ഫോര്‍ജിയോനെ കുടുംബം
ദക്ഷിണ ഇറ്റലിയിലെ ''പിയത്രെള്‍ചിനാ'' എന്ന കുഗ്രാമം. അവിടുത്തെ ഒരു കര്‍ഷകകുടുംബമായിരുന്നു. ഫോജിയോനെ കുടുംബം. ആ ഭവനത്തിലെ സത്യസന്ധനും ദൈവഭക്തനുമായ മനുഷ്യനായിരുന്നു ഗ്രാസിയോ. ഒരു ദരിദ്രകര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സാമ്പത്തികമായി വളരെയേറെ വിഷമിച്ചായിരുന്നു അവര്‍ ജീവിച്ചത്. ഗ്രാസിയോയുടെ ജീവിതപങ്കാളിയായിരുന്നു ജ്യൂസെപ്പ. അവള്‍ ദൃഢചിത്തയും പ്രസന്നവതിയും പക്വതയുമുള്ള ഒരു സ്ത്രീയായിരുന്നു. കര്‍മ്മലമാതാവിന്റെ സ്തുതിക്കായി അവള്‍ എല്ലാ ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാംസവര്‍ജ്ജനം നടത്തിയിരുന്നു. ഈ ദമ്പതികള്‍ എല്ലാ ദിവസവും വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുകയും വീടിന് സ്ഥലമില്ലാത്തതിനാല്‍ അടുക്കളയില്‍ ഒരുമിച്ചുകൂടി ജപമാല ചൊല്ലുകയും ചെയ്തിരുന്നു. 

ഫ്രാന്‍സിസിന്റെ ജനനം
1887 മെയ് 25 ഗ്രാസിയോയുടെയും ജ്യൂസെപ്പായുടെയും രണ്ടാമത്തെ പുത്രനായി പാദ്രെ പിയോ ജനിച്ചു. പിറ്റേ ദിവസം തന്നെ മാതാപിതാക്കള്‍ കുട്ടിയെ മാലാഖമാരുടെ രാജ്ഞിയുടെ ദേവാലയത്തില്‍ കൊണ്ടുപോയി മാമ്മോദീസാ നല്‍കി. ഫ്രാന്‍സിസ് അസ്സിസിയോട് ജ്യൂസെപ്പായ്ക്കുണ്ടായിരുന്ന പ്രത്യേക ഇഷ്ടത്താല്‍ അവര്‍ കുഞ്ഞിന് ഫ്രാന്‍സിസ് എന്നു പേരിട്ടു. ഇറ്റലിയിലെ ബെനവെന്തോയ്ക്ക് ഏകദേശം അറുനൂറ് മൈല്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പിയെത്രെള്‍ചിനാ. ഈ ദരിദ്രഗ്രാമത്തിന് ബാഹ്യലോകവുമായുള്ള ഏകബന്ധം ഒരു കഴുതച്ചാല്‍ മാത്രമായിരുന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ജനസംഖ്യയും വളരെ കുറവായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവിശേഷണങ്ങളെയും തനിക്കും ചുറ്റുംജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയും ഫ്രാന്‍സിസ് വളരെയധികം സ്‌നേഹിച്ചു. സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും അന്തരീക്ഷത്തിലാണ് ഫ്രാന്‍സിസ് വളര്‍ന്നത്. ചെറുപ്പം മുതല്‍ അനുസരണം അവന്‍ ശീലിച്ചു. കുഞ്ഞുനാളില്‍തന്നെ കളികളെക്കാളുപരി പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും താല്പര്യം കാണിച്ചു. രാവിലെയും വൈകുന്നേരവും മാലാഖമാരുടെ രാജ്ഞിയുടെ പള്ളിയില്‍പോയി അല്പസമയം പ്രാര്‍ത്ഥിക്കുക എന്നത് അവന്റെ ഒരു ശീലമായിരുന്നു. 

കുഞ്ഞുമനസ്സിലെ വൈദികമോഹം
കേവലം അഞ്ചുവയസ്സുള്ളപ്പോള്‍ത്തന്നെ വൈദികനാകാനുള്ള ആഗ്രഹം അവന്‍ പ്രകടിപ്പിച്ചു തുടങ്ങി. കുഞ്ഞുനാളില്‍ത്തന്നെ മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി പ്രായശ്ചിത്തപ്രവൃത്തികളും ആരും പറഞ്ഞുകൊടുക്കാതെതന്നെ ചെയ്തുതുടങ്ങി. അവന് ഒന്‍പതുവയസ്സായിരിക്കേ വെറും തറയില്‍ ഒരു ഇഷ്ടിക തലയിണയാക്കി കിടന്നുറങ്ങുന്നതു കണ്ട് അവന്റെ അമ്മ ആശ്ചര്യപ്പെട്ടു. ഈ തപശ്ചര്യകളും, ഭക്തിയും ഫ്രാന്‍സിസ് അഭ്യസിച്ചത് മാതാപിതാക്കളില്‍നിന്നു തന്നെയായിരുന്നു. പിയെത്രെള്‍ചിനായില്‍ നിത്യേനെയെന്നോണം കണ്ടുപോന്ന ദുഃഖദുരിതങ്ങളില്‍ ആ കുഞ്ഞു മനസ്സ് ഏറെ വേദനിച്ചിരുന്നു.

