മരിയയുടെ പ്രഥമയാത്ര
''അസൂന്താ, ഞന്‍ നിന്നോട് കാര്യം പറയട്ടെ. നമ്മള്‍ ഇവിടം വിട്ടുപോയാലേ നമുക്ക് അഭിവൃദ്ധിയുണ്ടാവുകയുള്ളു''ലൂയീജി അഭിപ്രായപെട്ടു. പക്ഷേ , അസൂന്ത തീയുടെ അരികിലിരുന്ന് കനല്‍കൂട്ടിക്കൊണ്ടിരുന്നു. ചൂട് പരത്തിക്കൊണ്ട് ജ്വാലകള്‍ ഉയര്‍ന്നു പൊങ്ങി. അവളുടെ മൂന്ന് മക്കളും ചൂട് കിട്ടാനായി കൈ തീയുടെ മീതെ നിവര്‍ത്തിപ്പിടിച്ച് ചുറ്റുമിരുപ്പുണ്ടായിരുന്നു. അസൂന്ത ഒരു ദീര്‍ഘനിശ്വാസ വിട്ട് നിവര്‍ന്നിരുന്നതല്ലാതെ ലൂയീജിയോട് മറുപടി ഒന്നും പറഞ്ഞില്ല. ''നിനക്കൊരു കാര്യമറിയുമോ കഴിഞ്ഞ രാത്രിയില്‍, ഞാന്‍ സിമാരെല്ലിക്കാരുമായി സംസാരിക്കുകയായിരുന്നു. അവര്‍ വസന്തകാലത്ത് ഇവിടം ഉപേക്ഷിച്ച് യാത്രയാവുകയാണ് '' ലൂയീജി തുടര്‍ന്നു. തന്റെ ഭര്‍ത്താവ് അയല്പക്കക്കാരുമായി ഇത്തരമൊരു തീരുമാനത്തിലെത്തിയെന്നും അക്കാര്യം ശാന്തമായി തന്നോട് അദ്ദേഹം അതരിപ്പിക്കുകയാണെന്നുമുള്ള കാര്യം അസൂന്ത ഞെട്ടലോടെ മനസ്സിലാക്കി.
ലൂയീജി അത്യദ്ധ്വാനിയായ ഒരു കര്‍ഷകനാണ്. ഒപ്പം കര്‍മ്മകുശലതയുടെ മനുഷ്യനും. കഴിഞ്ഞ ഉഷ്ണകാലങ്ങളിലെല്ലാം അദ്ദേഹത്തെ മഥിച്ചിരുന്ന കുടിയേറ്റത്തെപ്പറ്റിയുള്ള ചിന്ത ഇത്തവണയും അദ്ദേഹത്തെ വീഴ്ത്തിക്കളഞ്ഞു. ചില ദിവസങ്ങളില്‍ മഴയുടെയും മഞ്ഞിന്റെയും ആധിക്യം ലൂയിജിയെ ജനാലയ്ക്കരികില്‍നിന്ന് വാതില്പ്പടിയിലേയ്‌ക്കോ, അടുക്കളയിലേയ്‌ക്കോ, കിടപ്പുമുറിയിലേയ്‌ക്കോ മാത്രം ഇറക്കി നിര്‍ത്തുമ്പോള്‍ അദ്ദേഹം ആ സ്ഥലത്തെപ്പറ്റി നിരാശപ്പെടാനും കുറ്റംപറയാനും വിലപിക്കാനും തുടങ്ങും. ആ അവസരങ്ങളില്‍ കുടുംബത്തെ സഹായിക്കുന്ന ചിന്തപോലും ലൂയീജിയുടെ മനസ്സിലേക്ക് വരില്ല. ഇത്തരമൊരു സമയത്ത് അദ്ദേഹവുമായി സംസാരിക്കുന്നത് നിഷ്ഫലമാണെന്ന് അസൂന്ത വിചാരിച്ചു. കാരണം പലപ്പോഴും അസൂന്ത അതിന് ശ്രമിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തനിക്ക് തടയാനാകാത്തതിനെയെല്ലാം അംഗീകരിക്കാന്‍ അവള്‍ക്ക് ഇപ്പോള്‍ കഴിയും. പക്ഷെ തന്റെ കണ്ണുനീരിനെ നിയന്ത്രിക്കാന്‍ അവള്‍ക്കായില്ല. ''അപ്പോള്‍ ഞങ്ങളെ അവരോടുകൂടെ വിടാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?'' അവള്‍ ചോദിച്ചു. ശാന്തവും നേര്‍ത്തതുമായിരുന്നു അവളുടെ ശബ്ദം. ലൂയീജി അവളെത്തന്നെ നോക്കി. അസൂന്തായാകട്ടെ കണ്ണുകള്‍ ജ്വാലയില്‍നിന്നും പിന്തിരിച്ചില്ല. വിധേയയായതിന്റെ ഭാവമായിരുന്നു അവളില്‍, ലൂയീജി ഇത്ര പെട്ടെന്ന് ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ''അതെ അസൂന്ത, അതു തന്നെ, ഇനി ഏറിയകാലം നമുക്കിവിടെ ജീവിക്കാനാവില്ല. റോമിനടുത്തായി കൃഷിക്കനുയോജ്യമായ വയലുകളും സ്ഥലങ്ങളും ധാരളമുണ്ട്. നമുക്കനുയോജ്യമായ ഒരിടം നമ്മളവിടെക്കണ്ടെത്തും. അസൂന്താ, അവിടെ നിങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടാകും. ഞാന്‍ പറയുന്നത് വിശ്വസിക്കു അസൂന്താ…'
മഞ്ഞുകാറ്റ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. അത് വാതിലിനെ കൊട്ടിയടച്ചു. മഞ്ഞ് ശക്തിയായി പെയ്യാന്‍ തുടങ്ങി. ആന്‍കോണയിലെങ്ങും ശീതകാലത്തിന്റെ കൈയ്യൊപ്പ് കാണാറായി. ഗ്രാമത്തിന്റെ ശുദ്ധമായ വായുവിനെയും ശാന്തമായ ഊടുവഴികളെയും വളരെ ഇഷ്ടപ്പെടുന്നുവെന്നാകിലും ശൈത്യകാലം അതിനെ ദുരിതത്തിന്റെ ഭൂമികയാക്കി മാറ്റുന്നു. നീണ്ട നിശ്ശബ്ദതയുടെ നാഴികകളായിരുന്നു ഗൊരേത്തി ഭവനത്തില്‍. മരിയയും അവളുടെ രണ്ട് സഹോദരന്മാരും കഠിനശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനായി തീയുടെ അരികിലിരിപ്പുണ്ടായിരുന്നു. അസൂന്ത ഒരു തുണി കൊണ്ടുവന്ന് വൃത്തിയാക്കിയ മേശമേല്‍ വിരിച്ചു. മുപ്പതിന്റെ ആരംഭത്തില്‍ അസൂന്ത ആരോഗ്യവതിയും കൃഷിതത്പരയുമായ സ്ത്രീയായിരുന്നു. ലൂയീജി തന്റെ ഭാര്യ വ്യാപൃതയായിരിക്കുന്ന ജോലികള്‍ വീക്ഷിച്ചു. അസൂന്തയുടെ തണുപ്പന്‍ ചെയ്തികള്‍ മനസ്സിന്റെ വേദനയും ആസ്വീകാര്യതയും അവളുടെ വാക്കുകളിലൂടെ എന്നതിനേക്കാള്‍ വിളിച്ചോതുന്നവയായിരുന്നു. തന്റെ ജീവിതത്തിലെ തികച്ചും കഠിനമായ ഒരു ത്യാഗത്തെ അസൂന്താ ഒന്നും നോക്കാതെ അംഗീകരിക്കുകയാണെന്ന് ലൂയീജിക്ക് മനസ്സിലായി. കാരണം അവള്‍ക്ക് അത്രയ്ക്ക് അടുപ്പമാണ്. അന്നുവരെ ജീവിച്ചു വളര്‍ന്ന ഗ്രാമത്തോട്. അവിടെയാണ് അവളുടെ മാതാപിതാക്കള്‍ അന്ത്യവിശ്രമംകൊള്ളുന്നതും. അവിടെ കാണുന്ന കുന്നിന്‍ചെരിവല്ലാതെ മറ്റെല്ലാ ചക്രവാളങ്ങളും അവള്‍ക്കന്യമാണ്. പക്ഷെ ഒരു സൈനികനെന്ന നിലയില്‍ ലൂയീജിയുടെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹം അപ്പന്നീസെസിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അതിനപ്പുറമുള്ള സ്ഥലങ്ങള്‍ അദ്ദേഹത്തിനറിയാംതാനും ചില സമയങ്ങളില്‍ ലൂയീജി ഇപ്രകാരം ചിന്തിക്കും.
''എന്തിനാണ് ചില വികാരവിചാരങ്ങളുടെ പേരില്‍ ചിലര്‍ ഈ പര്‍വ്വതപ്രദേശത്തു വച്ച് പാറകളില്‍ തെന്നി വീണും അസ്ഥികള്‍ പൊട്ടിയും പരുക്കന്‍ കാലാവസ്ഥയില്‍ കഴിഞ്ഞും സ്വയം മരിക്കുന്നത്.'' ശീതക്കാറ്റ് വാതില്പടി കടന്ന് അകത്തേക്ക് വന്നു. കുട്ടികള്‍ തീയുടെ ചൂടേറ്റ് ഉറക്കത്തിലേക്ക് വഴുതിവീണു. അസൂന്ത പാത്രങ്ങളൊക്കെ കഴുകുകയാണ്. ലൂയീജിയുടെ മനോവേദന കുന്നുകൂടി. അയാള്‍ നഖം കൊണ്ട് ജനാലച്ചില്ലിലടിഞ്ഞുകൂടിയ മഞ്ഞുപാളി ഉരച്ച് ഒരു ദ്വാരമുണ്ടാക്കി പുറത്തേക്ക് നോക്കി, വെള്ള പുതപ്പിച്ച ഭൂമിയാണ് ലൂയീജി കണ്ടത്. മഞ്ഞാകട്ടെ നിരന്തരം പെയ്യുന്നുമുണ്ട്. അതിനൊരവസാനമില്ലാത്തതുപോലെ അയാള്‍ക്ക് തോന്നി. കല്‍ബഞ്ചുകളും കുറ്റിച്ച റോസച്ചെടികളും കണ്‍വെട്ടത്ത് നിന്ന് മഞ്ഞ് മറച്ചുകളഞ്ഞു. പെട്ടെന്ന് ഒരു ചെറിയ കൈത്തലം അയാളുടെ കയ്യിലേക്ക് പതിഞ്ഞു. ലൂയീജി കണ്ണുകള്‍ താഴ്ത്തി നോക്കി. പെട്ടെന്ന് അയാളുടെ മുഖം സാന്ദ്രമായി. അത് അയാളുടെ പ്രിയപ്പെട്ട മരിയമോളായിരുന്നു. മരിയ അപ്പച്ചനോട് ചേര്‍ന്നുനിന്നു. അയാള്‍ അവളുടെ നീണ്ട് സുന്ദരമായ മുടിയിഴകളിലൂടെ കയ്യോടിച്ചു. പിന്നീട് അവളുടെ നിറുകയില്‍ ചുംബിച്ചു. ആറ് വയസ്സുള്ള ആ കുട്ടി ലൂയീജിക്ക് മറ്റെന്തിനേക്കാളും വലുതായിരുന്നു. ദേഷ്യം അവള്‍ക്ക് പതിവായിരുന്നെങ്കിലും മറ്റവസരങ്ങളിലെല്ലാം സ്‌നേഹവതിയും വാത്സല്യവതിയായിരുന്നു മരിയ. അവള്‍ തന്റെ മനോഹരമായ കണ്ണുകള്‍ തന്റെ അപ്പച്ചന്റെ നേരെ തിരിച്ചു. അത് അപ്പച്ചനോട്, തന്നെയെടുത്ത് മടിയിലിരുത്താനുള്ള യാചനയായിരുന്നു. അവളുടെ ചുവന്നു തുടുത്ത കവിള്‍ത്തടങ്ങള്‍ ആ പ്രിയപിതാവിന് ചൂടേകുന്ന സൂര്യകിരണങ്ങളുടെ പ്രതീതിയാണ് നല്കിയത്.
മക്കളെ കിടക്കയില്‍ കിടത്തിയതിനുശേഷം തീയുടെ അരികിലിരുന്ന് ലൂയീജിയും അസുന്തയും ഏറെ നേരം സംസാരിച്ചു. മരിയയാകട്ടെ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏതോ ദീര്‍ഘദൂരയാത്രയെപ്പറ്റിയാണ് അവര്‍ പറയുന്നതെന്ന് അവള്‍ മനസിലാക്കി. ആ രാത്രിയില്‍ മനോഹരവും ആനന്ദദായകവുമായ സ്വപ്നങ്ങള്‍ കണ്ട് അവള്‍ ഉറങ്ങി. ശൈത്യകാലത്തിന് വിരാമമായി. മഞ്ഞുരുകിയതിനാല്‍ പുഴകള്‍ ആര്‍ത്തലച്ച് കടലിലേക്കൊഴുകി. ഒരു മനോഹരമായ സുപ്രഭാതത്തില്‍ തന്റെ കാളവണ്ടി നിറയെ സാധനങ്ങളുമായി ലൂയീജി കൊറിനാള്‍ഡോയോട് യാത്ര പറഞ്ഞു. കാളവണ്ടിയില്‍ അദ്ദേഹത്തിന് സ്വന്തമായ വസ്തുക്കളായിരുന്നു. പിന്നെ നൂറുകണക്കിന് ലീറയുമുണ്ടായിരുന്നു. കാരണം തന്റെ വയലും വീടും വിറ്റിട്ടായിരുന്നു ആ യാത്ര. ഒന്‍പത് വയസ്സുള്ള ആഞ്ചലോയും നാലു വയസ്സുള്ള മറീനോയും കാളവണ്ടിക്കകത്ത് നിറച്ച കെട്ടുകള്‍ക്കിടയില്‍ കിടന്ന് കളിക്കുകയായിരുന്നു. മരിയയ്ക്കും ലൂജീയയ്ക്കുമൊപ്പം മുന്നിലിരുന്ന അസൂന്തായുടെ കയ്യില്‍ നവജാതശിശുവായ അലെസാഡ്രോയുമുണ്ടായിരുന്നു. സിമാരെല്ലിയുടെ വണ്ടി അവരെ പിന്തുടരുന്നുണ്ടായിരുന്നു.
ഡോമിനിക്കോയും ലൂയീജിയും ഉറ്റ സുഹൃത്തുക്കളും, തൊട്ടയല്‍വാസികളുമായിരുന്നു. തെരേസയും അസൂന്തയും ബാല്യകാലസുഹൃത്തുക്കളുമായിരുന്നു. അവര്‍ ലോകത്തിലെ എന്തെങ്കിലും വസ്തുക്കള്‍ക്കായി വേര്‍പിരിയാന്‍ ആഗ്രഹിച്ചവരുമായിരുന്നില്ല. രണ്ടു കുടുംബങ്ങളും ഒരുമിച്ച് അപ്പന്നീനെസ് കടന്നു. ശേഷം ഒരുമിച്ച് റോമിലേക്കുള്ള പാതയിലൂടെ യാത്ര തുടര്‍ന്നു. കാളവണ്ടിയുമായി ഇരുന്നൂറ് മൈല്‍ താണ്ടാന്‍ അവര്‍ക്ക് പല ആഴ്ചകള്‍ ചെലവഴിക്കേണ്ടി വന്നു. ചില സമയങ്ങളില്‍ ഗഹനമായി ചിന്തിച്ചുകൊണ്ട് ലൂയീജി കാളവണ്ടിക്ക് പിമ്പേ നടക്കുകയായിരുന്നു. മരിയ കാണാമറയത്തായിക്കൊണ്ടിരുന്ന വെളുത്തു കിടക്കുന്ന ഗിരിശൃംഗത്തെ മരിയ ഒന്നുകൂടി വീക്ഷിച്ചു. ആ അവസാനകാഴ്ച ആ കുഞ്ഞുമനസ്സില്‍ പതിഞ്ഞുപോയി. സ്വര്‍ഗ്ഗത്തെ മുട്ടി നില്ക്കുന്ന കൊറിനോള്‍ഡോയിലെ മഞ്ഞുമലകളുടെ ദൃശ്യം.
ചതുപ്പുനിലത്തിലെ വീട്
അവര്‍ അവസാനം റോമിലെത്തിച്ചേര്‍ന്നു. ഇത്രയും സുന്ദരമായ സ്ഥലത്ത് ഇതുവരെ അവര്‍ക്ക് എത്താനായില്ലല്ലോ എന്നായിരുന്നു അവിടെയെത്തിയപ്പോള്‍ ലൂയീജി ചിന്തിച്ചത്. സാധാരണക്കാരായ പാവപ്പെട്ട ഈ രണ്ടു കൃഷിക്കാര്‍ക്കും റോമാനഗരം ഒരു പുതിയ ലോകമായി തോന്നി. രണ്ടു ദിവസം ഗൊരേത്തിക്കാരും സിമാരെല്ലിസുകാരും റോമാനഗരത്തിന്റെ തെരുവിലൂടെ അലഞ്ഞു. എങ്ങോട്ടു പോകണമെന്നറിയാതെ നിസ്സഹായരായി അലയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തീരുമാനം പുന:പരിശോധിക്കാന്‍ തുടങ്ങി. ഒരു സ്ഥലത്തുകൂടിത്തന്നെ ഒരു ഡസന്‍ പ്രാവശ്യം വഴിയറിയാതെ അവര്‍ യാത്ര ചെയ്തു ദേവാലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ കന്യകയുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ച് സകല വിശുദ്ധരേയും വിളിച്ചപേക്ഷിച്ച് മെഴുകുതിരികള്‍ തെളിച്ച് അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ശക്തമായിരുന്നെന്നാലും ദയാസ്പര്‍ശമില്ലാത്ത വിധി അവരെ നാശത്തിലേക്ക് നയിക്കുകയായിരുന്നു.
അവസാനം കൗണ്ട് മസ്സോലെനിയെപ്പറ്റി അപരിചിതന്‍ അവര്‍ക്ക് സൂചന നല്‍കി. നെറ്റൂനോയിക്കടുത്തായി അയാള്‍ക്ക് ധാരാളം സ്ഥലമുണ്ടെന്ന് അവര്‍ അറിഞ്ഞു. സ്വീകാര്യമായ ഒരു തുകയ്ക്ക് അയാള്‍ അത് പാട്ടത്തിനു നല്‍കുമെന്ന് അപരിചിതന്‍ അറിയിച്ചു. അല്ലെങ്കില്‍ ലാഭം നല്കുന്ന വിധത്തില്‍ അയാള്‍ സ്ഥലം താത്കാലിക ഉടമസ്ഥാവകാശത്തില്‍ നല്കുമെന്നും, പക്ഷെ അതിന് അവര്‍ നല്ല കൃഷിക്കാരും ഭത, ൂസ്‌നേഹികളുമായിരിക്കണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടെ ചതുപ്പ് നിലങ്ങളുണ്ട് ഒപ്പം മോശം കാലാസ്ഥയും. പക്ഷെ ഇതൊന്നും ആരെയും തടസ്സപ്പെടുത്തിയില്ല. അപരിചിതന്‍ കൂട്ടിച്ചേര്‍ത്തു, 'എന്തുകൊണ്ട് അങ്ങോട്ട് പോയിക്കൂടാ?' അപരിചിതന്‍ നിര്‍ദ്ദശിച്ചു. ''നിങ്ങള്‍ക്ക് തന്നെ അതു കണ്ടുപിടിക്കാം. എനിക്കാ സ്ഥലമാറിയാം ഇത് കോന്‍കോ ജില്ലയാണ്. ഫെറിയോര്‍ എത്തുമ്പോള്‍ ഇറങ്ങി അന്വഷിക്കുക. അവിടെ ആരോടു ചോദിച്ചാലും ഇതെവിടെയാണെന്ന് പറഞ്ഞുതരും''.
ലൂയീജിയും ഡോമിനിക്കോയും ആ നല്ല മനുഷ്യന് നന്ദിപറഞ്ഞു. ഒട്ടും താമസിയാതെ അവിടേയ്ക്ക് യാത്ര തുടര്‍ന്നു. അവര്‍ ചതുപ്പു നിലങ്ങളെ സമീപിക്കാറായപ്പോഴേയ്ക്കും വായു നന്നായി ചൂട് പിടിച്ചിരുന്നു. കാളവണ്ടിയിലിരുന്ന് വീര്‍പ്പുമുട്ടിയ കുഞ്ഞുങ്ങള്‍ പരാതിപ്പെടാന്‍ തുടങ്ങി. എന്നാല്‍ മരിയ ക്ഷമയോടെ, ശാന്തതയോടെ അതിനകത്തിരുന്നു. കാളവണ്ടിയുടെ പുറകിലിരുന്ന് കാലുകള്‍ തൂക്കിയിട്ടിരുന്ന് അവള്‍ ഏറെ കാര്യങ്ങള്‍ ചിന്തിച്ചു. വലിയ ചക്രങ്ങള്‍ വഴിയിലൂടെ ശബ്ദം വച്ച് ഉരുണ്ടു. ആ അപരിചിതമായ സാഹസികതയെക്കുറിച്ച് അവള്‍ വ്യാകുലയാവുകയോ ചിന്തിക്കുകയോ ചെയ്തില്ല. പക്ഷെ നിശാരംഭമാകുമ്പോള്‍ എവിടെയായിരിക്കുമെന്ന ചിന്ത അവളെ അല്പം ചിന്താകുലയാക്കി. തങ്ങള്‍ ഒരു നഗരം കടന്നുപോവുകയാണെന്ന കാര്യം അവള്‍ ശ്രദ്ധിച്ചു. പതിയെപ്പതിയെ പിന്നിട്ട ഈ വലിയ ലോകം അനേകം ജനങ്ങളുള്ള, ദേവാലയങ്ങളുള്ള, മണിമാളികളുള്ള ലോകം, മുമ്പില്‍ നിശ്ചലമായി നില്‍ക്കുന്നതുപോലെ അവള്‍ക്കു തോന്നി. താമസിയാതെ അവര്‍ ഒരു ഗ്രാമത്തിലെത്തി. മുന്തരിത്തോപ്പുകളും ചോളപ്പാടങ്ങളും പ്രത്യക്ഷമായി. ഉഷ്ണമേറിയതിനാല്‍ മരിയയ്ക്ക് ദാഹിച്ചു. പക്ഷെ അവിടെയൊന്നും വണ്ടി നിര്‍ത്തുകയില്ലായെന്ന് അപ്പച്ചന്‍ പറഞ്ഞിരുന്നു. കാളകള്‍ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു. ലൂയീജി സംതൃപ്തിയോടെ ചൂളം വിളിച്ചുകൊണ്ടിരുന്നു. ഡോമിനിക്കോ കടിഞ്ഞാല്‍ വേഗത്തില്‍ ചലിപ്പിച്ചു.
