സ്‌നേഹത്തിന്റെ വെള്ളരിപ്രാവിനെപ്പറ്റി കേള്‍ക്കാത്തവരാരുമില്ല. ഈ സഹസ്രാബ്ദത്തിലെ സുവിശേഷപ്രഘോഷണത്തിലെ പുത്തന്‍ പ്രതീക്ഷയായി അവള്‍ ഉദയം ചെയ്തു. അവളുടെ അവസാന വാക്കുകള്‍ അവളുടെ ജീവിതം തന്നെയായിരുന്നു. ''എന്റെ ദൈവമേ ഞാന്‍ അങ്ങേയെ സ്‌നേഹിക്കുന്നു.''വിശുദ്ധന്‍ ഒരിക്കലും മരിക്കുന്നില്ല. നമ്മുടെ പ്രതീക്ഷയായി അവര്‍ എന്നും നമ്മുടെ മനസ്സില്‍ ജീവിക്കുന്നു.-കൊച്ചുത്രേസ്യയും.

മാര്‍ട്ടിന്‍ കുടുംബം
ഫ്രാന്‍സിലെ അലന്‍സോണ്‍ എന്ന ഗ്രാമത്തിലെ ഒരു കൊച്ചു കുടുംബമായിരുന്നു 'മാര്‍ട്ടിന്‍ കുടുംബം' അവിടുത്തെ സല്‍സ്വഭാവിയും സുന്ദരനുമായ ചെറുപ്പക്കാരനായിരുന്നു ലൂയി മാര്‍ട്ടിന്‍. ഇരുപതാമത്തെ വയസ്സില്‍ ബനഡിക്ടന്‍ ആശ്രമത്തില്‍ സന്യാസപരിശീലനത്തിന് ചേര്‍ന്നുവെങ്കിലും ലത്തീന്‍ഭാഷ പഠിക്കുന്നത് ബുദ്ധിമുട്ടായപ്പോള്‍ വീട്ടിലേക്ക് തിരികെ പോന്നു. 

സെലിഗ്വരിന്‍
സെലിഗ്വരിന്റെ പിതാവ് ഒരു പട്ടാളക്കാരനായിരുന്നു. ചെറുപ്പം മുതലേ ഒരു കന്യാസ്ത്രീയാകാന്‍ അവള്‍ ആഗ്രഹിച്ചു. ഈ ആഗ്രഹത്തോടെ 'ഉപവികളുടെ സഹോദരിമാരുടെ' മഠത്തില്‍ ചെന്നുവെങ്കിലും വിവാഹജീവിതമാണ് സെലിഗ്വരിന്റെ വിളി എന്നു മനസ്സിലാക്കിയ മഠാധിപ അവളെ തിരികെയയച്ചു. കണിശപ്രകൃതക്കാരനായ അച്ഛനില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടതയില്‍ നിന്ന് രക്ഷപ്പെടുവാനായി അവള്‍ ലെയ്‌സ് നിര്‍മ്മാണം തുടങ്ങി. തന്റെ ദൈവവിളി മനസ്സിലാക്കിയ അവള്‍ തനിക്ക് കിട്ടുന്ന ഭര്‍ത്താവ് ഒരു ദൈവവിശ്വാസിയായിരിക്കണമെന്നും, ദൈവം തരുന്ന കുഞ്ഞുങ്ങളെ ദൈവത്തിനായി സമര്‍പ്പിക്കാന്‍ ഇടയാക്കുന്നതിനും വേണ്ടി യൗവ്വനനാളില്‍ തന്നെ പ്രാര്‍ത്ഥിച്ചു തുടങ്ങി. ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ ലൂയിമാര്‍ട്ടിന്‍ ഒരിക്കല്‍ അടുത്തുളള പുഴയില്‍ ചൂണ്ടയിടാനായി പോകുന്ന വഴി ഒരു പാലത്തിനടുത്തുവെച്ച് സെലിഗ്വരിനെ കാണുവാനിടയായി താന്‍ ആഗ്രഹിച്ച ഗുണവിശേഷങ്ങള്‍ സെലിഗ്വരിനില്‍ കണ്ടെത്തിയ മാര്‍ട്ടിന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. 1858 ജൂലൈ 12-ാം തിയ്യതി അലന്‍സോണിലെ നോട്ടര്‍ഡാം ദേവാലയത്തില്‍ വെച്ച് ലൂയിമാര്‍ട്ടിനും സെലിഗ്വരനും വിവാഹിതരായി. 

കൊച്ചുറാണിയുടെ ജനനം
1873 ജനുവരി 2-ാം തിയ്യതി വെള്ളിയാഴ്ച ലൂയിമാര്‍ട്ടിന്റെയും സെലിഗ്വരിന്റെയും 9-മത്തെ സന്താനമായി ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ജനന സമയത്ത് കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. അതുകൊണ്ട് ജനുവരി 4-ാം തിയ്യതി തന്നെ മാമ്മോദീസ നല്‍കി. കുഞ്ഞിന് മരിയ ഫ്രാന്‍സുവാസ് തേരേസ എന്നു പേരിട്ടു. മാതാപിതാക്കള്‍ക്ക് മാതാവിനോടുള്ള പ്രത്യേക തീഷ്ണതകൊണ്ടാവാം മക്കള്‍ക്ക് പരിശുദ്ധ അമ്മയുടെ പേര് നല്‍കിയത്. എങ്കിലും അപ്പച്ചന്‍ തന്റെ മുത്തിനെ 'കൊച്ചുറാണി' എന്നു വിളിച്ചു. 
സെലിഗ്വരിന് അര്‍ബുധത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അവളുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. അതിനാല്‍ കൊച്ചുറാണിയെ റോസ് തെയ്യ എന്നുപേരുള്ള ഒരു ആയയുടെ ഭവനത്തിലാക്കി. ഒരു വര്‍ഷം അവള്‍ അവിടെയാണ് വളര്‍ന്നത്. റോസ് തന്റെ കുഞ്ഞുങ്ങളോടൊപ്പം കൊച്ചുറാണിയെയും മുലയൂട്ടി വളര്‍ത്തി. അങ്ങനെ ഒരു വര്‍ഷംകൊണ്ട് അവള്‍ ആരോഗ്യവതിയായി. 

