www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor

ഫ്രാന്‍സിലെ ടുളൂസ് പട്ടണം. ഈ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമം- പിബ്രാക്.ഏകദേശം ഇരുന്നൂറ് കുടുംബങ്ങളുള്ള ഒരു ഗ്രാമമാണ് പിബ്രാക്. ഈ ഗ്രാമത്തിലെ അല്‍പം തലയെടുപ്പുള്ള കുടുംബമാണ് കുസീന്‍ കുടുംബം. ലോറന്റ് ആയിരുന്നു ഈ കുടുംബത്തിന്റെ നാഥന്‍. 1579ല്‍ ഈ കുസീന്‍ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മാതാപിതാക്കള്‍ കുഞ്ഞിന് ജെര്‍മെയിന്‍ എന്ന പേരു നല്‍കി. കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് തന്റെ ഹൃദയത്തിന്റെ വിശുദ്ധിയും ദൈവഭക്തിയും മുലപ്പാലിനോടൊപ്പം അമ്മ ജെര്‍മെയിന് പകര്‍ന്നു നല്‍കി. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് അവളെ അനാഥയാക്കിയിട്ട് ആ നല്ല അമ്മ കര്‍ത്താവിന്റെ സന്നിധിയിലേയ്ക്ക് യാത്രയായി.

ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ ലോറന്റ് വീണ്ടും വിവാഹം കഴിച്ചു. അന്നു മുതല്‍ അവളുടെ കദനകഥ ആരംഭിച്ചു.ചെറുപ്പം മുതലേ കണ്ഠമാല എന്ന രോഗം കുഞ്ഞിനെ ബാധിച്ചു. കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗം മൂലം കഴുത്ത് നീരുവന്ന് വീര്‍ക്കുകയും പൊട്ടി വ്രണമാവുകയും ചെയ്തിരുന്നു.മരണം വരെ ഈ വ്രണങ്ങള്‍ സുഖപ്പെട്ടില്ല. ഈ ശാരീരിക വേദനയ്ക്ക് തീവ്രത കൂട്ടുവാനെന്നവണ്ണം അവളുടെ വലതുകൈ ശുഷ്‌ക്കിച്ചതും ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ രോഗം കാരണം ആയിരിക്കാം അവള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. അവളുടെ രണ്ടാനമ്മ കഠിനഹൃദയയായ ഒരു സ്ത്രീയായിരുന്നു. ഈ സ്ത്രീയുടെ ക്രൂരമായ പീഢനങ്ങള്‍ക്ക് ജെര്‍മെയിന്‍ ഇരയായിത്തീര്‍ന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവള്‍ ജെര്‍മെയിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അടിമൂലം പലപ്പോഴും ബോധരഹിതയായി വീണിട്ടുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടാനമ്മ ജെര്‍മെയിന്റെ മേലില്‍ തിളച്ചവെള്ളം ഒഴിക്കുമായിരുന്നു. ഒരിക്കല്‍പ്പോലും ഒരു നല്ല ആഹാരം അവള്‍ കഴിച്ചിട്ടില്ല. എന്നും കുറച്ച് റൊട്ടികഷ്ണങ്ങള്‍ മാത്രം. വളര്‍ത്തുനായ് കഴിച്ച് ബാക്കി വച്ച ഭക്ഷണം പോലും കഴിച്ച് ചില ദിവസങ്ങളില്‍ അവള്‍ ജീവിച്ചു. എങ്കിലും അവള്‍ക്ക് ഒന്നിനും പരാതിയില്ലായിരുന്നു. കണ്ഠമാല രോഗം തന്റെ കുട്ടിക്ക് പകരുമെന്ന് ചിന്തിച്ചതിനാലാകാം രണ്ടാനമ്മ അവളെ ആടുകളെയും കോഴികളെയും പാര്‍പ്പിച്ചിരുന്ന പുറത്തുള്ള ഒരു കെട്ടിടത്തിന്റെ ഗോവണിക്ക് താഴെയാണ് രാത്രി ഉറങ്ങാന്‍ സ്ഥലം കൊടുത്തത്. അതിന്റെ മുകള്‍നില ധാന്യപ്പുരയായും ഉപയോഗിച്ചിരുന്നു. ഉണക്കമുന്തിരിക്കമ്പുകള്‍ കൊണ്ടും ഉണങ്ങിയ ഇലകള്‍ കൊണ്ടും അവള്‍ തന്നെയുണ്ടാക്കിയ കിടക്കയിലാണ് രാത്രി വിശ്രമം.

ഒത്തിരിയേറെ ഏകാന്തത അവള്‍ക്ക് അനുഭവിക്കേണ്ടി വന്നു. ആടുമാടുകളുടെയും കുതിരകളുടെയും വിസര്‍ജ്ജ്യ വസ്തുക്കളുടെ ദുര്‍ഗന്ധവും കൊതുകുകളുടെ ബാഹുല്യവും അവളുടെ ഉറക്കത്തെ തടസ്സപ്പെടുത്തി. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ കുതിരാലയത്തിന് വാതിലുകള്‍ പോലും ഇല്ലായിരുന്നു. അനേകം കമ്പിളി രണ്ടാനമ്മക്കു വേണ്ടി അവള്‍ നെയ്തുവെങ്കിലും അതിലൊന്നു പോലും തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ അവള്‍ക്ക് ലഭിച്ചില്ല. കീറിപ്പറിഞ്ഞതായിരുന്നു അവളുടെ വസ്ത്രങ്ങള്‍. കീറിയഭാഗത്ത് പഴയ തുണിക്കഷ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത് അവള്‍ ശരീരം മറച്ചു. എല്ലാവരും തണുപ്പില്‍നിന്ന് രക്ഷ നേടാന്‍ കയ്യുറകളും സോക്‌സും ഷൂസും ധരിക്കുമ്പോള്‍ അവള്‍ക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല. നഗ്നപാദുകയായി അവള്‍ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടി. ഈ തണുപ്പിലും വിശപ്പിലും കഴിയുമ്പോഴും അവള്‍ പ്രാര്‍ത്ഥിച്ചു. രാത്രിയില്‍ കുറേനേരം യേശുവുമായി അവള്‍ ഹൃദയസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. രണ്ടാനമ്മ ഉച്ചഭക്ഷണത്തിനായി കൊടുക്കുന്ന ഏതാനും റൊട്ടികഷണങ്ങളുമായി ജെര്‍മെയിന്‍ ആടുമേയ്ക്കുവാനായി പോകും. ചിലപ്പോള്‍ ചെന്നായ്ക്കളുള്ള വനഭാഗത്തേക്ക് രണ്ടാനമ്മ അവളെ അയയ്ക്കും. ചെന്നായ് ആക്രമിച്ചു കൊന്നാലും കുഴപ്പമില്ലായെന്ന് അവള്‍ ചിന്തിച്ചിരിക്കാം. ആടുകളെ മേയ്ക്കുന്നതിനിടയില്‍ കമ്പിളിനൂല്‍ ഉണ്ടാക്കുവാനും അവളെ ഏല്‍പ്പിച്ചിരുന്നു. നൂലിന്റെ അളവുകുറഞ്ഞാല്‍ മര്‍ദ്ദനം ഉറപ്പായിരുന്നു.