വളരെ ദൂരത്തായി ഫെറിയേറിലെ ആദ്യത്തെ വീടു കാണവേ അവര്‍ ആശ്വാസത്തോടെ ദീര്‍ഘനിശ്വാസമുതിര്‍ത്തു. ബഹുദൂരയാത്രയായിരുന്നു അവരുടേത്. വഴിയിലൂടെ മുന്നോട്ടു പോകവേ ഒരു വളവിലെത്തിയപ്പോള്‍ ലൂയീജി എഴുന്നേറ്റു നിന്ന് മരങ്ങള്‍ക്കിടയിലൂടെ തുറിച്ചുനോക്കി. അവടെ ദേവാലയഗോപുരങ്ങളുടെ അസാന്നിദ്ധ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. അതുകൊണ്ടു തന്നെ എല്ലാം നിങ്ങള്‍ക്കവിടെ പ്രതീക്ഷിക്കാനാവില്ലല്ലോ. ലൂയീജി തന്റെ കാളവണ്ടിയുമായി കുതിച്ചു. അല്പസമയത്തിനുള്ളില്‍ അവര്‍ ആ ദരിദ്രഗ്രാമത്തിന്റെ മദ്ധ്യത്തിലെത്തി. അവിടെ ഒരു കടപോലും കാണാനുണ്ടായിരുന്നമില്ല. വൃത്തിഹീനമായ റോഡിനിരുവശത്തുള്ള കെട്ടിടങ്ങളില്‍ പാതിപോലും തുറന്നിട്ട ഒരു വാതിലോ ജനലോ ഉണ്ടായിരുന്നില്ല. അത് അവിടെയുടെയുള്ളവര്‍ നിഷ്‌കര്‍ഷിച്ചുപോന്ന ഉച്ചമയക്കത്തിന്റെ നേരമായിരുന്നു. അവിടെയെുളള ഒരു വീടിന്റെ വാതിലില്‍ ലൂയീജി മൂന്നു തവണ മുട്ടിവിളിച്ചു. മറുപടിയുണ്ടായില്ലെങ്കിലും വീടിനകത്ത് തോന്നിച്ച ചെറിയ ശബ്ദങ്ങള്‍ അവര്‍ക്ക് പ്രതീക്ഷയേകി വാതില്‍ തുറക്കപ്പെട്ടില്ല. പക്ഷെ ഒരു വല്യമ്മ കിളിവാതിലൂടെ കാഴ്ച മങ്ങിയ കണ്ണുകള്‍ കൊണ്ട് തുറിച്ചുനോക്കി. ''എവിടെയാണ് കൗണ്ട് മസ്സോലെനിയുടെ കൃഷിസ്ഥലമെന്ന് പറഞ്ഞു തരാമോ?'' ലൂയീജി ചോദിച്ചു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് വരുന്നതേ ഉണ്ടായിരുന്നതിനാല്‍ വല്യമ്മയ്ക്ക് കാര്യം മനസ്സിലായില്ല. അതിനാല്‍ ചോദ്യം ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ടിവന്നു.
''ഓ നിങ്ങളുദ്ദേശിക്കുന്നത് ആ പഴയ തൈരുഫാക്ടറിയാ.''വല്യമ്മ വാതിലിന് പുറത്തിറങ്ങി രണ്ടുമൂന്ന് ചുവടുകള്‍ മുന്നോട്ടുവച്ചു.''അത് ദാ അവടെ ഇടതുവശത്തായിട്ട് വരും. ആ അവസാന സ്ഥലം. നിങ്ങള്‍ക്കത് ഒഴിവാക്കി പോകാനാവില്ല.'' ആ സ്ഥലം അവര്‍ ശരിയായി കണ്ടെത്തി. ഓടു മേഞ്ഞ അല്പം ഉയര്‍ന്ന ദീര്‍ഘചതുരാകൃതിയിലുള്ള കെട്ടിടമായിരുന്നു അത്. കുട്ടികളെല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി മുറ്റത്ത് കളിയാടാന്‍ തുടങ്ങി. അവിടെയടുത്തെങ്ങും മരമോ മറ്റെന്തിന്റെയെങ്കിലും തണലോ ഇല്ലാതിരുന്നതിനാല്‍ ചൂട് തീവ്രമായിരുന്നു. എല്ലാം ഒരു മൃതാവസ്ഥയില്‍ കാണപ്പെട്ടു. കോഴിക്കൂട് ശൂന്യമായിരുന്നു. ലൂയീജിയും അസൂന്തയും കൃഷിസ്ഥലം പരിശോധിച്ചു. കുതിരാലയവും കാലിത്തൊഴുത്തും സന്ദര്‍ശിച്ചു. അടുക്കളയിലൂടെയും മറ്റ് മുറികളിലൂടെയും കയറിയിറങ്ങിയതിനു ശേഷം ഗോവണി വഴി രണ്ടാം നിലയില്‍ കയറി. അവര്‍ അവിടെ പൂച്ചയെയോ, പട്ടിയെയോ മറ്റെന്തെങ്കിലും ചേതനവസ്തുക്കളെയോ കണ്ടില്ല. അതുകൊണ്ടുതന്നെ മറ്റാരോടും ചോദിക്കാതെ അവര്‍ ഫെറിയേര്‍ കൃഷിഭൂമിയോടനുബന്ധിച്ചുള്ള ആ കെട്ടിടം കരസ്ഥമാക്കി. ക്രമീകരണങ്ങളെല്ലാം അടുത്തദിവസം പൂര്‍ത്തിയായി. ലൂയീജിയും ഡോമിനിക്കോയും മസ്സോലെനി പ്രഭുവിന്റെ കൃഷിക്കാരായിത്തീര്‍ന്നു. ഗൊരേത്തിക്കാര്‍ ഉപയോഗിക്കുന്നതുപോലുള്ള മറ്റൊരു കെട്ടിടം സിമാരെല്ലിക്കാരും കണ്ടെത്തി. അവര്‍ സഹകാരികളായിരുന്നില്ല. അയല്പക്കക്കാര്‍ മാത്രമായിരുന്നു.
അസൂന്ത വളരെ വേഗം അവിടം തുടച്ചു വൃത്തിയാക്കി. പര്‍വ്വതകാറ്റ് പരിചിതമായിരുന്നെങ്കിലും പോന്റെയ്ന്‍ മാര്‍ഫിന്‍ കുടുങ്ങിയ ഈര്‍പ്പമുള്ളതും അനാരോഗ്യകരവും മലേറിയയ്ക്ക് നിദാനവുമാകുന്ന ഇപ്പോഴത്തെ കാറ്റ് അവര്‍ക്ക് ദുസ്സഹമായിത്തോന്നി. ലൂയീജി ധൈര്യസമേതം തന്റെ ജോലിയാരംഭിച്ചു. കൊറിനാള്‍ഡോയിലെപ്പോലെ ചെറിയ സ്ഥലങ്ങളിലായിട്ടായിരുന്നില്ല അദ്ദേഹം കൃഷി ചെയ്തത്. അവിടെ വിസൃതമായി നിരന്നു കിടക്കുന്ന പാടങ്ങളുടെയും പുല്‍ത്തകിടികളുടെയും വിശാലമായ പ്രകൃതിദൃശ്യം കാണാമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വസ്തുവകകള്‍ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന കൂലിക്കാരന്‍ കൃഷിവിഭവങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു ശുഷ്‌കാന്തിയും കാട്ടാതെ കിട്ടുന്ന വിളവെടുത്ത് ജീവിച്ചുപോരുകയായിരുന്നു. ആ സ്ഥലത്ത് നിറഞ്ഞുകവിയുന്ന കുളങ്ങളില്‍നിന്നും ജലമെത്തിക്കുന്ന ചാലുകള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ കൃഷിഭൂമിയെ തന്റെ പരിധിയിലെത്തിക്കാന്‍ ലൂയീജി കിണഞ്ഞ് പരിശ്രമിച്ചു. വേനല്ക്കാലമായപ്പോഴേയ്ക്കും ചാലിന്റെ ജോലി ലൂയീജി പൂര്‍ത്തിയാക്കി. പാടങ്ങളില്‍ വെള്ളമെത്തിയതുകൊണ്ട് ലൂയീജി അവിടം ഉഴുതുവാന്‍ തുടങ്ങി. ശരത്കാലാരഭംത്തില്‍ത്തന്നെ എട്ട് ഏക്കറിലായി ഗോതമ്പും ബാര്‍ലിയും വിതയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കഠിനതാപത്തിന്റെയും പൊന്റിയന്‍ മാര്‍ഫസെന്ന കാറ്റ് കൊണ്ടുവരുന്ന ഈര്‍പ്പത്തിന്റെയും ആധിക്യം പര്‍വ്വതപ്രദേശത്തെ നല്ല കായബലമുള്ള കൃഷിക്കാരനെപ്പോലും വലയ്ക്കുന്ന സമയമായിരുന്നു അത്. എന്നിട്ടും ലൂയീജിയുടെ ശക്തി ദൃഡതരമായിത്തന്നെ നിലകൊണ്ടു. പനിയുടെ ആദ്യ ആക്രമണം ലളിതമായിട്ടായിരുന്നതിനാല്‍ ലൂയീജി അതിനെ വകവെച്ചില്ല. അസൂന്ത അദ്ദേഹത്തെ വിശ്രമിക്കാനായി നിര്‍ബന്ധിച്ചു. പക്ഷെ അലസനായിരിക്കാന്‍ തയ്യാറാകാത്ത അദ്ദേഹം ജോലിയില്‍ വ്യാപൃതനായി. കുറച്ചുനാളുകള്‍ക്കുശേഷം അദ്ദേഹം ചുമയ്ക്കാന്‍ തുടങ്ങി. താമസിയാതെ അദ്ദേഹത്തിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. ശ്വാസകോശസംബന്ധമായ അസുഖമായി അദ്ദേഹം ഒരാഴ്ച കിടപ്പിലായി. പരിപൂര്‍ണ്ണമായി ഭേദമാകുന്നതിനു മുമ്പുതന്നെ അദ്ദേഹം ജോലിക്കായി നിരത്തിലിറങ്ങി. രണ്ടാഴ്ച അദ്ദേഹം ക്വാറിയില്‍ പാറയും കല്ലും ചുമന്നു. കുറ്റിച്ചെടികള്‍ ചമയിക്കലിലും വിറകിന്റെ ലഭ്യതയിലുമായി പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ ആരോഗ്യസ്ഥിതിയെയും ശല്യപ്പെടുത്തുന്ന ചുമയെയും തൃണവത്ഗണിച്ചുകൊണ്ട് ലൂയീജി ശീതകാലം മുഴുവന്‍ തുടര്‍ച്ചയായി ജോലി ചെയ്തു.
കൃഷിഭൂമി ഒരു വിധത്തില്‍ നേരെയാക്കിയെടുത്തതിന്‌ശേഷം ലൂയീജി കെട്ടിടങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തില്‍ ശ്രദ്ധയൂന്നി. മേല്‍ക്കൂര നന്നാക്കാനും തട്ട് വൃത്തിയാക്കാനും കുതിരാലയം ഓരോ ഭാഗമായി തിരിക്കാനും... അങ്ങനെ ഒരു ജോലി മറ്റൊന്നിലേക്ക് നയിച്ചുകൊണ്ടിരുന്നു. വിശ്രമത്തെപ്പറ്റി ചിന്തിക്കാതെ ആരോഗ്യത്തെ ക്ഷയിപ്പിച്ചുകൊണ്ടിരുന്ന രോഗത്തെപ്പറ്റി ചിന്തിക്കാതെ ലൂയീജി അദ്ധ്വാനിച്ചുകൊണ്ടേയിരുന്നു. വീട്ടില്‍ മരിയയുടെ വളര്‍ച്ച അതിവേഗമായിരുന്നു. അവളുടെ ചെറുമിഴികള്‍ ജീവിതത്തെ കാണാന്‍ തുടങ്ങി. അവളുടെ കുഞ്ഞുകൈകള്‍ കുടുംബ ജോലികള്‍ സ്വായത്തമാക്കി. പക്ഷെ മരണം വളരെ നേരത്തെ സന്ദര്‍ശത്തിനായി വരുമെന്ന് മരിയയ്ക്കു പോലും ബോധ്യമില്ലായിരുന്നു.
സെരെനെല്ലിസുകാരുടെ വരവ്
വിളവെടുപ്പ് കാലമായി. ലൂയീജി തന്റെ അരിവാള്‍ മൂര്‍ച്ചകൂട്ടി വളരെ നേരത്തെ ഒരുങ്ങിയിരുന്നു. അയാള്‍ വിളവെടുപ്പ് സ്വയം ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. വിളവു കൊണ്ടുവരാന്‍ കൂലിക്കാരെ നിര്‍ത്താതിരുന്നതിനാല്‍ തന്റെ കുടുംബത്തിന് കൂടുതല്‍ ധാന്യമുണ്ടാകുമെന്ന് ലൂയീജി ചിന്തിച്ചു. പക്ഷെ അത് അദ്ദേഹത്തിന്റെ അന്ത്യാവിവേകമാണെന്ന് തെളിഞ്ഞു. വിളവെടുപ്പിന്റെ ആദ്യദിനനാളില്‍ എല്ലാം നന്നായി പോയി. അദ്ദേഹത്തില്‍ മുന്നില്‍ കുന്നുകൂടിയ കറ്റകള്‍ അദ്ദേഹത്തിന്റെ ജോലിക്ക് തീവ്രതയേകി. ഒരു നിമിഷത്തേയ്ക്ക് പോലും നിര്‍ത്താതെ വിയര്‍പ്പൊഴുക്കി മണിക്കൂറുകളോളം ഉഴവുചാലിനു മീതെ അദ്ദേഹം വളഞ്ഞുനിന്ന് ജോലി ചെയ്തു. അദ്ദേഹത്തിന്റെ ഈ അത്യദ്ധ്വാനം അയാളുടെ ഒരു വിഡ്ഢിത്തരമായി മാറി. തലേനാളത്തേക്കാളും തകര്‍ന്നാണ് ഓരോ സായാഹ്നത്തിലും അദ്ദേഹം കയറിവന്നത്. പല ദിവസങ്ങളിലും അത്താഴത്തിന് നില്‍ക്കാതെ അദ്ദേഹം ശയ്യ പൂകുമായിരുന്നു. ഈ അവസ്ഥയില്‍ തുടരാന്‍ അദ്ദേഹത്തിനായില്ല. ആ വാരാന്ത്യത്തില്‍ അദ്ദേഹം മോഹാലസ്യപ്പെട്ട് ഒരു മദ്ധ്യാഹ്നം മുഴുവന്‍ നിസ്സഹായനായി പാടത്തുകിടന്നു. ബുദ്ധിമുട്ടി അദ്ദേഹം വീട്ടില്‍ തിരികെയെത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം ക്രമരഹിതമായിത്തീര്‍ന്നു.
അടുത്ത പ്രഭാതത്തില്‍ കാമ്പോമോര്‍ട്ടോയില്‍ പോയി ഞായറാഴ്ച ബലിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനായില്ല. തിങ്കളാഴ്ചയായപ്പോഴേയ്ക്കും കൃഷിസ്ഥലത്ത് പോകാനാകാതെ അദ്ദേഹം അവശനായി കിടക്കയില്‍ കിടന്നു. അന്നുതന്നെ മസ്സോലെനി പ്രഭു തന്റെ ഫെറിയേര്‍ ഫാം സന്ദര്‍ശിക്കാനെത്തി. ലൂയീജിയുടെ വിളവെടുപ്പ് മറ്റുള്ളവരുടേതിനേക്കാള്‍ താമസിച്ചത് അദ്ദേഹത്തെ അന്ധാളിപ്പിച്ചു. മറ്റുള്ളവരുടെ വിളവെല്ലാംതന്നെ കളപ്പുരകളിലെത്തിയിരുന്നു. എന്നാല്‍ ലൂയീജിയുടെ വിളവ് പകുതി കൊയ്ത് നിലത്തേക്ക് വളഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ധാന്യങ്ങളെല്ലാം പാകമായതും എന്നാല്‍ എന്നുവേണമെങ്കിലും നിലം പതിക്കത്തക്കവിധത്തിലുമായിരുന്നു. എന്തുകൊണ്ടാണ് വിളവ് ശേഖരിക്കാത്തത് എന്ന് പ്രഭുവിന് മനസ്സിലായില്ല. ലൂയീജി തന്റെ ജോലി ക്രമേണ സാവധാനത്തിലാക്കുകയായിരുന്നു. എന്ന് അദ്ദേഹം വിശ്വസിച്ചു. മസ്സോലെനി വലിയ ദേഷ്യത്തോടെ തന്റെ അമര്‍ഷം പാട്ടക്കാരനെ അറിയിക്കാനൊരുങ്ങി. അദ്ദേഹം നിസ്സഹായനായി കിടക്കുന്ന ലൂയീജിയുടെ വീട്ടിലേക്ക് കുതിച്ചെത്തി തന്റെ അമര്‍ഷം വെളിവാക്കി. മറുപടി പറയാന്‍ ലൂയീജിക്കായില്ല. തനിക്ക് വിളവെടുപ്പിന്റെ സമയത്ത് ഒന്നും സാധിച്ചില്ലെന്ന് വിശദീകരിക്കാന്‍ ലൂയീജി ശ്രമിച്ചു. അദ്ദേഹത്തിന് ഈ സമയത്തേയ്‌ക്കെങ്കിലും ഒരു സഹായമാവശ്യമായിരുന്നു. അതിനുശേഷം അദ്ദേഹത്തിന് സ്വയം നോക്കാന്‍ സാധിക്കുമായിരുന്നു.
''ഞാന്‍ നാളെ രണ്ട് പുരുഷന്മാരെ അയയ്ക്കാം'' മസ്സോലെനി തറപ്പിച്ചു പറഞ്ഞു വിളിവെടുപ്പ് ഇനി അധികം നീട്ടികൂടാ. ജിയാവാനി സെരെനെല്ലിയും അദ്ദേഹത്തിന്റെ മകനും ഇന്ന് ഒരു ജോലിയന്വേഷിച്ച് എന്റെയടുത്തുവന്നിരുന്നു. ഞാനവരെ നിങ്ങളുടെ അടുത്തേക്കയയ്ക്കാം. നിങ്ങള്‍ക്കതിനായി വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാം.' ലൂയീജി നിശബ്ദത പൂകി തന്റെ അദ്ധ്വാനഫലം പങ്കുവയ്ക്കണമല്ലോ എന്ന ദുര്‍ബല ചിന്ത അദ്ദേഹത്തന്റെ അഘാതം വര്‍ദ്ധിപ്പിച്ചു. എന്ത് വിലകൊടുത്താലും മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നുതാനും. അസൂന്ത ഇതെങ്ങിനെ സ്വീകരിക്കുമെന്ന് കാണാന്‍ അയാള്‍ നോക്കിയിരുന്നു. അസൂന്തയെ വിളിച്ച് ഇത് പറയാന്‍ അയാള്‍ തീരുമാനിച്ചെങ്കിലും അയാളുടെ ധൈര്യം ചോര്‍ന്നുപോയി. അവളും അമിതജോലിയാല്‍ ക്ലേശിക്കുയായിരുന്നു. കുറച്ചാഴ്ചകള്‍ക്ക് മുമ്പാണ് അവള്‍ ഇര്‍സീലിയായ്ക്ക് ജന്മമേകിയത്. അവള്‍ മുഴുവന്‍ സമയവും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വ്യാപൃതയായിരുന്നു. അത്താഴത്തിന്‌പോലും അവള്‍ക്ക് ഇരിക്കുവാനായിരുന്നില്ല. ലൂയീജി നിവര്‍ന്ന് അവള്‍ കിടന്ന മുറിയിലേക്ക് നോക്കി. പിന്നെ നിശ്ശബ്ദത പാലിച്ചു. രണ്ടു പുരുഷന്മാര്‍ കൂടി ആ വീട്ടില്‍ താമസിക്കുന്നത് കഠിനമായ ഭാരമാണ് അസൂന്തയ്ക്ക് വരുത്തുക എന്നത് അയാള്‍ തിരച്ചറിഞ്ഞു. അവള്‍ അവരെ താമസിപ്പിക്കുന്നതും ഭക്ഷണം നല്കുന്നതും തീര്‍ച്ചയായും അംഗീകരിക്കുവാന്‍ പോകുന്നില്ല.
പതുക്കെ ചില പദ്ധതികള്‍ അയാളുടെ മനസ്സിലുദിച്ചു. അയാള്‍ തന്റെ കാളവണ്ടി അവര്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. നെറ്റുനോയിലേക്ക് അവരെ വൈകുന്നേരം കൊണ്ടുപോകുന്നതിനും പ്രഭാതത്തില്‍ അവരെ എത്തിക്കുന്നതിനും അങ്ങനെ സാധിക്കുമല്ലോ. അല്ലെങ്കില്‍ ഗ്രാമത്തിലെവിടെയെങ്കിലും അവരെ താമസിപ്പിക്കാന്‍ സ്ഥലം കണ്ടെത്തണം. സമയപരിമിതി മൂലവും താമസസ്ഥലം കണ്ടെത്താന്‍ കഴിയാഞ്ഞതിനാലും ഈ ആശയങ്ങള്‍ അപ്രായോഗികമായി. കൂടാതെ ഒരു നിശ്ചിത ശമ്പളത്തില്‍ അവരെ കൂലിക്കെടുക്കാന്‍ ലൂയീജിക്കാകുമായിരുന്നില്ല. അയാള്‍ക്ക് ഒപ്പം ഒരു അമ്പത് ലീറ പോലുമില്ലായിരുന്നു. അതിനാല്‍ അയാള്‍ക്ക് അവരെ കൃഷിയില്‍ സഹകാരികളാക്കുകയും വീടിന്റെ ഒരു ഭാഗം അവര്‍ക്കായി അവനുവദിക്കുകയും ചെയ്യേണ്ടി വന്നു. അങ്ങനെ മറ്റൊരു ഭീമമായ കഷ്ടപ്പാടിന്റെ കുമ്പസാരം കൂടി അദ്ദേഹത്തിന്റെ മനസ്സില്‍ തടിച്ചുകൂടി.
ലൂയീജിയുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തി. അദ്ദേഹം അസ്വസ്ഥനായി. കുട്ടികള്‍ ഉറങ്ങിയതിനുശേഷം അസൂന്ത ലൂയീജിയുടെ അടുത്തെത്തി. ഭാര്യയും ഭര്‍ത്താവും കുടുംബപ്രാര്‍ത്ഥന ചൊല്ലിയശേഷം വിളക്കണച്ചു.''നാളെ അവളോടെല്ലാം പറയണം.'' ലൂയീജി വിചാരിച്ചു. തന്റെ പ്രശ്‌നങ്ങള്‍ ഉറക്കത്തെ അലട്ടാതിരിക്കാന്‍ അദ്ദേഹം എറെ പണിപ്പെട്ടു. ജീയോവാനി സെരെനെല്ലിയും അദ്ദേഹത്തിന്റെ മകനും അടുത്തദിവസം അവരുടെ വാതിലില്‍ മുട്ടിവിളിച്ചു. ശേഷം അവരെ ആന്‍ങ്കോണയിലെ സംസാര രീതിയിലൂടെ പരിചയപ്പെടുത്തി. അസൂന്തക്ക് അവരുടെ ആഗമനോദ്ദേശ്യം മനസ്സിലായില്ല അവള്‍ കുട്ടികളെ കിടപ്പുമുറിയില്‍വച്ച് ഒരുക്കുകയായിരുന്നു. പിന്നെ അടുക്കളയിലേക്ക് പോയപ്പോഴും അവള്‍ ആ സംഭാഷണത്തെ പിന്‍തുടര്‍ന്നു. അവര്‍ അവിടുത്തെ പ്രാദേശികഭാഷയിലാണ് സംസാരിച്ചത്. ആഗതരുടെ സ്ഥലത്തെയും ജനങ്ങളെയും അവളധികം സ്‌നേഹിച്ചിരുന്നു. ജിയോവാനിക്ക് അറുപതിനോടടുത്ത പ്രായം ഉണ്ട്. തന്റെ കദനങ്ങള്‍ ലൂയീജിയെ സ്പര്‍ശിക്കുന്ന വിധത്തില്‍ അയാള്‍ നല്ല ഒഴുക്കില്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മതിഭ്രമം ബാധിച്ച് ഒരു അഗതിമന്ദിരത്തില്‍ കിടന്ന് മരിച്ചു. മറ്റൊരു മകന്‍ ഇപ്പോഴും അവിടെയാണ്. മറ്റു മക്കള്‍ വിവാഹിതരായി ആന്‍ങ്കോണയില്‍ താമസിക്കുന്നു. അയാള്‍ പണമൊന്നുമില്ലാതെ ഇളയമകനായ അലക്‌സാണ്ടറിനൊപ്പം അവിടം വിട്ടു. ലൂയീജി ആ യുവാവിനെ സൂക്ഷിച്ചുനോക്കി. ഊര്‍ജ്ജസ്വലനും കരുത്തനുമായ ഒരു പതിനെട്ടുകാരന്‍. അല്പനേരത്തിനുശേഷം അവര്‍ പ്രധാനകാര്യത്തിലേക്ക് കടന്നു. ജോലിയും വസ്തുക്കളും തുല്യാനുപാതത്തില്‍ വീതിക്കണമെന്ന് ജിയോവാനി നിര്‍ദ്ദേശിച്ചു.''മസ്സോലെനി പ്രഭു ഇത്തരത്തിലാണ് കഴിഞ്ഞ രാത്രിയില്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ താമസസൗകര്യത്തെപ്പറ്റി അധികമൊന്നും നമ്മള്‍ ചിന്തിക്കണ്ട. നമുക്ക് ഒരുമിച്ച് ഭക്ഷിച്ച് സുഖമായി ഒന്നായിക്കഴിയാം.'' ജിയോവാനി പറഞ്ഞു.
വയോധികനായ സെരെനെല്ലി തീവ്രമായ സൗഹൃദമാരംഭിച്ചു. വിശദമായ വ്യവസ്ഥകളൊന്നും അദ്ദേഹം ശ്രവിക്കാനാഗ്രഹിച്ചില്ല. അയാള്‍ക്ക് വേണ്ടത് ഒരു ഭവനവും കുടുംബജീവിതവുമായിരുന്നു. തന്റെ ഭാര്യയുടെ വിയോഗശേഷം ഏകാന്തതയേറെ സഹിച്ചിരുന്നുവെന്ന് അയാള്‍ പറഞ്ഞു. ലൂയീജിയെ അത് ആര്‍ദ്രമായി സ്പര്‍ശിക്കുകയും അതെല്ലാം അനുവദിക്കുകയും ചെയ്തു. അസൂന്തപോലും ഇതിലിടപെട്ടില്ല. അങ്ങനെ കരാറ് അവസാനിച്ചു. നവാഗതര്‍ തങ്ങളുടെ ജീവിതം താമസിയാതെ അവിടെ ആരംഭിച്ചു. അടുത്ത തിങ്കളാഴ്ച ലൂയീജി ജിയോവാനിയോടും മകനോടുമൊപ്പം ഗൃഹോപകരണങ്ങളും ജംഗമവസ്തുക്കളും എടുക്കുന്നതിന് നെറ്റൂനോയിലേക്ക് പുറപ്പെട്ടു. മൂവരും ഒരുമിച്ച് തിരിച്ചെത്തി. അസൂന്ത തയ്യാറാക്കിയിട്ട മുറിയില്‍ രണ്ട് ഇരുമ്പുകട്ടിലുള്‍ ഒരുക്കിയിരുന്നു. അവര്‍ക്കുള്ള ഇറച്ചിയും ബ്രഡും ഗൊരേത്തി ഭവനത്തിലുള്ളവരുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം മേശയില്‍ തയ്യാറാക്കി വച്ചിരുന്നു. അവരുടെ വസ്ത്രങ്ങള്‍ ഗൊരേത്തിക്കാരുടേതിനൊപ്പം തൂക്കിയിട്ടിയിരുന്നു. വൈകുന്നേരം അവര്‍ ഒരുമിച്ച് അത്താഴമുണ്ടു. അവരുടെ സഹവാസത്തിനു അങ്ങനെ ആരംഭമായി.
തെറ്റിദ്ധാരണയും താക്കീതും
ആദ്യത്തെ കുറച്ചാഴ്ചകളില്‍ ഗൊരേത്തി ഭവനത്തില്‍ എല്ലാം ശുഭകരമായി മുന്നോട്ടുപോയി. ഒരാളുടെ മാതൃഭാഷയില്‍ സംസാരിച്ചാലും അവിടെ ജീവിക്കാന്‍ എളുപ്പമായിരുന്നു. ജിയോവാനിയും അലക്‌സാണ്ടറും ജോലിക്കായി നേരത്തെയിറങ്ങും. വിളവെടുപ്പ് നിയന്ത്രണവിധേയമാവുകയും ചെയ്തു. അസൂന്ത ഭക്ഷണം ഏറ്റവും രുചികരമായി ഒരുക്കുമായിരുന്നു. കുട്ടികളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ജോലി കഴിഞ്ഞെത്തുമ്പോള്‍ അലക്‌സാണ്ടറുമായി അവര്‍ കളിക്കുമായിരുന്നു. പക്ഷികളെ പിടിക്കാനവരെ അവന്‍ പഠിപ്പിച്ചു. അവന് ഈറ്റപീപ്പി ഉണ്ടാക്കുന്നത് നന്നായി അിറിയുമായിരുന്നു. അവന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെപ്പറ്റിയറിഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം തോന്നി. സന്തോഷത്തിന്റെ കണികകള്‍ ഗൊരേത്തി അംഗങ്ങളിലേക്ക് തിരിച്ചെത്തി. കലവറയില്‍ ധാന്യക്കതിരുകള്‍ അടുക്കിവച്ചു. ''നമുക്കായി നല്ല നാളുകള്‍ വരുന്നുണ്ട്.'' ലൂയീജി ചിന്തിച്ചു. കഠിനമായ ആ ജോലി ഉണ്ടായിരുന്നിടത്തോളം യതൊരു തെറ്റിദ്ധാരണയോ ചര്‍ച്ചയോ അവിടെ ഉണ്ടായിരുന്നില്ല. നവാഗതര്‍ അത്യദ്ധ്വാനികളായിരുന്നു. അലസമായ അവര്‍ ഇരുന്നില്ല. സായാഹ്നങ്ങളില്‍ ശണ്ഠ കൂടാന്‍പോലുമാകാത്തവിധം അവര്‍ ക്ഷീണിച്ചിട്ടുണ്ടാകുമായിരുന്നു. വിളവെടുപ്പിന് ശേഷം ധാന്യവിലയും ഉഴുതലും അവരെ തിരക്കില്‍നിന്ന് മോചിപ്പിച്ചില്ല.
ശീതകാലം അതിന്റെ ദൈര്‍ഘ്യമേറിയ മഴയോടും അലസതയോടുംകൂടി പ്രത്യക്ഷപ്പെട്ടു. സെരെനെല്ലി മദ്യപിക്കാന്‍ തുടങ്ങി. തെക്കേസ്ഥലങ്ങളിലുള്ള വീഞ്ഞിന് ലഹരി അധികമായതിനാല്‍ അയാള്‍ മദോന്മത്തനാകുകയും അദ്ദേഹത്തിന്റെ സ്വഭാവം മോശമാവുകയും ചെയ്യുമായിരുന്നു. മദ്യപിച്ചുകഴിയുമ്പോള്‍ അദ്ദേഹം അസംതൃപ്തനും കഷ്ടപ്പെടുത്തുന്നവനും ശുണ്ഠിപിടിപ്പിക്കുന്നവനുമായിത്തീരുമായിരുന്നു. താമസിയാതെ അലക്‌സാണ്ടറും തിന്മയിലേക്ക് ചായാന്‍ തുടങ്ങി. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശൂന്യത അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ആന്റിയുടെയും പിന്നെ ബന്ധുക്കളുടെയും ഉത്തരവാദിത്തമില്ലാത്ത രക്ഷകര്‍തൃത്വത്തില്‍ തന്നെ ഉപേക്ഷിച്ചതിനെ അവന്‍ എന്നും വിപ്രതിപത്തിയോടെ ഓര്‍ക്കുമായിരുന്നു. അവന്റെ അപ്പന്‍പോലും അവന്റെ കാര്യത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പന്ത്രണ്ടാം വയസ്സില്‍ അവന്‍ ജോലിക്കുപോയി. ആ ആദ്യകൂട്ടുകെട്ടില്‍ നിന്നുതന്നെ അവന്‍ കടല്‍കരയിലെ പുരുഷന്മാരുടെ വൃത്തികെട്ട സംസാരശൈലി പഠിച്ചു. ചെറിയ പ്രകോപനമുണ്ടായാല്‍പ്പോലും. അവന്‍ ശപിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുമായിരുന്നു. പതനഞ്ചാമത്തെ വയസ്സില്‍ അവന്‍ ഏകനായി ജീവിച്ചു. അവന്റെ സ്വഭാവം അങ്ങനെ ദുഷിച്ചുപോയി. ഫെറിയേറിലെ ജീവിതത്തിനും ഇതിന് പരിവര്‍ത്തനം വരുത്താനായില്ല.
താമസിയാതെ അലക്‌സാണ്ടര്‍ മിതഭാഷിയും കുട്ടികളോട് അടുക്കാത്തവനുമായിത്തീര്‍ന്നു. അവന് സുഹൃത്തുക്കളാരും ഇല്ലായിരുന്നു. ആരെയും സന്ദര്‍ശിക്കാനും പോയില്ല. മറ്റുള്ളവര്‍ കുര്‍ബ്ബാനയ്ക്കായി നെറ്റൂനോയിയിലോ കമ്പോമോര്‍ട്ടോയിലോ പോകുമ്പോള്‍ അവന്‍ അലഞ്ഞുനടക്കും. അവന്‍ പുസ്തകക്കടയില്‍പോയി മഞ്ഞപുസ്തകങ്ങളുടെ കെട്ടുമായി വരുന്നത് അസൂന്ത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ മുറിയടച്ച് അകത്തുകയറിയാല്‍ പിന്നീടവന്‍ പുറത്തേക്ക് വരില്ലായിരന്നു. ഇത്തരത്തിലുള്ള അടയിരിക്കല്‍ അവന് നല്ലതല്ലായിരുന്നു. അവന്റെ രീതികള്‍ പതുക്കെ മാറിവന്നു. അവന്റെ നോട്ടത്തില്‍ ക്രൂരതയുടെ അംശം പ്രത്യക്ഷമായി. അസൂന്ത ഭയവിഹ്വലയായി. അവന്റെ മനസ്സിനെന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് അസൂന്ത ചിന്തിച്ചു. പൊടുന്നനെ അവളുടെ തീവ്രമനോവേദന തിരിച്ചറിഞ്ഞു. അടുത്ത ദിവസം അലക്‌സാണ്ടറിന്റെ മുറി വൃത്തിയാക്കുമ്പോള്‍ കട്ടിലിനുചുറ്റും മാസികകളില്‍ നിന്നുള്ള അശ്ലീലചിത്രങ്ങള്‍ ഒട്ടിച്ച് തൂക്കിയിട്ടിരിക്കുന്നത് അസൂന്ത കണ്ടു. അതെടുത്ത് കീറി അഗ്നിക്കിരയാക്കാനാണ് അവള്‍ ആദ്യം ചിന്തിച്ചത്. ഇത് വഴക്കിനിടയാക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുമെന്നും അവള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇതില്‍ ഇടപെടാതിരിക്കുന്നതാണ് മെച്ചമെന്ന് അവള്‍ ചിന്തിച്ചു. ''എന്തായാലും ഞാനല്ലല്ലോ അവന്റെയീ സ്വഭാവത്തിനുത്തരവാദി. അവന്റെ അപ്പന്‍ ഇതിനെയെല്ലാംപറ്റി ബോധവാനാണ്, അയാള്‍ ഇതില്‍ നടപടിയെടുക്കട്ടെ.''
പക്ഷെ തന്റെ മൂത്ത മകനായ ആഞ്ചലോയെ സശ്രദ്ധം നിരീക്ഷിക്കാന്‍ അസൂന്ത തീരുമാനിച്ചു. അവന്‍ തന്റെ സമപ്രായക്കാരുമായി വെറുമൊരു തമാശയ്ക്ക് എന്ന രീതിയില്‍ മോശം പ്രേരണകളിലേക്കും അതുവഴി പാപത്തിലേക്കും വീഴുമെന്ന് അസൂന്ത നിനച്ചു. അതുകൊണ്ട് സെരെനെല്ലിക്കാരുടെ മുറിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും അവനെ അവള്‍ തടഞ്ഞു. അവള്‍ തന്റെ കണ്ടെത്തലിനെക്കുറിച്ച് ലൂയീജിയോട് പോലും ഒരക്ഷരം മിണ്ടിയില്ല. കാര്യങ്ങള്‍ വളരെ മോശം അവസ്ഥയിലേക്ക് നീങ്ങി. ജീയോവാനി പൊതുകലവറയില്‍നിന്ന് ധാന്യം കടത്തുന്നതായി ലൂയീജി സംശയിച്ചു. ഇത് പരിഹരിക്കേണ്ടിയിരുന്നു. തുല്യമായി ധാന്യം വീതീക്കാമെന്ന് ലൂയീജി നിര്‍ദ്ദേശിച്ചു. സുഹൃത്തുക്കളായ അവരുടെ നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കുക ആവശ്യമായിരുന്നു. ജിയോവാനി ക്രമേണ കാര്‍ക്കശ്യസ്വഭാവക്കാരനായി മാറുകയായിരുന്നു. വഴക്കും പരുപഴുത്ത വാക്കുകളും അവര്‍ക്കിടയിലുണ്ടായി. കുടുംബസമാധാനം കണക്കിലെടുത്ത് വഴക്കുമായി ലൂയീജി മുന്നോട്ട് പോയില്ല.
ലൂയീജി എന്ന പാവം മനുഷ്യന്‍ തന്റെ വീടിനെയോര്‍ത്ത് വിങ്ങിപ്പൊട്ടി. ഈ രണ്ടു മനുഷ്യരെ തന്റെ സഹകാരികളാക്കേണ്ടിവന്നതിനെക്കുറിച്ച് അയാള്‍ ഏറ്റവുമധികം വ്യാകുലപ്പെട്ടു. അയാള്‍ക്ക് അവര്‍ക്കെതിരെ തന്റെ അവകാശത്തെപ്പറ്റി പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് മുന്നില്‍ ബലഹീനനായും കീഴടങ്ങികൊടുക്കേണ്ടവനായും അയാള്‍ക്ക് തോന്നി. കാരണം ശീതകാലത്ത് മലേറിയ അദ്ദേഹത്തിന്റെ ജീവനില്‍ പിടിമുറുക്കി. വസന്തകാലമായതോടെ നിസ്സംഗതയുടെ അംശം അദ്ദേഹത്തില്‍ വന്നുകൂടി. കൊടും ശൈത്യം ഇടവേളകളില്‍ വന്നുപൊയ്‌ക്കൊണ്ടിരുന്നു. പക്ഷെ നിര്‍ബന്ധബുദ്ധിയോടെ അദ്ദേഹം ജോലിക്കിറങ്ങി. പരാതികളില്ലാതെ ഇതേ അവസ്ഥയില്‍ ജോലിക്ക് പോകാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം തന്റെ കാളകളെപ്പോലും അധികം ഉത്സാഹപ്പെടുത്താത്തവനായിട്ടാണ് ആ പ്രതികൂലാവസ്ഥയില്‍ കാണപ്പെട്ടത്. വൈകുന്നേരം വീട്ടിലെത്തിയാലുടനെ അല്പമെന്തെങ്കിലും കഴിച്ച് ഒരിടത്തിരിക്കും അദ്ദേഹത്തിന്റെ തളര്‍ച്ചയും വിളറിയ ശരീരവും കണ്ണിന് താഴെ കാണപ്പെട്ട ഇരുണ്ടപാടുകളും അസൂന്ത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ക്കെന്തു ചെയ്യാനാകും അവളൊന്നും പറയാന്‍ നിന്നില്ല. കരാര്‍ വ്യവസ്ഥ തെറ്റിക്കാന്‍ കഴിയില്ലല്ലോ.
ഏപ്രില്‍ അവസാനത്തോടെ ലൂയീജി ശയ്യാവലംബനായി അസുഖം മറ്റു വലിയ പ്രാരാബ്ധങ്ങളുമുണ്ടാക്കി. മരിയ നെറ്റുനോയിലേക്ക് മരുന്നിനും മറ്റുമായി ഓടേണ്ടിവന്നു. പക്ഷെ ലൂയീജിക്ക് ഭേദമായില്ല പത്തു ദിവസമാകുന്നതിനുമുമ്പ് ലൂയീജിയുടെ ശക്തി ക്ഷയിച്ചു. ശ്വാസം ക്രമരഹിതമായി. അദ്ദേഹത്തിന്റെ വിളറിയ കരങ്ങള്‍ മടങ്ങിക്കിടന്നിരുന്നു. കുഞ്ഞുങ്ങളെല്ലാവരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അദ്ദേഹത്തിന്റെ കിടക്കയ്ക്കരുകില്‍ പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി. പ്രത്യേകിച്ച് മരിയ. അദ്ദേഹത്തിന്റെ കൊച്ചുമരിയ കരഞ്ഞുകൊണ്ട് നിശ്ശബ്ദയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരു മദ്ധ്യാഹ്നസമയത്ത് ലൂയീജിയുടെ ശ്വാസംമുട്ടല്‍ മൂര്‍ച്ഛിച്ചു. തലതാഴ്ന്ന്, കൈകള്‍ മരവിച്ചു കിടക്കുന്ന ലൂയീജിയെക്കണ്ട് അസൂന്ത നിലവിളിച്ചു. ജിയോവാനിയും അലക്‌സാണ്ടറും അപ്പോള്‍ പാടത്തായിരുന്നു. അസൂന്ത സഹായമഭ്യര്‍ത്ഥിക്കാനായി മരിയെ അയച്ചു. അവള്‍ ചെന്ന് അയല്പക്കക്കാരെ വിവരമറിയിച്ചു. അവള്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നു. അവള്‍ അദ്ദേഹത്തിന്റെ കിടക്കയ്ക്കരുകിലേക്ക് വന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു പിഞ്ചിരി വിടര്‍ന്നു.
ലൂയീജി തണുത്തുറഞ്ഞ കൈകള്‍ക്കൊണ്ട് തന്റെ പ്രിയപ്പെട്ട മകളുടെ നിറുകയില്‍ തലോടിക്കൊണ്ടിരുന്നു. ''നിനക്കെന്തു ചൂടാ മരിയ, നീയെവിടെയായിരുന്നു'' അവള്‍ ഒരു ശ്വാസമുതിര്‍ത്തു, ശേഷം അയാളോട് മന്ത്രിച്ചു. ''ഒന്നുമില്ല പപ്പാ, ഞാന്‍ പുറത്തുനിന്ന് ഓടിവന്നതാ'' അവള്‍ പപ്പയുടെ വിറയ്ക്കുന്ന കൈകള്‍ തന്റെ കുഞ്ഞികൈയ്യില്‍ എടുത്തുവച്ച് ചുംബിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം ഒരു പുരോഹിതന്റെ സേവനം ലൂയീജി അപേക്ഷിച്ചു ഇത് ആയാളുടെ യാത്രാന്ത്യമായിരുന്നു. അയല്പക്കക്കാരെല്ലാം മരണത്തോട് മല്ലടിക്കുന്ന അയാളുടെ മുറിയില്‍ ഒത്തുച്ചേര്‍ന്നു. അസൂന്ത ഒരു ചെറിയമേശയില്‍ ഒരു ക്രൂശിതരൂപവും രണ്ടു മെഴുകുതിരികളും കുറച്ച് കോട്ടണ്‍ തുണിക്കഷണങ്ങളും, ഹന്നാന്‍ വെള്ളവും ഒരു ചില്ലയും എടുത്തുവച്ചു. പുരോഹിതനെ കാത്തിരിക്കുന്ന സമയത്ത് അവരെല്ലാം ജപമാല ചൊല്ലി. ലൂയീജിയും ഒപ്പം പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലി. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ചലിക്കുന്നുണ്ടായിരുന്നു. ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താമസിയാതെ അദ്ദേഹം ഉറക്കത്തിലേക്ക് വഴുതിവീണു. അദ്ദേഹത്തിന്റെ അന്ത്യസ്വപ്നത്തില്‍ പഴയ ഓര്‍മ്മകള്‍ വിരുന്നിനെത്തി.