കൊച്ചുറാണിയുടെ സഹോദരിമാര്‍
വിവാഹിതയാകുന്നതിന് മുമ്പുള്ള സെലിഗ്വരിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. എനിക്ക് ധാരാളം മക്കളെ തരണമേ! അവരെയെല്ലാം അങ്ങേക്ക് സമ്മര്‍പ്പിക്കാന്‍ ഇടയാക്കണമേ!. ദൈവം അവരുടെ ദാമ്പര്യവല്ലരിയില്‍ ഒന്‍പത് മക്കളെ നല്‍കി. മരിയലൂയി, മരിയ പൗളിന്‍, മരിയ ലയോനി, മരിയ ഹെലന്‍, മരിയ ജോസഫ്, ജോണ്‍ ബാപ്റ്റിസ്റ്റ്, മരിയ സെലിന്‍, മരിയ മെലാനി, ത്രേസ്യാ, മരിയ ഫാന്‍സുവാസ്, തേരേസ; ഇവരില്‍ നാലുപേര്‍ ജനിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ മരിച്ചു. ആരോഗ്യം വീണ്ടെടുത്ത കൊച്ചുറാണിയെ റോസ് തെയ്യയുടെ ഭവനത്തില്‍നിന്നും തിരികെ കൊണ്ടുവന്നു, ചേച്ചിമാരെ കൊച്ചുറാണിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചിമാരാകട്ടെ തങ്ങളുടെ കുഞ്ഞനുജത്തിയെ കൊഞ്ചിക്കുവാന്‍ മത്സരിച്ചു. കുഞ്ഞുനാള്‍ മുതല്‍ പൗളിന്‍ ചേച്ചിയായിരുന്നു കൊച്ചുറാണിയുടെ ആദര്‍ശം. പൗളിന്‍ ചേച്ചി കന്യാസ്ത്രീയാകുമെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. ഒരിക്കല്‍ അവളും 'പറഞ്ഞു ഞാനും ഒരു കന്യാസ്ത്രീയാകും'.

അമ്മച്ചിയുടെ മരണം
കൊച്ചുറാണിയുടെ ബാല്യകാലത്തിലെ കൂട്ടുകാരിയായിരുന്നു സെലിന്‍. മൂന്നര വയസ്സ് വിത്യാസം ഉണ്ടായിരുന്നെങ്കിലും ഉറ്റകൂട്ടുകാരെപ്പോലെയായിരുന്നു ഇവര്‍. അവര്‍ ഒറ്റക്കിരിക്കുമ്പോള്‍ പലപ്പോഴും ആത്മീയ കാര്യങ്ങളെപ്പറ്റി സംസാരിക്കും. ഒരിക്കല്‍ സെലിന്‍ കൊച്ചുത്രേസ്യയോട് ചോദിച്ചു. ''ഇത്ര വലിയ ഓസ്തിയില്‍ ദൈവം എങ്ങനെയാണ് വസിക്കുന്നത്''? കൊച്ചുറാണിയുടെ ഉത്തരം ഇതായിരുന്നു. ദൈവം സര്‍വ്വശക്തനായതുകൊണ്ട് എങ്ങനെ വേണമെങ്കിലും വസിക്കാം. സെലിന്‍ ചോദിച്ചു. എന്താണ് സര്‍വ്വശക്തന്‍ എന്നു പറഞ്ഞാല്‍? അവള്‍ പറഞ്ഞു ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ കഴിവുള്ളവന്‍. ഞായറാഴ്ചകളില്‍ സെലിന്‍ പള്ളിയില്‍ പോയി വരുന്നത് അവള്‍ നോക്കി നില്‍ക്കും. കുഞ്ഞുനാള്‍ മുതല്‍ കുര്‍ബ്ബാന സ്വീകരിക്കുന്നത് നല്ലതാണെന്ന ചിന്ത അങ്ങനെ അവളുടെ മനസ്സില്‍ പതിഞ്ഞു. 1877 ആഗസ്റ്റ് 28 ന് സെലിഗ്വരിന്‍ മരിച്ചു. അവള്‍ അമ്മച്ചിയുടെ നെറ്റിയില്‍ അവസാനം ചുംബനം നല്‍കി. അന്ന് കൊച്ചുറാണിക്ക് പ്രായം 4 വയസ്സും 8 മാസവും. 

കൊച്ചുറാണിയുടെ ബാല്യകാലം
സെലിഗ്വരിന്റെ മരണശേഷം 1877 നവംബര്‍ മാസത്തില്‍ ലൂയി മാര്‍ട്ടിന്‍ മക്കളെയുംകൊണ്ട് അലന്‍സോണില്‍നിന്നും 50 മൈല്‍ അകലെയുള്ള ലിസ്യൂ എന്ന കൊച്ചു ഗ്രാമത്തിലേക്ക് താമസം മാറ്റി. അമ്മയുടെ സ്ഥാനത്തുനിന്ന് പൗളിന്‍ ചേച്ചി കൊച്ചുറാണിയെ പരിശീലിപ്പിക്കാന്‍ തുടങ്ങി. അവള്‍ മെല്ലെ മെല്ലെ വായിക്കാനും എഴുതാനും ആരംഭിച്ചു. സ്വര്‍ഗ്ഗം എന്നതായിരുന്നു അവള്‍ ആദ്യം കൂട്ടിവായിച്ച വാക്ക്. സ്‌ക്കൂള്‍ വിട്ട് നേരത്തെതന്നെ അവള്‍ വീട്ടിലെത്തും. അപ്പച്ചനോടും ചേച്ചിമാരോടും സ്‌കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കും. സ്‌ക്കൂളില്‍ ഒന്നാം സമ്മാനം കിട്ടുന്നതിന് അപ്പച്ചന്‍ തന്റെ മുത്തിന് പ്രത്യേകം സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അതൊക്കെ സൂക്ഷിച്ചു വെയ്ക്കുകയും അതില്‍നിന്നും ഭിക്ഷ കൊടുക്കുവാനുള്ള തുക കണ്ടെത്തുകയും ചെയ്തിരുന്നു. പൗളിന്‍ ചേച്ചി കര്‍മ്മല മഠത്തില്‍ പ്രവേശിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കൊച്ചു ത്രെസ്യായെ തളര്‍ത്തി. കര്‍മ്മല മഠത്തിലെ ജീവിതരീതിയെപ്പറ്റിയും സ്‌നേഹവായ്പുകളെപ്പറ്റിയും പൗളിന്‍ കൊച്ചനുജത്തിക്ക് വിവരിച്ചുകൊടുത്തു. തനിക്കുള്ള വാസസ്ഥലം കര്‍മ്മല മഠമാണെന്ന് അന്നവള്‍ മനസ്സില്‍ കുറിച്ചു. ഒരു ഞായറാഴ്ച അവള്‍ മഠത്തിലെത്തി മഠത്തില്‍ ചേരുവാനുള്ള ആഗ്രഹം മഠാധിപയെ അറിയിച്ചു. അവളെ ശ്രവിച്ച മഠാധിപക്ക് ഒരു കാര്യം മനസ്സിലായി ഈ കുഞ്ഞിന് ദൈവവിളിയുണ്ട്. പക്ഷേ, ഒരു കുഴപ്പം പ്രായമില്ലല്ലോ. 16 വയസ്സായിട്ട് ആലോചിക്കാം. എന്ന് അധികാരികള്‍ അവളെ അറിയിച്ചു. പൗളിന്‍ ചേച്ചിയുടെ കാര്‍മ്മല്‍ പ്രവേശനം കൊച്ചുറാണിയെ ദുഃഖത്തിലാഴ്ത്തി. അവള്‍ക്ക് തന്റെ രണ്ടാമത്തെ അമ്മയെയും നഷ്ടപ്പെടുകയാണ്. തീരാത്ത സഹനവും തുടരെയുള്ള വേര്‍പാടുമാണ് ജീവിതം എന്ന സത്യം അവള്‍ വേദനയോടെ മനസ്സിലാക്കി. മനസ്സിന് ഉല്ലാസവും ശക്തിയും ലഭിക്കുന്നതിന് ബന്ധുക്കളുടെ വീട്ടില്‍ പോകാന്‍ കിട്ടിയ അവസരങ്ങള്‍ ഒരു തരത്തിലും അവളെ സഹായിച്ചില്ല. 

