1842 ഏപ്രില്‍ മാസം രണ്ടാം തിയതി ഇറ്റലിയിലെ കിയേത്തി എന്ന സ്ഥലത്തിനടുത്ത് വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഡോമിനിക് സാവിയോയുടെ ജനനം. യുവജനതയുടെ മഹനീയമാതൃകയാണ് വിശുദ്ധ ഡോമിനിക് സാവിയോ.ചെറുപ്രായത്തില്‍ തന്നെ അവന്റെ മാതാപിതാക്കളും ബന്ധുക്കളും വിശുദ്ധിയുടെ കിരണങ്ങള്‍ അവനില്‍ ദര്‍ശിച്ചിരുന്നു. അവന്റെ കുടുംബം വളരെ ഭക്തിതീഷ്ണതയുള്ളതായിരുന്നു. എല്ലാ ദിവസവും ജപമാല ചൊല്ലുകയും ദിവ്യബലിയില്‍ സംബന്ധിക്കുകയും മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്തിരുന്ന ഒരു കുടുംബം. വളര്‍ന്നുവന്ന ഈ വിശുദ്ധമായ സാഹചര്യം അവനില്‍ പുണ്യത്തിന്റെ വിത്തുകള്‍ പാകി. ഡോമിനിക്കിന്റെ പിതാവ് ഒരു കൊല്ലപ്പണിക്കാരനായിരുന്നു. എത്രയേറെ ജോലിത്തിരക്കുണ്ടെങ്കിലും ഡോമിനിക്കിനെയും കൂട്ടി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു. പ്രാര്‍ത്ഥനയുടെ ഈ ഭവനമാണ് ലോകത്തിന് വലിയൊരു വിശുദ്ധനെ പ്രദാനം ചെയ്തത്.
ഒരിക്കല്‍ ഭക്ഷണത്തിനുമുന്‍പ് ഡോമിനിക്കിന്റെ പിതാവ് പ്രാര്‍ത്ഥിക്കുവാന്‍ മറന്നു. അവന്‍ ഓടിച്ചെന്ന് തന്റെ പിതാവിനോട് ചോദിച്ചു. പപ്പാ, എങ്ങനെയാണ് നമ്മുടെ ഭക്ഷണം ദൈവം ആശീര്‍വദിക്കാതെ നാമത് കഴിക്കുന്നത്? എല്ലാവരും തികഞ്ഞ ബോധ്യത്തോടെ പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷമാണ് ഭക്ഷണമാരംഭിച്ചത്. മറ്റൊരിക്കല്‍ ഒരതിഥി അവരുടെ വീട്ടില്‍ ഭക്ഷണത്തിനുണ്ടായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് മുന്‍പേ ഭക്ഷണം കഴിക്കുവാന്‍ തുടങ്ങിയപ്പോള്‍ കൊച്ചു ഡോമിനിക് വേദനയോടെ ഭക്ഷണമേശയില്‍ നിന്നെഴുന്നേറ്റു പോയി. എന്താണ് കാരണമെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥന ചൊല്ലാതെ മൃഗങ്ങളെപ്പോലെ ഭക്ഷണം കഴിക്കുന്ന ഒരാളോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ എനിക്ക് വിഷമമാണ് എന്നായിരുന്നു അവന്റെ മറുപടി. ദൈവവുമായി ആഴമായ ബന്ധമാണ് ഡോമിനിക്കിനുണ്ടായിരുന്നത്. താന്‍ വിശ്വസിച്ചതെല്ലാം ജീവിക്കുവാന്‍ അവന്‍ തയ്യാറായി.ഏഴാമത്തെ വയസ്സില്‍ വിശ്വാസസംബന്ധമായ സകല കാര്യങ്ങളും വളരെ വ്യക്തമായി അവന്‍ പഠിച്ചിരുന്നതിനാല്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുള്ള പ്രത്യേക അനുമതി ലഭിച്ചു. ആദ്യകുര്‍ബാന സ്വീകരണസമയത്തിനു മുന്‍പ് അവന്‍ ഓടി തന്റെ അമ്മയുടെ അടുക്കലെത്തി.
അടുക്കളയിലായിരുന്ന അമ്മയുടെ മുന്‍പില്‍ മുട്ടുകുത്തി ഇപ്രകാരം അപേക്ഷിച്ചു. 'ഞാനെന്തെങ്കിലും തെറ്റ് അമ്മയോട് ചെയ്തിട്ടുണ്ടെങ്കില്‍, എന്നോട് ക്ഷമിക്കണം. ആദ്യകുര്‍ബാന സ്വീകരണത്തിലൂടെ ഈശോയെ എന്നിലേക്ക് സ്വീകരിക്കുന്നതിന് മുന്‍പ് എല്ലാ പാപങ്ങളില്‍ നിന്നും എനിക്ക് മോചനം നേടണം.' അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിയിറങ്ങി. കാരണം അവന്‍ തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും ഈ കൊച്ചുഹൃദയം ഇത്രമേല്‍ വിശുദ്ധമാണല്ലോ എന്നോര്‍ത്ത് അമ്മ അഭിമാനം കൊണ്ടു. വിശുദ്ധ ബലിക്ക് വളരെ നേരത്തെ ദേവാലയത്തിലെത്തുന്ന ഡോമിനിക്ക് വാതിലുകള്‍ തുറക്കുന്നതിനു മുന്‍പേ പുറത്ത് വഴിയില്‍ മുട്ടുകുത്തി തന്റെ പ്രാര്‍ത്ഥനകള്‍ എത്തിക്കുമായിരുന്നു. മറ്റൊരു കാര്യം ഡോമിനിക്ക് സാവിയോയുടെ അള്‍ത്താരബാലനാകുവാനുള്ള കൊതിയായിരുന്നു. സംസാരിക്കുവാന്‍ തുടങ്ങിയ നാള്‍ മുതല്‍ തനിക്കൊരു അള്‍ത്താരബാലനാകണമെന്ന ആഗ്രഹം അവന്‍ മാതാപിതാക്കളുടെ മുന്‍പില്‍ അവതരിപ്പിച്ചു തുടങ്ങിയതാണ്. വൈദികനെ വിശുദ്ധ ബലിയില്‍ സഹായിക്കുന്ന നിമിഷങ്ങളില്‍ അവന്‍ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുമായിരുന്നു. അവന്റെ ദിവ്യകാരുണ്യനാഥനും അവനും മാത്രമുള്ളൊരു ലോകം. വിശുദ്ധ ബലിമദ്ധ്യേ ഹൃദയം ഉള്ളില്‍ നിന്ന് അടര്‍ന്നു പോകുന്ന അനുഭവമാണ് തനിക്കുണ്ടായിരുന്നതെന്ന് ഡോമിനിക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വര്‍ഗം ദര്‍ശിക്കുന്നതു പോലെയായിരുന്നു അവന് ദിവ്യബലി. ഭയഭക്തി ആദരവോടെയുള്ള അവന്റെ അള്‍ത്താര ശുശ്രൂഷ ഏവര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു.