കൊറിനാള്‍ഡോയിലെ മലഞ്ചെരിവിലുളള ഓടുമേഞ്ഞ തങ്ങളുടെ പഴയവീട് അദ്ദേഹം വീണ്ടും കണ്ടു. അഡ്രിയാറ്റികില്‍ കണ്ടിരുന്ന മണിമാളികയും അദ്ദേഹത്തിന് ദൃശ്യമായി. താഴ്‌വാരങ്ങളിലൂടെ കാറ്റ് ചൂളം വിളിച്ച് ഒലിവുമരങ്ങളെ തഴുകിക്കടന്നുപോയി. അലവയുടെ ചുവട്ടില്‍ ഫലശേഖരണത്തിനായി കടലാസുകള്‍ നിരത്തിയിരുന്നു. ഫലങ്ങള്‍ മുറ്റത്ത് വച്ച് എണ്ണയാക്കി മാറ്റുന്നുണ്ടായിരുന്നു. വീണ്ടും അദ്ദേഹം തന്റെ പാടത്തത്തേയ്ക്കുളള ഊടുവഴിയിലേക്ക് കയറി. വഴി ചെങ്കുത്തായിത്തീര്‍ന്നിരുന്നതിനാല്‍ അയാളുടെ ശ്വാസം നിലയ്ക്കുന്നതിനടുത്തെത്തി. അദ്ദേഹത്തിന്റെ ഭാവനയില്‍ ഓര്‍മ്മകള്‍ വികൃതമാകാന്‍ തുടങ്ങി. അയാള്‍ തന്റെ കണ്ണുകള്‍ തുറന്നു. മെഴുകുതിരികള്‍ കത്തുന്നുണ്ട.് പ്രാര്‍ത്ഥനാ നിര്‍ഭരരരായിരിക്കുന്ന അയല്പക്കക്കാരെ അയാള്‍ വീക്ഷിച്ചു. എല്ലാവരും നിശ്ശബ്ദതയില്‍ വ്യാപിച്ചിരിക്കുന്നു. അദ്ദേഹം ആരെയോ പരതുന്നതുപോലെ കാണപ്പെട്ടു. അവസാനം മരണത്തോട് മല്ലടിക്കുന്ന ആ മനുഷ്യന്റെ കണ്ണുകള്‍ ഇരുള്‍മുറിയിലെ കനല്‍ക്കട്ട പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. കാരണം ജീയോവാനിയും അലക്‌സാണ്ടറും വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ലൂയീജിക്ക് നിലവിളിക്കാന്‍ തോന്നിയെങ്കിലും അതു ചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹം എഴുന്നേല്ക്കാന്‍ തുനിഞ്ഞെങ്കിലും തലയിണയിലേക്ക് മറിഞ്ഞുപോയി. അസൂന്ത അയാളുടെ പക്കലേക്ക് കുനിഞ്ഞുനിന്നു. പതറിയ സ്വരത്തില്‍ അസൂന്തമാത്രം കേള്‍ക്കാവുന്ന ഉച്ചത്തില്‍ മന്ത്രിച്ചു. ''അസൂന്താ, കൊറിനാള്‍ഡോയിലേക്ക് തിരിയെപോവുക.'' പുരോഹിതന്‍ എത്തിയപ്പോള്‍ ലൂയീജി ചെറുതായി നിശ്വസിക്കുന്നുണ്ടായിരുന്നു. പക്ഷെ പൂര്‍ണ്ണബോധവാനായിരുന്നു അദ്ദേഹം. അന്ത്യകൂദാശയും അവസാന ആശീര്‍വ്വാദവും അദ്ദേഹം സ്വീകരിച്ചു. വളരെ ശാന്തനായി അയാള്‍ കാണപ്പെട്ടു. എന്നാല്‍ പിന്നീട് ചില നേരങ്ങളില്‍ ഉണര്‍ന്ന് ദൈന്യതയൂറുന്ന കെഞ്ചുന്ന സ്വരത്തില്‍ പറയും. ''അസൂന്താ... കൊറിനാള്‍ഡോയിലേക്ക് മടങ്ങുക... കൊറിനാള്‍ഡോയിലേക്ക് മടങ്ങുക... ആ സായാഹ്നത്തില്‍ത്തന്നെ അദ്ദേഹം മരിച്ചു.
മരിയയുടെ ആനന്ദപൂര്‍ണ്ണമായ ദിനം
''അമ്മേ ഞനെന്നാണ് ആദ്യകുര്‍ബാന സ്വീകരിക്കുക?''എനിക്ക് ഈശോയില്ലാതെ ഒട്ടും ജീവിക്കാനാവില്ല. ജൂണ്‍ 1901-നാണ് മരിയ ഗൊരേത്തിക്ക് പതിനൊന്ന് വയസ്സാകുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ പന്ത്രണ്ടുവയസ്സാകുന്നതിന് മുമ്പ് കുര്‍ബാന സ്വീകരിക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നില്ല. എത്ര തീക്ഷ്ണതയോടെയാണ് സ്‌നേഹപൂര്‍ണ്ണയായ ഈ പെണ്‍കുട്ടി ആ ദിവസത്തിനായി ആഗ്രഹിച്ചതെന്ന് ദൈവത്തിനുതന്നെ അറിയാം. ദിവ്യകാരുണ്യത്തിനായുള്ള അടക്കാനാവാത്ത വിശപ്പ് അവളില്‍ രൂഢമൂലമാക്കിയത് അവളില്‍ പ്രവര്‍ത്തിക്കുന്ന ദൈവികപ്രസാദവരം തന്നെയായിരുന്നു. ''എന്റെ കുട്ടീ നിന്റെ ആദ്യകുര്‍ബാനസ്വീകരണം നിനക്കതെങ്ങനെ കഴിയും? നിനക്ക് വായിക്കാനറിയില്ല. നിന്റെ വസ്ത്രത്തിനും ചെരിപ്പിനും വേണ്ടിയുളള പണം എങ്ങിനെ ഞാനുണ്ടാക്കും. നമുക്ക് സമയം കളയാനില്ല. ഒത്തിരിയേറെ ജോലികള്‍ നമ്മുക്കിവിടെ ചെയ്തുതീര്‍ക്കാനുണ്ട്.'' അമ്മ വിഷാദത്തോടെ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ എനിക്കൊരിക്കലും ആദ്യകുര്‍ബാന കൈകൊള്ളാനാവില്ല എനിക്കെളിയ രീതിയില്‍ ഈശോയെ സ്വീകരിച്ചാല്‍ മതി മരിയ അഭ്യര്‍ത്ഥിച്ചു. നിന്റെയീ ദരിദ്രമാതാവിന് എന്താണ് ചെയ്യാനാകുക. യാതൊരുവിധത്തിലുമുള്ള വിദ്യാഭ്യാസമില്ലാതെ പാടത്തുളള മൃഗത്തിനെപ്പോലെ നീ വളരുന്നത് എന്നെ മുറിപ്പെടുത്തുന്നു.''
''അങ്ങനെയെങ്കില്‍ ഭയപ്പെടേണ്ടതില്ല. ദൈവമിത് നോക്കിക്കൊള്ളും. വായിക്കാനറിയാവുന്ന ഇല്‍വിര ഫിയാസ്റ്റിറ എന്നൊരു സ്ത്രീ കോന്‍കായിലുണ്ട്. അമ്മ അനുവദിക്കുമെങ്കില്‍ കോന്‍കയില്‍ പോയി വീട്ടുജോലികള്‍ ചെയ്ത് ഞാന്‍ വേദപാഠം സ്വീകരിച്ചുകൊള്ളാം. കൂടാതെ ഡോംപാലിയാന സിറ്റേര്‍നായില്‍നിന്ന് എല്ലാ ഞായറാഴ്ചകളിലുമെത്തി മതത്തെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ആദ്യകുര്‍ബ്ബാനയ്‌ക്കൊരുങ്ങുന്ന മറ്റ് കുട്ടികള്‍ക്കൊപ്പം എന്നെയും അദ്ദേഹം പഠിപ്പിക്കുമായിരിക്കും.'' അമ്മ ആ നിര്‍ദ്ദേശം കൈക്കൊണ്ടു. ജീവന്റെ അപ്പമായി ഈശോ അവളില്‍ വരുന്ന വലിയ നിമിഷത്തിനായി അവര്‍ പതിനൊന്ന് മാസത്തോളം ഒരുങ്ങുകയായിരുന്നു. അവളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം അവളുടെ സുദൃഢമായ ഭക്തിയുടെ നേട്ടമായിരുന്നു, അല്ലാതെ അവളുടെ അമ്മയുടെ ഭക്തിയുടെ ഭാഗമായിരുന്നില്ല. അവളന്ന് ദൃഢതയും സ്ഥിരതയും കാട്ടിയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവള്‍ ഈശോയെ സ്വീകരിക്കാതെ മരിക്കേണ്ടിവരുമായിരുന്നു.
തീരുമാനിച്ചപോലെ മരിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി അസൂന്ത കണ്ടു. അവള്‍ മരിയയെ ഇടയ്ക്ക് കമ്പോമോര്‍ട്ടോയിലും കോന്‍കയിലുമൊക്കെ കൊണ്ടുപോയി. കുമ്പസാരിച്ച് കുര്‍ബ്ബാന സ്വീകരിക്കുന്നതിനും ഒരുങ്ങുന്നതിനായി നെറ്റൂനോയിലുള്ള പുരോഹിതന്റെ അടുക്കലേക്ക് അസൂന്ത മരിയയെ അയയ്ക്കുമായിരുന്നു.
ആ വലിയ ദിവസമടുക്കുന്തോറും മരിയ യഥാര്‍ത്ഥത്തില്‍ ഒരുങ്ങിയോ എന്നോര്‍ത്ത് അസൂന്ത അത്ഭുതപ്പെട്ടു. അവള്‍ ചെയ്യാന്‍ പോകുന്നതിന്റെ അര്‍ത്ഥം അവള്‍ക്ക് മനസ്സിലായോ? മരിയയെക്കുറിച്ചുള്ള ഉത്തരവാദിത്ത്വങ്ങളും ഉത്കണ്ഠയും പാവം അസൂന്തയെ ശരിക്കും വലച്ചു. അവസാനം അവള്‍ നെറ്റൂനോയിലെ പ്രധാനപുരോഹിതനായ ഡോം റ്റെമിസ്റ്റോക്കില്‍ സൈനോരിയെ വിവരമറിയിച്ചു. ബുദ്ധിമാനും പുണ്യവാനുമായ ഡോം സൈനോരി പെണ്‍കുട്ടിയെ ശരിക്കും പരീക്ഷിച്ചു. അവളുടെ ഉത്തരങ്ങള്‍ ശ്രവിച്ച അയാള്‍ക്ക് അവളോട് ബഹുമാനം തോന്നി. തന്റെ സംതൃപ്തി അയാള്‍ പ്രകടിപ്പിച്ചു. ''നല്ല അമ്മേ സന്തോഷമായിരിക്കൂ. നിങ്ങളുടെ മകള്‍ പൂര്‍ണ്ണമായും ഒരുങ്ങിയിരിക്കുന്നു. അവളെ യേശുവിന്റെ അമ്മയായ മരിയയുടെ സംരക്ഷണവലയത്തില്‍ പ്രതിഷ്ഠിക്കുക, ഭയപ്പെടാതിരിക്ക.'' അസൂന്ത ആ പുരോഹിതന്റെ ഉപദേശമുള്‍ക്കൊണ്ടു. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ക്കിപ്രകാരം പറയാന്‍ സാധിച്ചു. ''എന്റെ മകള്‍ ഒരു വിശുദ്ധയെപ്പോലെയാണ് ആദ്യകുര്‍ബ്ബാന സ്വീകരിച്ചത്.''
ആ ദിവസം മുതല്‍ മരിയ തന്റെ ഭക്തിയും ആത്മശോധനയും അമ്മയോടുള്ള അനുസരണവും തന്റെ സഹോദരീസഹോദരന്മാെര പരിചരിക്കലും കൂടുതല്‍ തീവ്രമാക്കി. പുതുവസ്ത്രങ്ങളിലും കളിക്കോപ്പുകളിലും അവള്‍ക്ക് താല്‍പര്യം ഇല്ലാതായി. തന്റെ ആത്മാവിനെ ഈശോയ്ക്കായി ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു അവള്‍. ഒരുനാള്‍ അവള്‍ പുഞ്ചിരിപൊഴിച്ചുകൊണ്ട് വീട്ടിലെത്തി. ''മിയാ മമ്മാ നമ്മുടെ കര്‍ത്താവിന്റെ ശരീരരക്തങ്ങളുടെ തിരുനാള്‍ ദിവസം ആദ്യകുര്‍ബ്ബാന സ്വീകരിക്കാമെന്ന് ഡോം സൈനോരി പറഞ്ഞു''. ആ വലിയ സംഭവത്തിനായി അവളോടൊപ്പം കുഗ്രാമമായ ഫെറിയേര്‍ മുഴുവന്‍ ഒരുങ്ങി. ഒരു വീട്ടുകാര്‍ ചെരുപ്പും മറ്റൊരു വീട്ടുകാര്‍ തലമുണ്ടും മൂന്നാമത്തെ വീട്ടുകാര്‍ പുഷ്പകിരീടവും നിര്‍മ്മിച്ചു. അസൂന്ത താന്‍ സമ്പാദിച്ചതൊക്കെ തന്റെ മകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചെലവഴിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു മരിയ. തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അയല്ക്കാരുടെയും മുമ്പില്‍ മുട്ടുകുത്തി തന്റെ പക്കല്‍ നിന്ന് പറ്റിയ വീഴ്ചകള്‍ക്ക് മാപ്പിരന്നു.
പന്ത്രണ്ടു പെണ്‍കുട്ടികളും രണ്ടാണ്‍കുട്ടികളും ആദ്യകുര്‍ബ്ബാന ക്ലാസ്സിലുണ്ടായിരുന്നു. നെറ്റൂനോയില്‍ നിന്നുള്ള ഫാ. ജെറോമായിരുന്നു കാര്‍മ്മികന്‍. വചനപ്രഘോഷണസമയത്ത് അദ്ദേഹം ഈശോയ്ക്ക് അവരോടുള്ള സ്‌നേഹത്തെപ്പറ്റി മനോഹരമായ വാക്കുകളില്‍ സംസാരിച്ചു. പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കുന്നതിനും ആത്മാവിനെ ശുദ്ധതയിലും നിഷ്‌കളങ്കതയിലും സംരക്ഷിക്കുന്നതിനും അദ്ദേഹം ആത്മാര്‍ത്ഥമായി കുട്ടികളെ ആഹ്വാനം ചെയ്തു. യേശുവിന്റെ അമ്മയോട് പ്രാര്‍ത്ഥിക്കുന്നത് പരിശീലിക്കാന്‍ അദ്ദേഹം അവരോട് നിര്‍ദ്ദേശിച്ചു. ആ ഉപദേശം മരിയയുടെ ഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയെ കൂടുതല്‍ ശക്തിയോടെ ജ്വലിപ്പിച്ചു. അവള്‍ ഈശോയോട് ഉരുവിട്ട സ്‌നേഹത്തിന്റെ വാക്കുകള്‍ എന്തൊക്കെയായിരിക്കാം? ജ്വലിച്ചുകൊണ്ടിരുന്ന ആ രണ്ടു ഹൃദയങ്ങളുടെ സംസര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗീയവിരുന്നുകാരന്‍ അവളോട് പറഞ്ഞതെന്തെല്ലാമായിരിക്കാം? മുഖഭാവത്തിലെ തെളിച്ചവും പെരുമാറ്റത്തിലെ ഒതുക്കവും ഗാംഭീര്യവും അവളുടെ പ്രസന്നതയെ പ്രോജ്വലിപ്പിച്ചു. മറ്റെല്ലാവരും ജെറോമച്ചനോട് നന്ദി പറയുവാനായി സങ്കീര്‍ത്തിയിലേക്ക് തിരക്കിട്ട് ഓടിപ്പോയി. എന്നാല്‍ മരിയ നിശശ്ശബ്ദയായി ദൈവതിരുമുമ്പിലിരുന്ന് നന്ദി ചൊല്ലുകയായിരുന്നു.
ദുഃഖത്തിന്റെ നേരിയ മേഘം ഈ ദിവസത്തിന്റെ അത്യാനന്ദത്തെ മറച്ചു... അവളുടെ അപ്പച്ചന്റെ മരണദിവസമായിരുന്നു അത്. ഒരു ദരിദ്രനായവന്റെ കനിഷ്ഠപുത്രിക്ക് സ്‌നേഹിക്കാന്‍ കഴിയുന്നതുപോലെ മരിയ തന്റെ കഠിനാദ്ധ്വാനിയായ പിതാവിനെ അത്യധികം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അത്യദ്ധ്വാനത്തിന്റെ ഓര്‍മ്മ എപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. തന്റെ ജീവിതാന്ത്യത്തിനു മുമ്പ് തന്റെ കുടുംബത്തെ സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗവും വേദനയും അവളുടെ ഓര്‍മ സജീവമായിരുന്നു. എല്ലാ ദിനവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അപ്പച്ചന്റെ ആത്മാവിന്റെ രക്ഷയ്ക്കായി അവള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എപ്പോഴെങ്കിലു ആ സിമിത്തേരിയുടെ അരികിലൂടെ അവള്‍ കടന്നുപോകുമ്പോള്‍ അവിടെനിന്ന് ഒരുനിമിഷം പ്രാര്‍ത്ഥിക്കുമായിരുന്നു. അവളുടെ ഹൃദയത്തില്‍നിന്ന് തന്റെ പ്രിയപ്പെട്ട പിതാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലേക്കുയരുമ്പോള്‍ അവളുടെ കവിള്‍ത്തടങ്ങളിലൂടെ അശ്രുക്കള്‍ ധാരയായി ഒഴുകുമായിരുന്നു.
ആ ദിനം മുഴുവന്‍ യേശുനാഥന്റെ സന്നിധിയില്‍ മരിയ ചിലവഴിച്ചു. പ്രത്യക്ഷമായ ആനന്ദം അവളുടെ ഭാവങ്ങളില്‍ നിഴലിച്ചിരുന്നു. അത് അവളുടെ വാക്കുകളിലും പ്രവൃത്തിയിലും പ്രതിഫലിച്ചിരുന്നു. മരിയ വിധേയയും അനുസരണവതിയും ആയിരുന്നെങ്കിലും മുമ്പെന്നത്തേക്കാളുപരി ഇപ്പോള്‍ മറ്റുള്ളവരെ സഹായിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലും അവള്‍ തീവ്രമായി ശ്രദ്ധിച്ചു. ഈ സന്ദര്‍ഭം മകളെ പ്രോത്സാഹിപ്പിക്കാന്‍ അസൂന്ത വനിയോഗിച്ചു. നീ ഇന്ന് ഈശോയെ സ്വീകരിച്ചിരിക്കുന്നു. നീ നല്ലവളായിരിക്കാനും, ഈശോയെ സംപ്രീതനാക്കാനും നീ പരിശ്രമിക്കണം. വൈകുന്നേരമായപ്പോഴേക്കും മരിയയുടെ ചിന്തകള്‍ പുതുദിശയിലേക്ക് നീങ്ങുവാന്‍ തുടങ്ങി. ''ഓ.. ഈശോയേ, അങ്ങയെ വീണ്ടും സ്വീകരിക്കുവാന്‍ എപ്പോഴാണ് എനിക്ക് കഴിയുക?''. അങ്ങനെ അവളുടെ ജീവിതത്തിലെ അത്യാമന്ദപൂര്‍വ്വകമായ ദിവസത്തിന് തിരശീല വീണു. രക്തസാക്ഷികളുടെ തമ്പുരാന്‍ യേശുനാഥന്‍ തന്റെ സാന്നിദ്ധ്യത്തിലൂടെ ശുദ്ധതയുടെ ഈ ലില്ലിപ്പൂവിനെ സമ്പന്നയാക്കാന്‍ എഴുന്നള്ളി വന്നു. അവളെ സ്വര്‍ഗ്ഗീയഗേഹത്തിലേക്ക് സ്വീകരിക്കാന്‍ അവന്‍ വരുന്ന ദിവസം അധികം വിദൂരത്തല്ലായിരുന്നു.
കൊച്ചുപെണ്ണ്
ലൂയീജി നിര്യാതനായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഫെറിയേറിലെ ജീവിതം വളരെ ദുഃഖകരമായി സംഘര്‍ഷങ്ങളുടെ നിരവധി നാഴികകളിലൂടെ അസൂന്തക്ക് യാത്ര ചെയ്യേണ്ടി വന്നു. തന്റെ ജന്മദേശത്തേക്ക് തിരികെ വരാമെന്ന് ആദ്യം അവള്‍ പ്രതീക്ഷിച്ചു. ഏറെക്കാലം ഗൃഹാതുരത്വത്തിന്റെ ചിന്ത അവളെ അലട്ടി. കൂടാതെ ലൂയീജിയുടെ അന്ത്യാഭിലാഷവും അതായിരുന്നു. എങ്ങനെയെങ്കിലും ഈ സ്വപ്നം സാക്ഷാത്കരിക്കേണ്ടിയിരുന്നു. പണമോ സഹായമോ ഇല്ലാതെ കുട്ടികളോടൊപ്പം അവള്‍ എങ്ങനെയാണ് ഈ യാത്രയ്ക്ക് തുനിഞ്ഞത്? ആഞ്ചലോ എന്ന തന്റെ കനിഷ്ഠപുത്രന് പതിമൂന്ന് വയസ്സാകാറായിട്ടില്ലായിരുന്നു. അസൂന്ത ഫെറിയേറില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ജിയോവാനിയാണ് കുടുംബം ഭരിച്ചിരുന്നത്. അയാള്‍ ഒരു മുരടന്‍ സ്വഭാവക്കാരനായിരുന്നു. പന്ത്രണ്ടു വയസ്സാകാറായ മരിയ വീട്ടുജോലിക്ക് പ്രാപ്തയാകുന്നതുവരെ അസൂന്ത ജോലിക്കൊന്നും പാടത്ത് പോകേണ്ടെന്നായിരുന്നു. അയാളുടെ പക്ഷം. കഴിഞ്ഞ നാളുകളിലെ ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളും കഠിനതകളും ജീവിതത്തെ ഗൗരവമായി കാണാന്‍ കഴിഞ്ഞ കുട്ടികളിലൊരാളായി മരിയേയും മാറ്റി. മുഖത്ത് അധികം പ്രസന്നതയൊന്നുമില്ലാതെ അവള്‍ വീട്ടുപണികള്‍ ചെയ്തുതീര്‍ത്തു. നയനങ്ങളില്‍ ദുഃഖത്തിന്റെ തരി വീണിരുന്നു. ചിരിച്ചു നടന്നിരുന്ന പെണ്‍കുട്ടിയില്‍നിന്നും ഉത്തരവാദിത്ത്വമുള്ള ഒരു കൊച്ചുസ്ത്രീയായി അവള്‍ മാറിയിരുന്നു.
