സ്ഥലം        :  ബെല്‍ജിയം
ജനനം            :  1840 ജനുവരി 3
മരണം            :  1889 ഏപ്രില്‍ 15
വിശുദ്ധപദവി    :  2009 ഒക്‌ടോബര്‍ 11

കുഷ്ഠരോഗം -ചരിത്രത്താളുകളിലേക്ക്
മധ്യശതകത്തില്‍ കുഷ്ഠരോഗിയെ മരിച്ചവനായി കണകാക്കിയിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാളുടെ മൃതസംസാക്കാര ശുശ്രൂഷ നടത്തിയിരുന്നു.ഒരാള്‍ കുഷ്ഠരോഗിയാണെന്ന് വൈദ്യന്‍ തീര്‍ച്ചപ്പെടുത്തിയശേഷം എല്ലാവരും കാണത്തക്കവിധം ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിപ്പിക്കും. മരിച്ചവനായി സമൂഹം കരുതുന്ന ഈ രോഗിയുടെ അടുക്കല്‍ സഭാധികാരികള്‍ അര്‍ദ്ധരാത്രി എത്തും. അയാളെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ഗൗരവം അയാളെ ബോധ്യപ്പെടുത്തും. ഇത് ദൈവ ശിക്ഷയാണെന്നും, ഇതില്‍ നിന്ന് മോചനം ഇല്ലെന്നും അറിയിക്കും. ഈ രോഗി ഇപ്പോള്‍ മുതല്‍ ലോകത്തിന്റെ മുമ്പില്‍ മരിച്ചിരിക്കുന്നു. അതിനുശേഷം പുരോഹിതന്‍ അയാളുടെ കയ്യില്‍ ഒരു കുരിശ് കൊടുക്കും. തുടര്‍ന്ന് ബന്ധുക്കളുടെ അകമ്പടിയോടെ ദേവാലയത്തിലേയ്ക്ക് ആനയിക്കും. സാധാണ ആള്‍ക്കാരുടെ ശവമഞ്ചം വയ്ക്കുന്നതിന് മുകളില്‍ ഒരു മേല്‍ക്കട്ടി ഉണ്‍ായിരിക്കും. കുഷ്ഠരോഗി അതിന് കീഴെ ഇരിക്കണം. തുടര്‍ന്ന് മരിച്ചവര്‍ക്ക് വേണ്‍ിയുള്ള ദിവ്യബലിയര്‍പ്പിക്കും. ശുശ്രൂഷ കുഴിമാടം വരെ നീളും. സിമിത്തേരിയില്‍ കുഴിയുടെ കരയില്‍ രോഗി മുട്ടുകുത്തും. കാര്‍മ്മികന്‍ അല്പം മണ്ണ് രോഗിയുടെ മേല്‍ എറിയും. അപ്പോള്‍ മുതല്‍ അയാള്‍ സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതനാണ്. അതിനുശേഷം കറുത്തതൊപ്പി തലയില്‍ വയ്ക്കണം. തുടര്‍ന്ന് ഒരു വടി, കൈ ഉറകള്‍, ഒരു പാത്രം, കറ കറ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു മരമണി എന്നിവ നല്കും. ഈ മണി നല്കുമ്പോള്‍ ഇങ്ങനെ പറയും. ഈ മണി നിന്റെ സാന്നിദ്ധ്യം ജനങ്ങളെ അറിയിക്കാനുള്ളതാണ്. ഇതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ജനം കുരിശു വരച്ച് ഓടിപ്പോകും. വര്‍ഷങ്ങള്‍ കഴിഞ്ഞു. കുഷ്ഠരോഗികളുടെ എണ്ണം പെരുകി. ജനം അവജ്ഞയോടെ ഇവരെ വീക്ഷിക്കാന്‍ തുടങ്ങി. 

അങ്ങനെ കുഷ്ഠരോഗികള്‍ സമൂഹത്തിന് മൊത്തം ഭീഷണിയായിത്തീര്‍ന്നു. അവസാനം ഇതിനെതിരെ തിരുസഭ തന്നെ മുന്നിട്ടിറങ്ങി. മണിയുടെ ശബ്ദം ജനത്തെ രോഗികളില്‍ നിന്ന് അകറ്റിയപ്പോള്‍ സന്യാസവൈദികര്‍ രംഗത്തു വന്നു. അവര്‍ തങ്ങളുടെ ആശ്രമങ്ങള്‍ കുഷ്ഠരോഗാശുപത്രിയാക്കി. അവരെ ശുശ്രൂഷിച്ച ആശ്രമങ്ങള്‍ 'ലാസര്‍ഭവന'ങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ആശ്രമങ്ങള്‍ക്ക് ഇക്കാലത്ത് വലിയ സാമ്പത്തികഭാരം ഉണ്‍ായി. അവര്‍ പല കലാപരിപാടികളും, ബോധവല്‍ക്കരണ സെമിനാറുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ച് ഫണ്‍് ശേഖരിച്ചു. രാഷ്ട്രം കുഷ്ഠരോഗാശുപത്രി നടത്തുന്ന സന്യാസിമാര്‍ക്ക് മാടമ്പി സ്ഥാനങ്ങള്‍ നല്‍കി ബഹുമാനിച്ചു. ഹെന്റി മൂന്നാമന്‍ ഇതിന് വലിയ സഹായം ചെയ്ത് കൊടുത്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി സമൂഹം കുഷ്ഠരോഗികളെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും തുടങ്ങി. അവര്‍ക്ക ഭക്ഷണവും, പാര്‍പ്പിടവും കരഗതമായി. കുര്‍ബാന കാണുന്നതിന് പള്ളിയുടെ ഒരു കോണില്‍ കുഷ്ഠരോഗ ജനാലകള്‍ സ്ഥാപിക്കപ്പെട്ടു. ഗ്രിഗറി രണ്‍ാമന്‍ മാര്‍പാപ്പ കുഷ്ഠരോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള അനുവാദവും നല്‍കി. എന്നാല്‍ പിന്നീട് വന്ന പ്ലേഗ് രോഗം യൂറോപ്പിനെ ശ്മശാന ഭൂമിയാക്കി. പ്ലേഗ് മൂലം മരിച്ചവരില്‍ നല്ലൊരു ശതമാനവും കുഷ്ഠരോഗികളായിരുന്നു. ശേഷിച്ചവരെ ലാസര്‍ ഭവനങ്ങള്‍ ശുശ്രൂഷിച്ചു. 1350 ആയപ്പോഴേയ്ക്കും ലണ്‍നില്‍ ഒരു കുഷ്ഠരോഗി പോലും ഉണ്‍ായിരുന്നില്ല. ഫാ. ഡാമിയന്റെ കാലം വരെ ഈ ലാസര്‍ ഭവനങ്ങള്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ചു. ഫാ. ഡാമിയന്റെ കാലഘട്ടത്തിലൂടെയുള്ള യാത്ര നമുക്കാരംഭിക്കാം. 

മൊളോക്കോയിലെ പ്രേക്ഷിതന്‍
ബെല്‍ജിയം രാജ്യത്തെ ട്രെമെലു എന്ന പട്ടണം. ഫ്‌ളമിഷ് വംശരാണ് അവടെ അധികവും. കൃഷിയും കച്ചവടവുമാണ് അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. അവിടുത്തെ ജനങ്ങള്‍ കഠിനാദ്ധ്വാനികളും ഈശ്വര വിശ്വാസികളുമായിരുന്നു. ഈ പട്ടണത്തിലെ ഒരു ധാന്യ കച്ചവടക്കാരനായിരുന്നു ഫ്രാങ്കോ വ്യൂയെസ്റ്റര്‍ (ഫ്രാന്‍സിസ്). കച്ചവട സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്‍ി അദ്ദേഹത്തിന് പല യൂറോപ്യന്‍ രാജ്യങ്ങളും സഞ്ചരിക്കേണ്‍ിയിരുന്നു. കാതറൈന്‍ എന്ന സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. 1840 ജനുവരി 3-ാം തിയതി വ്യൂയെസ്റ്റര്‍ ഭവനത്തില്‍, ഫ്രാന്‍സിസ്-കാതറൈന്‍ ദമ്പതികളുടെ എട്ടുമക്കളില്‍ ഒരുവനായിട്ട് ഡാമിയന്‍ ജനിച്ചു. ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ കുഞ്ഞിനെ ട്രെമെലു ഇടവക ദേവാലയത്തില്‍ കൊണ്‍ുപോയി മാമോദീസാ നല്‍കി. കുഞ്ഞിന്റെ മാമോദീസാപ്പേര് ജോസഫ് എന്നായിരുന്നുവെങ്കിലും ജെഫ് എന്ന ഓമനപ്പേരില്‍ അവര്‍ അറിയപ്പെട്ടു. കാതറൈന്‍ന്റെ അമ്മയാണ് ജോസഫിന്റെ തല തൊട്ടത്. മാമോദിസായുടെ സമയത്ത് കുഞ്ഞ് കൈയുയര്‍ത്തി വീശിയപ്പോള്‍ അമ്മൂമ്മ പറഞ്ഞു: അവന്‍ കുരിശടയാളം വരയ്ക്കുകയാണ്. ഈ കുഞ്ഞ് ഭാവിയില്‍ ഒരു വൈദികനായി തീരും. തലതൊട്ടപ്പന്‍ പറഞ്ഞു. അല്ല അവന്‍ ഒരു പട്ടാളക്കാരനാകും. ഏതായാലും ഭാവിയില്‍ രണ്‍ുപേരുടെയും പ്രവചനം പൂര്‍ത്തിയായി എന്നു പറയാം. തലതൊട്ടമ്മ പറഞ്ഞതുപോലെ ഭാവിയില്‍ അവന്‍ ഒരു പുരോഹിതനും, അതേസമയം കുഷ്ഠരോഗികള്‍ക്കുവേണ്‍ി ഒറ്റക്കു പടപൊരുതിയ ഒരു ധീരപടയാളിയുമായിത്തീര്‍ന്നു. 