രണ്ടാനമ്മയില്‍ പിറന്ന കുഞ്ഞുസഹോദരങ്ങളുമായി സംസാരിക്കുവാനോ, കളിക്കുവാനോ അവള്‍ക്ക് അനുവാദമില്ലായിരുന്നു. ഗ്രാമത്തിലെ പലരും അവളോട അവജ്ഞയും പുച്ഛവും പുലര്‍ത്തിപ്പോന്നു. എന്നാല്‍ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ അങ്ങനെയായിരുന്നില്ല. അവര്‍ ജെര്‍മെയിനോട് സ്‌നേഹവും അനുകമ്പയും പ്രകടിപ്പിച്ചു. ജീന്‍, ജാക്‌സ്, ആന്‍ദ്രേ, പീയര്‍ എന്നിവര്‍ അവളുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ ജെര്‍മെയിന്റെ കൂടെകളിക്കുവാനായി വരും. ജെര്‍മെയിന്‍ അല്‍പസമയം അവരോടു കൂടെ കളിക്കും. തുടര്‍ന്ന് ഈ കൂട്ടുകാരെ ഒരുമിച്ചു ചേര്‍ത്ത് ജപമാല ചൊല്ലും. കല്ലുകളും കമ്പുകളും പുല്ലുകളും ചേര്‍ത്ത് ദേവാലയം നിര്‍മ്മിക്കും. മാതാവിന്റെ പടം അതില്‍ വെച്ച് പുഷ്പങ്ങള്‍ക്കൊണ്ടലങ്കരിക്കും. ചുള്ളിക്കമ്പുകള്‍ ചേര്‍ത്ത് കുരിശുരൂപമുണ്ടാക്കി കൂട്ടുകാരോടൊരുമിച്ച് കുന്നിന്‍ മുകളില്‍ പ്രദക്ഷിണം നടത്തും. ഒരു ദിവസം ലോറന്റ് അവളെ വിളിച്ചിട്ട് പറഞ്ഞു. സുക്കോണ്‍വനത്തില്‍ ആടുകളെ കൊണ്ടുപോകരുത്. കാരണം, അവിടെ ചെന്നായ്ക്കള്‍ ഉണ്ട്. പിറ്റേ ദിവസം രാവിലെ മാഡം കുസീന്‍ കുറച്ച് റൊട്ടിയും നൂല്‍ക്കാനുള്ള കമ്പിളിയുമായി ജെര്‍മെയിന്റെ അടുത്തെത്തി. ആ സ്ത്രീ ആക്രോശിച്ചു. ആടുകള്‍ എല്ലാം ക്ഷീണിച്ചാണിരിക്കുന്നത്. അതിനാല്‍ രാവിലെ തന്നെ സുക്കോണ്‍ വനത്തിലേക്ക് പോവുക, അവിടെ ധാരാളം പുല്ലുണ്ട്. ചെന്നായ്ക്കളുള്ള സ്ഥലമാണ്. ആടുകളെ ശ്രദ്ധാപൂര്‍വ്വം നോക്കിക്കൊള്ളണം. ഒരാടെങ്കിലും നഷ്ടപ്പെട്ടാല്‍ ഞാന്‍ നിന്നെ ശരിയാക്കും. അവള്‍ ഞെട്ടിപ്പോയി. ഇന്നലെ തന്റെ പിതാവ് പോകരുതെന്ന് പറഞ്ഞിടത്ത് മാഡം കുസീന്‍ പോകാന്‍ പറയുന്നു.

എങ്കിലും അവള്‍ യാത്രയ്ക്ക് തയ്യാറായി. റൊട്ടികഷ്ണങ്ങളും കമ്പിളിയും തക്ലിയുമായി അവള്‍ വനത്തിലേക്ക് യാത്രയായി. കുറേനേരെ നടന്ന് നല്ല പച്ചപ്പുള്ള സ്ഥലത്തെത്തി. നല്ല പുല്ലുകള്‍ കണ്ട ആടുകള്‍ സന്തോഷത്തോടെ മേയാന്‍ തുടങ്ങി. മന്ദമാരുതന്‍ മെല്ലെ വീശാന്‍ തുടങ്ങി. അതിന്റെ ഇടയില്‍ കൂടി ചെന്നായ്ക്കളുടെ മുരളലുകളും കേള്‍ക്കുന്നുണ്ടായിരുന്നു.മലമുകളില്‍ നില്‍ക്കുമ്പോള്‍ പിബ്രാക് ദേവാലയത്തിലെ മണിമുഴങ്ങി. വി. കുര്‍ബാനയ്ക്കുള്ള സമയമായി. അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ് ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുക എന്നുള്ളത്. ഒരു കുറുക്കുവഴിയിലൂടെ ഒരു തോടു കടന്നാല്‍ പെട്ടെന്ന് പള്ളിയിലെത്താം. സാധിക്കുന്ന എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുക. വിശുദ്ധ കുര്‍ബാനയിലൂടെ ഓരോ ദിവസവും ആരംഭിക്കുക. ബാക്കിയെല്ലാം ശുഭമാകും. അവള്‍ ഇടയവടി കയ്യിലെടുത്തു. അത് നിലത്ത് കുത്തിനിര്‍ത്തി. ആടുകളെ അതിനു ചുറ്റും കൊണ്ടുവന്നു നിര്‍ത്തി. എന്നിട്ട് ആടുകളോട് പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഈ വടിക്ക് ചുറ്റും മാത്രമേ മേയാവൂ. അതിനു ശേഷം അവള്‍ വേഗം പള്ളിയിലേക്ക് യാത്രയായി. അരുവിയിലെ കല്ലുകള്‍ ചവിട്ടിക്കടന്ന് പള്ളിയിലെത്തി. ഭക്തിപൂര്‍വ്വം കുര്‍ബാനയില്‍ പങ്കെടുത്തു. അനുവാദമുള്ള ദിവസങ്ങളില്‍ അവള്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. കുര്‍ബാനയ്ക്കു ശേഷം വേഗത്തില്‍ ആടുകളുടെ അടുത്തേക്ക് തിരിച്ചെത്തി. അത്ഭുതം ആടുകള്‍ വടിക്കു ചുറ്റും നിന്ന് മേയുന്നു.

