ഞാനൊരു കത്തോലിക്കാവൈദികനാണ് എനിക്ക് ഈ മനുഷ്യന്റെ സ്ഥാനത്ത് മരിക്കണമെന്നുണ്ട്. ഈ വാക്കുകള്‍ ആരെയും അമ്പരിപ്പിക്കും. ജീവിതത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനു വേണ്ടി ജീവന്‍ ഹോമിക്കാന്‍ ആരാണ് തയ്യാറാവുക. 1894 ജനുവരി മാസം എട്ടാം തിയതിയാണ് വിശുദ്ധനായിത്തീരേണ്ട ആ കുഞ്ഞിന്റെ ജനനം. അമ്മയുടെ സാക്ഷ്യമനുസരിച്ച് ചെറുപ്പം മുതല്‍ അവന്‍ ദയാലുവായിരുന്നു. എല്ലാവരുടെയും വേദന അവന്റെ കരളലയിപ്പിക്കുമായിരുന്നു. ജീവിതത്തിന്റെ ആദ്യസമയം മുതല്‍ എന്റെ ഉള്ളില്‍ അവന്‍ ഒരു രക്തസാക്ഷിയായി മരിക്കുമെന്നുള്ള ബോധ്യം ഉണ്ടായിരുന്നു എന്ന് കോള്‍ബെയുടെ അമ്മ സാക്ഷ്യപ്പെടുത്തുന്നു. റെയ്മണ്ട് എന്നായിരന്നു അവന്റെ മാമ്മോദീസ പേര്. പത്താമത്തെ വയസ്സില്‍ ഉള്ളില്‍ ഏറെ സംഘര്‍ഷം അനുഭവിക്കുന്ന റെയ്മണ്ടിനെ അമ്മ കണ്ടു. നിരന്തരം അവന്‍ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ മുട്ടില്‍ നിന്ന് ഈ സംഘര്‍ഷം അവസാനിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. പരിശുദ്ധ അമ്മ അവന് പ്രത്യക്ഷപ്പെട്ടു. രണ്ടു കിരീടങ്ങളുമായിട്ടാണ് അമ്മ വന്നത്. ഒന്ന് ജീവിതത്തിന്റെ ശുദ്ധത കാത്തുസൂക്ഷിക്കുന്നതിനുള്ളതും മറ്റൊന്ന് രക്തസാക്ഷിയായിത്തീരുന്നതിനുള്ളതും. റെയ്മണ്ട് തിരഞ്ഞെടുത്തത് രക്തസാക്ഷിക്കുള്ള കിരീടമാണത്രെ.

1907 ഒക്‌ടോബര്‍ മാസത്തില്‍ റെയ്ണ്ട് തന്റെ കുടുംബത്തെ വിട്ട് യാത്രയായി. ഫ്രാന്‍സിസ്‌കന്‍ സന്യാസഭവനത്തിലേക്കായിരുന്നു യാത്ര. അങ്ങനെ 1910ല്‍ അവന്‍ സന്യാസിയായി. 1914 നവംബര്‍ മാസം പതിനാലാം തിയതി നിത്യവ്രതം വാഗ്ദാനം ചെയ്തു. അതിനുശേഷം അവന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. 'എന്റെ ഭാവി മുഴുവന്‍ ഞാന്‍ മറിയത്തിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു'. അദ്ദേഹത്തിന്റെ ആത്മീയ പിതാവിന്റെ വാക്കുകള്‍. മറിയത്തെ ഇതില്‍ക്കൂടുതല്‍ സ്‌നേഹിക്കുന്ന മറ്റൊരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മറിയത്തിന്റെ പൊന്നുമകനായിരുന്നു മാക്‌സ്മില്ല്യണ്‍ കോള്‍ബേ. മറിയത്തോടുള്ള സ്‌തോത്രഗീതങ്ങള്‍ അവന്റെ കണ്ണുകളെ ഈറനണിയിക്കുമായിരുന്നു. മറിയത്തോടൊപ്പം നില്‍ക്കുന്ന ഒരു സൈന്യഗണത്തെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. 1917 ജനുവരി മാസത്തില്‍ ഫാ. കോള്‍ബെയും മറ്റ് ആറു പേരും മറിയത്തിന്റെ അമലോല്‍ഭവഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചു. മറിയത്തിന്റെ സൈന്യം എന്ന പേരില്‍ ഒരു മാസികയും അവര്‍ പുറത്തിറക്കി. മാധ്യമങ്ങളിലൂടെ മറിയത്തിന്റെ മാധ്യസ്ഥശക്തിയെ പ്രകീര്‍ത്തിക്കുവാന്‍ തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലായി. ക്ഷയരോഗം ബാധിച്ച് കിടപ്പിലായെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതയെ തണുപ്പിക്കാന്‍ അതിനായില്ല. അദ്ദേഹം നാടെങ്ങും ചുറ്റിനടന്ന് ദൈവസ്‌നേഹത്തെക്കുറിച്ചും പരസ്‌നേഹത്തെക്കുറിച്ചും പ്രസംഗിച്ചു.

