അനുസരണം എന്ന പദം നമ്മുടെ ഇടയില്‍നിന്ന് മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുകയും എല്ലാവരും സമന്മാരാണെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ന്നുവരുന്നിടത്ത് അനുസരണം എന്ന പുണ്യത്തിന് പ്രാധാന്യം കുറഞ്ഞുവരുന്നു. ആവിലായിലെ അമ്മ ത്രേസ്യ അനുസരണത്തിന്റ പ്രവാചകയായിരുന്നു. അനുസരണത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കറതീര്‍ന്ന വ്യക്തിത്വത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും ഉടമയായിരുന്നു അവള്‍. സഭയില്‍ ഉണര്‍ന്നു പ്രശോഭിച്ചൊരു താരമായിരുന്നു അമ്മത്രേസ്യ. ആത്മീയതയുടെ ആഴങ്ങളിലേക്ക് സ്വന്തം ജീവിതത്തെ കൂട്ടിക്കൊണ്ട് പോയതിനാല്‍ സാധാരണ മനുഷ്യബുദ്ധിക്ക് മനസിലാക്കുവാന്‍ സാധിക്കാതെപോയ മഹനീയമായൊരു ജീവിതം. എല്ലാക്കാലത്തിനും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഹൃദയവിശാലതയുടെ മകുടോദാഹരണമായിരുന്നു അമ്മത്രേസ്യ.
അസാധാരണമായ പ്രായോഗിക ബുദ്ധിയും അസാധാരണമായ ജ്ഞാനവും പ്രകടിപ്പിച്ച ധീരവനിത. മനുഷ്യബുദ്ധിക്ക് വളരെ എളുപ്പത്തില്‍ മനസിലാക്കാനാവാത്ത അനേകം ആത്മീയ രഹസ്യങ്ങള്‍ സാധാരണമനുഷ്യന്റെ ജീവിതവിജയത്തിനുതകുന്ന വിധത്തില്‍ വ്യാഖ്യാനിച്ചുനല്‍കുവാന്‍ അമ്മത്രേസ്യായ്ക്ക് സാധിച്ചിരുന്നു. തന്റെ സഹോദരിമാര്‍ക്കുവേണ്ടി സ്വര്‍ഗത്തിലേയും ഭൂമിയിലേയും സകലകാര്യങ്ങളും വിവരിച്ചു കൊടുക്കുവാന്‍ രാവും പകലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പ്രേക്ഷിതപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്ന ഒരു നല്ല അമ്മയായിരുന്നു അവള്‍. കത്തോലിക്കാ വിശ്വാസത്തില്‍ നിന്നുകൊണ്ട് അകത്തോലിക്കര്‍ക്ക് പോലും മാതൃകയായിത്തീര്‍ന്ന വ്യക്തിത്വം. അതിനുള്ള ഉദാഹരണമാണ് ഈഡിത്ത് സ്റ്റെയിന്‍. അവള്‍ ജനിച്ചത് ഒരു യഹൂദകുടുംബത്തിലാണ്. ദൈവത്തില്‍നിന്ന് അകന്ന് തെറ്റായ ഒരു വിശ്വാസത്തില്‍ വീണുപോയ വ്യക്തിയായിരുന്നു സ്റ്റെയ്ന്‍. ഒരിക്കല്‍ അമ്മത്രേസ്യയുടെ ജീവചരിത്രം വായിക്കാനിടയായതോടുകൂടി ആത്മീയതയുടെ ആഴങ്ങളിലേക്ക് പ്രയാണം ചെയ്യുകയും കര്‍മ്മലീത്തസന്യാസഭവനത്തില്‍ മാതൃകാപരമായ ജീവിതം നയിക്കുകയും അനേകരെ തന്റെ ജീവിതവും വിശുദ്ധിയും വഴി അവള്‍ സ്വാധീനിക്കുകയും ചെയ്തു. അവസാനം ഗ്യാസ് ചേംബറില്‍ അഗ്നിക്കിരയായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമനാണ് ഈഡിത്ത് സ്റ്റെയ്‌നെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്. അങ്ങനെ അനേക വിശുദ്ധര്‍ സഭയില്‍ ജന്മമെടുക്കുന്നതിന് അമ്മത്രേസ്യയുടെ ജീവിതം സഹായകമായി.
സ്‌പെയിനിലെ ആവിലയില്‍ 1515 മാര്‍ച്ച് 28 നായിരുന്നു അമ്മ ത്രേസ്യയുടെ ജനനം. സഭയ്‌ക്കെതിരെ ധാരാളം സംഘടനകളും തെറ്റായ പഠനങ്ങളും ഉയര്‍ന്നുവന്നിരുന്ന കാലം. കത്തോലിക്കാസഭയെ ഉത്തരോത്തരം വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ദൈവം നിയോഗിച്ച വ്യക്തിയായിരുന്നു അമ്മ ത്രേസ്യ. മാര്‍ട്ടിന്‍ ലൂഥര്‍ 'വിശ്വാസത്തിലൂടെ മാത്രമാണ് രക്ഷ കൈവരുന്നത്' എന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ വര്‍ഷം തന്നെയാണ് അമ്മത്രേസ്യയുടെ ജനനം എന്നത് ദൈവീകപദ്ധതിയുടെ ഭാഗമായിരുന്നിരിക്കണം. ചെറിയ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ തന്നെ സഭയോടുള്ള അനുസരണം ഉപേക്ഷിച്ച ലൂഥറിനെതിരെ, കഠിനമായ പ്രതിസന്ധികളിലും അനുസരണത്തിന്റെ രക്തസാക്ഷിയായിത്തീര്‍ന്നുകൊണ്ടാണ് അമ്മത്രേസ്യ യുദ്ധം ചെയ്തത്. വളരെ വലിയ ഒരു കുടുംബത്തിലായിരുന്നു ത്രേസ്യയുടെ ജനനം. സഹോദരന്‍ റോഡ്രിഗോയൊടൊപ്പമാണ് കുഞ്ഞുനാളിലെ ഏറെ സമയവും അവള്‍ ചിലവഴിച്ചിരുന്നത്. കുട്ടികളായിരുന്നപ്പോള്‍ സഹോദരനും ത്രേസ്യയും കൂടി രക്തസാക്ഷിത്വം വരിച്ച് യേശുവിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുവാന്‍ യാത്രയാവുന്ന കഥ ബന്ധുക്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ചവരുടെ ജീവിതകഥയായിരുന്നു അവരെ അതിന് പ്രചോദിപ്പിച്ചത്. എന്നാല്‍ പാതിവഴിയില്‍ വച്ച് അവരുടെ അമ്മാവന്‍ അവരെ തടയുകയാണുണ്ടായത്. അങ്ങനെ രക്തസാക്ഷികളാകുവാനുള്ള അവരുടെ യാത്ര പാതിവഴിയില്‍ അവസാനിച്ചു. തിരിച്ചെത്തിയപ്പോള്‍ ശിക്ഷയില്‍ നിന്ന് രക്ഷനേടുന്നതിനായി റോഡ്രിഗോ എല്ലാ കുറ്റവും ത്രേസ്യയുടെ ചുമലില്‍ വച്ചു. ഏഴാം വയസുമുതല്‍ ത്രേസ്യ വിശുദ്ധരുടെ ജീവചരിത്രം ധാരാളമായി വായിക്കുമായിരുന്നു.