അള്‍ത്താരബാലനാകുവാന്‍ മറ്റ് കുട്ടികള്‍ തിരക്കിടുമ്പോള്‍ നിശബ്ദനായി അവന്‍ മാറിനില്‍ക്കുമായിരുന്നു. കണ്ണുകള്‍ തുറന്ന് അള്‍ത്താരയിലേക്ക് നോക്കി തന്റെ ദിവ്യനാഥന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്. ഡോമിനിക്കിനെ ഇടവകവികാരി ശ്രദ്ധിക്കുവാന്‍ തുടങ്ങി. ദേവാലയം തുറക്കുന്നതിന് മുന്‍പ് റോഡില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുകയും അതീവഭക്തിയോടെ ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഈ കൊച്ചുമിടുക്കന്‍ ഭാവിയില്‍ ഒരു വിശുദ്ധനാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ദിവ്യബലിക്കു ശേഷവും ഈശോയെ ഉള്‍ക്കൊണ്ടതിന്റെ സന്തോഷത്തില്‍ മണിക്കൂറുകളോളം അവന്‍ ദേവാലയത്തില്‍ ചിലവഴിക്കുമായിരുന്നു. ഈ വികാരിയച്ചനാണ് വളരെ പ്രത്യേകതകളുള്ള ഡോമിനിക്ക് സാവിയോയെക്കുറിച്ച് ഡോണ്‍ ബോസ്‌കോയോട് സംസാരിക്കുന്നത്. ഡോണ്‍ ബോസ്‌കോ പറഞ്ഞു :അവനെ എന്റെ അടുക്കല്‍ കൊണ്ടുവരിക. എനിക്കവനെ ഒന്നു കാണണം. വികാരിയച്ചന്‍ പെട്ടെന്ന് ഡോമിനിക്കിനോടും അവന്റെ പിതാവിനോടും ഡോണ്‍ ബോസ്‌കോയെ കാണണമെന്ന് അറിയിച്ചു. ഡോണ്‍ ബോസ്‌കോയെ കണ്ടപ്പോള്‍ ഡോമിനിക് പറഞ്ഞു എനിക്ക് ഈശോയെക്കുറിച്ച് കൂടുതല്‍ അറിയണം. അവിടത്തോട് എനിക്ക് കൂടുതല്‍ അടുക്കണം. അതിനുള്ള വഴികള്‍ അങ്ങെനിക്ക് പറഞ്ഞു തരുമോ. ഡോണ്‍ ബോസ്‌കോ ഒരു പേജുള്ള വിശ്വാസസംബന്ധമായ ചില കാര്യങ്ങള്‍ എഴുതി അവന് സമ്മാനിച്ചുകൊണ്ട് പറഞ്ഞു ' വീട്ടില്‍ പോയി ഇത് മനസിരുത്തി വായിക്കുക. നാളെ വന്ന് നിനക്കെന്താണ് ഇതില്‍നിന്ന് മനസിലായതെന്ന് എന്നോട് പറയുക. ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ നിന്നെ എന്നോടൊപ്പം കൊണ്ടുപോകാം.'
പിന്നീട് ഡോണ്‍ ബോസ്‌കോ അവന്റെ പിതാവിനോട് സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ ഡോമിനിക്ക് അല്‍പം മാറിനിന്ന് ആ പേപ്പര്‍ വായിച്ചു. കുറച്ചു കഴിഞ്ഞ് തിരികെ വന്ന് ആ ഭാഗം കാണാതെ പഠിച്ചത് ചൊല്ലിക്കേള്‍പ്പിക്കുകയും അതിന്റെ അര്‍ത്ഥം മനോഹരമായി വിവരിക്കുകയും ചെയ്തു. അദ്ഭുതപ്പെട്ടുപോയ ഡോണ്‍ ബോസ്‌കോ പറഞ്ഞു 'നാളെ നീ എന്നോടൊപ്പം പോരുക.' വീട്ടില്‍ നിന്ന് വിടപറയുക അത്ര എളുപ്പമുള്ള കാര്യമയിരുന്നില്ല. ഇരുപതോളം കിലോമീറ്ററുകള്‍ അകലെ ടൊറീനോയിലായിരുന്നു ഡോണ്‍ ബോസ്‌കോയുടെ ഭവനം. അവന്റെ മാതാപിതാക്കള്‍ക്ക് വളരെ വേദന നല്‍കിയ കാര്യമായിരുന്നു ഈ വേര്‍പാട്. എങ്കിലും ഡോമിനിക്കിന്റെ വാക്കുകള്‍ അവരെ ആശ്വസിപ്പിച്ചു. അവന്‍ പറഞ്ഞു 'അമ്മേ ഞാന്‍ കരയുന്നില്ല. കാരണം എന്റെ ഈശോയുടെ അടുക്കലേക്കാണല്ലോ ഞാന്‍ പോകുന്നത്.' വിശുദ്ധരാണ് വിശുദ്ധര്‍ക്ക് ജന്മം നല്‍കുന്നത് എന്നത് എത്രയോ സത്യമാണ്. മൊറിയാള്‍ഡോയില്‍ നിന്ന് ഡോമിനിക്ക് പോയതിനു ശേഷം അവന്റെ മാതാപിതാക്കളും അവിടെ നിന്ന് മുണ്ടോഞ്ഞോ എന്നു പേരുള്ള ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ മരണസമയത്ത് ഡോമിനിക്ക് അവിടെയായിരുന്നു.