ഒരിക്കല്‍ രണ്ടു ഗ്രാമീണര്‍ ജെര്‍മെയിന്റെ വീടിനരികിലൂടെ നടന്നുപോവുകയായിരുന്നു. അല്‍പദൂരം നടന്നപ്പോള്‍ അവര്‍ ഒരു സ്വര്‍ഗീയസംഗീതം കേട്ടു. അതിന്റെ ഉറവിടം അന്വേഷിച്ച് നീങ്ങിയ ഇവര്‍ ജെര്‍മെയിന്‍ കിടന്ന തൊഴുത്തിന്റെ അടുത്തെത്തി. അവര്‍ ഉള്ളിലേക്ക് നോക്കി. അതാ ജെര്‍മെയിന്‍ കോഴിയും ആടുകളും വിശ്രമിക്കുന്നതിന്റെ അടുത്ത് മുന്തിരിക്കമ്പുകള്‍ക്കു മുകളില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു. അവളുടെ പ്രാര്‍ത്ഥന ഒരു ഹാര്‍മോണിയത്തില്‍ നിന്നു വരുന്ന ഗാനം പോലെ ഒരു സ്വര്‍ഗീയ സംഗീതംപോലെ ദൈവത്തിലേക്ക് ഉയര്‍ന്നു കൊണ്ടേയിരുന്നു. അവര്‍ പറഞ്ഞു 'നോക്കൂ, ജെര്‍മെയിന്‍ എത്ര സുന്ദരിയായിരിക്കുന്നു. അവളുടെ കഴുത്തിലെ ക്ഷതങ്ങളോ വൈരൂപ്യമോ ഇപ്പോള്‍ കാണാനില്ല.' അവളുടെ ശിരസ്സിനു ചുറ്റിലും ഒരു പ്രഭാവലയവും അവര്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇവരുടെ സാന്നിദ്ധ്യമൊന്നും അവള്‍ അറിഞ്ഞില്ല. അവള്‍ ദിവ്യാനുഭവത്തിലാണ്. അവര്‍ വാതില്‍ തുറന്ന് ജെര്‍മെയിന്റെ അടുക്കലേക്ക് ചെല്ലാന്‍ ശ്രമിച്ചു. പെട്ടെന്ന് സ്വര്‍ഗ്ഗീയസംഗീതം ശക്തമായി. അതിന്റെ ഗാംഭീര്യത അവരെ ഭയപ്പെടുത്തി. അവര്‍ പിന്തിരിഞ്ഞ് യാത്രയായി. അരുവി രണ്ടായി പിളരുന്ന ഒരു മഞ്ഞുകാലം, ജെര്‍മെയിന്‍ ആടുകളെ മേയ്ക്കുകയാണ്.

പള്ളിയില്‍ വി. കുര്‍ബാനയ്ക്കുള്ള മണിയടിച്ചു. അവള്‍ അരുവിയിലേക്ക് നോക്കി. മഞ്ഞുരുകി അരുവി നിറഞ്ഞൊഴുകുന്നു. അവള്‍ വടി നിലത്ത് കുത്തിനിര്‍ത്തി. പതിവുപോപെല ആടുകളെ വടിക്കു ചുറ്റും മേയുവാന്‍ വിട്ടു. പള്ളിയിലേക്ക് പോകുവാന്‍ തിടുക്കം കൂട്ടി. എന്നാല്‍ കൂട്ടുകാരിയായ എറ്റിയേന്‍ തടഞ്ഞു നിര്‍ത്തിയിട്ടു പറഞ്ഞു: അരുവിയില്‍ ശക്തമായ ഒഴുക്കുണ്ട്. ചേച്ചി വെള്ളത്തില്‍ ഇറങ്ങരുത്. എന്നാല്‍ കുര്‍ബാനയില്‍ സംബന്ധിക്കണം എന്ന ചിന്തയല്ലാതെ മറ്റൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ മുന്നോട്ടു നടന്നു ചെന്ന് അരുവിയിലേക്ക് അവളുടെ കാല്‍ എടുത്തുവെച്ച നിമിഷം ജലം രണ്ടായി പകുത്തു. കാല്‍ നനയാതെ അവള്‍ അക്കരെയെത്തി വി. കുര്‍ബാനയില്‍ സംബന്ധിച്ചു. കുര്‍ബാനയ്ക്കുശേഷം അല്‍പസമയം മാതാവിന്റെ രൂപത്തിന് അരികിലിരുന്ന് പ്രാര്‍ത്ഥിച്ചു. ഈ അത്ഭുതം കണ്ട എറ്റിയേന്‍ ഓടി കുസീന്‍ ഭവനത്തിലെത്തി. കുര്‍ബെ അരുവിയില്‍ സംഭവിച്ച കാര്യങ്ങള്‍ മാഡം കുസീനെ അറിയിച്ചു. അവള്‍ പറഞ്ഞു ജെര്‍മെയിന്‍ ഒരു വിശുദ്ധയാണ്. അവള്‍ക്ക് അത്ഭുതസിദ്ധിയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ കേട്ടപ്പോള്‍ മാഡം കുസീന്റെ രോഷം ആളിക്കത്തി. വൈകുന്നേരം ആടുകളുമായി വീട്ടിലെത്തിയപ്പോള്‍ മാഡം കുസീന്‍ ജെര്‍മെയിനോട് തട്ടിക്കയറി. ആടുകളെ വിട്ട് പള്ളിയില്‍ പോയതിന് വഴക്കുപറയുകയും അടിക്കുകയും ചെയ്തു. എങ്കിലും അവള്‍ അതെല്ലാം പരാതിക്കൂടാതെ സഹിച്ചു. രണ്ടാനമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

