പാപിനിയായിരുന്നിട്ടും യേശു തന്റെ സ്‌നേഹത്തിലേക്ക് വിളിച്ചുചേര്‍ത്ത മഗ്ദലേനമറിയത്തെപ്പോലെ അനുതാപത്തിന്റെ കണ്ണുനീരിലൂടെ വിശുദ്ധിയുടെ പാത നടന്നുകയറിയവളാണ് മാര്‍ഗരറ്റ്.ലവിയാനോ നഗരത്തില്‍ കൂടുതലും കൃഷിക്കാരായിരുന്നു. 1247 ലാണ് മാര്‍ഗരറ്റിന്റെ ജനനം. ഏഴു വര്‍ഷത്തോളം വളരെ സന്തോഷകരമായ ജീവിതമാണ് അവള്‍ നയിച്ചത്. സ്‌നേഹമുള്ള അപ്പനും അമ്മയും എല്ലാ സഹായവും ചെയ്തുകൊടുക്കുവാനായി അവളുടെ സമീപത്തുണ്ടയിരുന്നു. മാര്‍ഗരറ്റിന് ഏഴുവയസ്സുണ്ടായിരുന്നപ്പോള്‍ അവളുടെ അമ്മ മരിച്ചു. അമ്മയില്ലാതെ വളരേണ്ടി വന്നത് മാര്‍ഗരറ്റിന്റെ ജീവിതത്തില്‍ പിന്നീട് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായി. അമ്മയുടെ കരുതലും സ്‌നേഹവും നഷ്ടമായത് മാര്‍ഗരറ്റിനെ വല്ലാതെ വേദനിപ്പിച്ചു. കുടുംബത്തിലെ ചുമതലകളെല്ലാം മാര്‍ഗരറ്റിന്റെ ശിരസ്സിലായി. അങ്ങനെയിരിക്കെ അവളുടെ പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. ആ സ്ത്രീയാകട്ടെ മാര്‍ഗരറ്റിന്റെ അമ്മയുടെ സ്വഭാവത്തിന് നേരെ വിപരീത സ്വഭാവമുള്ളവളായിരുന്നു. രണ്ടാനമ്മ മാര്‍ഗരറ്റിനെ പീഡിപ്പിക്കുകയും എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. പിതാവാകട്ടെ തന്റെ പുതിയ ഭാര്യയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം മകളെ അല്‍പം അകല്‍ച്ചയോടെ കാണുകയും ചെയ്തു. അത്ഭുതകരമായ സൗന്ദര്യത്തിനുടമയായിരുന്നു യുവതിയായ മാര്‍ഗരറ്റ്. ആ നാളുകളില്‍ ഗ്രാമത്തിലെത്തിയ ഒരു പ്രഭുവുമായി അവള്‍ പ്രണയത്തിലായി. എന്നാല്‍ പ്രഭുവിന്റെ തിരിച്ചുള്ള സ്‌നേഹം അത്ര നിഷ്‌കളങ്കമായിരുന്നില്ല. കുടുംബത്തില്‍നിന്ന് സ്‌നേഹം ലഭിക്കാതായപ്പോള്‍ പുറത്തുള്ള സ്‌നേഹം തിരഞ്ഞ് മാര്‍ഗരറ്റ് പോകുകയാണുണ്ടായത്. വിവാഹം കഴിക്കാമെന്നും തന്റെ കൊട്ടാരത്തില്‍ പോയി സുഖമായി ജീവിക്കാമെന്നും പ്രഭു അവള്‍ക്ക് വാഗ്ദാനം നല്‍കി. അവള്‍ അയാളെ വിശ്വസിച്ചു.