1854 ഒക്‌ടോബര്‍ മാസത്തില്‍ ടൂറിനിലെ ഫ്രാന്‍സിസ് സാലസിന്റെ ഓറട്ടറിയില്‍ ഡോമിനിക്കും പഠനത്തിനായി ചേര്‍ന്നു. മുറിവേറ്റ യുവജനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവരും സമൂഹത്തില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നവരും അനാഥരുമടങ്ങുന്ന വലിയൊരു സമൂഹം. ഒരിക്കല്‍ രണ്ടു കുട്ടികള്‍ വഴക്കടിക്കുകയായിരുന്നു. പരസ്പരം കല്ലെറിയാന്‍ തയ്യാറെടുക്കുന്ന അവരുടെ മുന്‍പിലേക്ക് തന്റെ കഴുത്തിലണിഞ്ഞ ക്രൂശിതരൂപവുമായി ഡോമിനിക്ക് ഓടിയെത്തി. ഇതിലേക്ക് നോക്കൂ,നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് അവിടുന്ന് ബലിയായത്. വീണ്ടും നാം പാപം ചെയ്യുമ്പോള്‍ അവിടുന്ന് അതിയായി വേദനിക്കുന്നു. ഇനി കല്ലെറിയണമെങ്കില്‍ അതെനിക്ക് നേരെയാവാം. വഴക്ക് അവിടം കൊണ്ടവസാനിക്കുമല്ലോ. പെട്ടെന്ന് അവര്‍ ശാന്തരായി. ഡോമിനിക്ക് അവരുടെ സുഹൃത്തായിരുന്നതിനാല്‍ കല്ലെറിയാന്‍ അവര്‍ മടിച്ചു. ഒരു കുട്ടി പറഞ്ഞു. എനിക്ക് നിന്നോട് വിഷമമൊന്നുമില്ലല്ലോ. മാത്രവുമല്ല നിന്നെ ആരെങ്കിലും ഉപദ്രവിച്ചാല്‍ ഞാന്‍ നിന്നെ സംരക്ഷിക്കും. മറ്റേ കുട്ടിയുടെ നേരെ തിരിഞ്ഞപ്പോള്‍ അവനും കല്ലെറിയാന്‍ വിസമ്മതിച്ചു. ഡോമിനിക്ക് തന്റെ വാദമുഖങ്ങള്‍ നിരത്തി. വെറുമൊരു സൃഷ്ടിയായ, പാപിയായ എന്നെ സംരക്ഷിക്കുവാന്‍ വലിയ ത്യാഗങ്ങള്‍ സഹിക്കുവാന്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നു. എന്നാല്‍ അതിലും എത്രയോ വലുതാണ് നിങ്ങളുടെ ആത്മാക്കള്‍. അതിനെ സംരക്ഷിക്കുവാന്‍ നിങ്ങള്‍ തയ്യാറല്ലാത്തതെന്തുകൊണ്ട്? രക്ഷകന്‍ നിങ്ങള്‍ക്കു വേണ്ടി രക്തം ചിന്തി നേടിയെടുത്തതാണ് ആ ആത്മാവിനെ.
അവസാനം അവര്‍ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞു. കുമ്പസാരിക്കുവാന്‍ ഒരു വൈദികനെ കണ്ടെത്തിയതിന് ശേഷമാണ് ഡോമിനിക്കിന് സമാധാനമായത്. ഇക്കാര്യം അവന്‍ ആരോടും പറഞ്ഞില്ല. ഈ രണ്ടു കുട്ടികളും ലോകത്തോട് പ്രസ്തുത സംഭവം വിളിച്ചു പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇതാരും അറിയുകയുമില്ലായിരുന്നു. ആദ്യത്തെ വര്‍ഷം പഠനത്തില്‍ ഒന്നാമനായിരുന്നുവെങ്കിലും മോശമായ ആരോഗ്യസ്ഥിതി മൂലം വ്യക്തിപരമായി അവനെ പഠിപ്പിക്കേ ണ്ട സ്ഥിതി വന്നു. ഓറട്ടോറിയില്‍ പ്രവേശിച്ചതിനുശേഷം ഡോണ്‍ ബോസ്‌കോ നിരന്തരം കുട്ടികളെ വിശുദ്ധിയിലേക്ക് ക്ഷണിക്കുന്നത് അവന്‍ കാണുമായിരുന്നു. ഡോണ്‍ ബോസ്‌കോയുടെ പ്രസംഗങ്ങളില്‍ അവനെ വല്ലാതെ ആകര്‍ഷിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്, നാമെല്ലാം വിശുദ്ധരാകണമെന്നതാണ് ദൈവത്തിന്റെ തിരുഹിതം. രണ്ടാമത്, വിശുദ്ധനാകുക എന്നത് ദുഷ്‌കരമായൊരു കാര്യമല്ല. മൂന്നാമത്, വിശുദ്ധരാകുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ വലിയ പ്രതിഫലമാണ് ഒരുക്കപ്പെട്ടിരിക്കുന്നത്. ഡോമിനിക്ക് ഇതു കേട്ടപ്പോള്‍ നിശബ്ദനായി. ഡോണ്‍ ബോസ്‌കോ ചോദിച്ചു. 'എന്തു പറ്റി?.' കണ്ണുനീരോടെ അവന്‍ പറഞ്ഞു 'ഒരു വിശുദ്ധനാവുക ദുഷ്‌കരമാണെന്നാണ് ഞാനിന്നു വരെ വിചാരിച്ചിരുന്നത്. അത്രമേല്‍ എളുപ്പമാണെങ്കില്‍ രാവും പകലും എനിക്കതിനായി പരിശ്രമിക്കണം.' ഡോണ്‍ ബോസ്‌കോ പറഞ്ഞു ഞാന്‍ നിനക്കൊരു സമ്മാനം തരുന്നുണ്ട്. എന്നാല്‍ ഡോമിനിക്കിന്റെ മറുപടി ഇപ്രകാരമായിരുന്നു. എനിക്ക് തരുവാന്‍ അങ്ങേയ്ക്ക് സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്നെ ഒരു വിശുദ്ധനാക്കുക എന്നത് മാത്രമാണ്. ഒരു വിശുദ്ധനാകുന്നില്ലെങ്കില്‍ എന്റെ ജീവിതമൊരു പരാജയമാകും. മറ്റെന്തു നേടിയിട്ടും കാര്യമില്ല. ദൈവം ഞാനൊരു വിശുദ്ധനാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ അപ്രകാരം ആയിത്തീരണം. അല്ലെങ്കില്‍ എനിക്ക് ദുരിതം. ഇത് പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.