പുഷ്പങ്ങള്‍ പൊഴിച്ച ജെര്‍മെയിന്‍: ഒരിക്കല്‍ ജെര്‍മെയിന്റെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിച്ചു. ഒരു മഞ്ഞുകാലം,മാഡം കുസീന്‍ പരാതിയുമായി മുന്നോട്ടുവന്നു. ജെര്‍മെയിന്‍ വീട്ടില്‍ നിന്ന് റൊട്ടികഷ്ണങ്ങള്‍ മോഷ്ടിച്ച് ഭക്ഷിക്കുകയും റോഡില്‍ കാണുന്ന തെണ്ടികള്‍ക്കെല്ലാം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നുവെന്നാണ് പരാതി. മാഡം കുസീന്‍ ഒരു വലിയ വടിയുമായി ജെര്‍മെയിനെ പെരുവഴിയിലൂടെ ഓടിക്കുകയാണ്. അവള്‍ കരഞ്ഞുകൊണ്ട് ഓടുന്നു, ഒച്ചകേട്ട് പരിസരവാസികള്‍ ഓടിക്കൂടി. ജെര്‍മെയിന്‍ മോഷ്ടിക്കുകയോ? അവര്‍ക്ക് അത് വിശ്വസിക്കാന്‍ സാധിച്ചില്ല. മാഡം കുസീന്‍ അലറിവിളിച്ചു. തുറക്കെടീ നിന്റെ ഏപ്രണ്‍. നീ കള്ളിയാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ. നീ കട്ടെടുത്ത റൊട്ടി അവരെ കാണിക്കുക. പരിസരവാസികളിലും കൂട്ടുകാരിലും ചില അങ്കലാപ്പ്. ഇനി ഇവള്‍ കള്ളിയാണോ? ഇവള്‍ മഷ്ടിച്ചിരിക്കുമോ? ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അവള്‍ ഏപ്രണ്‍ തുറന്നു. അവരെല്ലാം അന്തംവിട്ടു നിന്നുപോയി. അതാ ജെര്‍മിയന്റെ ഏപ്രണ്‍ന് ഉള്ളില്‍ സുരഭില പരിമളം പരത്തുന്ന പനിനീര്‍പ്പൂക്കള്‍. സ്വര്‍ഗ്ഗപുഷ്പങ്ങള്‍ പോലെ ആ പ്രദേശമാകെ അത് പരിമളം പരത്തി. ആളുകള്‍ എല്ലാം മുട്ടിന്മേല്‍ നിന്ന് നെറ്റിയില്‍ കുരിശുവരച്ച് ദൈവത്തിനു മഹത്വം നല്‍കി. അവര്‍ പരസ്പരം പറഞ്ഞു ജെര്‍മെയിന്‍ വിശുദ്ധയാണ്. മാഡം കുസീന്‍ ലജ്ജിതയായി തലതാഴ്ത്തി. എങ്കിലും ജെര്‍മെയിനോട് ക്ഷമാപണം നടത്താനൊന്നും അവള്‍ തയ്യാറായില്ല. ആടുകളെ നന്നായി നോക്കണം എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞതിനു ശേഷം ഭവനത്തിലേക്ക് തിരികെ പോന്നു. ജനങ്ങള്‍ അവരുടെ വീടുകളിലേക്ക് തിരികെ പോന്നു.

