ജനനം     1795 ഏപ്രില്‍ 21
മരണം 1850 ജനുവരി 20
വിശുദ്ധപദവി 1963 ജനുവരി 20

റോമിലേയ്ക്ക് കുടിയേറ്റം
ഉമ്പ്രിയായിലെ നോര്‍ഡിയാ എന്ന പട്ടണം. അനേകം പുണ്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയ സഭയുടെ വളക്കൂറുള്ള മണ്ണ്. അസ്സീസിലെ യോഗീശ്വരന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ പാടിപ്പുകഴ്ത്തി ചുറ്റി സഞ്ചരിച്ചതവിടെയാണ്. വിശുദ്ധ ബനഡിക്ടിന്റെ വിശുദ്ധിയുടെ കേന്ദ്രങ്ങളായ ആശ്രമങ്ങള്‍ അവിടെ നിലകൊള്ളുന്നു. എന്നാല്‍ നിരന്തരമായ ഭൂചലനം ആ നാടിനെ ദാരിദ്ര്യത്തിലേയ്ക്കും വിസ്മൃതിയിലേയ്ക്കും തള്ളിവിട്ടു. അവിടുത്തെ ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെയാണ് പള്ളോട്ടി കുടുംബം റോമില്‍ എത്തിച്ചേരുന്നത്. 

പള്ളോട്ടി കുടുംബം
റോമിന്റെ തെരുവില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ഒരു സാധാണ മനുഷ്യന്‍. പീറ്റര്‍ പള്ളോട്ടി. സ്വതസിദ്ധമായ പ്രാഗല്‍ഭ്യവും വിവേകപൂര്‍വ്വമായ പെരുമാറ്റവും അദ്ദേഹത്തെ ഉയര്‍ച്ചയിലേക്ക് ആനയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മേരി ദി റോസ്സി സുകൃതിനിയായ സ്ത്രീയായിരുന്നു. അവളും ഒരു ദരിദ്രകുടുംബത്തില്‍നിന്നുള്ളവളായിരുന്നു. പീറ്ററിന്റെ വിശുദ്ധിയെ വെല്ലുന്ന രീതിയിലുള്ളതായിരുന്നു അവളുടെ സ്വഭാവം. അവരുടെ ജീവിതവിശുദ്ധി പില്‍ക്കാലത്ത് സഭയ്ക്ക് ഒരു വിശുദ്ധനെ നല്‍കുവാന്‍ പര്യാപ്തമായി. ഇവരുടെ ദാമ്പത്യവല്ലരിയില്‍ മൊട്ടിട്ട പത്ത് കുസുമങ്ങളില്‍ മൂന്നാമനായിരുന്നു വിന്‍സെന്റ് അലോഷ്യസ് ഫ്രാന്‍സീസ്. 1795 ഏപ്രില്‍ 21 ന് ആയിരുന്നു അവന്റെ ജനനം. പത്തു പേരില്‍ വിന്‍സെന്റ് അടക്കം നാല്‌പേര്‍ മാത്രമാണ് യുവത്വത്തിലേക്ക് കടന്നത്. മറ്റുള്ളവര്‍ ശൈശവത്തില്‍ തന്നെ പരലോകപ്രാപ്തരായി. 

കുടുംബത്തിലെ മാലാഖ 
കുഞ്ഞുനാളില്‍ തന്നെ വിന്‍സെന്റില്‍ സ്വഭാവവിശുദ്ധി പ്രകടമായി. കൊച്ചു സഹോദരുമൊത്ത് പള്ളിയില്‍ പോകുന്നത് അവന് ആഹ്ലാദകരമായ കാര്യമായിരുന്നു. വേദപഠനക്ലാസ്സില്‍ അവന്‍ ശ്രദ്ധയോടെ പങ്കെടുത്തു. ദ്യവ്യബലിയില്‍ സംബന്ധിക്കുക അവന് ആഹ്ലാദകരമായ കാര്യമായിരുന്നു. നൈസര്‍ഗ്ഗികമായ ഒരു പുഞ്ചിരി ആ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിലെ മാതൃസ്വരൂപത്തിനു മുമ്പില്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു.''പ്രിയപ്പെട്ട അമ്മേ, എന്നെ നല്ലൊരു കുഞ്ഞാക്കണേ'. വേനല്‍ക്കാലത്ത് പള്ളോട്ടി കുടുംബം ഫ്രഡ് കാനായിലുള്ള അവരുടെ ഗ്രാമത്തില്‍ പോവുക പതിവാണ്. അവന് കിട്ടുന്ന മധുരപലഹാരങ്ങള്‍ മുന്തിരിത്തോപ്പില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്ക് സമ്മാനിക്കും. അവരുമൊത്ത് ആര്‍ത്തുല്ലസിക്കും. കളികഴിയുമ്പോള്‍     അവരെ ഒരുമിച്ചുകൂട്ടി ജപമാല ചൊല്ലും ഈ നാളുകളില്‍ 'കുടുംബത്തിലെ മാലാഖ' എന്നാണ് ഈ കുട്ടി അറിയപ്പെട്ടിരുന്നത്. കൗമാരത്തില്‍തന്നെ അവര്‍ നിയന്ത്രണം പാലിച്ചിരുന്നു. തപശ്ചര്യകൊണ്ട് ജീവിതത്തെ മെഴുക്കിയെടുത്തു. തറയില്‍ കിടക്കുക, പട്ടിണി കിടക്കുക, പ്രിയങ്കരമായത് പലതും മറ്റുള്ളവര്‍ക്ക് സമ്മാനിക്കുക തുടങ്ങിയവ അവന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന നിമിഷങ്ങളായി മാറി. അനുസരണവും, എളിമയുമുള്ള ഈ ബാലന്‍ വീട്ടുകാര്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കും വേണ്ടപ്പെട്ടവനായി. പക്ഷേ വിന്‍സെന്റ് പഠനത്തില്‍ വളരെ പിന്നോക്കമായിരുന്നു. അവന് വേണ്ടത്ര ബുദ്ധിയില്ല. അല്പം ബുദ്ധി സാമര്‍ത്ഥ്യംകൂടി ഉണ്ടായിരുന്നെങ്കില്‍ സ്വര്‍ണ്ണത്തിന് സുഗന്ധം ലഭിച്ചതുപോലാകുമായിരുന്നുവെന്ന് അദ്ധ്യാപകര്‍ പരസ്പരം പറഞ്ഞു. 

പരിശുദ്ധാത്മാവിന്റെ സഹായം
ഒരു ദിവസം പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന വിന്‍സെന്റിനോട് അവന്റെ അമ്മ പറഞ്ഞു. 'കുഞ്ഞേ, നീ പരിശുദ്ധാത്മാവിന് ഒരു നൊവേന കഴിക്കുക. നിന്റെ ബുദ്ധിക്ക് പ്രകാശം ലഭിക്കും. പഠനത്തില്‍ വിജയിക്കും. അമ്മയുടെ നിര്‍ദ്ദേശപ്രകാരം അവന്‍ അങ്ങനെചെയ്തു. അത്ഭുതം, അവന്റെ ബുദ്ധിയുടെ മാന്ദ്യമെല്ലാം മാറി. അവന്‍ പടിപടിയായി ഉയര്‍ന്ന് ക്ലാസ്സില്‍ ഒന്നാമനായി. പിന്നീട് ഒരിക്കലും ബുദ്ധികുറവിനെയോര്‍ത്ത് അവന് ദുഃഖിക്കേണ്ടി 
ന്നിട്ടില്ല. കുട്ടികളേ, പഠിക്കാനും പരീക്ഷയ്ക്കും ഇരിക്കുന്നതിനുമുമ്പ് നിങ്ങള്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മാവ് നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കും. 

കോളേജ് പഠനം
പതിനാറാം വയസ്സില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഇനി ഒരു സന്യാസി ജീവിതം ആശ്ലേഷിക്കണം. ഈ ആഗ്രഹം പിതാവിനെ അറിയിച്ചു. കപ്പൂച്ചിന്‍ സഭയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. വിന്‍സെന്റിന് വേണ്ടത്ര ആരോഗ്യം ഇല്ലാത്തതിനാല്‍ ആത്മീയപിതാവ് കപ്പൂച്ചിന്‍ സഭയില്‍ ചേരുന്നതിന് തടസ്സം പറഞ്ഞു. ദൈവവിളിയുടെ ലക്ഷണങ്ങള്‍ അവനില്‍ വ്യക്തമായി കണ്ടുതുടങ്ങിയതിനാല്‍ പിറ്റേക്കൊല്ലം ഇടവക വൈദികനാകാന്‍ പിതാവില്‍നിന്ന് അനുവാദം കിട്ടി. അങ്ങനെ വിന്‍സെന്റ് ഒരു സെമിനാരിവിദ്യാര്‍ത്ഥിയായി. റോമന്‍ കോളേജില്‍ ചേര്‍ന്ന് പ്രഭാഷണകലയും, തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കാന്‍ തുടങ്ങി. കാനന്‍നിയമം, സഭാചരിത്രം, വിവിധ പൗരസ്ത്യഭാഷകള്‍, സാമൂഹ്യശാസ്ത്രം എന്നിവയില്‍ അവന്‍ പ്രാവിണ്യം നേടി. 