പുഞ്ചിരിക്കുന്ന കന്യകാമാതാവ്
ഈ മാനസിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി പത്താമത്തെ വയസ്സില്‍ അവള്‍ രോഗബാധിതയായി. ഒരു ഭിഷഗ്വരനും അവളെ സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ചേച്ചിമാരും അപ്പച്ചനും അവളെയോര്‍ത്ത് നന്നേ വിഷമിച്ചു. അവളുടെ ആരോഗ്യനില വഷളായി. അവര്‍ മാതാവിന്റെ ഒരു തിരുസ്വരൂപം കൊച്ചുറാണി കിടന്നന്നിരുന്ന മുറിയില്‍ വെച്ച് അതിനുമുന്നില്‍ തിരികത്തിച്ചു വെച്ച് പ്രാര്‍ത്ഥിച്ചു. അന്നു രാവിലെ അപ്പച്ചന്‍ തൊട്ടടുത്തുള്ള മാതാവിന്റെ ദേവാലയത്തില്‍ പോയി വി. കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മകള്‍ക്ക് വേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിച്ചു. ഈ സമയം തന്റെ മുറിയിലുണ്ടായിരുന്ന കന്യകാമാതാവിന്റെ തിരുസ്വരൂപം അവളെ നോക്കി പുഞ്ചിരിച്ചു. അവള്‍ പെട്ടെന്ന് സൗഖ്യം പ്രാപിച്ചു. ഇതൊരു രഹസ്യമായി സൂക്ഷിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എങ്കിലും  പിന്നീട് അത് വെളിപ്പെടുത്തേണ്ടി വന്നു. 

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
മൂന്ന് വര്‍ഷത്തിനുശേഷം അവള്‍ക്ക് രോഗസൗഖ്യം കൈവന്നു. അവള്‍ സ്‌കൂള്‍ ജീവിതം പുനരാരംഭിച്ചു. മരിയ ചേച്ചിയാണ് കൊച്ചുറാണിയെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കിയത.് പൗളിന്‍ ചേച്ചി ഒരു കുഞ്ഞുപുസ്തകം കൊച്ചുറാണിക്ക് അയച്ചുകൊടുത്തു. അതുവായിച്ചു പഠിച്ച് അവള്‍ നന്നായി ഒരുങ്ങി. ഒരു നല്ല പുണ്യവതിയാകുന്നതെങ്ങനെയെന്ന് മരിയ അവളെ പറഞ്ഞു കേള്‍പ്പിച്ചു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് മൂന്നുമാസം ഒരുങ്ങി. പിന്നെ ഒരാഴ്ചത്തെ ധ്യാനം കൂടാനായി ബോര്‍ഡിങ്ങിലാക്കി. അവിടെവെച്ച് ഒരുപാട് നല്ല കൂട്ടുകാരേയും അദ്ധ്യാപകരേയും അവള്‍ക്ക് കിട്ടി. ധ്യാനത്തിന്റെ അവസാനദിനത്തില്‍ അവള്‍ കുമ്പസാരിച്ചു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞുകഴിഞ്ഞപ്പോള്‍ അവള്‍ക്കു വലിയ ആനന്ദമുണ്ടായി. 1884 മെയ് 8-ാം തീയതി അണിഞ്ഞൊരുങ്ങി അപ്പച്ചനോടും, ചേച്ചിമാരോടുമൊപ്പം ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാന്‍ അവള്‍ ദേവാലയത്തില്‍ കാത്തുനിന്നു. 'യേശുവേ വരേണമേ... രക്ഷകാ വരേണമേ...' അവള്‍ കൈകൂപ്പി നിന്നു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യേശു അവളുടെ നാവില്‍ വന്നു. അവള്‍ പതിയെ പറഞ്ഞു, ഈശോയേ ഞാനങ്ങയെ സ്‌നേഹിക്കുന്നു. ആദ്യകുര്‍ബ്ബാന സമയത്ത് അവളെടുത്ത തീരുമാനങ്ങളില്‍ മറ്റൊന്നായിരുന്നു 'എത്രയും ദയയുള്ള മാതാവേ' എന്ന ജപം പതിവായിച്ചൊല്ലും എന്നുള്ളത്. മരണം വരെ അവളത് തുടര്‍ന്നു. പ്രഥമ ദിവ്യകാരുണ്യത്തിനുശേഷം അപ്പച്ചന്റെ കൂടെ പൗളിന്‍ ചേച്ചിയെ കാണാന്‍ അവള്‍ കര്‍മ്മല മഠത്തിലെത്തി. അന്നു പൗളിന്റെ പ്രഥമ വ്രതവാഗ്ദാനമായിരുന്നു... തന്നെപ്പോലെ വെളുത്ത ഉടുപ്പിട്ട ചേച്ചി... രാത്രി എല്ലാവരും വീട്ടിലെത്തി... അവിടെ വലിയ ആഘോഷങ്ങള്‍, ഒത്തിരി സമ്മാനങ്ങള്‍ അന്ന് കൊച്ചുറാണിക്ക് കിട്ടി. എന്നാല്‍ യേശുവിനെ സ്വീകരിച്ചപ്പോള്‍ ലഭിച്ച അത്ര സന്തോഷമൊന്നും സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ അവള്‍ക്കുണ്ടായില്ല. 