പൂക്കളുടെ അത്ഭുതം ഒരിക്കല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവള്‍ ഒരു ദൈവസ്വരം ശ്രവിക്കാനിടയായി. അതിപ്രകാരമായിരുന്നു നാളെ ഈശോ നിന്നെ സന്ദര്‍ശിക്കും. അവള്‍ ആനന്ദംകൊണ്ട് മതിമറന്നു. യേശുനാഥന്‍ തന്നെ സന്ദര്‍ശിക്കുകയോ? അവള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അന്നു രാത്രി ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. ദിവ്യമായ ഒരു പ്രാര്‍ത്ഥനാനുഭവത്തിലേക്ക് അവള്‍ കടന്നുവന്നു. നാഥനെ എതിരേല്‍ക്കുവാന്‍ അന്നു രാത്രി അവള്‍ ഹൃദയത്തെ ഒരുക്കി. പാപങ്ങളെയോര്‍ത്ത് മനസ്തപിച്ചു. തന്റെ ചെറിയ തെറ്റുകള്‍ പോലും ദൈവത്തോട് അവള്‍ ഏറ്റുപറഞ്ഞു. ദൈവം സന്ദര്‍ശിക്കുന്ന അവസരത്തില്‍ ദൈവത്തിന് എന്തു കൊടുക്കും? കൈവശം ഒന്നും തന്നെയില്ല. അവള്‍ നോക്കിയപ്പോള്‍ അതാ അലമാരയില്‍ രണ്ടാനമ്മ കുറച്ച് പുതിയ റൊട്ടികഷ്ണങ്ങള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. അവള്‍ അതില്‍ രണ്ടെണ്ണമെടുത്തു. ഇത് രണ്ടാനമ്മ കണ്ടു. അവര്‍ വടിയുമായി ഓടിയെത്തി. റൊട്ടി പൊതിഞ്ഞു സൂക്ഷിച്ച അവളുടെ ഉടുപ്പ് വലിച്ചുതാഴ്ത്തി. അപ്പോഴതാ റൊട്ടികഷ്ണങ്ങളുടെ സ്ഥാനത്ത് കുറേ പുഷ്പങ്ങള്‍, അങ്ങനെ രണ്ടാം പ്രാവശ്യവും രണ്ടാനമ്മയുടെ കയ്യില്‍ നിന്ന് ദൈവം അവളെ രക്ഷിച്ചു. ഒരിക്കല്‍ ജെര്‍മെയിന്‍ കുന്നിന്‍ ചെരുവില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു. ആടുകളെ തന്റെ ഇടയവടി നാട്ടിനിറുത്തി അതിനു ചുറ്റും മേയുവാന്‍ വിട്ടു. അതിനുശേഷം അവള്‍ നൂല്‍ നൂല്‍ക്കുവാന്‍ തുടങ്ങി. ഈ സമയം ഒരു യാചകന്‍ ആ വഴി വരുവാന്‍ ഇടയായി. അവള്‍ നോക്കി. കീറിപ്പറിഞ്ഞ വസ്ത്രം, തണുപ്പില്‍ ഷൂസ് ഇടാതെ ഐസുകട്ടകള്‍ക്ക് മുകളിലൂടെ അയാള്‍ നടന്നു വരികയാണ്. ജെര്‍മെയിനോട് അയാള്‍ ഭക്ഷണം ചോദിച്ചു. രണ്ടാനമ്മ കൊടുത്തിവിട്ട റൊട്ടികഷ്ണങ്ങളും വെള്ളവും അവള്‍ അയാള്‍ക്ക് സമ്മാനിച്ചു. റൊട്ടി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിഭീകരമായ ഒരു കാഴ്ച കണ്ടു. കുറെ ചെന്നായ്ക്കള്‍ ഓടിവരുന്നു. അയാള്‍ ഭയവിഹുലനായി. ജെര്‍മെയിന്‍ അയാളെ ധൈര്യപ്പെടുത്തി. അവള്‍ തന്റെ ഇടയവടി ഒരിക്കല്‍ക്കൂടി കയ്യിലെടുത്തു. സ്വര്‍ഗ്ഗത്തിലേക്കു നോക്കി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. അതിനുശേഷം വടി ആഞ്ഞു നിലത്തുകുത്തി. മനസ്സുകൊണ്ട് വടിക്കുചുറ്റും ഒരു വൃത്തം വരച്ചു. എന്നിട്ട് ചെന്നായ്ക്കളോട് അവള്‍ കല്‍പിച്ചു. ഈ വലയത്തിനുള്ളില്‍ കയറരുത്. ചെന്നായ്ക്കള്‍ അത് അനുസരിച്ചു. തീ പാറുന്ന കണ്ണുകളുമായി അവ കുറേനേരം ആടുകളെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും ഒരു ദൈവിക ശക്തി ചെന്നായ്ക്കളിലേക്ക് പ്രവഹിച്ചു. അവ തല്‍ക്ഷണം മുട്ടുമടക്കി. യാചകന്‍ അവളെ താണുവണങ്ങി. അവളുടെ ദൈവത്തിന് അയാള്‍ നന്ദി പറഞ്ഞു.

കൂട്ടുകാരെല്ലാം ഓടിയെത്തി. അവര്‍ അവിടെ കളികളും പ്രാര്‍ത്ഥനകളും ആരംഭിച്ചു. പോകാന്‍ നേരം ആ യാചകന്‍ ഇപ്രകാരം ജെര്‍മെയിനോട് പറഞ്ഞു ജെര്‍മെയിന്‍ നീ ഒരു പുണ്യവതിയാണ്. നീ ഒരു വിശുദ്ധയാകും. ജെര്‍മെയിന്റെ ആരോഗ്യസ്ഥിതി ഒട്ടും മെച്ചപ്പെട്ടില്ല. അവളുടെ കഴുത്തിലെ കണ്ഠമാല രോഗം കൂടിവന്നു. അവള്‍ക്ക് യാതൊരു വിധ വൈദ്യസഹായവും ലഭിച്ചില്ല. മാഡം കുസീന്‍ ക്രൂരമായി പീഢിപ്പിച്ചുകൊണ്ടിരുന്നു. അടിക്കുക, പട്ടിണിക്കിടുക, ചൂടുവെള്ളം ദേഹത്തൊഴിക്കുക ഇവയൊക്കെ മാഡം കുസീന്റെ ക്രൂരവിനോദങ്ങളില്‍ ചിലതു മാത്രം. എങ്കിലും ഇവയെല്ലാം അവള്‍ നിശബ്ദമായി സഹിച്ചു. ഒരിക്കല്‍പോലും മാഡം കുസീനെതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. ജെര്‍മെയിന്റെ ഹൃദയം രണ്ടാനമ്മക്കു വേണ്ടി ദൈവസന്നിധിയില്‍ വിങ്ങിപ്പൊട്ടി. 'ഓ എന്റെ ദൈവമേ അങ്ങ് എന്റെ ജീവിതത്തിലേക്ക് ചൊരിഞ്ഞ സ്‌നേഹത്തിന്റെ ഒരു അംശമെങ്കിലും എന്റെ അമ്മയിലേക്ക് പകരുവാന്‍ എന്നെ സഹായിക്കേണമേ.' എന്നും അവള്‍ രണ്ടാനമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കും. തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുപരിയായി എപ്പോഴും ദൈവസ്‌നേഹത്തിന് അവള്‍ പ്രാധാന്യം കൊടുത്തു. ദാരിദ്ര്യത്തിന് നടുവില്‍ വല്ലപ്പോഴും കിട്ടുന്ന റൊട്ടി കഷ്ണങ്ങള്‍ ഇല്ലാത്തവരുമായി പങ്കുവെച്ചു. കൊടിയ തണുപ്പത്ത് കമ്പിളിയില്ലാതെ മുന്തിരിക്കമ്പുകള്‍ക്ക് മുകളില്‍ കിടന്ന് അവള്‍ ഉറങ്ങി. ചെരുപ്പില്ലാതെ കൊടും തണുപ്പത്ത് അവള്‍ സഞ്ചരിച്ചു. ചില രാത്രികളില്‍ ദിവ്യമായ ദൈവാനുഭവം അവള്‍ക്ക് ലഭിച്ചു. ജപമാലയായിരുന്നു ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന. പിബ്രാക്കയിലെ പള്ളിയായിരുന്നു അവളുടെ യഥാര്‍ത്ഥഭവനം. അവിടെയായിരുന്നു അവള്‍ ആശ്വാസം കണ്ടെത്തിയിരുന്നത്. കഴുത്തിലെ കണ്ഠമായരോഗവും ശോഷിച്ച കൈകളും അവളെ തീര്‍ത്തും അവശയാക്കി. പോഷകാഹാരത്തിന്റെ കുറവ് അവളുടെ ശരീരത്തെ ഒരു അസ്ഥികൂടമാക്കി മാറ്റി. കൊടിയ തണുപ്പും ദുര്‍ഗന്ധം വമിക്കുന്ന കുതിരാലയത്തിലെ താമസവും അവളെ തീര്‍ത്തും അവശയാക്കി കഴിഞ്ഞിരുന്നു. പോരാത്തതിന് മാഡം കുസീന്റെ ക്രൂരമായ പീഡനവും അടിയുടെയും പൊള്ളലിന്റെയും മുറിവുകള്‍ അവളുടെ ശരീരത്തില്‍ ഉണങ്ങാതെ കിടന്നിരുന്നു.