മരിയ വീട്ടുകാര്യങ്ങളും കുഞ്ഞനിയന്മാരുടെയും കുഞ്ഞനിയത്തിമാരുടെയും പരിചരണവും നന്നായി കൈകാര്യം ചെയ്യാന്‍ പഠിച്ചു. പാചകവും കഴുകലും വൃത്തിയാക്കലും അതിരാവിലെ മുതല്‍ രാത്രി വൈകിവരെയുള്ള അവളുടെ സമയത്തെ അപഹരിച്ചു. ഏതു സമയത്ത് നോക്കിയാലും മരിയ അവളുടെ സുന്ദരമായ മുടിചുരുട്ടികെട്ടി, അടുക്കളയില്‍ ജോലി ചെയ്യുന്നത് കാണാമായിരുന്നു. ആര്‍ക്കും സഹായകയും, അനുസരണയുള്ളവളും ഉത്തരവാദിത്ത്വമുള്ളവളുമായിരിക്കുന്നത് അവള്‍ക്ക് ആനന്ദം നല്കുന്നവയായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ വാതില്ക്കല്‍ വന്ന് ചക്രവാളത്തിന്റെ അനന്തതയിലേക്ക് സ്വപ്‌നാടകയായി അവള്‍ നോക്കിനില്ക്കുമായിരുന്നു. ഇത് കൗമാരത്തിന്റെ ചാപല്യങ്ങള്‍ അവളെ വേട്ടയാടുന്നതിന്റെ ആരംഭമായിരുന്നു. പ്രായത്തിനേക്കാള്‍ കൂടിയ ശരീരവളര്‍ച്ചയുണ്ടായിരുന്ന അവള്‍ക്ക് പതിനാലോ പതിനഞ്ചോ വയസ്സു തോന്നിക്കുമായിരുന്നു. എങ്കിലും കറുത്ത ഷാള്‍ ചുമലില്‍കൂടിയിട്ട് മെലിഞ്ഞ ശരീരവും പ്രസന്നവദനവുമായി വരുന്ന യുവതിയായി അവള്‍ കാണപ്പട്ടു. അവള്‍ ആത്മസമാധാനത്തോടെ തന്റെ ഉത്തരവാദിത്ത്വങ്ങള്‍ ഒന്നൊന്നായി നിറവേറ്റി. നിര്‍ഭാഗ്യവശാല്‍ മരിയയ്ക്ക് വിദ്യാലയത്തില്‍ പോകാനായില്ല. എഴുത്തും വായനയും അവള്‍ക്ക് വശമില്ലായിരുന്നു. അവളുടെ നിരക്ഷരയായ അമ്മയെപ്പോലെ തന്നെ ഒരു പാവം ഗ്രാമീണ പെണ്‍കുട്ടിയായിരുന്നു അവളും. അസൂന്തയില്‍ നിന്നും മനപാഠമാക്കിയ പ്രാര്‍ത്ഥനകളായിരുന്നു അവള്‍ ചൊല്ലിയിരുന്നത് മരിയ തന്റെ സോദരങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.
ആദ്യകുര്‍ബ്ബാന സ്വകരിച്ചപ്പോള്‍ അവളുടെ കൂട്ടുകാരുടെ പിന്നിലായിരുന്നു അവള്‍. പാവപ്പെട്ടവളായിരുന്നെങ്കിലും വിനയത്തിന്റെ കാര്യത്തില്‍ അവള്‍ സമ്പന്നയായിരുന്നു. അവളുടെ അകതാരിലക്ക് എഴുന്നള്ളിവന്നവന്‍, സ്വയമേക്കൊണ്ട് കൂടുതല്‍ സ്‌നേഹിച്ചത് അവളെയാണെന്നും നന്മയുടെ കാര്യത്തില്‍ മറ്റെല്ലാവരേക്കാളും താന്‍ സമ്പന്നയാണെന്നും അവള്‍ തിരിച്ചറിഞ്ഞില്ല. താമസിയാതെ ആ ദിനം ഓര്‍മ്മകളിലേക്ക് വഴുതിവീണു. ചതുപ്പുനിലത്തിന്റെ അപ്രസക്തതയിലേക്ക് മരിയ മറഞ്ഞുപോകുമെന്നായിരുന്നു എല്ലാവരും നിനച്ചത്. പക്ഷെ ദൈവം നേരത്തെ തന്നെ വലിയ കാര്യങ്ങള്‍ക്കായി അവളെ തിരഞ്ഞെടുത്തിരുന്നു. ജോവാനെപ്പോലെ യാതൊരുവിധ ആന്തരികശബ്ദങ്ങളും അവളെ യുദ്ധഭൂമിയിലേക്ക് വിളിക്കിുന്നതായി കേട്ടില്ല. ജെര്‍മെയിന്റേതുപോലെ പാവത്തിന് നല്കിയ അപ്പത്തിനു പകരം പനിനീര്‍ പുഷ്പങ്ങള്‍ അവളുടെ സഞ്ചിയില്‍ പ്രത്യക്ഷപ്പെട്ടില്ല. പരി. അമ്മ, ബര്‍ണദീത്തയെയും തെരേസയേയും നോക്കി പുഞ്ചിരിച്ചപോലെ അവളെ നോക്കി മന്ദഹസിച്ചില്ല. പ്രഭാത പ്രാര്‍ത്ഥനയ്ക്കും രാത്രിയിലെ പിതൃസ്മരണയ്ക്കുമിടയിലുള്ള സമയത്ത് ദൈവഹിതമല്ലാതെ മറ്റൊന്നും അവള്‍ ചെയ്തില്ല.
ഒരു പ്രഭാതത്തില്‍ - വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച് അധികനാളായിട്ടില്ല അവള്‍ ഫെറിയേറിലുളള പൊതു കിണറ്റില്‍ വെള്ളം കോരനായി പോയി. തന്റെ പാത്രം നിറയ്ക്കാനായി കാത്തുനില്‍ക്കവേ ഒരു പെണ്‍കുട്ടി തന്റെ കൂട്ടുകാരനോട് അശ്ലീലച്ചുവയുളള തമാശ പറയുന്നത് മരിയ കേട്ടു. ആ പെണ്‍കുട്ടി തന്നോടൊപ്പം കുര്‍ബ്ബാന സ്വീകരിച്ചതാണെനന്ന് മരിയയ്ക്ക് മനസ്സിലായി... അതറിഞ്ഞ മരിയ സ്തബ്ധയായി ''ഈശോയെ ഇത്ര വെക്കം മറക്കാന്‍ എങ്ങനെയാണ് അവള്‍ക്ക് കഴിഞ്ഞത്?''. വീട്ടിലേക്ക് കുതിച്ചെത്തിയ മരിയ ആകെ അസ്വസ്ഥയായി. വാതില്ക്കലെത്തുന്നതിനുമുമ്പേ പിറുപിറുത്തുകൊണ്ടാണ് അവളെത്തിയത്. ''അമ്മേ അമ്മയറിഞ്ഞോ കിണറിനടുത്ത് വച്ച് ഒരു പെണ്‍കുട്ടി വൃത്തികെട്ട കാര്യങ്ങള്‍ പറഞ്ഞു അതുകേട്ട് ആണ്‍കുട്ടി ചിരിച്ചു'' ''നീയെന്തിനാ അത് കേള്‍ക്കാന്‍ പോയത്?'' അമ്മ ചോദിച്ചു. ''അമ്മേ ഞാന്‍ പാത്രം നിറയ്ക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. അതുകൊണ്ട് എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല.'' അസൂന്ത അവളോട് പറഞ്ഞു, 'അതേ, മോളെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും സംസാരിച്ച കാര്യത്തെപ്പറ്റി നീ ഉത്കണ്ഠാകുലയാണെന്ന് എനിക്കറിയാം. ഒരു കാര്യമോര്‍ക്കുക, നീ അത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങള്‍ നിന്നെ അതിനെക്കാള്‍ കുറ്റപ്പെടുത്തും.'' മരിയയ്ക്ക് അവളുടെ കാതുകളെ വിശ്വസിക്കാനായില്ല. ദൈവത്തെ അത്തരം വഴികളിലൂടെ അവള്‍ എന്നെങ്കിലും വേദനിപ്പിക്കുമെന്ന് അവളുടെ അമ്മ യഥാര്‍ത്ഥത്തില്‍ ചിന്തിച്ചിട്ടുണ്ടാകുമോ? ''അത്തരം വാക്കുകള്‍ ഉച്ചരിക്കുന്നതിലും ഭേദം... ഞാന്‍ മരിക്കുന്നതാണ്.'' അവള്‍ ആത്മഗതം ചെയ്തു.
പക്ഷേ , അവളുടെ ജീവിതം അത്ര ഗൗരവമായിരുന്നില്ല ചിലസന്ദര്‍ഭങ്ങളില്‍ നിഷ്‌കളങ്കമായ പല വിചാരങ്ങള്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ചില ദിവസങ്ങളില്‍ അവള്‍ തന്റെ യജമാനത്തിയും അയല്പക്കക്കാരിയുമായ തെരേസാ സിമാരെല്ലിസിനുമൊപ്പം മുട്ടയും പച്ചക്കറിയും വില്ക്കുന്നതിനായി നെറ്റുനോയിലെ മാര്‍ക്കറ്റിലേക്ക് പോകുമായിരുന്നു. ഉദ്ദേശം ഏഴു മൈലോലമുള്ള കുതിരവണ്ടിയാത്ര. വഴിയില്‍ കേള്‍ക്കുന്ന പ്രാവിന്റെ കുറുകല്‍ അവള്‍ കേട്ടു. നിശ്ശബ്ദയായിരുന്ന ആ പെണ്‍കുട്ടി അപ്പോള്‍ വാചാലയാകുമായിരുന്നു. മരിയ ഈ അവസരങ്ങളിലൊക്കെ ബാല്യകാലത്തിന്റെ ആനന്ദം അനുഭവിക്കുകയായിരുന്നു. ആനന്ദത്തിന്റെ ഇത്തരം അവസരങ്ങള്‍ കുറവും അല്പായുസ്സുമുള്ളതായിരുന്നു. പെട്ടെന്നു തന്നെ തന്റെ ദിനചര്യകളിലേക്ക് അവള്‍ക്ക് കടന്നുചെല്ലണമായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ പഴയ പണികളെല്ലാം അവള്‍ തികഞ്ഞ ധൈര്യത്തോടെ ചെയ്യുമായിരുന്നു. ദൈവം വലിയ കാര്യത്തിലേക്ക് നയിക്കുകയായിരുന്നെന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കില്ല. നാളെയൊരു ദിവസം അവള്‍ക്ക് രക്തസാക്ഷിയാകാനുള്ള ധൈര്യം ആവശ്യമായിരുന്നല്ലോ
ഇരുട്ടിലെ മാലാഖ
ജൂണ്‍ അവസാനിക്കാറായി. അത്യുഷ്ണമേറിയ ദിനമായിരുന്നു അതെങ്കിലും വൈകുന്നേരമായപ്പോള്‍ ചതുപ്പുനിലത്തുനിന്നും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. പേക്കാത്തവളകളും തവളക്കൂട്ടങ്ങളും മഴയ്ക്കായി കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ഓക്കുമരത്തിന്റെ പൊത്തില്‍ നിന്ന് ഒരു മൂങ്ങ അരോചകമായി നിലവിളിച്ചു. പുറത്തേക്ക് വിടുന്നുണ്ടായിരുന്നു. ഫെറിയേര്‍ വീട്ടിലെ അടഞ്ഞ വാതിലിനുപിന്നില്‍ വിറക് കത്തിയമര്‍ന്ന് ചാരമായി മാറിക്കൊണ്ടിരുന്നു. തണുപ്പ് കഠിനമാകുന്നതിനുമുമ്പേ ഏല്ലാവരും ഉറക്കത്തിലേക്ക് വഴുതിവീണു. മരിയ വിശ്രമിക്കാനായി പോയിരുന്നില്ല. രാത്രിയില്‍ ഗൗണും ധരിച്ച് അവള്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥനയില്‍ മുഴുകി. അസാധാരണമായ അന്നത്തെ സംഭവങ്ങള്‍ അവളുടെ കുഞ്ഞുമനസ്സിനെ ഒന്നാകെയുലച്ചു. ആത്മപരിശോധന അവള്‍ക്കെന്നും എളുപ്പവും പെട്ടെന്ന് അവസാനിക്കാത്തതുമായിരുന്നു. മനസ്സിലാകാത്ത പലതും അതിലുണ്ടായിരുന്നു. ഒരു പിശാച്. അവള്‍ക്കതിനെപ്പറ്റി ഊഹിക്കാനല്ലാതെ മറ്റൊന്നുമറിയില്ലായിരുന്നു.- അവളുടെ ആത്മപരിശോധനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവള്‍ ലജ്ജാപൂരിതയാവുകയും മനഃപ്രയാസത്തിനടിമപ്പെടുകയും ചെയ്തു. ദൈവത്തെ താന്‍ തള്ളിപ്പറഞ്ഞോ എന്നോര്‍ത്ത് അവള്‍ അതിശയപ്പെട്ടു. എന്നിരുന്നാലും തമ്പുരാന്റെ മുമ്പിലിരുന്ന് സംഭവിച്ചതെല്ലാം അവള്‍ ഓര്‍ത്തെടുത്തു. കഴിഞ്ഞയാഴ്ച ഒരുനാള്‍ അവളുടെ അമ്മ അവശയായി ജോലിക്കുപോകാനാവാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. പാടത്ത് തനിക്ക് പകരം ചെല്ലാന്‍ അമ്മ മരിയയോടാവശ്യപ്പെട്ടു. സഹായിക്കുക എന്നത് അവള്‍ക്ക് ആനന്ദകരമായ കാര്യമായിരുന്നു. അലക്‌സാണ്ടറിനൊപ്പം അവള്‍ പാടത്തിന്റെ ഒരു വശത്ത് ജോലി ചെയ്യുകയായിരുന്നു. അവര്‍ ഇരുവരും മാത്രം. ഏകദേശം ഒരു മണിക്കുറോളം പാടത്ത് ജോലി നോക്കി. പക്ഷെ പെട്ടെന്ന് തന്റെ ആയുധം ദൂരെയെറിഞ്ഞ് അലക്‌സാണ്ടര്‍ അവര്‍ ഇരുവരുടെയും സ്ഥലത്തെ വിഭജിച്ചിരുന്ന വരമ്പ് കടന്ന് മരിയയുടെ മുമ്പിലെത്തി.
അവന്‍ മരിയയെ തന്റെ കൈകളാല്‍ ചുറ്റിവരിഞ്ഞു. അവന്‍ മരിയയ്ക്ക് മനസ്സിലാകാത്ത വാക്കുകള്‍ പുലമ്പുന്നുണ്ടായിരുന്നു. സ്തബ്ധയായിപ്പോയ മരിയയ്ക്ക് അവനെന്താണ് വേണ്ടതെന്ന് മനസ്സിലായില്ല. പക്ഷേ, തന്നെ പാപത്തിന് വഴങ്ങാനായി അവന്‍ പ്രേരിപ്പിക്കുകയാണെന്ന് അവള്‍ക്ക് താമസിയാതെ മനസ്സിലായി. ധാര്‍മ്മികരോഷത്താല്‍ അവളുടെ വദനം രക്തവര്‍ണ്ണമായി. അലക്‌സാണ്ടറുടെ കയ്യില്‍നിന്ന് കുതറി രക്ഷപ്പെട്ട് അവള്‍ പാടത്തേക്ക് ഓടിപ്പോയി. ഉച്ചഭക്ഷണത്തിനു പോകുന്നതുവരെ മരിയ കുറ്റിച്ചെടികള്‍ക്കിടയില്‍ അഭയം പ്രാപിച്ചു. ഉച്ചയ്ക്കുശേഷം അലക്‌സാണ്ടറിനൊപ്പം ജോലിക്ക് വരുന്നതായി അവള്‍ നടിച്ചു. പക്ഷെ ഒരു ബക്കറ്റ് എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് അവള്‍ പോയി വൈക്കോലിനുള്ളില്‍ ഒളിച്ചിരുന്നു. അവിടെ അവള്‍ മൂന്നുമണിക്കൂറോളം കിടന്നു. ഇതിനുശേഷം ആ ആഴ്ച മുഴുവന്‍ അവള്‍ അലക്‌സാണ്ടറിന്റെ മുന്നിലകപ്പെടാതെ നടന്നു. അതിനുശേഷം അവനോടൊപ്പം തനിയെ ആകാതിരിക്കാന്‍ അവള്‍ ഏറെ ശ്രദ്ധിച്ചു. അലക്‌സാണ്ടര്‍ മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസം അവളിലുരുവായി.
പക്ഷേ പിറ്റേദിവസം തന്നെ അവന്‍ അവളുടെ ചിന്താഗതികളെ മാറ്റിമറിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് പിന്നില്‍കൂടി വന്ന് അലക്‌സാണ്ടര്‍ മരിയയെ കടന്നുപിടിച്ചു. മരിയയുടെ നഖങ്ങള്‍ അലകാസാണ്ടറിന്റെ മുഖത്ത് ആഴ്ന്നിറങ്ങിയ വേദനയാല്‍ പുളയുന്നതുവരെ അയാള്‍ അവളെ വിട്ടില്ല. മരിയ പുറത്തേക്കിറങ്ങി ഓടി. സഹായത്തിനായി വാതിലുകള്‍ മുട്ടിവിളിച്ചു. പക്ഷെ ഭീഷണിയുടെ സ്വരവുമായി അവളുടെ മുന്നിലെത്തിയ അലക്‌സാണ്ടര്‍ അവളെ നിശ്ശബ്ദയാക്കി. ''ഇക്കാര്യമെന്തെങ്കിലും നീ നിന്റെ അമ്മയോട് പറഞ്ഞാല്‍, കൊന്നുകളയും ഞാന്‍.'' അലക്‌സാണ്ടറിന്റെ ചുരുട്ടിയ മുഷ്ടി അവളുടെ മിഴികളെ ഭയപൂരിതമാക്കി. അലക്‌സാണ്ടര്‍ കോപത്തോടെ സ്ഥലംവിട്ടു. മരിയയാകട്ടെ മുറിയില്‍ക്കയറി കതകടച്ചു. അലകാസാണ്ടര്‍ തിരിച്ചുവരുമെന്ന ഭീതിയാല്‍ അടുക്കളിയിലേയ്ക്ക് പോകാന്‍ പോലും അവള്‍ക്കായില്ല. തന്റെ അമ്മ വരുന്നത് ജനലഴികള്‍ക്കിടയിലൂടെ കണ്ടയുടനെ തിടുക്കത്തില്‍ അവള്‍ തീ കൂട്ടാനൊരുങ്ങി. പക്ഷേ വൈകിപ്പോയിരിന്നു. സൂപ്പിന് ചൂടുണ്ടായിരുന്നില്ല. മേശയാകട്ടെ ഒരുക്കിയിടാന്‍പോലും സമയമുണ്ടായിരുന്നില്ല. അമ്മയുടെ അടുത്തുനിന്നു കടുത്ത ശകാരം അവള്‍ക്കേറ്റുവാങ്ങേണ്ടിവന്നു. ശൂന്യമായ പാത്രത്തിന് മുമ്പിലിരുന്ന് അലക്‌സാണ്ടര്‍ അവളെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു.
എത്രത്തോളം ഇതവളെ വേദനിപ്പിച്ചെന്നോ... നടന്നതെല്ലാം അമ്മയോട് തുറന്നു പറഞ്ഞാലോ എന്നവള്‍ ചിന്തിച്ചു. വാക്കുകള്‍ നാവിന്‍തുമ്പില്‍ വന്നെങ്കിലും അവള്‍ ചുണ്ടുകള്‍ കൂട്ടിയടച്ചു. എന്തുപകാരമുണ്ട് പറഞ്ഞിട്ട്. അവളുടെ പാവം അമ്മയ്ക്ക് എന്തു ചെയ്യാനാകും? അലക്‌സാണ്ടറിന്റെ ദുരുദ്ദേശ്യങ്ങള്‍ മനസ്സിലായാല്‍ സെരെനെല്ലിസില്‍ പലതും സംഭവിക്കും. ജീവിതം ദുസ്സഹമാകും. കൂടാതെ അവന്‍ അവളെക്കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നതും. അതുകൊണ്ടുതന്നെ ഏറ്റവും നല്ലത് സംഭവം രഹസ്യം ആയിരിക്കുന്നതാണെന്ന് അവള്‍ക്ക് മനസ്സിലായി. വേദനാപൂര്‍ണ്ണമായ ഈ ദിനത്തിലെ നാഴികകള്‍ക്കുശേഷം കിടക്കപ്പായില്‍ വച്ച് തന്റെ കണ്ണീരിനെ നിയന്ത്രിക്കാന്‍ അവള്‍ക്കായില്ല. ആ കുഞ്ഞുഗാത്രം ഭീതിയാല്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പേടിയുടെ തിര അവളെ പൊതിഞ്ഞു. ദുഃഖത്തിന്റെ മേഘങ്ങള്‍ അവളുടെ നയനങ്ങളെ മൂടുപടമണിയിച്ചു. അവളുടെ തൊണ്ട വരണ്ടുണങ്ങാന്‍ തുടങ്ങി. അവള്‍ തന്റെ തല മൂടിക്കിടന്നു. അവളുടെ പ്രാര്‍ത്ഥനാനിമിഷങ്ങളെയെല്ലാം ദുര്‍നിമിഷങ്ങള്‍ അപഹരിച്ചു. ഇതെല്ലാം കുട്ടിത്തത്തിന്റെ തോന്നലുകളല്ലായിരുന്നില്ല.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ യാതൊന്നും ചിരിയോ കളിയോ അവളില്‍ നിന്നും അപഹരിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അവളുടെ ചലനങ്ങള്‍ നിയന്ത്രിതങ്ങളാണ്. അവള്‍ ഉച്ചരിക്കുന്ന വാക്കുകള്‍ പരിമിതങ്ങളായിരിക്കുന്നു. മേശയ്ക്കു ചുറ്റും ഒന്നിച്ചിരിക്കുന്നത് അവള്‍ ഒഴിവാക്കി. പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ പലായനം ചെയ്യുന്നതുപോലെ അവള്‍ അലക്‌സാണ്ടറിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നു. മരിയയുടെ നിഴല്‍ കണ്ടാല്‍ മതി അലക്‌സാണ്ടര്‍ അവളുടെ പിറകെ കൂടുമായിരുന്നു. വീട്ടില്‍ അവളെ നിരീക്ഷിക്കുകയും പിറകെ ചെല്ലുകയും ചെയ്തിരുന്നു. ഒരു 'എലിയും പൂച്ചയും' കളി അവിടെ നടന്നുകൊണ്ടിരുന്നു. അസൂന്ത പോലും സംശയിച്ചു തുടങ്ങിയിരുന്നു ഇക്കാര്യം. മരിയ അനുദിനം ഭീതിയില്‍ ആമഗ്നയാകാന്‍ തുടങ്ങി. ഓരോ ദിനവും അലക്‌സാണ്ടറിനെ കാണുമ്പോള്‍ ഭീഷണിയുടെ സ്വരം അവളുടെ കാതില്‍ മുഴങ്ങുകയും അലക്‌സാണ്ടറിന്റെ കണ്ണില്‍നിന്ന് അവള്‍ക്കത് വായിക്കാനും കഴിഞ്ഞിരുന്നു. ''നീയത് പറഞ്ഞാല്‍...നിന്നെ ഞാന്‍ കൊല്ലും.''