1921 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. വീണ്ടും പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടു. സാമ്പത്തികമേഖല ആ നാളുകളില്‍ അത്ര മെച്ചമായിരുന്നില്ല. മറ്റുള്ളവരുടെ സംഭാവനയിലൂടെ ഈ പ്രസ്ഥാനം വീണ്ടും മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം മറിയത്തിന്റെ വിമലഹൃദയത്തിന് മുന്‍പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അദ്ഭുതകരമായി പണം ലഭിച്ചതിനെക്കുറിച്ചും കോള്‍ബെ എഴുതിക്കാണുന്നുണ്ട്. പ്രിന്റിങ്ങിന് ആവശ്യമായ തുക കൂടിവന്നപ്പോള്‍ സ്വയം ഒരു പ്രിന്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു രാജകുമാരന്‍ അല്‍പം സ്ഥലം ഇതിനായി നല്‍കിയപ്പോള്‍ അവിടെ മറിയത്തിന്റെ തിരുസ്വരൂപം സ്ഥാപിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഈ രാജകുമാരന്‍ യാതൊരു നിബന്ധനയുമില്ലാതെയാണ് സ്ഥലം നല്‍കിയതെങ്കിലും കരാര്‍ ഉറപ്പിക്കാന്‍ സമയമായപ്പോള്‍ തനിക്കുവേണ്ടി അവിടെ എന്നും ബലിയര്‍പ്പിക്കപ്പെടണമെന്നുള്ള ആവശ്യം രാജകുമാരന്‍ ഉന്നയിച്ചു. ഈ ആവശ്യം കേട്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. എല്ലാക്കാലത്തും ഒരാള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിക്കുക കടമയായിത്തീരും. കോള്‍ബെ പെട്ടെന്നുതന്നെ പ്രസ്തുത സ്ഥലം വേണ്ടെന്നു വച്ചു. രാജകുമാരന്‍ അത് നല്‍കാനും തയ്യാറായില്ല. ഫാ. കോള്‍ബെ വീണ്ടും മറിയത്തിന്റെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. എന്നെ നീ എന്തിനാണ് ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന് മറിയത്തോട് ചോദിച്ചു. ഈ കാഴ്ച കാണുവാന്‍ പോലും രാജകുമാരന് സാധിക്കുമായിരുന്നില്ല. അത്രമേല്‍ വേദനാജനകമായിരുന്നു മറിയവും കോള്‍ബെയും തമ്മിലുള്ള സംസാരം.

