ജനനം            :  9 ഡിസംബര്‍ 1579
മരണം            :  3 നവംബര്‍ 1639
സ്ഥലം            :  പെറുവിലെ ലീമാ
വാഴ്ത്തപ്പെട്ടവന്‍  :  1837, പോപ്പ് ഗ്രിഗറി XVI
വിശുദ്ധ പദവി    :  6 മെയ് 1962, ജോണ്‍ XXIII

സ്‌പെയിനിലെ സൈനികനും ലീമായിലെ പ്രഭുവുമായിരുന്നു ഡോണ്‍ ജുവാന്‍ പോറസ്. അദ്ദേഹം ഒരു ഉന്നത കുലജാതനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ  അന്നാ വെലാസ് ക്വസ്സ് എന്ന നീഗ്രോ സ്ത്രീയായിരുന്നു. ഡോണ്‍ ജുവാന്‍ അന്നായെ സ്‌നേഹിച്ചിരുന്നു. ന്യായമായ വിവാഹമായിരുന്നില്ല അവരുടേത്. എന്നാല്‍ ദൈവം അദ്ദേഹം അനുഗ്രഹിച്ചപ്പോള്‍ അയാള്‍ അഹങ്കരിക്കുകയും ഭാര്യയെ നിന്ദിക്കുകയും ചെയ്തു. എന്നിട്ടും അവള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. ഒരു സ്ത്രീയുടെ സ്‌നേഹത്തിന് ഒരിക്കലും മരണമില്ല. എങ്കിലും തന്നെ ഭര്‍ത്താവില്‍ നിന്നകറ്റിയ കറുത്ത തൊലിയെ അവളും വെറുത്തു. 

മാര്‍ട്ടിന്‍ ഡി പോറസിന്റെ ജനനം 
ഇവരുടെ ദാമ്പത്യ വല്ലരിയില്‍ രണ്ടു കുട്ടികള്‍ ഉണ്ടായി. പെണ്‍കുഞ്ഞിന് ജെയിന്‍ എന്നും ആണ്‍കുഞ്ഞിന് മാര്‍ട്ടിന്‍ എന്നും പേരിട്ടു. തന്റെ കുട്ടികള്‍ മാര്‍ട്ടിനും ജയിനും  രണ്ട് കരിംഭൂതങ്ങള്‍ തറയിലിരുന്ന് കളിക്കുന്നത് അവജ്ഞയോടെ അയാള്‍ നോക്കി. ഡോണ്‍ ജുവാന് ഒരു കറുത്ത പുത്രനും പുത്രിയും ജനിച്ചത് ലീമായിലെ ആഭിജാത സമൂഹത്തിന് ഒരു തമാശയായി. ലീമായിലെ ഉന്നത സമൂഹത്തിന്റെ അഭിപ്രായത്തില്‍ അദ്ദേഹം വിലപിടിച്ചതും വര്‍ണ്ണശബളമായ വസ്ത്രങ്ങളണിഞ്ഞുചെന്ന് ഒരു കല്‍ക്കരി കൂനയില്‍ കിടന്ന് ഉറങ്ങിയാല്‍പോലും ഇത്രയും വിചിത്രമായി അവര്‍ക്ക് തോന്നുകയില്ലായിരുന്നു. തന്റെ ഭവനം സ്ഥിതിചെയ്യുന്ന എസ്പിരിറ്റ് സാന്റോ എന്ന തെരുവിന്റെ സങ്കുചിത്വവും ഹീനത്വവും സഹിക്കുവാന്‍ ദുരഭിമാനിയായ ഡോണ്‍ ജുവാന്‍ പോറസിന് കഴിഞ്ഞില്ല. 

ജോണ്‍ ജുവാന്‍ ഭവനം വിടുന്നു
രാജകീയ ബഹുമതികളോടെ സൈന്യത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡോണ്‍ ജുവാന് അത്യുന്നത സമൂഹത്തിന്റെ സൗഭാഗ്യങ്ങളിലേക്ക് പറന്നുയരാന്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ട് തന്റെ ചിറകില്‍ പറ്റിപിടിച്ചിരിക്കുന്ന കളിമണ്‍ കട്ടയാണ് കുടുംബം എന്നു തോന്നിത്തുടങ്ങി. ഈ കരിംഭുതങ്ങളെ ഒഴിവാക്കിയേ തീരുവെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ കറുത്ത സ്ത്രീയുമായുള്ള ബന്ധം മൂലം തനിക്ക് ലീമായിലെ സമൂഹത്തില്‍ നഷ്ടപ്പെട്ട സുവര്‍ണ്ണാവസരങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. വെള്ളക്കാരുടെ സൗന്ദര്യവും... പദവികളും... സാമ്പത്തിക സൗഭാഗ്യങ്ങളുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍... ഇവയെല്ലാം ഈ കറുത്ത സ്ത്രീയുമായുള്ള ബന്ധത്തിലൂടെ നഷ്ടമായി. അതിനാല്‍ ഡോണ്‍ ജുവാന്‍ അവരെ ഉപേക്ഷിച്ച് വീടുവിട്ട് ഉന്നതപദവി തേടിപോയി. വാതില്‍ വലിച്ചടച്ച് ഭവനം വിട്ടുപോയ ഭര്‍ത്താവിനെ അവള്‍ നിറമിഴികളോടെ നോക്കിനിന്നു. അദ്ദേഹം തന്നെ വിട്ടുപോയിരിക്കുന്നുവെന്ന് സ്ത്രീസഹജമായ അന്തര്‍ജ്ഞാനം കൊണ്‍വള്‍ മനസ്സിലാക്കി. അവള്‍ വസ്ത്രങ്ങള്‍ അലക്കി അതില്‍ നിന്നുകിട്ടുന്ന പണംകൊണ്ട് മക്കളെപോറ്റി. മക്കളുടെ ശാപഗ്രസ്ഥമായ കറുപ്പുനിറം അവളില്‍ ഏറെ ദുഃഖമുളവാക്കി. ഒരിക്കല്‍ ജെയിനിനെ ചുണ്ടിക്കാണിച്ച് അന്ന മാര്‍ട്ടിനോട് പറഞ്ഞു. അതിനെയും കൂട്ടിക്കൊണ്ട് എന്റെ കണ്‍വെട്ടത്തുനിന്ന് പോകു... മാര്‍ട്ടിന്‍ തന്റെ സഹോദരിയുടെ കൈക്കുപിടിച്ചുകൊണ്ട് തെരുവിലേയ്ക്കിറങ്ങി. അമ്മയുടെ മാനസിക നില അവന്‍ ശരിക്കും മനസ്സിലാക്കി. യായൊതു ദയയും തന്നോട് കാണിക്കാത്തതിന്റെ പിന്നിലുള്ള മനോഭാവം അവന്‍ നന്നായി ഗ്രഹിച്ചു. തെരുവിലൂടെ നടന്നുനീങ്ങുന്ന ജനങ്ങളെ അവര്‍ ശ്രദ്ധിച്ചു. പ്രൗഢിയില്‍ പോകുന്ന വര്‍ണ്ണശബളമായ സവാരിവണ്ടികള്‍. ജനാലകളില്‍കൂടി വെളുത്തനിറമുള്ള ആഭിജാതര്‍ പുറത്തേയ്ക്ക് നോക്കുന്നു. തൊലിയുടെ നിറഭേദം മനുഷ്യനിലും സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി അവന്‍ ബോധവാനാകാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ ഓരോന്നായി കടന്നുപോയി. മാര്‍ട്ടിന്‍ ബുദ്ധിയിലും പ്രായത്തിലും വളരാന്‍ തുടങ്ങി. വളര്‍ച്ചയുടെ നാളുകളില്‍ ധനികരായ വെളുത്തവരെപ്പറ്റി അവന് യാതൊരു നീരസ്സവും ഉണ്ടായില്ല. ദൈവത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യരെല്ലാം സമന്മാരാണെന്ന് ചെറുപ്പത്തില്‍ തന്നെ അവന്‍ പഠിച്ചിരുന്നു. പാവങ്ങളോട് അവന്‍ ആര്‍ദ്രതയോടെ പെരുമാറി. പാവപ്പെട്ടവനെ കണ്ടാല്‍ തന്റെ കയ്യിലുള്ളത് അവന് കൊടുക്കാതെ കടന്നുപേവുക മാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായിരുന്നു. റൊട്ടിവാങ്ങാന്‍ കൊടുത്തയ്ക്കുന്ന പണം അഗതികള്‍ക്ക് നല്‍കിയശേഷം തിരിച്ചുവരുന്ന മകനെ ശകാരിക്കുകയല്ലാതെ മറ്റു മാരഗ്ഗമൊന്നും അന്നയുടെ മുന്നില്‍ ഇല്ലായിരുന്നു. പ്രഭാതം മുതല്‍ രാത്രിവരെ കഠിനാദ്ധ്വാനം ചെയ്തും തുണിയലക്കിയും അവള്‍ ജീവിച്ചു. 