ചെറുപുഷ്പം
ഒരു ദിവസം ലൂയിമാര്‍ട്ടിന്‍ തോട്ടത്തില്‍ ഉല്ലാത്തുന്ന സമയം, മതിലില്‍ മുളച്ചുപൊന്തിയ ഒരു ചെറിയ ചെടി പൂവോടെ പറിച്ചെടുത്ത് കൊച്ചുറാണിക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു:- മോളെ നീയാണ് ഈ ചെറിയ വെളുത്ത പൂവ്. സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഈ പൂവിനെ എന്നപോലെ നിന്നെയും കാത്തുപരിപാലിക്കും ആ പൂവ് മരണം വരെ തന്റെ പുസ്തകത്തില്‍ അവള്‍ സൂക്ഷിച്ചിരുന്നു. അന്നുമുതല്‍ ചെറുപുഷ്പം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മോഹം മൊട്ടിട്ടു
1987 മെയ് 20-ാം തീയതി പെന്തക്കുസ്താ തിരുനാളില്‍ ഒരു നിഷ്‌കളയമായ പുഞ്ചിരിയുമായി കൊച്ചുറാണി അപ്പച്ചന്റെ അരികിലെത്തി. അപ്പച്ചനോട് മഠത്തില്‍ ചേരുവാനുളള ആഗ്രഹം അവള്‍ അറിയിച്ചു. പ്രായക്കുറവുമൂലം തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ലൂയി ശ്രമിച്ചെങ്കിലും അവസാനം സമ്മതിക്കേണ്ടി വന്നു. കാര്‍മ്മലില്‍ ചേരാന്‍ അപ്പച്ചനില്‍ നിന്ന് അനുവാദം ലഭിച്ചെങ്കിലും അവളുടെ അങ്കിള്‍ ഇസിദോര്‍ഗ്വരിന്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും അവള്‍ അവന്റെ മനസ്സ് മാറ്റിയെടുത്തു. ഈ സന്തോഷ വാര്‍ത്തകളുമായി പൗളിന്‍ ചേച്ചിയെ കാണാനായി കര്‍മ്മല മഠത്തില്‍ ചെന്നു. 21 വയസ്സാകാതെ മഠത്തില്‍ പ്രവേശിക്കാന്‍ സുപ്പീരിയറച്ചന്‍ അനുവദിക്കുകയില്ലെന്ന് പൗളിന്‍ തറപ്പിച്ചു പറഞ്ഞു. ലൂയിമാര്‍ട്ടിനും സെലിനുമൊത്ത് അവള്‍ അച്ചനെ പോയി കണ്ടു. മെത്രാന്‍ അനുവദിക്കുകയാണെങ്കില്‍ എനിക്കു വിരോധമില്ല എന്നു സുപ്പീരിയറച്ചന്‍ അറിയിച്ചു.

മെത്രാനെ കാണുന്നു
1887 ഒക്‌ടോബര്‍ 31-ാം തീയതി കൊച്ചുറാണി അപ്പച്ചനുമൊത്ത് മെത്രാനെ കാണാനായി ബയോണിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തി ആഗമനോദ്ദേശ്യം അറിയിച്ചു. കൊച്ചുറാണിക്ക് പ്രായക്കുറവായതിനാല്‍ കര്‍മ്മല മഠത്തിലെ സൂപ്പീരിയരോട് തനിക്ക് സംസാരിക്കണമെന്ന് പിതാവ് പറഞ്ഞു. സുപ്പീരിയര്‍ നേരത്തെ തന്നെ അവളെ വിലക്കിയിരുന്നതിനാല്‍ ലൂയി പറഞ്ഞു:- പിതാവില്‍ നിന്ന് അനുവാദം ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ പരിശുദ്ധ മാര്‍പാപ്പയുടെ അടുക്കലെത്തി അനുവാദം തരാന്‍ അപേക്ഷിക്കും. കുഞ്ഞുമനസ്സിന്റെ നിശ്ചയദാര്‍ഢ്യം മനസ്സിലാക്കിയ മെത്രാന്‍ പറഞ്ഞു, പരിശുദ്ധ പിതാവിനെ കാണുന്നതാണ് നല്ലത്. 1887 നവംബര്‍ 4-ാം തീയതി കൊച്ചുറാണി ലൂയിമാര്‍ട്ടിനും സെലിനുമൊത്ത് റോമിലേക്ക് പുറപ്പെട്ടു. ബെയോ-ലിസ്യൂ (കുസാത്ത്) രൂപതകളില്‍നിന്നും ഒരു തീര്‍ത്ഥാടകസംഘം 13-ാം ലെയോ മാര്‍പാപ്പയെ കാണുന്നതിനു വേണ്ടി റോമില്‍ പോകാന്‍ ഒരുങ്ങുന്ന സമയമായിരുന്നു അത്. പരിശുദ്ധ പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയില്‍ പങ്കെടുക്കുക എന്നതായിരുന്നു. ഈ തീര്‍ത്ഥാടകസംഘത്തിന്റെ ലക്ഷ്യം. ആ കൂട്ടത്തിലാണ് കൊച്ചുറാണിയും പോയത്. 197 പേരെ വഹിച്ച പ്രത്യേക തീവണ്ടി പാരീസിലും, ഇറ്റലിയിലും സ്വിറ്റ്‌സര്‍ലണ്ടിലുമുള്ള പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളും കാണുവാന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരമൊരുക്കി. ഈ സമൂഹത്തില്‍ 67 പേര്‍ വൈദികരും മറ്റ് ഭൂരിപക്ഷം പേര്‍ ഉന്നതകുലജാതരുമായിരുന്നു. ഒരു മാസം നീണ്ടുനിന്ന തീവണ്ടി യാത്രയില്‍ കൊച്ചുറാണിക്ക് പല ജീവിത യാഥാര്‍ത്ഥ്യങ്ങളും മനസ്സിലായി. വൈദികര്‍ക്ക്  പ്രത്യേക പ്രാര്‍ത്ഥനാസഹായം ആവശ്യമാണെന്ന് അവരുടെ സംസാര രീതിയില്‍ നിന്ന് അന്ന് അവള്‍ മനസ്സിലാക്കി. അവര്‍ യാത്രചെയ്ത് പാദുവായിലെ വി. അന്തോണീസിന്റെ അടുക്കലെത്തി. വി. അന്തോണീസിന്റെ അഴുകാത്ത നാവ് കണ്ടു. അവിടെനിന്ന് ബോളിഞ്ഞോയിലെത്തി. വി. കത്രീനയുടെ ശരീരവും കണ്ട് യാത്ര തുടര്‍ന്നു. അങ്ങനെ നവംബര്‍ 13-ാം തീയതി റോമിന്റെ പ്രാന്തപ്രദേശത്തെത്തി.