സെമിനാരിയില്‍ ലഭിച്ച ഭക്തി
അഗാധവിനയം ഉണ്ടായിരുന്ന വിന്‍സെന്റ് ഒരു ഭക്തന്‍ കൂടിയായിരുന്നു. ബദ്ധപ്പെട്ട ജോലികളില്‍ നിമഗ്നനായിരിക്കുമ്പോഴും നാലഞ്ച് പ്രാവശ്യം ദിവ്യകാരുണ്യ സന്നിധിയില്‍ അദ്ദേഹം അണയുമായിരുന്നു. സക്രാരിയടെ മുമ്പില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ അനര്‍ഘങ്ങളാണ്. 
കുട്ടികളേ, സാധിക്കുന്ന ദിവസങ്ങളിലെല്ലാം നിങ്ങള്‍ ദിവ്യകാരുണ്യസന്ദര്‍ശനം നടത്തണം. പറ്റുമെങ്കില്‍ ദിവസത്തില്‍ പല പ്രാവശ്യം അങ്ങനെ ചെയ്യണം. അങ്ങനെ യേശുവുമായുള്ള ബന്ധത്തില്‍ വളരണം.  
നിത്യനഗരിയിലെ അപ്പസ്‌തോലന്‍

വി. വിന്‍സെന്റ് പള്ളോട്ടി
പരിശുദ്ധ അമ്മയുടെ തിരുനാള്‍ ദിവസങ്ങള്‍ വിന്‍സെന്റിന് ഏറ്റവും ഹൃദ്യമായിരുന്നു. തിരുന്നാളിന്റെ തലേദിവസം ഉപവസിക്കും. ഹൃദയം ഒന്നുകൂടി ശുദ്ധമാക്കും. സല്‍കൃത്യങ്ങളാല്‍ സമാലംകൃതമായ ഹൃദയത്തിലേക്ക് അമ്മയുടെ ബഹുമാനാര്‍ത്ഥം ദൈവകുമാരനെ സ്വീകരിക്കും. ദിവ്യബലിക്കായി ഒരു ത്യാഗമെങ്കിലും അര്‍പ്പിക്കാതെ ഒരു ദിവസംപോലും കടത്തിവിട്ടിരുന്നില്ല. 

പൗരോഹിത്യത്തിലേക്ക് 
കാലചക്രം ഉരുണ്ടു. ദൈവശാസ്ത്രവും, തത്ത്വശാസ്ത്രവും പഠിച്ച് സുദീര്‍ഘമായ പരിശീലനത്തിനുശേഷം പൗരോഹിത്യത്തിനായി ഒരുങ്ങി. 1818 മെയ് 16. പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാള്‍ദിവസം. സെമിനാരിക്കപ്പേളയില്‍ നൂറുകണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുമ്പോള്‍ ബ്രദര്‍ വിന്‍സെന്റ് മെത്രാന്റെ കൈവയ്പ്പുവഴി പുരോഹിതനായി ഉയര്‍പ്പെട്ടു. മാതാപിതാക്കള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. തുടര്‍ന്ന് നടന്ന പ്രഥമദിവ്യബലിയില്‍ പരമപിതാവിന് ഒരു ബലിവസ്തുവായി തന്നെത്തന്നെ അദ്ദേഹം സ്വയം സമ്മര്‍പ്പിച്ചു.

ദൈവശാസ്ത്രപണ്ഡിതന്‍
പൗരോഹിത്യസ്വീകരണത്തിനുശേഷവും അദ്ദേഹം പഠനം തുടര്‍ന്നു. പല തീസീസുകളും രചിച്ച് ഒരു വിശ്രുതപണ്ഡിതനായി തീര്‍ന്നു. 1819-ല്‍ അദ്ദേഹം റോമന്‍ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രപണ്ഡിതസഭയിലെ ഒരംഗമായി നിയമിതനായി. പത്തുകൊല്ലം ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. വേദപുസ്തകത്തിന്റെ ഗണ്യമായ ഒരു ഭാഗം അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. റോമിലെ സാന്താ ലൂസിയ സ്‌ക്വയറില്‍ തടിച്ചുകൂടുന്ന ദൈവജനത്തോട് വചനാധിഷ്ഠിതമായി പ്രസംഗിക്കുക ഫാ. വിന്‍സെന്റിന്റെ പതിവായിരുന്നു. 

പ്രാര്‍ത്ഥനാരീതി
ദിവ്യകാരുണ്യസന്നിധിയില്‍ മണിക്കൂറുകള്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. ദിവ്യനാഥനുമായി ഒന്നാകാന്‍ ആ ഹൃദയം വെമ്പല്‍കൊണ്ടു. അതിന് അദ്ദേഹം സ്വീകരിച്ച വഴി ദൈവസ്‌നേഹപ്രകരണങ്ങളും ഹൃദ്യമായ സുകൃതജപങ്ങളുമാണ്. ഈ സ്‌നേഹപ്രകരണങ്ങള്‍ അദ്ദേഹം നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നു. ഏകാഗ്രമായ പ്രാര്‍ത്ഥനയില്‍ അമരുക അദ്ദേഹത്തിന്റെ പതിവായിരുന്നു. മുട്ടിന്മേല്‍നിന്ന് കരങ്ങള്‍ വിരിച്ചുപിടിച്ച് അദ്ദേഹം പ്രാര്‍ത്ഥിക്കും. ചിലപ്പോള്‍ തന്റെ കയ്യില്‍ എപ്പോഴും കൊണ്ട് നടക്കാറുള്ള ക്രൂശിതരൂപം നെഞ്ചോട് അടുപ്പിച്ച് പിടിച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിടും. ബലിയര്‍പ്പണ സമയത്താണ് ഏറ്റവും ഭക്തിപാരവശ്യത്തില്‍ അദ്ദേഹം കാണപ്പെടുക. ഭക്തിപാരവശ്യത്തില്‍ നിമഗ്നനായ ഫാ. വിന്‍സെന്റ് പലപ്പോഴും നിലത്തുനിന്ന് രണ്ട് മൂന്നടി ഉയര്‍ന്ന് നില്‍ക്കുന്നത് അള്‍ത്താരശുശ്രുഷകര്‍ കണ്ട് സ്തബ്ധരായി നിന്നിട്ടുണ്ട്. കാനന്‍ജപം മുട്ടിന്മേല്‍ നിന്ന്, കഴിയുന്നത്ര ചൊല്ലാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. 
കുട്ടികളേ, നിങ്ങളുടെ പ്രാര്‍ത്ഥനാരീതി എങ്ങനെയാണ്? മുട്ടിന്മേല്‍ നിന്ന് കൈകള്‍ കൂപ്പിയും കൈകള്‍ വിരിച്ചും തീക്ഷ്ണതയോടെ ഉറക്കെ പ്രാര്‍ത്ഥിക്കണം. ദിവസത്തില്‍ അനേകം പ്രാവിശ്യം സുകൃതജപങ്ങള്‍ മാറി മാറി ഉരുവിടണം.