ഡോണ്‍ ജുവാന്‍ പോറസിന്റെ മാനസാന്തരം
മാര്‍ട്ടിന്‍ പാവപ്പെട്ട അഗതികളുടെ കയ്യിലേക്ക് നാണയത്തുട്ടുകള്‍ ഇട്ടുകൊടുത്തത് അത്ര വലിയ കാര്യമായി നമുക്ക് തോന്നില്ലായിരിക്കാം. എന്നാല്‍ തന്റെ നാമത്തില്‍ ഒരു ഗ്ലാസ് പച്ചവെള്ളം കൊടുക്കുന്നവനു പോലും പ്രതിഫലം നല്‍കുന്ന ദൈവം തെല്ല് ദൈവാനുഗ്രഹം സ്‌പെയിനിലെ രാജഭടനും പ്രഭുവുമായ ഡോണ്‍ ജുവാന്‍ പോറസ്റ്റിന്റെ മേല്‍ ചൊരിഞ്ഞു. ഡോണ്‍ ജുവാന്റെ മനഃസ്സാക്ഷി അദ്ദേഹത്തോട് സംസാരിച്ചു. ഭാര്യയെയും കറുത്ത മക്കളെയും പറ്റിയുളള ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നുവന്നു. മകന്റെ സ്വഭാവ വൈശിഷ്ട്യത്തെപ്പറ്റി കേട്ട അദ്ദേഹം ലീമായിലേക്ക് മടങ്ങിപോകാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം എസ്പിരിറ്റ് സാന്റോയിലെ ഭവനത്തിലെത്തി. നിറഞ്ഞ സന്തോഷത്തോടെ അന്ന അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം മുന്നോട്ടുവന്ന് കുട്ടികളെ കൈകൊണ്ട് ചുറ്റിപ്പിടിച്ച് തന്നോട് ചേര്‍ത്തു നിര്‍ത്തി. വിലകുറഞ്ഞ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരിക്കുന്നത്. അതെല്ലാം മാറ്റണം. എഴുതാനോ വായിക്കാനോ അറിയാവുന്ന ഒരു കുട്ടിയും എസ്പിരിറ്റ് സാന്റോയിലില്ലായിരുന്നു. അതിനാല്‍ തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അവരുടെ അമ്മാവനായ ഡോണ്‍ ഡിയാഗോ ഡി മിരാന്‍ഡയോടൊത്ത് അവരെ താമസിപ്പിക്കണം. അന്ന പണമില്ലാതെ കഷ്ടപ്പെടരുത്. അവളെ സംരക്ഷിക്കണം. അന്നയോടും കുട്ടികളോടുമൊപ്പം ഡോണ്‍ ജുവാന്‍ ആഴ്ചകള്‍ താമസിച്ചു. അലക്കുകാരിയായ അന്നയോട് അയല്‍വാസികള്‍ കൂടുതല്‍ ബഹുമാനം കാണിക്കാന്‍ തുടങ്ങി. തനിക്ക് ഗ്വായാക്വിലിലേക്ക് മടങ്ങിപ്പോകുവാനുള്ള സമയമായപ്പോള്‍ അതീവ സന്തുഷ്ടരായ തന്റെ പുത്രനെയും പുത്രിയെയും കൂടെ കൊണ്ടുപോയി. നിറഞ്ഞ ഹൃദയത്തോടെ അന്ന അവരെ യാത്രയാക്കി. അവളുടെ ഹൃദയം സന്തേഷംകൊണ്ട് നിറഞ്ഞു. തന്റെയോ കുട്ടികളുടെയോ കറുത്തനിറം പിന്നീട് ഒരിക്കലും അവളെ വ്യാകുലപ്പെടുത്തിയതായി തോന്നിയിട്ടില്ല.

അമ്മാവന്റെ അടുക്കലേക്ക്
കാലോ തുറമുഖത്ത് കപ്പല്‍ കയറുവാനായി പിതാവിന്റെ കൈകളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ തുറമുഖത്തെ തിക്കും തിരക്കുമെല്ലാം അവന്‍ ശ്രദ്ധിച്ചു. ആളുകള്‍ തങ്ങളുടെ ചരക്കുകള്‍ക്ക് വിലപേശുന്നു. യാത്രപറഞ്ഞ് പിരിഞ്ഞുപോകുന്ന പ്രിയപ്പെട്ടവര്‍, പായ്മരത്തില്‍ കയറി കപ്പല്‍ പായ ഉറപ്പിച്ചു നിര്‍ത്തുന്ന കപ്പല്‍ ജോലിക്കാര്‍ ഈ കാഴ്ച്ചകള്‍ക്കിടയില്‍ അവന്റെ കണ്ണുകള്‍ അവിടെയുളള നീഗ്രോകളുടെ മേല്‍ പതിഞ്ഞു. വലിയ ഭാരവും ചുമന്ന് നട്ടെല്ല് വളഞ്ഞ് ബോട്ടിലേക്ക് വരികയും പോവുകയും ചെയ്യുന്ന നീഗ്രോകളുടെ അവസാനിക്കാത്ത നിരയായിരുന്നു അത്. ആ ചാക്കിലെല്ലാം എന്താണെന്ന് അവന്‍ പിതാവിനോട് ചോദിച്ചു. രാജാവിനുള്ള സ്വര്‍ണ്ണമാണ് അതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അവന്‍ ഒന്നു ചോദിച്ചില്ല. അവര്‍ കപ്പല്‍ കയറി. ഗ്വയാക്വിലില്‍ അമ്മാവനായ ഡോണ്‍ ഡിയാഗോ ഡി മിരാന്‍ഡാ അവരുടെ ആഗമനം പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. ഡോണ്‍ ജുവാന്‍ ഒരു നീഗ്രോ സൗന്ദര്യദാമത്തെയാണല്ലോ തിരഞ്ഞെടുത്തത്... കൊള്ളാം... ഞങ്ങളെല്ലാം ഒരേ കുടുംബത്തില്‍ പ്പെട്ടവരാണ്... എന്നു പറഞ്ഞ് കുട്ടികളെ തന്നോട് ചേര്‍ത്തുപിടിച്ചു. അയാളുടെ ദയാവായ്പ് ആ കുട്ടികള്‍ക്ക്  ആശ്വാസമേകി. ഗ്വയാക്വിലിലെ ജീവിതം സുഖപ്രദമായിരുന്നു. നല്ലവീടും അന്തരീക്ഷവും, നല്ല ഭക്ഷണം, പഠിപ്പിക്കാന്‍ ട്യൂഷന്‍ മാസ്റ്ററും. മാര്‍ട്ടിന്‍ പെട്ടെന്ന് പഠിക്കുകയും ബാലസഹജമായ ഉത്സാഹത്തോടുകൂടി ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ജെയിനിന് മാര്‍ട്ടിനോളം സാമര്‍ത്ഥ്യമുണ്ടായിരുന്നില്ല.

വീണ്ടും ലീമായിലേക്ക്
രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി. അവരുടെ പിതാവ് ഡോണ്‍ ജുവാന്‍ ഡി പോറസ് പനാമയിലെ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടു. പനാമയിലെ കുലീനരായ സമൂഹത്തിന് അവരുടെ ഗവര്‍ണ്ണറുടെ കുട്ടികളെപ്പറ്റി മതിപ്പുണ്ടാകാനിടയില്ല. കുട്ടികളുടെ കാര്യമോര്‍ത്ത് അദ്ദേഹം വിണ്ടും ദുഃഖിതനായി. ഒടുവില്‍ ഡോണ്‍ ജുവാന്‍ ഒരു പരിഹാരം കണ്ടെത്തി. അമ്മാവന് ഈ കുട്ടികളെ വളരെ ഇഷ്ടമാണല്ലോ. ജയിനിന് അനുരൂപനായ ഒരു ഭര്‍ത്താവിനെ കണ്ടെത്തുന്നതുവരെ അവള്‍ അവിടെ താമസിക്കട്ടെ. മാര്‍ട്ടിന്‍ ലീമായിലെ അവന്റെ അമ്മയുടെ അടുക്കലേക്ക് പോവുകയും അവന്റെ ഭാവിയെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ. അവനെ പഠിപ്പിക്കാന്‍ കഴിവുള്ള ഒരാള്‍ ലീമായിലുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അയാളുടെ പേര് ഡോ. മാഴ്‌സി ലൊഡി റിവേരൊ എന്നായിരുന്നു. എസ്പിരിറ്റു സാന്റോയിലുള്ള പഴയ വീട്ടിലേക്ക് മാര്‍ട്ടിന്‍ തിരിച്ചുപോയില്ല. കാരണം, അവന്റെ അമ്മ അവരുടെ സുഹൃത്തായ വെലേസ് മിക്വൊലിന്റെ വീട്ടിലീയിരുന്നു താമസം. മാര്‍ട്ടിന്‍ ഡോ. റിവേരൊയുടെ ചെറിയ ഡിസ്‌പെന്‍സറിക്കടുത്ത് താമസമാക്കി. എല്ലാ ദിവസവും പ്രഭാതത്തില്‍ നേരത്തെ ഉണര്‍ന്ന് സാന്‍ലാസ റോയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്കും. അതിനുശേഷം ഡിസ്‌പെന്‍സറിയില്‍ ജോലിക്കുപോകും. കുര്‍ബാന കഴിഞ്ഞ് ഡിസ്‌പെന്‍സറിയില്‍ ജോലിചെയ്തിരുന്ന നീഗ്രോ പയ്യനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മാര്‍ട്ടിന് വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ഒരു കുപ്പി മരുന്നുപോലും ആ സ്‌റ്റോറില്‍ ഉണ്ടായിരുന്നില്ലെന്ന വസ്തുത ഡോ. റിവേരൊ തിരിച്ചറിഞ്ഞു.