1601 ജൂണ്‍ മാസം. രണ്ട് സന്യാസികള്‍ ടുളൂസില്‍നിന്ന് യാത്ര ചെയ്യുകയായിരുന്നു. അവര്‍ രാത്രിയില്‍ പട്ടണത്തിലെ ഒരു കോട്ടയില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. രാത്രി വളരെ വൈകി അവിടെയെത്തി. അവരിലൊരാള്‍ ആകാശത്തിലേക്ക് നോക്കിയപ്പോള്‍ ആകാശ ത്തുനിന്ന് ഭൂമിവരെ എത്തുന്ന ഒരു പ്രകാശ വീഥി കണ്ടു. അവര്‍ സൂക്ഷിച്ചു നോക്കി. അല്‍പം കഴിഞ്ഞപ്പോള്‍ ചിറകുള്ള രണ്ട് പ്രകാശരൂപങ്ങള്‍ ഈ പ്രകാശ വീഥിയില്‍ കാണപ്പെട്ടു. സ്വര്‍ഗ്ഗീയമായ ഒരു സംഗീതം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഈ ദര്‍ശനം അകലെയുള്ള ഒരു പഴയ കെട്ടിടത്തിനുള്ളില്‍ അവസാനിക്കുന്നതു പോലെ തോന്നി. ആ രണ്ട് പ്രകാശ രൂപങ്ങളും ആ കെട്ടിടത്തിനുള്ളിലേക്ക് കയറി പോകുന്നത് അവര്‍ കണ്ടു. അല്‍പസമയം ഒരു നിശ്ചലാവസ്ഥ. വീണ്ടും ആ കെട്ടിടത്തിനു പുറത്ത് ആ സ്വര്‍ഗ്ഗീയ രൂപങ്ങള്‍ കാണപ്പെട്ടു. ഇപ്പോള്‍ അതാ അവരോടൊപ്പം മറ്റൊരു സ്ത്രീ രൂപം കൂടി. അവള്‍ക്ക് ചിറകുകളില്ല. ചിറകുള്ള ഈ മാലാഖമാര്‍ ഉന്നതങ്ങളിലേക്ക് സംവഹിച്ചു കൊണ്ടു പോവുകയാണ്. രാത്രി കുറേ നേരം ഈ ദര്‍ശനത്തെപ്പറ്റി അവര്‍ സംസാരിച്ചു, ചിന്തിച്ചു. അവര്‍ പാതി മയക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് പ്രഭാതത്തില്‍ എഴുന്നേറ്റ് അവര്‍ ആ ഗ്രാമത്തിലേക്ക് നടന്നു. പ്രഭാതത്തില്‍ പതിവുപോലെ മാഡം കുസീന്‍ ജോലികള്‍ ആരംഭിച്ചു.

ജെര്‍മെയിനുള്ള റൊട്ടിയും വെള്ളവും മേശപ്പുറത്തു വെച്ചു. സമയം കഴിഞ്ഞിട്ടും ജെര്‍മെയിനെ കാണുന്നില്ല. മാഡത്തിന് ഉത്കണ്ഠ തോന്നി. റൊട്ടിയും വെള്ളവുമായി തൊഴുത്തിനടുത്തേക്ക് നീങ്ങി. തൊഴുത്തില്‍ ആടുകള്‍ കരയുകയും അസ്വസ്ഥത കാട്ടുകയും ചെയ്യുന്നു. അവള്‍ ഉള്ളിലേക്ക് നോക്കി. അതാ ജെര്‍മെയിന്റെ ചേതനയറ്റ ശരീരം. ജെര്‍മെയിന്‍, മാഡം കുസീന്‍ ഉറക്കെ വിളിച്ചു. ഉത്തരമില്ല. കാരണം, ഇന്നലെ രാത്രിതന്നെ അവള്‍ മാലാഖമാരുടെ അകമ്പടിയോടെ സ്വര്‍ഗത്തിലേക്ക് യാത്രയായി കഴിഞ്ഞിരുന്നു. നെറ്റിയില്‍ കുരിശുവരച്ചുകൊണ്ട് ജെര്‍മെയിന്റെ കിടക്കയ്ക്ക് സമീപം മുട്ടുകുത്തി അവള്‍ വിതുമ്പിക്കരഞ്ഞു. 'എന്നോട് ക്ഷമിക്കൂ മോളേ.എന്നോട് ക്ഷമിക്കൂ.'ജെര്‍മെയിനു വേണ്ടി പലതും ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ വളരെ വൈകിപ്പോയിയെന്നു മാത്രം. മാഡം കുസീന്‍ തൊഴുത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അതാ മുറ്റത്ത് രണ്ട് സന്യാസികള്‍. അവള്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് അവര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവര്‍ ചോദിച്ചു: ഇന്നലെ രാത്രി ഈ ഗ്രാമത്തില്‍ ആരെങ്കിലും മരിച്ചുവോ? ഈ ചോദ്യം മാഡം കുസീന്റെ ഹൃദയത്തെ കീറിമുറിച്ചു. അവള്‍ വിങ്ങിപ്പൊട്ടി സത്യങ്ങള്‍ സന്യാസികളോട് പറഞ്ഞു. അവര്‍ പറഞ്ഞു ഇന്നലെ രാത്രി ഒരു പ്രകാശ വീഥിയില്‍ കൂടി ദൈവദൂതന്മാര്‍ അവളുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ പറഞ്ഞു. ആ കുഞ്ഞ് വിശുദ്ധയാണ്. കഴിഞ്ഞ രാത്രി മുഴുവന്‍ ഗ്രാമത്തില്‍ സ്വര്‍ഗ്ഗീയ സംഗീതവും പരിമളവുമുണ്ടായിരുന്നു. നന്നായി ജീവിച്ചാല്‍ മരണനാഴികയില്‍ യേശു നമ്മളെ ആശ്വസിപ്പിക്കുകയും മാലാഖമാര്‍ നമ്മുടെ ആത്മാവിനെ കൈകളില്‍ സംവഹിച്ച് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും.