അങ്ങനെ അവള്‍ പ്രഭുവിന്റെകൂടെ യാത്രയായി. വിവാഹം നടന്നില്ല. അത് എപ്പോഴും നീട്ടിവച്ചുകൊണ്ടിരുന്നു. ഒന്‍പത് വര്‍ഷത്തോളം അവര്‍ ഒരുമിച്ച് താമസിച്ചുവെങ്കിലും വിവാഹം കഴിച്ചില്ല. ഒരു കുഞ്ഞും ജനിച്ചു. പ്രഭു അവളെ മനോഹരമായ വസ്ത്രങ്ങള്‍ അണിയിക്കുകയും അവള്‍ക്കും കുഞ്ഞിനും ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാതെ ജീവിച്ചതിനാല്‍ ജനം അവളെ വെറുക്കുകയും മോശം സ്ത്രീയായി ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം സ്ഥലത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയ പ്രഭു രാത്രിയില്‍ മടങ്ങിവന്നില്ല. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവരാതായപ്പോള്‍ മാര്‍ഗരറ്റ് ആകുലയായി. അവള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ അവളെ വസ്ത്രത്തില്‍ കടിച്ച് വലിച്ചുകൊണ്ട് തോട്ടത്തിലേക്ക് പോയി. അവിടെ കൊല്ലപ്പെട്ട്, മറവുചെയ്യപ്പെട്ടിരുന്ന പ്രഭുവിന്റെ ശരീരമാണ് അവള്‍ക്ക് കാണാനായത്. ശത്രുക്കള്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു വധിച്ചിരുന്നു. തന്റെ പാപത്തിനുള്ള ശിക്ഷയാണിതെന്ന് അവള്‍ വിശ്വസിച്ചു. ദൈവത്തിന്റെ കരം തന്റെമേല്‍ പതിച്ചിരിക്കുന്നുവെന്ന് അവള്‍ കരുതി. ദൈവത്തിന്റെ ശിക്ഷണത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത സംഭവത്തെ മാര്‍ഗരറ്റ് ജീവിതകാലം മുഴുവന്‍ കണ്ടത്.
പിന്നീടുള്ള തന്റെ ഇരുപത്തിയൊന്‍പത് വര്‍ഷത്തെ ജീവിതത്തിനിടയിലും ഈ സംഭവത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍, താന്‍ ചെയ്ത തെറ്റിനുള്ള പരിഹാരമായിരുന്നു അത് എന്നവള്‍ പറയുമായിരുന്നു. പിന്നീട് അവള്‍ തന്റെ ഗ്രാമത്തിലേക്ക് തിരികെപോന്നു. പ്രഭു അവള്‍ക്ക് നല്‍കിയിരുന്ന സകല സ്വത്തുക്കളും അവള്‍ തിരികെ അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കി. കുഞ്ഞിനെയുമായി എത്തിയ അവളെ പിതാവ് സ്വീകരിച്ചില്ല. അവള്‍ക്കു മുന്‍പില്‍ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടു. അങ്ങനെ കൊര്‍ത്തോണയില്‍ ദയാലുക്കളായ സന്യാസികള്‍ താമസിക്കുന്നുവെന്നറിഞ്ഞ് അവള്‍ അവിടേയ്ക്ക് പോയി. അവര്‍ അവളെ സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്കും ശുദ്ധീകരണത്തിനും ശേഷം പിന്നീടൊരിക്കല്‍ കൂടി അവള്‍ ഈ ഗ്രാമത്തിലെത്തി. ഗ്രാമത്തില്‍ അങ്ങുമിങ്ങും എല്ലാ വീടുകളുടേയും മുന്‍പില്‍കൂടി ഒരു യാചകിയെപ്പോലെ അവള്‍ കരഞ്ഞുകൊണ്ട് നടന്നു. എന്തിനെന്നോ, തന്റെ ദുര്‍മ്മാതൃക ക്ഷമിക്കണമെന്നും പാപം ക്ഷമിക്കണമെന്നും ഗ്രാമവാസികളോട് അപേക്ഷിക്കാന്‍. അങ്ങനെ നടക്കുമ്പോള്‍ രണ്ടു സന്യാസിനികള്‍ അവളെ കാണുകയും അവരുടെ ഭവനത്തില്‍ അവള്‍ക്ക് അഭയം നല്‍കുകയും ചെയ്തു.
ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ അടുത്തെത്തിയ അവള്‍ക്ക് ആദ്ധ്യാത്മിക ഉപദേശവും പ്രാര്‍ത്ഥനകളും ലഭിച്ചു. മാര്‍ഗരറ്റ് എക്കാലത്തും അനുതാപമുള്ള ഒരു ജീവിതമാണ് നയിച്ചത്. തന്റെ കഴിഞ്ഞ കാലത്ത് വന്നുപോയ പാപങ്ങളോര്‍ത്ത് അവള്‍ എന്നും കണ്ണീര്‍ വാര്‍ത്തിരുന്നു. എപ്പോഴും പാപിയാണെന്ന് പറയുന്നത് അവസാനിപ്പിക്കുവാന്‍ സമയമായില്ലേ എന്നുള്ള ആത്മീയ പിതാവിന്റെ ചോദ്യത്തിന് മാര്‍ഗരറ്റ് നല്‍കിയ മറുപടിയിതായിരുന്നു. ''പാപം ചെയ്തു പോയതില്‍ എന്റെ ഉള്ളിലുള്ള ദു:ഖം നിങ്ങള്‍ക്ക് അറിയാനാവില്ല, പാപത്തിന്റെ ഭാരം എത്രയോ വലുതാണ്. മാത്രമല്ല, എന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും വിശുദ്ധിയില്‍ വളരുന്നതിനും ഞാന്‍ എളിമപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. എനിക്കില്ലാത്ത നന്മ ഞാനെങ്ങനെ ഉണ്ടെന്ന് ഭാവിക്കും. അപ്പോള്‍ ഞാന്‍ വീണ്ടും തെറ്റുകാരിയാവുകയല്ലേ''. തന്റെ സൗന്ദര്യമാണ് പ്രലോഭനങ്ങള്‍ക്ക് ഇടനല്‍കുവാനുള്ള ഒരു കാരണമെന്നറിഞ്ഞ് മുഖം വികൃതമാക്കുവാന്‍ പോലും അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ആത്മീയപിതാക്കന്മാര്‍ അതില്‍നിന്ന് തടഞ്ഞു. പ്രായശ്ചിത്തമനുഷ്ഠിക്കുന്നത് അവള്‍ക്ക് ഏറെ പ്രിയമുള്ള കാര്യമായിരുന്നു. ശരീരത്തെ അതികഠിനമായി പീഡിപ്പിക്കുമ്പോള്‍ സന്യാസികള്‍ വിലക്കും. അപ്പോള്‍ അവള്‍ വീണ്ടും പറയും ''ജഡത്തിന്റെ ദുഷിച്ച ശക്തി നിങ്ങള്‍ക്ക് അറിയില്ലാത്തതിനാലാണ്''.
അങ്ങനെ കഠിനമായ തപശ്ചര്യകള്‍ക്കൊടുവില്‍ നോവിഷ്യേറ്റ് പഠനം പൂര്‍ത്തിയാക്കി അവള്‍ ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ സഭാവസ്ത്രം സ്വീകരിച്ചു. വിശുദ്ധ ജീവിതത്തിനായി തന്നെത്തന്നെ സമര്‍പ്പിക്കുകമാത്രമായിരുന്നു അവളുടെ ലക്ഷ്യം. ഗ്രാമത്തിലൂടെ ചുറ്റിനടന്നപ്പോള്‍ ഏറ്റെടുക്കേ ണ്ടിവന്ന തിരസ്‌കരണവും നൊമ്പരവും മനസ്സില്‍ കണ്ടുകൊണ്ട് ദരിദ്രരോടും പാപികളോടും വലിയ സ്‌നേഹമാണ് അവള്‍ കാട്ടിയിരുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ട്ടി ഒരു ആശുപത്രി സ്ഥാപിക്കാനും അവള്‍ക്കായി. അവിടെയെത്തുന്ന സകലര്‍ക്കും സഹായം ലഭിക്കുമായിരുന്നു. പണമില്ലാത്തതോ, സമൂഹത്തില്‍ സ്ഥാനമില്ലാത്തതോ ഒന്നും ഒരു പ്രശ്‌നമായിരുന്നില്ല. ദൈവഹിതം നിറവേറ്റുക എന്നതൊഴികെ മാര്‍ഗരറ്റിന്റെ ജീവിതത്തില്‍ പില്‍ക്കാലത്ത് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. അത്രമേല്‍ ലോകത്തോട് വിടപറയുവാനും ആത്മീയമായി വളരുവാനും അവള്‍ക്ക് കൃപ ലഭിച്ചു. പാവപ്പെട്ടവരെയും രോഗികളെയും പരിചരിക്കുന്നതില്‍ അതിയായ തീഷ്ണതയാണ് മാര്‍ഗരറ്റ് കാണിച്ചത്. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ലോകത്തോട് പൂര്‍ണമായും വിട പറഞ്ഞൊരു ജീവിതമായിരുന്നു അവളുടേത്. ഭക്ഷണം വളരെ കുറച്ച്, ജീവന്‍ നിലനുറുത്താന്‍ മാത്രമുള്ളത്, എപ്പോഴെങ്കിലും കഴിക്കും.