മുറിവുകള്‍ വെച്ചുകെട്ടിയവന്‍ 
ഒരു ദിവസം സാന്‍ലാസ റോയില്‍ ഒരു സംഘടനം നടന്നു. ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലൂടെ ഓടുന്നതിന്റെ കോലാഹലങ്ങള്‍ അവന്‍ കേട്ടു. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കത്തിക്കുത്തേറ്റ് രക്തം വാര്‍നൊഴുകുന്ന ഒരു ഇന്ത്യക്കാരനെ കുറേപ്പേര്‍ ചേര്‍ന്ന് ഡിസ്പന്‍സറിലേക്ക് എടുത്തുകൊണ്ടുവരുന്നത് അവന്‍ കണ്ടു. ഈ സമയം ഡോ. റിവേരൊ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പുറത്തുപോയിരിക്കുകയായിരുന്നു. ഒരു പാത്രത്തില്‍ അല്പം വെള്ളവും ബാന്‍ഡേജുമെടുത്ത് മാര്‍ട്ടിന്‍ തയ്യാറായി നിന്നു. അവര്‍ അകത്തുപ്രവേശിച്ച് ഡോ. റിവേരൊ കാണണമെന്നു പറഞ്ഞ് ബഹളം കൂട്ടി. ഡോക്ടര്‍ ഇവിടെയില്ലെന്നും മുറിവേറ്റ മനുഷ്യനെ ഞാന്‍ നോക്കാമെന്നുമുള്ള ആ നീഗ്രോ പയ്യന്റെ വാക്കുകളെ ആരും ഗൗനിച്ചില്ല. മാര്‍ട്ടിന്‍ മരുന്നുകുപ്പികള്‍ മാറിമാറിയെടുത്ത് മുറിവുകള്‍ വെച്ചു കെട്ടി. ഈ നീഗ്രോ പയ്യന്‍ അതിരുകടക്കുന്നുണ്‍ല്ലോ... എന്ന രീതിയിലുള്ള സംസാരം അവന്റെ മുഖത്തുനോക്കി പച്ചയായി തന്നെ അവന്‍ പറയാന്‍ തുടങ്ങി. തന്റെ ശുശ്രൂഷാ വൈദഗ്ദ്യം കൊണ്ട് മാര്‍ട്ടിന്‍ അവിടെ കൂടിയിരുന്നവരെയെല്ലാം നിശബ്ദരാക്കി. തന്റെ ജോലി പൂര്‍ത്തിയാക്കിയതിനുശേഷം മാര്‍ട്ടിന്‍ അവരോട് പറഞ്ഞു. ഇപ്പോള്‍ തന്നെ അയാള്‍ സുഖമാകും. വിസ്മയകരമായ ഈ വാര്‍ത്ത ലീമായിലുടനീളം വ്യാപിച്ചു. അന്നാ വെലാസ് ക്വെസ്സിന് തന്റെ പുത്രനെ ഓര്‍ത്ത് അഭിമാനം തോന്നി.

പ്രാര്‍ത്ഥനയുടെ മനുഷ്യന്‍
ഒരു ദിവസം മാര്‍ട്ടിന്‍ വീട്ടുടമസ്ഥനോട് ഒരു മെഴുകുതിരി ആവശ്യപ്പെട്ടു. അതിരാവിലെ പുറപ്പെടുകയും പകല്‍ മുഴുവന്‍ ജോലി ചെയ്യുകയും ചെയ്യുന്ന മാര്‍ട്ടിനെന്താനാണ് മെഴുകുതിരി. അന്നു രാത്രി വീട്ടുടമസ്ഥനായ വെന്റു റാസിലൂണാ മാര്‍ട്ടിനെ ശ്രദ്ധിച്ചു. രാത്രിയില്‍ കതകിന്റെ പുറകില്‍ ഒരു ചെറിയ ദീപനാളം. അവര്‍ താക്കോല്‍ പഴുതിലൂടെ മാര്‍ട്ടിന്റെ മുറിയിലേക്ക് ഒളിഞ്ഞുനോക്കി. അപ്പോള്‍ കണ്‍ കാഴ്ച അവരെ അത്ഭുതപ്പെടുത്തി. ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തിനു മുമ്പില്‍ മാര്‍ട്ടിന്‍ മുട്ടുകുത്തി നില്‍ക്കുന്നു. മനുഷ്യപാപങ്ങളെ ഓര്‍ത്തുള്ള ബാഷ്പകണങ്ങള്‍ അവന്റെ കണ്ണുകളില്‍ വെന്റു റാസിലൂണാ കണ്ടു.

ഒരു വഴിത്തിരിവ്
അനേകം രാത്രികളില്‍ മാര്‍ട്ടിന്‍ ക്രൂശിത രൂപത്തിന്റെ മുന്നിലിരുന്ന് ശാന്തതയില്‍ പ്രാര്‍ത്ഥിക്കും. ശാന്തത തനിക്കുചുറ്റും നിറഞ്ഞ നിന്ന ഒരു ദിവസം മാര്‍ട്ടിന്‍ സ്വജീവിതത്തിന്റെ വഴിത്തിരിവിനെ കുറിക്കുന്ന ഒരു തീരുമാനമെടുത്തു. 'മഹായജമാനന്‍' തന്നെ പ്രത്യേക രീതിയില്‍ വിരുന്നിന് ക്ഷണിക്കുന്നതായി അവന് തോന്നി. വിരുന്നിന് ചെല്ലുമ്പോള്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തിരിക്കുക എന്ന മുന്നറിയിപ്പിനെപ്പറ്റി. അവന്‍ ബോധവാനായിരുന്നു. അതിനാല്‍ വൈദികനാകാന്‍ മോഹമില്ല. ഒരു സാധാരണ ബ്രദര്‍ ആകുവാനുള്ള അര്‍ഹതയും തനിക്കില്ലെന്ന് അവനുതോന്നി. സാന്റോ ഡോമിന്‍ ഗോയിലുള്ള ഒരു ഡൊമിനിക്കന്‍ സന്യാസാശ്രമത്തില്‍ വെറുമൊരു മൂന്നാംകിട ജോലിക്കാരനായി സേവനമനുഷ്ടിക്കാന്‍ അവന്‍ തീരുമാനിച്ചു. മാര്‍ട്ടിന്റെ ഈ തീരുമാനം അവന് വിജയകരമായ ഭാവി സ്വപ്നം കണ്ടിരുന്ന അവന്റെ അമ്മയെ നിരാശപ്പെടുത്തി. എല്ലാം ഉപേക്ഷിച്ച് ഒരാശ്രമത്തില്‍ ഒരു ഹെല്‍പ്പറായി ജോലി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുവാനേ അവള്‍ക്ക് കഴിഞ്ഞില്ല. ഈ വാര്‍ത്തയറിഞ്ഞ ഡേ. റിവോരെയും അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആതുരശുശ്രൂഷ രംഗത്ത് കുറേനാള്‍ തന്നോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന നന്മകളെപ്പറ്റി ഡോക്ടര്‍ അവനെ ബോധവാനാക്കി. പക്ഷെ മാര്‍ട്ടിന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഡൊമിനിക്കന്‍ ആശ്രമത്തിലേക്ക്
ഡൊമിനിക്കന്‍ സഭയില്‍ ഭൃത്യനായി ജോലിചെയ്യുവാനുള്ള ഇരുപത്തിയഞ്ച് വയസ്സുകാരന്റെ തീരുമാനം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. തികഞ്ഞ ആത്മാര്‍ത്ഥതയും ലാളിത്യവും നിറഞ്ഞ ഈ നീഗ്രോ പയ്യനെ കണ്ട് ആശ്രമ അധികാരികള്‍ ആശ്ചര്യപ്പെട്ടു. അവര്‍ ദാരിദ്ര്യത്തിലും ആശ്രമം ഋണബാധ്യതയിലും ആയതിനാല്‍ ശമ്പളമായി ഒന്നും നല്‍കാന്‍ നിവൃത്തിയില്ലെന്നും പ്രിയോര്‍ അറിയിച്ചു. തനിക്ക് പണത്തില്‍ താല്‍പ്പര്യമില്ലെന്നും ശുശ്രൂഷയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ഒരു തുണ സഹോദരനായാലോ എന്ന് പ്രിയോര്‍ ചോദിച്ചു. അതിനു മറുപടിയായി തുണ സഹോദരന്മാരുടെ ഒരു ഭൃത്യനാകാനാണ് ആഗ്രഹമെന്ന് അവന്‍ പറഞ്ഞു. കുറേ പര്യാലോചനക്കു ശേഷം മാര്‍ട്ടിനെ അവര്‍ സ്വീകരിച്ചു.