പരിശുദ്ധ അമ്മയോടുള്ള അവന്റെ ഭക്തിയും അസാധാരണമായിരുന്നു. വിശുദ്ധ ബലിക്ക് മുന്‍പും പിന്‍പും മണിക്കൂറുകളോളം അവന്‍ ദിവ്യമാതാവിന്റെ സ്വരൂപത്തിന് മുന്‍പില്‍ നിശ്ചലനായി പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുമായിരുന്നു. 1854ല്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭയ തിരുനാള്‍ അടുത്തുവന്നു. ഡോണ്‍ ബോസ്‌കോ തന്റെ കുട്ടികളോട് ഈ തിരുനാളിനുവേണ്ടി പ്രത്യേകം ഒരുങ്ങുവാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്കേറ്റവും ആവശ്യമുള്ള അനുഗ്രഹങ്ങള്‍ ചോദിക്കുവാന്‍ അദ്ദേഹം കുട്ടികളെ ഒരുക്കി. പരിശുദ്ധ അമ്മയുടെ സംരക്ഷണവും സഹായവും എല്ലാ മേഖലകളിലുമുണ്ടാവുമെന്ന ഉറപ്പും നല്‍കി. തന്റെ സ്വര്‍ഗീയ മാതാവിനു വേണ്ടി പ്രത്യേകമായ ചില കാര്യങ്ങള്‍ ആരംഭിക്കുവാന്‍ ഡോമിനിക്ക് ആഗ്രഹിച്ചു. പിന്നീട് സാധിച്ചില്ലെങ്കിലോ. അവന്റെ മരണത്തിന് ഒന്‍പത് മാസങ്ങള്‍ മുന്‍പായിരുന്നു അത്. ഒരു പ്രത്യേക നൊവേന ആരംഭിക്കുക. ഒന്‍പത് സുകൃതങ്ങള്‍ അവന്‍ പല പേപ്പറുകളിലായി എഴുതി. അമ്മയ്ക്ക് സമ്മാനമായി ഓരോ ദിവസവും ഓരോന്ന്. എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ്, കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. അവസാനം പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ മുട്ടുകുത്തി അവന്‍ പ്രാര്‍ത്ഥിച്ചു. എന്റെ ഹൃദയം ഞാന്‍ അങ്ങേയ്ക്ക് തരുന്നു. എല്ലായ്‌പ്പോഴും ഇത് അങ്ങയുടേതായിരിക്കട്ടെ. ഈശോയും പരിശുദ്ധ അമ്മയും എപ്പോഴും എന്റെ സുഹൃത്തുക്കളായിരിക്കട്ടെ. പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കുവാന്‍ എന്നെ അനുവദിക്കണമേയെന്ന് ഞാന്‍ വിനയപൂര്‍വം യാചിക്കുന്നു.
കൂട്ടുകാരുടെയിടയില്‍ മഹനീയ സ്ഥാനമാണ് ഡോമിനിക്കിനുണ്ടായിരുന്നത്. അത് മുതലെടുത്ത് കുട്ടികളെ ദൈവമാതാവിനോടുള്ള ഭക്തിയില്‍ വളര്‍ത്തുന്നതിന് അമലോത്ഭവസഖ്യം എന്ന ഒരു സംഘടന തന്നെ അവന്‍ രൂപീകരിച്ചിരുന്നു. അവരുടെ ജീവിത കാലത്തും മരണസമയത്തും പരിശുദ്ധ ദൈവമാതാവിന്റെ സഹായം തേടുകയായിരുന്നു ലക്ഷ്യം. ഈ സംഘടനയിലെ അംഗങ്ങളാണ് ഓറട്ടോറിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വരെ സകല കാര്യങ്ങളിലും നേതൃത്വം നല്‍കിയിരുന്നത്. ഇതില്‍ അംഗങ്ങളാകുവാന്‍ കുട്ടികള്‍ കൊതിച്ചിരുന്നു. പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ചെറിയ ത്യാഗ പ്രവൃത്തികളും എന്നു വേണ്ട, തന്റെ സകല സഹനങ്ങളും ഈ കൂട്ടുകാര്‍ക്കുവേണ്ടി ഡോമിനിക്ക് സാവിയോ കാഴ്ചവയ്ക്കുമായിരുന്നു. ആരുമില്ലാത്തവരെ സ്‌നേഹിക്കുന്ന ദൈവത്തെ ഓറട്ടോറിയിലെ കുട്ടികള്‍ കണ്ടെത്തിയത് ഡോമിനിക്കിന്റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയുമാണ്. സ്‌കൂളുകളില്‍ പോലും അശുദ്ധിയും ദുഷ്ടതയും കളിയാടുന്ന ഇക്കാലഘട്ടത്തില്‍, അപമാനത്തിന്റെയും നിന്ദനത്തിന്റെയും പേരില്‍ രാജ്യങ്ങളില്‍ നിന്ന് ദൈവത്തിന്റെ നാമം പോലും പടിയിറങ്ങുമ്പോള്‍, വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ആരും തയ്യാറാകാത്ത ഈ സമയങ്ങളില്‍ നാം ഡോമിനിക് സാവിയോയോട് പ്രാര്‍ത്ഥിക്കണം. പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധനായിത്തീര്‍ന്നവന്‍.വര്‍ഷങ്ങള്‍ എത്രയനുവദിച്ചിട്ടും നാമാരും വിശുദ്ധരാകാത്തതെന്തേ?.
ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഒരേ ഒരു ഹിതം നാം വിശുദ്ധരാകണമെന്നതാണ്. ശുദ്ധതയ്‌ക്കെതിരായി ഒരു പാപം ചെയ്യുവാന്‍ എന്നെ വിട്ടുകൊടുക്കുന്നതിനേക്കാള്‍ മുന്‍പ് എന്റെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് വിളിക്കണേ എന്ന് അവന്‍ അനുദിനം പ്രാര്‍ത്ഥിക്കുമായിരുന്നു. പാപത്തിന്റെ സന്തോഷം തേടി ഓടിനടക്കുന്ന ആധുനികയുഗത്തിന്റെ യുവതലമുറയ്ക്ക് ഡോമിനിക്ക് സാവിയോ ഒരു വെല്ലുവിളിയാണ്. യുവജനങ്ങളെ പാപത്തിലേക്ക് വലിച്ചിഴക്കുന്നതിനായി ഉറങ്ങാതെ പ്രവര്‍ത്തിക്കുന്ന സാത്താന്റെ കുടിലതന്ത്രങ്ങളെ നാം തിരിച്ചറിയണം. ആത്മാക്കളുടെ നിത്യ നാശമാണ് അവന്റെ ലക്ഷ്യം. ഭൂമിയില്‍ അല്‍പം ജഡിക സന്തോഷം തരുന്ന പിശാച് നിത്യകാലത്തേക്ക് നമ്മെ ചതിക്കും. ടൂറിന്‍ നഗരം ഇന്നത്തേതിനേക്കാള്‍ അധപതിച്ച ഒരു കാലത്താണ് വിശുദ്ധ ഡോണ്‍ ബോസ്‌കോയുടേയും ഡോമിനിക്ക് സാവിയോയുടേയും ജീവിതവും പ്രവര്‍ത്തനവും അനേകര്‍ക്ക് പ്രചോദനമായത്. സാധ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നമുക്കാവില്ല. വിശുദ്ധരാകുക എന്നതു മാത്രമാണ് വിശുദ്ധരെ സൃഷ്ടിക്കുന്നതിനുള്ള ഏകമാര്‍ഗം. സ്വര്‍ഗത്തിലേക്ക് പോകുവാനുള്ള വഴികള്‍ ഡോണ്‍ ബോസ്‌കോ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തത് ഇപ്രകാരമാണ്. പതിവായി കുമ്പസാരിക്കുക, ദിവ്യകാരുണ്യം സ്വീകരിക്കുക, സാധ്യമെങ്കില്‍ ഒരു കുമ്പസാരകനെ നിശ്ചയിച്ച് അദ്ദേഹത്തിന്റെ പക്കല്‍ ഹൃദയം തുറക്കുക. കുമ്പസാരകനെ ഇടയ്ക്കിടക്ക് മാറുന്നതിനെക്കാള്‍ നമ്മുടെ ആത്മാവിന്റെ തുടരുന്ന അവസ്ഥ സ്ഥിരമായിട്ടുള്ള നമ്മുടെ കുമ്പസാരകന് മനസിലാക്കാനാവും. ഡോമിനിക്കിന് കുമ്പസാരത്തോടും വിശുദ്ധ കുര്‍ബാനയോടും സ്‌നേഹം തോന്നിയത് അങ്ങനെയാണ്. ഡോമിനിക്ക് ആത്മീയ ജീവിതത്തില്‍ അനുദിനം വരുത്തുന്ന പുരോഗതി കണക്കിലെടുത്ത് എല്ലാ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അവന്റെ കുമ്പസാരകന്‍ അനുവാദം നല്‍കി. വളരെ വിരളമായി നല്‍കപ്പെട്ടിരുന്ന അനുവാദമായിരുന്നു അക്കാലത്ത് അത്.
അനുദിനം കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക വഴി, മാരകപാപത്തില്‍ വീഴാതിരിക്കുന്നതിനും ലഘുപാപങ്ങള്‍ പോലും ഒഴിവാക്കുന്നതിനുമുള്ള കൃപാവരം ദിവ്യനാഥന്‍ നമുക്ക് നല്‍കും. ദിവ്യകാരുണ്യത്തിന് മുന്‍പില്‍ മുട്ടുകുത്തി ഡോമിനിക്ക് പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ് 'മറ്റെവിടെയാണ് എനിക്ക് സന്തോഷം കണ്ടെത്താനാവുക. ഇന്നു ഞാന്‍ വിശ്വാസത്തോടെ കാണുകയും ആരാധിക്കുകയും ചെയ്യുന്ന അങ്ങയെ മുഖാമുഖം കണ്ട് സ്‌നേഹിക്കുവാനും ആരാധിക്കുവാനും സാധിക്കുന്ന ആ സ്വര്‍ഗീയ സൗഭാഗ്യത്തിലല്ലാതെ.' മറ്റു കുട്ടികളെക്കൂടി ദേവാലയത്തില്‍ കൊണ്ടുവരുവാനും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുന്നതിനും ഡോമിനിക്ക് അതിയായ ശ്രദ്ധ കാണിച്ചിരുന്നു. ഈശോയുടെ മുള്‍മുടിയണിഞ്ഞ രൂപത്തോട് ഹൃദയം ചേര്‍ത്ത് വച്ച് ലോകം മുഴുവനും അവിടത്തേയ്‌ക്കെതിരായി ചെയ്യുന്ന പാപങ്ങളെയോര്‍ത്ത് അവന്‍ പരിഹാരപ്രാര്‍ഥനകള്‍ നടത്തുമായിരുന്നു. സഭാവിരോധികള്‍ക്കും നശിക്കുന്ന ആത്മാക്കള്‍ക്കും വേണ്ടി തന്റെ രോഗങ്ങളും ത്യാഗപ്രവൃത്തികളും അവന്‍ കാഴ്ചവച്ചു. ഡോമിനിക്ക് അതീവസന്തോഷവാനായ ഒരു വ്യക്തിയായിരുന്നു. ദിവ്യകാരുണ്യം അവന് നല്‍കിയിരുന്ന സന്തോഷം മറ്റൊന്നും നല്‍കിയിരുന്നില്ല. വിശുദ്ധ കുര്‍ബാനയുമായി ഏതെങ്കിലും വൈദികന്‍ പോകുന്നത് കണ്ടാല്‍ അപ്പോള്‍തന്നെ എവിടെയാണെങ്കിലും അവന്‍ മുട്ടിന്‍മേല്‍ നില്‍ക്കുമായിരുന്നു. സാധിക്കുന്നിടത്തോളം ആ വൈദികനെ അനുഗമിക്കുകയും ചെയ്യും. ഒരു ദിവസം മഴപെയ്ത് വഴി മുഴുവന്‍ വെള്ളവും ചെളിയുമായ സമയമായിരുന്നു. ഒരു വൈദികന്‍ വിശുദ്ധ കുര്‍ബാനയുമായി വരുന്നത് അവന്‍ കണ്ടു. പെട്ടെന്ന് അവന്‍ ആ ചെളിവെള്ളത്തില്‍ മുട്ടുകുത്തി. കൂട്ടുകാര്‍ അവനെ കളിയാക്കിപ്പറഞ്ഞു. 'നിന്റെ വസ്ത്രങ്ങള്‍ അഴുക്കാക്കണമെന്ന് ഈശോ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഡോമിനിക്ക് 'മറുപടി പറഞ്ഞു 'എന്റെ കാല്‍മുട്ടുകളും വസ്ത്രവും യേശുവിന്റേതാണ്. അവ ദൈവത്തെ സേവിക്കണം. ഈ കൂദാശ എനിക്ക് നല്‍കിയ നാഥന്റെ സ്‌നേഹം യഥാര്‍ത്ഥത്തില്‍ എനിക്ക് കാണുവാന്‍ സാധിച്ചാല്‍ അവനുവേണ്ടി കത്തുന്ന തീച്ചൂളയിലേക്ക് എടുത്തുചാടുവാനും ഞാന്‍ തയ്യാറാണ്.