പ്രൈമറി വിദ്യാഭ്യാസം
ബെനോവെന്തോ രൂപതയില്‍ അന്നാകെ അഞ്ച് ഇടവക സ്‌കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ നിറഞ്ഞു കവിഞ്ഞ സ്‌കൂളുകള്‍ വര്‍ദ്ധിച്ച നിരക്ഷരതയ്ക്കു വഴിതെളിച്ചു. അധ്യാപകരും വളരെ കുറവായിരുന്നു. തങ്ങളുടെ മകനെ സെമിനാരിയില്‍ വിടണമെങ്കില്‍ നല്ല വിദ്യാഭ്യാസമുണ്ടാകണം. അതിന് സ്‌കുളിലെ സംവിധാനങ്ങള്‍ മതിയാകുമായിരുന്നില്ല. അതിന് പ്രത്യേക ട്യൂഷന്‍ വേണം. ഒപ്പം പണവും. ഫ്രാന്‍സിസിന്റെ തീക്ഷ്ണമായ ആഗ്രഹം മനസ്സിലാക്കിയ പിതാവ് മകന് സ്വകാര്യ ട്യൂഷന്‍ നല്കുവാന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം പണസമ്പാദനത്തിന് അമേരിക്കലേയ്ക്കു പോയി. അവിടെ റെയിലില്‍ ചെറിയ ഒരുജോലി കിട്ടി. ആറുവര്‍ഷം ആദ്യതവണ അവിടെ ജോലിചെയ്തു. കഠിനാദ്ധ്വാനം ചെയ്തും പട്ടിണി കിടന്നും സമ്പാദിക്കുന്ന തുകയില്‍ ഒന്‍പതു ഡോളര്‍ ആഴ്ചതോറും വീട്ടിലേക്ക് അയച്ചുകൊടുത്തു. വൈദികവൃത്തി ഉപേക്ഷിച്ച് കുടുംബജീവിതം നയിച്ച് വരികയായിരുന്ന ഡൊമിനിക്കോ ടിസ്സാനിയില്‍ നിന്നാണ് ഫ്രാന്‍സിസ് തന്റെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പത്താമത്തെ വയസ്സില്‍ പഠനമാരംഭിച്ച ഫ്രാന്‍സിസ് രണ്ടു വര്‍ഷംകൊണ്ട് പ്രൈമറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പ്രത്യേക കാരണങ്ങളാല്‍ ഫ്രാന്‍സിസിന് അദ്ദേഹത്തിന്റെ അടുത്ത് പഠനം തുടരാന്‍ സാധിച്ചില്ല. മകന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ പിതാവ് അവനെ ആഞ്ചലോ കക്കാവോ എന്ന അല്മായന്റെ സ്‌കൂളില്‍ ചേര്‍ത്തു. അവിടെവച്ച് ലത്തീന്‍, ഇറ്റാലിയന്‍ ഭാഷാ വ്യാകരണം, കണക്ക് എന്നിവ പഠിച്ചു. അങ്ങനെ 1902ല്‍ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. 

കപ്പുച്ചിന്‍ സഭയിലേക്ക്
അവന്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു. തിരഞ്ഞെടുത്തത് കപ്പുച്ചിന്‍ സഭയാണ്. 1903 ജനുവരി ആറിന് മാര്‍ക്കോണയിലുള്ള കപ്പുച്ചിന്‍ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. പിയെത്രെള്‍ചിനായില്‍ നിന്ന് ഇരുപത്തഞ്ചുമൈല്‍ അകലെയായിരുന്നു മാര്‍ക്കോണ. 

പിയോ എന്ന പേര് സ്വീകരിക്കുന്നു
സഭയിലെ നിയമപ്രകാരമുള്ള ധ്യാനത്തിനുശേഷം ജനുവരി ഇരുപത്തിരണ്ടിന് ഫ്രാന്‍സിസിന് നോവീസിന്റെ വസ്ത്രം നല്‍കപ്പെട്ടു. അന്ന് ഫ്രാന്‍സിസ് എന്ന പേരു മാറ്റി പിയോ എന്ന പേര് സ്വീകരിച്ചു. കുടുംബപേരിന് പകരം ജന്മനാടിന്റെ പേരും. തിരുപ്പട്ടസ്വീകരണംവരെ ബ്രദര്‍ പിയോ പിയെത്രെള്‍ചിനാ എന്നാണറിയപ്പെട്ടിരുന്നത്. പരിശീലനകാലഘട്ടത്തില്‍ അനുസരണത്തിലും വിധേയത്വത്തിലും ആത്മസംയമനം കാണിക്കുന്നതിലും ഈ വൈദികവിദ്യാര്‍ത്ഥി മുന്‍പന്തിയിലായിരുന്നു. നൊവിഷ്യേറ്റ് വര്‍ഷാവസാനത്തില്‍ പിയോ പ്രഥമവ്രതവാഗ്ദാനം നടത്തി. 

നിത്യവ്രത സ്വീകരണം
1904-ല്‍ പട്ടണത്തില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന വി. ഏലിയാ പിയസ്സിനി എന്ന ആശ്രമത്തിലേക്ക് അയയ്ക്കപ്പെട്ടു. 1907-ല്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ നിയമാവലിപ്രകാരം ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ നിത്യമായി സ്വീകരിച്ചു. തുടര്‍ന്ന് പ്രവിശ്യയിലെ പല ഭവനങ്ങളില്‍ നിന്നായി ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1908-ല്‍ ബെനവെണോ കത്തീഡ്രലില്‍വച്ച് ആദ്യപട്ടങ്ങള്‍ സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം സബ്ഡീക്കന്‍ പട്ടവും. ഈ കാലഘട്ടങ്ങളിലെല്ലാം അവന്റെ പ്രധാനസവിശേഷത നീണ്ട മണിക്കുറുകള്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചിരുന്നു എന്നതാണ്. 

പിയോ അച്ചന്‍
ഒരു ദൈവവും, ഒരു ക്രിസ്തുവും, പത്രോസ് ആദ്യമേ സ്ഥാപിച്ച ഒരു മെത്രാസനവും മാത്രമേ ഉള്ളു. വേറൊരു ബലിപീഠമോ പൗരോഹിത്യമോ സ്ഥാപിക്കാവുന്നതല്ല. (വിശുദ്ധ സിപ്രിയന്‍). 
പിയോയുടെ ആരോഗ്യനില അത്ര നല്ലതല്ലായിരുന്നു. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം വീട്ടിലേക്കയ്ക്കപ്പെട്ടു. 1909-മെയ് മാസത്തില്‍ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടര്‍മാര്‍ക്ക് രോഗമെന്താണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷയരോഗമാണോ എന്ന ഭീതി മേലധികാരികളിലുമുണ്ടായി. അതിനാല്‍ മറ്റു കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ കൂടി പരിഗണിച്ച് ഡീക്കന്‍ വീട്ടിലേക്ക് അയയ്ക്കപ്പെട്ടു. ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ നിമിത്തം 1909-ല്‍ സഭയില്‍ പ്രത്യേകനിയമം വന്നു. ഈ നിയമപ്രകാരം, സ്വകാര്യമായി വൈദികപട്ടത്തിനൊരുങ്ങുവാന്‍ പിയോയ്ക്ക് അനുമതി കിട്ടി. 1910 ഓഗസ്റ്റ് 10-ാം തിയതി ബെനവെണോ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനുശേഷം അദ്ദേഹം പാദ്രെ പിയോ (പിയോ അച്ചന്‍) എന്നറിയപ്പെടാന്‍ തുടങ്ങി. പാദ്രെ പിയോയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. ശക്തമായ നെഞ്ചുവേദനയും, തലവേദനയും, വാതവും പനിയും, കൂടെക്കൂടെ അദ്ദേഹത്തെ അലട്ടി. ഈ രോഗത്തിന്റെ നടുവിലും പ്രാര്‍ത്ഥനയ്ക്കും, ധ്യാനത്തിനും, പഠനത്തിനും കുറവൊന്നും വരുത്തിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക അവനോടുകൂടി സഹിക്കുക എന്നത് മാത്രമായിരുന്നു ഈ പുരോഹിന്റെ ആഗ്രഹം. 