ആ നിമിഷം മുതല്‍ ഭയത്തിന്റെ നിഴലിലായിരുന്നു അവള്‍. കുഞ്ഞായിരുന്നപ്പോള്‍ തന്റെ അപ്പന്‍ പറഞ്ഞുകൊടുത്ത പ്രേതകഥകള്‍പോലും അവളെ ഭയപ്പെടുത്തിയിരുന്നില്ല. അവളതിനെയെല്ലാം ചിരിയോടെ വരവേല്‍ക്കുമായിരുന്നു. എട്ടുവയസ്സുണ്ടായിരുന്നപ്പോള്‍ ഏതു പാതിരാത്രിക്കും കോഴിക്കുടടയ്ക്കാന്‍ പാടം കടന്ന് അവള്‍ പോകുമായിരുന്നു. മാസില്‍ നിന്ന് കോന്‍കയിലേയ്ക്കുള്ള അവരുടെ യാത്രയില്‍ മരിയ മുമ്പേ ഓടി വഴിയിലുളള പാമ്പുകളെ അടിച്ചോടിക്കുമായിരുന്നു. അവള്‍ക്ക് ഭയമെന്ന വികാരത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പക്ഷെ ഇപ്പോള്‍, തനിയെ ആകുന്ന സമയങ്ങളിലെല്ലാം അലക്‌സാണ്ടര്‍ വിണ്ടും പഴയതിന് ശ്രമിക്കുമെന്നും, അലക്‌സാണ്ടര്‍ അവളെ കീഴ്‌പ്പെടുത്തുമെന്നും ഉള്ള ഭയത്തിന്റെ പുകച്ചുരുളുകള്‍ അവളുടെ മനസ്സില്‍ നിന്നു ഉയര്‍ന്നുപൊങ്ങുന്നുണ്ടായിരുന്നു. ആകെ തളര്‍ന്നതുപോലെ തോന്നി മരിയയ്ക്ക്. പക്ഷെ പ്രാര്‍ത്ഥനയുടെ സ്വരം അവള്‍ ശക്തയാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവളുടെ ഹൃദയകോവിലില്‍ വാഴുന്ന ദൈവത്തെ മറികടക്കാന്‍ ആര്‍ക്കു കഴിയും?
മരിയ മരണത്തിനു മുമ്പില്‍
അതൊരു മദ്ധ്യാഹ്നമായിരുന്നു. ഫെറിയര്‍ ഫാമിനുമേല്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരുന്നു. ചൂടൂകാറ്റ് ചതുപ്പിന് മുകളില്‍ക്കൂടി വീശി, വീടിന്റെ ഭിത്തി നക്കിത്തുടച്ച് തുറന്നിട്ട വാതിലിലൂടെ അടുക്കളിലേയ്ക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു. ഗൊരേത്തിക്കാരും സെരെനെല്ലിസുകാരും പതിവുപോലെ ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നു. അവര്‍ ഊണു കഴിച്ചതേയുണ്ടായിരുന്നുള്ളു. ചൂടധികമായതിനാല്‍ ജോലിക്കിറങ്ങാന്‍ അല്പം കൂടി കാത്തിരുന്നു. ജിയോവാനി അനുവദിച്ചിരുന്നെങ്കില്‍ മാത്രമായിരുന്നു അവര്‍ ഉച്ചമയക്കത്തിന് പോയിരുന്നത്. പക്ഷെ അയാള്‍ ഊണു കഴിച്ചയുടനെ ജോലിക്കിറങ്ങാന്‍ എന്നും നിര്‍ബന്ധിച്ചിരുന്നില്ല. അവര്‍ ആ സ്വരവും കാത്തിരിക്കുകയായിരുന്നു. മരിയ കുന്നുകൂടിയ പാത്രങ്ങള്‍ വൃത്തിയാക്കുകയായിരുന്നു. കച്ചിയും ധാന്യവും അറപ്പുരയില്‍ സുരക്ഷിതമാക്കിയിരുന്നു. പക്ഷെ പയര്‍ വെയിലേല്ക്കാനായി മുറ്റത്ത് നിരത്തിയിട്ടിട്ടുണ്ടായിരുന്നു. ''എല്ലാവരും ജോലിക്ക് പോയാട്ടേ'' ജിയോവാനിയുടെ സ്വരമുയര്‍ന്നു. നമുക്കൊട്ടും സമയമില്ല. ഉച്ചയ്ക്ക് ശേഷം മഴയായിരിക്കും. ആഞ്ചലോയും അലക്‌സാണ്ടറും മെല്ലെ എഴുന്നേറ്റു. അസൂന്ത മേശ വൃത്തിയാക്കുകയും ചെയ്തു. ജിയോവാനി അവിടെത്തെന്നെ നിന്നു. ''പയറ് മുഴുവന്‍ സഞ്ചിയിലാക്കി മുകളില്‍ പെട്ടിയില്‍ കൊണ്ടുവയ്ക്ക്'' ജിയോവാനി ആജ്ഞാപിച്ചുകൊണ്ടിരുന്നു. പക്ഷെ അലക്‌സാണ്ടര്‍ ജിയോവാനിയെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അലക്‌സാണ്ടറിന്റെ മനസ്സില്‍ മറ്റൊരു പദ്ധതി ഉരുത്തിരിയുകയായിരുന്നു. കഴിഞ്ഞ നാഴിക മുതല്‍ അലക്‌സാണ്ടറിന്റെ മിഴികള്‍ മരിയയെ പിഞ്ചെല്ലുകയായിരുന്നു. ജോലിക്ക് തിരിക്കുന്നതിനു മുമ്പ് ഒരു പരുങ്ങലോടെ അലക്‌സാണ്ടര്‍ തന്റെ മുറിയിലേക്ക് കടന്നുചെന്നു. ''മരിയ, എന്റെ ഒരു കീറിയ ഷര്‍ട്ട് തുന്നാനുണ്ട്. എനിക്ക് നാളെ പള്ളിയില്‍ പോകേണ്ടതാ. ഉച്ചയ്ക്കുതന്നെ എനിക്കുവേണ്ടി നീയത് ചെയ്യണം. ഇതാ എന്റെ കിടക്കയില്‍ ഷര്‍ട്ട് വച്ചിട്ടുണ്ട്.'' മുമ്പ് പഠിച്ചുവച്ച സൂക്ഷ്മതയോടും മര്യാദയോടുംകൂടി അലക്‌സാണ്ടര്‍ പറഞ്ഞു.
പാത്രം കഴുകുന്നത് നിര്‍ത്തിയെങ്കിലും മരിയ മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ ഹൃദയം വികാരങ്ങളെ പ്രകടിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു. പൊട്ടിക്കരയണമെന്നവള്‍ക്ക് തോന്നി. ''ഇല്ല എനിക്കതിന് സമയമില്ല'' എന്നു മൊഴിഞ്ഞുള്ള കരച്ചില്‍ ആശ്വാസമേകുമെന്ന് അവള്‍ക്ക് തോന്നി. പക്ഷെ യാതൊന്നും പ്രതികരിച്ചില്ലെങ്കിലും സേവനത്തിന്റെ പാതയിലേയ്ക്കവളുടെ ശ്രദ്ധ തിരിഞ്ഞു. യഥാര്‍ത്ഥ ഉപവി അവളുടെ ഹൃദയത്തില്‍ നിറഞ്ഞുതൂവി. വയലില്‍ കാളകളെ ഉഴുതുകൊണ്ടിരിക്കവെ തിന്മ അലക്‌സാണ്ടറിന്റെ ചിന്തകളെ കീഴ്‌പ്പെടുത്തി. അവന്റെ പദ്ധതികള്‍ക്ക് നിയതമായ ഒരു രൂപം കൈവന്നു. മരിയ കിടക്കയില്‍ ഇരിക്കുകയായിരിക്കും. കൈക്കുഞ്ഞായ തെരേസയല്ലാതെ മറ്റാരും അവിടെ യുണ്ടാവുകയുമില്ല. പുറകില്‍ കൂടി കയറിച്ചെന്ന് അടുക്കളവാതിലടയ്ക്കുക, പിന്നെ അവന്റെ മുറിയും പൂട്ടുക പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ''ഗിദാപ്പ'' അവന്‍ കാളയെ വിളിച്ചു. താമസിയാതെ അവന്‍ കാളവണ്ടിയില്‍ കയറി മുറ്റത്തെത്തി. ധാന്യം മെതിക്കാനായി ഗൊരേത്തിക്കാര്‍ തനതായ ഒരു രീതി വികസിപ്പിച്ചെടുത്തിരുന്നു. കുട്ടികളെ നിറച്ച വണ്ടി മുറ്റത്ത് നിരത്തിയിട്ട ധാന്യക്കറ്റകള്‍ക്ക് മുകളിലൂടെ അങ്ങോട്ടുമിങ്ങേട്ടും ഓടിക്കും. ഈ സമയം അസൂന്ത മുപ്പല്ലികൊണ്ട് ധാന്യമണികള്‍ സംഭരിക്കും. ഓരോ നിമിഷവും തന്റെ മക്കളെ കാണുമ്പോള്‍ അസൂന്തയുടെ ഹൃദയം സന്തോഷപൂരിതമാകുമായിരുന്നു. ''ആഞ്ചെലോയെ നോക്ക്. അവന്റെ അപ്പനെപ്പോലെതന്നെയാണ് അവന്‍ കാളവണ്ടി ഓടിക്കുന്നത്. എന്റെ മൂത്ത കുട്ടിയായ അവനെനിക്ക് എന്താശ്വാസമാണെന്നോ. കുറച്ചു കാലമങ്ങ് നീങ്ങിയാല്‍ കാര്യങ്ങള്‍ ശോഭനമായേക്കും. പിന്നെ... എല്ലാവര്‍ക്കും പ്രിയങ്കരിയായ എന്റെ മരിയ. അവള്‍ തീര്‍ത്തും നല്ലവളും ശുദ്ധയുമാണ്. ഒരുപക്ഷെ അവളെ അല്പം കൂടി പരിഗണിക്കണം,കഴിഞ്ഞ മാസങ്ങളായി - പ്രത്യേകിച്ചും അവളുടെ കുര്‍ബ്ബാന കൈക്കൊള്ളപ്പാടിന് ശേഷം അവള്‍ ക്ഷീണിതയും വ്യാകുലയുമാണ്. അങ്ങനെ സംസാരിക്കുന്നുമില്ല. അവളുടെ മിഴികള്‍ താണുപോയിരിക്കുന്നു, അവളുടെ മനസ്സിന് എന്തു പറ്റിയോ ആവോ? എന്തായാലും അവള്‍ക്കുള്ളില്‍ എന്തോ രഹസ്യങ്ങള്‍ ഉണ്ട, പെണ്‍കുട്ടികളെല്ലാം തീര്‍ത്തും അസ്വസ്ഥരാകുന്ന പ്രായമാണല്ലോ മരിയയുടേതും.''
മെതിക്കളത്തിന് മുകളിലൂടെ കാളവണ്ടി വന്നപ്പോള്‍ കുട്ടികള്‍ ആഹ്ലാദത്തോടെ ആരവമുതിര്‍ത്തു. പക്ഷേ അസൂന്ത തന്റെ മാതൃസ്‌നേഹത്തിനുമേല്‍ നിഴലിച്ച ഭീഷണിയെപിന്തുടരുന്നുണ്ടായിരുന്നു. ആ മാതൃസ്‌നേഹം മാത്രമായിരുന്നു ലോകത്തിലെ അവളുടെ ഏക സന്തോഷകരമായ കാര്യം. പെട്ടെന്ന് അലക്‌സാണ്ടര്‍ കാളവണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ''ഞാന്‍ എന്റെ തൂവാലയെടുക്കാന്‍ മറന്നു. എന്റെ മുറിയില്‍ പോയി ഞാനത് എടുത്തിട്ട് വരാം. അതുവരെ എന്റെ ജോലിയൊന്നു നോക്കണം.'' അലക്‌സാണ്ടര്‍ അസൂന്തയോട് പറഞ്ഞു. അവന്റെ നെറ്റി വിയര്‍പ്പുകൊണ്ട് നനഞ്ഞിരുന്നു. അസൂന്ത അനുസരണയോടെ മുപ്പല്ലിയുമായി അലക്‌സാണ്ടര്‍ നിന്നിരുന്ന സ്ഥലത്ത് കയറി ജോലി ആരംഭിച്ചു. കാളവണ്ടി അകലെ മറഞ്ഞതും കുട്ടികളുടെയും അമ്മയുടെയും സന്തോഷം പതിന്മടങ്ങായി. അലക്‌സാണ്ടര്‍ അകലെ മറഞ്ഞതും ചക്രവാളത്തില്‍ മിന്നലൊളിയും ഒപ്പം ഇടിയുടെ കൈകൊട്ടലും ഉയര്‍ന്നുകേട്ടു. കൊടുങ്കാറ്റ് അടുത്തുവരുന്നതായി തോന്നി. ഫെറിയര്‍ ഫാമിലൂടെ ചെകുത്താന്‍ പതുങ്ങി നടക്കുന്നുണ്ടായിരുന്നു.
ഈ സമയം മരിയ പോര്‍ച്ചില്‍ ഇരിക്കുകയായിരുന്നു. വീടിനുള്ളില്‍ ചൂട് വളരെയധികമായിരുന്നു. മരിയ നീളത്തില്‍ കീറിയ അലക്‌സാണ്ടറിന്റെ കുപ്പായം ധൈര്യപൂര്‍വ്വ മെടുത്ത് അതില്‍ ഊടും പാവും നെയ്തുകൊണ്ടിരിക്കുകയായിരന്നു. അതിനരികിലായി അവളുടെ കുഞ്ഞനിയത്തിയായ തെരേസ ഒരു പുതപ്പില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവളുടെ സംതൃപ്തിയെയും പ്രതീക്ഷയെയും ശല്യപ്പെടുത്താനായി യാതൊരുവിധ ശബ്ദങ്ങളും വീടിനടുത്തു ഉണ്ടായിരുന്നില്ല. അവള്‍ തനിയെയിരുന്ന് പിറ്റേദിവസത്തെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു. ''നാളെ ഞായറാഴ്ച, തിരുരക്തത്തിന്റെ തിരുനാളാണ്. തെരേസാ സിമാരെല്ലിയുമായി നേരത്തെ പോകണം. അങ്ങനെയെങ്കില്‍ കുമ്പസാരിക്കാനും കുര്‍ബ്ബാന കൈക്കൊള്ളുവാനും പറ്റുമല്ലോ.'' അവള്‍ ആത്മഗതം ചെയ്തു. നാളെ വരാനിരിക്കുന്ന കാര്യത്തെപ്പറ്റിയോര്‍ത്തപ്പോള്‍ത്തന്നെ അവളുടെ അന്തരംഗം മതിമറക്കാന്‍ തുടങ്ങി. അവള്‍ക്ക് കര്‍ത്താവിനോട് ഒത്തിരികാര്യം പറയാനും ഉപദേശമാരായാനും ശക്തി സ്വീകരിക്കാനും ഉണ്ടായിരുന്നു. പെട്ടെന്ന് അടുക്കളവാതിലിന്റെ മുന്നില്‍ അലക്‌സാണ്ടര്‍ വന്നെത്തി. മരിയ ആശങ്കയാല്‍ നിറഞ്ഞു. അവന്‍ മരിയ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു. ഒരക്ഷരം ഉരിയാടാതെ നടകള്‍ കയറി അവന്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി. അവനെന്തിനാണ് തിരിച്ചുവന്നത്? അവന്‍ അടുത്തമുറിയില്‍ ആയുധം തട്ടിമാറ്റുന്നതിന്റെ ശബ്ദങ്ങള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അവനെന്താണ് ചെയ്യുന്നത്? ഒരു പക്ഷെ അവന്‍ അരിവാള്‍ എടുക്കാന്‍ മറന്നതായിരിക്കാം. താമസിയാതെ അലക്‌സാണ്ടര്‍ വാതില്ക്കലേക്ക് വന്നു. ''മരിയാ ഇവിടെ വാ...'' പരുക്കനായിരുന്നു അവന്റെ ശബ്ദം. മരിയ ഭീതിയാല്‍ നിറഞ്ഞു. നൂലും സൂചിയും കയ്യില്‍ നിന്ന് മടിയിലേക്ക് വഴുതിവീണു. അവള്‍ മറുപടി പറയുകയോ അനങ്ങുകയോ ചെയ്തില്ല.
''ഞാന്‍ പറഞ്ഞതു കേട്ടോ നീ... വേഗം ഇങ്ങോട്ട് വാ...'' അലക്‌സാണ്ടര്‍ അക്ഷമനായി, അവളെ പിടിച്ചു വലിച്ചു. പക്ഷെ ഒരു ചെറിയ തൂണില്‍ അള്ളിപ്പിടിച്ച് മരിയ സഹായത്തിനായി അലറി വിളിച്ചു. പക്ഷെ ഫലമുണ്ടായില്ല. അവന്‍ അവളെ കോരിയെടുത്ത് മുറിക്കകത്താക്കി വാതിലടച്ചു. രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത തടവുകാരിയെപ്പോലെയായി അവള്‍. ആ പക്ഷി പിടിക്കപ്പെട്ടു. അലക്‌സാണ്ടറിന്റെ അധരങ്ങളില്‍ പൈശാചികതയുടെ ഒരു ചിരി വിടര്‍ന്നു.
ഇപ്പോഴാണ് അലക്‌സാണ്ടറിന്റെ ദുരുദ്ദേശം പൂര്‍ണ്ണമായും മരിയയ്ക്ക് ബോദ്ധ്യപ്പെട്ടത്. ഭീതിയാല്‍ പൂരിതയായെങ്കിലും. ഭൗമികമായ ഒരു ശക്തി അവളെ ഉത്തേജിപ്പിച്ചു. അവസാനം വരെ, വേണമെങ്കില്‍ മരിക്കുന്നതുവരെ പ്രതിരോധിക്കാന്‍ അവള്‍ തീരുമാനിച്ചു. ''മരിയ എനിക്ക് നിന്നെ വേണം, എനിക്ക് നിന്നെ വേണം, അല്ലെങ്കില്‍..'' കത്തിക്കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ട് അലക്‌സാണ്ടര്‍ പറഞ്ഞു. മരിയ ഭ്രാന്തചിത്തയായി സഹായത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്നു. പക്ഷേ കുട്ടികളുടെ ആരവവും വണ്ടിയുടെ ശബ്ദവും മെതിക്കലിന്റെ ഒച്ചപ്പാടുകളും അവളുടെ നിലവിളിയെ ഗ്രസിച്ചു കളഞ്ഞു. മരിയ രക്ഷപ്പെടാനായി മേശക്കടിയിലേക്ക് നുഴഞ്ഞുകയറി. പക്ഷെ ഭ്രാന്തമായ ഒരു ചിരിയോടെ മേശവലിച്ചു നീക്കിയശേഷം അവന്‍ അവളെ പുറത്തേക്ക് വലിച്ചിഴച്ചു. നിലത്തുവീണുകിടന്ന മരിയയെ അലക്‌സാണ്ടര്‍ തന്റെ കാല്‍മുട്ടുകള്‍കൊണ്ട് ഒതുക്കിയിട്ടു. ''ഇല്ല എന്നത് ഒരുത്തരമായി ഞാന്‍ കാണുന്നില്ല. നീ ഇത് സമ്മതിക്കുന്നോ, അതോ ഞാന്‍ നിന്നെ കൊല്ലണോ?''. ഇല്ല, ഇല്ല, എനിക്ക് പറ്റില്ല... എനിക്ക് പറ്റില്ല'' കുതറിയും മാന്തിയും കടിച്ചും ശ്രമത്തിനിടെ മറ്റൊരു മറുപടിയും അവളില്‍നിന്ന് ഉണ്ടായില്ല. മരിയ ഇപ്രകാരം വിസമ്മതിക്കുമെന്നോ , പ്രതിരോധിക്കുമെന്നോ അലക്‌സാണ്ടര്‍ ഒരിക്കലും നിനച്ചിരുന്നില്ല. ''എന്തുകൊണ്ട്? എന്തുകൊണ്ട് നിനക്കിതിനു സമ്മതിച്ചുകൂടാ...'' അലക്‌സാണ്ടര്‍ ചോദിച്ചു. ''കാരണം, ഇത് ഒരു പാപമാണ്. ദൈവമിത് അനുവദിക്കുന്നില്ല. അലക്‌സാണ്ടര്‍ നീ നരകത്തില്‍ പതിക്കും. നീയിത് ചെയ്താല്‍ നീ നരകത്തില്‍ പോകും.''
അവളുടെ പ്രതിരോധം അവനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റി. അലക്‌സാണ്ടറിന് അവളെ എങ്ങനെ നിശ്ശബ്ദയാക്കണമെന്നറിയാമായിരുന്നു. അലക്‌സാണ്ടര്‍ കൂര്‍ത്ത കത്തി അവളുടെ മേലെ ഉയര്‍ത്തിപ്പിടിച്ച് അവസാനമെന്നോണം ചോദിച്ചു ''നീ സമ്മതിക്കുന്നോ ഇല്ലയോ?'' മരിയ ഒരു നിമിഷത്തേക്ക് നിശബ്ദയായി. മുന്നില്‍ വാപിളര്‍ന്നു നില്ക്കുന്ന അപകടം അവള്‍ മനസ്സിലാക്കി. തന്റെ ശക്തി കൊണ്ട് മരിയയെ ഞെരുക്കിയ ആ മൃഗീയന് ഇപ്പോള്‍ എന്തുംചെയ്യാം. അവനോടൊപ്പം അവന്റെ കോപത്തിന് തീവ്രതയേറി. അവന്റെ കണ്ണുകള്‍ രക്തനിറമായി. മരിയ നിരന്തരം അപേക്ഷിച്ചുകൊണ്ടിരുന്നു. ''അലക്‌സാണ്ടര്‍ എന്നെ വിട്, എന്നെ വിട്...'' കത്തി അവളുടെ മാറിന് മുകളില്‍ ഉയര്‍ന്നുനില്ക്കുന്നു. മരണമോ ജീവനോ, സ്വര്‍ഗ്ഗമോ, നരകമോ, ദൈവമോ സത്താനോ, പാപമോ രക്തസാക്ഷിത്വമോ ഏതുവേണമെന്ന് അവള്‍ക്ക് തീരുമാനിക്കണം. അമാനുഷികതയോടെ പൂര്‍വ്വാധികം ശക്തിയോടെ രക്ഷപ്പെടാന്‍ തുനിഞ്ഞുകൊണ്ട് ധീരതയുടെ ഉണര്‍വില്‍ അവള്‍ പറഞ്ഞു. ''ഇല്ല, ഞാന്‍ സമ്മതിക്കില്ല അലക്‌സാണ്ടര്‍''
താമസിയാതെ ആ ദുരന്തം കടന്നുവന്നു. ഭ്രാന്തമായ പകയോടെ അലക്‌സാണ്ടര്‍ ആ സ്റ്റീല്‍ കത്തി അവളുടെ മാറിടത്തിലേയ്ക്കും അടിവയറ്റിലേയ്ക്കും പതിന്നാല് തവണ കുത്തിയിറക്കി. 'ഒരു മരത്തടിയിലേക്ക് കത്തി കുത്തിയിറക്കുന്നതുപോലെയെ എനിക്കത് തോന്നിയുള്ളു.' അലക്‌സാണ്ടര്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. മരിയ ഒന്നു കരയുകപോലും ചെയ്തില്ല. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തില്ല. മറിച്ച് തന്റെ വലതുകൈകൊണ്ട് മുട്ടിനു താഴെ വസ്ത്രം യഥാവിധി സൂക്ഷിക്കുവാന്‍ മാത്രമാണ് അവള്‍ ശ്രമിച്ചത്. താമസിയാതെ അവള്‍ ബോധരഹിതയായി.