ജെര്‍മെയിന്റെ ചേതനയറ്റ ശരീരം അവര്‍ തൊഴുത്തില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോന്നു. അവളെ കുളിപ്പിച്ച് പുതിയ വെള്ളവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കൊച്ചുകൂട്ടുകാര്‍ ഓടിയെത്തി. അവര്‍ പൂക്കള്‍ കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവളുടെ ശിരസ്സില്‍ വെച്ചു. കയ്യില്‍ ഒരു മെഴുകുതിരിയും പിടിപ്പിച്ചു. ഗ്രാമവാസികളും കുടുംബാംഗങ്ങളും മൃതശരീരത്തിന് ചുറ്റും കൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. അന്നത്തെ പതിവനുസരിച്ച് പിബ്രാക്കയിലെ ചെറിയ ഇടവക പള്ളിയിലെ പ്രസംഗപീഠത്തിനെതിരെ അവളെ സംസ്‌കരിച്ചു. അവളെ അടക്കിയ സ്ഥലത്ത് പ്രത്യേക എഴുത്തോ അടയാളങ്ങളോ ഒന്നുമില്ലായിരുന്നു. ഈ ഇടയകന്യകയുടെ ജീവിതം ആറടി മണ്ണില്‍ അവസാനിക്കാനുള്ളതല്ല. അവളുടെ ജീവിതം അനേകര്‍ക്ക് ആശ്വാസത്തിന് ഇട നല്‍കുമെന്ന് അന്ന് ആരും ചിന്തിച്ചിരുന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ കടന്നുപോയി. ആ ഗ്രാമം തന്നെ ജെര്‍മെയിനെ മറന്നു കഴിഞ്ഞിരുന്നു. 1644. ജെര്‍മെയിന്റെ ഒരു ബന്ധുവായ എവുദാലെഗെ എന്ന സ്ത്രീ മരിച്ചു. മരണക്കിടക്കയില്‍ വെച്ച് ആ സ്ത്രീ തന്റെ അന്ത്യാഭിലാഷം കുസീന്‍ കുടുംബത്തെ അറിയിച്ചു. അത് ഇപ്രകാരമായിരുന്നു. താന്‍ മരിക്കുമ്പോള്‍ കുസീന്‍ കുടുംബത്തിന്റെ കല്ലറയില്‍ സംസ്‌ക്കരിക്കണം. ഈ ആഗ്രഹപ്രകാരം എവുദാലെഗെയുടെ മരണശേഷം കല്ലറയുടെ ഏതാനും കല്ലുകള്‍ നീക്കി. അപ്പോള്‍ പണിക്കാര്‍ അദ്ഭുതസ്തബ്ധരായി നിന്നുപോയി. അവര്‍ കല്ലുകള്‍ മാറ്റിയ സ്ഥലത്ത് അതാ ഒരു യുവതിയുടെ അഴുകാത്ത ശരീരം. തലയില്‍ പൂക്കള്‍ക്കൊണ്ടുള്ള കിരീടം. പുതിയ വെള്ള വസ്ത്രങ്ങള്‍. പൂക്കളുടെ സുഗന്ധംപോലും നഷ്ടപ്പെട്ടിരുന്നില്ല. കയ്യിലെ മെഴുകുതിരിയും അതേപടിയിരിക്കുന്നു. ഈ കന്യക ആരാണെന്ന് മനസ്സിലാക്കാന്‍ പിബ്രാക്ക ഇടവകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നാല്‍പത്തിമൂന്ന് വര്‍ഷം മുമ്പ് മരിച്ച ജെര്‍മെയിന്‍ കുസീനാണത് എന്നവര്‍ക്ക് മനസ്സിലായി.