പെട്ടെന്ന് യാതൊരു നിബന്ധനകളുമില്ലാതെ ഈ സ്ഥലം കോള്‍ബെയുടെ സംരംഭങ്ങള്‍ക്ക് നല്‍കാന്‍ താന്‍ തയ്യാറാണെന്ന് രാജകുമാരന്‍ പറഞ്ഞു. ഇമ്മാക്കുലര നഗരം എന്നാണ് ഇത് അറിയപ്പെട്ടത്. അവിടെ പതിനെട്ടോളം സന്യാസികളും രണ്ടു വൈദികരും ഉണ്ടായിരുന്നു. സമൂഹജീവിതത്തിന്റെ എല്ലാ വിഷമങ്ങളും അവര്‍ ഒരുമിച്ചു നേരിട്ടു. കഠിനാധ്വാനത്തിന്റെയും അലച്ചിലിന്റെ നാളുകളായിരുന്നു അത്. മണ്ണില്‍ പണിയെടുത്തും രാവേറെ പ്രാര്‍ത്ഥിച്ചും അവര്‍ തങ്ങളുടെ ഉപജീവനത്തിനും ശുശ്രൂഷയ്ക്കുമുള്ള വഴികള്‍ കണ്ടെത്തി. കൂടുതല്‍ സന്യാസികളെ താമസിപ്പിക്കുവാന്‍ സെമിനാരി കെട്ടിടം വലുതാക്കി പണിയുവാന്‍ സുപ്പീരിയര്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ഫാ. കോള്‍ബെ അനുസരിച്ചു. പണവും സാഹചര്യങ്ങളും ദൈവം തരുമെന്ന് വിശ്വസിച്ചു. നാടിന്റെ പലഭാഗത്തുനിന്നും സഹായഹസ്തങ്ങള്‍ നീണ്ടു. അധികാരികള്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്തവിധമായിരുന്നു ആ ആശ്രമത്തിന്റെ വളര്‍ച്ച. ഇരുപത് സന്യാസികള്‍ മാത്രമുണ്ടായിരുന്ന ആശ്രമത്തില്‍ പിന്നീട് എണ്ണൂറോളം സന്യാസികളായി. അവര്‍ക്കെല്ലാം താമസസൗകര്യങ്ങളും ശുശ്രൂഷാ മേഖലകളും ഒരുക്കപ്പെട്ടു. അന്ന് ലോകത്തിലെ ഏറ്റവും വലിയ സന്യാസഭവനമായി ഇമ്മാക്കുലാര മാറി. ആദ്യത്തെ അഞ്ചു വര്‍ഷം തന്നെ അവര്‍ക്ക് കോളജും ആശുപത്രിയും ആശ്രമവും എല്ലാമുണ്ടായി. മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നടക്കുന്ന അദ്ഭുതമായിട്ടാണ് ഫാ. കോള്‍ബെ ഇതിനെ വിശേഷിപ്പിച്ചത്. നൂറോളം ബെഡുകളുള്ള ആശുപത്രി. പ്രസിദ്ധീകരണങ്ങള്‍ വിപുലമായി. പിന്നീട് അവര്‍ ഒരു റേഡിയോസ്റ്റേഷനും ആരംഭിച്ചു. ശുശ്രൂഷ ലോകമെങ്ങും വ്യാപിച്ചപ്പോള്‍ അവര്‍ ഒരു എയര്‍പോര്‍ട്ടും സ്വന്തമായി നിര്‍മ്മിച്ചു. മറിയത്തിന്റെ സൈന്യം എന്ന പേരില്‍ പുറത്തിറങ്ങിയ മാസികയുടെ വരിക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഫാ. കോള്‍ബെയും സഹസന്യാസികളും കൂടിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ സകല കാര്യങ്ങളും ചെയ്തിരുന്നത്.