അവള്‍ മരിച്ചെന്ന് അലക്‌സാണ്ടര്‍ വിചാരിച്ചു. അവന്‍ അവിടെനിന്നു എഴുന്നേറ്റു. ചോര ഒഴുകുന്ന കാഴ്ച അവനെ സുബോധവാനാക്കി. അവന്‍ കത്തി കക്കൂസിലേക്ക് വലിച്ചെറിഞ്ഞ് തന്റെ മുറിയില്‍ പോയി കതകടച്ചു. വെയില്‍ ജനാലയില്‍ക്കൂടി കടന്നുവന്നു. കാര്‍മേഘങ്ങള്‍ ദൂരത്തുണ്ടായിരുന്നു. കൊടുങ്കാറ്റ് വീശിക്കഴിഞ്ഞിരുന്നു. വേദനകളുടെ നാഴികകള്‍ മെതിക്കലിന്റെ ശബ്ദവും കുട്ടികളുടെ ചിരികളികളും മുറ്റത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഭയപ്പെടുത്തിയ കാറ്റ് കടന്നുപോയെങ്കിലും ധൃതിയില്‍ത്തന്നെ അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്കുകൂടി മെതിക്കല്‍ അവിരാമം തുടര്‍ന്നുകൊണ്ടിരുന്നു. പതിര് ധാന്യത്തില്‍ നിന്ന് വേര്‍തിരിച്ച് ധാന്യം കലവറയിലാക്കുന്ന ജോലി മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. സായാഹ്നമാകുമ്പോള്‍ വിജയദീപം അവരുടെ സമൃദ്ധിയുടെ സന്തോഷപ്രതീകമായി കത്തിച്ചു വയ്ക്കും. അലക്‌സാണ്ടര്‍ ജോലി ചെയ്യാന്‍ തിരിച്ചുവന്നിരുന്നില്ല. കുഞ്ഞുതെരേസ നിര്‍ത്താതെ പൂമുഖത്ത് കിടന്ന് കരയുന്നുമുണ്ടായിരുന്നു. അസൂന്ത ആകെ പരവശയായി. 'മരിയാനോ അലക്‌സാണ്ടര്‍ എന്താ വരാതിരുന്നതെനന്ന് ഒന്നു പോയി നോക്കിക്കേ,പിന്നെ മരിയയോട് കുഞ്ഞിനെ നോക്കാന്‍ പറ, എനിക്ക് തോന്നുന്നത് കുഞ്ഞ് മുകളില്‍നിന്ന് വീണെന്നാ...'
പെട്ടെന്നുതന്നെ വീട്ടില്‍ നിന്നു ഒരു നിലവിളിയുയര്‍ന്നു. 'അസൂന്താ, അസൂന്താ, ഇങ്ങുവാ...'' അത് ജീയോവാനിയായിരുന്നു. വീടിന് തീപിടിച്ച വിധത്തിലായിരുന്നു ആ നിലവിളി. 'എന്താണിപ്പോള്‍? തീര്‍ച്ചയായും എന്തോ ഗുരുതരമായ കാര്യം സംഭവിച്ചിരിക്കുന്നു.' എല്ലാം വലിച്ചെറിഞ്ഞ് ആ പാവം അമ്മ മരിയ വേദനയാല്‍ പുളയുന്ന മുറിയിലേക്ക് ഗോവണി വഴി ഓടിയെത്തി. തെരേസാ സിമാരെല്ലിയും വിശ്വസ്തനായ ഡോമിനിക്കോയും മരിയയുടെ അടുത്തുണ്ടായിരുന്നു. അലങ്കോലമായ മുറിയും രക്തത്തില്‍ കുളിച്ച മരിയയുടെ ശരീരത്തിന്റെ കാഴ്ചയും എല്ലാവരെയും വലിയ ആശയക്കുഴപ്പത്തിലാഴ്ത്തി. ഡോമിനിക്കോ മരിയയെ എടുത്ത് കിടപ്പുമുറിയില്‍ കിടത്തി. മരണത്തോട് മല്ലടിക്കുന്ന തന്റെ പൊന്നോമനമകളുടെ അവസ്ഥ ആ അമ്മക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അസൂന്ത മോഹാലസ്യപ്പെട്ട് നിലത്തേക്ക് വീണു. അസൂന്ത സുബോധയായപ്പോള്‍ തെരേസ മരിയയെ ശുശ്രൂഷിക്കുകയായിരുന്നു. ജിയോവാനിയാകട്ടെ നടന്നത് വിശദീകരിച്ചു. ' ഞാന്‍ വീടിനടുത്തുള്ള ഒരു തണലില്‍ കിടന്നുറങ്ങുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലാണ് എന്നെ ഉണര്‍ത്തിയത്. ഞാനത് വലിയ കാര്യമാക്കിയില്ല. പക്ഷെ വാതില്‍ക്കല്‍ നിന്നും മരിയയുടെ ഭീതിപൂര്‍വ്വകമായ നിലവിളി ഞാന്‍ കേട്ടു. പെട്ടെന്ന് ഞാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ വീഴുന്നതാണ് കണ്ടത്. അവള്‍ വിളറി വിയര്‍ത്തിരുന്നു. അതു കണ്ടാ ഞാന്‍ അസൂന്തയെയും മറ്റ് എല്ലാവരെയും വിളിച്ചുകൂട്ടിയത്. എന്താ സംഭവിച്ചതെന്ന് എനിക്കുമറിയില്ല.. പക്ഷേ നോക്ക്, അവളാകെ രക്തത്തില്‍ കുളിച്ചിരിക്കുന്നു'' അസൂന്ത മരിയയുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു. ''എന്താ മരിയ പ്രശ്‌നം, മരിയ നീ സ്വയം മുറിവേല്പിച്ചതാണോ?.
പെണ്‍കുട്ടി മറുപടിയൊന്നും പറഞ്ഞില്ല. ക്രമേണ അവള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. കൈകള്‍കൊണ്ട് അവള്‍ തന്റെ വസ്ത്രം യഥാവിധം സൂക്ഷിക്കാന്‍ ശ്രമിച്ചു. അസൂന്ത മരിയയുടെ ബ്ലൗസിന്റെ ഹുക്കുകള്‍ മാറ്റി ചോരപൂണ്ട ദേഹത്തുനിന്നും അഴിച്ചുമാറ്റാന്‍ തുനിഞ്ഞു. അവളുടെ തൊണ്ടയ്ക്കു ചുറ്റും രക്തക്കറ ഉണ്ടായിരുന്നു. വേണ്ടത്ര മുന്‍കരുതലോടെ രണ്ടു സ്ത്രീകള്‍ മരിയയെ അല്പമുയര്‍ത്തി വസ്ത്രം നിന്നും ഊരി. അവളുടെ അടിവസ്ത്രങ്ങള്‍ തീര്‍ത്തും രക്തവര്‍ണ്ണമായിരുന്നു. മുറിവോട് ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ അല്പാല്പമായി മുറിച്ച് മാറ്റുകയാണ് ചെയ്തത്. നേര്‍ത്ത കത്തി അവളുടെ മാറിടത്തില്‍ ഹൃദയത്തിനോട് ചേര്‍ന്ന് ഒരു ആഴമേറിയ മുറിവുണ്ടാക്കിയിരുന്നു. നെടുകെയും കുറുകെയുമായി നാലു മുറിവുകള്‍ അവളുടെ വയറില്‍ ഉണ്ടായിരുന്നു. ആ കുഞ്ഞുശരീരം മുഴുവന്‍ ഭീതികരമായി കീറിമുറിക്കപ്പെട്ടിരുന്നു. മുറിവുകള്‍ നിറഞ്ഞ് രക്തതുള്ളികള്‍ വിരിയിലേക്ക് വീഴുന്നുണ്ടായിരുന്നു. ധീരയായ ഈ കുട്ടി ഒന്നു കരയുകപോലും ചെയ്തില്ല. അവള്‍ ഒരു യുദ്ധത്തിനുശേഷം വിശ്രമിക്കുകയായിരുന്നു. വിജയത്തിനുശേഷം അവള്‍ താന്‍ കരുതിയ വിശ്വാസത്തില്‍ ആനന്ദിക്കുകയായിരുന്നു. അവളുടെ ചിതറിക്കിടന്ന നീണ്ട മുടിയിഴകള്‍ അവളുടെ ശിരസ്സിന് ചുറ്റും ഒരു പ്രഭാവലയത്തിന്റെ പ്രതീതി വരുത്തി. അവളുടെ വിവര്‍ണ്ണമായ ചുണ്ടുകള്‍ അടഞ്ഞിരുന്നു. അവളുടെ ഘാതകന്റെ പേര് ആര്‍ക്കും അതുവരെ മനസ്സിലായിട്ടുണ്ടായിരുന്നില്ല. ' മരിയെ എന്റെ പൊന്നുമോളെ എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയുക. ആരായിത് നിന്നോട് ചെയ്തത്?''
മരിയ അല്പം സംശയിച്ചുനിന്നു. ശേഷം അവളുടെ നിഷ്‌കളങ്കമായ കണ്ണുകള്‍ അമ്മയ്ക്ക് നേരെ ഉയര്‍ത്തി അവള്‍ ഉച്ചരിച്ചു.. 'മമ്മ… അലക്‌സാണ്ടറാണിത് ചെയ്തത്…'' 'ആര്…? അലക്‌സാണ്ടറോ? പക്ഷെ എന്തിന്?'' മരിയ സംസാരിക്കുന്നതിനുമുമ്പ് എന്തൊക്കെയോ ചിന്തിക്കുന്നതുപോലെ കാണപ്പെട്ടു. കഴിഞ്ഞ ദുരന്തനാടകം മുഴുവന്‍ ഒന്നുകൂടി അവളുടെ മിഴികള്‍ക്ക് മുന്നില്‍ നടമാടി.അവള്‍ ശാന്തമായി ഉത്തരം പറഞ്ഞു, ''കാരണം, അവന് ഒരു പാപം ചെയ്യണമായിരുന്നു. പക്ഷെ ഞാനതിന് തുനിഞ്ഞില്ല.'' ഇതായിരുന്നു അവളുടെ രക്തസാക്ഷിത്വത്തിന്റെ രഹസ്യം. ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളാകട്ടെ മറ്റു കാര്യങ്ങള്‍ ചികഞ്ഞ് അന്വേഷിക്കുവാന്‍ തുനിഞ്ഞതുമില്ല. എന്നാല്‍ പുറത്ത് വളരെയധികം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഡോമിനിക്കോ തന്റെ കാളവണ്ടിയുമായി തിടുക്കത്തില്‍ നെറ്റുനോയിലേക്ക് വൈദ്യനെ അന്വേഷിച്ച് യാത്രയായി. പോയവഴിയേ അദ്ദേഹം അയല്പക്കക്കാരെയെല്ലാം വിവരമറിയിച്ചു. കൃഷിയിടങ്ങളില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് ഈ വാര്‍ത്ത പരന്നു. ''ഫെറിയേറില്‍ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു... മരിയ ആക്രമിക്കപ്പെട്ടിരിക്കുന്നു...''
വീട്ടുകാര്യങ്ങളും പൂന്തോട്ടപരിപാലനയും, പാടം ഉഴുതലും, ആടുമേയ്ക്കലും അങ്ങനെ എല്ലാം ഉപേക്ഷിച്ച് എല്ലാവരും ഫെറിയേറിലേക്ക് ഒഴുകിയെത്തി. കുറച്ചുപേര്‍ കുഴിത്തോണ്ടികളും വടികളും തൂമ്പയുമായാണ് എത്തിയത്. കുറച്ചുപേര്‍ കുഴല്‍ത്തോക്കും എടുത്തിരുന്നു. കാരണം, എന്താണിനി സംഭവിക്കുകയെന്ന് ആര്‍ക്കും നിശ്ചയമില്ലായിരുന്നു. താമസിയാതെ അവിടം ജനനിബിഡമായി. സ്ത്രീകളെല്ലാം മറ്റുള്ളവരുടെ കൂടെ കൃത്യത്തിന് ഇരയായ കുട്ടിയെക്കാണാന്‍ ഓടിയെത്തി. അവള്‍ മൃദുലയും പാവനതയുള്ളവളുമായികാണപ്പെട്ടു. കുറച്ചുപേര്‍ ഇതുകണ്ട് കരഞ്ഞു. മറ്റുള്ളവര്‍ കൂട്ടം കൂടിനിന്ന് സംസാരിക്കാന്‍ തുടങ്ങി. പുതുതായി വന്ന ഓരോരുത്തരോടും കാര്യങ്ങള്‍ വിശദീകരിച്ചു. ഒപ്പം അലക്‌സാണ്ടറിന്റെ പേരും പലതവണ ആവര്‍ത്തിക്കപ്പെട്ടു. തറയില്‍ പതിഞ്ഞൊഴുകിയ നിണത്തിന് അതിന്റെ കഥ പറയാനുണ്ടായിരുന്നു. പെട്ടെന്ന് അവിടെ ഒരു ബഹളമുണ്ടായി. കക്കൂസിന്റെ പിറകില്‍ നിന്നും ആരോ കൃത്യത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. സര്‍വ്വരിലും കോപം ആളിക്കത്തി. ദേഷ്യം അടക്കാനാവാത്തതായി. ''അലക്‌സാണ്ടര്‍ ''എവിടെ അവന്‍?'' ''അവനവിടെത്തന്നെയുണ്ടാകും'' അവന്റെ മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരാള്‍ ആക്രോശിച്ചു. പക്ഷെ ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയാണ്.'' ഓക്കുപലകകള്‍കൊണ്ടുണ്ടാക്കിയ വാതില്‍ തോളുകൊണ്ട് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. ചിലര്‍ ഇരുമ്പുപകരണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.
അപ്പോഴേക്കും മസ്സോളിനി പ്രഭു വേഗം വന്നു. അലക്‌സാണ്ടറിനെ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ ശാന്തരാക്കി. ''നിര്‍ത്ത് നമുക്ക് പോലീസിനെ അറിയിക്കുന്നതാണ് നല്ലത്. അവരുവന്ന് അറസ്റ്റ് ചെയ്തുകൊള്ളും.'' കുപിതരായ ജനങ്ങള്‍ ചിലപ്പോള്‍ ആദ്യത്തെ കൊലപാതകത്തിനോടൊപ്പം ഒന്നുകൂടി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മസ്സോളിനി ഭയപ്പെട്ടു. അതുകൊണ്ട് രണ്ടുപേര്‍ പോലീസിനെയറിയിക്കാന്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഒരാള്‍ നെറ്റിനോയിലേക്കും മറ്റൊരാള്‍ സിറ്റേര്‍നയിലേക്കും പുറപ്പെട്ടു. ജനങ്ങള്‍ തടിച്ചുകൂടിയിരുന്നതിനാലും തൊട്ടടുത്ത മുറിയില്‍ കലഹം തുടങ്ങിയതിനാലും മരിയ വല്ലാതെ ക്ലേശിതയായി. തന്റെ അമ്മയോടും ദൈവമാതാവിനോടും കൂടി തനിയെ ആയിരിക്കാന്‍ മരിയ നിസ്സഹായയായി അപേക്ഷിച്ചു. പക്ഷെ ഓരോരുത്തരും തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണെന്ന് വിചാരിച്ച് പുറത്തുപോയില്ല. പക്ഷെ ഡോക്ടര്‍ ബര്‍ത്തോളി വന്നതോടെ എല്ലാവരോടും പുറത്തുപോകാന്‍ പറഞ്ഞു. ഡോക്ടര്‍ തിടുക്കത്തില്‍ പരിശോധനനടത്തി. വളരെ ഗുരതരമായിരുന്നു സ്ഥിതി. ഒരു ശസ്ത്രക്രിയ ആത്യാവശ്യമായിരുന്നു. ഒരു ദൂതനെ മരിയയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി അയച്ചു. ഡോകടര്‍ പ്രഥമ ശുശ്രൂഷ നല്കി. കിടക്കവിരികൊണ്ട് ആ കുഞ്ഞുശരീരം താത്ക്കാലികമായി പൊതിഞ്ഞു. ആംബുലന്‍സിന്റെ വരവും കാത്ത് വിലപ്പെട്ട സമയം കുറച്ച് പാഴായി. മരിയ മാത്രം ശാന്തായി കാണപ്പെട്ടു. ആ കുഞ്ഞുദേഹം ക്രമേണ തളര്‍ന്നു തുടങ്ങി. ഉച്ചക്ക് രണ്ടുമണി മുതല്‍ അവളുടെ മുറിവില്‍നിന്നും രക്തം ഒഴുകുകയായിരുന്നു. കുതിരയെ കെട്ടിയ ആംബുലന്‍സ് എത്തിയപ്പേഴേക്കും മണി ആറു കഴിഞ്ഞിരുന്നു.
അവസാന സമരം
കിടക്കയുടെ അരികിലേക്ക് സ്‌ട്രെച്ചര്‍ എത്തിച്ചു. മരിയ ആകെ വിളറിയിരുന്നു. ഡോക്ടറും ഡൊമിനിക്കോയും പതുക്കെയവളെ ഉയര്‍ത്തിയപ്പോള്‍ വേദനാപൂര്‍ണ്ണമായ വീര്‍പ്പുമുട്ടലില്‍നിന്ന് അവള്‍ രക്ഷനേടി. അവര്‍ അവളെ സ്‌ട്രെച്ചറില്‍ കിടത്തി ഒരു പുതപ്പിട്ടു മൂടി താഴെ നിര്‍ത്തിയ ആംബുലന്‍സിന്റെ അരികിലേക്ക് ചവിട്ടുപടികള്‍ ഇറക്കിക്കൊണ്ടുവന്നു. മരിയയെ അവസാനമായി കാണാന്‍ അയല്ക്കാര്‍ തടിച്ചുകൂടി. അവളുടെ ആങ്ങളമാരും അനിയത്തിമാരും അന്ത്യചുംബനമേകാനായി വണ്ടിയിലേക്ക് കയറി. അവള്‍ മെലിഞ്ഞ് വിളറിവെളുത്ത് വിരൂപയായിത്തീര്‍ന്നു. കരിവാളിച്ച നയനങ്ങളില്‍ കണ്ണീര്‍ നിറഞ്ഞുകിടന്നിരുന്നു. അവളുടെ കവിളുകളുടെ അഴക് ചുക്കിച്ചുളിഞ്ഞ് നഷ്ടപ്പെട്ടിരുന്നു. അസൂന്ത അവളുടെ തലയ്ക്കരികില്‍ ഇരുന്നു. ഡോക്ടര്‍ ഡ്രൈവര്‍ക്കൊപ്പവും ഇരുന്ന് യാത്രയായി. ഇത് ഫെറിയേറിനോടുള്ള മരിയയുടെ യാത്രാവന്ദനമായിരുന്നു. അവര്‍ക്ക് മരിയയോടും. വെള്ളരിപ്രാവുകള്‍ അലക്ഷ്യമായി ചിറകടിച്ച് മേല്‍ക്കൂരയ്ക്ക് മേലെ ആരുടെയോ വിളിക്ക് കാതോര്‍ത്ത് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു. ഒത്തിരിതവണ മരിയ ഈ ഏഴുമൈല്‍ നീണ്ടുകിടക്കുന്ന പൊടിമണ്‍വഴിയിലൂടെ നെറ്റൂനോയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കോഴിയും മുട്ടയും വില്ക്കാനായി ആനന്ദദായകമായ ഒത്തിരി യാത്രകള്‍ തെരേസാ സിരനെല്ലിസിനോടൊപ്പം നടത്തിയിട്ടുണ്ട്. അതല്ലാത്ത അവസരങ്ങളില്‍ കൂടി അവളുടെ പ്രിയപ്പെട്ട മമ്മയോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് യാത്ര പോയിട്ടുണ്ട്.
ബുദ്ധിമുട്ടുകള്‍ക്കിടയിലും ജീവിതമാസ്വദിക്കാനും ചിരിക്കാനും സന്തോഷവതിയായിരിക്കാനും അങ്ങനെ അവള്‍ക്കായിട്ടുണ്ട് പക്ഷെ മുഖം വാടി പല്ലുകള്‍ ഞെരിച്ച്,സ്‌ട്രെച്ചറില്‍ കൈകളിറുക്കിയാണ് ഇപ്പോള്‍ അവള്‍ യാത്രയാകുന്നത്. പാതകള്‍ കഠിനമായിരുന്നു. ക്രമരഹിതമായിരുന്നു കുതിരകളുടെ ഓട്ടം. വണ്ടിയുടെ ഓരോ കുലുങ്ങലിനും അവളുടെ ഗാത്രം വേദനയുടെ തീരാക്കയങ്ങളില്‍ മുക്കി ഉയര്‍ത്തുകയായിരുന്നു. ''എന്റെ മോളെ നീ ഏറെ സഹിക്കുകയാണോ?''. ''അതെ മമ്മാ, ചെറുതായി, നമുക്കിനിയും ഏറെ പോകാനുണ്ടോ?' പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മരിയ പറഞ്ഞു. വളരെ പ്രയത്‌നത്തോടെ അവള്‍ തന്റെ തല അല്പം വശത്തേക്ക് ചെരിച്ചു. അവള്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങള്‍ കാണാനായിരുന്നു അത്. വഴികള്‍ക്കരുകിലെ മരങ്ങള്‍, സിമിത്തേരിയിലെ വേലകള്‍, റോഡിലെ ഇരുമ്പു കുരിശ് അവസാനം കനാലിനു മുകളിലുള്ള പാലത്തില്‍ അവരെത്തിച്ചേര്‍ന്നു. പാതിവഴിയെത്തിയ അടയാളമായിരുന്നു അത് ഏഴുമൈലുകള്‍ എത്ര ദൂരമായാണ് കാണപ്പെട്ടത്. വേദന അവളുടെ ശരിരത്തെ ഗ്രസിച്ചുകളഞ്ഞു. ശ്വാസോച്ഛ്വാസം പോലും വേദനാജനകമായി. അവളുടെ ശിരസ്സ് തലയിണയില്‍ ഉറച്ചിരുന്നു അവളുടെ കണ്ണുകള്‍ ഇതുവരെയും കണാതത്ര മനോഹരമായ നീല സ്വര്‍ഗ്ഗത്തിലേക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു. റോഡ് രണ്ടാകുന്നിടത്ത് വച്ച് രണ്ട് പോലീസുകാര്‍ ആംബുലന്‍സിനെ കടന്നുപോയി. അവരുടെ രണ്ട് കുതിരകള്‍ക്കിടയില്‍ കൈവിലങ്ങ് വച്ച ഒരുവനെ വലിച്ചിഴക്കുന്നുമുണ്ടായിരുന്നു. അസൂന്തയ്ക്ക് അത് വിശ്വസിക്കാനായില്ല. പൊടിപറത്തിക്കൊണ്ടുള്ള ആ ഓട്ടത്തിനിടയിലും അവള്‍ അലക്‌സാണ്ടറിനെ തിരിച്ചറിഞ്ഞു. ഭാഗ്യത്തിനു മരിയ ഒന്നും കണ്ടിരുന്നില്ല.