ത്രേസ്യായ്ക്ക് പതിനാലുവയസുണ്ടായിരുന്നപ്പോള്‍ അവളുടെ അമ്മ മരിച്ചു. പിന്നീട് ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അതിപ്രസരം ത്രേസ്യയെ വല്ലാതെ സ്വാധീനിച്ചു. ആഡംബര വസ്ത്രധാരണങ്ങളെക്കുറിച്ചും പ്രേമബന്ധങ്ങളെക്കുറിച്ചുമുള്ള വായനകള്‍ അവളിലെ ആത്മീയ തീഷ്ണതയെ വല്ലാതെ ഉലച്ചു. ത്രേസ്യായ്ക്ക് പതിനഞ്ച് വയസായപ്പോള്‍ തന്റെ കുട്ടിയില്‍ വന്ന ഈ മാറ്റം കണ്ടെത്തിയ പിതാവ് അവളെ ഒരു മഠത്തില്‍ താമസിക്കുവാന്‍ അനുവദിച്ചു. മഠത്തിലെ സന്യാസികളുടെ ജീവിതചര്യകളും സന്തോഷവും അവളെ വല്ലാതെ സ്പര്‍ശിച്ചു. സന്യാസത്തെ പതിയെ സ്‌നേഹിച്ചുതുടങ്ങിയ ആ നാളുകളില്‍, ഏകദേശം ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ത്രേസ്യായ്ക്ക് ഗുരുതരമായ ഒരു രോഗം ബാധിച്ചു. അവളുടെ പിതാവ് എത്തി അവളെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. വീട്ടിലെത്തിയപ്പോള്‍ സന്യാസത്തെക്കുറിച്ച് അവള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കുവാന്‍ തുടങ്ങി. പക്ഷെ അവളുടെ പിതാവില്‍നിന്ന് അതിനുള്ള അനുവാദം ലഭിക്കണമായിരുന്നു. പിതാവ് സമ്മതിച്ചില്ല. ഞാന്‍ മരിച്ചതിനുശേഷം നിനക്ക് മഠത്തില്‍ പോകാം എന്നായിരുന്നു പിതാവിന്റെ മറുപടി. അടുത്തദിവസം രോഗത്തെ അവഗണിച്ചുകൊണ്ട് അവള്‍ പിതാവ് തനിക്കുവേണ്ടി ക്രമീകരിച്ചിരുന്ന കര്‍മ്മലീത്ത മഠത്തിലേക്ക് തന്നെ യാത്രയായി. ആ വേര്‍പാട് അതീവവേദനാജനകമായിരുന്നുവെന്നാണ് പിന്നീട് അമ്മത്രേസ്യ എഴുതുന്നത്. അങ്ങനെ യാത്രയായിരുന്നില്ലെങ്കില്‍ എന്റെ ഹൃദയം പൊട്ടിപ്പോകുമെന്ന അവസ്ഥയില്‍ നിന്നാണ് അത്തരമൊരു കഠിനമായ തീരുമാനം താനെടുത്തതെന്ന് പിന്നീട് ത്രേസ്യ വ്യക്തമാക്കുകയുണ്ടായി.
തന്റെ മകള്‍ പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നുവെന്നും സ്വയം തീരുമാനമെടുക്കുവാന്‍ പ്രാപ്തയായിയെന്നും മനസിലാക്കിയ ആ പിതാവ് അവളുടെ തീരുമാനത്തെ പിന്നീട് വലിയ കാര്യമായി എതിര്‍ത്തില്ല. അന്ന് ത്രേസ്യയ്ക്ക് ഇരുപത് വയസായിരുന്നു. അടുത്ത വര്‍ഷം അവള്‍ വ്രതവാഗ്ദാനം നടത്തിയെങ്കിലും രോഗം ഗുരുതരമായതിനാല്‍ മഠത്തില്‍നിന്ന് പുറത്തുപോകേണ്ടി വന്നു. എല്ലാ ഡോക്ടര്‍മാരും അവളുടെ രോഗത്തിന്റെ കാരണം കണ്ടെത്താനാവാതെ അവളെ ഉപേക്ഷിച്ചു. എന്നാല്‍ സ്‌നേഹമുള്ള അവളുടെ പിതാവ് വീണ്ടും മറ്റൊരു സ്ഥലത്തേക്ക് അവളെ ചികിത്സയ്ക്കായി കൊണ്ടുപോയി. അപ്പോഴൊക്കെ അവളുടെ രോഗം ഗുരുതരമാവുകയും വേദനം കഠിനമാവുകയുമാണുണ്ടായത്. ഭവനത്തിലായിരുന്ന അവളുടെ കുമ്പസാരം കേള്‍ക്കുവാനായി ഇടയ്ക്കിടക്ക് ഒരു വൈദികന്‍ വരുമായിരുന്നു. അദ്ദേഹത്തിന് ത്രേസ്യായുടെ വിശുദ്ധിയുടെ ആഴം മനസ്സിലായി. അവളുടെ നന്മ എത്രയോ അധികമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം അവളുടെ സ്വര്‍ഗീയ ജ്ഞാനത്തിന് മുന്‍പില്‍ തന്റെ ഹൃദയം തുറന്നു. തനിക്ക് വളരെ നാളുകളായി ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. താന്‍ വലിയ പാപിയാണെന്നും കൂദാശകള്‍ അര്‍പ്പിക്കുന്നത് അശുദ്ധമായ കരങ്ങളോടെയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അവള്‍ തന്റെ വേദനകള്‍ അദ്ദേഹത്തിനുവേണ്ടി കാഴ്ചവച്ച് പ്രാര്‍ത്ഥിച്ചു. ആ സ്ത്രീ സമ്മാനിച്ച, മന്ത്രവാദികള്‍ നല്‍കിയ ഒരു മാല വൈദികനായ അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു. അത് ത്രേസ്യായുടെ കൈയ്യിലേല്‍പിച്ചു. അവള്‍ അത് പുഴയിലെറിഞ്ഞുകളഞ്ഞു.