അവളുടെ പൂജ്യശരീരം പൊതുദര്‍ശനത്തിനായി ദേവാലയത്തില്‍ വെച്ചു. ഗ്രാമവാസികള്‍ ഒന്നൊഴിയാതെ അവിടെവന്ന് പ്രാര്‍ത്ഥിച്ചു. മരിയ ക്ലമന്റ് എന്ന സമ്പന്ന സ്ത്രീ പിബ്രാക്കയില്‍ താമസിച്ചിരുന്നു. അവര്‍ക്ക് പള്ളിയില്‍ പ്രത്യേക ഇരിപ്പിടം തന്നെയുണ്ടായിരുന്നു. ജെര്‍മെയിന്റെ പൂജ്യശരീരം പൊതുദര്‍ശനത്തിന് വെച്ചതില്‍ അവള്‍ക്ക് അതൃപ്തി ഉണ്ടായി. സ്ഥാനമഹിമ മൂലം ജെര്‍മെയിന്റെ ശരീരം നീക്കം ചെയ്യണമെന്ന് മരിയ ക്ലമന്റ് ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവസം അതിനുള്ള തക്കപ്രതിഫലം ലഭിച്ചു. അവളുടെ കുഞ്ഞിന് കലശലായ ദീനം പിടിപെട്ടു. ചികില്‍സകള്‍ ഒന്നു ഫലിച്ചില്ല. കുട്ടി മരിക്കുമെന്ന അവസ്ഥയിലായി. അവരുടെ ഭര്‍ത്താവ് ഫ്രെഡിനാന്റിന് ഈ അസുഖത്തിന്റെ കാരണം ജെര്‍മെയിനോട് കാണിച്ച അനാദരവാണ് എന്ന് ബോധ്യപ്പെട്ടു. അദ്ദേഹം ഭാര്യയോടു പറഞ്ഞു. നമുക്ക് പശ്ചാത്തപിച്ച് ജെര്‍മെയിനോട് മാപ്പപേക്ഷിക്കാം. അവര്‍ അങ്ങനെ ചെയ്തു. അന്ന് രാത്രി അവരുടെ കിടപ്പുമുറിയില്‍ ഒരു പ്രകാശധാരയില്‍ ജെര്‍മെയിന്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ അപേക്ഷപോലെ സംഭവിച്ചിരിക്കുന്നുവെന്ന് അറിയിച്ചു. പെട്ടെന്ന് കുഞ്ഞ് സൗഖ്യപ്പെട്ടു. അയല്‍ക്കാരെയും വേലക്കാരെയും വിളിച്ച് ഇക്കാര്യം അന്ന് രാത്രിതന്നെ അവര്‍ സാക്ഷ്യപ്പെടുത്തി. ജെര്‍മെയിന്റെ ശരീരത്തിന് മുന്നില്‍ മുട്ടുകുത്തി പരസ്യമായി കൃതജ്ഞത പ്രകടിപ്പിച്ചു. ഈ അനുഗ്രഹത്തിന് നന്ദിയായി അവര്‍ ജെര്‍മെയിന്റെ ശരീരം പൂജ്യമായി സൂക്ഷിക്കുവാന്‍ ഒരു ഈയ്യപേടകം പള്ളിക്ക് സമ്മാനിച്ചു. ഈ ഈയ്യപേടകത്തിലാണ് ഫ്രഞ്ച്‌വിപ്ലവം വരെ ജെര്‍മെയിന്റെ ശരീരം പള്ളി സങ്കീര്‍ത്തിയില്‍ സൂക്ഷിച്ചത്. ജെര്‍മെയിന്റെ അഴുകാത്ത ശരീരം കണ്ടെത്തിയതിനു ശേഷം പിബ്രാക്കയിലെ ജനങ്ങള്‍ അവളുടെ മാദ്ധ്യസ്ഥ്യം തേടാന്‍ തുടങ്ങി. ക്രമേണ ഈ ഭക്തി ഫ്രാന്‍സു മുഴുവന്‍ വ്യാപിച്ചു. അനേകം അദ്ഭുതങ്ങള്‍ സംഭവിച്ചു. പിബ്രാക്ക പള്ളിയിലേക്ക് ജനപ്രവാഹമായി.

1793 ആയപ്പോഴേക്കും ഫ്രഞ്ചു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. വിപ്ലവത്തെ തുടര്‍ന്ന് സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളും സംഭവിച്ചു.ജെര്‍മെയിന്റെ പേരിലുള്ള ഭക്തി അന്ധവിശ്വാസമാണെന്ന വാര്‍ത്ത പരന്നു. ടുളൂസ് ഭരണകൂടം ജെര്‍മെയിന്റെ പാവനശരീരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ ഒരു കുഴിയുണ്ടാക്കി അതില്‍ ജെര്‍മെയിന്റെ ശരീരം നിക്ഷേപിച്ചു. ശരീരം വേഗം പൊടിഞ്ഞു പോകുവാന്‍ മുകളില്‍ കുമ്മായം വിതറി. അതിനുശേഷം കുഴിമൂടി. ഈയ്യപേടകം വെടിയുണ്ടകള്‍ നിര്‍മിക്കുവാനായി അവര്‍ കൊണ്ടുപോയി. നീതിമാനായ ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഈ നീചകൃത്യം ചെയ്തവര്‍ക്ക് ഉടന്‍ തന്നെ തക്കശിക്ഷ കിട്ടി. ഒരുവന്റെ കൈ തളര്‍ന്നു. മറ്റൊരാളുടെ തലയും കഴുത്തും ഒരു വശത്തേക്ക് ചരിഞ്ഞു. മറ്റൊരാള്‍ക്ക് നാലുകാലില്‍ നടക്കേ ണ്ടി വന്നു. വേറൊരാള്‍ പലതരം രോഗം മൂലം പീഡിപ്പിക്കപ്പെട്ടു. ഇരുപതു വര്‍ഷത്തോളം ഇവര്‍ ഈ പീഢ അനുഭവിച്ചു. പിന്നീടവര്‍ ജെര്‍മെയിന്റെ മാദ്ധ്യസ്ഥ്യം തേടുകയും കര്‍ത്താവ് അവരെ അദ്ഭുതകരമായി സുഖപ്പെടുത്തുകയും ചെയ്തു. 1815. ഫ്രഞ്ച് വിപ്ലവത്തിന് അല്‍പം അയവു വന്നു. പിബ്രാക്ക് നിവാസികള്‍ പള്ളിയില്‍ ചെന്ന് കുഴി തുറന്നു. അദ്ഭുതം ജെര്‍മെയിന്റെ പാവനശരീരത്തിന് കേടുകളൊന്നും സംഭവിച്ചിട്ടില്ല. ഇതോടുകൂടി ജെര്‍മെയിനോടുള്ള ഭക്തി ഫ്രാന്‍സിന്റെ അതിര്‍ത്തി കടക്കുവാന്‍ തുടങ്ങി. 1854 മെയ് 7-ാം തിയ്യതി അന്ന് ജെര്‍മെയിനെ വാഴ്ത്തപ്പെട്ടവളായി തിരുസഭ ഉയര്‍ത്തി. 1867 ജൂണ്‍ 29. ജെര്‍മെയിന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു. ജൂണ്‍ 15-ാം തിയ്യതി തിരുസഭ വി. ജെര്‍മെയിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. 

വിശുദ്ധ ജെര്‍മെയിന്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…