1939 സെപ്റ്റംബര്‍ മാസം മൂന്നാം തിയതി നാസി സൈന്യം യാതൊരു മുന്നറിയിപ്പുമില്ലാതെ പോളണ്ടിനെ ആക്രമിച്ചു. സെപ്റ്റംബര്‍ അഞ്ചാം തിയതി ആശ്രമത്തിലുണ്ടായിരുന്ന സന്യാസികളോടെല്ലാം തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങിക്കൊള്ളാന്‍ ഫാ. കോള്‍ബെ ആവശ്യപ്പെട്ടു. ഫാ. കോള്‍ബെ എല്ലാവര്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന ആശീര്‍വാദം നല്‍കി. എല്ലാവരോടും യാത്ര പറഞ്ഞു. എല്ലാവരെയും കുടുംബങ്ങളിലേക്ക് മടക്കിയതിനുശേഷം താന്‍ എന്താണ് ചെയ്യേ ണ്ടതെന്ന് തന്റെ അധികാരികളോട് കോള്‍ബെ ആരാഞ്ഞു. ഇമ്മാക്കുലാരയില്‍ താമസിക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതനുസരിച്ചു. ജര്‍മ്മന്‍ ആര്‍മി അടുത്തെത്തിയപ്പോള്‍ അവര്‍ അമ്പതോളം സന്യാസികളും അഞ്ച് വൈദികരും ആശ്രമത്തിലുണ്ടായിരുന്നു. ഭയത്തിന്റെയും ഭീകരതയുടെയും നാളുകളായിരുന്നു അത്. എങ്ങും ആക്രോശങ്ങളും അട്ടഹാസങ്ങളും. ജനങ്ങളുടെ കൂട്ടക്കരച്ചില്‍ ഹൃദയഭേദകമായിരുന്നു. കോള്‍ബെ സഹസന്യാസികളോട് മരണത്തിനായി ഒരുങ്ങുവാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കുമ്പസാരിച്ച് ഒരുങ്ങി. വീടുവീടാന്തരം കയറിയിറങ്ങി പട്ടാളം ക്രൂശിതരൂപങ്ങളും ഭക്തവസ്തുക്കളും നശിപ്പിച്ചു. പന്ത്രണ്ട് വര്‍ഷത്തെ അധ്വാനത്തിന്റെ പ്രാര്‍ത്ഥനയുടെയും ഫലമായ കെട്ടിടങ്ങളും ആശുപത്രിയും പ്രിന്റിങ് സെന്ററുമെല്ലാം പട്ടാളം നിമിഷങ്ങള്‍ക്കൊണ്ട് നശിപ്പിച്ചു. സകലതും എനിക്ക് മറിയം തന്നു, അവള്‍ തന്നെ അവയെല്ലാം തിരികെയെടുത്തു എന്ന മാക്‌സ്മില്ല്യണ്‍ കോള്‍ബെയുടെ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. പിന്നീട് ഈ ആശ്രമം ഒരു ഹോസ്പിറ്റല്‍ മാത്രമായി ചുരുങ്ങി. മടങ്ങിവന്ന സന്യാസികള്‍ രോഗികളുടെ കാര്യത്തില്‍ വ്യാപൃതരായി. ജര്‍മ്മന്‍ ഓഫിസര്‍മാരുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ ഇമ്മാക്കുലാരയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുവാന്‍ ഫാ. കോള്‍ബെയ്ക്ക് സാധിച്ചു.

1940 ഡിസംബര്‍ മാസം എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിവസം പരിശുദ്ധ കന്യകാമറിയം ഫാ. കോള്‍ബെയ്ക്ക് പ്രത്യേകമായൊരു സന്ദേശം നല്‍കി. അടുത്ത ദിവസം അതിരാവിലെ പട്ടാളമേധാവികളെത്തി ഫാ. കോള്‍ബെയെയും മറ്റ് അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്ത് വാര്‍സോയിലെ ജയിലിലടച്ചു. വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തെക്കുറിച്ച് ഫാ. കോള്‍ബെ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. എന്നാല്‍ കൂട്ടുകാര്‍ പറഞ്ഞു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലുള്ളവര്‍ തങ്ങളുടെ രാജ്യത്തിനുവേണ്ടി മറ്റ് നിവൃത്തിയില്ലാതെ മരിക്കുന്നവരാണ്. അവരെ എങ്ങനെയാണ് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നവരായി നമുക്ക് മനസ്സിലാക്കാനാകുന്നത്. ദീര്‍ഘവീക്ഷണത്തോടെ, പ്രവചനസ്വരത്തില്‍ ഫാ. കോള്‍ബെ പറഞ്ഞു. 'അല്ല, നാം നമ്മുടെ വിശ്വാസത്തിനുവേണ്ടിയാണ് ജീവത്യാഗം നടത്തുന്നത്. രാജ്യങ്ങള്‍ തമ്മിലല്ല യഥാര്‍ത്ഥ യുദ്ധം, നന്മയും തിന്മയും തമ്മിലാണ്. സ്വന്തം മകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ അത് വ്യക്തിപരമായ ദുഖമാണ് ഒരമ്മയ്ക്ക്. രാജ്യത്തിന്റെ ദുഖം എന്നു പറഞ്ഞ് അതിനെ എഴുതിത്തള്ളാനാവില്ല. എല്ലാ തിന്മപ്രവൃത്തികളും ദൈവത്തെ വേദനിപ്പിക്കുന്നു.'