കുസൃതികുടുക്ക
എല്ലാ കുട്ടികളെയും പോലെ ജോസഫും കുഞ്ഞുനാളില്‍ ഒരു കുസൃതികുടുക്കയായിരുന്നു. കുതിരവണ്‍ികള്‍ ധാരാളമുള്ള പട്ടണമായിരുന്നു ട്രെമെലു. കുതിരകളെയും, കുതിരവണ്‍ിക്കാരനേയും കബളിപ്പിക്കുക അവിടുത്തെ കുട്ടികളുടെ സ്വഭാവമാണ്. നമ്മുടെ ജോസഫും അക്കാര്യത്തില്‍ ഒട്ടും മോശമായിരുന്നില്ല. കല്ലുകൊണ്‍് കുതിരയെ എറിയുക, കുതിരക്കാരനെ കബളിപ്പിക്കുക. തുടങ്ങിയവ അവന്റെയും ഒരു തമാശയായി മാറി. ഒരു ദിവസം ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ ഓടിക്കൊണ്‍ിരുന്ന ഒരു കുതിരവിയില്‍ അവന്‍ ചാടിക്കയറാന്‍ തയ്യാറായി നിന്നു. കുതിരക്കാരന്‍ ഉറങ്ങുകയാണെന്നാണ് അവന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കുതിരയെ കല്ലെറിയാന്‍ കാത്തുനില്‍ക്കുന്ന കുട്ടികളെ കണ്‍് കുതിരക്കാരന്‍ ഉറക്കം നടിച്ചു. സാഹസികതയോടെ കുതിരവണ്‍ിയില്‍ ജോസഫ് ചാടി കയറി. അയാള്‍ വണ്‍ി നിര്‍ത്തി അവനെ പിടികൂടുകയും ചാട്ടകൊണ്‍് അടിക്കുകയും ചെയ്തു. താന്‍ ചെയ്ത തെറ്റ് അവന് ബോധ്യപ്പെട്ടു. അവനില്‍ ഭയവും കുറ്റബോധവും നിറഞ്ഞു. അന്നു വൈകുന്നേരമായിട്ടും അവന്‍ വീട്ടില്‍ എത്തിയില്ല. ജോസഫിനെ കാണാതെ മാതാപിതാക്കള്‍ ഏറെ വിഷമിച്ചു. അവര്‍ പല സ്ഥലങ്ങളിലും അവനെ അന്വേഷിച്ചു. അവസാനം അവര്‍ തങ്ങളുടെ മകനെ ഇടവക ദേവാലയത്തില്‍ കണ്‍െത്തി. ദേവാലയത്തിലെ അള്‍ത്താരയ്ക്കുമുമ്പില്‍ അവന്‍ കൈകള്‍ ക്കൂപ്പി പ്രാര്‍ത്ഥിക്കുകയാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയ മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഉദ്യമം വിഫലമായി. അവസാനം ഒട്ടും ഭയപ്പെടേണ്‍െന്നും, ശിക്ഷ ഉണ്‍ാകില്ല എന്ന ഉറപ്പിന്‍മേലും അവന്‍ മാതാപിതാക്കളോടൊപ്പം ഭവനത്തിലേയ്ക്കു യാത്രയായി. 

കുഞ്ഞുനാളിലെ കാരുണ്യപ്രവൃത്തി
അല്പം കുസൃതി ഉണ്‍ായിരുന്നെങ്കിലും അതിലുപരി കാരുണ്യമെന്ന പുണ്യം അവനില്‍ കുഞ്ഞുനാള്‍ മുതലെ വിളങ്ങി നിന്നിരുന്നു. ഒരു ദിവസം പള്ളിയില്‍ വെച്ച് പരസ്‌നേഹ പ്രവൃത്തിയെപ്പറ്റിയുള്ള ഒരു പ്രസംഗം കേള്‍ക്കാനിടയായി. അച്ചന്റെ പ്രസംഗം അവന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ആയിടക്ക് അവന്‍ വഴിയില്‍ വെച്ച് ഒരു പാവപ്പെട്ട മനുഷ്യനെ കണ്‍െത്തി. അദ്ദേഹം ഭക്ഷണം കഴിച്ചിട്ട് നാലഞ്ചുദിവസങ്ങളായിരുന്നു. ജോസഫിന് അദ്ദേഹത്തോട് അനുകമ്പ തോന്നി. അദ്ദേഹത്തെ വഴിയില്‍ നിര്‍ത്തിയിട്ട് അവന്‍ ഓടി വീട്ടിലേയ്ക്ക് പോയി. അമ്മ ഒരുക്കിവച്ചിരുന്ന ഉച്ചഭക്ഷണം പാത്രത്തോടെ എടുത്തു കൊണ്‍ുവന്നു കൊടുത്തു. പ്രസംഗം കേട്ട് അതുപോലെ പ്രവര്‍ത്തിച്ച ജോസഫിന് വൈകിട്ട് കച്ചവടം കഴിഞ്ഞ് വീട്ടില്‍ വന്ന പിതാവില്‍ നിന്ന് നല്ല അടിയും കിട്ടി. പിതാവ് അവനോട് പറഞ്ഞു. പാവപ്പെട്ടവരോടുള്ള കാരുണ്യപ്രവൃത്തി നല്ലതാണ്. എന്നാല്‍ മുതിര്‍ന്നവരുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ. 
പ്രിയപ്പെട്ട കുട്ടികളെ, കുട്ടികളായിരിക്കുന്ന നാളില്‍ നിങ്ങള്‍ ചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണെങ്കിലും, അതു നിങ്ങളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ വേണം ചെയ്യാന്‍. 

സ്‌കൂള്‍ ജീവിതം
ഏഴാമത്തെ വയസ്സില്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. രണ്‍ു മൈല്‍ അകലെയുള്ള സ്‌കൂളിലേക്കു നടന്നായിരുന്നു പോയിരുന്നത്. പഠനത്തില്‍ അവന്‍ സമര്‍ത്ഥനായിരുന്നു. ഒഴിവു ദിവസങ്ങളില്‍ ആടുകളെ മേയ്ക്കാന്‍ പോകും. 'ലാക്' നദിയുടെ തീരത്താണ് അവന്‍ ആടുകളെ മേയ്ക്കുക. കരയിലിരുന്ന് പുഴയിലേക്കും പ്രകൃതിയിലേക്കും നോക്കി അവന്‍ അതിന്റെ സൗന്ദര്യം ആസ്വദിക്കും. 'മിണ്‍ാവ്രതം' ജോസഫ് എന്നാണ് ബാല്യകാലത്ത് കൂട്ടുകാര്‍ അവനെ കളിയാക്കി വിളിച്ചിരുന്നത്. 

കുഴിവെട്ടുകാരനോടൊപ്പം
ട്രെമെലുവില്‍ ഒരു കൊല്ലപണിക്കാരനുണ്‍ായിരുന്നു. ചെറിയ ചെറിയ ചെപ്പടി വിദ്യകള്‍ കാട്ടി അദ്ദേഹം കുട്ടികളെ രസിപ്പിച്ചിരുന്നു. പള്ളിയിലെ ശവക്കുഴി കുത്തലും, സിമിത്തേരി സൂക്ഷിപ്പും അദ്ദേഹത്തിനായിരുന്നു. ജോസഫ് അയാളെ ഇഷ്ടപ്പെട്ടു. ചുരുങ്ങിയ ദിവസം കൊണ്‍് അവര്‍ ചങ്ങാതിമാരായി. ജോസഫ് ശവക്കുഴിവെട്ടാന്‍ അയാളെ സഹായിച്ചു. ഭാവിയില്‍ മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ മരിക്കുമ്പോള്‍ അവരെ അടക്കാന്‍ വേണ്‍ിയുള്ള ഒരു അജ്ഞാത തയ്യാറെടുപ്പായിരുന്നു ഇതെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല. 