ശരീരത്തിലെ മുദ്രകള്‍
1911 ല്‍ പാദ്രെ പിയോ സ്വന്തം കൈപ്പടിയില്‍ ബനഡിക്ടച്ചന് എഴുതിയ ഒരു കത്തില്‍ ഇപ്രകാരം കാണുന്നു 'എനിക്ക് മനസ്സിലാക്കാനോ, വിവരിക്കാനോ കഴിയാത്ത ഒരു സംഭവം ഇന്നലെ വൈകുന്നേരം ഉണ്ടായി. എന്റെ കൈപ്പത്തികളുടെ നടുവിലായി ഒരു നാണയത്തോളം വലുപ്പത്തില്‍ ഒരു ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു. ആ ചുവപ്പുനിറത്തിന്റെ നടുവില്‍ തീവ്രമായ വേദനയുണ്ടായിരുന്നു. എന്റെ കാല്പാദത്തിനടിയില്‍ പോലും കുറച്ച് വേദന അനുഭവപ്പെടുന്നുണ്ട.് ഇപ്പോള്‍ കുറെ നാളുകള്‍ക്ക് ശേഷമാണ് അത് വീണ്ടും അനുഭവപ്പെടുന്നതെങ്കിലും ഈ പ്രതിഭാസം ഒരു വര്‍ഷത്തോളമായി പലപ്പോഴായി അനുഭവപ്പെടുന്നു.'

കാവല്‍മാലാഖയുടെ സാന്നിധ്യം
പാദ്രെ പിയോക്ക് അസ്വഭാവികമായ എന്തോ സംഭവിക്കുന്നുവെന്ന് ഗുരുവായ അഗസ്തീനോ അച്ചന്‍ മനസ്സിലാക്കി. അദ്ദേഹം പാദ്രെ പിയോയുമായി കത്തിടപാടുകള്‍ ആരംഭിച്ചു. പിയോ അച്ചന് ഗ്രീക്കോ ഫ്രഞ്ചോ അിറിവില്ലായിരുന്നു. എങ്കിലും ഈ ഭാഷകളില്‍ അഗസ്തീനോ അച്ചന്‍ എഴുതിയ എല്ലാ കത്തുകള്‍ക്കും അതതു ഭാഷയില്‍ മറുപടി കൊടുത്തു. ഇതിനെപ്പറ്റി പിയോ അച്ചന്‍ പറയുന്നത് അദ്ദേഹത്തിന്റെ കാവല്‍ മാലാഖ ദ്വിഭാഷിയായിവര്‍ത്തിച്ചു എന്നാണ് രോഗംമൂലം കൂടെക്കൂടെ അവധിയെടുത്തത് അധികാരികളുടെ നീരസത്തിന് ഇടയാക്കി. അതിനാല്‍ കൂടുതല്‍ ജോലികള്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടു. ഈ തീരുമാനം പിയോയുടെ ആരോഗ്യനില കൂടുതല്‍ മോശമാകുന്നതിനേ ഉപകരിച്ചുള്ളു. ഈ അവസ്ഥയില്‍ റോം ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. കപ്പൂച്ചിന്‍ സന്യാസവസ്ത്രം ധരിക്കുകയും പ്രവിശ്യാധിപനു കീഴ്‌പ്പെട്ടു കഴിയുകയും ചെയ്യണമെന്ന നിബന്ധനയിന്മേല്‍ 1915 ല്‍ റോം അദ്ദേഹത്തിനു സ്വന്തം വസതിയില്‍ താമസിക്കാനുള്ള അനുവാദം നല്‍കി. 
നാം അനുകരിക്കേണ്ട ഏറ്റവും വലിയ മാതൃകയാണ് മാതാവ്. -വി. പാദ്രെപിയോ 

പട്ടാളത്തിലേക്ക്
ഒന്നാം ലോകമഹായുദ്ധകാലം. അന്ന് പാദ്രെ പിയോക്ക് ഇരുപത്തെട്ട് വയസ്സ്. 1915 ല്‍ ഇറ്റലി സഖ്യകക്ഷികളോട് ചേര്‍ന്നു. എല്ലാവരും നിര്‍ബന്ധിത പട്ടാളസേവനത്തിന് നിയോഗിക്കപ്പെട്ടു. വൈദികരും ഈ നിയമത്തിന് അപവാദമായിരുന്നില്ല. പാദ്രെപിയോ വൈദ്യപരിശീലനം ലഭിച്ച ആളായിരുന്നതിനാല്‍ നേപ്പിള്‍സിലെ വൈദ്യശുശ്രൂഷാ സംഘത്തോടൊപ്പം അയയ്ക്കപ്പെട്ടു. ആരോഗ്യനില മോശമായിരുന്നതിനാല്‍ അവിടെ അധികദിനങ്ങള്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരു വര്‍ഷത്തെ അവധി അദ്ദേഹത്തിനു ലഭിച്ചു. അവധി കഴിഞ്ഞ് വീണ്ടും പട്ടാളത്തിലെത്തി. എന്നാല്‍ ഇത്തവണയും രോഗംമൂലം ജോലിചെയ്യാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, അദ്ദേഹം പട്ടാള ആശുപത്രിയിലേക്കയയ്ക്കപ്പെട്ടു. അവിടെവച്ച് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തി. രോഗം മൂലം മരിക്കുമെന്നു കരുതിയ മേലുദ്യോഗസ്ഥര്‍ പാദ്രെപിയോയ്ക്ക് ആറുമാസം കൂടി അവധി നല്കി. ഈ ദിവസങ്ങളില്‍ പിയോ അച്ചന്‍ പട്ടാളക്കാരുടെ ബാരക്കുകളിലാണ് കഴിഞ്ഞത്. പട്ടാളക്കാരുടെ കുത്തഴിഞ്ഞ ജീവിതവും സംസാരവും ഈ പുരോഹിതനെ ഏറെ വേദനിപ്പിച്ചു. അവധി കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയെങ്കിലും തുടര്‍ന്നുള്ള പരിശോധനയില്‍ ബ്രോങ്കൈറ്റിസ് രോഗം കണ്ടതിനാല്‍ പട്ടാളസേവനത്തിന് യോഗ്യനല്ല എന്ന വിധി വന്നു.