പതിമൂന്നാം ലെയോ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നു.
റോമിലെത്തി ഏഴുദിവസത്തിന് ശേഷമാണ് കൊച്ചുറാണിക്ക് മാര്‍പാപ്പയെകാണാന്‍ സാധിച്ചത്. വി. കുര്‍ബ്ബാനയ്ക്ക് ശേഷം സന്ദര്‍ശകര്‍ ഓരോരുത്തരായി പിതാവിനെ കാണുവാനായി നില്‍ക്കുകയാണ്. പിതാവിനെ കാണുന്നതിന് അവളുടെ ഊഴമായപ്പോള്‍ അവള്‍ ഓടിച്ചെന്ന് ആ പാദങ്ങളില്‍ പിടിച്ച് ചുംബിച്ചു. എന്നിട്ട് കൈകൂപ്പി കരഞ്ഞുകൊണ്ട് തനിക്ക് മഠത്തില്‍ ചേരണമെന്നറിയിച്ചു. പരിശുദ്ധ പിതാവിന് അവരുടെ ഭാഷ മനസ്സിലായില്ല. ആ സമയത്ത് കൂടെയുണ്ടായിരുന്ന മോണ്‍, റവറോണി ഇടപെട്ട് കാര്യങ്ങള്‍ പരിശുദ്ധ പിതാവിന് വിശദീകരിച്ചുകൊടുത്തു. അദ്ദേഹം കൊച്ചുറാണിക്ക് അനുകൂലമായി ഒന്നും സംസാരിച്ചില്ല. പരിശുദ്ധ പിതാവ് അവളെ നോക്കി പറഞ്ഞു ദൈവം തിരുമനസ്സായാല്‍ നീ കാര്‍മ്മലില്‍ ചേരും. വീണ്ടും പലതും പറയാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും സ്വിസ്സ് ഗാര്‍ഡുകള്‍ അവളെ പൊക്കിയെടുത്ത് മാറ്റിയിരുന്നു. 

കാര്‍മ്മലിലേക്കുള്ള യാത്ര
പതിനഞ്ചു വയസ്സ് തികയാത്ത ഈ കൊച്ചുപെണ്‍കുട്ടിയുടെ വീരപരാക്രമങ്ങള്‍ ഫ്രാന്‍സിലെ ദേശീയ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. ധീരവനിതയെന്നാണ് മാധ്യമങ്ങള്‍ അവളെ വിശേഷിപ്പിച്ചത്. കൊച്ചുറാണി തന്റെ പ്രാര്‍ത്ഥനയിലൂടെ ആദ്ധ്യാത്മിക യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. തിരിച്ചുള്ള യാത്രയില്‍ മോണ്‍ റവറോണി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവവിളിയുണ്ടെന്ന് മടക്കയാത്രയില്‍ അദ്ദേഹത്തിന് മനസ്സിലായി. താമസിയാതെ തന്റെ നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തി. വീട്ടില്‍ തിരിച്ചെത്തിയ അവള്‍ വീണ്ടും മഠത്തില്‍ ചേരാനുള്ള ആഗ്രഹത്തോടെ ബിഷപ്പിന് കത്തെഴുതി. കാര്‍മ്മലില്‍ ചേരുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ബിഷപ്പ് ഹ്യൂഗോനിന്റെ കത്ത് ഡിസംബര്‍ 28-ാം തീയതി മഠാധിപക്ക് ലഭിച്ചു. ഉടനെ വലിയ നോമ്പ് ആരംഭിക്കുന്നതിനാലും നോമ്പുകാലം കൂടുതല്‍ തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും അവസരമായതിനാലും ഉയിര്‍പ്പുതിരുനാളിനുശേഷം മഠത്തില്‍ചേര്‍ന്നാല്‍ മതിയെന്ന് ഗോണ്‍സാഗമ പറഞ്ഞു. ഏപ്രില്‍ 9-ാം തീയതി കര്‍മ്മലമഠത്തില്‍ പ്രവേശിക്കേണ്ട ദിനം, രാവിലെ വി. കുര്‍ബ്ബാനയില്‍ പങ്കെടുത്തു. അതിനുശേഷം അപ്പച്ചന്റെ കൈപിടിച്ച് കര്‍മ്മലമഠത്തിലേക്ക് യാത്രയായി. 

