസ്തിനോസിനെ തന്നെയായിരിക്കും. യൗവന ജീവിതത്തെ അതിന്റെ എല്ലാ പാപങ്ങളിലൂടെയും കടത്തിക്കൊണ്ടുപോയി ഒടുവില്‍ പാപവഴികളെ ഉപേക്ഷിച്ച് പുണ്യത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ ആള്‍, അതായിരുന്നു ആഗസ്തിനോസ്. എന്നാല്‍ അതുപോലെ വേറെയും ചില വിശുദ്ധരുണ്ട്. അവരിലൊരാളാണ് എത്യോപ്യയിലെ വിശുദ്ധ മോസസ്. 330-405 ആണ് ജീവിതകാലം.
അക്രമാസക്തനും കൊള്ളക്കാരനുമായിരുന്നു മോസസ്. 75 പേരടങ്ങിയ കൊള്ളസംഘത്തിന്റെ നേതാവുമായിരുന്നു അദ്ദേഹം. ഈജിപ്തിലെ മരുഭൂമി കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവൃത്തികള്‍. ഈ സംഘത്തിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ സ്ഥലത്തെ ഗവര്‍ണ്ണര്‍ ഇവരെ ഉന്മൂലനം ചെയ്യാനായി ഒരു സംഘത്തെ നിയോഗിച്ചു ആ വേട്ടയാടലില്‍ ശത്രുക്കളില്‍നിന്ന് ജീവനുംകൊണ്ട് പാലായനം ചെയ്ത മോസസ് എത്തിച്ചേര്‍ന്നത് ഒരു സന്ന്യാസാശ്രമത്തിലാണ്. അപകടഘട്ടം കഴിയുന്നവരെ അവിടെ രഹസ്യമായി ജീവിക്കാമെന്ന് മോസസ് കരുതി. സന്യാസികള്‍ മോസസിനെ വിശിഷ്ടനായ ഒരു അതിഥിയെ എന്നപോലെയാണ് സല്‍ക്കരിച്ചത്. അവര്‍അദ്ദേഹത്തെ അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചുമില്ല.
ആ പുണ്യ ജീവിതങ്ങളുടെ വിശുദ്ധി പതുക്കെ പതുക്കെ മോസസിനെയും സ്വാധീനിച്ചുതുടങ്ങി. കൊള്ളക്കാരനും പിടിച്ചുപറിക്കാരനും കൊലപാതകിയുമായ പഴയകാലജീവിതത്തിലേക്ക് തിരികെ പോകാന്‍ മോസസിന് അതോടെ കഴിയാതെയായി. നന്മവഴിയിലേക്കുള്ള സഞ്ചാരം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ആചാര്യനായ വിശുദ്ധ ഇസിദോര്‍ മോസസിനെ നേര്‍വഴിക്ക് നയിച്ചു. തന്റെ പാപപ്രവണതകളെ കീഴടക്കാന്‍ അതോടെ മോസസിന് സാധിച്ചു. ഒരു വിശുദ്ധന്‍ അവിടെ ജനിക്കുകയായിരുന്നു. വിശുദ്ധരായി നാം വണങ്ങുന്ന പല വ്യക്തിത്വങ്ങളും ഇങ്ങനെയൊക്കെയല്ലായിരുന്നുവെന്ന് തിരിച്ചറിവുകൂടിയുണ്ടാകുന്നത് നമ്മുടെ ബലഹീനമായ പ്രകൃതിയെ ഉരുക്കിയെടുക്കാന്‍ നമുക്ക് പ്രേരണ നല്‍കുകയും ചെയ്യും.
വിശുദ്ധ മോസസ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…