പ്രത്യേക അദ്ധ്യാപകന്‍
തീക്ഷ്ണമായ അപ്പസ്‌തോലികപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ അദ്ദേഹം റോമിലെ സാപ്പിയെന്‍സിയ സര്‍വ്വകലാശാലയില്‍ പ്രത്യക അദ്ധ്യപകനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യം വിദ്യാര്‍ത്ഥിലോകത്തെ ആകര്‍ഷിച്ചു. കാലാന്തരത്തില്‍ ഈ സര്‍വ്വകലാശാലയുടെ മുഴുവന്‍ നേതൃതവും ഏറ്റെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീര്‍ന്നു. ഇക്കാലത്ത് പണ്ഡിതരുമായിട്ടു മാത്രമല്ല സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ജനങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. മരപ്പണിക്കാര്‍, ചെരിപ്പുകുത്തികള്‍, ശില്പികള്‍, ചുമട്ടുതൊഴിലാളികള്‍, തൂപ്പുകാര്‍, കച്ചവടക്കാര്‍...തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുമായി ബന്ധം വളര്‍ത്തി. അവരെ ഒരുമിച്ചുകൂട്ടി ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും ദേവാലയത്തില്‍ സമ്മേളിച്ച് ഭക്തിപരിപാടികള്‍ സംഘടിപ്പിച്ചു. അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കി. അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. റോമിലെ സര്‍വ്വകലാശാലകളും വിന്‍സെന്റില്‍നിന്ന് ചൈതന്യം നുകര്‍ന്നിട്ടുണ്ട്. അനേകം മണിക്കൂര്‍ അദ്ദേഹം കുമ്പസാരക്കൂട്ടില്‍ കാണും. ചില ദിവസങ്ങളില്‍ പ്രഭാതം മുതല്‍ പാതിരാത്രിവരെ കുമ്പസാരിപ്പിക്കും. പാപസങ്കീര്‍ത്തനത്തിന് അണയുന്നവരുടെ നീണ്ടനിര കുമ്പസാരക്കുടിന്റെ ഇരുവശത്തും കാണാമായിരുന്നു. പാതിരാത്രിക്കു മുമ്പ് കുമ്പസാരം നിര്‍ത്തിയിട്ട് അവിടെ സന്നിഹിതരായ പാപപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കും. 

പരിശുദ്ധാരൂപിയുടെ ദേവാലയറെക്ടര്‍
റോമിലെ ഏറ്റവും നല്ല ഇടവകയായ സാന്‍മാര്‍ക്കോയുടെ വികാരിയായി അദ്ദേഹം നിയമിതനായി. എന്നാല്‍ വിനീതനായ അദ്ദേഹം അതു സ്വീകരിച്ചില്ല. പകരം പരിശുദ്ധാരൂപിയുടെ ദേവാലയത്തിന്റെ റെക്ടറായി ചുമതലയേറ്റു. ഈ പള്ളിയാണ് പണ്ട് നെപ്പോളിയന്‍ ദേശീയ ദേവാലയമാക്കിയത്. അദ്ദേഹം ചാര്‍ജ്ജെടുക്കുമ്പോള്‍ ആ പള്ളി മിക്കവാറും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. 1835-ല്‍ റെക്ടറായി ചുമതലയേറ്റ അദ്ദേഹം ദേവാലയത്തിന്റെ പുനരുദ്ധാരണപദ്ധതികള്‍ പ്ലാന്‍ ചെയ്തു. ഒരു ആത്മീയ വിപ്ലവംതന്നെ അവിടെ പൊട്ടിപുറപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേകധ്യാനശ്രൂശ്രുഷകള്‍ ഏര്‍പ്പാട് ചെയ്തു. നൊവേനകളും, മെയ്മാസവണക്കവും, ത്രിദിനപ്രാര്‍ത്ഥനകളുംവഴി പതിനായിരങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കാന്‍ ഇടയായി. മെ്രതാന്മാരും ഉന്നതസ്ഥാനീയരും കര്‍മ്മാനുഷ്ഠാനങ്ങളില്‍ പങ്കുകൊണ്ടു.

എതിര്‍പ്പുകള്‍ക്ക് ഇടയില്‍
ഫാ. വിന്‍സെന്റിന് ശത്രുക്കള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദേവാലയത്തിലെ അഞ്ച് അസേന്തിമാര്‍ അദ്ദേഹത്തെ വെറുത്തു. റോമാക്കാരനായ പള്ളോട്ടി അവര്‍ക്ക് വിദേശീയനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി അവരുടെ മന:സാക്ഷിക്കുമുമ്പില്‍ ഒരു വെല്ലുവിളിയായി നിന്നു. വിചിത്രമായ രീതിയിലാണ് അവര്‍ അക്രമണം നടത്തിയിരുന്നത്. താക്കോല്‍ മാറ്റിവയ്ക്കുക. തിരുവസ്ത്രങ്ങള്‍ മാറ്റിവയ്ക്കുക, കുമ്പസാരക്കൂട് എടുത്തുമാറ്റുക തുടങ്ങിയ രീതികള്‍ അവര്‍ അവലംബിച്ചു. പള്ളോട്ടിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഇക്കാര്യം അറിഞ്ഞ പരിശുദ്ധപിതാവ് പള്ളിക്കാര്‍ക്ക് കര്‍ശനമായ കല്പന നല്‍കി. ഫാദര്‍ വിന്‍സെന്റിനെ ഉപദ്രവിക്കരുതെന്നും, അദ്ദേഹത്തിന്റെ യാതൊരു കാര്യത്തിലും ഇടപെട്ടു പോകരുതെന്നും കല്പനപുറപ്പെടുവിച്ചു. എങ്കിലും അസേന്തിമാര്‍ പീഢനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ സാന്‍സള്‍വോത്തോരെയില്‍ വിന്‍സെന്റും കൂട്ടരും പുതിയ ഒരു വസതി കണ്ടെത്തി. 

സ്വപ്നം പൂവണിയുന്നു
എല്ലാവരും മതബോധനത്തിന്റെ മധുരഫലം അണിയണമെന്ന് വിന്‍സെന്റ് ആഗ്രഹിച്ചു. വയലേലകളിലേയ്ക്ക് അനേകം മിഷനറിമാരെ അയയ്ക്കാന്‍ അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. 1835-ല്‍ ഈ സ്വപ്നം പൂവണിഞ്ഞു. അദ്ദേഹം ഒരു കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. സകലരെയും കത്തോലിക്കരാക്കുക, എല്ലാ കത്തോലിക്കരെയും നല്ല കത്തോലിക്കരാക്കുക, എല്ലാ നല്ല കത്തോലിക്കരെയും പ്രേഷിതരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന് ആരു സഹായിക്കും!

കത്തോലിക്കാ പ്രേഷിതത്വം
അല്മായരുടെ ഒരു ഗണം അദ്ദേഹത്തിന്റെ മുറിയില്‍ സമ്മേളിക്കാറുണ്ടായിരുന്നു. അവര്‍ പ്രേഷിത തീക്ഷണതയാല്‍ ജ്വലിക്കുന്നവരായിരുന്നു. ഇവരായിരുന്നു വിന്‍സെന്റിന്റെ പ്രഥമ പ്രേക്ഷിതസമൂഹം. അവരെകൂട്ടി ഒരു സംഘടനയുണ്ടാക്കി. പണമിടപാടുകള്‍ അവരെ ഏല്പിച്ചു. പുതിയ പ്രസ്ഥാനത്തിന് സഭാതലത്തിലുള്ള അംഗീകാരം നേടാന്‍ അദ്ദേഹം ശ്രമം നടത്തി. ഈ സംഘടനയുടെ ലക്ഷ്യം, കത്തോലിക്കാവിശ്വാസം പ്രചരിപ്പിക്കുകയും സമസ്തജനങ്ങളെയും ഏകഇടയന്റെ കീഴില്‍ കൊണ്ടുവരികയുമായിരുന്നു. കത്തോലിക്കാ പ്രേഷിതത്വം എന്നായിരുന്നു ഈ കൂട്ടായ്മയുടെ പേര്. ഇതിന്റെ നിയമാവലി അധികാരികള്‍ക്ക് മുമ്പില്‍ സമ്മര്‍പ്പിച്ചു. 1835 ഏപ്രില്‍ 4 ന് മാര്‍പാപ്പായുടെ പ്രതിനിധി കര്‍ദ്ദിനാള്‍ നൈസ്റ്റാള്‍ക്കി വിന്‍സെന്റിന്റെ നവീന സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. 1835 ജൂലൈ 11 ന് പരിശുദ്ധ പിതാവ് ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പാ ഈ അഭിനവസഭയെ സ്വാഗതം ചെയ്യുകയും സഭാംഗങ്ങളുടമേല്‍ ശ്ലൈഹികാശീര്‍വ്വാദം സമൃദ്ധമായി ചൊരിയുകയും ചെയ്തു. 