ഒരു വര്‍ഷത്തിനുശേഷം ആ വൈദികന്‍ മരിക്കുമ്പോള്‍ തിന്മയൊരുക്കിയ സകല കെണികളില്‍ നിന്നും അദ്ദേഹം വിമുക്തനായിരുന്നു. അവളെ ചികിത്സിച്ചിരുന്ന ഡോക്ടറും ഒരു ഭ്രാന്തനെപ്പോലെയാണ് പലപ്പോഴും പെരുമാറിയിരുന്നുത്. അതിലൂടെയും അവള്‍ക്ക് വളരെയധികം സഹിക്കേണ്ടിവന്നു. ഇതറിഞ്ഞപ്പോള്‍ അവളുടെ പിതാവ് അവളെ ആവിലായിലേക്ക് തന്നെ തിരികെക്കൊണ്ടുവന്നു. അവളുടെ രോഗം വീണ്ടും കൂടി. ശ്വാസകോശസംബന്ധമായ രോഗങ്ങളും ഹൃദ്രോഗവും അവളെ വല്ലാതെ വേദനിപ്പിച്ചു. ഒരു ദിവസം തനിക്ക് കുമ്പസാരിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു. പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനുള്ള ഒരുക്കമായിരുന്നുവത്. അവള്‍ മരിക്കാന്‍ സമയമായിയെന്ന് കരുതി പിതാവ് അതിന് തയ്യാറായില്ല. അന്ന് രാത്രിയില്‍ ത്രേസ്യ അബോധാവസ്ഥയിലായി. പിന്നീട് വൈദ്യപരിശോധനകളില്‍ നിന്ന് അവള്‍ മരിച്ചുപോയെന്ന് വ്യക്തമായി. എന്നാല്‍ ആ പിതാവ് അവളുടെ പള്‍സ് പരിശോധിച്ചപ്പോള്‍ തന്റെ മകള്‍ മരിച്ചിട്ടില്ലെന്ന് പറയുകയാണുണ്ടായത്. കൂടിയിരുന്ന സന്യാസിനികളും ബന്ധുക്കളും ശരീരം മറവുചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പിതാവ് വിസമ്മതിച്ചു. ഒരു ഭ്രാന്തനെപ്പോലെയാണ് അവളുടെ പിതാവ് പെരുമാറിയത്. അവസാനം സംസ്‌കരിക്കുവാന്‍ അദ്ദേഹം സമ്മതിക്കുമെന്ന സ്ഥിതിയെത്തിയപ്പോള്‍ ത്രേസ്യ പെട്ടെന്ന് ചാടിയെഴുന്നേറ്റ് ചോദിച്ചു. എന്തിനാണ് എന്നെ തിരികെ വിളിച്ചത്? ആ നിമിഷങ്ങളില്‍ അവള്‍ക്കൊരു സ്വര്‍ഗീയദര്‍ശനമുണ്ടായിരുന്നു. തന്നോടൊപ്പമുള്ള സന്യാസിനികളും തന്റെ കുടുംബവും സ്വര്‍ഗത്തിലായിരിക്കുന്ന മഹനീയദൃശ്യമായിരുന്നുവത്. അതിന് ഏറ്റവും സഹായിച്ചത് അവളുടെ സഹനങ്ങളും വേദനകളുമായിരുന്നു. ആ നിമിഷങ്ങളില്‍ അത്ഭുതകരമായ രോഗമുക്തിയുടെ ലക്ഷണങ്ങള്‍ അവളില്‍ കണ്ടുതുടങ്ങി. പിന്നീട് മഠത്തിലെത്തിയ അമ്മത്രേസ്യയും മറ്റ് സന്യാസിനികളും വിശുദ്ധിയില്‍ ഉത്തരോത്തരം വളരുകയായിരുന്നു. എല്ലാം അത്ഭുതകരമായിരുന്നു.
രോഗത്തില്‍ നിന്നു മോചനവും സന്യാസ ഭവനത്തിലുള്ള പ്രവേശനവും ഒരുമിച്ച് സ്വന്തമാക്കിയ അവള്‍ മറ്റ് സന്യാസിനികള്‍ക്ക് എന്നും സഹനത്തിന്റെ മാതൃകയായിരുന്നു. എന്നാല്‍ സന്യാസിനികളെ കാണുവാന്‍ വരുന്ന സന്ദര്‍ശകര്‍ ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുന്നതില്‍ നിന്ന് അവരെ തടയുന്നുവെന്ന് ത്രേസ്യായ്ക്ക് തോന്നി. സന്ദര്‍ശകര്‍ നല്ലവരായിരുന്നുവെങ്കിലും സന്യാസികളുടെ ധ്യാനാത്മക ജീവിതത്തിന് അവര്‍ ഭംഗം വരുത്തിയിരുന്നു. മാത്രവുമല്ല പലവിധത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടായിരിക്കും പലപ്പോഴും ഇത്തരം കൂടിക്കാഴ്ചകള്‍ അവസാനിക്കുക. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പൂന്തോട്ടക്കാരന്റെ വേഷത്തില്‍ യേശു അവള്‍ക്ക് പ്രത്യക്ഷനായി. അദ്ദേഹം ക്രിസ്തുവായി മാറുന്നത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണുന്നതിനെക്കാള്‍ വ്യക്തമായി കണ്ടുവെന്നാണ് അമ്മ ത്രേസ്യ പിന്നീട് പറഞ്ഞത്. സന്യാസികളുടെ ജീവിതം കുറച്ചുകൂടി അടുക്കും ചിട്ടയും പ്രായശ്ചിത്തവും ഉള്ളതാക്കി മാറ്റുന്നതിനെക്കുറിച്ചാണ് യേശു അവളുടെ ഹൃദയത്തോട് സംസാരിച്ചത്. ലോകത്തെ ഉപേക്ഷിച്ച് തന്നെ പൂര്‍ണമായി പിഞ്ചെല്ലാന്‍ യേശു അവളെ വിളിക്കുകയായിരുന്നു. ആത്മീയ ജീവിതത്തിന്റെ പുരോഗതി എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് അവള്‍ക്ക് കര്‍ത്താവ് വെളിപ്പെടുത്തി നല്‍കുമായിരുന്നു. ലോകവും തന്റെ കുടുംബവുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് ദിവ്യനാഥനോടുള്ള ധ്യാനാത്മകമായ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുവാനുള്ള അതിയായ ആഗ്രഹം അവളുടെ ഹൃദയത്തില്‍ ഉദിച്ചു.
ദൈവവുമായുള്ള ബന്ധത്തിന് ഒന്നാം സ്ഥാനം നല്‍കിക്കൊണ്ട് അവള്‍ എഴുതിയതിനും സംസാരിച്ചതിനും പ്രവര്‍ത്തിച്ചതിനും പിന്നീട് സ്വര്‍ഗം വലിയ പ്രതിഫലമാണ് നല്‍കിയത്. യേശു ജീവന്‍ വെടിഞ്ഞത് എനിക്കുവേണ്ടിയായിരുന്നല്ലോ. അവിടുത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന അനുഭവമാണ് എനിക്കുള്ളത്. അത്രമേല്‍ ഞാന്‍ അവിടുത്തെ സ്‌നേഹിക്കുന്നു. അവളുടെ കൂടെയുണ്ടായിരുന്ന സഹോദരിമാരില്‍ പലരും വിവാഹജീവിതം മോഹിച്ച് തിരിച്ചുപോയി. എന്നാല്‍ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ആത്മീയജീവിതത്തില്‍ മരവിപ്പുണ്ടായിരുന്നിട്ടും അവള്‍ പിടിച്ചു നിന്നു. സംശയഗ്രസ്തമായ ഹൃദയം സമ്മാനിച്ച വേദനകളെ ദൈവസ്‌നേഹത്താല്‍ നേരിടുവാന്‍ അവള്‍ ആ നാളുകളില്‍ നന്നേ കഷ്ടപ്പെട്ടു. ആത്മാവിന്റെ ഇരുണ്ട കാലഘട്ടം അമ്മത്രേസ്യായുടെ ജീവിതത്തില്‍ വര്‍ഷങ്ങളോളം നീണ്ടു. ശാരീരിക വേദനകളും ആത്മീയസംഘര്‍ഷവും മാനസിക ക്ലേശങ്ങളും ആ നാളുകളില്‍ അമ്മ ത്രേസ്യായെ വല്ലാതെ ഉലച്ചു. എങ്കിലും വൈവകൃപയോട് ചേര്‍ന്ന് നിന്ന് അവയെല്ലാം ക്ഷമയോടെ അവള്‍ സഹിച്ചു. അങ്ങനെ വിശ്വസ്തതയ്ക്കുള്ള സമ്മാനമായിട്ടാണ് മഹനീയമായൊരു വിളിനല്‍കി ദൈവം അവളെ അനുഗ്രഹിച്ചത്. സഭയില്‍ പിന്നീട് വലിയൊരു വിശുദ്ധ പിറവിയെടുക്കുകയും ചെയ്തു. 1555 ല്‍ സന്യാസിനികള്‍ക്ക് ആരോ നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ ഒരു ചിത്രം സമ്മാനിക്കുകയുണ്ടായി. രക്തം വാര്‍ന്നൊലിക്കുന്ന ആ രൂപത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണാമം ചെയ്ത് , പാപം ചെയ്യുവാന്‍ വേണ്ടി , തന്നെ ഈ ലോകത്തില്‍ തുടരാന്‍ അനുവദിക്കരുതേ എന്ന് അവള്‍ കേണപേക്ഷിച്ചു. പുണ്യത്തില്‍ ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കാതെ ഞാനിവിടെ നിന്ന് പോവുകയില്ല എന്നു പറഞ്ഞുകൊണ്ടാണ് അവള്‍ പ്രാര്‍ത്ഥിച്ചത്.
ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ചുള്ള കാഴ്ചകളാണ് അമ്മത്രേസ്യായുടെ ജീവിതത്തെ ആകമാനം മാറ്റിമറിച്ചത്. നമ്മെ സ്‌നേഹിക്കുന്ന കര്‍ത്താവുമായി നടത്തുന്ന സംഭാഷണമാണ് മാനസിക പ്രാര്‍ത്ഥന എന്നാണ് അമ്മത്രേസ്യ പറയുന്നത്. ശിഷ്ടകാലം ജീവിതത്തില്‍ ദൈവവുമായുള്ള ഉദാത്തമായൊരു സംഭാഷണമായിരുന്നു അമ്മത്രേസ്യായുടെ ജീവിതം. ഭയം ജനിപ്പിക്കുന്ന ഒരു കാലഘട്ടത്തിലായിരുന്നു അമ്മത്രേസ്യായുടെ ദൗത്യനിര്‍വഹണം. കത്തോലിക്കാസഭയുടെ നേരെ വളരെയേറെ ഭീഷണികള്‍ ഉയര്‍ന്നുവന്നിരുന്ന കാലമായതിനാല്‍തന്നെ ഏതു തരം നവീകരണപ്രവര്‍ത്തനങ്ങളെയും വളരെ വ്യക്തമായി വീക്ഷിച്ചതിന് ശേഷമാണ് വളരുവാന്‍ അനുവദിച്ചിരുന്നത്. അമ്മ ത്രേസ്യ വിശുദ്ധ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നുവെങ്കിലും സഭയില്‍ ഉദാത്തമായ ഒരു മാറ്റം കൊണ്ടുവരുവാന്‍ അവളുടെ പ്രായശ്ചിത്തപ്രവൃത്തികള്‍ മതിയാവില്ലെന്ന് അവള്‍ക്ക് തോന്നി. ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് താന്‍ ജീവിക്കുന്നതെന്ന വാര്‍ത്ത പരന്നിരുന്നുവെങ്കിലും, അമ്മത്രേസ്യായുടെ മുറിയില്‍ നിന്ന് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതോടുകൂടി, അതിശക്തമായ ശിക്ഷണനടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങി. താന്‍ പിശാചിനെ ആരാധിക്കുന്ന വ്യക്തിയാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരോധിക്കപ്പെട്ട ഒരു സംഘടനയിലെ അംഗമാണ് താനെന്നും ശിക്ഷിക്കാനെത്തിയവരോട് അവള്‍ പറഞ്ഞു. തന്റെ ശരീരത്തില്‍ പൈശാചികമായ പല അടയാളങ്ങളുമുണ്ടെന്നും അവയില്‍ ചിലത് പഞ്ചക്ഷതങ്ങളാണെന്ന് തെറ്റിദ്ധരിക്കുവാന്‍ സാധ്യതയുള്ളതാണെന്നും അവള്‍ വാദിച്ചു. അതോടുകൂടി മഹനീയങ്ങളെന്നുകരുതപ്പെട്ടിരുന്ന അവളുടെ പല പുസ്തകങ്ങളും അവള്‍ കത്തിച്ചുകളഞ്ഞു. സഹോദരങ്ങളും സഹപ്രവര്‍ത്തകരും സഭാധികാരികളും അവളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുവാന്‍ തുടങ്ങി.
എല്ലാവരുടേയും മുന്‍പില്‍ വഞ്ചകിയും തെറ്റുകാരിയുമായി അവള്‍ ചിത്രീകരിക്കപ്പെട്ടു. വരങ്ങളും ദര്‍ശനങ്ങളും എല്ലാം പിശാചിന്റെ സഹായത്തോടെ സംഭവിക്കുന്നതാണെന്ന് ലോകം പറയുവാന്‍ തുടങ്ങി. ആവിലായില്‍ മുഴുവന്‍ പ്രസ്തുതകാര്യങ്ങള്‍ വാര്‍ത്തയായി. ഇതെല്ലാം അവളുടെ പ്രായശ്ചിത്തപ്രവൃത്തികളുടേയും പുണ്യാഭ്യാസനത്തിന്റേയും ഭാഗമായിരുന്നുവെന്നുവേണം കരുതുവാന്‍. അത്രമേല്‍ നിന്ദിക്കപ്പെടുവാനും അപമാനിതയാകുവാനും അവള്‍ തയ്യാറായിരുന്നു. ആ വേദനകളൊക്കെയും ലോകത്തിന്റെ മാനസാന്തരത്തിനുവേണ്ടി അവള്‍ കാഴ്ചവച്ചു. പുണ്യമുള്ളവളെന്ന് ആരും തന്നെക്കുറിച്ച് പറയരുതെന്നായിരുന്നു അമ്മത്രേസ്യയുടെ ആഗ്രഹം. ദൈവകൃപയാല്‍ ഈശോസഭയില്‍പെട്ട ഒരു വൈദികന്‍ ആ നാളുകളില്‍ ത്രേസ്യയുടെ കുമ്പസാരം കേള്‍ക്കുവാന്‍ നിയുക്തനാക്കപ്പെടുകയുണ്ടായി. ത്രേസ്യായുടെ മാനസികപ്രാര്‍ത്ഥനയും ധ്യാനരീതികളും സഭയില്‍ വരും കാലത്ത് അനേകര്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. മരണം വരെ ദൈവവുമായുള്ള അവളുടെ സ്‌നേഹസംഭാഷണം അവള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോയുടെ ഹൃദയത്തിലെ മുറിവുകള്‍ അവള്‍ക്ക് നാഥന്‍ സമ്മാനമായി നല്‍കി.