ദൈവിക കാര്യങ്ങള്‍ക്കും സഹോദര സേവനത്തിനും വേണ്ടി മാറ്റിവച്ച ജീവിതം. അവള്‍ സ്വയം മറന്നു എന്നു പറയുന്നതാവും ശരി. ശരീരത്തിന്റെ അഭിലാഷങ്ങള്‍ക്ക് മാര്‍ഗരറ്റ് തെല്ലും പ്രാധാന്യം നല്‍കിയില്ല. ഈശോ പലപ്പോഴും കുരിശില്‍നിന്നും അവളോട് സംസാരിക്കുമായിരുന്നു. ഒരിക്കല്‍ അവിടുന്ന് അവളോട് പറഞ്ഞു ''എന്റെ പ്രിയപ്പെട്ട ഫ്രാന്‍സിസിന്റെ സഭയിലെ മൂന്നാമത്തെ പ്രകാശമാണ് നീ. ഫ്രാന്‍സിസായിരുന്നു ഒന്നാമന്‍. ക്ലാര രണ്ടാമത്തെ പ്രകാശം. അനുതാപികളുടെ സമൂഹത്തില്‍ നീയാണ് മൂന്നാമത്തെ പ്രകാശം.'' അവളുടെ അനുതാപ ചൈതന്യത്തിലൂടെ അനേകരെ ദൈവം തന്റെ പക്കലേക്ക് ആകര്‍ഷിച്ചു. ആരും തങ്ങളോട് ക്ഷമിക്കുകയില്ല എന്നു കരുതിയ അനേകം കഠിനപാപികള്‍ മാര്‍ഗരറ്റിന്റെ കഥ കേട്ട്, അവളുടെ ദൈവസ്‌നേഹം കണ്ട്, വിശുദ്ധജീവിതം നയിക്കുവാന്‍ തയ്യാറായി. മാര്‍ഗരറ്റിന്റെ ജീവിതത്തെ ഉയര്‍ത്തിയ ദൈവം തങ്ങളുടെ ജീവത്തെയും കരുണയോടെ വീക്ഷിക്കുമെന്ന് അനേകര്‍ തിരിച്ചറിഞ്ഞു. അനേകവര്‍ഷങ്ങളായി കൂദാശകളില്‍നിന്ന് അകന്നിരുന്നവര്‍ സഭാത്മക ജീവിതത്തിലേക്ക് തിരികെ വന്നു. ദൈവം തങ്ങളെയും കാരുണ്യപൂര്‍വം വീക്ഷിക്കുമെന്നും തങ്ങളുടെ പാപങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നും മാര്‍ഗരറ്റിന്റെ ജീവിതം കണ്ട് അവര്‍ മനസ്സിലാക്കി.
ഒരു വിശുദ്ധയാകുക, വിശുദ്ധനാകുക എന്നുള്ളത് ആര്‍ക്കും അസാധ്യമല്ലെന്നുള്ള സന്ദേശമാണ് മാര്‍ഗരറ്റിന്റെ ജീവിതം അവര്‍ക്ക് നല്‍കിയത്. രോഗികളെയും പാവപ്പെട്ടവരെയും പരിചരിച്ചുകൊണ്ട് ഒരു കൊച്ചുകുടിലിലാണ് മാര്‍ഗരറ്റ് കഴിച്ചുകൂട്ടിയത്. എന്നാല്‍ അസൂയ പൂണ്ട മനുഷ്യര്‍ മാര്‍ഗരറ്റ് ഒരു ചീത്തസ്ത്രീയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള കുപ്രചരണങ്ങള്‍ നടത്തുവാന്‍ തുടങ്ങി. അങ്ങനെ മാര്‍ഗരറ്റിന്റെ അടുക്കലെത്തുന്നവരുടെ പേരുപോലും മോശമാകുന്ന സ്ഥിതിയെത്തി. അപ്പോള്‍ സകലരും അവളെ ഒഴിവാക്കി. ആരും അവളുടെ ആത്മീയ ഉപദേശങ്ങളും സഹായങ്ങളും തേടാതായി. ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ പോലും അവളുമായി സംസാരിക്കുവാന്‍ മടിച്ചു. കുമ്പസാരക്കാരനില്‍ നിന്ന് പോലും വളരെ ദൂരെ ഒരു സ്ഥലത്തേക്ക് മാര്‍ഗരറ്റിനെ അവര്‍ മാറ്റിത്താമസിപ്പിച്ചു. മരണത്തിന് അല്‍പം മുന്‍പുമാത്രമാണ് അദ്ദേഹത്തിന് പോലും പിന്നീട് അവളെ കാണാനായത്. ഒറ്റപ്പെടുത്തി, അകലെ ഒരു സ്ഥലത്തേക്ക് അയയ്ക്കപ്പെട്ടപ്പോള്‍ അവള്‍ പരാതി പറയാതെ എല്ലാം സഹിച്ചു. എല്ലാവര്‍ക്കും വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എല്ലാവരും അവളെ ഉപേക്ഷിച്ചപ്പോള്‍ ദൈവത്തെ കൂടുതല്‍ അനുഭവിക്കുന്നതിനും ലോകത്തിന് മുഴുവനുംവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും അവള്‍ക്ക് സാധിച്ചു. ഇത്തരം അനുഭവങ്ങള്‍ വേദനയുണ്ടാക്കിയെങ്കിലും ദൈവവുമായുള്ള അവളുടെ ബന്ധത്തിലൂടെ അതിനെല്ലാം അര്‍ത്ഥവും വ്യാപ്തിയും കൈവരുത്തുവാന്‍ അവള്‍ക്കായി.