ഒരു പുതിയ മനുഷ്യന്‍
വൈദികരും, മതാധികാരികളും ധരിക്കുന്ന വേഷം ഒരു പ്രതീകമാണ്. താന്‍ ഇപ്പോള്‍ ക്രിസ്തുവിന്റെതാണെന്ന് ഓര്‍മ്മിക്കുന്നതിനുവേണ്ടി മാര്‍ട്ടിനും ഒരു വേഷം വേണം. വൈദികര്‍ ധരിക്കുന്ന വസ്ത്രത്തോട് സാമ്യമുള്ളതും എന്നാല്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും തോളിലൂടെ ഇറങ്ങി കിടക്കുന്ന നീളമുള്ള സ്‌കാപ്പുകള്‍ ഇല്ലാത്തതും വെള്ള കമ്പിനൂല്‍ കൊണ്ട് ഉണ്ടാക്കിയതുമായ ഒന്നായിരുന്നു മാര്‍ട്ടിന്റെ വേഷം. കഴുത്തിലും, തുകല്‍ ബെല്‍റ്റിലും ഓരോ വലിയ കൊന്ത തൂങ്ങിക്കിടന്നിരുന്നു. അങ്ങനെ വെള്ളവസ്ത്രം ധരിച്ച് മാര്‍ട്ടിന്‍ പുതിയ ജീവിതമാരംഭിച്ചു.

നീഗ്രോകളുടെ പ്രാര്‍ത്ഥന
ലാളിത്യത്തിന്റെ ഉടമയായിരുന്നു മാര്‍ട്ടിന്‍. നീഗ്രോകളുടെ സമൂഹപ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ ദൈവത്തോട് എത്ര ലാളിത്യമായി അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് നമുക്ക് മനസ്സിലാകും. അന്നന്നത്തെ ആവശ്യത്തിനും തെറ്റുകള്‍ ക്ഷമിക്കുന്നതിനും വേണ്ടിയുള്ള സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന അവരുടെ രീതിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ഇപ്രകാരമാകുന്നു. ''ഇന്നത്തേയ്ക്കുള്ള ഇറച്ചിയും ചോറും ഞങ്ങള്‍ക്ക് നല്‍കണമെ. ഞങ്ങളോട് മോശമായി പെരുമാറുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്ന രീതിയില്‍ ഞങ്ങള്‍ മോശമായി പെരുമാറുന്നത് ഞങ്ങളോടും ക്ഷമിക്കണമെ. മോശമായ വഴിയിലൂടെ പോകാനും മോശമായ കാര്യങ്ങള്‍ ചെയ്യാനും ഞങ്ങളെ അനുവദിക്കരുതെ''നന്മ നിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥനയിലൂടെയുള്ള അവരുടെ അപേക്ഷ ഇങ്ങനെയാണ്. ''പരിശുദ്ധ മറിയമെ ദൈവമാതാവേ, മോശപ്പെട്ട ആള്‍ക്കാരായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങള്‍ മരിക്കാന്‍ പോകുന്ന സമയത്തും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെ'' മാര്‍ട്ടിന്‍ ഡി പോറസ് ഈ ലാളിത്യത്തിന്റെയും നിഷ്‌കളങ്കതയുടെയും വിശുദ്ധനാണ്.

മാര്‍ട്ടിന്റെ പ്രഭാതാനുഷ്ഠാന മുറകള്‍
മാര്‍ട്ടിന്റെ പ്രഭാതാനുഷ്ഠാനമുറകള്‍ ഇപ്രകാരമായിരുന്നു. ക്രൂശിത രൂപത്തിന് മുന്നില്‍ തലകുമ്പിട്ട് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നു പറയും. അതിനുശേഷം പരിശുദ്ധ കന്യാമറിയത്തിന്റെയും വുശുദ്ധ ഡൊമിനിക്കിന്റെയും ഭിത്തിയിലുള്ള ചിത്രത്തില്‍ നോക്കി പ്രാര്‍ത്ഥിക്കും. വാഴ്ത്തപ്പെട്ട പ്രിയ അമ്മേ! ഈ ദിവസത്തില്‍ ഞാന്‍ എന്തിനെങ്കിലും പ്രയോജനമുള്ളവനായി തീരേണമെ. പരിശുദ്ധ പിതാവായ വിശുദ്ധ ഡൊമിനിക്കേ എന്റെ ജോലിയില്‍ എന്നെ സഹായിക്കാന്‍ വരണമെ. ഒി. യൗസേപ്പിതാവെ ഈ ആശ്രമത്തിലുള്ള ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമെ. പ്രാഭതത്തിലെ മണിനാദം കേള്‍ക്കുമ്പോള്‍ തന്നെ ദേവാലയത്തില്‍ എത്തും. ദിവ്യബലിയില്‍ സഹായിക്കുന്നതിന് പ്രത്യേകാനുമതി നല്‍കപ്പെട്ട ദേവാലയങ്ങളിലൊന്നിലാണ് അദ്ദേഹം പോയിരുന്നത്. ദിവസത്തിന്റെ ആരംഭത്തില്‍ പരിശുദ്ധമാക്കപ്പെട്ട ജീവിതത്തിലെ ഓരോ മണിക്കൂറുകളും തിരക്കുപിടിച്ചതാണ്. പാത്രങ്ങള്‍ കഴുകണം, ആശ്രമം അടിച്ചുവൃത്തിയാക്കണം. ലിനന്‍ തുണികള്‍ മടക്കിവയ്ക്കണം. തോട്ടം നനയ്ക്കണം, ദിവസവും ചെയ്യേണ്‍ വേറെ നൂറുകൂട്ടം ജോലികളുമുണ്ട്.