സഭയുടെ വളര്‍ച്ച
പില്‍ക്കാലത്ത് ഈ സഭയില്‍ രണ്ട് വിഭിന്നസമൂഹങ്ങള്‍ രൂപപ്പെട്ടു. ഒന്ന്, വിദൂര പ്രേഷിതമണ്ഡലങ്ങളില്‍ വിശ്വാസദീപമേന്തി വിജാതിയരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രണ്ട്, ക്രൈസ്തവഹൃദയങ്ങളെ വിശ്വാസവും ഉപവിയും വഴി ജ്വലിപ്പിക്കുന്നവര്‍. 1836-ല്‍ പള്ളോട്ടി ഈ സഭയ്ക്ക് ഒരു നിയമാവലി എഴുതി ഉണ്ടാക്കി. സഭാംഗങ്ങളെ മൂന്നായി തരം തിരിച്ചു. ഒന്ന്, കര്‍മ്മനിഷ്ഠരായ അംഗങ്ങള്‍, രണ്ട്, ധ്യാനാത്മക സമൂഹം. മൂന്ന്, സഹായികളായ അംഗങ്ങള്‍. ഇടവക വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും ഇതില്‍ ചേരാം. അവര്‍ സഭയുടെ ഹൃദയവും കേന്ദ്രവുമായി പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ സഭാംഗങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്നില്ല. എന്നാല്‍ 1837 ല്‍ അവരില്‍ ഗണ്യമായ ഒരു വിഭാഗം, പള്ളോട്ടിയോടൊത്ത് പരിശുദ്ധാത്മാവിന്റെ ദേവാലയത്തില്‍ താമസം തുടങ്ങി. കത്തോലിക്കാ പ്രേഷിതസഭാംഗങ്ങള്‍ ആദ്യനാളില്‍ വ്രതബദ്ധരാകണമെന്ന് പള്ളോട്ടി ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കാലാന്തരത്തില്‍ അത് ആവശ്യമായിവന്നു. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം, സ്ഥിരത എന്നിവയാണ് ആദ്യവ്രതങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക കല്പനയില്ലാതെ സഭയിലെ സ്ഥാനമാനങ്ങള്‍ സ്വീകരിക്കരുതെന്നും പിന്നീട് കല്പന വന്നു.

ഒരു മാനസാന്തരകഥ 
ഒരിക്കല്‍ കുറെ യുവാക്കള്‍ മൈതാനത്ത് കളിക്കുകയായിരുന്നു. ഫാ. വിന്‍സെന്റും അവിടെ എത്തി. കളികാണാന്‍ ധാരാളം ആളുകള്‍ അവിടെ തിങ്ങിനിറഞ്ഞിരുന്നു. പെട്ടെന്ന് വിന്‍സെന്റ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കളിക്കാരില്‍ ഒരാളെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: 'സ്‌നേഹിതാ, പരിശുദ്ധ കന്യകാമാതാവിന്റെ സ്‌നേഹത്തെപ്രതി താങ്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നോടുകൂടെ ദേവാലയത്തിലേക്ക് വരിക. അയാള്‍ വിന്‍സെന്റിനെ അനുഗമിച്ചു. ദേവാലയത്തില്‍ എത്തിയ ഉടനെ വിന്‍സെന്റ് അയാളെ നല്ല കുമ്പസാരത്തിനായി ഒരുക്കി. പശ്ചാത്താപത്തോടെ അയാള്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു. നന്ദിപറഞ്ഞ് സ്വഭവനത്തിലേക്ക് പോയി. സമയം പാതിരായോടടുത്തു. ആ യുവാവിന് ശരീരമാസകലം വേദന. ഡോക്ടര്‍മാര്‍വന്ന് പരിശേധന നടത്തി. രക്ഷയില്ലെന്ന് വിധിയെഴുതി. ഉടനെ ആ യുവാവ് വിന്‍സെന്റിനെ വിളിക്കാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം വിന്‍സെന്റ് യുവാവിന്റെ അടുക്കലെത്തി. അദ്ദേഹം യുവാവിനെ നല്ല മരണത്തിനായി ഒരുക്കി. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ അച്ചന്റെ കയ്യില്‍ക്കിടന്ന് ആ യുവാവ് അന്ത്യശ്വാസം വലിച്ചു. 

തോക്കിനു മുമ്പില്‍
1848. യൂറോപ്പിലാകെ വിപ്ലവങ്ങള്‍ നടമാടുകയാണ്. ഇറ്റാലിയന്‍ രാഷ്ട്രീയം ആകെ കലങ്ങി മറിഞ്ഞു. എല്ലായിടത്തും സമരകാഹളം. കലാപകാരികള്‍ റോം കീഴടക്കി. വിപ്ലവത്തിന്റെ വെന്നിക്കൊടികള്‍ എങ്ങും പാറിപറക്കുന്നു. ഒമ്പതാം പിയൂസ് മാര്‍പാപ്പായെ അവര്‍ മര്‍ദ്ദിക്കാന്‍ ഒരുങ്ങി. ബലം പ്രയോഗിച്ച് മനസ്സാക്ഷിക്ക് എതിരായ ചില പ്രമാണ രേഖയില്‍ ഒപ്പുവപ്പിച്ചു. വത്തിക്കാന്‍, പട്ടാളക്കാരെകൊണ്ട് നിറഞ്ഞു. ഒരൊറ്റ വൈദികനും അവിടെ പ്രവേശനമില്ല. അതാ, നാല്പത് വയസ്സ് തോന്നിക്കുന്ന ഒരു വൈദികന്‍ ധൃതിയില്‍ വത്തിക്കാനിലേക്ക് നീങ്ങുകയാണ്. അദ്ദേഹത്തിന്റെ നടപ്പ് കണ്ടാലറിയാം പട്ടാളത്തെ അദ്ദേഹത്തിന് ഒട്ടും ഭയമില്ലായെന്ന്. ഒരു പട്ടാളക്കാന്‍ തോക്കെടുത്ത് ചൂണ്ടി. നില്‍ക്കവിടെ എന്നലറിയതും, നിറയൊഴിച്ചതും ഒന്നിച്ചായിരുന്നു. അവിടെ തീതുപ്പുന്ന ധൂമപടലമുയര്‍ന്നു. അല്പസമയം കഴിഞ്ഞ് സുരക്ഷിതനായി ആ വൈദികന്‍ അതാ വീണ്ടും മുന്നേറുന്നു. പട്ടാളക്കാരന്‍ അന്ധാളിച്ചു. തനിക്ക് ഉന്നം പിഴച്ചോ?... വെടിയുണ്ട എവിടെ പ്പോയി? അതോ, ദൈവികശക്തിയാല്‍ അത് തെറിച്ചുപോയോ?...അതെ, അതാണവിടെ സംഭവിച്ച
ത്. അഖില ചരാചരങ്ങളെയും അടക്കി വാഴുന്ന ദൈവം ആ പുണ്യാത്മാവിനെ വെടിയുണ്ടയില്‍നിന്ന് കാത്തുപരിപാലിച്ചു. 

വീണ്ടും ദൈവീകസംരക്ഷണം
വൈദികവിരോധികളായ കലാപകാരികള്‍ വിന്‍സെന്റിനെ വധിക്കുമെന്ന് ഭീഷണിമുഴക്കി. ഐറിഷ് കോളേജിന്റെ റെക്ടര്‍ കര്‍ബി അദ്ദേഹത്തെ കുറെക്കാാലം ഒളിവില്‍ പാര്‍പ്പിച്ചു. വിന്‍സെന്റച്ചന്‍ അവിടെ ഉണ്ടെന്നറിഞ്ഞ് പട്ടാളക്കാര്‍ അങ്ങോട്ട് നീങ്ങി. അനേകം മുറികളുള്ള ആ വലിയ കെട്ടിടത്തിലെ സകല മുറികളും തള്ളി തുറന്ന് പരിശോധിച്ചു. എന്നാല്‍ വിന്‍സെന്റ് ഇരുന്ന മുറിയില്‍ മാത്രം അവര്‍ പരിശോധിക്കാന്‍ വന്നില്ല. അവിടെയും ദൈവം അദ്ദേഹത്തെ പരിപാലിച്ചു.