കാര്‍മ്മല്‍ മലകയറ്റം
സന്യാസ വിതത്തിന്റെ  തുടക്കം മുതല്‍ അവസാനംവരെ കല്ലുകളും മുളളുകളുമായിരുന്നു. എങ്കിലും അധികാരികളില്‍ അവള്‍ ക്രൂശിതനായ കര്‍ത്താവിനെ ദര്‍ശിച്ചു. 1889 ജനുവരി 10-ാം തീയതിയായിരുന്നു സഭാവസ്ത്ര സ്വീകരണം. അപ്പച്ചനും ചേച്ചിയുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരി മാസത്തില്‍ ലൂയി മാര്‍ട്ടിന്‍ അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. 1890 സെപ്റ്റംബര്‍ 24 ന് കൊച്ചുറാണിയുടെ ശീരോവസ്ത്ര സ്വീകരണമായിരുന്നു. അന്ന് അധികം ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാരണം, അപ്പച്ചന്‍ ആശുപത്രിയിലാണ് വ്രതവാഗ്ദാനത്തിനു മുമ്പ് അവള്‍ പറഞ്ഞു ഞാന്‍ കാര്‍മ്മലില്‍ വന്നിരിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. 'വൈദികരുടെ വിശുദ്ധീകരണം, ആത്മാക്കളുടെ രക്ഷ' 1894 ജൂലൈ 29-ാം തീയതി ലൂയിമാര്‍ട്ടിന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ആ വര്‍ഷം തന്നെ അവളുടെ സെലിന്‍ചേച്ചിയും മഠത്തില്‍ ചേര്‍ന്നു. 

കുഞ്ഞുമനസ്സിന്റെ പിടിവാശി
തന്റെ ചെറിയ ആവശ്യങ്ങള്‍പോലും ഈശോ കാണുന്നുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. ഇതിന് തെളിവായി കൊച്ചുറാണി ഒരു സംഭവം പറയുന്നുണ്ട് ആ നാളുകളില്‍ കുര്‍ബ്ബാനസ്വീകരണത്തിന് പകുതി ഓസ്തി മത്രമെ കിട്ടിയിരുന്നള്ളു. ഒരു ദിവസം അവള്‍ ഇങ്ങനെചിന്തിച്ചു ഇന്നും പകുതി ഓസ്തിയെ കിട്ടുന്നുള്ളു എങ്കില്‍ ഈശോയ്ക്ക് തന്നോട് സ്‌നേഹമില്ലെന്ന് ഞാന്‍ കരുതും. കുര്‍ബ്ബാന സ്വീകരിക്കാന്‍ ചെന്നപ്പോള്‍ വൈദികന്‍ രണ്ട് ഓസ്തി ഒരുമിച്ച് കൊച്ചുറാണിക്ക് കൊടുത്തു. അവളുടെ കണ്ണ് നിറഞ്ഞുപോയി. കൊച്ചു ത്രേസ്യക്ക് 20 വയസ്സ് തികഞ്ഞപ്പോള്‍ നൊവിഷ്യേറ്റിലുള്ളവരുടെ സഹഗുരുനാഥയായി നിയമിതയായി. അവള്‍ എല്ലാവരുടേയും പ്രീതിക്ക് പാത്രമായി. എങ്കിലും കര്‍ത്തവ്യമനുഷ്ഠിക്കുന്നതില്‍ നിന്നും ഒട്ടും പുറകോട്ട് പോയില്ല. എളിമപ്പെടാനുള്ള അവസരങ്ങള്‍ അവള്‍ സ്വയം കണ്ടെത്തി. ജിവിതത്തില്‍ കഠിനമായ പീഡകള്‍ സഹിച്ചത് ദൈവസ്‌നേഹത്തെ പ്രതിയായിരുന്നു. എന്റെ ദൈവവിളി സ്‌നേഹമാണെന്ന് കൊച്ചുറാണി പറഞ്ഞു. ശിശുസഹജമായ നിഷ്‌കളങ്കതയോടെ ജീവിച്ച അവള്‍ ഉണ്ണീശോയുടെ കയ്യിലെ ഒരു കളിപന്തായി തീരാന്‍ ആഗ്രഹിച്ചു. ഒരു ദിവസം കൊച്ചുറാണിക്ക് വിഭവസമൃദ്ധമായ ഒരു ഭക്ഷണം കഴിക്കേണ്ടിവന്നു. എന്നാല്‍ അവള്‍ അതില്‍ കയ്പ്പുള്ള ചെന്നിനായകം ചേര്‍ത്താണ് കഴിച്ചത്. കാരണം ധാരാളം ആളുകള്‍ നല്ല ഭക്ഷണമില്ലാതെ ചുറ്റിനുമുള്ളപ്പോള്‍ താനെങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കും. ഉപവി പ്രവര്‍ത്തനങ്ങളിലും അവള്‍ മുന്‍പന്തിയിലായിരുന്നു. പ്രായമുളള രോഗികളായ സിസ്റ്റേഴ്‌സിനെ ശുശ്രൂഷിക്കാന്‍ അവള്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു. 

അമ്മയിലൂടെ യേശുവിലേക്ക്  
ഒരു നല്ല മരിയ ഭക്തയായിരുന്നു കൊച്ചുത്രേ്യസ്യ അമ്മവഴി യേശുവിലേക്ക് വളരുകഎന്നതായിരുന്നുഅവളുടെ നയം. മിക്കപ്രാര്‍ത്ഥനകളും കന്യകമാതാവിന്റെ മുമ്പില്‍ അവതരിപ്പിച്ച് അമ്മവഴി ദൈവത്തിങ്കലേക്ക് അടുക്കുക എന്ന എളുപ്പവഴിയാണ് മിക്കപ്പോഴും അവള്‍ സ്വീകരിച്ചത്. അവളുടെ ജീവിതം മുഴുവന്‍ കന്യകാമാതാവിനോട് കടപ്പെട്ടിരുന്നല്ലോ. പരിശുദ്ധ അമ്മയോട് അവള്‍ക്കെന്നും സ്‌നേഹമായിരുന്നു. മാതാവിന്റെ കാശു രൂപം അവള്‍ കഴുത്തില്‍ ധരിച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് അത് സമ്മാനമായി നല്‍കുകയും അത് കഴുത്തില്‍ ധരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ വെച്ച് ആരംഭിച്ച ജപമാലഭക്തി മരണം വരെ അവള്‍ പിന്തുടര്‍ന്നു. ജപമാലധരിക്കുന്നതിന്റെയും ചൊല്ലുന്നതിന്റെയും പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തു. മാതാവിനോടുള്ള വണക്കത്തെക്കുറിച്ച്  അവള്‍ തന്റെ കസിന് ഇപ്രകാരം എഴുതി. മറിയത്തെ അധികം സ്‌നേഹിച്ചുപോയി എന്നോര്‍ത്ത് ഭയപ്പെടേണ്ട. അവള്‍ അര്‍ഹിക്കുന്ന രീതിയില്‍ അവളെ സ്‌നേഹിക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അവളുടെ ജീവിതം മുഴുവന്‍ മാതാവുമായി ബന്ധപ്പെട്ടതായിരുന്നു. 1888-ല്‍ മംഗളവാര്‍ത്ത തിരുനാളിലാണ് അവള്‍ മഠത്തില്‍ പ്രവേശിച്ചത്. കാരുണ്യമാതാവിന്റെ തിരിനാള്‍ ദിനത്തില്‍ സഭാവസ്ത്രം സ്വീകരിച്ചു. മാതാവിന്റെ ജനന ദിനത്തില്‍ അവള്‍ വ്രതവാഗ്ദാനം നടത്തി. 