എലിയെ പോറ്റി വളര്‍ത്തിയ വിശുദ്ധന്‍
ഒരു ദിവസം പള്ളിസൂക്ഷിപ്പുകാരനായ ബ്രദര്‍ മൈക്കിള്‍ പ്രഭാത ഭക്ഷണത്തിനുശേഷം ധൃതിയില്‍ അന്നത്തെ പരിപാടികള്‍ക്ക് പോകാന്‍ ഒരുങ്ങുകയാണ്. ലിനന്‍ തുണികള്‍ എടുത്ത് നോക്കിയപ്പോള്‍ അത് എലി കരണ്ട് ദ്വാരം ഉണ്ടാക്കിയിരുന്നു. അള്‍ത്താര വിരികളും പുറങ്കുപ്പായവും എലി വെട്ടി നശിപ്പിച്ചിരുന്നു. ഈ വസ്ത്രങ്ങളെല്ലാം മേശപ്പുത്ത് കൂട്ടിയിട്ടശേഷം അദ്ദേഹം പ്രിയോര്‍ അച്ചനെ അന്വേഷിച്ചുപോയി. ബ്രദര്‍ മൈക്കിള്‍ പ്രിയോര്‍ അച്ചനോട് സങ്കടങ്ങള്‍ രേഖപ്പെടുത്തി. അച്ചന്‍ എല്ലാം മൗനമായിരുന്ന് കേട്ടു. കുറേ നേരം അദ്ദേഹം ചിന്തിച്ചു. എന്തു ചെയ്യും? അവസാനം പ്രിയോര്‍ അച്ചന്‍ പറഞ്ഞു മാര്‍ട്ടിനോട് പറയുക. ഇക്കാര്യത്തില്‍ മാര്‍ട്ടിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും. എലികളുടെ കാര്യത്തില്‍ മാര്‍ട്ടിനെന്തു ചെയ്യാന്‍. ബ്രദര്‍ മൈക്കിള്‍ പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്ക് പോയി. എലികള്‍ തുണികള്‍ നശിപ്പിച്ച കാര്യം മാര്‍ട്ടിനെ അറിയിച്ചു. എല്ലാം കേട്ടശേഷം മാര്‍ട്ടിന്‍ പറഞ്ഞു. ഇത് എന്റെ കുറ്റമാണ്. ഞാന്‍ എലികള്‍ക്ക് തീറ്റ കൊടുക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന് പ്രകൃതിയോടും മൃഗങ്ങളോടും സഹോദര നിര്‍വ്വിശേഷമായ സ്‌നേഹം തോന്നി. എത്ര ശ്രമിച്ചിട്ടും എലികളെ നേരെ നീരസപ്പെടുത്താന്‍ മാര്‍ട്ടിന് കഴിഞ്ഞില്ല. അലഞ്ഞുതിരിയുന്ന പൂച്ചകള്‍ക്ക് താന്‍ ഭക്ഷണം കൊടുത്തിട്ടുണ്ട്. മുയിലിന്റെ മുറിവുകള്‍ വെച്ചുകെട്ടി സുഖപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ പാവം എലികള്‍ക്ക് താന്‍ ഒരു റൊട്ടി കഷണംപോലും കൊടുത്തിട്ടില്ല. ഒടുവില്‍ മാര്‍ട്ടിന്‍ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം ചോദിച്ചു. എവിടെവെച്ചാണ് അവസാനം എലിയെ കണ്‍ത്? ഒരാള്‍ പറഞ്ഞു: തോട്ടത്തില്‍വെച്ച് മാര്‍ട്ടിന്‍ നടന്ന് തോട്ടത്തില്‍ ചെന്നു എലിമാളം കണ്ടുപിടിച്ചു. അതിനുശേഷം ഗുഡ് മോണിംഗ് പറഞ്ഞ് എലികളെ അഭിവാദ്യം ചെയ്തു. നീയും നിന്റെ കൂട്ടുകാരും കൂടി നശിപ്പിച്ച ലിനന്‍ തുണികളെപ്പറ്റി സംസാരിക്കാനാണ് ഞാന്‍ വന്നത്. അതിന് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണം തരാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിങ്ങളുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ എല്ലാ എലികളും ആശ്രമം വിട്ടുപോവുകയും ഇപ്പോള്‍ ഉപയോഗമില്ലാതെ കിടക്കുന്ന പഴയ കളപ്പുരയില്‍ താമസിക്കാന്‍ സമ്മതിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഓരോ ദിവസവും എത്തിച്ചു തരുന്നതാണെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആ കൂടിക്കാഴ്ചക്ക് ഫലമുണ്ടായി. എലികള്‍ അത് അനുസരിച്ചു. മാര്‍ട്ടിന്‍ ആശ്രമത്തിലേക്ക് തിരിച്ചുനടന്നു. പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ബ്രദറിനോട് മാര്‍ട്ടിന്‍ പറഞ്ഞു. ഇനി എലികള്‍ തുണി നശിപ്പിക്കുകയില്ല. ആശ്രമത്തിലുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സര്‍വ്വ എലികളും ആശ്രമം വിട്ടുപോവുകയും, പഴയ കളപ്പുരയില്‍ താമസമാക്കുകയും ചെയ്തു. മാര്‍ട്ടിന്റെ അതിഥികളെപോലെ മാന്യന്മാരായി അവര്‍ കളപ്പുരയില്‍ നല്ല ഭക്ഷണം കഴിച്ച് സുഖമായി ജീവിതം ആരംഭിച്ചു.
െ്രെകസ്തവ സ്‌നേഹത്തിന്റെ പ്രയോക്താവ്.

ലേ ബ്രദര്‍ലേക്കുള്ള വിളിയുടെ തുടക്കം
കടബാധ്യതയാല്‍ സാന്റോ ഡൊമിനിങ്കൊയിലെ ആശ്രമം മുങ്ങുകയാണ്. പ്രിയോരച്ചന്‍ വളരെയധികം ക്ലേശപ്പെട്ടു. ദിവസേന പുതിയപുതിയ കടങ്ങള്‍ ഉായിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തെപ്പറ്റി അറിഞ്ഞ മാര്‍ട്ടിന്‍ ഡി പോറസിനും ദുഃഖമായി. ഓരോ ദിവസവും പ്രിയോര്‍ അച്ചന്‍ ഒരു പൊതിക്കെട്ടുമായി ആശ്രമത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു. ആശ്രമം നിലനിര്‍ത്താന്‍ അവിടെയുള്ള എന്തെങ്കിലും സാധനങ്ങളാണ് അതെന്ന് മാര്‍ട്ടിന്‍ മനസ്സിലാക്കി. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഛായാചിത്രങ്ങള്‍ വരെ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു. ഒരു ദിവസം രാവിലെ മാര്‍ട്ടിന്‍ ഒരു ഇടനാഴിക തൂത്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പ്രിയോര്‍ അച്ചന്‍ രണ്ട് വലിയ പാഴ്‌സലുകള്‍ ചുമന്നുകൊണ്ട് പോകുകയാണ്. മാര്‍ട്ടിന്‍ ഓടി ഭക്ഷണശാലയില്‍ ചെന്നു. ആ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന രണ്ട് ചിത്രങ്ങള്‍ അവിടെ കാണാനില്ല. അവന്റെ ഹൃദയം വേദനിച്ചു. എങ്ങനെയെങ്കിലും പ്രിയോര്‍ അച്ചനെ സഹായിക്കണമെന്ന് തോന്നി. എങ്ങനെ സഹായിക്കും. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരാശയം ഉദിച്ചു. താന്‍ പ്രാപ്തിയും ബലവും വിദ്യാഭ്യാസവും ഉള്ളവനാണ്. തന്നെ അടിമ എന്ന നിലയില്‍ വിറ്റാല്‍ നല്ല വില കിട്ടും. ഈ സമയം പ്രിയോര്‍ അച്ചന്‍ മാര്‍ക്കറ്റിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു. അദ്ദേഹം കുന്നുകയറാന്‍ ബദ്ധപ്പെടുകയാണ്. മാര്‍ട്ടിന്‍ ഓടി കിതച്ച് പ്രിയോര്‍ അച്ചന്റെ അടുക്കലെത്തി അച്ചനോട് പറഞ്ഞു ഈ ചിത്രങ്ങള്‍ വില്‍ക്കേണ്‍ യാതൊരാവശ്യവുമില്ല, എന്നെ വില്ക്കുക. ഈ ചിത്രങ്ങള്‍ വിറ്റാല്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ പണം എന്നെ വിറ്റാല്‍ കിട്ടും. ആശ്രമത്തിന്റെ എല്ലാ കടങ്ങളും വീട്ടാന്‍ ഇതുവഴി സാധിക്കും. പ്രിയോര്‍ ആശ്ചര്യപ്പെട്ട് നിന്നുപോയി. തന്നെ മുഴുവനായും മനസ്സിലാക്കിയ ആശ്രമവാസിയെയോര്‍ത്ത് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം ആ ചിത്രങ്ങള്‍ മതിലില്‍ ചാരിവെച്ചു. അതിനുശേഷം മാര്‍ട്ടിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് പറഞ്ഞു. ''വേണ്‍ മാര്‍ട്ടിന്‍ നീ അതേപ്പറ്റി ചിന്തിക്കരുത്. ഭൂമിയിലെ എല്ലാറ്റിനെക്കാളും വിലപിടിപ്പുള്ളവനാണ് നീ. മാര്‍ട്ടിന്‍ ചിന്താകുഴപ്പത്തിലായി. ചിന്താമഗ്‌നനായി നില്‍ക്കുന്ന മാര്‍ട്ടിനോട് അച്ചന്‍ ഇത്രമാത്രം പറഞ്ഞു. മാര്‍ട്ടിന്‍ ഇപ്പോള്‍ എന്റെ കൂടെവരു. വില്ക്കുന്ന കാര്യത്തെപ്പറ്റി ഇനി സംസാരിക്കണ്‍. ഈ പാഴ്‌സല്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകാന്‍ എന്നെ സഹായിക്കുക. ക്രിസ്തുവിനെപ്പോലെ വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്ന ഒരു ഭൃത്യനെ കിട്ടിയതില്‍ പ്രിയോര്‍ ദൈവത്തെ സ്തുതിച്ചു.