ഒരു മാലാഖയെത്തി തീയമ്പുകൊണ്ട് അവളുടെ ഹൃദയത്തില്‍ മുറുവുണ്ടാക്കുകയായിരുന്നു. അത്രമേല്‍ വേദനാജനകമായ ആ മുറിവുകളെക്കുറിച്ചുള്ള അമ്മത്രേസ്യ പറഞ്ഞതിപ്രകാരമാണ്. ''ഈശോയുടെ ആ തലോടല്‍ എന്നെ വേദനിപ്പിച്ചുവെങ്കിലും അവിടത്തോടുള്ള സ്‌നേഹത്താല്‍ അന്നുമുതല്‍ എന്റെ ഹൃദയം ജ്വലിക്കുകയായിരുന്നു. 1559 ലാണ് പ്രസ്തുത സംഭവം നടക്കുന്നത്. ഇത് 1726 ല്‍ ആ ദിവസത്തെ ബനഡിക്ട് പതിമൂന്നാമന്‍ പാപ്പ അമ്മത്രേസ്യായ്ക്ക് ഈശോ തന്റെ ഹൃദയം സമ്മാനമായി നല്‍കിയതിന്റെ ഓര്‍മ്മ സ്ഥാപിക്കുന്നതിനിടയാക്കി. മരണസമയത്ത് അവളുടെ ഹൃദയത്തിന് ആഴത്തില്‍ മുറിവേറ്റിരിക്കുന്നത് സകലരും കണ്ട് ബോധ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈശോയോടുള്ള സ്‌നേഹത്താല്‍ ജ്വലിച്ച ആ ഹൃദയം ഇന്നും കേടുകൂടാതെ ഇരിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. ഈശോയുടെ സ്‌നേഹത്താല്‍ മാത്രം സ്പന്ദനം ചെയ്തിരിക്കുന്ന ആ ഹൃദയത്തിന്റെ സാക്ഷ്യം ഇന്നും അനേകരെ വിശ്വാസത്തിലേക്ക് നയിക്കുന്നു. ഈ സംഭവത്തിന് ശേഷം പലപ്പോഴും അമ്മ ത്രേസ്യ യേശുവിനെ കാണുവാന്‍ തുടങ്ങി. ദിവ്യകാരുണ്യസ്വീകരണസമയത്തും പ്രാര്‍ത്ഥനാ വേളകളിലും അവള്‍ സാധാരണ വ്യക്തിയെക്കാണുന്നതുപോലെ യേശുവിനെ കാണുമായിരുന്നു. പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ പലപ്പോഴും അവള്‍ മറ്റൊരു ലോകത്തായിരുന്നു. യേശുവുമായി ദീര്‍ഘമായ സംഭാഷണങ്ങള്‍ക്ക് ശേഷമായിരിക്കും അവള്‍ മടങ്ങി വരിക. ഈ ലോകം അവള്‍ക്ക് പലപ്പോഴും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി തോന്നുകയില്ലായിരുന്നു.
ഈ ലോകജീവിതകാലത്തുതന്നെ അവള്‍ പലപ്പോഴും സ്വര്‍ഗത്തിലായിരുന്നുവെന്നുവേണം കരുതാന്‍. ഈശോയുടെ ഹൃദയമായിരുന്നല്ലോ അവള്‍ക്ക് അവിടുന്ന് നല്‍കിയിരുന്നത്. എല്ലാ വേദനകളും സന്തോഷത്തോടെ സഹിച്ച് സഭയ്ക്കും ലോകത്തിനും അനുഗ്രഹപ്രദമായ ജീവിതം നയിക്കുക എന്നത് മാത്രമായിരുന്നു അമ്മത്രേസ്യായുടെ ജീവിതലക്ഷ്യം. അക്കാലത്ത് തെറ്റായ പഠനങ്ങള്‍ പ്രചരിപ്പിക്കുന്ന വൈദികരും സന്യസ്തരും പോലും സഭയിലുണ്ടായിരുന്നു. സഭയോട് വിശ്വസ്തത പുലര്‍ത്തുന്നുവെന്ന് പറയുമ്പോഴും ശരിയേത് തെറ്റേത് എന്നറിയാതെ കുഴങ്ങുന്ന അനേകര്‍ അക്കാലത്തുണ്ടായിരുന്നു. അമ്മത്രേസ്യായുടെ സ്വര്‍ഗീയ കാര്യങ്ങളെക്കുറിച്ചുള്ള എഴുത്തുകളും അക്കൂട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അമ്മത്രേസ്യ സ്പാനിഷ് ഭാഷയിലെഴുതിയ എല്ലാ പുസ്തകങ്ങളും അധികാരികള്‍ അഗ്നിക്കിരയാക്കി. സാധാരണവിശ്വാസികളെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു ആരോപണം. എല്ലാവരും അവളെ ഉപേക്ഷിച്ചു. സഭയുടേയും സമൂഹത്തിന്റെയും മുന്‍പില്‍ അവള്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. പൈശാചികബാധയുള്ള കന്യാസ്ത്രീയെന്ന് സകലരും അവളെ മുദ്രകുത്തി. അവള്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന ദിവ്യകാരുണ്യം പോലും കുറച്ചു കാലത്തേക്ക് സ്വീകരിക്കുന്നതില്‍ നിന്ന് കുമ്പസാരക്കാരന്‍ അവളെ വിലക്കി. യേശു തന്റെ മുഖം അവളില്‍ നിന്ന് പലപ്പോഴും മറയ്ക്കുന്നതായി അവള്‍ക്ക് തോന്നി.
സ്വര്‍ഗ്ഗവും ഭൂമിയും കൈവിട്ടുവെന്ന് തോന്നിയ അവസരങ്ങളില്‍ പോലും അവള്‍ നിശബ്ദപ്രാര്‍ത്ഥനയിലായിരുന്നു. സ്വയം എരിഞ്ഞില്ലാതായിത്തീരുന്നതിനും സ്വാര്‍ത്ഥതയെ നിശ്ശേഷം അകറ്റിക്കളയുന്നതിനും ദൈവം അനുവദിച്ച സമയങ്ങളായിരിക്കണം അവ. ആത്മാവിന്റെ ഇരുണ്ട രാത്രികളില്‍ അവള്‍ സ്വയം മറന്നുശീലിച്ചു. തന്നോടുതന്നെയുള്ള സ്‌നേഹം പാടേ മാഞ്ഞുപോയി. വേദനിപ്പിച്ചവര്‍ക്കും ദ്രോഹിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പഠിച്ചു. ഒരുനാള്‍ ദിവ്യനാഥന്‍ പ്രത്യക്ഷനായി അവളോട് പറഞ്ഞു - ''ഭയപ്പെടേണ്ട മകളേ. ഈ ലോകം മുഴുവന്‍ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല. ധൈര്യമായിരിക്കുക. അവളെ കുമ്പസാരിപ്പിച്ചിരുന്ന വൈദികന്‍ പോലും ത്രേസ്യായ്ക്ക് ലഭിക്കുന്ന ദര്‍ശനങ്ങള്‍ പൈശാചികമാണെന്ന് വിധിയെഴുതി. തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളും ദര്‍ശനങ്ങളും ദൈവികമാണോ അതോ തെറ്റിദ്ധരിപ്പിക്കുവാന്‍ പിശാച് ഒരുക്കുന്ന കെണികളാണോ എന്ന് ത്രേസ്യ പോലും സംശയിക്കുന്നതിനിടയാക്കി. പക്ഷെ അപ്പോഴൊക്കെ ആത്മീയതയുടെ പടികള്‍ ഒന്നൊന്നായി അമ്മ ത്രേസ്യ ചവിട്ടിക്കയറുകയായിരുന്നു. കര്‍ത്താവിനോട് നേരിട്ട് ഇതിന്റെയൊക്കെയും അര്‍ത്ഥം ചോദിക്കുമ്പോള്‍ കുമ്പസാരക്കാരനെ അനുസരിക്കുവാനുള്ള നിര്‍ദേശമാണ് കര്‍ത്താവ് അവള്‍ക്ക് നല്‍കിയത്. അനുസരിക്കുവാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ തീര്‍ച്ചയായും ദൈവികമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അന്നുമുതല്‍ ദൈവികസന്ദേശങ്ങളെയും ദര്‍ശനങ്ങളെയും അനുസരണത്തിന്റെ ചട്ടക്കൂട്ടില്‍ കൊണ്ടുവന്ന് അമ്മത്രേസ്യ പുണ്യം അഭ്യസിച്ചു. പീഢിതയും നിന്ദിതയും തെറ്റിദ്ധരിക്കപ്പെട്ടവളുമായിരുന്നുവെങ്കിലും ഞാന്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന അമ്മ ത്രേസ്യായുടെ വാക്കുകള്‍ എത്രയോ ശ്രേഷ്ഠമാണ്.