ഒരിക്കല്‍ ഡോണ്‍ ബോസ്‌കോ അദ്ഭുതകരമായ ഒരു കാര്യം ദര്‍ശിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു ശേഷം ഡോമിനിക്ക് സാവിയോ ആരോടോ സംസാരിക്കുകയും മറുപടിക്കായി കാത്തുനില്‍ക്കുകയും ചെയ്യുന്നു. അടുക്കലെങ്ങും ആരുമില്ല. എല്ലാം കേള്‍ക്കുവാന്‍ സാധിച്ചില്ലെങ്കിലും ഡോണ്‍ ബോസ്‌കോ ഈ വാക്കുകള്‍ വ്യക്തമായി കേട്ടു 'ദൈവമേ, വീണ്ടും ഞാന്‍ പറയുന്നു'. ഞാനങ്ങയെ സ്‌നേഹിക്കുന്നു. ഞാനൊരു പാപം ചെയ്യുന്നതിനു മുന്‍പേ എന്നെ സ്വര്‍ഗത്തിലേക്ക് വിളിക്കണേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ. ഒരു ദിവസം ഡോമിനിക്ക് വീട്ടില്‍ പോകുവാനുള്ള അനുവാദം ചോദിച്ചു. തന്റെ അമ്മയ്ക്ക് അസുഖമാണെന്നും പരിശുദ്ധ മാതാവ് തന്റെ അമ്മയെ സുഖപ്പെടുത്താനാഗ്രഹിക്കുന്നുവെന്നുമായിരുന്നു ഡോമിനിക്ക് പറഞ്ഞത്. മുണ്ടാഞ്ഞോയിലെത്തിയപ്പോള്‍ അവന്റെ അമ്മ അതീവ ഗുരുതരമായി രോഗിണിയായിരുന്നു. വൈദ്യന്‍മാരെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയില്‍. അമ്മയുടെ മുറിയില്‍ ഓടിയെത്തി പച്ചനിറത്തിലുള്ള ഒരു തൂവാല അമ്മയുടെ ശരീരത്തില്‍ വച്ചതിനു ശേഷം സുഖമായിരിക്കുക എന്നു പറഞ്ഞ് അവന്‍ യാത്രയായി. ഈ പച്ചനിറത്തിലുള്ള തൂവാലയിലൂടെ അവള്‍ സുഖം പ്രാപിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. പരിശുദ്ധ അമ്മ നേരിട്ടെത്തി ഡോമിനിക്കിന്റെ അമ്മയെ സുഖപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ തൂവാല അവന് തിരികെ കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത് വീട്ടില്‍ സൂക്ഷിച്ചുകൊള്ളുവാനും രോഗികളായ അനേകര്‍ക്ക് അത് സൗഖ്യത്തിന് കാരണമാകുമെന്നും അവന്‍ പറയുകയുണ്ടായി.
1856 ഏപ്രില്‍ മാസത്തില്‍, മേയ് മാസം മുഴുവന്‍ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ താനെന്താണ് ചെയ്യേണ്ടതെന്ന് അവന്‍ ഡോണ്‍ ബോസ്‌കോയോട് ചോദിച്ചു. സന്തോഷത്തോടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കാനും മറ്റുള്ളവരോട് പരിശുദ്ധ അമ്മയെക്കുറിച്ച് പറയുവാനും എല്ലാ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കത്തക്കവിധം ഹൃദയശുദ്ധി കാത്തുസൂക്ഷിക്കുവാനും അദ്ദേഹം ഡോമിനിക്ക് സാവിയോയോട് ആവശ്യപ്പെട്ടു. പരിശുദ്ധ അമ്മയോട് താനെന്താണ് ചോദിക്കേ ണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒരു വിശുദ്ധനാകുവാനുള്ള കൃപ ചോദിക്കുവാനും ഡോണ്‍ ബോസ്‌കോ പറഞ്ഞു. മരണസമയത്ത് ദൈവസന്നിധിയിലേക്ക് അവനെ കൂട്ടിക്കൊണ്ട് പോകുവാനും മരിക്കുന്നതുവരെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ സഹായിക്കുവാനും അമ്മയോട് പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ദേശിച്ചു. ഡോമിനിക്കിന്റെ ആരോഗ്യം മോശമായപ്പോള്‍ അവന്റെ മരണം അടുത്തുവെന്ന് ഡോണ്‍ ബോസ്‌കോ അറിഞ്ഞു. സ്വന്തം ഭവനത്തിലേക്ക് അവനെ തിരിച്ചയയ്ക്കുവാന്‍ അദ്ദേഹം തയ്യാറായത് വളരെ വേദനയോടെയായിരുന്നു. ആരോഗ്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാവണമെങ്കില്‍ അദ്ദേഹത്തിന് മുന്‍പില്‍ ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ രോഗം ഭേദമായി ഓറട്ടോറിയില്‍ മടങ്ങിയെത്തി.