കൂടുതല്‍ ഉയര്‍ന്ന സ്ഥാനത്തേയ്ക്ക്
ഒരു ദിവസം പ്രിയോര്‍ അച്ചന്‍ മാര്‍ട്ടിനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. മാര്‍ട്ടിന്‍ അടുത്തെത്തിയപ്പോള്‍ അച്ചന്‍ പറഞ്ഞു മാര്‍ട്ടിന്‍, നിന്റെ കാര്യത്തെപ്പറ്റി ഞാന്‍ ദൈവത്തോട് വളരെ നേരം പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കാന്‍ ദൈവം തിരുമനസ്സായിരിക്കുന്നു. ഞാന്‍ നിന്നെ ഡൊമിനിക്കന്‍ ഒന്നാം സഭയിലെ ഒരു ലേ ബ്രദര്‍ ആക്കാന്‍ പോവുകയാണ്. മാര്‍ട്ടിന്‍ ഞെട്ടിപ്പോയി സംസാരിക്കാനാവാത്തവിധം അവന്‍ സ്തബ്ദനായിപ്പോയി. അവന്റെ പ്രതിഷേധങ്ങളൊന്നും പ്രിയോര്‍ ചെവിക്കൊണ്ടില്ല. അവസാനം അത്യധികം വിനയത്തോടെ അവനത് സമ്മതിച്ചു. പഴയ ജോലികള്‍ അതേപടി തുടര്‍ന്നുകൊണ്ടുപോവുക എന്നതുമാത്രമാണ്. മാര്‍ട്ടിന് ചെയ്യാന്‍ ഉണ്ടായിരുന്നത്. അതിന് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങളാല്‍ പരിശുദ്ധമാക്കപ്പെടണമെന്നുമാത്രം. ഈ വ്രതം എടുക്കുന്നത് വീണ്ടും ഒരു മാമ്മോദീസാ സ്വീകരിക്കുന്നതിന് തുല്യമാണെന്ന് ആശ്രമാധികൃതര്‍ മാര്‍ട്ടിനോട് പറഞ്ഞു. വ്രതവാഗ്ദാന ദിനത്തില്‍ ജ്ഞാനസ്‌നാന ജലംകൊണ്ട് കഴുകി ശുദ്ധമാക്കപ്പെട്ടതുപോലെ പ്രഭാപൂരിതമായ ആത്മാവോടുകൂടി അവന്‍ ദൈവത്തിന്റെ മുമ്പില്‍ നിന്നു. മാര്‍ട്ടിന്‍ വളരെയേറെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു.

ഒരേസമയം രണ്ടിടത്ത്
ശക്തമായ പനിയെത്തുടര്‍ന്ന് ശയ്യാവലംബിയായ ഫാ. ജോണ്‍ ആ ആശ്രമത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയുടെ കതക് രാത്രിയില്‍ എന്നും പൂട്ടിയാണ് ഇടുക. രാത്രിയില്‍ ശക്തമായ വേദന ഫാ. ജോണിന് ഉണ്ടായി. അദ്ദേഹത്തിന്റെ തൊണ്‍ ദാഹിച്ചു വരണ്ടു. അല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...മാര്‍ട്ടിന്‍... അദ്ദേഹം വിളിച്ചു. എന്താവശ്യമുണ്ടെങ്കിലും ആശ്രമത്തിലുള്ളവര്‍ ആദ്യം വിളിക്കുന്ന പേര് മാര്‍ട്ടിന്റെതാണ്. ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം കണ്ണുതുറന്നുനോക്കിയപ്പോള്‍ കതക് തുറക്കാതെ മാര്‍ട്ടിന്‍ അതാ തന്റെ മുമ്പില്‍ ഒരു പാത്രം വെള്ളവുമായി നില്‍ക്കുന്നു. മാര്‍ട്ടിന്‍ തന്റെ മുറിയില്‍നിന്ന് പുറത്തിറങ്ങാതെ ഫാ. ജോണിന്റെ അടുത്ത് ചെന്നുവെന്നാണ് ആശ്രമവാസികള്‍ പറഞ്ഞത്. ഒരേ സമയം ഒന്നിലധികം സ്ഥലത്ത് സന്നിഹിതനാകാനുള്ള മാര്‍ട്ടിന്റെ കഴിവിനെപ്പറ്റി ചില്ലരെല്ലാം അടക്കിയ സ്വരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. മൂറിഷ് അല്‍ജിയേഴ്‌സില്‍ താന്‍ രോഗിയായ ഒരു തടവുകാരനായിരുന്നപ്പോള്‍ മാര്‍ട്ടിന്‍ തന്നോട് സൗഹൃദം പുലര്‍ത്തിയ വിവരം ഒരാള്‍ ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിച്ച് എല്ലാവരെയും വിസ്മയഭരിതരാക്കിയതാണ് മറ്റൊരു സംഭവം.

വൈദിക വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്
ഒരിക്കല്‍ മാര്‍ട്ടിനോടൊപ്പം നടക്കാന്‍ പോയ കുറേ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് പുതുമയുള്ള മറ്റൊരു കാര്യമാണ്. മാര്‍ട്ടിന്‍ കൃത്യമായി പ്രാര്‍ത്ഥിക്കുന്ന ബ്രദറാണ്. പ്രാര്‍ത്ഥനാ സമയമാകുന്നതിന് ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അവര്‍ ആശ്രമത്തില്‍ നിന്നും മൈലുകള്‍ അകലെയായിരുന്നു. സമയം വൈകിയെന്ന് അദ്ദേഹം പറയുകയും അടുത്ത നിമിഷത്തില്‍ തന്നെ അവര്‍ ആശ്രമത്തിന് അടുത്തെത്തുകയും ചെയ്തു. വൈദിക വിദ്യാര്‍ത്ഥികള്‍ സ്തബ്ദരായി നിന്നുപോയി. മരിച്ചവനെ ഉയര്‍പ്പിക്കുന്നു്. മാര്‍ട്ടിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധമാനമായ തോതില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം മാര്‍ട്ടിന്‍ ഡി പോറസ് സാന്റോ ഡോമിന്‍ഗോയിലേക്ക് തിരികെ വന്നപ്പോള്‍ ആശ്രമത്തിലുള്ളവരെല്ലാം ദുഃഖിതരായിരിക്കുന്നത് കണ്ടു. അദ്ദേഹം കാര്യം അന്വേഷിച്ചപ്പോള്‍ ബ്രദര്‍ തോമസ് മരിച്ചുവെന്നുള്ള വാര്‍ത്തയാണ് കിട്ടിയത്. തീവ്രവേദനയുടെ പാരമ്യത്തില്‍ അദ്ദേഹം മാര്‍ട്ടിനെ കാണണമെന്ന് പലപ്രാവിശ്യം ആവശ്യപ്പെട്ടിരുന്നുവെന്നും അറിയിച്ചു. അപ്പോള്‍ അദ്ദേഹം സത്യത്തില്‍ മരിച്ചോ? നിങ്ങള്‍ക്ക് അത് തീര്‍ച്ചയുണ്ടോ? മാര്‍ട്ടിന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് നിശ്ചയമുണ്ട്. എന്നവര്‍ മറുപടി പറഞ്ഞു. മാര്‍ട്ടിന്‍ പറഞ്ഞു. എന്നെ എത്രയും വേഗം ബ്രദര്‍ തോമസിന്റെ അടുക്കല്‍ കൊണ്ടുപോവുക പ്രതീക്ഷയുടെ കനത്ത നിശബ്ദത അവിടെ മുഴുവന്‍ വ്യാപിച്ചു. അവര്‍ മാര്‍ട്ടിനെ ബ്രദര്‍ തോമസിന്റെ മൃതദേഹത്തിന് അടുക്കലേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ക്രൂശിത രൂപത്തിനു മുമ്പില്‍മുട്ടുകുത്തി. ഫാ. ഫെര്‍ണ്ടാസ് നോക്കിനില്‍ക്കവെ എഴുന്നേറ്റ് മൃതദേഹത്തിന്റെ തണുത്ത മരവിച്ചകരം കയ്യിലെടുത്തുകൊണ്ട് പറഞ്ഞു; യേശുക്രിസ്തുവിന്റെ നാമത്തില്‍ ബ്രദര്‍ തോമസ് എഴുന്നേല്‍ക്കുക. പെട്ടെന്ന് അദ്ദേഹം എഴുന്നേറ്റിരുന്നു. താങ്കള്‍ക്ക് ഇപ്പോള്‍ വിശക്കുന്നുണ്ടാവും എന്നു പറഞ്ഞ് അലമാര തുറന്ന് കുറച്ചുഭക്ഷണം എടുത്തുകൊടുത്തു. അതിനുശേഷം എലികളോടു ചെയ്ത ഉടമ്പടി പാലിക്കുവാനായി പെട്ടെന്ന് മുറിയില്‍ നിന്നിറങ്ങി പുറത്തേയ്ക്ക് പോയി. സഹപാഠികള്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ബ്രദര്‍ തോമസ് ഉന്മേഷവാനായി ഭക്ഷണം കഴിക്കുന്നതാണ് കണ്‍ത്.