കുറുക്കുവഴി
ആദ്ധ്യാത്മിക ശിശുത്വമാണ് എന്റെ കുറുക്കുവഴി എന്ന് കൊച്ചുറാണിപറഞ്ഞു. കുഞ്ഞുങ്ങളെപ്പോലെ ആയിരിക്കുക അവരെപ്പോലെ എല്ലാവരെയും സ്‌നേഹിക്കുക... മാതാപിതാക്കള്‍ കൂടെയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് വലിയ ധൈര്യമാണ്. അവര്‍ ആവശ്യമുളളതെല്ലാംതരും, വീഴുമ്പോള്‍ താങ്ങും...അങ്ങനെ യാതൊരു ടെന്‍ഷനുമില്ലാത്ത ജീവിതമാണ് ശിശുവിന്റേത്. അതിന് സമാനമായിരുന്നു കൊച്ചുറാണി. അവള്‍ ഏറ്റവുംമധികം ആഗ്രഹിച്ചത് ഈശോയെ സ്വന്തമാക്കാനാണ്. ഒരിക്കല്‍ സെലിന്‍ അവളെ സന്ദര്‍ശിച്ചു. അപ്പോള്‍ അവള്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നത് കണ്ടു. പിന്നീട് അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം അത്ഭുതാവഹമായിരുന്നു. യേശു പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനെക്കുറിച്ചാണ് അവള്‍ ധ്യാനിച്ചുകൊണ്ടിരുന്നത്. ദൈവത്തെ പിതാവായി അംഗീകരിക്കുകയും അങ്ങനെ പ്രാര്‍ത്ഥിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. 

ഈശോയുടെ തിരുമുഖം
ഈശോയുടെ തിരുമുഖത്തോട് കൊച്ചുറാണിക്ക് പ്രത്യേകഭക്തി ഉണ്ടായിരുന്നു. ധാരാളം പുണ്യങ്ങള്‍ അവളിലുണ്ടായിരുന്നെങ്കിലും ഏറ്റവും ഇഷ്ടമായത് തിരുമുഖത്തോടുള്ള ഭക്തിയാണ്. വേദനയുടേയും ദുഃഖത്തിന്റെയും നടുവില്‍ കരുണയും സ്‌നേഹവും വാത്സല്യവും പൊഴിക്കുന്ന ഈശോയുടെ മുഖം. ആത്മാക്കളെ രക്ഷിക്കണമെന്ന ആഗ്രഹം ഉടലെടുത്തത് ഈ തിരുമുഖ ഭക്തിയില്‍ നിന്നാണ്.

വി. കുര്‍ബ്ബാനയും കൊച്ചുറാണിയും
പ്രത്യേകമായി എന്തെങ്കിലും പുതിയ കാര്യം ഏറ്റെടുക്കേണ്ടിവരുമ്പോള്‍ അവള്‍ വി. കുര്‍ബ്ബാന ചൊല്ലിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. വിശേഷാവസരങ്ങളിലും മറ്റേതെങ്കിലും അവസരങ്ങളില്ലോ ആരെങ്കിലും പണം കൊടുത്താല്‍ അത് പാപികള്‍ക്കും, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബ്ബാന ചൊല്ലിക്കാന്‍ കൊടുത്തിരുന്നു. ആത്മാക്കളെ രക്ഷിക്കുവാനുള്ള ഒരു നല്ല മാര്‍ഗ്ഗമായി അവള്‍ ഇതിനെ കണ്ടു.

 

സ്‌നേഹത്തിന്റെ വെള്ളരിപ്രാവ്
ഈ നാളുകളില്‍ ക്ഷയരോഗം കൊച്ചുറാണിയുടെ കുടലുകളെ പിടികൂടി. ശരീരം മുഴുവന്‍ വേദന, ഛര്‍ദ്ദിയും, പനിയും എങ്കിലും പതിവനുസരിച്ചുള്ള പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും അവള്‍ പങ്കുചേര്‍ന്നു. അവളെ ഒരു വലിയ രോഗിയായി ആരും കരുതാത്തതിനാല്‍ പ്രത്യേക പരിരക്ഷയൊന്നും കിട്ടിയില്ല. 1897ലെ ദുഃഖവെള്ളിയാഴ്ച്ച അവള്‍ ഒത്തിരി ഛര്‍ദ്ദിച്ചു. കര്‍ത്താവിന്റെ മരണദിനത്തില്‍ കര്‍ത്താവിനോട് കൂടുതല്‍ ഐക്യപ്പെടുന്നതായി അവള്‍ക്ക് തോന്നി. ദിവസങ്ങള്‍ കഴിഞ്ഞുപോയി. കൊച്ചുറാണിക്ക് അസുഖം കലശലായി. കൂടെകൂടെ രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അവള്‍ മരണത്തിന് നന്നായി ഒരുങ്ങി-കുമ്പസാരിച്ചു. ജൂലൈ 28-ാം തിയതി കൊച്ചുറാണിയെ പ്രത്യേക മുറിയിലാക്കി. സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ് ഇനി തന്റെ  ആനന്ദം എന്നവള്‍ വെളിപ്പെടുത്തി. 1897 ഓഗസ്റ്റ് 19-ാം തിയതി അവള്‍ അവസാനമായി ദിവ്യകാരുണ്യ സ്വീകരണം നടത്തി. 