മകനെപ്പറ്റിയുള്ള സ്വപ്നം
തങ്ങളുടെ ഇളയ മകനെ ഒരു കച്ചവടക്കാരനാക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചു. അതിനായി ഇടവക വികാരിയോട് ആലോചിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം അവര്‍ അവനെ ഹെയിനാള്‍ട്ട് പ്രൊവിന്‍സില്‍പ്പെട്ട ബ്രെയിന്‍ ലീ കോപ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു അക്കാഡമിലേക്കയച്ചു. അവിടെ പഠിക്കുന്ന സമയത്ത് എല്ലാ ദിവസവും അവന്‍ പള്ളിയില്‍ പോകുമായിരുന്നു. ഒരിക്കല്‍ റിഡംപ്റ്ററിസറ്റ് സന്യാസവൈദികര്‍ നടത്തിയ ഒരു ധ്യാനത്തില്‍ അവന്‍ സംബന്ധിച്ചു. ആ പ്രസംഗത്തിന്റ ഫലമായി അവന്റെ മനസ്സില്‍ ദൈവവിളിയെപ്പറ്റിയുള്ള ചിന്ത ഉണര്‍ന്നു. വൈദികനാകന്‍ പഠിക്കുന്ന ജ്യേഷ്ഠന്‍ പാംഫീലിയെ കുറിച്ചും, ഉര്‍സുലിന്‍ മഠത്തില്‍ ചേര്‍ന്ന പൗളിന്‍ ചേച്ചിയെപ്പറ്റിയും അവന്‍ ഓര്‍ത്തു. തമ്പുരാന്റെ മുന്തിരിത്തോപ്പില്‍ ഒരു പടയാളിയാകുവാനുള്ള വിളിയുടെ ആദ്യമുള ആ ഹൃദയത്തില്‍ കുരുത്തു. 

ഒരു ഉള്‍വിളി
നാളുകള്‍ കഴിഞ്ഞു. വൈദികനാകണമെന്നുള്ള ആഗ്രഹം ഉള്ളില്‍ കിടന്ന് വളര്‍ന്നു. അവസാനം മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന, അവരുടെ പ്ലാനുകളെ തകിടം മറിക്കുകയും ചെയ്ത ഒരു തീരുമാനം അവനെടുത്തു. വൈദികനാവുകതന്നെ! അവനിക്കാര്യം മാതാപിതാക്കള്‍ക്കെഴുതി. അദ്ധ്യാപകരുടെയും വൈദികരുടേയും ഉപദ്ദേശം സ്വീകരിച്ചു. ജേഷ്ഠന്‍ പാംഫീലിയ ചേര്‍ന്ന ട്രാപ്പിസ്റ്റ് സന്യാസ സഭയിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞു. ആ സഭയിലെ കഠിന തപശ്ചര്യകളും പ്രായശ്ചിത്ത പ്രവര്‍ത്തികളും അവനെ ഏറെ ആകര്‍ഷിച്ചു. തന്റെ അഭിലാഷം അവന്‍ പാംഫീലിയായെ അറിയിച്ചു. ജ്യേഷ്ഠന്റെ നിര്‍ദ്ദേക പ്രകാരം 1858 ഡിസംബറില്‍ ജോസഫ് ലൂവെയിനിലെത്തി. ജ്യേഷ്ഠന്‍ ആശ്ലേഷിച്ച സന്യാസ സഭയുടെ ചൈതന്യം ഉള്‍ക്കൊണ്‍് ഒരാഴ്ച അവിടെ താമസിച്ചു. അതിനുശേഷം വിദ്യാലയത്തിലേക്ക് മടങ്ങി. 

സന്യാസ സഭയിലേക്ക്
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അവന്റെ പിറന്നാള്‍ ദിനത്തില്‍ പിതാവ് അവനെ കാണുവാനായി ബ്രെയിന്‍ ലീ കോപ്റ്റ് സ്‌കൂളിലെത്തി. അന്ന് അവന്റെ ഇരുപതാം ജന്മദിനമായിരുന്നു. താന്‍ ഇന്ന് കച്ചവടക്കാര്യങ്ങള്‍ക്കായി ലൂവെയിനില്‍ പേകുന്നുെന്നും ഒപ്പം പോന്നാല്‍ ജ്യേഷ്ഠന്‍ പാംഫീലിയായെ സന്ദര്‍ശിക്കാമെന്നും പിതാവ് മകനോടു പറഞ്ഞു. അങ്ങനെ രണ്‍ു പേരും കൂടി ലൂവെയിനിലേക്ക് തിരിച്ചു. ആശ്രമത്തിലെത്തിയ അവര്‍ പാംഫീലിയായെ സന്ദര്‍ശിച്ചു. അതിനുശേഷം വ്യവസായ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സിസ് പട്ടണത്തിലേക്ക് പോയി. ജോസഫാകട്ടെ ചാപ്പലില്‍ കയറി പ്രാര്‍ത്ഥിച്ചു. അതിനുശേഷം ആശ്രമ ശ്രേഷ്ഠനെ കണ്‍ു. ജോസഫിന്റെ തീഷ്ണതയും ഭക്തിചൈതന്യവും മനസിലാക്കിയ ആശ്രമാധികാരി ജോസഫിനോടു പറഞ്ഞു. ഈ ആശ്രമം ഇഷ്ടമായെങ്കില്‍ ഇന്നു മുതല്‍ ഇവിടെ നിന്നു കൊള്ളുക. ആശ്രമ ശ്രേഷ്ഠന്റെ വാക്കുകള്‍ ദൈവസ്വരമായി അവന്‍ സ്വീകരിച്ചു. അങ്ങനെ ജോസഫ് സന്യാസ സഭയില്‍ ചേര്‍ന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചുവന്ന പിതാവ് മകന്റെ തീരിമാനത്തെപ്പറ്റി അറിഞ്ഞു. എങ്കിലും അദ്ദേഹം എതിരായി ഒന്നും പറഞ്ഞില്ല. 

ആശ്രമ ജീവിതം
ആശ്രമത്തില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പഠനത്തിലും അവന്‍ പുരോഗമിച്ചു. ചേട്ടനും അനുജനും ഒരു മുറിയില്‍ താമസമാക്കി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത എത്തിയത്. ജോസഫിന് വൈദികനാകാന്‍ പറ്റില്ല. കാരണം ലത്തീന്‍ ഭാഷ വശമില്ല. വൈദികനാകാന്‍ ലത്തീന്‍ ഭാഷയില്‍ പ്രാവീണ്യം വേണം. അതിനാല്‍ ജോസഫിന് ആശ്രമ ജോലികള്‍ നടത്തുന്ന ഒരു സന്യാസ സഹോദരനായി തുടരാം. അക്കാലത്ത് ആശ്രമത്തിനുവേണ്‍ി ഒരു പുതിയ കപ്പേളയുടെ പണി നടക്കുന്നുണ്‍ായിരുന്നു. കെട്ടിടത്തിന്റെ അടിത്തറക്കാവശ്യമായ കുഴികള്‍ എടുക്കുന്നതിനും കല്ലുകള്‍ എത്തിക്കുന്നതിനും, ജോലിക്കാരെ സഹായിക്കുന്നതിനുവേണ്‍ി ജോസഫ് നിയമിതനായി. അവന്‍ ജോലികളും ഉത്സാഹത്തോടെ ചെയ്തു. 

ബ്രദര്‍ ഡാമിയന്‍
ജോസഫിന് സന്യാസ സഭയില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിനുള്ള ദിനമടുത്തു. ഇപ്പോഴുള്ള പേരിനു പകരം ഒരു പുതിയ പേരു സ്വീകരിക്കണം. അവന്‍ ഒത്തിരി പ്രാര്‍ത്ഥിച്ചു. അവസാനം നാലാം നൂറ്റാണ്‍ില്‍ രക്തസാക്ഷിയായി മരിച്ച വിശുദ്ധ ഡാമിയന്റെ പേര് തിരഞ്ഞെടുത്തു. അങ്ങനെ 1859 ഫെബ്രുവരി 2-ാം തിയതി ജോസഫ് 'ഡാമിയന്‍' എന്ന പേരു സ്വീകരിച്ചു സന്യാസ വ്രതം എടുത്ത് ബ്രദര്‍ ഡാമിയനായി. 