രോഗിയായിരിക്കുമ്പോഴും സാധിക്കുമ്പോഴൊക്കെ അവന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും മറ്റ് രോഗികളായവരെ പരിചരിക്കുകയും ഒക്കെ ചെയ്തിരുന്നു. മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരുക അവന് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാല്‍ വൈദ്യന്മാര്‍ അവനെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു കുട്ടികളുടെ സംരക്ഷണം കൂടി പരിഗണിച്ച് ഡോണ്‍ ബോസ്‌കോ അതിന് സമ്മതം മൂളി. തന്നെ എന്തിനാണ് തിരിച്ചയയ്ക്കുന്നതെന്ന് ഡോമിനിക്ക് ചോദിച്ചപ്പോള്‍, മാതാപിതാക്കളോടൊപ്പം ആയിരിക്കുവാന്‍ താല്‍പര്യമില്ലേ എന്നുള്ള ഡോണ്‍ ബോസ്‌കോയുടെ മറുചോദ്യമായിരുന്നു ലഭിച്ചത്. അപ്പോള്‍ ഡോമിനിക്ക് സാവിയോ പറഞ്ഞു 'എനിക്ക് ഈ ഓറട്ടോറിയില്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നതാണ് ഇഷ്ടം. രോഗം ഭേദമായാല്‍ തിരികെ വരാം എന്നുള്ള ഡോണ്‍ ബോസ്‌കോയുടെ നിര്‍ദേശത്തോട് അവന്‍ ഇപ്രകാരം പ്രതികരിച്ചു ഇല്ല ഫാദര്‍, ഞാന്‍ തിരികെ പൊയ്‌ക്കൊള്ളാം. ഇനിയൊരിക്കലും ഇവിടേയ്ക്ക് മടങ്ങി വരില്ല. അവസാനം ഡോണ്‍ ബോസ്‌കോയോട് വിട പറയുവാന്‍ സമയമായി. അതൊരു വലിയ യാത്രയായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഈ ഭൂമിയിലെ സംഭവങ്ങള്‍ക്കെല്ലാം ഡോമിനിക്ക് വിരാമമിടും. 'നല്ലൊരു മരണം ലഭിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. നാം സ്വര്‍ഗത്തില്‍ കണ്ടുമുട്ടും.' ഇതായിരുന്നു അവന്റെ വാക്കുകള്‍. എല്ലാ കൂട്ടുകാരോടും സ്വര്‍ഗത്തില്‍ കാണാമെന്ന വാഗ്ദാനം നല്‍കി. അവസാന ആഗ്രഹം ചോദിച്ചപ്പോള്‍, പരിശുദ്ധ പിതാവ് ഡോണ്‍ ബോസ്‌കോയ്ക്ക് മറ്റുള്ളവരുടെ മരണസമയത്ത് ദണ്ഡവിമോചനം നല്‍കുവാനുള്ള അധികാരം നല്‍കിയിരിക്കുന്നതിനെ ഡോമിനിക്ക് ഓര്‍മ്മിപ്പിച്ചു. അവരില്‍ ഒരാളായി തന്നെയും പരിഗണിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം.
മൂന്നു വര്‍ഷം തന്റെ ആത്മീയ ജീവിതം കരുപ്പിടിപ്പിച്ച് ഈ ഭവനം വിട്ട് അവന്‍ സ്വന്തഭവനത്തിലേക്ക് യാത്രയായി. അടുത്ത ദിവസങ്ങള്‍ അവന്‍ രോഗശയ്യയിലായിരുന്നു. ഒരു ദിവസം അവന്‍ തന്റെ പിതാവിനോട് കുമ്പസാരിക്കുന്നതിനും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനുമുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ അവന്റെ അധരങ്ങള്‍ മന്ത്രിച്ചു 'ഈശോയേ പരിശുദ്ധ അമ്മേ, നിങ്ങള്‍ എപ്പോഴും എന്റെ സുഹൃത്തുക്കളായിരിക്കണമേ. ഈ മരണസമയത്തും ഉറച്ച ബോധ്യത്തോടെ ഞാന്‍ പറയുന്നു. പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കുവാനാണ് എനിക്കിഷ്ടം'. പിന്നീട് അവന്‍ പറഞ്ഞു. 'ഞാനിപ്പോള്‍ സന്തോഷവാനാണ്. എന്റെ സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ എനിക്ക് തുണയായി ദിവ്യകാരുണ്യനാഥനുണ്ടല്ലോ'. ഈശോ നമ്മുടെ സുഹൃത്താണെങ്കില്‍ ഒന്നിനെയും നിങ്ങള്‍ക്ക് ഭയക്കേണ്ടതില്ല, മരണത്തെപ്പോലും. നാലു ദിവസങ്ങള്‍ക്ക് ശേഷം രോഗീലേപനത്തിനായി വൈദികനെ വിളിക്കുവാന്‍ ഡോമിനിക്ക് ആവശ്യപ്പെട്ടു. വീട്ടുകാര്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. അവസാനത്തെ അവന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു. 'ഈശോയെ ഞാനങ്ങയെ സ്‌നേഹിക്കുന്നു. ജീവിതകാലവും നിത്യവും അങ്ങയെ സ്‌നേഹിക്കുവാന്‍ മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. എന്റെ ശരീരവും മനസും ചിന്തയും പ്രവൃത്തിയും വാക്കുകളും കാഴ്ചയും കേള്‍വിയും വഴി ഞാന്‍ ചെയ്തുപോയ സകല പാപങ്ങളും ഈ കൂദാശ നിര്‍വീര്യമാക്കട്ടെ. അങ്ങയുടെ പീഡാസഹനത്തിന്റെ യോഗ്യതകള്‍ എന്നെ വിശുദ്ധീകരിക്കട്ടെ. ആമ്മേന്‍'. മനസ്താപപ്രകരണം സ്വന്തമായി അവന്‍ പ്രാര്‍ത്ഥിച്ചു. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും മറുപടി ചൊല്ലി, ദണ്ഡ വിമോചനവും ആശീര്‍വാദവും യാതൊരു ഭയവുമില്ലാതെ അവന്‍ വൈദികനില്‍ നിന്ന് വാങ്ങി. ക്രൂശിത രൂപം മാറോട് ചേര്‍ത്ത് പിടിച്ച് അവന്‍ തനിക്കേറ്റവും ഇഷ്ടമുള്ള പ്രാര്‍ത്ഥനകള്‍ ചെറിയ ശബ്ദത്തില്‍ ചൊല്ലിക്കൊണ്ടിരുന്നു. ദൈവമേ അങ്ങേയ്ക്ക് നന്ദി. എന്റെ സ്വാതന്ത്ര്യം ഞാനങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. എന്നെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കണമേ. അങ്ങയുടെ ഹിതം നിറവേറട്ടെ.