പരസ്യപാപിയുടെ മാനസാന്തരം
പരസ്യപാപിയെന്നറിയപ്പെടുന്ന ഒരു മനുഷ്യന്‍ പെട്ടെന്ന് രോഗാതുരനായി. അയാളുടെ ബന്ധുക്കള്‍ വിന്‍സെന്റിനെ ആളയച്ച് വരുത്തി. വിന്‍സെന്റ് ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ രോഗിയുടെ ചുറ്റും ധാരാളം ആളുകള്‍ കൂടിനില്‍ക്കുന്നു. അദ്ദേഹം അവരോട് പറഞ്ഞു. നിങ്ങള്‍ ദൈവത്തിലും ദൈവമാതാവായ കന്യകാമറിയത്തിലും വിശ്വസിക്കുവിന്‍. ഞാന്‍ ഉടനെ തിരിച്ച് വരുന്നതാണ്. ഇത്രയും പറഞ്ഞിട്ട് വിന്‍സെന്റ് സ്വഭവനത്തിലേയ്ക്ക് മടങ്ങി. അദ്ദേഹം മുട്ടിന്മേല്‍ വീണ് പ്രാര്‍ത്ഥിച്ചു. 'എത്രയും ദയയുള്ള മാതാവേ, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മേ, അങ്ങേ തിരുമുമ്പില്‍ അണയുന്ന പാപികളായ ഞങ്ങളുടെ പ്രാര്‍ത്ഥന തിരസ്‌ക്കരിക്കരുതേ, അങ്ങേ തിരുകുമാരനില്‍ നിന്നും, തിന്മയില്‍ നിപതിച്ചുപോയ, ഈ രോഗിക്ക് വേണ്ട പ്രസാദവരം അങ്ങ് വാങ്ങി തരുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു'. ഏതാനും മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കുശേഷം വിന്‍സെന്റ് രോഗിയുടെ അടുക്കലെത്തി. പെട്ടെന്ന് അയാള്‍ക്ക് സംസാരശക്തി തിരിച്ചുകിട്ടി. വിന്‍സെന്റ് അയാളെ കുമ്പസാരിപ്പിച്ചു. അയാളെ മാനസാന്തരത്തിലേയ്ക്ക് നയിച്ചു. പാപമോചനം നല്‍കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ അയാളുടെ സംസാരശക്തി വീണ്ടും നഷ്ടപ്പെട്ടു. എങ്കിലും വിന്‍സെന്റ് നല്‍കിയ ഉപദേശം സുബോധത്തോടെ അയാള്‍ ശ്രവിച്ചു. കുമ്പസാരവേദിയില്‍ അദ്ദേഹം സ്‌നേഹമുളള ഒരു പിതാവും കാരുണ്യമൂര്‍ത്തിയായ ഒരു വിധിയാളനുമായി കാണപ്പെട്ടു. 

ക്ഷമായാചനം
തന്നെ ദ്രോഹിക്കുന്നവരോടെല്ലാം വിന്‍സെന്റ് ക്ഷമായാചനം ചെയ്തിരുന്നു. ഒരു ദിവസം വിന്‍സെന്റിനെ വെറുത്ത ഒരു മനുഷ്യന്‍ വന്ന് ചീത്തവിളിച്ചു. അവഹേളനങ്ങളുടെയും നിന്ദനങ്ങളുടെയും ഒരു മഹാമാരിതന്നെ അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞു. വിന്‍സെന്റ് ഒരു വാക്കുപോലും പറയാതെ എല്ലാം ശാന്തനായി നിന്നുകേട്ടു. ശകാരം കഴിഞ്ഞപ്പോള്‍ വിന്‍സെന്റ് അയാളുടെ അടുത്തുചെന്ന് പറഞ്ഞു 'ഞാന്‍ അറിയാതെ ചെയ്തുപോയ തെറ്റുകള്‍ ക്ഷമിക്കണമെന്ന് ഞാന്‍ യാചിക്കുന്നു.' വിന്‍സെന്റിന്റെ ഈ രീതിയിലുള്ള ക്ഷമായാചനം അനേകരുടെ മാനസാന്തരത്തിന് വഴിതെളിച്ചിട്ടുണ്ട്. 

അപമാനത്തിന് നന്ദി
നിന്ദിക്കപ്പെടുമ്പോള്‍ ദൈവത്തിന് നന്ദിപറയുക വിന്‍സെന്റിന്റെ രീതിയായിരുന്നു. ഒരു ദിവസം സാന്താമരിയ ദേവാലയത്തിന്റെ സങ്കീര്‍ത്തിയില്‍ വിന്‍സെന്റ് കുറെനേരം മുട്ടിന്മേല്‍ നില്‍ക്കുന്നത് ഒരു സ്‌നേഹിതന്‍ കണ്ടു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ സ്‌നേഹിതന്‍ ചോദിച്ചു. 'എന്തിനാണ് താങ്കള്‍ ഇപ്പോള്‍ ഇത്ര തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നത്.' വിന്‍സെന്റ് പറഞ്ഞു 'എനിക്ക് കിട്ടിയ ഒരു മഹാദാനത്തിന് ഞാന്‍ നന്ദി പറയുകയാണ്.' എന്തായിരുന്നെന്നോ ആ ദാനം? പരസ്യമായി അദ്ദേഹത്തിന് ലഭിച്ച ഒരു അവഹേളനമായിരുന്നു അത്! 

രണ്ട് സ്ഥലങ്ങളില്‍ ഒരേസമയം
വിന്‍സെന്റിന് പ്രത്യേകമായി ലഭിച്ച വരങ്ങളില്‍ ഒന്നായിരുന്നു ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുക (ആശഹീരമശേീി)എന്നുള്ളത്. ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ എലിസബത്ത് സന്നയെന്ന സ്ത്രീയെ അനുഗമിച്ച് ് മോശമായി അവളോട് പെരുമാറാന്‍ തുടങ്ങി. (എലിസബത്ത് സന്ന - വിന്‍സെന്റിന്റെ ജീവചരിത്രത്തില്‍ പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്ന ഭക്തയും സുകൃതിനിയുമായ സ്ത്രീ.) പെട്ടെന്ന് വിന്‍സെന്റ് അവിടെ പ്രത്യക്ഷനായി അവളെ അനുഗമിച്ചു. അവളെ അവളുടെ വീട്ടില്‍ സുരക്ഷിതയായി എത്തിച്ചശേഷം അപ്രത്യക്ഷനായി.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
മരിച്ചവര്‍ക്കുവേണ്ടി വിന്‍സെന്റ് പ്രത്യേകം ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. പലപ്പോഴും മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളോടും ഭക്തജനങ്ങളോടുമൊപ്പം അദ്ദേഹം സിമിത്തേരിയിലേക്ക് പോകുന്നത് കാണാമായിരുന്നു. സിമിത്തേരിയില്‍ അവരുടെ കബറിടത്തിങ്കല്‍ തിരുക്കര്‍മ്മാദികള്‍ നടത്തുക വിന്‍സെന്റിന്റെ ഒരു സുപ്രധാന പരിപാടിയായിരുന്നു. 

വചനത്തോടുള്ള താല്പര്യം
വേദപുസ്തകം വിന്‍സെന്റിന്റെ ജീവത്‌കേന്ദ്രമായിരുന്നു. വേദപുസ്തകത്തോട് അദ്ദേഹം പ്രത്യേക സ്‌നേഹവും ആദരവും പുലര്‍ത്തിയിരുന്നു. അള്‍ത്താരയില്‍ കുര്‍ബാനസമയത്ത് അദ്ദേഹം സുവിശേഷഗ്രന്ഥം ചുംബിക്കുന്നതു കണ്ടാല്‍ അത് ഏറ്റവും സമാകര്‍ഷകമായി ആര്‍ക്കും തോന്നും. വിശ്വാസത്തെ സംബന്ധിക്കുന്നതും തിരുസഭയെ പുരസ്‌ക്കരിച്ചുള്ളതുമായ സുവിശേഷഭാഗങ്ങള്‍ പ്രസംഗിക്കാന്‍ വിന്‍സെന്റ് വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. നിത്യരക്ഷയുടെ രഹസ്യങ്ങള്‍ ഉള്‍കൊള്ളുന്ന വേദപുസ്തകം ഓരോരുത്തരും ഹൃദിസ്ഥമാക്കണമെന്നും, ജീവന്റെ ആ നീരുറവയില്‍നിന്ന് എല്ലാവരും സമൃദ്ധമായി പഠനം ചെയ്യണമെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. ബൈബിള്‍ ഒരദ്ധ്യായം എങ്കിലും ദിവസവും വായിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചിരുന്നു. 

പരിപൂര്‍ണ്ണമനുഷ്യനാകാന്‍
എല്ലാറ്റിലും മിതത്വം പാലിക്കാന്‍ വിന്‍സെന്റ് ശ്രദ്ധിച്ചിരുന്നു. രാത്രിയുടെ ഒരു സുപ്രധാനഭാഗം മുഴുവന്‍ അദ്ദേഹം ദിവ്യകാരുണ്യസന്നിധിയിലാണ്. ചെലവഴിച്ചത്. ഉറക്കത്തെ അതിജീവിക്കാന്‍ എഴുന്നേറ്റുനിന്ന് കൈകള്‍ കുരിശാകൃതിയില്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. കഠിനതപശ്ചര്യകള്‍ കൂടാതെ പീഡനങ്ങളും അദ്ദേഹം ജീവിതത്തോട് കൂട്ടിച്ചേര്‍ത്തു. ചമ്മട്ടിയടി, മുള്ളരഞ്ഞാണം, രോമച്ചട്ട ഇവയുടെ പ്രയോഗങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു. സ്ത്രീകളാരും സ്വന്തം മുറിയില്‍ വരാന്‍ അനുവദിച്ചിരുന്നില്ല. സങ്കീര്‍ത്തിയില്‍ സ്ത്രീകള്‍ കയറുന്നതും വിലക്കിയിരുന്നു.