വൈദിക പഠനം
ലത്തീന്‍ ഭാഷ പഠിച്ചാല്‍ വൈദികനാകാം എന്നു മനസ്സിലാക്കിയ ബ്രദര്‍ ഡാമിയന്‍ അതിനുള്ള കഠിന ശ്രമമാരംഭിച്ചു. ആറുമാസം കൊണ്‍് അനായാസം ലത്തീന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ തുടങ്ങി. അവന്റെ തീഷ്ണത മനസ്സിലാക്കിയ അധികാരികള്‍ വൈദിക പഠനത്തിനുള്ള അനുവാദം അവനു കൊടുത്തു. അങ്ങനെ സന്യാസ ആശ്രമത്തില്‍ വൈദിക പഠനം ആരംഭിച്ചു. നവസന്യാസ പരിശീലനത്തിന്റെ അവസാനം പാരീസിലെ മാതൃഭവനത്തില്‍ വെച്ച് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തു. അവിടെ നിന്ന് ദൈവശാസ്ത്രവും, തത്വശാസ്ത്രവും, ലത്തീനും പഠിക്കുന്നതിനുവേണ്‍ി ലുവെയിന്‍ സര്‍വ്വകലാശാലയിലേയ്ക്കു പോയി. അവിടെ അവന്‍ നന്നായി പഠിച്ചു. ദിവസവും മൂന്നു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ചിലവഴിക്കും. ഏഴു മണിക്കൂര്‍ പഠനം. അതിനുശേഷം അല്പം ഉല്ലാസം. 1861-ല്‍ ജ്യേഷ്ഠനായ പാംഫീലിയ വൈദിക പട്ടം സ്വീകരിച്ചു. ഡാമിയന്‍ പഠനം തുടര്‍ന്നു. 

ഒരു പുറപ്പാട്
ഹവായ് ദ്വീപിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്‍ിരുന്ന മോണ്‍. ലുയീസ് മൈഗ്രറ്റ് മെത്രാനോട് ഒരു അഭ്യര്‍ത്ഥന നടത്തി. ഹവായ് ദ്വീപുകളില്‍ കൂടുതല്‍ മിഷനറിമാരെ വേണമെന്നതായിരുന്നു അത്. പത്തു പേര്‍ പോകാന്‍ തയ്യാറായി അപേക്ഷ വച്ചു. അതില്‍ ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ ലിസ്റ്റില്‍ ഫാദര്‍ പാംഫീലിയായും ഉണ്‍ായിരുന്നു. പാംഫീലിയ യാത്രയ്ക്കു തയ്യാറായി. എന്നാല്‍ യാത്രയുടെ തലേദിവസം ടൈഫോയിഡ് പനി പിടികൂടുകയും യാത്ര മുടങ്ങുകയും ചെയ്തു. പകരക്കാരനായി ബ്രദര്‍ ഡാമിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. 1863 നവംബര്‍ 2-ാം തിയതി അവര്‍ കപ്പലില്‍ യാത്ര തിരിച്ചു. അഞ്ചു മാസത്തെ യാത്ര. യാത്രക്കിടയില്‍ ഭയങ്കരമായ കൊടുങ്കാറ്റുണ്‍ായി. കപ്പല്‍ തകരുമെന്ന അവസ്ഥയായി. ബ്രദര്‍ ഡാമിയനും കൂട്ടരും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വിളിച്ച് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കാറ്റ് ശമിച്ചു. 1864 മാര്‍ച്ച് 18-ാം തിയതി ഹോണ്‍ലൂയിലെ തുറമുഖത്തെത്തി. അവിടെ നിന്ന് ബോട്ടിലും ചങ്ങാടത്തിലുമായി ദ്വീപിന്റെ മണ്ണില്‍ കാലുകുത്തി. 
പ്രിയപ്പെട്ട കുട്ടികളെ, ജീവിതത്തിലെ വിഷമഘട്ടങ്ങളിലൂടെയും, അപകട നിമിഷങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ നിങ്ങള്‍ മാതാവിന്റെ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കണം. നിത്യ സഹായ മാതാവ് നിങ്ങളെ സഹായിക്കും. 

ഹവായ് ദ്വീപ്
പന്ത്ര
ണ്ട് ഹവായ് ദ്വീപുകളാണ് ഉള്ളത്. അതില്‍ നാലെണ്ണത്തില്‍ മാത്രമെ മനുഷ്യവാസമുള്ളു. 'കനാക്കകള്‍' എന്നാണ് ഇവിടുത്തെ ജനങ്ങള്‍ അറിയപ്പെടുന്നത്. അഗ്നിപര്‍വ്വതംപൊട്ടി രൂപംകൊണ്‍താണ് ഈ ദ്വീപുസമൂഹം. ലാവയും ഉപ്പും ചേര്‍ന്ന ഈ ദ്വീപിലെ മണ്ണ് ഫലസമ്പുഷ്ടമാണ്. കരിമ്പനയും, യൂക്കാലിയും, ഓറഞ്ചും, വാഴയുമൊക്കെ അവിടെ തഴച്ചു വളരുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഏകദേശം രണ്‍ായിരം മൈല്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് ഹവായ് ദ്വീപുകള്‍ 1778-ല്‍ ക്യാപ്റ്റന്‍ കുക്ക് ആ ദ്വീപില്‍ പ്രവേശിച്ചു. ദ്വീപിലെ പൂര്‍വികരായ നിവാസികള്‍ അദ്ദേഹത്തെ ദേവനായി സ്വീകരിച്ചുവെങ്കിലും ഒരു വര്‍ഷത്തിനുശേഷം കൊന്നുകളഞ്ഞു. ക്യാപ്റ്റന്‍ കുക്കിന്റെ സന്ദര്‍ശനത്തോടെെയാണ് ഹവായ് ദ്വീപ് ലോകചരിത്രത്തില്‍ ഇടം നേടുന്നത്. മതാനുഷ്ഠാനങ്ങളില്‍ നരമാംസഭോജനവും ബഹുഭാര്യത്വവും അവിടെ നിലനിന്നിരുന്നു. 1784 മുതല്‍ 1819 വരെ കാമേഹമേഹാ ഒന്നാമന്‍ രാജാവ് ഹവായ് ദ്വീപുകളെ ഭരിച്ചു. നരബലി അദ്ദേഹം നിര്‍ത്തലാക്കി. കുത്തഴിഞ്ഞ ജീവിതരീതിക്ക് മാറ്റമുണ്‍ായി. ഇക്കാലത്താണ് ക്രൈസ്തവ മിഷനറിമാര്‍ അവിടെയെത്തുന്നത്. ബ്രദര്‍ ഡാമിയന്‍ ദ്വീപിലെത്തുന്ന സമയം പതിനെട്ടു വൈദികരും, പന്ത്രണ്ട് പ്രബോധകരും, പന്ത്രണ്‍ു സന്യാസികളും ഹവായ് ദ്വീപിലുണ്‍ായിരുന്നു. 

പൗരോഹിത്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
ഹോണ്‍ലുലുവിലെത്തി രണ്‍ു മാസം കഴിഞ്ഞപ്പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അപ്പസ്‌തോലിക് വികാരിയായിരുന്ന മോണ്‍. മൈ്രഗറ്റില്‍ നിന്ന് ഏപ്രില്‍ 17-ാം തിയതി പൗരോഹിത്യ പട്ടം സ്വീകരിച്ചു. ഒത്തിരി അകലെയായതിനാല്‍ വീട്ടുകാരോ സുഹൃത്തുക്കളോ ഒന്നും ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ വന്നില്ല. ഹവായിലെ കുറച്ചു വിശ്വാസികള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. അതിനുശേഷം ഹവായിലെ 'പൂണോ' പ്രവിശ്യയില്‍ പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഏകദേശം മുന്നൂറ്റി അന്‍പതോളം കത്തോലിക്കരാണ് പൂണോ ജില്ലയില്‍ ഉണ്‍ായിരുന്നത്. കുറെ വര്‍ഷങ്ങളായി അവര്‍ക്ക് വൈദികരോ കൂദാശ സ്വീകരിക്കുന്നതിനുള്ള അവസരമോ ഉണ്‍ായിരുന്നില്ല. വിശ്വാസ തീഷ്ണത ഒട്ടു മിക്കവര്‍ക്കും നഷ്ടപ്പെട്ടു കഴിഞ്ഞു. പള്ളിയോ സ്‌കൂളോ ഒന്നും അവിടെ ഇല്ലായിരുന്നു. അങ്ങനെ അദ്ദേഹം പൂണോ ജില്ലയിലെ ജനങ്ങളുടെ ഇടയനായി സേവനമാരംഭിച്ചു. വീടുകളിലാണ് ഫാദര്‍ ഡാമിയന്‍ ബലിയര്‍പ്പിച്ചിരുന്നത്. അവിടെ ഒരു ദേവാലയം പണിയുന്നതിന് ഫാദര്‍ ഡാമിയന്‍ മുന്‍കൈയെടുത്തു. കല്ലുകള്‍ ചുമക്കാനും മണ്ണുനീക്കാനും അദ്ദേഹം മുന്നിട്ടറങ്ങി. കാല്‍നടയായും കുതിരസവാരി ചെയ്തും കത്തോലിക്കരെ കണ്‍ുപിടിച്ച് അവരെ സന്മാര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്‍ുവന്നു. ക്രമേണ അവിടുത്തെ ജനങ്ങള്‍ അവരുടെ പുതിയ ഇടയനെ ഹൃദയത്തില്‍ സ്വീകരിച്ചു തുടങ്ങി. അവരുടെ ഭവനങ്ങളില്‍ അദ്ദേഹം ബലിയര്‍പ്പിച്ചു. യൂറോപ്പില്‍ നിന്ന് ആത്മീയ പുസ്തകങ്ങള്‍ വരുത്തി അവരെ ക്രിസ്തീയ തത്ത്വങ്ങള്‍ പഠിപ്പിച്ചു. ക്രമേണ ജനങ്ങള്‍ വിശ്വാസത്തിലേക്കു കടന്നുവരുവാന്‍ തുടങ്ങി. ഉത്തമ വിശ്വാസം സ്വീകരിച്ചവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി. 