ലോകമോഹങ്ങളും ആഗ്രഹങ്ങളും ഹനിക്കപ്പെടുന്നതായി മാത്രമാണ് അവള്‍ക്ക് തോന്നിയത്. അതെല്ലാം ആഴമായ ദൈവസ്‌നേഹത്തിന് വഴിതെളിച്ചു. ദൈവത്തെ കൂടുതല്‍ സ്‌നേഹിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുങ്ങിയപ്പോള്‍ ദര്‍ശനങ്ങളും വെളിപാടുകളും ധാരാളമായി അവള്‍ക്ക് ലഭിച്ചു. നശിച്ചുപോകുന്ന ആത്മാക്കളോടുള്ള സ്‌നേഹത്താല്‍ അവളുടെ ഹൃദയം ജ്വലിച്ചു. മാര്‍ഗരറ്റിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അവര്‍ സ്വര്‍ഗത്തില്‍ പോയി എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗ്രഹം അവളുടെ ഉള്ളില്‍ ഉദിച്ചു. അതുപോലെതന്നെ തന്റെകൂടെ വര്‍ഷങ്ങളോളം ജീവിച്ച പ്രഭുവും സ്വര്‍ഗത്തില്‍ പോയിക്കാണാന്‍ അവള്‍ ആഗ്രഹിച്ചു. അതിനായി എല്ലാ ത്യാഗങ്ങളും വേദനകളും അവള്‍ ദിവ്യനാഥന്റെ സവിധത്തില്‍ സമര്‍പ്പിച്ചു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവാനും ദിവ്യബലി മധ്യേ അവര്‍ക്കു വേണ്ടി യാചിക്കുവാനും മാര്‍ഗരറ്റിനുള്ള തീക്ഷ്ണത വളരെ വലുതായിരുന്നു. എല്ലാ വിശുദ്ധരുടെയും ജീവിതത്തില്‍ നാം കണ്ടെത്തുന്ന ഒരു കാര്യമാണ് ദിവ്യബലിമധ്യേ അവര്‍ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു എന്നത്. അങ്ങനെ മരിച്ചുപോയ അനേകം ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രചോദനം മാര്‍ഗരറ്റിന് ലഭിക്കുമായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് യഥാര്‍ത്ഥ മനസ്താപത്തോടെ കുമ്പസാരിക്കുവാന്‍ സാധിക്കാത്ത അനേകം പാപികളെ ശുദ്ധീകരണസ്ഥലത്ത്‌വച്ച് തന്റെ പ്രാര്‍ത്ഥനയിലൂടെ സഹായിക്കുവാന്‍ അവള്‍ക്ക് സാധിച്ചു. മാത്രമല്ല, മരിച്ചുപോയ ആത്മാക്കള്‍ചെയ്ത അനീതിയുടെ കാഠിന്യം പേറുന്നവര്‍ക്ക് അവരുടെ ബന്ധുക്കളിലൂടെ തന്നെ സഹായം എത്തിച്ചുകൊടുക്കുന്നതിനും അങ്ങനെ മരിച്ച ആത്മാക്കളുടെ പാപത്തിന്റെ ഭാരം കുറയ്ക്കുന്നതിനും മാര്‍ഗരറ്റ് ശ്രമിച്ചു.