അവര്‍ നെറ്റുനോയിലേക്ക് കടന്നതും ജനക്കൂട്ടം വണ്ടിക്ക് ചുറ്റും കൂടി. ഈ ദുരന്തകഥ അവരെ അങ്ങോട്ട് നയിച്ചു. കുറ്റവാളിയുടെ ആഗമനം ജയില്‍കവാടങ്ങള്‍ക്കുമുന്നില്‍ സംഘര്‍ഷപൂരിതമായ ആരവത്തിന് ഹേതുവായി. പക്ഷെ ഓര്‍സെനിഗോ ആശുപത്രിയില്‍ ജനക്കൂട്ടം നിശ്ശബ്ദമായി തിങ്ങിക്കൂടി. എല്ലാവര്‍ക്കും ആ ധീരയെ ഒരു നോക്ക് കാണണം. സ്‌്രെടച്ചറില്‍ കൊണ്ടുവന്നപ്പോള്‍ അവളെ ഏവരും ദര്‍ശിച്ചു. സുവര്‍ണ്ണനിറമുള്ള മൂടിയാല്‍ മൂടപ്പെട്ട നിഷ്‌കളങ്കവും മനോഹരവുമായ മുഖം അവരെ നോക്കി മന്ദസ്മിതം തൂകി. ആശുപത്രികവാടങ്ങള്‍ അവളെ അവരുടെ മുന്നില്‍നിന്നു മറച്ചപ്പോള്‍ ജനക്കുട്ടം പിരിഞ്ഞുപോയി. പക്ഷെ എവിടെയൊക്കെയോ ഇപ്രകാരം പിറുപിറുക്കുന്നുണ്ടായിരുന്നു. 'ഇവള്‍ യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിതന്നെ.' അവള്‍ തന്റെ സഹനത്തിന്റെ മുഴുവന്‍ പങ്കും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാമതൊരിക്കല്‍ക്കൂടി മാംസത്തില്‍ കത്തിക്കയറുന്ന വേദന അവള്‍ അനുഭവിക്കണമായിരുന്നു.
ഹോസ്പറ്റിലെ ചാപ്ലിന്‍ അവളെ കാണാന്‍ ശസ്ത്രക്രിയ മേശയയുടെ സമീപത്തേക്ക് വന്നു. അവള്‍ ആരെയും ലക്ഷ്യം വയ്ക്കാതെ സന്തോഷവതിയായി കുംമ്പസാരിച്ചു.മരണം അരികത്താണെന്ന് അവള്‍ വിശ്വസിച്ചില്ല. ഇത്തരമൊരു പ്രായത്തില്‍ ആര്‍ക്കും മരണത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാനാവില്ല. വളരെ ശക്തമായ സഹനത്തിനെതിരെ പോലും പ്രതികരിക്കാന്‍ അവളുടെ ദേഹം സുസജ്ജമായിരുന്നു. പുരോഹിതന്‍ പോകാനൊരുങ്ങിയപ്പോള്‍ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. നിങ്ങള്‍ എവിടെ ഒരു മാലാഖയെക്കണ്ടോ അവിടെ ഞങ്ങള്‍ ഒരു മൃതദേഹം വയ്ക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. പതിനാല് മുറിവുകള്‍, കുടലുകള്‍ മുറിഞ്ഞ് കത്തി കരളില്‍ തുളഞ്ഞുകയറുകയും ഹൃദയത്തില്‍ ഉരസിപ്പോവുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. നെഞ്ചത്ത് നാലുമുറിവുകളും അഞ്ചുമുറിവുകള്‍ അടിവയര്‍ ഭാഗത്തും ഉണ്ടായിരുന്നു. ഇതുകൂടതെ അഞ്ചു നിസ്സാരമായ പരിക്കുകളും ഉണ്ടായിരുന്നു. മുറിവ് തുന്നുന്നതും കെട്ടുന്നതും അവളുടെ സഹനത്തിന് മൂര്‍ച്ച കൂട്ടിയതല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല. അല്പംപോലും ശക്തി അവളില്‍ അവശേഷിച്ചിരുന്നില്ല രണ്ടു മണിക്കുറോളം ശസ്ത്രക്രിയ തുടര്‍ന്നു. ബോധം മറയ്ക്കുന്ന മരുന്നുകളൊന്നും നല്കിയിരുന്നില്ല. കരണം അവര്‍ ഭയപ്പെട്ടിരുന്നു. അവസാനം അവള്‍ ബോധരഹിതയായി.
അസൂന്ത രോഗിയുടെ മുറിയിലേക്ക് പ്രവേശിച്ചു. തന്റെ മകള്‍ മരിച്ചെന്ന് കരുതി അവള്‍ കരയാന്‍ തുടങ്ങി. ചെറുതായി മരിയയ്ക്ക് സൗഖ്യം തോന്നി. അവള്‍ കണ്‍പോളകള്‍ പതിയെ തുറന്നു. അവള്‍ വെള്ളത്തിനായി അപേക്ഷിച്ചു. പക്ഷെ ആ ചെറിയ ആശ്വാസം പോലും അവള്‍ക്ക് മുമ്പില്‍ നിഷേധിക്കപ്പെട്ടു. യേശുവിന്റെ കുരിശിലെ ദാഹത്തെ അനുസ്മരിച്ച് അവള്‍ ബോധപൂര്‍വ്വം ആ ത്യാഗത്തെ സ്വീകരിച്ചു. സംസാരിക്കരുതെന്ന് അവളോട് നിര്‍ദ്ദേശിച്ചിരുന്നു. അത് മനസ്സിലാക്കുന്നതില്‍ അവള്‍ക്ക് അല്പം ബുദ്ധിമുട്ട് തോന്നി. കാരണം താന്‍ ഏറെ മെച്ചപ്പെട്ടെന്ന് അവള്‍ക്ക് തോന്നി. അവള്‍ നിശ്ചലയായിക്കിടന്നു. അവളുടെ കരങ്ങള്‍ മാത്രമായിരുന്നു പുറത്ത്. അതാകട്ടെ വേദനമൂലം അവള്‍ക്ക് അനക്കാന്‍ ആയതുമില്ല. രക്തമില്ലാത്ത അവളുടെ കൈകാലുകള്‍ വിളറിയും മരവിച്ചുമിരുന്നു. രാത്രി പത്തുമണിയായപ്പോഴേക്കും അവള്‍ തീര്‍ത്തും അബോധാവസ്ഥയിലേക്ക് വഴുതിവീണു. അവള്‍ തുടരെ വിലപിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍ ബര്‍ത്തോലി യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ കൂടി മുറിയിലേക്ക് വന്നു. അസൂന്തയോട് പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. ഒരു നഴ്‌സ് മരിയക്കൊപ്പമായിരിക്കുമെന്നും ബര്‍ത്തോലി പറഞ്ഞു. അവസാനം അസൂന്തയ്ക്കതിന് വഴങ്ങേണ്ടിവന്നു. കസേര കല്ലുതറയിലുരസിയ ശബ്ദം മരിയയെ ഉണര്‍ത്തി. അമ്മ തന്നെ പിരിയുകയാണെന്ന് അവള്‍ ഊഹിച്ചു. അവള്‍ അത് എതിര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ഒരക്ഷരം ഉരിയാടിയില്ല. അവസാനം മരിയ ധൈര്യപൂര്‍വ്വം ഒരു ത്യാഗത്തെക്കൂടി സ്വീകരിച്ചു.
മരിയ തീജ്ജ്വാലകള്‍ക്ക് നടുവില്‍ കിടന്നെന്ന പോലെ രാത്രി മുഴുവന്‍ അര്‍ദ്ധബോധാവസ്ഥയില്‍ നിലവിളിക്കുകയായിരുന്നു. രാവിലെ അഞ്ചുമണിയായപ്പോഴേയ്ക്കും ഡോക്ടര്‍ ബര്‍ത്തോലി തിരിച്ചെത്തി. മരിയ ഉറുങ്ങുന്നതാണ് അദ്ദേഹം കണ്ടത്. അരമണിക്കൂറിനു ശേഷം ഒരു മുരള്‍ച്ചയോടെ അവള്‍ എഴുന്നേറ്റു. സംഭവിച്ചതൊന്നും ഓര്‍ക്കാത്തതുപോലെയാണ് മരിയ കാണപ്പെട്ടത്. അസൂന്ത ചാപ്ലിനോടൊപ്പം ആ മുറിലേക്ക് കടന്നുവന്നതും ഒരു ചെറു പുഞ്ചിരി മരിയയുടെ അധരങ്ങളില്‍ വിടര്‍ന്നു. താന്‍ സൗഖ്യം പ്രാപിച്ചുവരികയാണെന്ന് അവള്‍ അമ്മയോട് പറഞ്ഞു. കഴിഞ്ഞ രാത്രി താനെവിടെയാണ് ചെലവഴിച്ചതെന്ന് അവള്‍ ആരാഞ്ഞു. സഹോദരങ്ങളെപ്പറ്റി ചോദിക്കുകയും അവരെക്കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. മരിയയുടെ ഓര്‍മ്മകള്‍ നിര്‍ഭയമായി ഫെറിയേറിലേക്ക് കടന്നുചെന്നു. അലക്‌സാണ്ടറിന്റെ നാമം അവളുടെ ചുണ്ടുകളെ നിശ്ശബ്ദമാക്കുകയോ തലേദിവസത്തെ ദുരന്തകൃത്യത്തിലേക്ക് ആരെങ്കിലും അവളുടെ സ്മരണയെ മാടിവിളിക്കുകയോ ചെയ്തില്ല. പുരോഹിതന്‍ ദിവ്യകാരുണ്യം നല്കാന്‍ കൊണ്ടുവരാമെന്ന് പറഞ്ഞതും അവളുടെ മുഖം പ്രസന്നപൂര്‍ണ്ണമായി. അവള്‍ ആ സ്വര്‍ഗ്ഗീയവിരുന്നുകാരനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. താമസിയാതെ അവള്‍ തന്റെ കരങ്ങള്‍ മാറിടത്തില്‍ കുറുകെ വച്ചു. തന്റെ അമ്മയോട് തലയിണ അല്പമുയര്‍ത്താന്‍ ആവശ്യപ്പെട്ടു. അവളുടെ ആത്മാവ് പൂര്‍ണ്ണമായി ഒരുങ്ങി. എങ്കിലും ഒരു വലിയ ധീരകൃത്യം കൂടി ആ കൂടിക്കാഴ്ചയ്ക്ക് മുമ്പ് അവശേഷിക്കുന്നുണ്ടായിരുന്നു. ഈശോ എങ്ങനെയാണ് കൊലപാതകികളോട് കുരിശില്‍ കിടന്ന് മരിച്ചപ്പോള്‍ ക്ഷമിച്ചതെന്ന് ചാപ്ലിന്‍ അവളെ ഓര്‍മ്മപ്പെടുത്തി. അവള്‍ അത് സ്മരിക്കുന്നതുപോലെ കാണപ്പെട്ടു.
അവളുടെ കണ്ണുകള്‍ ചുമരിലെ ക്രൂശിതരൂപത്തില്‍ ഉടക്കി അതിനുശേഷം ഉച്ചത്തില്‍ അവളുടെ ആത്മാവിന്റെ അനന്തതയില്‍ നിന്ന് അവള്‍ അത് ഉദ്‌ഘോഷിച്ചു. ''ഞാനും ക്ഷമിക്കുന്നു. അവന്‍ ഒരുനാള്‍ എന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' അസൂന്ത മിഴിനീരൊഴുക്കി. പുരോഹിതന്‍ ദിവ്യകാരുണ്യം കൈകളിലേന്താനായിപ്പോയപ്പോള്‍ അവള്‍ അശ്രുബാഷ്പങ്ങള്‍ പൊഴിച്ചു. പഅല്പസമയത്തിനകം പുരോഹിതന്‍ തിരിച്ചുവന്നു. മരിയ അവളുടെ പ്രിയപ്പെട്ട ഈശോയെ അവസാനത്തെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ വരവേറ്റു. രാവിലെ പത്തുമണിയായപ്പോള്‍ ഡോ. ബര്‍ത്തോലി മുറിവുകെട്ടിയ തുണികള്‍ മാറ്റാനായി എത്തി. മുറിവുകള്‍ക്ക് ചുറ്റും വയലറ്റ് നിറത്തില്‍ പൊറ്റകള്‍ ഉണ്ടായിരുന്നു. എത്ര തീവ്രമായ പ്രതിരോധമാണ് ആ കൊച്ചു പെണ്‍കുട്ടി ചെയ്തത് എന്നു തെളിയിക്കുന്നതായിരുന്നു അവളുടെ കൈമുട്ടിലെയും കാല്‍മുട്ടിലെയും നീരുവന്ന് കരിവാളിച്ചു കിടന്ന മുഴകള്‍. പക്ഷെ മറ്റ് മുറിവുകളോട് തുലനം ചെയ്യുമ്പോള്‍ ഇതെല്ലാം നിസ്സാരമായ പരിക്കുകളായിരുന്നു. കുടലുകളിലേറ്റ മുറിവുകള്‍ വളരെ ഗുരുതരമായിരുന്നു. ആന്തരിക രക്തസ്രാവം അവളെ ഏതാനും നാഴികകള്‍ക്കുള്ളില്‍ ഗ്രസിക്കുവാന്‍ കാത്തുനില്ക്കുകയായിരുന്നു. ശ്വാസം വലിക്കാന്‍ അവള്‍ വിഷമിക്കുന്നതു കണ്ട ഡോക്ടറിന് അവളുടെ അന്ത്യം വിദൂരമല്ലെന്ന് മനസ്സിലായി. രാവിലെ സെര്‍ജന്റ് ഫാന്റിനി ക്രൂരകൃത്യത്തിന് ഇരയായവളെ ചോദ്യം ചെയ്യാനെത്തി അദ്ദേഹം ഒരു കേസ് അലകസാണ്ടറിനെതിരെ ചാര്‍ജ്ജ് ചെയ്തു. മരിയ ശാന്തയായി ഒട്ടും അമര്‍ഷമില്ലാതെ ഉത്തരമേകി എവിടെയാണ് കഠാരികൊണ്ട് കുത്തിയത് എന്നവളോട് ചോദിച്ചപ്പോള്‍ അവള്‍ മാറിടത്തിലെ മുറിവുകളിലേക്ക് വിരല്‍ ചൂണ്ടി, ശാന്തതയോടെ സാവധാനം കൂട്ടിച്ചേര്‍ത്തു. ''പിന്നെ എല്ലായിടത്തും'' സെര്‍ജന്റും കൂട്ടാളിയും കൂടുതല്‍ ചോദിക്കാന്‍ ആഗ്രഹിച്ചില്ല.
അലക്‌സാണ്ടര്‍ മറ്റവസരങ്ങളില്‍ അവളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചിരുന്നോയെന്ന് തനിച്ചായപ്പോള്‍ അസൂന്ത മകളോട് ചോദിച്ചു. രണ്ടു പ്രാവശ്യം താന്‍ നിഷേധിച്ച സംഭവത്തെപ്പറ്റി അവള്‍ അമ്മയോട് പറഞ്ഞു. 'എന്നിട്ടു എന്തുകൊണ്ട് എന്നോടിത് പറഞ്ഞില്ല'? അസൂന്ത ചോദിച്ചു. 'കാരണം ഞാനിത് പറഞ്ഞാല്‍ അവനെന്നെ കൊല്ലുമെന്ന് പറഞ്ഞു' ദീര്‍ഘനിശ്വാസം വിട്ട് അവള്‍ കൂട്ടിച്ചേര്‍ത്തു 'നോക്ക് എന്തായാലും അവന്‍ എന്നെ കൊന്നു'. താമസിയാതെ മരിയ അവശയാകാന്‍ തുടങ്ങി. രോഗീലേപനം നല്കപ്പെട്ടു. അജ്ഞാതമായ ശത്രുവുമായി അവള്‍ മൂന്നുമണിക്കൂറോളം പടവെട്ടി. അവളുടെ ശിരസ്സ് തലയിണയില്‍ ഉയര്‍ന്നുതാണു. കൈകള്‍ അള്ളിപ്പിടിച്ചു. അലക്‌സാണ്ടര്‍, അലക്‌സാണ്ടര്‍ എന്നെ വിട്. അരുത് ,അരുത്,അരുത്... നീ നരകത്തില്‍ പോകും മമ്മ… മമ്മ… രക്ഷിക്കണേ. പോരാട്ടത്തിന്റെ ഭീതിപൂര്‍ണമായ ഓര്‍മ്മ അവളെ അവസാനനിമിഷം വരെ പിന്‍ചെന്നു. പ്രസന്നതയുടെ നിമിഷങ്ങളും ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നു. മമ്മ എന്നോട് ക്ഷമിക്ക് അവള്‍ പറഞ്ഞു. ഒരു ചുടുചുംബനമായിരുന്നു അസൂന്തയുടെ ഉത്തരം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കായിരുന്നു അന്ത്യവേദന തുടങ്ങിയത്. അവളുടെ കണ്ണുകള്‍ കിടക്കയ്ക്കു ചുവട്ടില്‍ സ്ഥാപിച്ച പരി. അമ്മയുടെ രൂപത്തില്‍ പതിഞ്ഞു. പെട്ടെന്ന് അവളുടെ ചുണ്ടുകള്‍ വിക്കി വിളിച്ചു. 'തെരേസ' നഴ്‌സ് അവളുടെ തണുത്ത കൈകള്‍ പിടിച്ചിട്ട് പറഞ്ഞു, 'നിന്റെ കുഞ്ഞനിയത്തി ഇവിടെയില്ല മരിയാ.'
ഒരു നീണ്ട ഞരമ്പുവലി അവളുടെ ശരീരത്തെ ഇളക്കിമറിച്ചു. അവള്‍ തന്റെ ശിരസ്സ് പലപ്രാവശ്യം തലയിണയിലേക്ക് ഇടിച്ചിട്ടു. ഒരു നീണ്ട കിതപ്പ് അവളുടെ കരളില്‍ നിന്ന് പുറത്തേക്ക് വന്നു.അവളുടെ ശിരസ്സ് ശാന്തമായി തലയിണയിലേക്ക് ചാഞ്ഞു. അവളുടെ ചേതോഹരമായ നയനങ്ങളിലെ പ്രകാശം കെട്ടടങ്ങി. മരിയ തന്റെ അന്ത്യശ്വാസം വലിച്ചു. ദൈവം പാപത്തിനുമേല്‍ വിജയം നല്കി അവളെ അനുഗ്രഹിച്ചു. അന്ന് 1902 ജൂലൈ 2 ആയിരുന്നു. വേസ്പരയുടെ സമയത്ത് സിറ്റിയിലെങ്ങും മണിനാദമുയര്‍ന്നു. സമീപത്തുള്ള ഒരു പള്ളിയില്‍നിന്ന് സഹനത്തെ സ്‌നേഹിക്കുന്നവര്‍ തിരുരക്തത്തിന്റെ തിരുന്നാളിലെ പ്രതിവചനസങ്കീത്തനം ഉരുവിടുന്നുണ്ടായിരുന്നു. ആരാണ് ഈ വരുന്നത്... ഈ മനോഹരമായവന്‍...
എന്തുകൊണ്ടാണ് നിന്നെ ചുവപ്പണിയിച്ചിരിക്കുന്നതും. നിന്റെ വസ്ത്രങ്ങള്‍ അപ്രകാരമിരിക്കുന്നതും...
അവസാന വാക്ക്
48 വര്‍ഷങ്ങള്‍ക്കു ശേഷം 1950 ജൂണ്‍ 20-ന് രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ക്രൈസ്തവരുടെ ഏറ്റവും വലിയ കത്തീഡ്രലിന് മുന്നില്‍ ഒരുമിച്ചുകൂടി. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അവരുടെ സാന്നിദ്ധ്യത്തില്‍ മരിയഗൊരേത്തിയെ വിശുദ്ധയായും കത്തോലിക്കായുവതയുടെ മദ്ധ്യസ്ഥയായും പ്രഖ്യാപിച്ചു. നിറഞ്ഞ മിഴിയോടെ അസൂന്ത ഗൊരേത്തി അത്യുജ്ജലമായ മരിയ ഗൊരേത്തിയുടെ ചിത്രത്തിലേക്ക് നോക്കി. അസൂന്തയാണ് സ്വന്തം മകളുടെ നാമകരണ നടപടി കൂടിയ ആദ്യത്തെ അമ്മ. ഫെറിയേറിലെ ആ കറുത്ത നാഴികയില്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വാക്കുകള്‍ എന്തായാലും ഒരു പ്രത്യേക അനുഭൂതിയോടുകൂടി അസൂന്ത ഓര്‍ത്തിട്ടുണ്ടാവണം. 'മമ്മ എന്തിനാ കരയുന്നത് എല്ലാം ശരിയാകും നമ്മള്‍ വലിയരാകും നമുക്ക് എല്ലാം ഉണ്ടാകും.' ശുദ്ധതയുടെ മദ്ധ്യസ്ഥയായ മരിയ ഗൊരേത്തിയുടെ ശക്തി പ്രാര്‍ത്ഥനയും നിഷ്‌കളങ്കതയുമായിരുന്നു. അവള്‍ ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. 12 വയസ്സ് തികയാത്ത ശരീരത്തില്‍ 14 മുറിവുകള്‍ ഏറ്റുവാങ്ങി തന്റെ കൊലപാതികിയെക്കൂടി മാനസാന്തരപ്പെടുത്തിയ ലില്ലിപുഷ്പം.
വിശുദ്ധ മരിയാ ഗൊരേത്തീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…