1941 മെയ് 28ന് മുന്നോറോളം വരുന്ന തടവുപുള്ളികളോടൊപ്പം ഫാ. മാക്‌സ്മില്ല്യണ്‍ കോള്‍ബെ ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയത്തിലേക്ക് മാറ്റപ്പെട്ടു. സാധാരണ തടവുപുള്ളികളെക്കാള്‍ ക്രൂരമായ മര്‍ദ്ദനമാണ് വൈദികര്‍ക്കും സന്യസ്തര്‍ക്കും കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ നേരിടേണ്ടി വന്നത്. വൈദികരെ പീഡിപ്പിക്കുന്നത് അവര്‍ക്കൊരു ഹരമായിരുന്നു. എന്നാല്‍ വിശുദ്ധനായ ഈ വൈദികനെ പ്രകോപിപ്പിക്കത്തക്ക രീതിയില്‍ യാതൊന്നും ചെയ്യാന്‍ പട്ടാളക്കാര്‍ക്ക് സാധിച്ചില്ല എന്നതും സത്യമായിരുന്നു. ഔഷിറ്റ്‌സ് യഹൂദര്‍ക്കുവേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടതായിരുന്നില്ല. പല രാജ്യങ്ങളില്‍ നിന്നുമുള്ള യഹൂദരല്ലാത്ത യുദ്ധത്തടവുകാരും ഇവിടെയുണ്ടായിരുന്നു. മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ നേതാക്കന്മാരെയാണ് അവിടെ പാര്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഔഷിറ്റ്‌സ് പ്രഗത്ഭരുടെ തടവറയായിരുന്നന്നു എന്നു പറയാം. അനേകം ശത്രുക്കളെ ഒരുമിച്ച് മരണത്തിലേക്ക് പറഞ്ഞുവിടുന്ന ഗ്യാസ് ചേംബറുകളായിരുന്നു അവര്‍ക്കുവേണ്ടി നാസിപ്പട ഒരുക്കിയിരുന്നത്. അവര്‍ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന വിചാരണയും വിചിത്രമായിരുന്നു. ഒരു തടവുപുള്ളിക്ക് സ്വയം നിരപരാധിയെന്ന് തെളിയിക്കാന്‍ രണ്ട് മിനിറ്റ് നല്‍കപ്പെടും. എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേക്കും വിചാരണ ചെയ്തു എന്ന വ്യാജേന വധശിക്ഷ വിധിക്കും. മരണത്തിന് വിധിക്കപ്പെടുന്നവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരി നല്‍കണം. മറ്റുള്ളവര്‍ക്ക് നല്‍കപ്പെടുന്നതിന് വേണ്ടിയാണിത്. കോറിഡോറിലൂടെ പുറത്തിറങ്ങുമ്പോഴേക്ക് തോക്കുമായി ഉന്നം പിടിച്ച് നില്‍ക്കുന്ന പട്ടാളക്കാര്‍ അവരെ വെടിവച്ചിട്ടുണ്ടാകും. തടവുകാരെ ആത്മധൈര്യത്താല്‍ നിറയ്ക്കുന്നത് ഫാ. കോള്‍ബെയായിരുന്നു.