'ദൈവത്തെ വിളിക്കുന്നവര്‍ക്ക് മുന്‍പില്‍ പിശാച് വിറകൊള്ളും. എനിക്ക് ലഭിക്കുന്ന വെളിപാടുകള്‍ പൈശാചികമാണെങ്കില്‍, അവയ്ക്കിടയിലൂടെ ഞാനെന്റെ നാഥനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പിശാച് ഓടി മറയില്ലേ. പിശാചിനെക്കാള്‍ പിശാചിനെ ഭയക്കുന്നവരെയാണ് ഞാന്‍ പേടിക്കുന്നത്. കാരണം ദൈവത്തെ മറന്നുജീവിക്കുന്നവരാണ് അവര്‍. ദൈവം കൂടെയുള്ളപ്പോള്‍ തിന്മയുടെ ശക്തികള്‍ക്ക് നമ്മെ ഒന്നും ചെയ്യാനാവില്ല. നവീകരണത്തെക്കുറിച്ചുള്ള ചിന്തകള്‍ അമ്മത്രേസ്യായുടെ ചിന്തയിലേക്ക് കടന്നുവന്നത് സാധാരണ യുവജനങ്ങളും സന്യാസിനികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടപ്പോഴാണ്. വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ആവൃതിയിലേക്ക് കടക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അമ്മത്രേസ്യ ചിന്തിച്ചുതുടങ്ങി. സ്വന്തം ഭവനത്തില്‍ തന്നെ നവീകരണം തുടങ്ങണമെന്നതാണ് ദൈവഹിതം എന്ന് അവള്‍ തിരിച്ചറിഞ്ഞു. വളരെ ദിവസങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റെയും വെളിച്ചത്തില്‍ കര്‍മ്മലീത്തസഭയിലാകമാനം നവീകരണത്തിന്റെ തുടക്കം കുറിക്കുവാന്‍ കര്‍ത്താവ് തന്നെ വിളിക്കുന്നതായി അവള്‍ തിരിച്ചറിഞ്ഞു. തന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിന്റെ മാദ്ധ്യസ്ഥതയില്‍ ഒരു മഠം സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. അതിലുള്ള തന്റെ സന്തോഷം ദിവ്യനാഥന്‍ വ്യക്തമാക്കിയതോടുകൂടിതന്നെ അമ്മത്രേസ്യ നല്‍കേണ്ടി വരുന്ന വിലയെക്കുറിച്ചും അവളെ അവിടുന്ന് ബോധ്യപ്പെടുത്തി. നവീകരണത്തിന് മുന്‍പ് അമ്മ ത്രേസ്യ ഉപയോഗിച്ചിരുന്ന മുറിയില്‍ എല്ലാ സൗകര്യങ്ങള്‍ക്കുമുള്ള സ്ഥലമുണ്ടായിരുന്നു. അടുക്കളയും എഴുത്തുമുറിയുമെല്ലാം ഇവിടെയുണ്ടായിരുന്നു. സന്യാസിനികള്‍ക്കെല്ലാം ഈ വലിപ്പത്തിലുള്ള മുറികളാണ് ഉണ്ടായിരുന്നത്. നൂറ്റമ്പതോളം സന്യാസിനികള്‍ ഈ ഭവനത്തിലുണ്ടായിരുന്നു. പാവപ്പെട്ടവരെന്ന് കരുതുന്ന സന്യാസിനികള്‍ ഇത്തരം ആഡംബര ജീവിതം നയിക്കുന്നത് അവസാനിപ്പിച്ചുകൊണ്ടായിരുന്നു നവീകരണത്തിന്റെ തുടക്കം. വലിയ മുറികള്‍ ചെറുതാക്കുകയും പൊതുവായ അടുക്കള സംവിധാനം നിലവില്‍ വരുത്തുകയും ചെയ്തു.
അപ്രകാരം ജീവിതചര്യകളിലും താമസത്തിലും മാറ്റം വരുത്തിക്കൊണ്ടാണ് സന്യാസിനികളുടെ നവീകരണം അമ്മത്രേസ്യ ആരംഭിക്കുന്നത്. ആദ്യമുണ്ടായിരുന്നതിന്റെ മൂന്നിലൊന്നായി സൗകര്യങ്ങള്‍ ക്രമപ്പെടുത്തി. ഭൗതീക ജീവിതത്തോടുള്ള താല്പര്യം കുറച്ചുകൊണ്ട് മാത്രമേ ആത്മീയ ജീവിതത്തോടുള്ള നമ്മുടെ അഭിരുചി വളര്‍ത്തിയെടുക്കാനാവൂ. ഭൗതികചിന്തകള്‍ നിരന്തരം ഭരിക്കുന്ന ഹൃദയത്തിന് ആത്മീയസത്യങ്ങള്‍ അന്യമായിരിക്കും. സമൂഹജീവിതത്തോടുള്ള സ്‌നേഹം സന്യാസിനികളില്‍ വളര്‍ത്തിയെടുക്കുക വഴി പരസ്പരം സ്‌നേഹിക്കുവാനും നന്മചെയ്യുവാനും അവരെ പ്രാപ്തരാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. പൊതുവായി കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയതോടുകൂടി ഇതെല്ലാം എളുപ്പമായി. നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അമ്മത്രേസ്യായ്ക്ക് നാല്‍പത്തഞ്ച് വയസ്സായിരുന്നു. പുതിയ മഠങ്ങളുടെ നവീകരണത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധികളെ അമ്മത്രേസ്യ തിരിച്ചറിഞ്ഞുതുടങ്ങി. ഇക്കാലത്ത് മരിച്ചുപോയ ഒരു കുട്ടിക്ക് അമ്മത്രേസ്യായുടെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവന്‍ ലഭിച്ചു. അത്രമേല്‍ വിശ്വാസ തീക്ഷ്ണതും ദൈവവുമായുള്ള ബന്ധവും വര്‍ഷങ്ങള്‍ നീണ്ണ്ട സന്യാസ ജീവിതത്തിലൂടെ അവള്‍ ആര്‍ജിച്ചിരുന്നു. പിന്നീട് ആവിലായില്‍ സാന്‍ ജോസ് എന്നപേരില്‍ ഒരു ഭവനം കൂടി അമ്മത്രേസ്യ ആരംഭിച്ചു. ഇവിടെനിന്നാണ് നവീകരണത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന അനേകം ഭവനങ്ങള്‍ തെരേസ ആരംഭിക്കുന്നത്. ദൈവത്തോടുള്ള അനുസരണത്തിന്റെ ഫലങ്ങള്‍ വരുംനാളുകളില്‍ വളരെ ശക്തമായിരുന്നു. വളരെ പരിമിതമായ ജീവിതസൗകര്യങ്ങളാണ് അമ്മത്രേസ്യയ്ക്കുണ്ടായിരുന്നത്. തടികൊണ്ടുണ്ടാക്കിയ ഒരു കട്ടിലും കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു എഴുത്തുമേശയും മാത്രം. ഇവിടെയിരുന്നാണ് ആത്മീയ സത്യങ്ങളെക്കുറിച്ച് അവള്‍ മഹനീയമായി തന്റെ തൂലിക ചലിപ്പിച്ചത്. തന്റെ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും സഭാമക്കള്‍ക്കുവേണ്ടി കാഴ്ചവച്ചാണ് അവള്‍ സകലരുടേയും അമ്മയായിത്തീര്‍ന്നത്.