വെള്ളരിപ്രാവ് സ്വര്‍ഗ്ഗത്തിലേക്ക്
1897, വേദനകളെ പുഷ്പങ്ങളാക്കിമാറ്റിയ വെള്ളരിപ്രാവ് സ്വര്‍ഗ്ഗസ്ഥനായ നാഥന്റെ പക്കലേക്ക് പറന്നുയര്‍ന്നു. സെപ്റ്റംബര്‍ 30 നായിരുന്നു അത്. ഒക്‌ടോബര്‍ മാസം 4-ാം തിയതിയായിരുന്നു മൃതസംസ്‌ക്കാരം. അധികം ആരും അറിയാത്ത മൃതസംസ്‌ക്കാരത്തില്‍ ഏകദേശം മുപ്പതോളം പേര്‍ പങ്കെടുത്തു. ലിസ്യൂവിലെ പൊതുശ്മശാനത്തില്‍ നിന്ന് കര്‍മ്മല മഠം വാങ്ങിയ പ്രത്യേക സ്ഥലത്ത് അവള്‍ സംസ്‌ക്കരിക്കപ്പെട്ടു. ചെറുപ്പം മുതലേ കുഞ്ഞനുജത്തിയുടെ ചലനങ്ങള്‍ മനസ്സിലാക്കിയ ചേച്ചിമാര്‍ പറഞ്ഞു തീര്‍ച്ചയായും ഇവളൊരു വിശുദ്ധയാകും. അവളുടെ കബറിടത്തിങ്കല്‍ തിരികളെരിയാന്‍ തുടങ്ങി!. 

ലോകം ഉണരുന്നു
ഇരുപതാം നൂറ്റാണ്ട് പിറന്നു. മരണം വരെ അധികമാരും അറിയാതിരുന്ന കൊച്ചുറാണി മരണശേഷം ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങി. അവളുടെ ശവകുടീരത്തില്‍ ജനപ്രവാഹമായി അവിടെ മെഴുകുതിരികള്‍ കത്തിജ്വലിച്ചു. അവളുടെ മദ്ധ്യസ്ഥതയില്‍ രോഗശാന്തികളുണ്ടായി. കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ടോടിയെത്തി. 

വിശുദ്ധ പദവിയിലേക്ക്  
കാലചക്രം ഉരുണ്ടു. 1908 മെയ് മാസത്തില്‍ കൊച്ചുറാണിയുടെ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ രൂപതാദ്ധ്യക്ഷന്‍ സമ്മതം മൂളി. അതിന്റെ ആദ്യപടി എന്ന നിലയില്‍ കൊച്ചുറാണി എഴുതിയ എല്ലാ ലിഖിതങ്ങളും പരിശോധിക്കാന്‍ മാര്‍പാപ്പ കല്പന പുറപ്പെടുവിച്ചു. 1910 സെപ്റ്റംബര്‍ 6-ാം തിയതി അവളുടെ കല്ലറ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ ലിസ്യൂവിലെ സെമിത്തേരിയില്‍ നിന്നും മാറ്റി അടക്കം ചെയ്തു. ഈ കാലഘട്ടത്തില്‍ സഭയെ നയിച്ച വി. പത്താം പിയൂസും ബനഡിക്ട് അഞ്ചാമന്‍ മാര്‍പാപ്പയും അവളുടെ ജീവിതചര്യകങ്ങളെയും പുണ്യങ്ങളെയും വിരോചിതമായി പ്രഖ്യാപിച്ചു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ സുദിനം വന്നു. 1923 ഏപ്രില്‍ 29 ന് 11-ാം പിയൂസ് മാര്‍പാപ്പ കൊച്ചുത്രേസ്യയെ ധന്യ എന്നു നാമകണം ചെയ്തു. തിരുസഭാഭരണത്തില്‍ തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ശുഭനക്ഷത്രമാണ് കൊച്ചു റാണിയെന്ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പ അവളെ വിശേഷിപ്പിച്ചു. 1923 ല്‍ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1925 മെയ് 17-ാം തിയതി വിശുദ്ധ എന്നു നാമകരണം ചെയ്തു. അന്നുമുതല്‍ കൊച്ചുത്രേസ്യ വിശുദ്ധ കൊച്ചുത്രേസ്യ എന്നറിയപ്പെട്ടു. മരിച്ചടക്കിന് മുപ്പതോളം പേരാണ് പങ്കെടുത്തതെങ്കിലും വശുദ്ധനായി പ്രഖ്യാപിച്ച അന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സൂചികുത്താന്‍ ഇടമില്ലായിരുന്നു. ആ വര്‍ഷം ജൂലൈ മാസത്തില്‍ തന്നെ വി. കൊച്ചുത്രേസ്യായെ വേദപ്രചാരങ്ങളുടെ മദ്ധ്യസ്ഥയായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കുന്ന വചന ശുശ്രൂഷകര്‍ക്ക് അവള്‍ കെടാവിളക്കായി മാറി. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ മൂന്നാം തിയതി വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കാന്‍ സഭ തീരുമാനമെടുത്തു. 

മൂന്നാമത്തെ വനിതാ വേദപാരംഗത
1927 ഡിസംബര്‍ 14 ന് വി. കൊച്ചുത്രേസ്യായെ അഖിലലോക മിഷന്റെ മദ്ധ്യസ്ഥനായായി മാര്‍പാപ്പ പ്രഖ്യാപിച്ചു. അത് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനമായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുമാണ് അഖിലലോക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥര്‍. ഒരാള്‍ കടല്‍കടന്നുവന്ന് സുവിശേഷം പ്രസംഗിച്ചു. അടുത്തയാള്‍ ജീവിത വിശുദ്ധിയിലൂടെ മഠത്തിലിരുന്ന് ക്രിസ്തുവിനെ പ്രഘോഷിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി 1944-ല്‍ കൊച്ചുത്രേസ്യായെ ഫ്രാന്‍സിന്റെ രണ്ടാമത്തെ മദ്ധ്യസ്ഥയായി മാര്‍പാപ്പ പ്രഖ്യാപിച്ചു. 1997 ഒക്‌ടോബര്‍ 19-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വി. കൊച്ചുത്രേസ്യായെ സാര്‍വ്വത്രിക സഭയുടെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി പ്രഖ്യാപിച്ചു. അവള്‍ ഇന്ന് സഞ്ചരിക്കുകയാണ്... ലോകം മുഴുവന്‍... സര്‍വ്വമനുഷ്യരുടെയും ഇടയിലൂടെ... തിരുശേഷിപ്പ് അടക്കം ചെയ്ത പേടകത്തില്‍... സഭയെ പഠിപ്പിച്ചുകൊണ്ട്... 

വിശുദ്ധ കൊച്ചുത്രേസ്യ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…