ശരീരത്തെ കൊല്ലുവാന്‍ മാത്രം കഴിയുന്നവരെ തെല്ലും ഭയക്കേണ്ടതില്ലെന്നും മരണത്തെ സന്തോഷത്തോടെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു. വിശുദ്ധമായി ജീവിച്ചാല്‍ നമുക്ക് സമാധാനത്തോടെ മരിക്കാന്‍ സാധിക്കും. തടവുപുള്ളികളെ ഭയം കൂടാതെ മരിക്കാന്‍ ഒരുക്കിയിരുന്ന ഫാ. കോള്‍ബെയുടെ പ്രവര്‍ത്തനങ്ങള്‍ പട്ടാള ഉദ്യോഗസ്ഥരെ തെല്ലൊന്നുമല്ല പിടിച്ചുകുലുക്കിയത്. അവര്‍ അദ്ദേഹത്തെ ശവങ്ങള്‍ ചുമക്കാന്‍ നിയോഗിച്ചു. ഈശോ കുരിശുമായി പോയപ്പോള്‍ പല ആവര്‍ത്തി വീണതിനെ ഫാ. കോള്‍ബെ തന്റെ പീഡനങ്ങള്‍ക്കിടയില്‍ ധ്യാനിച്ചിരുന്നു. ഓരോ ദിവസവും ആ യേശുവിനെക്കുറിച്ചുള്ള ധ്യാനം പുതിയ ശക്തിയോടെ തന്റെ ദൗത്യം നിറവേറ്റുവാന്‍ വീണ്ടും എഴുന്നേല്‍ക്കുവാന്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തി. ഞാന്‍ ഇനിയും സഹിക്കാന്‍ തയാറാണെന്ന് എല്ലാ ദിവസവും ഫാ. കോള്‍ബെ ക്രൂശിതരൂപത്തെ നോക്കി പറയുമായിരുന്നു. മരിക്കാന്‍ പോകുന്നവരുടെ കുമ്പസാരം കേള്‍ക്കുന്നതും അവര്‍ക്കു സേവനം ചെയ്യുന്നതും അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. പലപ്പോഴും ചെറിയ അപ്പക്കഷണങ്ങള്‍ വച്ച് ഫാ. കോള്‍ബെ തടവുപുള്ളികള്‍ക്കുവേണ്ടി ബലിയര്‍പ്പിച്ച് അവര്‍ക്ക് യേശുവിന്റെ ശരീരവും രക്തവും നല്‍കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഔഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയത്തില്‍ നിന്ന് ഒരാള്‍ തടവുചാടി. പട്ടാളക്കാര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു ഈ അപമാനം. അങ്ങനെ വന്നാല്‍ പത്തു പേരെ വധിക്കും. എല്ലാവരും പേടിച്ചുവിറച്ചു. തങ്ങള്‍ ആ പത്തു പേരില്‍ പെടരുതേ എന്ന് എല്ലാവരും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിച്ചു. ഒരു ദിവസം പുറത്തു കടക്കാമെന്ന മോഹവുമായി ഒതുങ്ങി ജീവിച്ചവരായിരുന്നു അവരില്‍ ഏറെയും. ഈ പത്തുപേരെയും പട്ടിണിക്കിട്ട് കൊല്ലാനാണ് വിധിയുണ്ടാവുക.