1857 മാര്‍ച്ച് ഒന്‍പതാം തിയതി ഡോമിനിക്കിന്റെ മരണസമയമെത്തിയത് ആരും അറിഞ്ഞില്ല. അത്രമേല്‍ സന്തോഷപ്രദവും സമാധാനപൂര്‍ണവുമായിരുന്നു അവന്റെ മുഖം. ശ്വാസോച്ഛാസം നടത്തുവാന്‍ അവന്‍ വിഷമിച്ചപ്പോള്‍ വൈദികനോട് തന്നെ ആശ്വസിപ്പിക്കുവാന്‍ എന്തെങ്കിലും പറയുവാന്‍ അവന്‍ ആവശ്യപ്പെട്ടു. ഈശോയുടെ പീഡകളെ ഓര്‍മ്മിക്കുവാന്‍ അദ്ദേഹം പറഞ്ഞു. ഡോമിനിക്കിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. 'അവിടത്തെ പീഡകളെ ഞാനോര്‍മ്മിക്കുന്നു. അതെന്റെ ഹൃദയത്തിലും അധരത്തിലും എപ്പോഴുമുണ്ടായിരിക്കും. ഈശോ, മറിയം, യൗസേപ്പേ എന്റെ ആത്മാവിനെ നിങ്ങളുടെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.' പിന്നീട് ഒരു മണിക്കൂറോളം അവന്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ പിതാവിനോട് തന്റെ പ്രാര്‍ത്ഥനാ പുസ്തകമെടുത്ത് സന്തോഷകരമായ മരണത്തിനുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. അവന്റെ അമ്മ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. പിതാവിന്റെ പ്രാര്‍ത്ഥനകള്‍ക്ക് കര്‍ത്താവേ എന്റെ മേല്‍ കരുണയുണ്ടാകണമേ എന്ന് അവന്‍ മറുപടി ചൊല്ലി. അങ്ങയുടെ കരുണയാല്‍ അവിടത്തെ മഹത്വം കാണുവാന്‍ എന്റെ ആത്മാവിനെ അനുവദിക്കണമേ, വിശുദ്ധരോടൊപ്പം ദൈവത്തിന് സ്തുതികള്‍ പാടുവാന്‍ എന്നെ യോഗ്യനാക്കണമേ, എന്നുള്ള വരികള്‍ ഉച്ഛരിച്ചപ്പോള്‍ അതുമാത്രമാണ് എന്റെ ആഗ്രഹം എന്ന് അവന്‍ ബലഹീനമായ വാക്കുകളില്‍ പ്രത്യുത്തരിച്ചു. പിന്നെ പതിയെ കണ്ണുതുറന്ന് അവന്റെ ഡാഡിയോട് പറഞ്ഞു- 'ഗുഡ് ബൈ.. ഡാഡീ..' അതെ അവന്‍ ഭൂമിയിലെ പിതാവിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് സ്വര്‍ഗപിതാവിന്റെ പക്കലേക്ക് പോയി. മരണശേഷം അവന്‍ ഓറട്ടോറിയിലേക്ക് മടങ്ങി എന്നു വേണമെങ്കില്‍ പറയാം. അവന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
1950 മാര്‍ച്ച് മാസം അഞ്ചാം തിയതി പന്ത്രണ്ടാം പീയൂസ് പാപ്പ അവനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1954 ജൂണ്‍ 12ന് വിശുദ്ധരുടെ ഗണത്തിലേക്കുമുയര്‍ത്തി. ഇന്നിന്റെ ഡോമിനിക്ക് സാവിയോ ആകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും എന്താണെന്ന് ലോകത്തിന് പറഞ്ഞുകൊടുക്കുവാന് വിളിക്കപ്പെട്ടിരിക്കുന്നവര്‍. ജീവിതത്തെയും മരണത്തെയും ഭയക്കാതിരിക്കണമെങ്കില്‍ നിത്യജീവിതത്തെക്കുറിച്ചുള്ള സ്വപ്നം ഹൃദയത്തില്‍ സൂക്ഷിക്കുക. വിശുദ്ധരാകുവാന്‍ തീവ്രമായി യത്‌നിക്കുക. നിത്യജീവന്‍ സ്വന്തമാക്കുവാനുള്ള ഏക വഴി നിത്യതയില്‍ വസിക്കുന്നവനെ സ്‌നേഹിക്കുക എന്നത് മാത്രമാണ്. പാപം എപ്പോഴും നമ്മുടെ മരണസമയത്തെ ഭയാനകമാക്കും. പുണ്യങ്ങള്‍ നമ്മുടെ മരണസമയത്തെ സന്തോഷപ്രദവുമാക്കും. മരണസമയത്ത് നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജീവിതകാലത്ത് പാപം ചെയ്യുന്നതിനേക്കാള്‍ മരണത്തെ സ്‌നേഹിക്കുക.
വിശുദ്ധ ഡോമിനിക് സാവിയോ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…