ജയിലിലെ പ്രേക്ഷിതത്വം
മരണത്തിന് വിധിക്കപ്പെട്ടവരോട് അദ്ദേഹത്തിന് കൂടുതല്‍ അനുകമ്പയുണ്ടായിരുന്നു. കാരണം അവരുടെ നിത്യരക്ഷ അന്ത്യനിമിഷങ്ങളിലാണ്. വധശിക്ഷയുടെ തലേദിവസം പള്ളോട്ടി അവരോടുകൂടെ ചെലവഴിക്കും. അവരെ പശ്ചാത്താപത്തിലേക്ക് നയിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യും. ഒരിക്കല്‍ വധിക്കപ്പെടാനുള്ള ഒരാള്‍ക്ക് വിന്‍സെന്റ് വി. കുര്‍ബാന എഴുന്നള്ളിച്ചുകൊടുത്തു. അയാള്‍ക്ക് ഹൃദ്യമായ ഒരു ഉപദേശം അദ്ദേഹം നല്‍കി. ഇതുകേട്ട് അയാളുടെയും അടുത്തുനിന്നവരുടെയും കണ്ണ് നിറഞ്ഞു. ജയില്‍പുള്ളികളുടെ ഇടയിലുള്ള ഈ പ്രേക്ഷിതത്വം സര്‍വ്വരുടെയും ശ്രദ്ധയാകര്‍ഷിച്ചു. തല്‍ഫലമായി വിന്‍സെന്റിനെ ജയില്‍പുള്ളികളുടെ പൊതുചാപ്‌ളിനാക്കാന്‍ തീരുമാനമുണ്ടായി. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു.

മരിയഭക്തന്‍
പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി ബൊനവഞ്ചര്‍ രചിച്ച ഭക്തിഗാനങ്ങള്‍ വിന്‍സെന്റ് ഇറ്റാലിയന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തി. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പ്രാര്‍ത്ഥനാസമാഹാരമായിരുന്നു അത്. അതിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. ഒരിക്കല്‍ വിന്‍സെന്റ് ഒരു പിശാച് ബാധിതനോട് ചോദിച്ചു. ആ പ്രാര്‍ത്ഥന ചൊല്ലിയവര്‍ എത്ര പേര്‍ നശിച്ചുപോയിട്ടുണ്ട്. പിശാച് മറുപടി പറഞ്ഞു. ആരും നശിച്ചിട്ടില്ല.''ആ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നവരെ മരണസമയത്ത് പ്രലോഭിപ്പിക്കാന്‍ പാടില്ലെന്ന് ദൈവം കല്പിച്ചിരിക്കുകയാണ്'' മിറയത്തോടുള്ള ഭക്തി പിശാചിനെതിരായുള്ള ഒരു സമരായുധമാണ്. 

കോളറരോഗത്തിനെതിരെ ജപമാലപ്രദക്ഷിണം 
ഫ്രഞ്ചുവിപ്ലവത്തിന്റെ അലയടികള്‍ ചക്രവാളത്തില്‍ അപ്രത്യക്ഷമായെങ്കിലും അണിയറയില്‍ അത് പുകഞ്ഞുകൊണ്ടിരുന്നു. അതിന് തൊട്ടുപിന്നാലെ 'കോളറ' എന്ന രോഗവും റോമില്‍ പൊട്ടിപ്പുറപ്പെട്ടു. ആറായിരത്തോളം പേരാണ് റോമില്‍ അന്ന് മരിച്ചത്. ആതുരാലയങ്ങള്‍ രോഗികളെകൊണ്ട് നിറഞ്ഞു. രോഗികളെ ശ്രൂശ്രൂഷിക്കുന്നതുപോലും ആപല്‍ക്കരമായിരുന്നു. ഈ നാളില്‍ മരണത്തെ വെല്ലുവിളിച്ചുകൊണ്ട് പള്ളോട്ടിയുടെ നേതൃത്തില്‍ ഒരു പറ്റം വൈദികരും അല്മായരും രംഗത്തെത്തി. അവര്‍ രോഗികളെ പരിചരിച്ചു. കയ്യില്‍ ജപമാലയും പിടിച്ച് അമലോത്ഭവ മാതാവിന്റെ രൂപവുമായി ജനങ്ങള്‍ 'സാന്തമരിയ മഗ്ഗിയോരെ' എന്ന ദേവാലയത്തിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങി. രണ്ടാമത്തെ പ്രദക്ഷിണം സാന്താമരിയായില്‍നിന്ന് വത്തിക്കാനിലേക്ക് സംഘടിപ്പിക്കപ്പെട്ടു. മാതാവിന്റെ രൂപത്തിനു മുമ്പില്‍ അവര്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥന നടത്തി. ഫാ. വിന്‍സെന്റും കൂട്ടരും ഈ പ്രദക്ഷിണത്തിന് നേതൃത്വം കൊടുത്തു. പരിശുദ്ധ അമ്മയുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുകയും കോളറ കെട്ടടങ്ങുകയും ചെയ്തു. 

ദുഷ്ടാരൂപിയുടെ മേലുള്ള അധികാരം
പിശാചുബാധിതരുടെമേല്‍ വിന്‍സെന്റിന് അസാധാരണമായ ശക്തിയുണ്ടായിരുന്നു. അദ്ദേഹം റോമില്‍ റെക്ടറായി സേവനമനുഷ്ഠിക്കുന്ന സമയം പിശാചുബാധിതനായിരുന്ന ഒരു പട്ടാളക്കാരനെ വിന്‍സെന്റിന്റെ മുമ്പില്‍ കൊണ്ടുവന്നു. അദ്ദേഹം ക്രിസ്തുവിന്റെ നാമത്തില്‍ ദുഷ്ടാരൂപിയെ ശാസിക്കുകയും പുറത്താക്കുകയും ചെയ്തു ഒരിക്കല്‍ നേപ്പിള്‍സിലുള്ള പിശാചുബാധിതയായ ഒരു സ്ത്രീ വിന്‍സെന്റിന്റെ അടുക്കലെത്തി. അവള്‍ അനിയന്ത്രിതമായി ബഹളം കൂട്ടാന്‍ തുടങ്ങി. ദേവാലയത്തില്‍ പ്രവേശിക്കപ്പെട്ടതോടെ അവള്‍ ഭയങ്കരമായി അലറി. ജനങ്ങള്‍ ഭയവിഹലരായി ഓടി. വിന്‍സെന്റ് പൗരോഹിത്യാധികാരത്തോടെ പിശാചുക്കളോട് പുറത്തിറങ്ങാനും നിശ്ശബ്ദരാകാനും കല്പിച്ചു. ആ ദുരാത്മാക്കള്‍ തല്‍ക്ഷണംതന്നെ അവളെ വിട്ടുപോവുകയും ആ സ്ത്രീ സ്വതന്ത്രയാവുകയും ചെയ്തു.

പ്രക്ഷുബ്ധരായ ജനത്തെ ശാന്തമാക്കുന്നു
വിന്‍സെന്റിന് ജനങ്ങളുടെമേല്‍ അത്ഭുതകരമായ വശ്യശക്തിയുണ്ടായിരുന്നു. ഒരിക്കല്‍ ട്രാസ്റ്റെവേരെയില്‍ ഒരു കലഹം പൊട്ടിപുറപ്പെട്ടു. പട്ടാളക്കാര്‍ അവിടെയുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. ജനങ്ങള്‍ ഇളകിവശായി. അവര്‍ പട്ടാളക്കാരുമായി ഏറ്റുമുട്ടി. പട്ടാളക്കാര്‍ ഒരാളെ വധിക്കുകയും അനേകരെ മുറിവേല്‍പ്പിക്കുകയും ചെയ്തു. പിറ്റേ ഞായറാഴ്ച ജനങ്ങള്‍ ഒറ്റക്കെട്ടായി പട്ടാളക്കാര്‍ക്കുനേരെ നീങ്ങി. പരിതസ്ഥിതികള്‍ അനിയന്ത്രിതവും ആപത്ക്കരവുമാണെന്നു കണ്ട കര്‍ദ്ദിനാള്‍ ലംബ്രൂഷിനി വിന്‍സെന്റിനെ ആളയച്ചു വരുത്തി. ഒട്ടും താമസിയാതെ വിന്‍സെന്റ് സംഭവസ്ഥലത്തെത്തി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും ജനഹൃദയങ്ങളെ വശീകരിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷം ശാന്തമാവുകയും പട്ടാളക്കാരും ജനങ്ങളും താമസംവിനാ അനുരഞ്ജനത്തിലെത്തിച്ചേരുകയും ചെയ്തു.