പുതിയ കര്‍മ്മരംഗം
പൂണോ പ്രവശ്യയില്‍ അധികനാള്‍ ശുശ്രൂഷ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഫാദര്‍ ക്ലമന്റ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രോഗിയായിതീര്‍ന്നു. കൊഹാല ജില്ലയിലായിരുന്നു അദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായിതീര്‍ന്നതിനാല്‍ ബിഷപ്പിന്റെ അനുമതിയോടെ അവര്‍ കര്‍മ്മരംഗങ്ങള്‍ പരസ്പരം വച്ചുമാറി. കൊഹാല ജില്ല കൂടാതെ 'ഹമുക്കാവെ' എന്ന ജില്ലകൂടി ഫാദര്‍ ക്ലമന്റിന്റെ ചുമതലയിലായിരുന്നു. ഈ രണ്‍ു ജില്ലകളുടെ ആത്മീയ നേതൃത്വം ഫാദര്‍ ഡാമിയന്‍ ഏറ്റെടുത്തു. ഏകദേശം മൂവായിരത്തോളം കത്തോലിക്കര്‍ അവിടെ ഉണ്‍ായിരുന്നു. അന്ധവിശ്വാസത്തിന്റെ നാടായിരുന്നു അത്. അവിടെ ഫാദര്‍ ഡാമിയന്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കാം തൂക്കായ പര്‍വ്വതങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ച് വീടുകള്‍ കണ്‍ുപിടിച്ചു. അവര്‍ക്ക് നന്മയുടെ വഴി കാണിച്ചു കൊടുത്തു. അവിടെ ജോലി ചെയ്യുന്ന അവസരത്തില്‍ അകലെ പര്‍വ്വതങ്ങളുടെ ഇടയില്‍ താമസിക്കുന്ന ഒരു ഗണം ആള്‍ക്കാരെ പറ്റി കേള്‍ക്കാനിടയായി. അവരെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം വെമ്പല്‍കൊണ്‍ു. കാലാവസ്ഥ പ്രതികൂലമാണെന്നും അവിടെ എത്തുക സാഹസികമാണെന്നുമുള്ള അവരുടെ വാക്കുകള്‍ അദ്ദേഹം ചെവിക്കൊണ്‍ില്ല. 

ബോട്ടപകടം
പര്‍വ്വതങ്ങളുടെ ഇടയില്‍ താമസിക്കുന്ന അജഗണത്തെ കാണുവാന്‍ അദ്ദേഹം ഇറങ്ങി. സമൂദ്രത്തിലൂടെ ഒരു തടികഷ്ണത്തെ വഞ്ചിയാക്കി ഉപയോഗിച്ച് യാത്രയാരംഭിച്ചു. സഹായത്തിന് രണ്‍് മല്ലന്മാരെയും കൂടെ കൊണ്‍ുപോയി. തുടക്കത്തില്‍ സമുദ്രം ശാന്തമായിരുന്നെങ്കിലും സായാഹ്നമായപ്പോള്‍ ക്ഷോഭിച്ചു. ഭീതിപൂണ്‍ മല്ലന്മാര്‍ വഞ്ചിയില്‍ നിന്നു ചാടി നീന്തി കരകയറുവാന്‍ ശ്രമിച്ചു. ഈ സമയം വലിയ മത്സ്യങ്ങള്‍ അവരെ ആക്രമിക്കുവാന്‍ വന്നു. ഫാദര്‍ ഡാമിയന്‍ പൗരോഹിത്യാധികാരത്തില്‍ തങ്ങളെ ആരെയും സ്പര്‍ശിക്കരുതെന്ന് കല്പിച്ചു. മത്സ്യങ്ങള്‍ അതനുസരിച്ചു. അവര്‍ നീന്തി കരയിലെത്തി. നാലു ദിവസം കരമാര്‍ഗ്ഗം യാത്ര ചെയ്ത് ഒരു മലയുടെ മുകളിലെത്തി. അവിടെ അദ്ദേഹം കണ്‍ത് ആള്‍പാര്‍പ്പില്ലാത്ത ഒരു പീഡഭൂമിയാണ്!. ഫാദര്‍ ഡാമിയന്‍ ആകെ തളര്‍ന്നുപോയി. കൈകാലുകള്‍ കീറിമുറിഞ്ഞു. വ്രണമായിരിക്കുന്നു. ശരീരം കുഴഞ്ഞു. എങ്കിലും അദ്ദേഹം പിന്മാറിയില്ല. കുന്നും മലയും കയറി ലക്ഷ്യസ്ഥാനത്തെത്തി. തന്റെ അജഗണത്തെ കണ്‍ുപിടിച്ചു. അവരെ വിശ്വാസത്തിലേയ്ക്ക് ആനയിച്ചു. അവര്‍ ആരാധിച്ചു കൊണ്‍ിരിക്കുന്ന ഒരു ദേവന്റെ പ്രതിമ അദ്ദേഹം കണ്‍ു. അതിലെ മനുഷ്യ രക്തകറ അദ്ദേഹത്തെ രോഷാകുലനാക്കി. അദ്ദേഹം അത് തകര്‍ത്ത് അവിടെ മരംകൊണ്‍് ഒരു കുരിശുണ്‍ാക്കിവെച്ചു. നാളുകള്‍ക്കുശേഷം അദ്ദേഹം അവിടെ ഒരു കൊച്ചു ദേവാലയം പണിതു. അവരെ ഒരുമിച്ചു കൂട്ടി ദേവാലയത്തില്‍ ബലിയര്‍പ്പിച്ചു. ദേവാലയത്തില്‍ മതബോധന ക്ലാസുകള്‍ ആരംഭിച്ചു. വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരെ ഒരുമിച്ചു കൂട്ടി ജപമായ ചൊല്ലി. തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലായി ദേവാലയങ്ങള്‍ നിര്‍മ്മിച്ചു. തന്റെ സഹായത്തിനായി ഒരു പുരോഹിതനെ കൂടി തരണമെന്ന് ഡാമിയന്‍ മെത്രാനോട് ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം 1869-ല്‍ ഫാദര്‍ ഗുല്‍സ്റ്റണ്‍ ഡാമിയന്റെ സഹായത്തിനെത്തി. 