സഹനത്തിന്റെ ജീവിക്കുന്ന സാന്നിദ്ധ്യം 
റൊത്തേന്തോ പര്‍വ്വതഗ്രാമം 1918 ല്‍ പാദ്രെപിയോ ഗാര്‍ഗാനോ പര്‍വ്വതനിരയിലെ കാല്‍വോ മലയുടെ അടിവാരത്തിലുള്ള വരപ്രസാദ മാതാവിന്റെ നാമധേയത്തിലുള്ള സന്യാസാശ്രമത്തില്‍ സ്ഥിരമായി നിയമിതനായി. സാന്‍ജിയോവാനി റൊത്തോന്തോ എന്നാണ് ആ പര്‍വ്വതഗ്രാമത്തിന്റെ പേര്. ഗ്രാമത്തില്‍നിന്നും ആശ്രമം ഏറെ അകലെയായിരുന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ഗ്രാമവുമായുള്ള ആശ്രമത്തിന്റെ ബന്ധം ഒരു കഴുതച്ചാല്‍ മാത്രമായിരുന്നു.

പഞ്ചക്ഷതങ്ങള്‍
വരപ്രസാദ മാതാവിന്റെ കപ്പൂച്ചിന്‍ ആശ്രമത്തിലെത്തിയ അദ്ദേഹം അധികം താമസിയാതെ നിരന്തരമായ പ്രാര്‍ത്ഥനയിലും നീണ്ട ഉപവാസത്തിലും മുഴുകി. 1918 സെപ്റ്റംബര്‍ ഇരുപതാം തിയതി ദിവ്യബലിക്കുശേഷം ക്രൂശിതരൂപത്തിനുമുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പാദ്രെപിയോയുടെ ശരീരത്തില്‍ ക്രൂശിതന്റെ ശരീരത്തിലെ അഞ്ച് മുറിവുകളുടെ മുദ്രകള്‍ ദൃശ്യമായി. ഇത് മറച്ചുവെക്കാനായി പിയോ അച്ചന്‍ ശ്രമിച്ചുവെങ്കിലും ഈ അവസ്ഥ മനസ്സിലാക്കിയ കപ്പൂച്ചിന്‍ അധികാരികള്‍ മുറിവുകളുടെ ഫോട്ടോ എടുത്ത് റോമിനയച്ചു. റോമില്‍ നിന്നും മുറിവു പരിശോധിക്കുന്നതിനും ശാസ്ത്രീയവിവരണം നല്‍കുന്നതിനും മൂന്ന് ഡോക്ടര്‍ അയയ്ക്കപ്പെട്ടു. ഈ സംഘത്തിലെ ആദ്യഡോക്ടര്‍ കത്തോലിക്കനായിരുന്ന ഡോക്ടര്‍ റോമനെല്ലിയായിരുന്നു. അദ്ദേഹം ഒന്നേകാല്‍ വര്‍ഷക്കാലം പാദ്രെപിയോയെ പരിശോധിച്ചു. അഞ്ചുപ്രാവശ്യം പ്രത്യേകപരിശോധനക്ക് പിയോ അച്ചന്‍ വിധേയനായി. രക്തം ശ്രവിപ്പിക്കുന്നതും വേദനയുള്ളതും എന്നാല്‍ പഴുപ്പോ നീര്‍വീക്കമോ ഇല്ലാത്തതുമായ മുറിവുകളെ സംബന്ധിച്ച് ഒരു ശാസ്ത്രീയവിശദീകരണം നല്‍കുവാന്‍ ഡോ. റോാമനെല്ലിക്കു സാധിച്ചില്ല. എന്നാല്‍ മുറിവു വളരെ ആഴമുള്ളതാണെന്നു അദ്ദേഹം രേഖപ്പെടുത്തി. തുടര്‍ന്ന് റോമില്‍നിന്നും അജ്ഞേയതാവാദിയായ ഡോക്ടര്‍ ബിഞ്ഞാമി വന്നു. മുറിവുണക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മുറിവു ആഴമുള്ളതല്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി.തുടര്‍ന്ന് ഫെസ്‌ന എന്ന കത്തോലിക്കാഡോക്ടര്‍ പാദ്രെപിയോയെ പരിശോധിച്ചു. ഡോക്ടര്‍ ഫെസ്‌നയുടെ വിവരണങ്ങള്‍, ഡോക്ടര്‍ ബിഞ്ഞാമിയുടേതില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു. അദ്ദേഹം ഡോക്ടര്‍ റോമനെല്ലിയെയും കൂട്ടി തിരിച്ചെത്തി. അവരുടെ കൂട്ടായ റിപ്പോര്‍ട്ട് മുറിവ് ആഴമുള്ളതും നിസ്തുലവും ആണെന്ന് പ്രഖ്യാപിക്കുകയും റോമിന് കൈമാറുകയും ചെയ്തു. പാദ്രെപിയോയുടെ കൈയിലെ മുറിവുകള്‍ക്ക് മുക്കാലിഞ്ചോളം വ്യാസമുണ്ടായിരുന്നു. കാലിലും അങ്ങനെ തന്നെയായിരുന്നു. പാര്‍ശ്വത്തിലെ മുറിവ് കുരിശിന്റെ ആകൃതിയോടുകൂടിയതും രണ്ടേമുക്കാലിഞ്ചു നീളമുള്ളതുമായിരുന്നു. ഡോക്ടര്‍മാരുടെ നിഗമനമനുസരിച്ച് ദിവസവും ഒരു കപ്പ് രക്തം ആ ശരീരത്തില്‍ നിന്ന് നഷ്ടമാകുമായിരുന്നു. എന്നാല്‍ ഈ മുറിവുകളില്‍ ഒരിക്കലും രോഗബാധ ഉണ്ടാകുമായിരുന്നില്ല. രാത്രിയില്‍ അദ്ദേഹം കൈയ്യുറ ധരിച്ചിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് രക്തത്താല്‍ നിറഞ്ഞിരുന്നു. തന്റെ നെഞ്ചില്‍ ചുറ്റിയിരുന്ന തുണി ദിവസവും രണ്ട് പ്രാവശ്യമെങ്കിലും മാറേണ്ട അവസ്ഥയായിരുന്നു. ഈ കാഘട്ടത്തില്‍ അദ്ദേഹം ഹെര്‍ണിയായ്ക്കും, രണ്ടു വര്‍ഷത്തിനു ശേഷം ഒരു മുഴ നീക്കം ചെയ്യുന്നതിനായി രണ്ടു തവണ ശസ്ത്രക്രിയയ്ക്കും വിധേയനായി. എന്നാല്‍ ആ മുറിവുകള്‍ സാധാരണപോലെ ഉണങ്ങിയിരുന്നു. നാളുകള്‍ കഴിഞ്ഞു പാദ്രെപിയോ പലരാലും അവഗണിക്കപ്പെട്ടു. കാലുകള്‍ നീര് വന്നു വീര്‍ത്തു. ചില സുഹൃത്തുക്കള്‍ തുണികൊണ്ടുണ്ടാക്കിയ ചെരിപ്പ് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അതു ധരിച്ച് അദ്ദേഹം മുടന്തി നീങ്ങി. കൈയ്യില്‍ ഒരു തുണി കെട്ടാന്‍പോലും മുറിവ് അദ്ദേഹത്തെ അപ്രാപ്തനാക്കി.