രാത്രിയെ പകലാക്കിയവന്‍
ബ്രദര്‍ മാര്‍ട്ടിന്‍ ഡി പോറസിനെപ്പറ്റി ആശ്ചര്യകരമായ കാര്യങ്ങള്‍ തുടര്‍ന്നും പ്രചരിച്ചു. ജോണ്‍ വാസ്‌ക്വെസ് എന്ന സ്‌പെയിന്‍ കാരന്‍ ഡൊമിനിക്കന്‍ സഭാംഗങ്ങളോടൊരുമിച്ച് താമസിക്കുവാനായി വന്നു. ഈ സ്‌പെയിന്‍കാരന് ലീമായില്‍ സുഹൃത്തുക്കള്‍ ആരും ഇല്ലാത്തതിനാല്‍ മാര്‍ട്ടിന്‍ തന്റെ മുറിയില്‍ അദ്ദേഹത്തെ താമസിപ്പിച്ചു. തലേദിവസം രാത്രി നടന്ന ഭൂകമ്പത്തെപ്പറ്റിയും അതേ തുടര്‍ന്നുണ്ടായ ഭീതിയെപ്പറ്റിയും പറയുവാന്‍ ജോണ്‍ വാസ്‌ക്വെസ് സങ്കീര്‍ത്തിയില്‍ ബ്രദര്‍ മാര്‍ട്ടിന്റെ അടുക്കല്‍ ചെന്നു. അതിനുശേഷം മാര്‍ട്ടിന്‍ ഉണ്ടാക്കിക്കൊടുത്ത താല്ക്കാലിക കട്ടിലില്‍ ജോണ്‍ വാസ്‌ക്വെസ് കിടന്നു. രാത്രിയില്‍ ഒരു പ്രകാശം കണ്ട് അദ്ദേഹം ഞെട്ടിയുണര്‍ന്നു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ അയാള്‍ അന്ധാളിച്ചുപോയി. മുറിയ്ക്കുള്ളില്‍ ഒന്നാന്തരം പകല്‍ വെളിച്ചം. ജനാലയില്‍ കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ പുറത്തെല്ലാം അര്‍ദ്ധരാത്രിയുടെ പ്രതീതി. അദ്ദേഹം ഞെട്ടി മാര്‍ട്ടിനെ വിളിച്ചെങ്കിലും. മാര്‍ട്ടിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പാദത്തിന് താഴെ തറയുടെ ശക്തമായ തണുപ്പ്, ഹൃദയത്തില്‍ ഭീതിയുടെ കറുത്തകരം. അയാള്‍ വേഗത്തില്‍ കട്ടിലില്‍ കയറി തല പുതച്ചുമൂടികിടന്നു. പ്രഭാതത്തില്‍ മാര്‍ട്ടിന്‍ അയാളെ വിളിച്ചുണര്‍ത്തി. ജോണ്‍ സൂക്ഷിച്ചുനോക്കി, അതെ പഴയ മാര്‍ട്ടിന്‍ തന്നെ. കറുത്തമുഖവും... ശരീരവും...അതേ ചിരിയുമായി അതാ, തന്റെ മുമ്പില്‍ ഒരുകപ്പ് കാപ്പിയുമായി നില്‍ക്കുന്നു.

അന്ത്യനാളുകള്‍
ഇതിനിടയിലും മാര്‍ട്ടിന്‍ തന്റെ ജോലികള്‍ എല്ലാം കൃത്യമായി ചെയ്തുപോന്നു. ആശ്രമം അടിച്ചുവൃത്തിയാക്കുക, രോഗികളെ പരിചരിക്കുക, പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക, എലികളോട് ചെയ്ത വാക്കുപാലിക്കുക ഇതിനൊന്നു മുടക്കം വരുത്തിയില്ല. ഒരു ദിവസം ചൂലുമെടുത്ത് ആശ്രമപരിസരം വൃത്തിയാക്കുമ്പോള്‍ വേദനയുടെ കുത്തലുകള്‍ കൂടെക്കൂടെ അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോള്‍ ചൂല് നിലത്ത് അമര്‍ത്തിപിടിക്കും. ആ അമര്‍ത്തല്‍ മരണത്തെ ഹസ്തദാനം ചെയ്യാന്‍ നില്‍ക്കുന്നതു പോലെ തോന്നി. ഒരു ദിവസം ആശ്രമം വൃത്തിയാക്കുമ്പോള്‍ അദ്ദേഹത്തിന് വേദനകൂടി. അടുത്തുനിന്ന വൈദികനോട് തനിക്ക് മുറിയില്‍ പോയി കിടക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ട്ടിനെപോലെ ഒരാള്‍ വേദനയുടെ സമയത്ത് മുറിയില്‍ പോയി വിശ്രമിക്കണം. എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മരണം അടുത്തെത്തിയിരിക്കുന്നുവെന്നാണ്.

മരണത്തെപ്പറ്റിയുള്ള പ്രവചനം
ഒരു ദിവസം മാര്‍ട്ടിന്‍ ഡി പോറസ് മോടിയുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു. ആശ്രമവാസികളെല്ലാം അത്ഭുതപ്പെട്ടു. ജീവിതകാലം മുഴുവന്‍ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചവന്‍ ഇപ്പോഴിതാ മോടിയായി വസ്ത്രം ധരിച്ച് വന്നിരിക്കുന്നു. ചിലരെങ്കിലും പരിഹസിച്ചു. മാര്‍ട്ടിന്‍ പറഞ്ഞു എന്റെ ശവസംസ്‌ക്കാരത്തിന് ഒരു പുതിയ വേഷം വേണമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ഇതുകേട്ട മാര്‍ട്ടിന്റെ സുഹൃത്ത് അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. മാര്‍ട്ടിന്‍ ശാന്തനായി വിശദീകരിച്ചു; ഞാന്‍ നാലുദിവസത്തിനകം മരിക്കാന്‍ പോവുകയാണ്!്.

ലീമാ ഇളകിമറിയുന്നു
ഈ വാര്‍ത്ത കാട്ടുതീപോലെ ലീമാ മുഴുവന്‍ പടര്‍ന്നു. മാര്‍ട്ടിന്‍ ഡി പോറസിന്റെ ഉപവിയുടെ ഫലം അനുഭവിച്ചറിഞ്ഞ ഇന്ത്യക്കാരും, സ്‌പെയിന്‍കാരും, നീഗ്രോകളും വെള്ളക്കാരുമടങ്ങിയ ഒരു വലിയ ജനക്കൂട്ടം ലീമായിലേക്ക് ഒഴുകാന്‍ തുടങ്ങി. രാജാവിന്റെ വൈസ്രോയി ഡോണ്‍ ലിന്യൂസ് ഫെര്‍ണാണ്‍സ് ബൊബാഡില്ല മാര്‍ട്ടിനോട് യാത്രചോദിക്കാനായി ദ്രുതഗതിയില്‍ ലീമായിലെത്തി. മെക്‌സിക്കോ ബിഷപ്പ് മാര്‍ട്ടിന്റെ ജീവനെ രക്ഷിക്കാന്‍ എത്രപണം വേണമെങ്കിലും ചെലവാക്കണമെന്ന് പറഞ്ഞ് ഡൊമിനിക്കന്‍ സഭാധികാരികള്‍ക്ക് എഴുതി.

അവസാന അഭ്യര്‍ത്ഥന
അസാധാരണമായ സാഹചര്യത്തില്‍ മാര്‍ട്ടിനെ സന്ദര്‍ശിക്കാന്‍ വന്ന വൈസ്രോയിയെ പ്രിയോര്‍ അച്ചന്‍ എല്ലാ ആചാരമര്യാദകളോടും കൂടി സ്വീകരിച്ചു. പക്ഷെ ഇതിനിടയില്‍ വിചിത്രമായൊരു കാര്യം നടന്നു. തന്റെ മുറിയിലേക്ക് ആരെയും ഇപ്പോള്‍ കടത്തിവിടരുതെന്നും, തന്നെ ഏകനായിരിക്കുവാന്‍ അനുവദിക്കണമെന്നും മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. പ്രിയോര്‍ ലജ്ജിതനായി. വൈസ്രോയി ശാന്തനായി പറഞ്ഞു. മാര്‍ട്ടിന്‍ അനുവദിക്കുന്നതുവരെ കാത്തിരിക്കാം. പ്രിയോര്‍ തന്നെ തടഞ്ഞ യുവവൈദിക വിദ്യാര്‍ത്ഥിയെ രൂക്ഷമായി നോക്കി. അദ്ദേഹം തേങ്ങി കരഞ്ഞു. അവന്‍ പറഞ്ഞു: ബ്രദര്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ അദൃശ്യരായ രണ്ട് സന്ദര്‍ശകരുണ്ട്. അത് പരിശുദ്ധ കന്യകാമറിയവും വിശുദ്ധ ഡൊമിനിക്കുമാണ്. മാര്‍ട്ടിന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും നിമിഷം കഴിയുമ്പോള്‍ പ്രിയോര്‍ പറയുന്ന ആരെയും എപ്പോള്‍ വേണമെങ്കിലും കാണാമെന്നും മാര്‍ട്ടിന്‍ അിറയിച്ചിട്ടുണ്ട്. അല്പസമയം കഴിഞ്ഞപ്പോള്‍ മാര്‍ട്ടിനെ സന്ദര്‍ശിക്കാന്‍ വൈസ്രോയിക്ക് അവസരം കിട്ടി. മാര്‍ട്ടിന്റെ കണ്ണുകള്‍ വൈസ്രോയിയില്‍ പതിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. മാര്‍ട്ടിന്റെ പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അദ്ദേഹം യാത്രയായി.