മൊളോക്കോയിലേക്ക്
ഹവായ് ദ്വീപുകളില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ദ്വീപാണ് മൊളോക്കോ. മുപ്പത്തിയേഴ് മൈല്‍ നീളവും പന്ത്രണ്‍് മൈല്‍ വീതിയുമുള്ള ഒരു കൊച്ചു ദ്വീപ്. പത്തൊന്‍പതാം നൂറ്റാണ്‍ിന്റെ പകുതിയില്‍ മൊളോക്കോയില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടു. അധികം താമസിക്കാതെ അത് കുഷ്ഠരോഗമാണെന്ന് സ്ഥിരീകരിച്ചു. ജനം പരിഭ്രാന്തരായി ഗവണ്‍മെന്റിനെതിരെ ശബ്ദമുയര്‍ത്തി. തല്‍ഫലമായി രാജാവ് ഒരു കല്പന പുറപ്പെടുവിച്ചു. കുഷ്ഠരോഗികളെല്ലാം ആരോഗ്യ വകുപ്പില്‍ പേരെഴുതിക്കണം. അതിനുശേഷം ഹോണ്‍ലുലുവിലെ പുനരധിവാസകേന്ദ്രത്തിലേയ്ക്ക് മാറി താമസിക്കണം. എന്നാല്‍ ഇതിനെതിരെ നഗരവാസികള്‍ ശബ്ദമുയര്‍ത്തി. കുഷ്ഠരോഗികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചു. അവരുടെ ബന്ധുക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടുകൊടുക്കുവാനും തയ്യാറായില്ല. അതിനാല്‍ ഗവണ്‍മെന്റിന് മറ്റൊരു മാര്‍ഗം അവലംബിക്കേണ്‍ി വന്നു. കുഷ്ഠരോഗികളെ മൊളോക്കോയിലേക്ക് നാടുകടത്തുക. ഡോക്ടര്‍മാരും പോലീസും വീടുകള്‍ വളഞ്ഞു. കുഷ്ഠരോഗികളെ തേടിപിടിച്ച് സെല്ലുകളില്‍ അടച്ചു. അവസാനം നൂറ്റി നാല്‍പത് കുഷ്ഠരോഗികളെയും കൊണ്‍് ആദ്യ കപ്പല്‍ ഹോണ്‍ലുലുവില്‍ നിന്ന് പുറപ്പെട്ടു. മൊളോക്കോയിലെ കലാവുപപ്പ, കലമാവോ, എന്നീ സ്ഥലങ്ങളാണ് കുഷ്ഠരോഗികളുടെ കോളനിയാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഈ വാര്‍ത്തയറിഞ്ഞ മൊളോക്കോയിലെ ജനം ആ ദ്വീപ് ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കോടിപോയി. മൊളോക്കോയുടെ മൂന്നുവശം കടലും മറുവശം ആയിരത്തിയറൂനൂറടി ഉയരമുള്ള പാറക്കെട്ടുമാണ്. ആ ദ്വീപില്‍നിന്ന് ആര്‍ക്കും ഒരു വിധത്തിലും പുറത്തുപോകാന്‍ പറ്റില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. കുഷ്ഠരോഗികള്‍ അവരുടെ പുല്ലുമേഞ്ഞ വീടുകള്‍ സ്വന്തമാക്കി.

രോഗികളെ ഗവണ്‍മെന്റ് അങ്ങോട്ട് തള്ളിവിട്ടെങ്കിലും അവര്‍ക്കുവേണ്‍ി ഒന്നും ചെയ്തില്ല. കിടക്കാന്‍ കട്ടിലില്ല, കുടിക്കാന്‍ വെള്ളമില്ല. എങ്ങും മൂകതയും ശാന്തയും മാത്രം. ഒരാശ്വാസവാക്കുപറയാന്‍ പോലും ആരുമില്ല. അധികം താമസിയാതെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഈ രോഗികളുടെ ഇടയില്‍ ചീട്ടുകളിയും, മദ്യപാനവും അസന്മാര്‍ഗീകതയും പെരുകി. കുഷ്ഠരോഗികളുടെ അവസ്ഥ മനസ്സിലാക്കിയ ഹവായിലെ 'നുഗു'പത്രത്തിന്റെ എഡിറ്റര്‍ ഇങ്ങനെ എഴുതി:- മൊളോക്കോയില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുവാന്‍ ഒരു പുരോഹിതനോ സന്യാസിയോ ഉണ്‍ായിരുന്നെങ്കില്‍ അത് ഒരു വലിയ കാര്യമായിരുന്നു. ഒരിക്കല്‍ ഹവാലയിലെ ബിഷപ്പ് തന്റെ രൂപത ഉള്‍പ്പെടുന്ന മൊളോക്കോയിലെ അജപാലന പ്രശ്‌നങ്ങളെക്കുറിച്ച് വൈദികരോട് ചര്‍ച്ച നടത്തി. ജനം പേപ്പട്ടിയെപോലെ കരുതിയ കുഷ്ഠരോഗികളെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറി. പറഞ്ഞ് തീരുംമുമ്പ് നാലു പേര്‍ എഴുന്നേറ്റ് നിന്ന് അങ്ങോട്ട് പോകുവാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ഫാദര്‍ ഡാമിയന്‍ മൊളോക്കോയിലേക്ക് പോകുവാനുള്ള തന്റെ ആഗ്രഹം വ്യക്തിപരമായി ബിഷപ്പിനെ അറിയിച്ചു. ശ്മശാനഭൂമിയിലേക്ക് 1873 മെയ് 10 ന് ഫാ. ഡാമിയന്‍ മൊളോക്കോയിലേക്ക് കപ്പല്‍ കയറി. എട്ടു വര്‍ഷം ജോലി ചെയ്ത കൊഹാലുലുവില്‍ പോയി യാത്ര പറയാന്‍ പോലും നിന്നില്ല. 'കിലുവെയ' എന്ന കപ്പലിലാണ് യാത്ര. അന്‍പത് കുഷ്ഠരോഗികളും ഈ കപ്പലില്‍ ഉായിരുന്നു. ബിഷപ്പും ഡാമിയനോടൊപ്പം കപ്പലില്‍ കയറി. കടല്‍ താണ്‍ി അവര്‍ മൊളോക്കോയുടെ തീരത്തെത്തി. വിവരം അറിഞ്ഞ് അവിടെയുള്ള രോഗികള്‍ തീരത്ത് ഓടിയെത്തി. പിതാവ് അവരോട് പറഞ്ഞു. നിങ്ങളുടെ പിതാവാകുവാന്‍  ഞാന്‍ ഒരാളെ കൊണ്‍ുവന്നിരിക്കുന്നു. ചലനമറ്റ കൈവിരലുകള്‍ നീട്ടി അവര്‍ തങ്ങളുടെ ഇടയനെ സ്വീകരിച്ചു. അപ്പോള്‍ ഡാമിയന് 23 വയസ്സായിരുന്നു. 