സ്വന്തം ജീവിതകഥ അവള്‍ വിവരിക്കുന്നത് ദാസിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചു എന്ന് പറയുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിഗീതത്തിന് സദൃശ്യമായിട്ടാണ്. സഭാപാരംഗതയായി അവളെ തിരുസഭ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ദൈവം അവള്‍ക്ക് നല്‍കിയ അനന്യമായ ജ്ഞാനത്തെ സകലരുടേയും മുന്‍പില്‍ സ്വര്‍ഗം ഏറ്റുപറയുകയായിരുന്നു. ശക്തന്‍മാരെ അവഗണിച്ച് പാവപ്പെട്ടവരെയും എളിമയുള്ളവരെയും ഉയര്‍ത്തുന്ന ദൈവത്തിന്റെ കരങ്ങള്‍ ജീവിതത്തില്‍ ദര്‍ശിച്ചുവെന്ന ബോധ്യം മാത്രമായിരുന്നു അവളുടെ എഴുത്തുകളില്‍ നിറഞ്ഞുനിന്നത്. സന്യാസിനികള്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങളും മറ്റും അവരുടെ പ്രാര്‍ത്ഥനകള്‍ക്കും മറ്റുമുണ്ടായിരുന്ന അഭൗമികമായ ഭംഗിയെയാണ് സൂചിപ്പിക്കുന്നത്. സന്യാസ ജീവിതം മനോഹരമാക്കുന്നതിനുള്ള വഴികളും സഹപ്രവര്‍ത്തകകര്‍ക്ക് അവള്‍ പറഞ്ഞുകൊടുത്തിരുന്നു. ക്രിസ്തീയജീവിതം സഹനവും വേദനയുമായി തള്ളിനീക്കേണ്ട ഒന്നാണെന്നുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണതെന്ന് വിളിച്ചോതുന്നതിനും കര്‍മ്മലീത്ത സന്യാസികളെ അമ്മത്രേസ്യ അഭ്യസിപ്പിച്ചു. ദൈവം അമ്മത്രേസ്യായെ മനഹനീയമായ അനേകം കാര്യങ്ങള്‍ ഏല്പിച്ചു. സ്വീകരണവും തിരസ്‌കരണവും പ്രത്യാശയും നിരാശയും എല്ലാം ആ ജീവിതത്തിലുണ്ടായിരുന്നു.
ദൈവം പറയുന്നതുപോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും നമ്മുടെ ജീവിതത്തിലും നേരിടേണ്ടതായി വരാം. എങ്കിലും ദൈവം പറഞ്ഞത് സംഭവിക്കുമെന്ന ഉറച്ച ബോധ്യം നമ്മെ കര്‍മ്മനിരതരാക്കും. ദിവ്യകാരുണ്യനാഥനോടുള്ള അതിയായ സ്‌നേഹമാണ് തെരേസയെ ജീവിതത്തിലുടനീളം മുന്നോട്ട് നയിച്ചത്. പഴയനിയമത്തിലെ പ്രവാചകന്‍മാരെപ്പോലെ ദൈവം മനുഷ്യനോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന സത്യം സകലരോടും പ്രഘോഷിക്കുകയായിരുന്നു അമ്മ ത്രേസ്യായുടെ ജീവിത ലക്ഷ്യം. അങ്ങനെ സംസാരിക്കുമ്പോള്‍ അവിടുന്ന് ദൈവികപദ്ധതികള്‍ നമുക്ക് വെളിപ്പെടുത്തി കിട്ടും. കണ്ണുകള്‍ക്ക് കാണുവാന്‍ സാധിക്കുന്ന രീതിയില്‍ അവിടുന്ന് സന്നിഹിതനായിരിക്കുന്നത് ദിവ്യകാരുണ്യത്തിലാണ്. ജീവിതത്തില്‍ യേശുവിനോടൊത്ത് ചിലവഴിക്കാനുള്ള ഏറ്റവും നല്ല അവസരം വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷമാണെന്ന് അമ്മ ത്രേസ്യ സഹസന്യാസിനികളെ ഉദ്‌ബോധിപ്പിക്കുമായിരുന്നു. ഒരിക്കല്‍ തന്റെ ഭവനത്തില്‍ സുന്ദരനായ ഒരു കൊച്ചുകുട്ടിയെ അമ്മ ത്രേസ്യ കാണുവാനിടയായി. ആരാണിത്? കുട്ടി ചോദിച്ചു. ഞാന്‍ ഉണ്ണീശോയുടെ ത്രേസ്യായാണ്. നീ ആരാണ്? അമ്മ ത്രേസ്യ പുഞ്ചിരിച്ചുകൊണ്ട് തിരികെ ചോദിച്ചു. ഞാന്‍ ത്രേസ്യായുടെ ഉണ്ണീശോയാണ്. അത്രമേല്‍ ആഴമുള്ളതായിരുന്നു അവരുടെ ബന്ധം.