മനശാന്തിക്കായി അലയുന്നവരുടെ വൈദികന്‍
ഈ പഞ്ചക്ഷതങ്ങള്‍ക്കുശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരിലാര്‍ക്കും ക്ഷയരോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. ശരീരത്തില്‍ ക്രൂശിതന്റെ അടയാളം സ്വീകരിച്ച സമയത്ത് ക്ഷയരോഗത്തില്‍നിന്നും വിമുക്തനായി എന്നു വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍.
 

കുര്‍ബ്ബാനയ്ക്കുള്ള ഒരുക്കം
പാദ്രെപിയോയുടെ ദിവസത്തിന്റെ ഉന്നതശൈലം ദിവ്യബലിയായിരുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ദിവ്യബലിയര്‍പ്പിക്കും. രാത്രി രണ്ടുമണിക്കെഴുന്നേറ്റ് രണ്ടു മണിക്കൂര്‍ അതിനായി ഒരുങ്ങും. മുറിയിലിരുന്ന് ജപമാല ചൊല്ലിയതിനുശേഷം സങ്കീര്‍ത്തിയില്‍ ചെന്ന് പ്രാര്‍ത്ഥന തുടരും. 4.45 ന് കപ്യാര്‍ പള്ളിതുറക്കുമ്പോള്‍ അള്‍ത്താരയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നതിനുവേണ്ടി ജനം പള്ളിക്കകത്തേയ്ക്ക് ഇടിച്ചു കയറുമായിരുന്നു. തലേദിവസം തന്നെ ദൂരദേശങ്ങളില്‍ നിന്ന്, ജനം വന്ന് രാത്രിയില്‍ സത്രങ്ങളില്‍ മുറിയെടുത്ത് താമസിക്കും. കുര്‍ബ്ബാനസമയം മൂന്ന് മണിക്കൂര്‍ വരെ  നീണ്ടുപോകുമായിരുന്നു. പിന്നീട് അധികാരികള്‍ കുര്‍ബ്ബാനസമയം ഒന്നര മണിക്കുറായി ചുരുക്കാന്‍ നിര്‍ദ്ദേശിച്ചു. കുര്‍ബ്ബാനയുടെ ചില ഘട്ടങ്ങളില്‍ ഈ പുരോഹിതന്‍ നീണ്ട മൗനത്തില്‍ മുഴുകും. ഈ സന്ദര്‍ഭത്തിലും ജനം ഭക്തിപൂര്‍വ്വം കുര്‍ബ്ബാനയില്‍ സംബന്ധിക്കുമായിരുന്നു. സഭാധികാരികള്‍ ശരീരത്തിലെ മുറിവ് മറ്റാരെയും കാണിക്കരുതെന്ന് വിലക്കിയിരുന്നു. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോഴൊഴികെ വിരലുകളില്ലാത്ത കൈയ്യുറയാണ് അദ്ദേഹം ധരിച്ചിരുന്നത് ''സഹോദരരേ എന്റെയും നിങ്ങളുടെയും ബലി...''എന്ന പ്രാര്‍ത്ഥനയ്ക്കായി കരങ്ങള്‍ വിരിച്ച് പിടിക്കുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലെ മുറിവുകള്‍ വ്യക്തമായി കണ്ടിരുന്നത്. വി. കുര്‍ബ്ബാനയിലെ സ്ഥാപന വചനങ്ങള്‍ക്ക് തൊട്ടുമുമ്പ് അദ്ദേഹം പലപ്പോഴും കരഞ്ഞിരുന്നു. കര്‍ത്താവേ... ഞാന്‍ യോഗ്യനല്ല... എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പലപ്പോഴും നെഞ്ചത്തടിച്ചു വിലപിക്കുമായിരുന്നു. 
''ദിവ്യബലിയില്‍ യേശുവിനോടൊപ്പമായിരിക്കുവാന്‍ ഞാന്‍ നന്നേ ക്ലേശിച്ചിരുന്നു. കുര്‍ബ്ബാനയ്ക്കു ശേഷം ഞാന്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ട് നന്ദിയുടെ പ്രകരണങ്ങള്‍ ചൊരിയും. അതത്ര മാധുര്യകരമായിരുന്നെന്ന് പറഞ്ഞറിയിക്കാനാവില്ല. ആ നിമിഷങ്ങളുടെ വിശുദ്ധിയും ഗഹനതയും വര്‍ണ്ണിക്കാന്‍ ഭാഷ അപര്യാപ്തമാണ്. അവയിലൊന്നാണ് യേശുവിന്റെ ഹൃദയവും എന്റെ ഹൃദയവും തമ്മിലുള്ള ബന്ധം. ഒരുതുള്ളി ജലം മഹാസമുദ്രത്തില്‍ വീണ് അപ്രത്യക്ഷമാകുന്നതുപോലെ എന്റെ ഹൃദയം അവിടുത്തെ ഹൃദയമാകുന്ന മഹാസമുദ്രത്തില്‍ വീണ് അലിഞ്ഞില്ലാതാകുന്നു.''...വി. പാദ്രെപിയോ. 

കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി
പാപം ചെയ്യാന്‍ അവിടുന്ന് ആരോടും കല്പിച്ചിട്ടില്ല. ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല (പ്രഭാ 15:20). പിയോ അച്ചന്‍ ദിവസം പതിനാറ് മണിക്കൂറുകളോളം കുമ്പസാരക്കൂട്ടില്‍ കുമ്പസാരം കേട്ടിരുന്നു. പലപ്പോഴും രണ്ടാഴ്ച മുമ്പുതന്നെ കുമ്പസാരിക്കാനുള്ളവര്‍ ഒരുങ്ങി തങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കണമായിരുന്നു. പല അവസരങ്ങളിലും കുമ്പസാരത്തിനെത്തിയവര്‍ മറന്നുപോയ പാപങ്ങള്‍ പാദ്രെ പിയോ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു. കാപട്യവും വക്രതയുമായി വരുന്നവരോട് അദ്ദേഹം കോപിക്കുകയും, അവരെ തിരിച്ചയയ്ക്കുകയും ചെയ്തു. എങ്കിലും ആ കുമ്പസാരക്കൂട്ടില്‍ എന്നും നല്ല തിരക്കായിരുന്നു.  

ഇരുസ്ഥല സാന്നിദ്ധ്യം
'ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല' (ലൂക്കാ 1:37). പല വിശുദ്ധരും ഒരേസമയം പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി നാം വായിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പാദുവായിലെ വിശുദ്ധ അന്തോണിസും, വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്സുമൊക്കെ പലര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാദ്രെ പിയോക്കും ഈ വരം ഉണ്ടായിരുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു. റോം, ബോസ്റ്റണ്‍, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയവരുമുണ്ട്. മരണനേരത്ത് സഹായത്തിനും, ഡോക്ടര്‍മാര്‍ ഉപേക്ഷിച്ച രോഗികള്‍ക്ക് സൗഖ്യം നല്‍കുന്നതിനുംവേണ്ടിയാണ് ഈ വരം അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഓര്‍ത്തിരിക്കുന്ന എല്ലാ പാപങ്ങളും ഉത്തമമനസ്താപത്തോടെ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചാല്‍ കാരുണ്യവാനായ ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കും. നമ്മള്‍ മറന്നുപോയ പാപങ്ങളും അവിടുന്ന് ക്ഷമിക്കും.
വി. പാദ്രെ പിയോ.
 

പഞ്ചക്ഷതധാരിയായ ആദ്യത്തെ വൈദികന്‍
ഒരു മാനസാന്തരം പ്രസിദ്ധനായ ഒരു അഭിഭാഷകനായിരുന്നു അറ്റോര്‍ണി ഫെസ്താ. ഇദ്ദേഹം മേസണറി എന്നറിയപ്പെടുന്ന സഭാവിദ്വേഷകസംഘത്തിന്റെ തലവനായിരുന്നു. പാദ്രെ പിയോയെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വസിച്ചിരുന്നില്ല. ഒരിക്കല്‍ അറ്റോര്‍ണി ഫെസ്ത്താ പാദ്രെ പിയോയെ സന്ദര്‍ശിച്ചു. പാദ്രെ പിയോ ചോദിച്ചു 'താങ്കള്‍ മേയ്‌സണ്‍ സംഘത്തിലെ അംഗമല്ലേ? താങ്കള്‍ എന്ത് ജോലിയാണ് അവിടെ നിര്‍വ്വഹിക്കുന്നത്? ഫെസ്ത്താ പറഞ്ഞു.''രാഷ്ട്രീയ കാര്യങ്ങളില്‍ സഭയെ എതിര്‍ക്കുക.' പാദ്രെപിയോയ്ക്ക് ആ മനുഷ്യനോട് പ്രത്യേക സഹതാപം തോന്നി. അദ്ദേഹം വക്കീലിനെ അടുത്തുവിളിച്ച് ധൂര്‍ത്തപുത്രന്റെ ഉപമയും, ദൈവത്തിന്റെ കാരുണ്യത്തെപറ്റിയും വിവരി    ച്ചു കൊടുത്തു... അയാള്‍ക്ക് മാനസാന്തരം ഉണ്ടായി. അദ്ദേഹം പാദ്രെപിയോയുടെ അടുക്കല്‍ പാപസങ്കീര്‍ത്തനം നടത്തി. മേസണറിയുടെ അംഗത്വചിഹ്നം ഫെസ്ത്താ വലിച്ചെറിഞ്ഞു. നാളുകള്‍ക്കു ശേഷം ഫെസ്ത്താ ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ മാര്‍പാപ്പ അദ്ദേഹത്തോട് പറഞ്ഞു: പാദ്രെപിയോ തീര്‍ച്ചയായും ദൈവത്തിന്റെ മനുഷ്യനാണ്. അദ്ദേഹത്തക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള ശ്രമം നിങ്ങള്‍ ഏറ്റെടുക്കണം. വക്കീല്‍ അത് സന്തോഷത്തോടെ ഏറ്റെടുത്തു. പിന്നീട് പാദ്രെപിയോയുടെ ജീവിതവും അത്ഭുത പ്രവര്‍ത്തനങ്ങളും അനേകം പേരെ ജീവന്റെ പാതയിലേക്ക് നയിച്ചു. അങ്ങനെ അദ്ദേഹം സഭയുടെ ഒരു ഉത്തമസന്താനമായി മാറി. 

വി. പാദ്രെപിയോ - ജീവിക്കുന്ന ജപമാല
മരിയഭക്തന്‍. 'കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു (പ്രഭാഷകന്‍ -3:6). പാദ്രെ പിയോയുടെ അമ്മ കര്‍മ്മലമാതാവിന്റെ ഒരു ഭക്തയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ ആ ചൈതന്യം പാദ്രെപിയോക്കും കിട്ടിയിരുന്നു. യുവാവായിരിക്കെ കപ്പൂച്ചിന്‍ നൊവിഷ്യറ്റിലേക്കു പോകാന്‍നേരം അമ്മ സമ്മാനിച്ചത് ഒരു ജപമാലയായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള ജീവിതത്തില്‍ ജപമാല മുടക്കിയിട്ടില്ല. ആശ്രമത്തിലും ഹാളിലും ദേവാലയത്തിലും കുമ്പസാരക്കൂട്ടിലേക്ക് പോകുമ്പോഴും, വരുമ്പോഴും കയ്യില്‍ ജപമാലയുമായിട്ടാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നത്. മാതാവ് പലപ്പോഴും അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടിരുന്നു. മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലൂടെ കടന്നു പോകേണ്ട അവസരങ്ങളിലെല്ലാം അല്പസമയം അവിടെയിരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. നാല്പതോളം ജപമാല അനുദിനം ഈ വൈദികന്‍ ചൊല്ലുമായിരുന്നു. (ഇവയില്‍ പലതും ലഘൂകരിച്ച പ്രകരണങ്ങളായിരിക്കണം) ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് ഒരു മുഴുവന്‍ കൊന്ത ഭക്തിയോടെ ചൊല്ലിയതിനുശേഷമേ അദ്ദേഹം അത് രുചിക്കുകപോലും ചെയ്തിരുന്നുള്ളു. ഓരോ പ്രഭാതവും ജപമാലയോടുകൂടിയാണ് അദ്ദേഹം ആരംഭിച്ചത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി എല്ലാ ദിവസവും ഒരു ജപമാലയെങ്കിലും ചൊല്ലി കാഴ്ചവെയ്ക്കണമെന്ന് ജനത്തോട് അദ്ദേഹം നിഷ്‌ക്കര്‍ച്ചിരുന്നു.