ഒരു സെല്ലിലെ ആരും രക്ഷപെടാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നതിനുള്ള ജര്‍മ്മന്‍ പട്ടാളക്കാരുടെ കഠിന നിയമമായിരുന്നു ഇത്. രക്ഷപ്പെട്ടയാളെ തിരഞ്ഞ് കിട്ടാതെ വന്നപ്പോള്‍ പട്ടാളം തിരികെ പതിനാലാം ബ്ലോക്കിലെത്തി. പതിനാലാം ബ്ലോക്കിലുള്ള തടവുപുള്ളികളെ പൊരിവെയിലത്ത് നിരയായി നിര്‍ത്തി. യാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനോ കുടിക്കാനോ നല്‍കിയില്ല. പലരും ബോധമറ്റുവീണു. രാത്രിയായപ്പോള്‍ എല്ലാ തടവുപുള്ളികളും ജോലി കഴിഞ്ഞ് വന്നു. എല്ലാവരും കണ്‍കെ രക്ഷപ്പെട്ടവനു പകരം വധിക്കപ്പെടുന്നവരെ തിരഞ്ഞെടുക്കുകയാണ്. സുഹൃത്തുക്കളുടെ കണ്ണിലെ ഭയം കണ്ട് ഫാ. കോള്‍ബെയ്ക്ക് വല്ലാത്ത വേദന തോന്നി. പട്ടാള കമാന്‍ഡര്‍ ഓരോരുത്തരെയായി മാറ്റിനിര്‍ത്തുകയാണ്. ഒന്ന്, രണ്ട്.... അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നു. പട്ടാളക്കാരന്റെ കൈവിരല്‍ ചൂണ്ടപ്പെടാതെ പലരും തെന്നിമാറിനോക്കി. തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പൊട്ടിക്കരഞ്ഞു. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ആരുമില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് അയാള്‍ ദിഗന്തം പൊട്ടുമാറ് നിലവിളിച്ചു. എല്ലാവരോടും കണ്ണുനീരോടെ വിടചൊല്ലി. ആര്‍ക്കും ആ കാഴ്ച കണ്ടുനില്‍ക്കാനാകുമായിരുന്നില്ല. പെട്ടെന്ന് തടവുപുള്ളികള്‍ക്കിടയില്‍ നിന്ന് ഒരു ശബ്ദം. ഈ മനുഷ്യനുവേണ്ടി മരിക്കാന്‍ എന്നെ അനുവദിക്കുമോ. പട്ടാളക്കാരും കുടിയിരുന്നവരും ഞെട്ടിപ്പോയി. ഞാനൊരു കത്തോലിക്കാവൈദികനാണ് എനിക്കുവേണ്ടി രണ്ടായിരം വര്‍ഷം മുന്‍പ് മരിച്ച രക്ഷകന്റെ സ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നു. ആ പാവപ്പെട്ട മനുഷ്യനെ നിങ്ങള്‍ വെറുതെവിടണം. അദ്ദേഹത്തിന് ഭാര്യയും മക്കളുമുണ്ട്. എനിക്ക് വയസ്സായി. എന്നെ കാത്തിരിക്കാന്‍ സ്വര്‍ഗത്തിലെ പിതാവു മാത്രമേയുള്ളൂ. അപ്പോള്‍ ഫാ. കോള്‍ബെയ്ക്ക് നാല്‍പത്തിയേഴ് വയസ്സു മാത്രമാണുണ്ടായിരുന്നത്.അവശേഷിച്ച തടവുപുള്ളികളോട് ഭവനങ്ങളിലെത്തി മക്കളെയും ഭാര്യമാരെയും കാണാമെന്ന പ്രത്യാശ കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പട്ടിണി കിടന്നു മരണത്തിനു വിധിക്കപ്പെട്ടവരോടൊപ്പം അദ്ദേഹം യാത്രയായി.

പട്ടാളക്കാര്‍ വന്നന്വേഷിക്കുമ്പോഴെല്ലാം ഫാ. കോള്‍ബെയെ അവര്‍ സന്തോഷമുള്ളവനായിട്ടാണ് എല്ലായ്‌പ്പോഴും കണ്ടത്.കൂടെ ഇരുട്ടുമുറിയില്‍ അടച്ചവരെയെല്ലാം മരണത്തിനൊരുക്കി അവരെ കുമ്പസാരിപ്പിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫാ. കോള്‍ബെ സമയം ചിലവഴിച്ചു. എല്ലാവരും മരിച്ചിട്ടും ഫാ. കോള്‍ബെ തളര്‍ന്നവശനാകുകയോ വീണു പോവുകയോ ചെയ്തില്ല. അപ്പോള്‍ മൂന്നാഴ്ചയോളം കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ശക്തിയില്‍ ദിവസങ്ങള്‍ മുന്‍പോട്ട് പോകുമെന്ന് മനസ്സിലാക്കിയ പട്ടാളക്കാര്‍ പരിഭ്രാന്തരായി. അവസാനം കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിഷം കുത്തിവച്ചു കൊന്നു. മരുന്നു കുത്തിവയ്ക്കുമ്പോള്‍ ആ പട്ടാളക്കാരനെക്കൂടി ആശീര്‍വദിച്ചിട്ടാണ് ഫാ. കോള്‍ബെ തന്റെ നിത്യസമ്മാനം വാങ്ങുവാനായി യാത്രയായത്. മുഖത്ത് ഒരു മന്ദസ്മിതത്തോടെയാണ് ഫാ. കോള്‍ബെ മരിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് തെല്ലും ദുഖമുണ്ടായിരുന്നില്ല.

'സഹോദരനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല' എന്നുള്ള കര്‍ത്താവിന്റെ വചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ ഫാ. കോള്‍ബെയ്ക്ക് സാധിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ തലേന്നാണ് ഫാ. കോള്‍ബെ മരിച്ചത്. ലോകം കണ്ടത് അസ്ഥികള്‍ മാത്രമായിത്തീര്‍ന്ന ശോഷിച്ച ഒരു ശരീരമാണ്. ശരീരമാസകലം പീഡനത്തിന്റെ അടയാളങ്ങളായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നു. ഒരു സ്വര്‍ഗീയാനുഭൂതിയില്‍ ലയിച്ചിരിക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകള്‍. ആഗസ്റ്റ് പതിനഞ്ചാം തിയതി ആളുകളെത്തി അദ്ദേഹത്തിന്റെ ശരീരമെടുത്ത് ഒരു പെട്ടിയിലാക്കി. അവരുടെയിടയില്‍ ജീവിച്ചിരുന്ന സ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു ഫാ. മാക്‌സ് മില്യണ്‍ കോള്‍ബെ. സഹോദരനുവേണ്ടി മരിക്കാന്‍ തയ്യാറായ മനുഷ്യന്‍. മരണത്തിനപ്പുറത്ത് ഒരു ജീവിതമുണ്ടെന്നുള്ള ഉറച്ച ബോധ്യം അദ്ദേഹത്തെ ഈ ജീവിതം എറിഞ്ഞുടയ്ക്കാന്‍ പ്രേരിപ്പിച്ചു. നമ്മുടെ ഉത്ഥാനത്തിന്റെ പ്രതീകമായ മറിയത്തിന്റെ സ്വര്‍ഗാരോപണ ദിവസം അദ്ദേഹത്തെ ദിവ്യനാഥന്‍ തന്റെ സവിധത്തിലേക്ക് വിളിച്ചു. ഫാ. ജേര്‍സി പോപ്പുലുസ്‌കോയുടെ ജീവിതത്തെ ഏറ്റവും അധികമായി സ്വാധീനിച്ച വ്യക്തി ഫാ. മാക്‌സ്മില്ല്യണ്‍ കോള്‍ബെയാണ്.

പോളണ്ടില്‍ നിന്നുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജീവിതത്തിലും മാക്‌സ്മില്ല്യണ്‍ കോള്‍ബെയുടെ ജീവിത മാതൃക സ്വാധീനം ചെലുത്തിയിരുന്നു. യേശുവിനു വേണ്ടി ആരെങ്കിലും ചെറിയൊരു സമര്‍പ്പണം നടത്തിയാല്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും മുന്‍പില്‍ അവിടുന്ന് അത് ഏറ്റുപറയുക തന്നെ ചെയ്യും. 1982 ഒക്‌ടോബര്‍ പത്താം തിയതി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. വി. മാക്‌സ് മില്യണ്‍ കോള്‍ബെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. പരസ്പരം ദ്രോഹിക്കുന്ന ഈ ലോകത്തിലെ മനുഷ്യര്‍ക്ക് ജീവന്‍ കൊടുത്തുകൊണ്ട് അങ്ങ് സ്‌നേഹത്തിന്റെ മാതൃക കാട്ടിത്തന്നു. നിഷ്‌കളങ്കരക്തം ചിന്തപ്പെടുന്ന സകല സ്ഥലങ്ങളിലും അങ്ങയുടെ മാധ്യസ്ഥം തുണയാകട്ടെ. 

വിശുദ്ധ മാക്‌സ്മില്ല്യണ്‍ കോള്‍ബേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…