മൊളോക്കോയിലെ പ്രവര്‍ത്തനങ്ങള്‍
മൊളോക്കോയില്‍ എത്തിയ ഫാ. ഡാമിയന്‍ ആ പ്രദേശം എല്ലാം ചുറ്റിസഞ്ചരിച്ച് കണ്‍ു. അദ്ദേഹത്തിന് താമസിക്കാന്‍ ഒരു പുല്ല്‌മേഞ്ഞ വീട്‌പോലും കിട്ടിയില്ല. ഒരു 'പന്താനസ്' വൃക്ഷത്തിന്റെ ചുവട്ടില്‍ അദ്ദേഹം താമസമാക്കി. മരച്ചുവട്ടിലെ പാറ ഭക്ഷണമേശയാക്കി. ചെന്ന അന്നുതന്നെ ഒരു രോഗി മരിച്ചു. അയാളെ പെട്ടിപോലുമില്ലാതെ അടക്കി. കുഴിവെട്ടിയതും ശവമഞ്ചം ചുമന്നതും ഡാമിയന്‍ തന്നെ. ഡാമിയന്‍ കര്‍മ്മരംഗത്തേക്ക് ഇറങ്ങി. മിക്കവാറും ദിവസം ഒരാള്‍ വീതം മരിക്കും. അവര്‍ക്കല്ലാം ഡാമിയന്‍ തന്നെ പെട്ടിയുണ്‍ാക്കും. കുഴിവെട്ടുന്നതും അദ്ദേഹം തന്നെ. ചുറ്റും പച്ച മാംസം ചീഞ്ഞമണം. ഒരു സ്ഥലത്തുപോലും ശുദ്ധവായു ഇല്ല. അവര്‍ വെച്ചു നീട്ടുന്ന ഭക്ഷണം കഴിക്കും. ഏതാനും നാളുകള്‍ മാത്രം ശുശ്രൂഷയ്ക്ക് വന്ന ഡാമിയന്‍ ജീവിതകാലം മുഴുവന്‍ അവിടെ ചെലവഴിക്കാന്‍ തീരുമാനിച്ചു. ദ്വീപിലൂടെ സഞ്ചരിക്കുമ്പോള്‍ മാസങ്ങളായി അടിച്ചുവാരാതെ പൊടിപിടിച്ചു കിടക്കുന്ന വി. ഫിലോമിനയുടെ നാമത്തിലുള്ള കപ്പേള കണ്‍ു. അത് ഇലകള്‍കൊണ്‍് അടിച്ചുവൃത്തിയാക്കി അവിടെ കുര്‍ബാനയര്‍പ്പിച്ചു. അധികാരികളുടെ കണ്ണ് തുറക്കുന്നു. മൊളോക്കോയിലെ രോഗികളുടെ അവസ്ഥയെപറ്റി അദ്ദേഹം സഭാധികാരികള്‍ക്ക് തുറന്ന് എഴുതി. കുഷ്ഠരോഗികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് പുറം ലോകം അറിയാന്‍ ഈ കത്തുകള്‍ ഉപകരിച്ചു. ഗവണ്‍മെന്റിന്റെ ശ്രദ്ധയും രോഗികളുടെമേല്‍ തിരിക്കാന്‍ ഫാ. ഡാമിയന് കഴിഞ്ഞു. ആരോഗ്യം തീരെ ശോഷിച്ചവര്‍ക്ക് അല്പം പാല്‍ വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്‍ാക്കി. പോഷകാംശം ഉള്ള ഭക്ഷണം നല്‍കാന്‍ അദ്ദേഹം സൂപ്രണ്‍ിന് എഴുതി. ഒരു ജോഡി പുതപ്പും, സെറ്ററുമാണ് സര്‍ക്കാര്‍ ഒരു വര്‍ഷം ഇവര്‍ക്ക് നല്‍കി പോന്നത്. അത് മുന്ന് നാല് മാസംകൊണ്‍് കീറിപ്പറിഞ്ഞ് പോകും. വസ്ത്രം മാറാന്‍ ഇല്ലാത്തതിനാല്‍ കഴുകാറില്ല. കഴുകാന്‍ കൈവിരലുകളും ഇല്ല. വസ്ത്രങ്ങള്‍ക്കുള്ള അലവന്‍സ് പത്ത് ഡോളറാക്കി ഗവണ്‍മെന്റ് ഉയര്‍ത്തി. പൈപ്പുവഴി ശുദ്ധജലം എത്തിച്ചു. താമസസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ഡാമിയന്‍ ബിഷപ്പിനും ആരോഗ്യ വകുപ്പിനും എഴുതി. രണ്‍് കൂട്ടരുടേയും സഹായം ലഭിച്ചു. നിരനിരകളായി വീടുകള്‍ ഉയര്‍ന്നു. കല്‍പ്പണിയും ആശാരിപ്പണിയും ഒക്കെ ഡാമിയന്‍ തന്നെ ചെയ്തു. തനിക്കായി ഒരു മുറിയുള്ള ഒരുവീടുണ്‍ാക്കി. രോഗികളെക്കൊണ്‍് പച്ചക്കറി കൃഷി ചെയ്യിപ്പിച്ചു. പാലിന്റെ ആവശ്യത്തിനായി പശുക്കളെ വളര്‍ത്തി. കുതിരസവാരി നടത്താനും സംഗീതം ആലപിക്കാനും അവരെ പഠിപ്പിച്ചു. രൂപതയില്‍ നിന്ന് സംഗീതോപകരണങ്ങള്‍ വരുത്തി അവരെ പഠിപ്പിച്ചു. സായാഹ്നങ്ങളില്‍ അവര്‍ ഒരുമിച്ച് ചേര്‍ന്ന് കച്ചേരികള്‍ നടത്തും. ക്രിസ്തുമസ് ദിനം അവര്‍ ആഘോഷവേളകളാക്കി. അന്ന് വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിക്കും. പാട്ടും കൊട്ടുമായി അവര്‍ നാട് ഉണര്‍ത്തും. പാതിരാ കുര്‍ബാനയോടെ എല്ലാവരും പിരിയും. രോഗികളായ ധാരാളം കുട്ടികള്‍ മൊളോക്കോയില്‍ ഉണ്‍ായിരുന്നു. അതിനാല്‍ ഡാമിയന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്ഥാപനങ്ങള്‍ ഉണ്‍ാക്കി അവരെ അവിടെ പാര്‍പ്പിച്ചു. മരുന്നു ഒഴിച്ച് മുറിവുകള്‍ വെച്ചുകെട്ടി. ഓരോ കുടിലിലും കയറി ഇറങ്ങി കുമ്പസാരം കേട്ടു. കുമ്പസാരത്തിലൂടെ അനേകരുടെ പാപങ്ങള്‍ മോചിച്ചു. രോഗികളെ ശുശ്രൂഷിക്കാന്‍ വി. യൗസേപ്പ് പിതാവിന്റെ നാമത്തില്‍ പുരുഷന്മാര്‍ക്കും, മാതാവിന്റെ നാമത്തില്‍ സ്ത്രീകള്‍ക്കും വേണ്‍ി ഓരോ സംഘത്തെയും ഫാ. ഡാമിയന്‍ രൂപീകരിച്ചു. 

ഒരു കുമ്പസാരം
പാപത്തിന്റെ ഗൗരവത്തെപ്പറ്റി ഫാ. ഡാമിയന് വലിയ ബോധ്യം ഉണ്‍ായിരുന്നു. പലപ്പോഴും അദ്ദേഹം കുമ്പസാരിക്കാന്‍ ആഗ്രഹിച്ചെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ കൊണ്‍് അത് സാധ്യമായിരുന്നില്ല. കാരണം സമുദ്രത്തിന്റെ അപ്പുറത്ത് നിന്ന് ആരെങ്കിലും ഈ ദ്വീപിലെത്തി ഡാമിയനെയോ അവിടെയുള്ളവരെയോ കാണാന്‍ നിയമം നിയമം അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ പ്രൊവിന്‍ഷ്യാളച്ചന്‍ മൊളോക്കോയുടെ സമീപത്തുകൂടെ യാത്ര ചെയ്യുകയാണ്. അദ്ദേഹം ദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ കപ്പിത്താന്‍ കപ്പല്‍ ദ്വീപിനോട് അടുപ്പിക്കാന്‍ തയ്യാറായില്ല. ഒരു ബോട്ട് അതുവഴി വരുന്നതുകണ്‍് ഡാമിയന്‍ അതില്‍ കയറി കപ്പലിന്റെ അടുത്ത് എത്തി. കപ്പലില്‍ കയറാന്‍ ശ്രമിച്ച ഡാമിയനെ കപ്പിത്താന്‍ തടഞ്ഞു. തനിക്കു ഒന്നു കുമ്പസാരിക്കണമെന്നുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അതും കപ്പിത്താന്‍ തടഞ്ഞു. ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്‍െത്തി. ഓളത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്തുകൊണ്‍ിരുന്ന ബോട്ടില്‍ അദ്ദേഹം മുട്ടുകുത്തി. പ്രൊവിന്‍ഷ്യാളച്ചന്‍ കപ്പലിന്റെ മുകളില്‍ ഒരു കമ്പിയില്‍ പിടിച്ചു നിന്നു. കപ്പലിലെങ്ങും നിശബ്ദത. ഫാ. ഡാമിയന്‍ തന്റെ പാപങ്ങള്‍ പ്രൊവിന്‍ഷ്യാളച്ചന്റെ അടുക്കല്‍ ഏറ്റു പറഞ്ഞു. കുമ്പസാരം കഴിഞ്ഞപ്പോള്‍ പ്രൊവിന്‍ഷ്യാളച്ചന്‍ പാപ മോചനം നല്‍കി. അതിനുശേഷം ബോട്ടില്‍ നിന്നുകൊണ്‍് സഭാധികാരിയെ അഭിവാദനം ചെയ്തതിനുശേഷം ദ്വീപിലേക്ക് തിരിച്ചുപോന്നു. അസാധാരണമായ ഈ സംഭവം ഫ്രഞ്ച് ഗവണ്‍മെന്റിന്റെ കണ്ണ് തുറപ്പിച്ചു. ഇതിന്റെ ഫലമായി ഒറ്റപ്പെടുത്തല്‍ നിയമത്തിന്റെ കാഠിന്യം അല്പം മയപ്പെടുത്തി. 

ഫാ. ഡാമിയന്റെ ജീവിതം
വളരെ ലാളിത്യ ജീവിതമായിരുന്നു ഫാ. ഡാമിയന്റേത്. ദിവസത്തില്‍ രണ്‍ു നേരം മാത്രം ഭക്ഷണം. പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനവും രോഗീശുശ്രൂഷയും. ഇരുട്ടാകുമ്പോള്‍ കനോനാ നമസ്‌ക്കാരം എത്തിക്കും. കുറച്ച് സമയം വീടുകള്‍ ഉണ്‍ാക്കാനും ശവപ്പെട്ടി നിര്‍മ്മിക്കാനുമായി ആശാരി പണിയില്‍ ഏര്‍പ്പെടും. അതിനുശേഷം സിമിത്തേരിക്കുചുറ്റും അല്പം നടത്തം. ഫാ. ഡാമിയനെപ്പറ്റി അദ്ദേഹത്തിന്റെ കത്തുകളില്‍ നിന്ന് ബാഹ്യലോകം കേള്‍ക്കാന്‍ തുടങ്ങി. ഹവായ് ദ്വീപുകളില്‍ മാത്രമല്ല യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ കീര്‍ത്തി പരന്നു. 