അന്തിമ ദിനങ്ങള്‍
എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്, ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍ ഫലപ്രദമായി ജോലി ചെയ്യാന്‍ സാധിക്കും. (ഫിലിപ്പി 1:22-23). 
രാത്രിയില്‍ ഏതാണ്ട് മൂന്നുമണിക്കൂര്‍ ഉറക്കമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. നിത്യേന ഒരു കുഞ്ഞിന് വേണ്ടത്ര ഊര്‍ജ്ജത്തിനുള്ള ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. എങ്കിലും തൂക്കം കുറയുകയോ തളര്‍ച്ച ബാധിക്കുകയോ ചെയ്തിരുന്നില്ല. പ്രാര്‍ത്ഥിച്ച്... പ്രാര്‍ത്ഥിച്ച്... പ്രാര്‍ത്ഥനയായി...മരണം വിദൂരമല്ലെന്നോര്‍ക്കുക. പാതാളത്തില്‍ പ്രവേശിക്കേണ്ട സമയം നിനക്കജ്ഞാതമാണ്. മരിക്കുന്നതിനു മുമ്പ് സ്‌നേഹിതനു നന്മ ചെയ്യുക.  (പ്രഭാ. 14:12-13). 1968 സെപ്റ്റംബര്‍ ഇരുപത്, സാന്‍ജിയോവാനി റൊത്തേന്തോയില്‍ ഒരു വലിയ ജനസഞ്ചയം ഒരുമിച്ചുകൂടി. അന്നു പിയോ അച്ചന്‍ പഞ്ചക്ഷതം സ്വീകരിച്ചതിന്റെ അമ്പതാം വാര്‍ഷികദിനമായിരുന്നു. അന്ന് ഈ പുരോഹിതന്റെ പ്രായം എന്‍പത്തൊന്ന് വയസ്സ്. മരണത്തിന്റെ വക്കോളമെത്തിയിരുന്നെങ്കിലും അന്നത്തെ ബലിയിലും ആരാധനയിലും സംബന്ധിച്ചു. അപ്പോഴേക്കും ശാരീരികമായി വളരെ ക്ഷീണിച്ചിരുന്നു. സെപ്റ്റംബര്‍ 22-ാം തിയതി കുര്‍ബ്ബാന അര്‍പ്പിച്ചെങ്കിലും കുര്‍ബ്ബാനയുടെ അന്ത്യത്തില്‍ കുഴഞ്ഞു വീണു. പിറ്റേന്ന് പുലര്‍ച്ചെക്ക് 2.30 ന് കുമ്പസാരിച്ച്  വ്രതവാഗ്ദാനം നവീകരിച്ചു. സെപ്റ്റംബര്‍ 23-ാം തിയ്യതി ഈശോയുടെയും മാതാവിന്റെയും നാമം ഉച്ചരിച്ചുകൊണ്ട് പാദ്രെപിയോ ഇഹലോകവാസം വെടിഞ്ഞു. അന്‍പത്തെട്ടു വര്‍ഷത്തെ പൗരോഹിത്യജീവിതത്തിന്റെ കാല്‍വരി അവിടെ പൂര്‍ത്തിയായി. പ്രാര്‍ത്ഥിച്ച്, പ്രാര്‍ത്ഥിച്ച്, പ്രാര്‍ത്ഥനയായി മാറി ആ ജീവിതം.

മൃതസംസ്‌ക്കാര ശുശ്രൂഷ
മരണവാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പരിശുദ്ധ സിംഹാസനമടക്കം ഈ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ജനസഹ്രസങ്ങള്‍ ഓടിക്കൂടി. സെപ്റ്റംബര്‍ 26 വരെ ശരീരം ദേവാലയത്തില്‍ സൂക്ഷിച്ചു. ഇരുപത്താറാം തീയതിയിലെ വിലാപയാത്രയില്‍ ഏകദേശം ഒരു ലക്ഷത്തോളംപേര്‍ പങ്കെടുത്തു. രണ്ടു മെത്രാന്മാരും ഇരുപത്തേഴു കപ്പൂച്ചിന്‍ വൈദികരും ചേര്‍ന്ന് പുറത്തു പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ബലിയര്‍പ്പിച്ചു. രാത്ര 10.30 ന് പുണ്യദേഹം കല്ലറയില്‍ വച്ചു. പിറ്റേന്ന് പൊതുദര്‍ശത്തിനുവേണ്ടി കല്ലറ തുറന്നു. കത്തിച്ച തിരികളും, പൂക്കളുമായി അന്നാരംഭിച്ച ജനാവലിയുടെ നീണ്ട നിര ഇന്നും തുടരുന്നു. ആയിരങ്ങള്‍ ആ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നു. 

ഡോ. സാെലയുടെ ഓര്‍മ്മക്കുറിപ്പ്
അന്ത്യസമയത്ത് അശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് ഡോക്ടര്‍ സാല. അദ്ദേഹം പിയോ അച്ചന്റെ സ്വകാര്യ ഡോക്ടര്‍കൂടിയായിരുന്നു. ഡോക്ടറുടെ ഓര്‍മ്മക്കുറുപ്പുകളില്‍ നിന്ന്...മരണത്തിന് പത്തുമിനിട്ടിനു ശേഷം എന്റെയും നാല് സന്യാസിമാരുടെയും സാന്നിധ്യത്തില്‍ കൈകളും പാദങ്ങളും പാര്‍ശ്വവും ക്യാമറയില്‍ പകര്‍ത്തി. അവിടെ ആ മുറിവിന്റെ അടയാളം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആ ഭാഗത്ത് ഒരു കല പോലും ഇല്ലായിരുന്നു. പ്രസ്തുത ഭാഗത്തെ തൊലി മറ്റു ഭഗങ്ങളെപ്പോലെ മൃദുവായിരുന്നു... ഈ കാര്യങ്ങള്‍ വൈദ്യശാസ്ത്രത്തിന്റെ പിടിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. അതിനാല്‍ അതിസ്വാഭാവികതയുടെ തലത്തില്‍ ഇത് കാണേണ്ടതാണ്. 
ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്ക് ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി (കൊറി 9:22)