മരണത്തെ പിടിച്ചു നിര്‍ത്തിയവന്‍
വിന്‍സെന്റിന്റെ പിതാവിന് ക്യാന്‍സര്‍ രോഗം പിടിപെട്ടു. ചികിത്സകളെല്ലാം വിഫലമായി. വിന്‍സെന്റ് അടുത്തെത്തി പിതാവിനെ ശുശ്രൂഷിച്ചു. പീറ്റര്‍ പോള്‍ പള്ളോട്ടിക്ക് തന്റെ മരണം ആസന്നമായെന്ന് ഉറപ്പായി. ദൈവഹിതത്തിന് കീഴ്‌വഴങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. എങ്കിലും ഇനിയും പലകാര്യങ്ങള്‍ ശരിപ്പെടുത്താനുള്ളതിനാള്‍ അല്പകാലംകൂടി ജീവിച്ചാല്‍ കൊള്ളാമെന്ന് അദ്ദേഹം അഭിലഷിച്ചു. അദ്ദേഹം വിന്‍സെന്റിനെ അടുത്ത് വിളിച്ച് ഒരു കൊല്ലം കൂടി ജീവിച്ചിരിക്കുവാനുള്ള വരം ലഭിക്കുന്നതിന് കന്യകാമാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കണമെന്നു പറഞ്ഞു. പിതാവിന്റെ ആഗ്രഹപ്രകാരം വിന്‍സെന്റ് പ്രാര്‍ത്ഥന ആരംഭിച്ചു. കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ മൂന്നുമണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥന അദ്ദേഹം നടത്തി. അതിനുശേഷം അദ്ദേഹം തിരിച്ചുവന്ന് പിതാവിനോടു പറഞ്ഞു : യാചിച്ച വരം ലഭ്യമായിരിക്കുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെകൂടി കൂട്ടിച്ചേര്‍ത്തു. മരിക്കുമ്പോള്‍ പിതാവിന്റെ സമീപത്ത് താന്‍ ഉണ്ടായിരിക്കുകയില്ല. അധികം താമസിയാതെ പീറ്റര്‍ പോള്‍ പള്ളോട്ടി സൗഖ്യം പ്രാപിച്ചു. മാസങ്ങള്‍ കടന്നുപോയി, പീറ്റര്‍ പള്ളോട്ടി താന്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഒരു ദിവസം വിന്‍സെന്റ് തന്റെ പിതാവിനെ സമീപിച്ചു പറഞ്ഞു ''നാളെ നന്നായി കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കണം''. അതിന്റെ ആവശ്യമില്ലല്ലോ എന്നുപറഞ്ഞ് അദ്ദേഹം വൈമനസ്യം കാണിച്ചു. കാരണം, അദ്ദേഹം കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ചിട്ട് അധികദിവസങ്ങളായിരുന്നില്ല. എങ്കിലും മകന്റെ നിര്‍ബന്ധപ്രകാരം പിറ്റെ ദിവസം അദ്ദേഹം കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ ആദ്ദേഹം പെട്ടെന്ന് രോഗഗ്രസ്തനാവുകയും വിവശനായി നിലംപതിക്കുകയും ഏതാനും നിമിഷങ്ങള്‍ക്കകം മരണമടയുകയും ചെയ്തു. വിന്‍സെന്റ് സ്ഥലത്തെത്തുന്നതിനുമുമ്പ് പീറ്റര്‍ പള്ളോട്ടി പരലോകം പ്രാപിച്ചു.

അഖിലലോകപ്രേക്ഷിതവര്യന്‍
വിന്‍സെന്റിന്റെ വസ്ത്രവും മുറിയും ദാരിദ്ര്യത്തെ പ്രദ്യോതിപ്പിക്കുന്നവയായിരുന്നു. പതിനെട്ടുകൊല്ലം ഒരൊറ്റ ളോഹ അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ഭക്ഷണരീതി വിചിത്രമായിരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ വളരെ ചെറിയ കഷണമാക്കി ഭക്ഷിച്ചിരുന്നു. പാനീയങ്ങള്‍ ഓരോതുള്ളിവീതമാണ് കുടിച്ചിരുന്നത്. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, നമ്മള്‍ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും കുര്‍ബാന സ്വീകരണം നടത്തുകയല്ല എന്നെനിക്കറിയാം. പക്ഷേ പലപ്പോഴും അങ്ങനെയാണെന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. വസ്തുക്കള്‍ ദുര്‍വ്യയം ചെയ്യുക വിന്‍സെന്റിന് അസഹനീയമായിരുന്നു. ഒരു രോഗിയുടെ മുറിയില്‍ പ്രവേശിച്ചാല്‍ അദ്ദേഹം ഉടനെ മുട്ടിന്മേല്‍ വീണ് പ്രാര്‍ത്ഥിക്കും. ഉടനെ കര്‍ത്താവിന്റെയോ പരിശുദ്ധ മറിയത്തിന്റെയോ, ഒരു രൂപമെടുത്ത് ദുഷ്ടാരൂപിയോട് പുറത്തിറങ്ങാന്‍ കല്പിക്കും. അനന്തരം ആ രോഗിക്ക് തിരുസ്വരൂപം ചുംബിക്കാന്‍ നല്‍കും. പിന്നീട് രോഗിയുടെ വിശ്വാസത്തെ ഉദ്ദീപിപ്പിച്ചതിനുശേഷം കുമ്പസാരം കേള്‍ക്കും. പാപപ്പൊറുതി നല്‍കി ആ

ഹൃദയത്തെ ആശ്വസിപ്പിക്കും. 
അലസത അദ്ദേഹം പാടെ വെറുത്ത ഒരു തിന്മയായിരുന്നു. ബൈബിളും ക്രിസ്ത്വാനുകരണവും അദ്ദേഹം കൂടെ കൊണ്ടുനടന്നിരുന്നു. അല്പസമയം കിട്ടിയാല്‍ അദ്ദേഹം അത് വായിച്ചുതീര്‍ക്കും. വിന്‍സെന്റിന്റെ ഓരോ നിശ്വാസവും പ്രാര്‍ത്ഥനയായിരുന്നു. മണിനാദം കേള്‍ക്കുമ്പോഴും നാഴികമണി അടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം സ്വര്‍ഗ്ഗോന്മുഖമായി ഉയരും. കത്തോലിക്കാവിശ്വാസത്തില്‍, സഭാമാതാവിന്റെ മടിത്തട്ടില്‍തന്നെ പിറക്കാന്‍ ഭാഗ്യം കിട്ടിയതില്‍ വിന്‍സെന്റ് ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിച്ചിരുന്നു. മനുഷ്യരെല്ലാവരും ക്രിസ്തുനാഥന്റെ സഹോദരങ്ങളാണെന്നുള്ള ചിന്ത അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുഴങ്ങിനിന്നിരുന്നു. ഈശോയുടെ പീഡാനുഭവം, പരിശുദ്ധ കന്യാമറിയത്തിന്റെ വാത്സല്യം, വിശുദ്ധരുടെ തീക്ഷണതയേറിയ ജീവിതം മുതലായവയെ പറ്റി പ്രസംഗിക്കുമ്പോള്‍ അദ്ദേഹം വികാരവിവശനാകാറുണ്ട്. ആരെങ്കിലും ദൈവദൂഷണം പറയുകയോ, പ്രവര്‍ത്തിക്കുകയോ, ചെയ്താല്‍ അദ്ദേഹം മുട്ടുകുത്തി നിലം ചുംബിച്ച് അതിന് പരിഹാരം ചെയ്യും. യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ ഒരു വേലക്കാരനുണ്ടാകും. അയാളുമൊത്ത് ജപമാല ചൊല്ലിയാണ് യാത്ര. മെയ്മാസ റാണിയോട് പ്രത്യേകമായ ഒരു സ്‌നേഹം പള്ളോട്ടിക്ക് ഉണ്ടായിരുന്നു. സഭയ്ക്കുവേണ്ടി ഒരു പടയാളിയെപ്പോലെ അദ്ദേഹം അടരാടി. തിരുസഭയോടുള്ള സ്‌നേഹം ക്രിസ്തുവിനോടുള്ള സ്‌നേഹമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വിശ്വാസം ഉദ്ദീപിക്കാന്‍ ഒരു മാര്‍ഗ്ഗമായി അദ്ദേഹം ഒരു ക്രൂശിതരൂപം മുറിയില്‍ മേശപ്പുറത്ത് വച്ചിരുന്നു. ക്രൂശിതനായ യേശുവാണ് നമ്മുടെ പ്രവൃര്‍ത്തികള്‍ക്ക്  പ്രചോദനം നല്‍കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ഇറ്റാലിയന്‍ ചരിത്രകാരന്മാര്‍
ഇറ്റാലിയന്‍ ചരിത്രകാരന്മാര്‍ വിന്‍സെന്റിനെക്കുറിച്ച് ഇങ്ങനെ എഴുതി. വിന്‍സെന്റ് ഒരു ഹ്രസ്വകായനായിരുന്നു. കഷണ്ടിത്തല, മുന്നോട്ട് അല്പം വളവ്, അത് പ്രായാധിക്യം കൊണ്ട് ഉണ്ടായതല്ല പ്രത്യുത കഠിനാദ്ധ്വാനവും, തപശ്ചര്യകളും കൊണ്ടുണ്ടായതാണ്. ഗൗരവമുള്ള മുഖഭാവം എങ്കിലും മധുരവും പ്രശാന്ത സുന്ദരവുമായ ചേഷ്ടകള്‍ ജ്വലിക്കുന്ന നീലകണ്ണുകള്‍, വിശാലമായ നെറ്റിത്തടം ആകാരഭംഗിയുള്ളതായിരുന്നു. അദ്ദേഹം സാവകാശമാണ് സംസാരിച്ചിരുന്നത്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ എല്ലാം അളന്നുതൂക്കി അപഗ്രഥിക്കുന്നതുപോലെ തോന്നിയിരുന്നു. അദ്ദേഹത്തിന്റെ ഷൂസും വസ്ത്രവുമെല്ലാം വിലകുറഞ്ഞതായിരുന്നെങ്കിലും വൃത്തിയുള്ളതായിരുന്നു. അദ്ദേഹം ഒരു പണ്ഡിതനായിരുന്നു. ദൈവശാസ്ത്രത്തില്‍ അദ്ദേഹത്തിന് ആഴമേറിയ ജ്ഞാനമുണ്ടായിരുന്നു. ആര്‍ക്കും സഹായഹസ്തം നല്‍കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. അനുസരണമെന്ന പുണ്യം അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. പ്രേക്ഷിതതരംഗങ്ങളിലേക്ക് തിരിക്കുന്ന മിഷനറിമാര്‍ക്ക് ധാരാളം കൊന്തകളും കുരിശുകളും മെഡലുകളും സമ്മാനിക്കും.

മരണക്കിടക്കയില്‍
1850 ജനുവരി 16 ന് ഢാന്‍ അഗാത്തയിലുള്ള ഒരു ബാലമന്ദിരം സന്ദര്‍ശിച്ച ശേഷം വിന്‍സെന്റ് സ്‌നേഹിതനും ഉപകാരിയുമായ സാള്‍വാട്ടിയുടെ വീട്ടിലെത്തി. ശക്തമായ പനി, പരിക്ഷീണിതനായ വിന്‍സെന്റ് അയാളുമൊത്ത് അല്പം ഭക്ഷണം കഴിച്ചു. പെട്ടെന്ന് ദീര്‍ഘശ്വാസംവിട്ട് അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി പറഞ്ഞു. ഞാന്‍ ഈ ഭക്ഷണം കഴിക്കണമെന്ന് ദൈവം അഭിലക്ഷിക്കുന്നില്ല. ഉടനെതന്നെ അവര്‍ വിന്‍സെന്റിനെ ഒരു വണ്ടിയില്‍ കയറ്റി വീട്ടിലെത്തിച്ചു. ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. പ്ലൂരസിയും വലിയ പനിയും ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടു. അദ്ദേഹം പറഞ്ഞു. 'ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ഉടന്‍ തന്നെ ഞാന്‍ കിടക്കയോട് വിടപറയും.' സഭയിലെ ആത്മീയമക്കള്‍ അദ്ദേഹത്തിന്റെ ചുറ്റും നിന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യാമറിയത്തിന്റെയും തിരുസ്വരൂപങ്ങള്‍ കൊണ്ടുവന്നു. വലിയ ക്രൂശിത രൂപത്തിന്റെ ഇരവശങ്ങളിലായി കാണത്തക്കവിധം അത് വച്ചു. ഫ. ഡോണ്‍ വക്കാരി അദ്ദേഹത്തിന് അന്ത്യകൂദാശ നല്‍കി. അനന്തരം ക്രൂശിതരൂപം ചുംബിച്ചുകൊണ്ട് അദ്ദേഹം ഉരുവിട്ടു. ''ഈശോ മിറയമേ സ്തുതി.''മരണനേരത്തുള്ള ആശീര്‍വ്വാദം വൈദികന്‍ നല്കികൊണ്ടിരിക്കവേ വിന്‍സെന്റ് പ്രശാന്തനായി അന്ത്യശ്വാസം വലിച്ചു. 1850 ജനുവരി 22-ാം തിയ്യതി രാത്രി 9.45 നാണ് വിന്‍സെന്റ് പരലോകം പ്രാപിച്ച
ത്. 

ഭൗതികശരീരം പൊതുദര്‍ശനത്തിന് 
വിന്‍സെന്റ് പള്ളോട്ടിയുടെ മരണം കാട്ടുതീപോലെ റോമിലെങ്ങും പരന്നു. അവര്‍ പരസ്പരം പറഞ്ഞു. 'ഒരു വിശുദ്ധന്‍ മരിച്ചിരിക്കുന്നു.' മൂന്നുദിവസം ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചു. നഗരത്തിന്റെ നാനാഭാഗത്തുനിന്നും തൊഴിലാളികള്‍, കുട്ടികള്‍, ഉദ്യോഗസ്ഥര്‍, പട്ടാളക്കാര്‍, അധികാരികള്‍ എന്നുവേണ്ട,സമൂഹത്തിലെ സമസ്തവിഭാഗവും ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നാലാം ദിവസം ശരീരം വിലാപയാത്രയോടെ സാള്‍വാത്തോരെ ദേവാലയത്തില്‍ സംസ്‌കരിച്ചു. 

നാമകരണ പദ്ധതികള്‍
1852-ല്‍ നാമകരണപദ്ധതികള്‍ ആരംഭിച്ചു. നാമകരണസംഘം 454 സെഷനുകളായി തെളിവുകള്‍ ശേഖരിച്ചു. എല്ലാം സമഗ്രമായി പഠിച്ചതിനുശേഷം തിരുസഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1906-ലും 1949-ലും റീത്തുകളുടെ തിരുസംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കബറിടം തുറക്കുകയുണ്ടായി. അപ്പോള്‍ ശരീരം അക്ഷയമായി കാണപ്പെട്ടു. 1932 ജനുവരി 24-ാം പതിനൊന്നാം പിയൂസ് മാര്‍പാപ്പ വിന്‍സെന്റ് ദൈവീകവും സാന്മാര്‍ഗ്ഗികവുമായ പുണ്യങ്ങള്‍ വിരോചിതമായി അഭ്യസിച്ചിരുന്നുവെന്ന് പ്രഖ്യാപിച്ചു. കത്തോലിക്കാപ്രേഷിതത്വത്തിന്റെ മുന്നോടിയായി അദ്ദേഹത്തെ മാര്‍പാപ്പ ചിത്രീകരിച്ചു. 1963 ജനുവരി 20-ാം തിയതി യോഹന്നാന്‍ 23-ാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധന്‍ എന്ന് പ്രഖ്യാപിച്ചു. നാമകരണപരിപാടിയില്‍ ആത്മാക്കളെ വിശുദ്ധീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവം, കുമ്പസാരവേദിയിലെ പ്രേക്ഷിതത്വം, ത്യാഗസന്നദ്ധത മുതലായവ വീരോചിതമായി പ്രഖ്യാപിക്കപ്പെട്ടു. റോമിന്റെ അപ്പസ്‌തോലന്‍, അഖിലലോകപ്രേക്ഷിതവര്യന്‍, കുടുംബത്തിലെ മാലാഖ, നിത്യനഗരിയിലെ അപ്പസ്‌തോലന്‍, കത്തോലിക്കാപ്രേക്ഷിതത്വത്തിന്റെ മുന്നോടി എന്നീ പേരുകളിലെല്ലാം വിശുദ്ധ വിന്‍സെന്റ് പള്ളോട്ടി ഇന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ആശയങ്ങളും സഭയിലുടനീളം വ്യാപിച്ചിരുന്നു. അദ്ദേഹം രൂപംകൊടുത്ത സംരംഭം ഒരു അന്തര്‍ദേശീയസഭയായി മാറിക്കഴിഞ്ഞു. 'പള്ളോട്ടിയന്‍സ്' എന്ന പേരില്‍ ഈ സമൂഹം ഇന്ന് അറിയപ്പെടുന്നു. അല്മായപ്രേഷിതപ്രവര്‍ത്തനം അതാണ് അവരുടെ പ്രത്യേകത. 

വിശുദ്ധ വിന്‍സെന്റ് പള്ളോട്ടീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...