മറ്റൊരു കുഷ്ഠരോഗി കൂടി
ഒരു ദിവസം ഫാ. ഡാമിയന്റെ കാലില്‍ അല്പം ചൂടുവെള്ളം വീണു. എന്നാല്‍ അതു നിമിത്തം പൊള്ളലോ വേദനയോ അനുഭവപ്പെട്ടില്ല. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് തന്റെ ശരീരത്തില്‍ കണ്‍ു തുടങ്ങിയ മഞ്ഞ നിറത്തിലുള്ള കുത്തുകള്‍ കുഷ്ഠരോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആ നാളുകളില്‍ ഒരു ത്വക്ക്‌രോഗ വിദഗ്ദ്ധന്‍ മൊളോക്കോയില്‍ വന്നു. അദ്ദേഹം ഡാമിയനെ പരിശോധിച്ചിട്ട് സങ്കടത്തോടെ പറഞ്ഞു, അങ്ങേയ്ക്കും കുഷ്ഠം പിടിച്ചിരിക്കുന്നു! അതിനു മറുപടിയായി ഡാമിയന്‍ ഇങ്ങനെ പ്രതികരിച്ചു. ഞാനതിന് നേരത്തെ തന്നെ ഒരുങ്ങിയതാണ്. വിവരം അറിഞ്ഞ മെത്രാന്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. രണ്‍ാഴ്ച കഴിഞ്ഞപ്പോള്‍ മൊളോക്കോയിലേക്ക് തന്നെ ഡാമിയന്‍ തിരികെ പോന്നു. ഒരു പ്രസംഗം 1885 ജൂണ്‍ മാസത്തെ ആദ്യ ഞായറാഴ്ച. ഫാ. ഡാമിയന്‍ കുഷ്ഠരോഗികളുടെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയാണ്. പ്രസംഗം ആരംഭിച്ചപ്പോള്‍ പ്രിയപ്പെട്ട സഹോദരരെ എന്നതിനുപകരം, നമ്മള്‍ കുഷ്ഠരോഗികള്‍ എന്നു പറഞ്ഞുകൊാണ് പ്രസംഗിച്ചത്. അവിടെ ഉണ്‍ായിരുന്ന രോഗികള്‍ക്ക് കാര്യം പിടികിട്ടി. ഞങ്ങളുടെ പിതാവ് രോഗിയായി തീര്‍ന്നിരിക്കുന്നു. രോഗം പെട്ടെന്ന് ശരീരമാകെ വ്യാപിച്ചു. കണ്‍പുരികങ്ങള്‍ കൊഴിഞ്ഞുപോയി. ശരീരം മുഴുവന്‍ നീരു വന്നു വീര്‍ത്തു. തന്നെ സഹായിക്കാന്‍ ആരെയെങ്കിലും തരണമെന്ന ബിഷപ്പിനോട് അപേക്ഷിച്ചു. 1888-ല്‍ രണ്‍് വൈദികര്‍ ഉള്‍പ്പെടെ ആറ് പേര്‍ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. അതില്‍ ബ്രദര്‍ ജോസഫ് ഡട്ടണ്‍ ഡാമിയന്റെ പിന്‍ഗാമി എന്ന നിലയില്‍ ഏറെ വര്‍ഷം പ്രവര്‍ത്തിച്ചു. 

അന്ത്യ ദിനങ്ങള്‍
ഡാമിയന്‍ രോഗിയാണെന്ന വാര്‍ത്തക്ക് മാധ്യമങ്ങള്‍ വന്‍പ്രചാരം നല്‍കി. ആശ്വാസവാക്കുകളും, സഹായങ്ങളും മൊളോക്കോയിലേക്ക് ഒഴുകി. സര്‍ക്കാരും സഭയും ഫാ. ഡാമിയനെ അഭിനന്ദനങ്ങള്‍ കൊണ്‍് പൊതിഞ്ഞു. 1889 മാര്‍ച്ച് 19, ഡാമിയന്‍ ശ്മശാന ഭൂമിയിലെത്തിയിട്ട് അന്ന് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയായി. ഇപ്പോള്‍ തീരെ ഉറക്കം ഇല്ല. ചെറിയ ഒരു ശബ്ദത്തില്‍ മന്ത്രിക്കാനാകും എന്ന് മാത്രം. ബ്രദര്‍ ഡട്ടനും കൂട്ടരും നന്നായി പരിചരിച്ചു. അദ്ദേഹം സഹപ്രവര്‍ത്തകരെ അടുത്തുവിളിച്ച് കുഷ്ഠരോഗികളുടെ സംരക്ഷണം അവരെ ഭരമേല്‍പ്പിച്ചു. ഏപ്രില്‍ മാസമായപ്പോഴേക്കും ആരോഗ്യസ്ഥിതി വളരെ മോശമായി. ഇടയ്ക്കിടക്ക് ബോധം മറയാന്‍ തുടങ്ങി. ആ മരണവേദന അധികസമയം നീണ്‍ുനിന്നില്ല. 1889 ഏപ്രില്‍ 15-ാം തിയതി, തന്റെ അന്‍പതാമത്തെ വയസ്സില്‍ ഡാമിയന്റെ കണ്ണുകള്‍ എന്നന്നേയ്ക്കുമായി അടഞ്ഞു. വൈദിക വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഡാമിയനെ മഞ്ചത്തില്‍ കിടത്തി. ഇതിന് ഇടയില്‍ ഒരത്ഭുതം സംഭവിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഉണ്‍ായിരുന്ന പൊട്ടിയ വൃണങ്ങള്‍ എല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. വെണ്മയുള്ള ഒരു പ്രകാശം മുഖത്ത് നിറഞ്ഞു. അന്ന് മൊളോക്കോയില്‍ ആരും ഉറങ്ങിയില്ല. പിറ്റെ ദിവസം മൃതസംസ്‌ക്കാരശുശ്രൂഷ നടത്തി. എട്ട് കുഷ്ഠരോഗിയാണ് ശവമഞ്ചം വഹിച്ചത് മൊളോക്കോ വാസത്തിന്റെ ആരംഭത്തില്‍ താമസം ആരംഭിച്ച 'പന്താനസ്' മരത്തിന്റെ ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നുള്ള ഡാമിയന്റെ ആഗ്രഹപ്രകാരം ആ മരച്ചുവട്ടില്‍ അദ്ദേഹത്തെ സംസ്‌ക്കരിച്ചു. കുഴിമാടത്തിന് മുകളില്‍ പേരെഴുതിയ ഒരു മാര്‍ബിള്‍ കുരിശും സ്ഥാപിച്ചു. 

മരണശേഷം ഉയര്‍ന്ന പ്രശസ്തി
മരണശേഷവും ഡാമിയന്റെ പ്രശസ്തി ഉയര്‍ന്നു. അദ്ദേഹത്തിന്റെ പേരില്‍ റോഡുകളും, ആശുപത്രികളും, സ്ഥാപനങ്ങളും ഉണ്‍ായി. അനേകം നഗരങ്ങളില്‍ അദ്ദഹത്തിന്റെ പ്രതിമകള്‍ ഉയര്‍ന്നു. 1894-ല്‍ ബല്‍ജിയത്തെ ലുവെയ്ന്‍ പട്ടണത്തില്‍ ഉയര്‍ന്ന വെങ്കല പ്രതിമ ആരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. 1936- ഫെബ്രുവരി മൊളോക്കോയിലുള്ള ഫാ. ഡാമിയന്റെ കുഴിമാടം തുറന്നു. ആ വന്ദ്യപുരോഹിതന്റെ ഭൗതിക അവശിഷ്ടം ജന്മനാടായ ബല്‍ജിയത്തിലേക്ക് കൊുപോയി. 1936- മെയ് മാസം ഫാ. ഡാമിയന്റെ പൂജ്യാവശിഷ്ടങ്ങള്‍ ജേഷ്ഠ സഹോദരനായ ഫാ. പാംഫീലിയായുടെ ശവകുടീരത്തിന് സമീപത്തുള്ള കല്ലറയില്‍ സ്ഥാപിച്ചു. 1995-ല്‍ റോമില്‍ ഫാ. ഡാമിയനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ ആരംഭിച്ചു. 1977 ജൂണ്‍ 7 ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ 'ധന്യന്‍' പദവിലേക്ക് ഉയര്‍ത്തി. 1995 ജൂണ്‍ 4 ന് ജോണ്‍പോള്‍ രണ്‍ാമന്‍ മാര്‍പാപ്പ ഡാമിനെ 'വാഴ്ത്തപ്പെട്ടവനായി' പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 11 ന് ബനഡിക്റ്റ് 16-ാം മാര്‍പാപ്പ ഫാ. ഡാമിയനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തി.
 
വി. ഫാ. ഡാമിയന്റെ പ്രിയപ്പെട്ട ഗാനം
എന്റെ ദൈവത്തെ കണുവാന്‍ എനിക്ക്
എപ്പോഴാണ് അവസരം നല്കുന്നത്?
ഈ വിചിത്രമായ മണ്ണില്‍ എത്രനാള്‍ ഞാന്‍
ബന്ധനസ്ഥനായിരിക്കും? 

വിശുദ്ധ ഫാ. ഡാമിയന്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...