തന്റെ സന്യാസഭയുടെ പുരുഷവിഭാഗത്തിലേക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമ്മത്രേസ്യാക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഈ സ്വപ്നം കുരിശിന്റെ വിശുദ്ധ യോഹന്നാനിലൂടെയും മറ്റ് ആത്മീയ മനുഷ്യരിലൂടെയും സാധ്യമാവുകയുണ്ടായി. മനുഷ്യരുടെ കാര്യങ്ങളില്‍ ഇടപെടുന്ന ഒരു നല്ല പിതാവായാണ് ദൈവത്തെ അമ്മ ത്രേസ്യ കണ്ടത്. അതിനാല്‍തന്നെ സകലകാര്യങ്ങള്‍ക്കും വേണ്ടി അവിടുത്തെ സഹായം ചോദിക്കാനും അവള്‍ മറന്നില്ല. എല്ലാ ആത്മാക്കളിലും വസിക്കുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചും മഹനീയമായി അമ്മ ത്രേസ്യ വിവരിക്കുന്നുണ്ട്. ഉള്ളില്‍ വസിക്കുന്ന ദൈവത്തിന്റെ അടുക്കലേക്കുള്ള പ്രയാണമാണ് മാനസികപ്രാര്‍ത്ഥന. അതില്‍ വളരുന്നവര്‍ക്ക് ദൈവത്തെ കണ്ടെത്തുക പ്രയാസമല്ല. ദൈവത്തോട് സംസാരിക്കുന്നതിനെയാണ് പ്രാര്‍ത്ഥന എന്നുപറയുന്നത്. പ്രാര്‍ത്ഥിക്കുക എളുപ്പമാണെങ്കിലും ദൈവത്തെ കണ്ടെത്തുക ജീവിതസാഹചര്യങ്ങളനുസരിച്ച് വ്യത്യസ്തമായിരിക്കും. സഭയെ ക്രിസ്തുവിന്റെ മണവാട്ടിയെന്നാണ് അമ്മത്രേസ്യ വിളിക്കുന്നത്. മഹത്വവും സൗന്ദര്യവുമുള്ള യേശുവിന്റെ വധുവാണ് സഭ. എന്നാല്‍ തിന്മയ്ക്ക് വശംവദരാകുന്ന സഭാമക്കള്‍ മണവാട്ടിയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. ശത്രുവായ പിശാചിനെ കൂട്ടുപിടിച്ച് സ്വന്തം മാതാവിനെ നശിപ്പിക്കുവാന്‍ ഉദ്യമിക്കുന്നവരാണവര്‍. തനിക്കെതിരെ ഉയര്‍ന്നുവന്ന ഒരനീതിക്കും എതിരെ അവള്‍ ശബ്ദമുയര്‍ത്തിയില്ല. സകലതും പരാതികൂടാതെ സഹിക്കുകയും സഭയുടെതന്നെ നന്മയ്ക്കായി അവ ദൈവസന്നിധിയില്‍ കാഴ്ചവയ്ക്കുകയും ചെയ്തു. മരണം വരെ സഭയെ അതിഗാഢമായി സ്‌നേഹിച്ചു. വിശ്വസ്തതയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുക മാത്രമാണ് അവള്‍ ചെയ്തത്. സഭാപാരംഗതയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ സഭയെ നവീകരിക്കേ ണ്ടതെങ്ങനെയെന്ന് വിവേകത്തോടെ കാണിച്ചുതന്നതിന് ദൈവം നല്‍കിയ പ്രതിഫലമായിരുന്നുവത്.
ഈ ഭൂമിയിലെ ഈശോയുടെ ജീവിതകാലത്ത് ആരെയും അവിടുന്ന് മാറ്റിനിറുത്തിയില്ല. വൈദനിപ്പിച്ചവരോട് ക്ഷമിച്ചു. സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിച്ചു. ആ ജീവിതം സ്വായത്തമാക്കുവാന്‍ ആഗ്രഹിക്കുകമാത്രമാണ് അമ്മത്രേസ്യ ചെയ്തത്. സഹനങ്ങളും വേദനകളും സ്വയം ഇല്ലാതായിത്തീരുന്നതിനും സ്വാര്‍ത്ഥതയെ ഇല്ലായ്മചെയ്യുന്നതിനുമുള്ള മാര്‍ഗങ്ങളായി മാത്രമാണ് അമ്മ ത്രേസ്യ കണ്ടത്. ആല്‍ബേ ഡി ടോര്‍ണസിലാണ് അമ്മത്രേസ്യയുടെ അവസാന മഠസ്ഥാപനം നടക്കുന്നത്. അവിടെ പതിനേഴാമത്തെ മഠമാണ് അമ്മത്രേസ്യ സ്ഥാപിച്ചത്. അവിടെയെത്തിയപ്പോഴേക്കും അമ്മത്രേസ്യായുടെ ആരോഗ്യം വളരെ മോശമായിരുന്നു. സെപ്തംബര്‍ 29-ാം തിയതി രോഗബാധിതയായി അമ്മ ത്രേസ്യ കിടപ്പിലായി. 1582 ഒക്‌ടോബര്‍ മാസം നാലാം തിയതി അറുപത്തിയേഴാമത്തെ വയസ്സില്‍ തന്റെ നിത്യസമ്മാനം നേടുവാനായി സ്വര്‍ഗീയ ഭവനത്തിലേക്ക് അമ്മത്രേസ്യ യാത്രയായി. സഭയില്‍ നവീകരണവും പുതുജീവനും തുടങ്ങിവച്ച് നല്ല ഓട്ടം പൂര്‍ത്തിയാക്കിയായിരുന്നു മടക്കയാത്ര. സഭയോട് സ്‌നേഹമുള്ള സഭയെ പുനരുദ്ധരിക്കേണ്ടതെങ്ങനെയെന്ന് വിവേകത്തോടെ ധ്യാനിച്ച ധീരവനിത. പരാതിയും പരിഭവവുമില്ലാതെ ദൈവതൃക്കരങ്ങളില്‍ സ്വന്തം ജീവിതം ഭാരമേല്പിച്ച് സമാധാനത്തോടെ ജീവിച്ച്, സന്തോഷത്തോടെ ദിവ്യനാഥന്റെ സവിധത്തിലേയ്ക്കവള്‍ യാത്രയായി.
മരണസമയത്ത് ആവിലായിലെ ഭവനത്തിലെ അംഗങ്ങളും ആല്‍ബേ ഡി ടോര്‍ണസിലെ അംഗങ്ങളും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. അമ്മത്രേസ്യായുടെ ഭൗതിക ശരീരം എവിടെ സംസ്‌കരിക്കണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ആദ്യം ആവിലായിലെ വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ള ദേവാലയത്തിലേക്ക് ശരീരം സംവഹിക്കപ്പെട്ടു. അവിടെ ഒന്‍പത് മാസങ്ങളോളം അത് സൂക്ഷിച്ചു. ധാരാളം ചര്‍ച്ചകള്‍ക്കൊടുവില്‍ അമ്മത്രേസ്യ താന്‍ മരിക്കുന്നതിന് മുന്‍പുതന്നെ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട ആല്‍ബേ ഡി ടോര്‍ണസിലേക്കുതന്നെ ഭൗതികശരീരം കൊണ്ടുവന്നു. അമ്മത്രേസ്യായുടെ ശരീരം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 'നരകം തന്നെയും ഇളകി നിങ്ങളുടെ നേരെ വരുന്നെങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ട. യാതൊന്നും നിങ്ങളെ ചഞ്ചലചിത്തരാക്കാതിരിക്കട്ടെ. എല്ലാം കടന്നുപോകും. മാറ്റമില്ലാത്തവനായി ദൈവം മാത്രമേയുള്ളൂ. ക്ഷമയാണ് എല്ലാ നേട്ടത്തിന്റെയും അടിസ്ഥാനം. ദൈവത്തെ സ്വന്തമാക്കുന്നവര്‍ക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. ദൈവം മാത്രമാണ് ആദ്യവും അവസാനവും.'അമ്മത്രേസ്യായുടെ വാക്കുകളാണിത്. 1622 ലാണ് അമ്മത്രേസ്യ വിശുദ്ധരുടെ പട്ടികയിലേക്കുയര്‍ത്തപ്പെട്ടത്. 1970 ഒക്‌ടോബര്‍ മാസം നാലാം തിയതി, മരണത്തിന്റെ 388-ാം വാര്‍ഷികത്തില്‍ സഭാപാരംഗതയായും പ്രഖ്യാപിക്കപ്പെട്ടു. സഭാ ചരിത്രത്തില്‍ രണ്ടേ രണ്ടു സ്ത്രീകള്‍ക്കാണ് ഈ മഹനീയ പദം അലങ്കരിക്കുവാന്‍ കൃപ ലഭിച്ചിട്ടുള്ളത്.
ആവിലായിലെ വിശുദ്ധ ത്രേസ്യാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…