മരണം
വൈസ്രോയി പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ ഡി പോറസ് മരിച്ചു. ലീമാ പതിവുപോലെ ഉണര്‍ന്നു. സാന്റോ ഡോമിന്‍ ഗോയിലെ മരണമണി നീട്ടി അടിച്ചപ്പോള്‍ തങ്ങളുടെ ബ്രദര്‍ മരിച്ചുവെന്ന് ജനം മനസ്സിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണുവാനായി ജനം ആശ്രമത്തിലേക്ക് തിരിച്ചു.

സ്പാനിഷ് പ്രഭ്വിയുടെ സൗഖ്യം
ഡോണാ കാതറൈന്‍ ഗൊണ്‍ സാലെസ് എന്നൊരു സ്പാനിഷ് പ്രഭ്വി 12 വര്‍ഷമായി ഒരു കരം തളര്‍ന്ന് ഇരിപ്പിലായിരുന്നു. ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയ മാര്‍ട്ടിന്റെ കരങ്ങള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ഞാന്‍ സുഖപ്പെടുമെന്നവള്‍ വിശ്വസിച്ചു. അവള്‍ സാന്റോ ഡോമിന്‍ ഗോയിലേക്ക് നീങ്ങുകയും മാര്‍ട്ടിന്റെ മൃതശരീരത്തിങ്കലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന നീണ്‍ നിരയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ശരീരത്തിനരികെ മുട്ടുകുത്തുവാനുള്ള  തന്റെ ഊഴം വരുമ്പോള്‍ തീഷ്ണമായ പ്രാര്‍ത്ഥനയില്‍ തന്റെ ആത്മാവിനെ മുഴുവനായി പകരുന്നതിന് അവള്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ ആ മുഖത്തെ സ്വര്‍ഗ്ഗീയകാന്തി ദര്‍ശിച്ച അവള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രാര്‍ത്ഥന മറന്ന് ഇപ്രകാരം പറഞ്ഞു: ''ഓ ബ്രദര്‍ മാര്‍ട്ടിന്‍ ദയവായി...'' ഇത്രയും പറഞ്ഞ് അവള്‍ തന്റെ കരം അനാവരണം ചെയ്ത് സാവധാനം മാര്‍ട്ടിന്റെ കരങ്ങളിലേക്ക് നീട്ടി. തന്റെ കരത്തില്‍ കൂടി രക്തം പ്രവഹിക്കുന്നതിന്റെ തരിപ്പനുഭവപ്പെട്ടപ്പോള്‍ അത്ഭുതം കൊണ്ട് അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ആ കരച്ചില്‍ അവിടെ കൂടിയ ആയിരക്കണക്കിന് ആത്മാക്കളില്‍ വിശ്വാസവും സന്തോഷവും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി.

മൃതസംസ്‌ക്കാരം
പ്രത്യേക ബഹുമതികളോടെ മൃതശരീരം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോയി. മൃതശരീരത്തിന്റെ നാല് കോണിലും ഉന്നതര്‍ സ്ഥാനംപിടിച്ചു. ഒരു ആര്‍ച്ചുബിഷപ്പ്, ഒരു നീയുക്ത ബിഷപ്പ്, ഒരു വൈസ്രോയി, രാജകീയ കോടതിയിലെ ഒരു ജഡ്ജി എന്നിവരാണ് മൃതശരീരം ചുമന്നത്. ഒരു വലിയ ജനക്കൂട്ടം ഈ കൊച്ചു നീഗ്രോയുടെ ഭൗതികാവശിഷ്ടത്തെ അനുഗമിച്ചു. ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന ദുഃഖാര്‍ത്തരായി നീങ്ങികൊണ്ടിരിക്കുന്ന ജനസമൂഹത്തില്‍ നിന്ന് അലയടിച്ചുയര്‍ന്നു.

ഉപവിയുടെ അപ്പസ്‌തോലന്‍
ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്ന പതിനേഴാം നൂറ്റാണ്ടില്‍ ലോകത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവീണ വിശുദ്ധനാണ് വി. മാര്‍ട്ടിന്‍ ഡി പോറസ്. ഉപവിയുടെ അപ്പസ്‌തോലനായി അദ്ദേഹം ഇന്ന് അറിയപ്പെടുന്നു. സമൂഹത്തിലെ എല്ലാ ജനങ്ങളുമായി അദ്ദേഹം ബന്ധം പുലര്‍ത്തി പ്രത്യേകിച്ച് പാവപ്പെട്ടവരോട്. ക്രിസ്തുവിനെ തന്റെ വാതില്‍ക്കല്‍ കഴിയുന്നിടത്തോളം കുറച്ചുസമയം മാത്രമെ കാത്തുനില്‍ക്കാന്‍ സമ്മതിക്കാവു എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആളുകള്‍ തങ്ങളുടെ ഇടയന്റെ അടുത്തേയ്ക്ക് കൂട്ടംകൂടിയെത്തുന്നതുപോലെ ദരിദ്രര്‍ അവന്റെ അടുക്കലേക്ക് വന്നുകൊണ്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞുവരുന്ന നൊവീസുകള്‍ക്ക് കേക്കും പഴങ്ങളും ഒരുക്കി മുറിയില്‍ കാത്തിരിക്കും. അനേകം അത്ഭുതങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ റിമിക്ക് ന്യൂ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ മാര്‍ട്ടിന്റെ ഒരു പ്രാര്‍ത്ഥന ചൊല്ലിയതിന്റെ ഫലമായി ജലനിരപ്പ് പെട്ടെന്ന് താണു. മാര്‍ട്ടിനെ താന്‍ ചൈനയില്‍ വെച്ച് കണ്ടുമുട്ടിയെന്ന് ഒരു കപ്പല്‍ ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു. പരസ്‌നേഹ പ്രവര്‍ത്തികള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സമയത്തെയും സ്ഥലത്തെയും സംബന്ധിച്ചുള്ള പ്രകൃതി നിയമങ്ങള്‍ മറികടന്ന് അതതുസ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും കടന്നുചെല്ലാന്‍ മാര്‍ട്ടിന്റെ ആത്മാവിന് കഴിഞ്ഞു.

വിശുദ്ധ പദവിയിലേക്ക്
എല്ലാവരുടെയും ഭൃത്യനായി തന്നെത്തന്നെ കരുതിയ ഈ എളിയ നീഗ്രോയുടെ പേരില്‍ ബഹുമതികള്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു. മാര്‍ട്ടിന്‍ ഡി പോറസിനോടുള്ള ഭക്തിയുടെ തരംഗം അതിവേഗമാണ് പ്രചരിച്ചത്. മാര്‍ട്ടിന്‍ ഡി പോറസിന്റെ പാദങ്ങളില്‍ മുട്ടുകുത്തുന്നതിന് രാത്രിയിലും പകലും ജനങ്ങള്‍ വന്നുകൊണ്ടിരുന്നു. 1935 ല്‍ ഈ ഭക്തി പ്രസ്ഥാനം വാഴ്ത്തപ്പെട്ട മാര്‍ട്ടിന്‍ സുഹൃദ്‌സംഘം (Blessed Martin Guide) എന്ന പേരില്‍ മഹാനായ ഉപവിയുടെ അപ്പസ്‌തോലനെ ആദരിക്കുന്നതിനും അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും വേണ്ടി രൂപമെടുത്തു. ന്യൂ ജഴ്‌സി ഈ ഭക്തി പ്രസ്ഥാനത്തിന്റെ വിശ്വകേന്ദ്രമായി മാറി. 1837 ല്‍ ഗ്രിഗറി 16ാം മന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തി. 1962 മെയ് 6 ന് ജോണ്‍ 23ാം മന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വി. മാര്‍ട്ടിന്റെ മുന്നൂറാം ചരമ വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ പെറു അദ്ദേഹത്തെ ആ രാജ്യത്തെ സാമൂഹിക നീതിയുടെ സംരക്ഷകനായി നാമകരണം ചെയ്തു.

മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ആശ്രമത്തില്‍ ഭൃത്യനായെത്തിയ പാവപ്പെട്ട ഈ നീഗ്രോ ലോകചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും കാര്യാന്തരവ്യഗ്രവും ദുഷിതവുമായ ഈ കാലഘട്ടത്തില്‍ അതിവേഗം ശ്രദ്ധ പിടിച്ചുപറ്റിയെന്നത്, തീര്‍ച്ചയായും വളരെ വിസ്മയകരവും, താഴ്ന്നവരുടെ ഉയര്‍ത്തപ്പെടലിനുള്ള അതിശക്തവുമായ ഒരു തെളിവുമാണ്. ക്രൈസ്തവ സ്‌നേഹത്തിന്റെ പ്രയോക്താവും പ്രചാരകനുമായി അദ്ദേഹം ഇന്ന് സഭയില്‍ വണങ്ങപ്പെടുന്നു.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...