മാര്‍ഗരറ്റിന്റെ സ്വര്‍ഗീയദര്‍ശനങ്ങളിലൂടെയും അതില്‍ നിന്നുത്ഭവിച്ച സത്പ്രവൃത്തികളിലൂടെയും അനേകര്‍ ദൈവതിരുമുന്‍പില്‍ നീതി സമ്പാദിച്ചു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കുകയാണ് നാം ചെയ്യുന്നത്. തന്നെ വേദനിപ്പിച്ചവര്‍ക്കും ദ്രോഹിച്ചവര്‍ക്കും വേണ്ടിയും അവള്‍ പ്രാര്‍ത്ഥിച്ചു. ഈ ലോകജീവിതം വിശകലനം ചെയ്താല്‍ നരകത്തില്‍ നിപതിക്കുകയേ ഉള്ളൂ എന്ന് പലരും വിധിയെഴുതിയ അനേകര്‍ക്കുവേണ്ടി മാര്‍ഗരറ്റ് ദൈവതിരുമുന്‍പില്‍ വാദിച്ചു. നീതിമാനായ ദൈവം കരുണ കാട്ടുന്നതിനായി യാചിച്ചു. പാപം മനുഷ്യന്റെ ബലഹീനതയാണെന്ന് അവള്‍ അറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ദൈവത്തിന്റെ കരുണ ചോദിക്കുന്നതിന് അവള്‍ മടിച്ചില്ല. തന്നെത്തന്നെ കൂടുതല്‍ എളിമപ്പെടുത്തുകയും പരിഹാരം ചെയ്യുകയും ചെയ്തു. അവളുടെ ജീവിതത്തിലെ ആത്മീയ അന്ധകാരവും, നിരാശയും ദൈവസാന്നിധ്യം അനുഭവിക്കാന്‍ പോലുമാവാത്ത അവസ്ഥയുമെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി അവള്‍ കാഴ്ചവച്ചു. ആത്മീയ അനുഭൂതികള്‍ പോലും അവള്‍ ആഗ്രഹിച്ചില്ല. സ്വയം നല്ലവളെന്ന് തോന്നുന്നതിന് ഇട നല്‍കിയില്ല.
ദൈവസാന്നിധ്യം അകന്നുനില്‍ക്കുന്നത് തന്റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കി, അവള്‍ സ്വയം എളിമപ്പെടുത്തി. സ്വയം ശൂന്യമാക്കി യാതൊന്നും ആഗ്രഹിക്കാതെ നിലകൊണ്ട അവളുടെ ജീവിതത്തില്‍ ആത്മീയതയുടെ ഉന്നതമായ ഒരു തലം വെളിപ്പെട്ടു. മാര്‍ഗരറ്റിന്റെ മരണസമയത്ത് അവളോടൊപ്പം അനേക സ്വര്‍ഗവാസികള്‍ പറന്നുയരുന്നത് ജനം കണ്ടു. അവളുടെ പ്രാര്‍ത്ഥനകളെയും ത്യാഗങ്ങളെയും യേശുവിന്റെ യോഗ്യതകളോട് ചേര്‍ത്ത് നിത്യപിതാവിന് സമര്‍പ്പിച്ചപ്പോള്‍ സ്വതന്ത്രമായ ആത്മാക്കളാവണം അത്. 1922 സെപ്തംബര്‍ 23 ന് മാര്‍ഗരറ്റ് ആഘോഷാരവങ്ങളോടെ ലവിയാനോയിലെത്തി. ഗ്രാമവാസികള്‍ അവളെ ജീവിത കാലത്ത് ഉപേക്ഷിച്ചിരുന്നുവെങ്കിലും മരണശേഷം അവള്‍ അവരുടെ സ്വന്തമായി. ജീവിതകാലത്ത് അവളുടെ തെറ്റ് ആരും ക്ഷമിച്ചില്ല. ദൈവമൊഴികെ സകലരും അവളെ മരണംവരെ കുറ്റക്കാരിയായി ചിത്രീകരിച്ചിരുന്നു. താന്‍ ഒരു പാപിയും ബലഹീനയുമാണെന്ന് സ്വയം കരുതിയിരുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ എളിമയോടെ ജീവിക്കുവാന്‍ മാര്‍ഗരറ്റിന് സാധിച്ചു. സുവിശേഷത്തില്‍ നാം കാണുന്ന പാപിനിയായ സ്ത്രീയുടെ പ്രതീകമായി മാര്‍ഗരറ്റ് നമ്മുടെ മുന്‍പില്‍ നില്‍ക്കുകയാണ്. ദൈവത്തിന്റെ കരുണ ഏവരെയും ചേര്‍ത്തുനിര്‍ത്തുകയും സ്‌നേഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊര്‍ത്തോണയിലെ വി. മാര്‍ഗരറ്റിന്റെ ജീവിത കഥ.
വിശുദ്ധ മാര്‍ഗരറ്റ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…