നാമകരണനടപടികള്‍
പാദ്രെപിയോ മരിച്ച് 14 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാമകരണ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ നാമകരണനടപടികള്‍ക്ക് വലിയ പുരോഗതി ഉണ്ടായില്ല. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണ് ഇതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവവൈദികനായി റോമില്‍ തിയോളജി പഠിപ്പിക്കുന്ന കാലത്ത് (കരോള്‍ വോയ്റ്റില) തന്റെ അവധിക്കാല പര്യടനത്തിനിടയില്‍ സാന്‍ജിയോവാനിലെത്തി പാദ്രപിയോയെ സന്ദര്‍ശിച്ചിരുന്നു. അവര്‍ തമ്മില്‍ കുറേനേരം സംസാരിക്കുകയും പാപസങ്കീര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. കരോള്‍ വോയ്റ്റില മാര്‍പാപ്പയാകുമെന്ന് പാദ്രപിയോ അന്ന് പ്രവചിച്ചിരുന്നു. 

വാഴ്ത്തപ്പെട്ട പാദ്രെപിയോ
1999 മെയ് 2-ാം തീയതി ഞായറാഴ്ച മൂന്നുലക്ഷത്തോളം ജനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഒരുമിച്ചുചേര്‍ന്നു. അന്ന് പാദ്രെ പിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. അന്നേ ദിവസം വിശുദ്ധ കുര്‍ബ്ബാനയുടെ മദ്ധ്യേ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 

അത്ഭുത രോഗശാന്തി
വാഴ്ത്തപ്പെട്ട പാദ്രെപിയോയുടെ മദ്ധ്യസ്ഥതയില്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചു. പാദ്രെപിയോ സ്ഥാപിച്ച ദുരിതാശ്വാസഭവനത്തിലെ ഒരു ഡോക്ടറുടെ പുത്രന് മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിച്ചു. വൈദ്യശാസ്ത്രത്തിന് കുഞ്ഞിനെ രക്ഷിക്കാനായില്ല. കുട്ടി അബോധാവസ്ഥയിലായി. മരണം ഉറപ്പാക്കപ്പെട്ടു. ഈ സമയത്ത് ഡോക്ടര്‍ നിരാശനായില്ല. അദ്ദേഹം പാദ്രെപിയോയുടെ മാധ്യസ്ഥം മകനുവേണ്ടി അപേക്ഷിച്ചു. കുഞ്ഞിന് അത്ഭുതകരമായ രോഗശാന്തി ലഭിച്ചു. ഈ കുട്ടി ഒരിക്കലും രക്ഷപ്പെടിലെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍, അവന്‍ പൂര്‍ണ്ണസൗഖ്യം നേടിയിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തി. ഈ അത്ഭുതരോഗശാന്തി പാദ്രെപിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അംഗീകാരമായി അധികൃതര്‍ കണക്കാക്കി. 

വിശുദ്ധപദവിലേക്ക് 
2002 ജൂണ്‍ 16, നാല് ലക്ഷത്തോളം ആളുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സമ്മേളിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള കോടികണക്കിനാളുകള്‍ ടി.വിയുടെ മുമ്പില്‍ ആകാംഷയോടെ കാത്തുനിന്നു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അള്‍ത്താരയിലെത്തി. വാഴ്ത്തപ്പെട്ട പാദ്രെപിയോയെ വിശുദ്ധനായി പ്രഖ്യാപിക്കന്‍ പോവുയാണ്. കുര്‍ബ്ബാനമധ്യേ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു.''വിശുദ്ധരുടെ പട്ടികയില്‍ വാഴ്ത്തപ്പെട്ട പാദ്രെപിയോയുടെ പേരുകൂടി നാം എഴുതിച്ചേര്‍ക്കുന്നു. ലോകമെമ്പാടുമുള്ള സഭാ സമൂഹം പാദ്രപിയോയെ വിശുദ്ധനായിട്ട് കണക്കാക്കുകയും ഭക്തിപൂര്‍വ്വം വണങ്ങേണ്ടതുമാണ്.'' ഈ പ്രഖ്യാപനം കേട്ട് ജനം ദൈവത്തെ സ്തുതിച്ച് കൈയ്യടിച്ചു. പിയെത്രള്‍ചിനായിലും വലിയ ആഘോഷങ്ങള്‍ നടന്നു. വിശുദ്ധ പാദ്രെപിയോയുടെ മരണശേഷമുള്ള 12237 ദിനരാത്രങ്ങളെ അനുസ്മരിക്കുന്നതിന്, നിറപകിട്ടാര്‍ന്ന 12237 ബലൂണുകള്‍ പിയെത്രള്‍ചിനായില്‍ നിന്ന് അവര്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തി. കൂദാശകളില്‍ ആഴപ്പെട്ട ജീവിതം നയിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. 

സഭയിലെ ധീരപടനായകന്‍
പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെപിയോ രണ്ടാം ഫ്രാന്‍സിസ് അസ്സീസി, സഹനത്തിന്റെ ജീവിക്കുന്ന സാന്നിദ്ധ്യം, കുമ്പസാരക്കുട്ടിലെ രക്തസാക്ഷി, പ്രായശ്ചിത്തത്തിന്റെ രക്തസാക്ഷി, പാപസങ്കീര്‍ത്തനത്തിന്റെ വിശുദ്ധന്‍, ജീവിക്കുന്ന ജപമാല എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്. അദ്ദേഹം ഒരു മിസ്റ്റിക്കായിരുന്നു. അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഉത്തംഗ ശൃഗമായിരുന്നു ദിവ്യബലി. മാ്രതമല്ല ജപമാല ഭക്തിയുടെ ഒരു പ്രയോക്താവും. സഭയിലെ കൂദാശകളെ മുറുകെപ്പിടിച്ച് അതിന്റെ ശക്തി സ്വയം മനസ്സിലാക്കിയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തും ജീവിച്ച സഭയിലെ ധീര പടനായകനാണ് വിശുദ്ധ പാദ്രെപിയോ.

വിശുദ്ധ പാദ്രെപിയോ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ...