ജനനം: 1491
സ്ഥലം: സ്‌പെയ്‌നിലെ അസ്‌പേഷ്യാ
മരണം: 1556
വാഴ്ത്തപ്പെട്ടവന്‍: 1609 ജൂലൈ 27
വിശുദ്ധ പദവി: 1622 മാര്‍ച്ച് 13

ലൊയോള കുടുംബം
സ്‌പെയിനിലെ അസ്‌പേഷ്യായില്‍ പരമ്പരാഗതമായി ജന്മിത്വം അവകാശപ്പെടുന്ന ഒരു പ്രഭുകുടുംബം- ലൊയോള കുടുംബം. രാജകുടുംബമായി നല്ല മമത പുലര്‍ത്തിപോരുന്ന ഒരു പ്രഭുവംശം. രാജകുടുംബമായി മമതയിലാവുകയെന്നാല്‍, പള്ളിയും അതിന്റെമേല്‍ പട്ടക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുക എന്നൊരു അര്‍ത്ഥംകൂടി അക്കാലത്ത് ഉണ്ടായിരുന്നു. 1414- ആയപ്പോഴേയ്ക്കും പാംപ്ലോണം രൂപതയുടെ ഭരണസാരഥ്യം തന്നെ ഈ കുടുംബത്തിന്റെ കൈകളില്‍ എത്തിച്ചേര്‍ന്നു. ബനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പ ഇതിന് നിയമപരമായ സാധുതയും നല്കി. എന്നാല്‍ സാധാരണ ജനങ്ങള്‍ ഇത് അംഗീകരിച്ച് കൊടുക്കുവാന്‍ തയ്യാറായില്ല. പാവപ്പെട്ടവര്‍ വ്യവഹാരവും, കോടതിയും കയറി നീതിക്കുവേണ്ടി നടക്കുമ്പോള്‍ ലൊയോള കുടുംബം അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ ജനത്തിന്റെ അതൃപ്തി വര്‍ദ്ധിച്ചു. ധാരാളം സമ്പത്ത് ഈ കുടുംബം വാരിക്കൂട്ടി. ലൊയോള കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് അവളുടെ ഓഹരി മാത്രം എണ്‍പതിനായിരത്തിലധികം ഏക്കര്‍ ഭൂമി ഉണ്ടായിരുന്നുപോലും! 

ഇനീഗോ എന്ന ഇഗ്നേഷ്യസ് 
ലൊയോള കുടുംബത്തിലെ ബല്‍ട്രാന്‍ മരീന ദമ്പതികളുടെ പതിമൂന്നാമത്തെ പുത്രനായി ഇനീഗോ ജനിച്ചു. ലൊയോള കുടുംബത്തിലെ ആണ്‍പ്രജകളില്‍ അധികവും രാജത്വത്തിന്റെ അവകാശങ്ങളില്‍ ജീവിതം തളച്ചിട്ടു. മറ്റു ചിലര്‍ സ്വന്തം സ്വത്തുക്കളുടെ സംരക്ഷകരും കാര്യവിചാരിപ്പുകാരുമായി. എന്നാല്‍ ബല്‍ട്രാന് പള്ളിയുടെയും മേല്‍പട്ടക്കാരുടെയും കാര്യങ്ങളിലായിരുന്നു താല്പര്യം. മരീനയുടെ കുടുംബപശ്ചാത്തലവും ഒട്ടും മോശമായിരുന്നില്ല. മരീനയുടെ പിതാവായ മാര്‍ട്ടിന്‍ ഒരു സൈന്യാധിപന്‍കൂടിയായിരുന്നു. 1476-ന് ശേഷം ഫ്രഞ്ച് അധിനിവേഷത്തിനെതിരെ ഈ പട്ടാളക്കാരന്‍ പൊരുതിനിന്നു. ഇനീഗോയുടെ ജനനവും നാളും ഒന്നും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും 1556-ല്‍ ഇനീഗോയുടെ മരണശേഷം റോമില്‍ സമ്മേളിച്ച ഈശോ സഭാ വൈദികരുടെ നിഗമനത്തില്‍ 1491-ല്‍ ഇനീഗോ ജനിക്കുന്നു. ഇനീഗോ ലോപ്പസ് ലൊയോള എന്നായിരുന്നു ജ്ഞാനസ്‌നാനപ്പേര്. വളര്‍ച്ചയുടെ പാതിവഴിയില്‍ എവിടെയോവച്ച് ഇനീഗോ തന്റെ പേര് ഒന്ന് പരിഷ്‌കരിച്ച് 'ഇഗ്നേഷ്യസ്' എന്നാക്കി.

മാതൃഗേഹം വിടുന്നു
1507-ല്‍ ഇഗ്നേഷ്യസ് തന്റെ മാതൃഭവനം വിട്ടുപോരുന്നത് കാണാം. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വീട് വിട്ടിറങ്ങിയ അവന്‍ ചെന്നെത്തിയത് കൊട്ടാരത്തിലെ പ്രധാന ഭണ്ഡാരസൂക്ഷിപ്പുകാരനായ ജ്ജുവാന്‍ വലാസ് ക്വസിന്റെ ഭവനത്തിലും! അവിഹിതബന്ധങ്ങള്‍ക്കും അനേകം ജാരജന്മങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ മറ്റൊരു പ്രഭുകുടുംബം! പത്തുവര്‍ഷം ഇഗ്നേഷ്യസ് സമ്പത്തിലും സമൃദ്ധിയിലും ജ്ജുവാന്റെ ഒപ്പം താമസിച്ചു. അവിടെവച്ച് അവന്‍ ദുര്‍നടപ്പ് ആരംഭിച്ചു. മകന്റെ ദുര്‍നടപ്പും അനുസരണക്കേടും കണ്ടിട്ട് അമ്മ മരീന ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു.''നിന്റെ കാല്‍മുട്ട് ആരെങ്കിലും തല്ലി ഒടിക്കുമ്പോഴല്ലാതെ നിനക്ക് സുബോധം ഉണ്ടാകില്ല. ഉര്‍വ്വശീശാപംപോലെ ഇത് പീന്നീട് ഇഗ്നേഷ്യസിന്റെ ജീവിതത്തില്‍ സംഭവിച്ചു. അവന്റെ കാല്‍മുട്ടിന് വെടിയേറ്റു. ജീവിതകാലം മുഴുവന്‍ മുടന്തി മുടന്തി നടന്നു.

കുട്ടികളേ,
നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കണം. നിങ്ങളെ മനംനൊന്ത് ശപിക്കാന്‍ അവര്‍ക്ക് ഇടനല്‍കരുത്. മറിച്ച് അവരുടെ അനുഗ്രഹം നിങ്ങള്‍ നേടിയെടുക്കണം. എങ്കില്‍ ജീവിതത്തില്‍ വിജയിക്കാം. ഇതിനിടയില്‍ തന്റെ വിജ്ഞാനം ഒന്ന് വിപുലീകരിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം അവനില്‍ ഉടലെടുത്തു. അതിനായി അവന്‍ പുസ്തകങ്ങള്‍ അന്വേഷിച്ചു. വിശുദ്ധ അഗസ്റ്റിന്‍, ജോണ്‍ ക്രിസോസ്റ്റം തുടങ്ങിയവരുടെ പുസ്തകങ്ങളും ക്രിസ്ത്വാനുകരണവും വായിച്ചുതീര്‍ത്തു. എന്നാല്‍ പേരിനും പ്രശസ്തിക്കും മാത്രം മോഹിച്ച അവന് ഇത് സ്വീകാര്യമായി തോന്നിയില്ല. എഴുത്തിനും, വായനയ്ക്കുമപ്പുറം യുദ്ധനൈപുണ്യത്തിലൂടെ മാത്രമേ, ഈ ലോകത്തില്‍ എന്തെങ്കിലും നേടാന്‍ കഴിയു എന്നവന്‍ ചിന്തിച്ചു. 

ഒരു ധീരയോദ്ധാവ് 
ഒരു ധീരയോദ്ധാവാകണമെന്ന് അവന്‍ തീരുമാനിച്ചു. നജേരാപ്രഭു അവന്റെ തീരുമാനത്തിന് പച്ചകൊടിക്കാട്ടി. ഇപ്പോള്‍ ഇഗ്നേഷ്യസിന് വയസ്സ് ഇരുപത്തിയാറ്. കത്തോലിക്കനായ ഫെര്‍ഡിനാന്റ് ചക്രവര്‍ത്തിയുടെ കീഴില്‍ അദ്യ പടയോട്ടത്തിന് തുടക്കം കുറിച്ചു. ചക്രവര്‍ത്തിയുടെ വിശ്വസ്തനായി അവന്‍ മാറി. അധികം താമസിക്കാതെ മെഡിറ്ററേനിയന്‍ തീരങ്ങളുടെ മേല്‍നോട്ടക്കാരനായി ഇഗ്നേഷ്യസ് നിയമിതനായി. അധികനാള്‍ കഴിയുംമുമ്പ് ചക്രവര്‍ത്തി മരണമടഞ്ഞു. ഭണ്ഡാര വിചാരിപ്പുകാരനും തന്റെ പഴയ സുഹൃത്തുമായ ജ്ജുവാന്‍ അധികാരം രാജ്ഞിയില്‍നിന്ന് കവര്‍ന്നെടുത്ത് ഏകാധിപതിയായി. എന്നാല്‍ ഈ ഭരണം അധികനാള്‍ നീണ്ടുനിന്നില്ല. ജ്ജുവാന്‍ വലാസ് ക്വസ് മാന്‍ഡ്രിസില്‍ വെച്ച് പതിനായിരം സൈന്യത്തോടൊപ്പം വിധിക്ക് കീഴടങ്ങി. 1517-ല്‍ ആഗസ്റ്റ് 12-ന് ജ്ജുവാന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. അപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടത് ഇഗ്നേഷ്യസാണ്. 

പുതിയ പ്രഭുവിന്റെ പരിസേവകന്‍ 
അവന്‍ തളര്‍ന്നു. ജോലി ഇല്ല; കൈയ്യില്‍ പണവും ഇല്ല. നിരാശയിലേക്ക് വഴുതിവീണുകൊണ്ടിരുന്ന ഇഗ്നേഷ്യസിനെ ജ്ജുവാന്റെ വിധവ സഹായിച്ചു. പ്രഭ്വി കുറച്ച് പണം അവന് നല്‍കി. പ്രഭ്വിയുടെ നിര്‍ദ്ദേശപ്രകാരം നവാരയിലെ വൈസ്രോയിയായ അന്റോണീയോ മാന്റീക്കിനെ പോയിക്കണ്ടു. ആ സന്ദര്‍ശനം ഫലമണിഞ്ഞു. ഈ പ്രഭു തന്റെ പരിസേവകന്മാരില്‍ ഒരാളായി ഇഗ്നേഷ്യനെ നിയമിച്ചു. അവന്‍ തന്റെ കഴിവും സാമര്‍ത്ഥ്യവും ജോലിയില്‍ പ്രകടിപ്പിച്ചു. അധികം താമസിക്കാതെ അസ്‌പേഷ്യ, ആസ്‌ക്കേയ്ഷ്യ എന്നീ പ്രവിശ്യകളെ സംബന്ധിച്ച ഒരു ആഭ്യന്തരകലാപത്തിന്റെ പ്രശ്‌നത്തില്‍ മാദ്ധ്യസ്ഥം വഹിക്കാന്‍ ഇഗ്നേഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. ദൂരവ്യാപകമായ ഫലം ഈ ചര്‍ച്ചയിലൂടെ ഉണ്ടായി. അതോടുകൂടി ഇഗ്നേഷ്യസ് ചക്രവര്‍ത്തിയുടെ പ്രശംസയ്ക്ക് പാത്രമായി. എന്നാല്‍ ഫ്രാന്‍സിന്റെ രാജാവായ ഫ്രന്‍സീസ് ഒന്നാമന്‍ ഈ സഖ്യം തകര്‍ക്കാന്‍ ശ്രമിച്ചു. പന്ത്രണ്ടായിരത്തോളം വരുന്ന കലാള്‍പ്പടയുമായി പാംപ്ലോണ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. ഫ്രഞ്ച് സൈന്യത്തെ തുരത്തിയേ അടങ്ങു എന്ന ചിന്തയോടെ ഇഗ്നേഷ്യസും മുന്നോട്ടുനീങ്ങി. കോട്ടമതിലിന് ചുറ്റും ഫ്രഞ്ച് സൈന്യം അണിനിരന്നു. ഇഗ്നേഷ്യസിന്റെ സൈന്യം കോട്ടയ്ക്ക് ഉള്ളിലും. വലിയ കല്ല് ഉരുട്ടിയിട്ട് ഫ്രഞ്ച് സൈന്യത്തെ തുരത്തുക എന്നതായിരുന്നു ഇഗ്നേഷ്യസ് സ്വീകരിച്ച രീതി. എന്നാല്‍ കരുതലോടെ വന്ന ഫ്രഞ്ച് സൈന്യം കോട്ടയ്ക്ക് ചുറ്റും പീരങ്കികള്‍ ഒളിപ്പിച്ചു വച്ചു.

ഗുവാരയുടെ പ്രവചനം ഇടിത്തീപോലെ.
1521 മെയ്യ് 23 അമ്മ മരീന ദെ ഗുവാരയുടെ പ്രവചനം ഒരു ശാപം പോലെ ഇഗ്നേഷ്യസിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. അപ്രതീക്ഷിതമായി കടന്നുവന്ന പീരങ്കി അവന്റെ വലതുകാലില്‍ പതിച്ചു. അവര്‍ ഫ്രഞ്ച് സൈന്യത്തിന് കീഴ്‌വഴങ്ങി. ഫ്രഞ്ച് പട്ടാളക്കാര്‍തന്നെ അവനെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ അന്തിമവിധിയെഴുതി. അന്ത്യകൂദാശകള്‍ നല്‍കപ്പെട്ടു. എന്നാല്‍ ദൈവത്തിന്റെ പ്രത്യേക ഇടപെടലും വിശുദ്ധ പത്രോസിന്റെ മാദ്ധ്യസ്ഥവും നിമിത്തം ഇഗ്നേഷ്യസ് ആ രാത്രിയെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരികെപോന്നു. പക്ഷേ ആ തിരിച്ചുവരവ് ഒരു മുടന്തന്‍ കുതിരയെ പോലെയായിരുന്നുവെന്നുമാത്രം. വലുതുകാല്‍ നേരെയാക്കുവാനുള്ള ഓപ്പറേഷനൊന്നും വിജയിച്ചില്ല. ജീവിതാവസാനംവരെ ഒരുകാല്‍ വലിച്ചുവെച്ചുകൊണ്ടാണ് അദ്ദേഹം നടന്നത്. 

എന്തുകൊണ്ട് തനിക്കും വിശുദ്ധനായിക്കൂടാ
അശുപത്രിയിലെ വിരസതമാറ്റാന്‍ ആഗ്രഹിച്ച ഇഗ്നേഷ്യസിനു മുന്നില്‍ പണ്ട് താന്‍ വായിച്ച് വലിച്ചെറിഞ്ഞ ക്രിസ്തുനാഥന്റെയും വിശുദ്ധരുടെയും ജീവചരിത്രങ്ങളും ക്രിസ്ത്വാനുകരണവും വായിക്കുവാനായി കിട്ടി. അപ്പോള്‍മുതല്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. ഇഗ്നേഷ്യസ് തന്നോടുതന്നെ ചോദിച്ചു 'അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ഒരു പുണ്യവാനായികൂടാ?' അവന്‍ തീരുമാനമെടുത്തു;ഈ വിശുദ്ധരുടെ ജീവചരിത്രം എനിക്ക് ജീവിച്ച് തീര്‍ക്കണം. ഒപ്പം മറ്റൊരു ചിന്തയും, തനിക്ക് ജറുസലെമിലേക്ക് പോകണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. ഈ ചിന്തയുമായി കിടന്ന അന്ന് രാത്രി യേശുവും മാതാവും അവന് ദര്‍ശനം നല്കി. പിറ്റേന്ന് എഴുന്നേറ്റത് ഒരു പുതിയ മനുഷ്യനാകുവാനുള്ള ഉറച്ച തീരുമാനത്തോടെയാണ്. 

ഒരു കുമ്പസാരവും യാത്രയും
1522 ഫെബ്രുവരി അദ്ദേഹം ഇറങ്ങിത്തിരിച്ചു. യാത്രയില്‍ തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശ്രദ്ധിച്ചു. മോണ്ട് സെറാന്നിലെ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമായിരുന്നു ആദ്യ ലക്ഷ്യം. തുടര്‍ന്ന് നവാഞ്ഞു ലര്‍ദിയ, ബാര്‍സിലോണയും സന്ദര്‍ശിച്ച് സ്‌പെയിനിന്റെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ യാത്ര തുടര്‍ന്നു. മോണ്ട് സെറാന്നില്‍ വെച്ച് താന്‍ അണിഞ്ഞിരുന്ന യോദ്ധാവിന്റെ വേഷം ഒന്നൊന്നായി ഊരി മാറ്റി. പകരം ളോഹപോലെ നീളമുള്ള വസ്ത്രം ധരിച്ചു. ഇപ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു. ഇനി ഒന്ന് കുമ്പസാരിക്കാതെ വയ്യ. അടുത്തുള്ള ബനഡിക്റ്റ് ആശ്രമത്തില്‍ എത്തി കണ്ണുനീരോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. അന്ന് രാത്രി മുഴുവന്‍ കറുത്ത കന്യകാംബികയുടെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തി. വെളുപ്പിന് മുട്ടിന്മേല്‍നിന്ന് എഴുന്നേറ്റത് ഒരു പുതിയ ദര്‍ശനവുമായിട്ടായിരുന്നു.

മാന്‍ട്രീസയിലേക്ക്
മാതാവിന്റെ പളളിയില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മുമ്പില്‍ വഴികള്‍ ഇണപിരിഞ്ഞു കിടന്നു. ഒരപരിചിതമായ പ്രദേശമായിരുന്നു മനസ്സില്‍. അദ്ദേഹം മാന്‍ട്രീസയിലേക്ക് തിരിഞ്ഞു. ഒന്നോ രണ്ടോ ദിവസം മാത്രം താമസിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പതിനൊന്ന് മാസം അവിടെ ജീവിച്ചു. ഈ താമസത്തിന് ജീവചരിത്രകാരന്മാര്‍ ഒട്ടനവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. അതില്‍ ഒന്ന് പ്ലേഗ് എന്ന രോഗത്തിന്റെ സംഹാരതാണ്ഡവമാണ്. മറ്റൊന്ന് യെറുസലെം യാത്രയ്ക്കുള്ള തയ്യാറെടുപ്പും. അക്കാലത്ത് യെറുസലെം സന്ദര്‍ശിക്കാന്‍ റോമില്‍നിന്ന് പ്രത്യേക അനുമതി വേണമായിരുന്നു. ഉപവാസവും പ്രാര്‍ത്ഥനയും കഠിനതപശ്ചര്യകളുമായി ഇഗ്നേഷ്യസ് മാന്‍ട്രീസയിലെ ഒരു ഗുഹയില്‍ പാര്‍ത്തു. ഭക്ഷണം തന്നെ അദ്ദേഹം മറന്നു. മുടി നീണ്ടു. ഗുഹാമുഖത്തുനിന്ന് തന്നെ മുട്ടിവിളിച്ചുകൊണ്ടിരുന്ന പാപപ്രലോഭനങ്ങളെ അതിജീവിച്ചു. ആ നാളുകളില്‍ വായിക്കാന്‍ കിട്ടിയ വി. ആന്‍ഡ്രൂസിന്റെയും വി. പോളിന്റെയും ജീവിതചരിത്രം ഇഗ്നേഷ്യസിനെ ഏറെ സ്വാധീനിച്ചു. അവരുടെ ഉപവാസശൈലി അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തി. അങ്ങനെ ഏഴ് ദിവസത്തെ ഉപവാസം ആരംഭിച്ചു. വെള്ളംപോലും കുടിക്കാതെയുള്ള ഉപവാസം ആരംഭിച്ചു. ഈ ദിനങ്ങളില്‍ കൂടുതല്‍ സമയവും പ്രാര്‍ത്ഥനയ്ക്കായി മാറ്റി.

കുട്ടികളേ,
സഭ നിര്‍ദ്ദേച്ചിരിക്കുന്ന ദുഃഖവെള്ളി, വിഭൂതി എന്നീ ദിനങ്ങളില്‍ നിങ്ങള്‍ ഉപവസിക്കണം. വെള്ളിയാഴ്ചദിവസങ്ങളില്‍ മാംസം വര്‍ജ്ജിക്കണം. സഭയിലെ നോമ്പുകള്‍ മുടക്കമില്ലാതെ അനുഷ്ഠിക്കണം.

ദര്‍ശനം ലഭിക്കുന്നു
ഒരിക്കല്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദിവ്യമായ ഒരനുഭവം ഉണ്ടായി. പരിശുദ്ധ ത്രീത്വം പ്രത്യക്ഷപ്പെട്ടു. മൂന്ന് സംഗീത ചിത്രങ്ങളുടെ പശ്ചാത്തലത്തോടെയാണ് പരിശുദ്ധ ത്രീത്വം ദര്‍ശനം നല്‍കിയത്. ദര്‍ശനത്തെ തുടര്‍ന്ന് മാറത്തടിച്ച് അദ്ദേഹം കരഞ്ഞു. 

മാന്‍ട്രീസ നല്‍കിയ അനുഭവങ്ങള്‍
ഒരു വെളിപാട് ലഭിച്ചവനെപ്പോലെ ഇഗ്നേഷ്യസ് ഓടിനടന്നു. കാര്‍ഡോണ്‍ നദിയുടെ തീരവും മോണ്ട് സെറാറ്റ് മലകളും കറുത്ത കന്യാംബികയുടെ ദേവാലയവും മനസ്സിന് കുളിര്‍മയേകി. അവിടുത്തെ ജനങ്ങളുമായി പെട്ടെന്ന് അടുത്തു. സാന്റാകുവാ ഗുഹയില്‍ അനേകം മണിക്കൂറുകള്‍ അദ്ദേഹം ധ്യാനിച്ചിരിക്കും. ഇഗ്നേഷ്യസിന്റെ ''ആദ്ധ്യാത്മിക അനുഭവങ്ങള്‍'' (ടുശൃശൗേമഹ ഋഃലൃരശലെ)െ ഈ മനസാന്തരയാത്രയുടെ ആഖ്യാനമാണ.് ഇന്ന് മാന്‍ട്രീസ ഗ്രാമം വി. ഇഗ്നേഷ്യസിന്റെ പര്യായമായി കഴിഞ്ഞു. പതിനായിരങ്ങള്‍ ദിവസംതോറും അവിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നു. ഈ ഗുഹയിലെ പതിനൊന്ന് മാസക്കാലത്തെ വാസം ഒരു പടയാളിയില്‍നിന്ന് ഒരു യോഗിയിലേക്കുള്ള യാത്രയായിരുന്നു. 

റോമിലേക്ക് 
മാന്‍ട്രീസ പുത്തന്‍ അനുഭവങ്ങള്‍ നല്‍കി. അവിടെനിന്ന് വീണ്ടും യാത്ര ആരംഭിച്ചു. ജറുസലെം കെട്ടടങ്ങാത്ത ആഗ്രഹമായി മുമ്പില്‍ നില്‍ക്കുന്നു. യാത്ര ചെയ്ത് ബാര്‍സിലോണയിലെത്തി. അവിടെനിന്ന് റോമിലേക്ക് പോകണം. കടല്‍മാര്‍ഗ്ഗം ഒറ്റയ്ക്കാണ് യാത്ര.'ഗയേറ്റ' കപ്പല്‍ തുറമുഖത്തണഞ്ഞു. കീശയില്‍ തപ്പിനോക്കിയപ്പോള്‍ രണ്ട് ചെറിയ ചെമ്പ് നാണയങ്ങള്‍ കിട്ടി. അത് ഒരു ഭിക്ഷുവിന് സമ്മാനിച്ചു. കയ്യില്‍ വടിയോ, ചെരിപ്പോ, വസ്ത്രങ്ങളോ ഇല്ല അഞ്ച് ദിനരാത്രങ്ങള്‍ക്കുശേഷം കപ്പല്‍ റോമില്‍ എത്തി. കപ്പല്‍ ഇറങ്ങിയപ്പോഴാണ് ഒരു വാര്‍ത്തയറിഞ്ഞത്. റോമില്‍ മുഴുവന്‍ പ്ലേഗ് ബാധിച്ചിരിക്കുന്നു. അന്ന് ഒരു സത്രത്തില്‍ രാത്രി ചിലവഴിച്ചു. പിറ്റേന്ന് ഫോണ്ടി നഗരത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടെ രണ്ട് ദിവസം താമസിച്ചു. അവിടെ നിന്നുകൊണ്ട് നിത്യനഗരിയിലേക്കുള്ള പ്രവേശനത്തിന് അദ്ദേഹം മാര്‍പാപ്പയ്ക്ക് എഴുതി. അവസാനം മാര്‍ച്ച് 29-ാം തീയതി ഓശാന ഞായറാഴ്ച റോമാപ്പുരിയിലേക്കുള്ള പ്രവേശനത്തിന്  ആഡ്രിയന്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന് അനുവാദം കിട്ടി. വിശുദ്ധവാരം മുഴുവന്‍ അവിടെ ചെലവഴിച്ചു. അതേത്തുടര്‍ന്ന് വെനീസ്, പാദുവാ തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രാത്രിയില്‍ ഏതെങ്കിലും കടയുടെ വരാന്തയില്‍ കിടന്ന് ഉറങ്ങും. ഭിക്ഷയാചിച്ച് ഭക്ഷണം കഴിക്കും. അല്ലാത്തപ്പോള്‍ പട്ടിണി. 

വിശുദ്ധനാട്ടിലേക്ക്
റോമിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ജറുസലെമിലേക്കുള്ള അനുമതി. കാരണം അന്ന് ഈ പ്രദേശങ്ങള്‍ എല്ലാം തുര്‍ക്കികളുടെ അധീനതയിലായിരുന്നു. ഇഗ്നേഷ്യസ് യാത്രയ്ക്ക് ഒരുങ്ങി. ഇരുപത്തൊന്നുപേര്‍ യാത്രയില്‍ ഉണ്ടായിരുന്നു. കയ്യില്‍ പണം ഇല്ല. ദൈവാനുഗ്രഹത്താല്‍ ഒരാള്‍ സഹായിക്കാനായി എത്തി. കപ്പലില്‍ ഒരു മാസത്തെ യാത്ര. ആഗസ്റ്റ് 25 ന് ജോപ്പയിലെത്തി. അവിടെനിന്ന് ജറുസലെമിനടുത്തുള്ള 'റംലയിലേക്ക്' ഇരുപതിലധികം കിലോമീറ്റര്‍ ഉണ്ട്. കഴുതപ്പുറത്താണ് ഇനിയുള്ള യാത്ര. യാത്രയ്‌ക്കൊടുവില്‍ പുണ്യഭൂമിയിലെത്തി. സിയോന്‍ ഗദ്‌സെമനി, ജെറിക്കോ, ജോര്‍ദ്ദാന്‍ ബഥനി തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. കുറച്ചുകാലം അവിടെ താമസിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചെങ്കിലും, വിദേശിയനായ ഒരാള്‍ അവിടെ ദീര്‍ഘകാലം താമസിക്കുന്നത് ആപത്തുകള്‍ ക്ഷണിച്ചു വരുത്തുകയേയുള്ളുവെന്ന രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലിനു മുമ്പില്‍ ഇഗ്നേഷ്യസിന് താഴേണ്ടിവന്നു. 

മടക്കയാത്ര
ഇഗ്നേഷ്യസ് മടക്കയാത്രയ്ക്ക് തയ്യാറായി. ദുരിതപൂര്‍ണ്ണമായ ഒരു യാത്ര. കപ്പിത്താന്റെ കഴിവുകേടും, കാലാവസ്ഥയുടെ പ്രതികൂലങ്ങളും യാത്രയെ സ്വാധീനിച്ചു. ഇഴഞ്ഞു നീങ്ങിയ കപ്പല്‍ സൈപ്രസില്‍ എത്തി. കയ്യിലെ പണം മുഴുവന്‍ തീര്‍ന്നു. സൗജന്യമായി കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. ഇഗ്നേഷ്യസ് ഒരു പോംവഴി ആലോചിച്ചു. അവസാനം ഒരു തീനുമാനത്തിലെത്തി. അലഞ്ഞു തിരിയുകതന്നെ. പിന്നെ ഒരു യാത്ര തരപ്പെടുന്നത് നവംബറിലാണ്. അതും ഒരു ചെറിയ നൗകയില്‍. വെനീസ്, ബാന്‍സിലോണവഴി ലൊംബാര്‍സിയില്‍ എത്തി. പണത്തിന്റെ പ്രസക്തി ഇല്ലായ്മയെപ്പറ്റി മനസ്സിലാക്കിയ നാളുകള്‍! ദൈവപരിപാലനയെപറ്റി കൂടുതല്‍ അറിഞ്ഞ നിമിഷം. ലൊംബാര്‍സിയില്‍ എത്തിയപ്പോഴാണ് സ്‌പെയിനിന് എതിരെ പടയൊരുക്കം നടത്തുന്ന ഫ്രഞ്ചുസൈന്യത്തെപ്പറ്റി അറിവ് ലഭിച്ചത്. ഇഗ്നേഷ്യസ് അലഞ്ഞുതിരിഞ്ഞ് എത്തിയത് ഒരു ഫ്രഞ്ച് പട്ടാളക്യാമ്പിലും. അവിടെയും ദൈവപരിപാലനയുമുണ്ടായി. ഇഗ്നേഷ്യസിനെ തിരിച്ചറിഞ്ഞ ഫ്രഞ്ച് ക്യാപ്റ്റന്‍, ക്യാമ്പില്‍നിന്ന് രക്ഷപ്പെടാന്‍ അവനെ സഹായിച്ചു. 

അറിവുതേടി അമൃതംതേടി
യാത്ര കഴിഞ്ഞ് എത്തിയ ഇഗ്നേഷ്യസിന് ഒരു കാര്യം മനസ്സിലായി. അറിവ് കൂടിയേ തീരു. അതിന് ഭാഷയും വ്യാകരണവും തത്ത്വശാസ്ത്രവും പഠിക്കണം. ഇപ്പോള്‍ പ്രായം മുപ്പത്തിമൂന്ന്. മാന്‍ട്രീസയില്‍വച്ച് പരിചയപ്പെട്ട ഒരു സന്യാസീവര്യന്റെ ചിത്രം ആദ്യം മനസ്സില്‍ തെളിഞ്ഞു. ഇസബെല്‍ നേസ്ഫര്‍ എന്ന വ്യക്തി സാമ്പത്തികസഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യം എന്ന് പറയട്ടെ, എല്ലാ പദ്ധതികളും തയ്യാറാക്കി കാര്‍ബോണായില്‍ എത്തിയപ്പോഴേക്കും ആ സന്യാസിവര്യന്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു. വീണ്ടും അദ്ദേഹം അഭ്യുദയകാംക്ഷികളുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു.
ലത്തീന്‍പഠനം ആരംഭിച്ചു. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അധികനാള്‍ കഴിയും മുമ്പേ മനസ്സിലായി. പഠനം മുടങ്ങുമെന്ന അവസ്ഥ വന്നു. എന്നാല്‍ ഹൃദയം ഇപ്പോഴും എന്തിനോവേണ്ടി തുടിക്കുന്നു. ഈ കാലഘട്ടത്തിലാണ് അനേകം കന്യാമഠങ്ങള്‍ തങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച് പോകുന്നത് ഇഗ്നേഷ്യസ് കണ്ടത്. താന്‍ തിരഞ്ഞെടുത്ത സമര്‍പ്പിതജീവിതംതന്നെ വഴിമുട്ടിപോകുമെന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് സാന്താക്ലാരമഠത്തിന്റെ ശൃംഖലകള്‍ അടച്ചുപൂട്ടാന്‍ ലിയോ പത്താമന്‍ മാര്‍പാപ്പയുടെ കല്പന എത്തുന്നത്. തന്റെ ചിന്തകള്‍ അസ്ഥാനത്തല്ലായിരുന്നെന്ന് ഇഗ്നേഷ്യസിന് തോന്നി. പഠനത്തിന്റെ രണ്ടാം വര്‍ഷം ഭാഷയും കലയും, തത്ത്വശാസ്ത്രവും സ്വായത്തമാക്കി മുന്നേറുന്ന നാളുകള്‍. അല്‍ക്കലായില്‍ എത്തി കൂടുതല്‍ വിദ്യാഭ്യാസം നേടാന്‍ മനസ്സ് വെമ്പല്‍കൊണ്ടു. അല്‍ക്കലായില്‍ വെച്ച് മാര്‍ട്ടിന്‍ ദെ ലൊബെ എന്ന നല്ല ഒരു സുഹൃത്തിനെ കിട്ടി. ആ ബന്ധം വളര്‍ന്നു. പിന്നീട് അത് ത്രെന്ത് സുനഹദോസ് വരെ എത്തി. മറ്റ് രണ്ട് സുഹൃത്തുക്കള്‍ സമ്പന്നകുടുംബത്തില്‍ നിന്നുവന്ന പുരോഹിതന്മാരായ നവാരയും, സിയഗോദെ യൂജിയുമായിരുന്നു. അതില്‍ യൂജി ഒരു പ്രസ്സിന്റെ ഉടമയും ഒരു നല്ല ഗ്രന്ഥപരിഭാഷകനുമായിരുന്നു. ഈ പുരോഹിതന്‍ ഇറാസ്മസിന്റെ കൃതികളും ക്രിസ്ത്വാനുകരണവും പരിഭാഷപ്പെടുത്തി. ഈ ഗ്രന്ഥങ്ങള്‍ ഇഗ്നേഷ്യസിന് വ്യത്യസ്തമായ ഒരു അനുഭൂതി നല്‍കി. നവാര അദ്ദേഹത്തിന് ഒരു നല്ല കുമ്പസാരക്കാരനുമായി. അവര്‍ ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പലര്‍ക്കും ഇവര്‍ നോട്ടപ്പുള്ളികളായി. അവരുടെ വസ്ത്രധാരണവും, ജീവിതശൈലിയും വ്യത്യസ്തമായിരുന്നു. ചാക്കുടുക്കുന്നവര്‍ എന്ന് ജനം അവരെ വിശേഷിപ്പിച്ചു. സഭാ വിചാരണയ്ക്ക് പിന്നെ അധിക സമയം വേണ്ടിവന്നില്ല. 1525-സെപ്റ്റംബറില്‍ അത് സംഭവിക്കുകതന്നെ ചെയ്തു. സഭാധികാരികള്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ ആദ്യപടിയായി സമൂഹത്തില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ എല്ലാ രേഖകളും ഇഗ്നേഷ്യസിനും കൂട്ടര്‍ക്കും അനുകൂലമായിരുന്നു. ഇവരുടെ കൂട്ടായ പ്രവര്‍ത്തനം അനേകരെ ആകര്‍ഷിച്ചു. അനേകംപേര്‍ ഇവരുടെ കൂടെച്ചേര്‍ന്നു. കുട്ടികള്‍മുതല്‍ വൃദ്ധന്മാര്‍വരെ ആകര്‍ഷിക്കപ്പെട്ടു. പാപത്തില്‍ നിന്നുള്ള വിടുതല്‍, വിശുദ്ധ കുര്‍ബ്ബാന, മനസ്സിന്റെ വിശുദ്ധി, ജീവിതവിശുദ്ധി ആത്മനവീകരണത്തിനു വേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായ ഭാഷയില്‍ ഇവര്‍ വ്യാഖ്യാനിച്ചു കൊടുത്തു. എന്നാല്‍ ഇത് തുടര്‍ന്നുകൊണ്ട് പോകാന്‍ സഭാധികാരികള്‍ അനുവദിച്ചില്ല. 

ഒരു ദുഃഖവെള്ളിയനുഭവം
1527 ഏപ്രില്‍ 19-ാം തീയതി ദുഃഖവെള്ളിയാഴ്ച പോലീസ് ഇഗ്നേഷ്യസിനെ അന്വേഷിച്ചെത്തി. ജനത്തെ വഴിപിഴപ്പിക്കുന്നു, തെറ്റായ പഠനങ്ങള്‍ നല്‍കുന്നു എന്നതൊക്കെയായിരുന്നു കുറ്റങ്ങള്‍. അങ്ങനെ അദ്ദേഹം തടവിലായി. ഈ ദിവസങ്ങളില്‍ അല്‍ക്കലായില്‍നിന്ന് ഭക്തകളായ മൂന്ന് സ്ത്രീകള്‍ 300 മൈല്‍ യാത്രചെയ്ത് വെറോനിക്കായുടെ തൂവാലയില്‍ പതിഞ്ഞ യേശുവിന്റെ മുഖഛായ കാണുവാന്‍ പുറപ്പെട്ടു. ഇവരുടെ യാത്രയ്ക്ക് നല്ല ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. പോലീസ് സ്ത്രീകളെ അറസ്റ്റു ചെയ്ത് അവരില്‍ ദുര്‍നടപ്പ് ആരോപിച്ചു. അവരെ ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത് ഇഗ്നേഷ്യസാണെന്നും പറഞ്ഞ്, ആ കുറ്റവും അദ്ദേഹത്തിന്റെ മേല്‍ പോലീസ് ചുമത്തി. നാല്പതു ദിവസത്തെ ജയില്‍വാസം. ഇഗ്നേഷ്യസ് ദുഃഖിതനായി. ഇതിനെ ചോദ്യം ചെയ്യുകതന്നെ വേണമെന്ന് മനസ്സിലുറച്ചു. ആര്‍ച്ചുബിഷപ്പിന്റെ അപ്പീലില്‍ കോടതി അനുകൂലമായ വിധി നടത്തി. താന്‍ അല്‍ക്കലാ വിട്ടുപൊയ്‌ക്കൊള്ളാം എന്ന തീരുമാനം ആര്‍ച്ചുബിഷപ്പിന് സ്വീകാര്യമായി. ഏതാനും ദിവസം ബിഷപ്പ് അഭയം നല്‍കി. തുടര്‍ന്ന് സാല്‍മനാക്കയിലേക്ക് പോകാന്‍ തീരുമാനിച്ചു. നാലുപേര്‍ ഇഗ്നേഷ്യസിന്റെകൂടെ പുറപ്പെട്ടു. പന്ത്രണ്ട് ദിവസത്തെ യാത്രയ്ക്കുശേഷം ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെ എത്തിയപ്പോള്‍ മറ്റൊരു കോടതി ഇവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അപ്പസ്‌തോലന്മാരുടെ തീക്ഷ്ണതയോടെ ഇറങ്ങിയ ഇവരുടെ അടിസ്ഥാനയോഗ്യതയെ അവര്‍ ചോദ്യം ചെയ്തു. മൂന്നാം ദിവസം തന്നെ വിധി വന്നു. അതും കാരാഗൃഹവാസം. വൃത്തികെട്ട മുറികളില്‍ അവരെ വെവ്വേറെ അടച്ചുപൂട്ടി. ഇരുപതുദിവസത്തെ ശിക്ഷ. അതിനുശേഷം അവര്‍ പുറത്തുവന്നു. ഇപ്പോള്‍ ഇഗ്നേഷ്യസിന്റെ മനസ്സില്‍ ഒരേയൊരാഗ്രഹം. പഠിക്കണം. പാരീസില്‍ പോകണം. 

പാരീസിലേക്ക് 
ഇപ്പോള്‍ പ്രായം മുപ്പത്തിയേഴ്. അദ്ദേഹം പഠിക്കുവാന്‍ തന്നെ തീരുമാനിച്ചു. പാരീസിലേയ്ക്കുള്ള യാത്ര ഉറപ്പിച്ചു. ലോകപ്രസിദ്ധമായ സര്‍വ്വകലാശാലയില്‍ തന്നെപഠിക്കണം. ഫ്രഞ്ച് ഭാഷ പഠിക്കണം. ഉറച്ച തീരുമാനത്തിലെത്തി. പാരീസിലെ മൊണ്ടേഗു കോളേജില്‍ വിദ്യാര്‍ത്ഥിയായി. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കണം. അഞ്ച് മണിക്ക് ക്ലാസ്സ് ആരംഭിക്കും. അരമണിക്കൂര്‍ നടന്നാലെ കോളേജില്‍ എത്തു. വൈകുന്നേരം ത്രിസന്ധ്യാ ജപങ്ങള്‍ക്കുളള മണിനാദം മുഴങ്ങുംമുമ്പേ സങ്കേതത്തില്‍ തിരിച്ചെത്തണം. പഠനത്തിനും ഭക്ഷണത്തിനും പണമില്ല. തെണ്ടുകതന്നെ ഏക പോംവഴി. 1529-ല്‍ ഇഗ്നേഷ്യസ് ആദ്യത്തെ തെണ്ടല്‍ യജ്ഞം ആരംഭിച്ചു. സാമ്പത്തികപരാധീനതമൂലം പഠിക്കാന്‍ പറ്റാത്തവരെ സഹായിക്കുക എന്ന ലക്ഷ്യംകൂടി ഈ തെണ്ടലിന് പിന്നില്‍ ഉണ്ടായിരുന്നു. അത് വിജയിക്കുകയും ചെയ്തു. 

പുതിയൊരു ആരോപണം
ഈ നാളുകളില്‍ ഒരു പുതിയ ആരോപണം ഇഗ്നേഷ്യസിനെ തേടിയെത്തി. മൂന്ന് മിടുക്കരായ വിദ്യാര്‍ത്ഥികളെ തെറ്റായ ആത്മീയകാര്യങ്ങള്‍ പറഞ്ഞ് വഴിതെറ്റിക്കുന്നു എന്നതായിരുന്നു അത്. ജൂവാന്‍ ദെ കാസ്‌ട്രോ, അമാദോര്‍, പെദ്രോ ദെ പെരാള്‍ട്ടാ എന്നിവരായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇത്തവണ കാരാഗൃഹത്തിലേക്ക് പോകേണ്ടിവന്നില്ലായെന്നു മാത്രം. അധികാരികള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. നിങ്ങള്‍ പുറത്ത് താമസിക്കുന്നതിനാലാണ് വഷളായി പോകുന്നത്. അതിനാല്‍ ഇനി പഠനം തുടരണമെങ്കില്‍ ബോര്‍ഡിംഗില്‍ ചേരണം. ഇഗ്നേഷ്യസ് അത് അംഗീകരിച്ചു. ഇഗ്നേഷ്യസ് 'വഴിതെറ്റിച്ച' വിദ്യാര്‍ത്ഥികളെപ്പറ്റി നമ്മള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. പഠനത്തിന്റെ അവസാനം കാസ്‌ട്രോ കാര്‍ത്തൂസിയന്‍ സന്യാസസഭയില്‍ ചേര്‍ന്നു. അവിടെനിന്ന് ആശ്രമാധിപസ്ഥാനംവരെ എത്തി. പെരാള്‍ട്ടാ ലോകം കണ്ട ഒരു വിഖ്യാതനായ പ്രഭാഷകനായി. അമാദോര്‍ അകട്ടെ ഇഗ്നേഷ്യസ് രൂപാന്തരപ്പെടുത്തിയെടുത്ത ഒരു നല്ല ആത്മീയമനുഷ്യനായി.
കുട്ടികളേ, അത്മീയകാര്യങ്ങളെ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ക്ക് വലിയവരാകാം. 

പ്രിന്‍സിപ്പലിന്റെ മാനസാന്തരം
തത്ത്വശാസ്ത്രപഠനത്തിലേക്ക് ഇഗ്ന്യേഷ്യസ് പ്രവേശിച്ചു. അതും മനസ്സിനിണങ്ങിയ ബാര്‍ബെ കോളേജില്‍. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചാണ് അവിടെ താമസിക്കുന്നത്. അദ്ധ്യാപകനായ ജുവാന്‍പെന്ത, പിയറി ഫാളാവ്‌റി, ഫ്രാന്‍സീസ് സേവ്യര്‍, രണ്ട് സഹപാഠികളും. അവരോടൊപ്പം ഇഗ്നേഷ്യസും താമസമാക്കി. ഫ്‌ളാവ്‌റിയും പെന്തയും പഠനത്തിന് സഹായിച്ചു. ഇഗ്നേഷ്യസ് അവരെ ആത്മീയതയില്‍ ഉറപ്പിച്ചു. എന്നാല്‍ ഫ്രാന്‍സീസ് സേവ്യര്‍മാത്രം മെരുങ്ങാത്ത ഒറ്റയാനെപ്പോലെ ഓടിനടന്നു. പഠനത്തിന്റെ ഇടയിലും അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരുന്നു. ഓരോ ഞായറാഴ്ചയും പുതിയ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും ജനങ്ങള്‍ക്കും സഹപാഠികള്‍ക്കും പകര്‍ന്നു നല്‍കി. കാര്‍ത്തൂസിയന്‍ കോണ്‍വെന്റിലും ബാര്‍ബെ കോളേജിലും ചര്‍ച്ചകള്‍ പൊടിപൊടിച്ചു. യഥാസ്ഥിതികത്വത്തിന്റെ കോട്ടകള്‍ ആത്മീയ അഗ്നിജ്വാലയില്‍പ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്നത് കോളേജ് അധികൃതര്‍ ശ്രദ്ധിച്ചു. അവര്‍ നിയമത്തിന്റെ വേലികെട്ടി. വിധ്വംസകവിചാരങ്ങളുടെ പ്രചാരകനും പ്രയോക്താവുമായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. കോളേജില്‍ നല്ലൊരു ശതമാനം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇഗ്നേഷ്യസിന് എതിരായി. പ്രിന്‍സിപ്പലിന് നേരില്‍ കണ്ട് തന്റെ സത്യസ്ഥിതി വെളിപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. പൊതുവെ കര്‍ക്കശക്കാര നായിരുന്നു പ്രിന്‍സിപ്പല്‍. കുട്ടികള്‍ തിങ്ങിക്കൂടി നില്‍ക്കുന്ന കേളേജ് അങ്കണം. ഇഗ്നേഷ്യസിനുള്ള ശിക്ഷയെന്താണെന്ന് അറിയുവാന്‍ വിദ്യാര്‍ത്ഥികള്‍ കാതോര്‍ത്ത് നില്‍ക്കുന്ന സമയം. ശിക്ഷാവിധി പ്രഖ്യാപിക്കുവാനായി ഇറങ്ങിവന്ന പ്രിന്‍സിപ്പല്‍ ഇഗ്നേഷ്യസിന്റെ കാലുകളില്‍ വീണ് മാപ്പപേക്ഷിക്കുന്ന രംഗമാണ് അവിടെ നിന്നിരുന്നവര്‍ കണ്ടത്. ഈ ബന്ധം വളര്‍ന്ന് സുദൃഢമായി. പില്‍ക്കാലത്ത് ഫ്രാന്‍സീസ് സേവ്യറിനോടൊപ്പം ഇന്ത്യയിലേക്ക് വന്നവരില്‍ ഒരാള്‍ ഈ പ്രിന്‍സിപ്പലായരുന്നു. പീന്നീട് ഈ സഹപാഠികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടേ. പില്‍ക്കാലത്ത് പിയറി ഫ്‌ളാവ്‌റിയെ വിശുദ്ധമറിയം മഗ്ദലേനയുടെ തിരുന്നാള്‍ദിനത്തില്‍ അള്‍ത്താരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇഗ്നേഷ്യസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഫ്രാന്‍സീസ് സേവ്യര്‍ എന്ന മഹാവിശുദ്ധനെയും കത്തോലിക്കാ സഭയ്ക്ക് ലഭിച്ചു.

മാസ്റ്റര്‍ ഇഗ്നേഷ്യസ് 
1532-ല്‍ ഇഗ്നേഷ്യസ് ബാച്ചിലര്‍ ബിരുദം നേടി. ഊര്‍ജ്ജതന്ത്രം, നീതിശാസ്ത്രം എന്നുവേണ്ട പഠനത്തിന്റെ എല്ലാ മേഖലയിലും അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ ചിറകുവിരിച്ച് പറക്കുന്ന കാലം. ഈ ചിന്താസരണി അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് ബിരുദാനന്തരപഠനത്തിലേക്കായിരുന്നു. 1535 മാര്‍ച്ച് 14ന് പാംപ്ലോണ രൂപതയ്ക്ക് മാസ്റ്റര്‍ ബിരുദമുള്ള ഒരദ്ധ്യാപകനെ കിട്ടി. എന്നാല്‍ ഇവിടെ താമസിക്കുമ്പോള്‍ സമ്പന്ന കുടുംബത്തില്‍ പിറന്ന ഫ്രാന്‍സിസ് സേവ്യര്‍മാത്രം ഇഗ്ന്യേഷ്യസില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചു. ഓരോ പ്രാവശ്യവും കാണുമ്പോള്‍ ഇഗ്നേഷ്യസ് ഫ്രാന്‍സിസ്‌നോട് ചോദിക്കും''ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവ് നഷ്ടമായാല്‍ എന്ത് പ്രയോജനം?'' 

ഫ്രാന്‍സിസ് സേവ്യര്‍
മെരുങ്ങാത്ത ഒറ്റയാനെപ്പോലെ ഓടിനടന്ന ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ഇഗ്നേഷ്യസ് സ്ഥാനം പിടിച്ചു. 1539-ല്‍ ബിരുദാനന്തരബിരുദം നേടിയശേഷം ഡോര്‍മാര്‍സ് ബ്യൂമിയാസ് കേളേജില്‍ ഒരദ്ധ്യാപകന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് മറ്റൊരാളായി രൂപാന്തരപ്പെടുകയായിരുന്നു. അവസാനം ഈ കുട്ടിക്കുറുമ്പനും ഇഗ്നേഷ്യസിന്റ മുന്നില്‍ കീഴടങ്ങി. നാലു വര്‍ഷംകൂടി താമസം കഴിഞ്ഞപ്പോഴേക്കും ക്രിസ്തുവിനെപ്രതി ഇഗ്നേഷ്യസിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ തക്കവിധം ഫ്രാന്‍സിസ് മാറി കഴിഞ്ഞു. 

ഒരു പുതിയ സഭയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍
1534- ആഗസ്റ്റ് മാസം 15-ാം തിയതി ഇഗ്നേഷ്യസും മറ്റ് അഞ്ചുപേരും വിശുദ്ധ ഡെന്നീസ് രക്തസാക്ഷിത്വം പൂകിയ മോണ്ട് മാര്‍ട്ടെയിലെ മലയില്‍ ഒരുമിച്ചുകൂടി. വചനത്തിലും ദാരിദ്ര്യത്തിലും ക്രിസ്തുവിനെ പിന്‍ചെല്ലാന്‍ വേണ്ട തീരുമാനങ്ങള്‍ എടുത്തു അതിനെ ഉറപ്പിക്കാന്‍ നിത്യനഗരിയിലേക്ക് തീര്‍ത്ഥാടനത്തിന്റെ പാതകള്‍ തിരഞ്ഞെടുത്തു. നാളുകള്‍ക്കുശേഷം പോള്‍ മൂന്നാമന്‍ മാര്‍പ്പായുടെ സവിധത്തില്‍ ഇഗ്നേഷ്യസും സഹയാത്രികരും മുഖാമുഖം ഇരുന്നു. മാര്‍പാപ്പ അവരെ ശ്രവിച്ചു. പ്രഗത്ഭരായവരുടെ ഇടയില്‍ ഒരു ചര്‍ച്ചക്ക് മാര്‍പാപ്പ അവരെ ക്ഷണിച്ചു. അവരുടെ പാണ്ഡിത്യത്തില്‍ മാര്‍പാപ്പയ്ക്ക് സന്തേഷമായി. ഇഷ്ടമുള്ള മെത്രാനില്‍നിന്ന് പത്രമേനി കൂടാതെതന്നെ പട്ടം സ്വീകരിക്കുവാനുള്ള കല്പന അവര്‍ക്കു കിട്ടി. ഒരു സഭാ സ്ഥാപനത്തിന്റെ അടിസ്ഥാനശിലവീണ സന്ദര്‍ഭമായിരുന്നു അത്. 1537 ജൂണ്‍ 24, ഒരു സാഫല്യദിനം! അന്ന് ഈ സഭയിലെ ഏഴു പേരുടെ പൗരോഹിത്യസ്വീകരണമായിരുന്നു. ആല്‍ബായിലെ മെത്രാന്‍ അവര്‍ക്ക് കൈവെയ്പ്പ് നല്‍കി. അങ്ങനെ അവര്‍ പൗരോഹിത്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. തോമസ് അക്വീനാസിന്റെ ദര്‍ശനങ്ങള്‍ എന്തുകൊണ്ടോ ഒരാവേശമായി. മതവിചാരകന്മാരുടെ കോടതികളില്‍ ഇക്കാലങ്ങളിലും അനേകം പ്രാവശ്യം കയറി ഇറങ്ങി. ക്രമേണ ഇഗ്നേഷ്യസിന്റെ ആദ്ധ്യാത്മിക അഭ്യാസങ്ങളോട് ആഭിമുഖം പ്രകടിപ്പിക്കാമെന്ന അവസ്ഥയിലേക്ക് ലീവിന്റെ കോടതി വളര്‍ന്നുകഴിഞ്ഞു. പക്ഷേ അപ്പോഴേയ്ക്കും ഫ്രാന്‍സില്‍ മറ്റൊരു കലാപത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭയുടെ ശക്തിപ്രകടനം, ഫ്രാന്‍സിലെ നോട്ടര്‍ ഡാം കത്തീഡ്രലിനു മുമ്പില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. അവര്‍ കലാപക്കൊടിയുയര്‍ത്തി. അനവധിയാളുകള്‍ രക്തസാക്ഷികളായി. അതിലേറെപ്പേര്‍ ജീവനോടെ ഹോമിക്കപ്പെട്ടു. ഇഗ്നേഷ്യസും കൂട്ടരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഈ സമയത്ത് റോമില്‍ ഒരു വലിയ ക്ഷാമം പൊട്ടിപ്പുറപ്പെട്ടു. ഇഗ്നേഷ്യസ് അവര്‍ക്ക് ഭക്ഷണവും അഭയവും നല്‍കി. ഇക്കാലമായപ്പോഴേക്കളും സഭാധികാരികളും ജനങ്ങളും ഇവരുടെ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. 

ദൗത്യവുമായി
സുവിശേഷദൗത്യവുമായി ഇഗ്നേഷ്യസ് നീങ്ങി. വെനീസ്, ജനീവ, ബാര്‍ബറോസ്സാ തുടങ്ങിയ തുറമുഖപട്ടണങ്ങള്‍ പിന്നിട്ടു. അവിടെനിന്ന് ഇറ്റലിയിലേയ്ക്കും. ഇതിനിടയില്‍ വെനീസില്‍വച്ച് പിയാത്രോ കാരഫാ എന്ന വ്യക്തിയുമായി ആശയപരമായ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഇടയായി. പില്‍ക്കാലത്ത് ഈ വ്യക്തി പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയരുകയും പോള്‍ നാലാമന്‍ മാര്‍പാപ്പയായി സഭയെ നയിക്കുകയും ചെയ്തു. ഈശോസഭയുടെ സ്ഥാപനത്തിന് ഈ സന്ദര്‍ശനം പിന്നീട് കൂടുതല്‍ പ്രയോജനപ്പെട്ടു. എങ്കിലും അതിന് പച്ചക്കൊടി വീശാന്‍ 1588- നവംബര്‍ 18 വരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം. അതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഈശോസഭ അതിനാല്‍തന്നെ സ്വയംപര്യാപ്തി നേടിക്കഴിഞ്ഞിരുന്നു. ആ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെയും മദ്ധ്യ യൂറോപ്യന്‍ സഭയുടെയും മേല്‍ പുകമറവീഴിച്ച പഠനങ്ങളുടെയും ശൈലിയുടെയുംമേല്‍ ഒരു ജീവിതദര്‍ശനവും പ്രവര്‍ത്തനശൈലിയും പ്രദാനം ചെയ്യാന്‍ ഈശോസഭയ്ക്ക് സാധിച്ചു. അവരുടെ ദാരിദ്ര്യവും ഉപവിയും പരസ്‌നേഹ പ്രവര്‍ത്തനവും ഇതിന്റെ മാറ്റുകൂട്ടി. 

റോമിലെ ക്ഷാമം
1538 അവസാനമായപ്പോഴേയ്ക്കും റോമില്‍ ഒരു വലിയ ക്ഷാമം ഉണ്ടായി. ഒരു ജനപദത്തെ മുഴുവന്‍ മായ്ച്ചുകളയുവാന്‍ പര്യാപ്തമായിരുന്നു ആ ക്ഷാമം. വിശപ്പടക്കാന്‍ ചാരിത്ര്യം പണയം വെയ്ക്കുന്ന യുവതികള്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആ തൊഴില്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ തുടര്‍ന്നുപോരുന്ന ഒരു അഭിശപ്തവര്‍ഗ്ഗം. പോരാത്തതിന് സ്വവര്‍ഗ്ഗഭോഗത്തിന്റെ അതിപ്രസരവും.ഇഗ്നേഷ്യസും കൂട്ടരും അരയും തലയും മുറുക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. വിശക്കുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് അവര്‍ ഭക്ഷണം കൊടുത്തു. ജനം പാപത്തില്‍ നിന്ന് പിന്‍തിരിയാന്‍ തയ്യാറായി. പാപത്തില്‍നിന്ന് പിന്‍തിരിഞ്ഞ് വന്നവരെ സ്വീകരിക്കാന്‍ വയാ ദെല്‍ കൊറോസയില്‍ വിശുദ്ധ മര്‍ത്തയുടെ ഭവനം കാത്തു കിടപ്പുണ്ടായിരുന്നു. 1543 ആയപ്പോഴേക്കും അവിടെ നൂറുകണക്കിന് സ്ത്രീകള്‍ എത്തി. കൊടുംപാപത്തില്‍നിന്ന് വേര്‍പെട്ടവരുടെ കൂട്ടായ്മ. ഓരോ ദിവസും അവിടെ അന്തേവാസികള്‍ കൂടിവന്നു. ഈ നാളുകളില്‍ ഇഗ്നേഷ്യസും കൂട്ടരും ഈ ഭവനത്തിന്റെ നടത്തിപ്പ് എറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ആരും തൊടാന്‍ മടിക്കുന്ന ഈ പ്രശ്‌നം ഇവര്‍ ഏറ്റെടുത്തതോടുകൂടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരികരംഗത്തെ ഉന്നതര്‍ സാഹായഹസ്തവുമായി ഇഗ്നേഷ്യസിനെ സമീപിച്ചു. 1543 ഫെബ്രുവരി 16-ന് പോള്‍ നാലാമന്‍ മാര്‍പാപ്പ ഒരു പ്രഖ്യാപനത്തിലൂടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാര്‍വ്വത്രികമായ പിന്തുണയും പ്രഖ്യാപിച്ചു.

ലാറ്ററന്‍ സുനഹദോസിനെതിരെ
നാലാം ലാറ്ററന്‍ സുനഹദോസില്‍ ഉണ്ടായ ഒരു തീരുമാനം. അന്ത്യകൂദാശകളും വി. കുര്‍ബ്ബാനയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് യാതൊരു രോഗീപരിചരണവും നല്‍കരുതെന്നുള്ള പ്രാകൃതനിയമം. പരിശുദ്ധ സിംഹാസനത്തെ ഭയന്ന് ഡോക്ടര്‍മാര്‍ രോഗികളെ പരിചരിക്കാത്ത അവസ്ഥ. ഇത് തിരുത്തപ്പെടേണ്ട ഒരു നിയമമാണെന്ന് ഇഗ്നേഷ്യസിന് തോന്നി. അതിനായി ചര്‍ച്ചകളും സംവാദങ്ങളും നടന്നു. 1543 ഫെബ്രുവരിയില്‍ തുടങ്ങിയ പോരാട്ടം. അവസാനം അത് വിജയത്തില്‍ കലാശിച്ചു. 

കറുത്തമരണം
ഫ്രാന്‍സുമായി നിരന്തരം ഉണ്ടായ യുദ്ധം. ഈ യുദ്ധത്തിന്റെ സന്തതിയായി കറുത്ത മരണമെന്ന പേരില്‍ അറിയപ്പെട്ട ബ്‌ളറിന്റെ ആക്രമണം. ഇതിന്റെയെല്ലാം ഫലമായി അഭിശപ്തജനനങ്ങളും കൊടിയ ദാരിദ്ര്യവും. അനാഥരായ കുട്ടികളുടെ എണ്ണം കൂടിവന്നു. അനാഥരെയും കുട്ടികളെയും വിധവകളെയും സംരക്ഷിക്കാന്‍ ഇഗ്നേഷ്യസ് മുന്നോട്ട് ഇറങ്ങി. 

ആന്റീ ലൂഥര്‍ 
യുദ്ധവും ക്ഷാമവും ഭക്തിരാഹിത്യവും റോമാനഗരത്തെ അലട്ടുമ്പോള്‍ അങ്ങ് അകലെ മാര്‍ട്ടിന്‍ ലൂഥറും അനുയായികളും സഭയ്‌ക്കെതിരെ അഞ്ഞടിക്കാന്‍ ശക്തരായി ക്കഴിഞ്ഞിരുന്നു. അവര്‍ നവീകരണത്തിന്റെ പുത്തന്‍സിദ്ധാന്തങ്ങള്‍ പടുത്തുയര്‍ത്തി. ഇഗ്നേഷ്യസും കൂട്ടരും ഇതിനെതിരെ രംഗത്തെത്തി. അതുകൊണ്ടാവാം ഒരു ആന്റീ ലൂഥറായി അദ്ദഹം അിറയപ്പെടുന്നത്.

ഇഗ്നേഷ്യസിന്റെ സംഭാവന
ഇഗ്നേഷ്യസിന്റെ പ്രാര്‍ത്ഥനയില്‍നിന്നും ജീവിതരീതിയില്‍ നിന്നും ഉയര്‍ന്നുവന്നതാണ് ഈശോസഭ. പ്രൊട്ടസ്‌ററന്റ് നവീകരണത്തിന് എതിരെയും റോമിലെ ക്ഷാമകാലത്തും ഇവര്‍ നല്കിയ സംഭാവന നമ്മള്‍ കണ്ടുകഴിഞ്ഞു. ഇന്നും ഇത് തുടരുന്നു. ബാര്‍ബെ കോളേജില്‍ ഒന്നിച്ചുതാമസിച്ചിരുന്ന പിയറി ഫ്‌ളാവ്‌റിയെ വിശുദ്ധ മറിയം മഗ്ദലനയുടെ തിരുനാള്‍ദിനത്തില്‍ അള്‍ത്താരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇഗ്നേഷ്യസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ പദവിലേക്ക് ഉയര്‍ത്തപ്പെട്ടു. ഈശോസഭ ലോകത്തിന് നല്‍കിയ മറ്റൊരു വലിയ സംഭാവനയാണ് വി. ഫ്രാന്‍സീസ് സേവ്യര്‍. 1540 മാര്‍ച്ച് 16 ന് ഇഗ്നേഷ്യസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സഭയെ പണിയുവാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. ലിസ്ബണില്‍ നിന്ന് ആരംഭിച്ചയാത്ര പതിമൂന്ന് മാസത്തിനുശേഷം ഗോവയുടെ തീരങ്ങളില്‍ എത്തി. ഗോവ, തിരുവതാംകൂര്‍, കൊച്ചി എന്നീ സ്ഥലങ്ങളിലും ജപ്പാന്‍, സിങ്കപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും സുവിശേഷം പ്രസംഗിച്ചു. 1552 ഡിസംബര്‍ 3-ാം തീയ്യതി സേവ്യര്‍ മരിച്ചു. 1554ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ സേവ്യറിന് ധന്യപദവി നല്‍കി. 1622-ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധനായി പേരുവിളിച്ചു. വെനീസില്‍വച്ച് കണ്ടുമുട്ടാനും ആശയപരമായ സംവാദങ്ങളിലേര്‍പ്പെടാനും കഴിഞ്ഞ, പില്ക്കാലത്ത് പോള്‍ നാലാമന്‍ മാര്‍പാപ്പയായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോളം കയറിയെത്തിയ ജിയാന്‍ പിയാത്രോ കാരഫായും മറ്റൊരു സ്വാധീനമായിരുന്നു. 

ഒരു മടക്കയാത്ര
വര്‍ഷങ്ങള്‍ കടന്നുപോയി. ഇഗ്‌നേഷ്യസിന് പാരീസിലെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല. ഒരു മടക്കയാത്ര എന്തുകൊണ്ടും ഫലം  ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കുറച്ചു നാളുകളായി ഈ ചിന്ത ആദ്ദേഹത്തിന്റെ മനസ്സിലും മുളയെടുക്കാന്‍ തുടങ്ങിയിട്ട്. പണ്ട് വന്ന അസ്‌പേഷ്യാ തെരുവകളിലൂടെ ഒരു യാത്ര. സുഖലോലുപതയുടെയും യോദ്ധാവിന്റെയും വേഷമണിഞ്ഞ് ഒരിക്കല്‍ നാടിനെ ഇളക്കിമറിച്ച ആ നാട്ടിലൂടെ പരസ്‌നേഹപ്രവൃത്തികളാല്‍ പ്രചോദിതമായ ഒരു യാത്ര. ഈ യാത്ര അധികമാരും അിറയാതിരിക്കാന്‍ ഇഗ്നേഷ്യസ് ആഗ്രഹിച്ചു. എങ്കിലും കാട്ടുതീ പോലെ  ഈ വാര്‍ത്ത ജന്മനാട്ടിലെത്തി. സഹോദരന്‍ മാര്‍ട്ടിന്‍ ഗ്രാസിയ, ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ഇഗ്നേഷ്യസിനെ ഭവനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉദ്യമിച്ചു. അദ്ദേഹം രണ്ട് സായുധനായ ആളുകളെ വിട്ട് വഴിതെറ്റിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തന്റെ ജ്യേഷ്ഠനാണെന്ന് ഇഗ്നേഷ്യസ് തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ യാത്ര അവസാനിച്ചത് സ്വന്തം ഭവനത്തിലായിരുന്നില്ല മറിച്ച് 'ലാ മാഗ്ദലീന' ആശുപത്രിയിലായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അസ്‌പേഷ്യയിലെ തെരുവുകളില്‍ ഭിക്ഷയാചിച്ച് ജീവിച്ചു. കിട്ടിയ ഭക്ഷണവും പണവും ദരിദ്രര്‍ക്കായി വിതരണം ചെയ്തു. ഇതിന് ഇടയില്‍ സഹോദരന്‍ മാര്‍ട്ടിന്‍ പലതവണ ലൊയോള ഭവനത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ വീട്ടിലേക്കു മാത്രം തിരികെ ചെന്നില്ല. കാരണം ആ പ്രഭുത്വവും സുഖലോലുപതയുമൊക്കെ പണ്ടേ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ലാ മാഗ്ദലീന പള്ളിയില്‍ ഞായറാഴ്ചകളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ജനങ്ങള്‍ ദേവാലയത്തില്‍ തിങ്ങിനിറഞ്ഞു. ജനം നിറഞ്ഞുകഴിഞ്ഞപ്പോള്‍ പുറത്ത് വലിയ തുറസ്സായ സ്ഥലങ്ങളിലായി പ്രസംഗം. വലിയ മരത്തിന്റെ മുകളില്‍ കയറിയിരുന്ന് ഇഗ്നേഷ്യസ് അവരെ രക്ഷയെപ്പറ്റിയും മാനസാന്തരത്തെപ്പറ്റിയും പഠിപ്പിച്ചു. 

അന്ത്യദിനങ്ങള്‍ 
1556 ഫെബ്രുവരി ആയപ്പോഴേക്കും ഇഗ്നേഷ്യസ് തീര്‍ത്തും അവശനായിക്കഴിഞ്ഞു. ഉദരസംബന്ധമായ രോഗം കൂടിവരുന്നു. രോഗബാധിതമായ കുടലും ആമാശയവും. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ. മാസങ്ങള്‍ ഇഴഞ്ഞു നീങ്ങി. ജൂലൈ 30. കാര്‍മേഘങ്ങള്‍ ആകാശത്ത് ഇരുണ്ടുകൂടി കണ്ണുനീര്‍ പൊഴിക്കാന്‍ തുടങ്ങി. പതിവിന് വിപരീതമായി അല്പം അത്താഴം കഴിച്ചു. തുടര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് സഭാപരമായ അല്പം ചര്‍ച്ച. പാതിരാത്രി ആയപ്പോഴേയ്ക്കും രംഗം പെട്ടെന്ന് മാറി. നാവിന്റെ ചലനശേഷി നഷ്ടപ്പെടാന്‍ തുടങ്ങി. ശരീരം തളര്‍ന്നു. 'എന്റെ ദൈവമേ... എന്റെ ദൈവമേ..' എന്ന് ഒന്നോ രണ്ടോ തവണ ഉച്ചരിച്ചു. ആ ശരീരത്തില്‍നിന്ന് ഉയര്‍ന്നുവന്ന അവസാനത്തെ വാക്ക്. 

അള്‍ത്താരയില്‍ വണക്കത്തിന് 
ശക്തമായ പനിയെയും ഉദരരോഗത്തെയും തുടര്‍ന്ന് 1556 ജൂലൈ 31 ന് ഇഗ്നേഷ്യസ് ഇഹലോകവാസം വെടിഞ്ഞു. റോമിലെ ഇഗ്നേഷ്യസ് സഭയുടെ പരിശീലന കേന്ദ്രവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ജേസുവില്‍ അദ്ദേഹത്തെ കബറടക്കി. ''മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമെ എന്റെ കര്‍ത്താവേ, എന്റെ സ്വാതന്ത്ര്യം മുഴുവനും അങ്ങ് എടുത്തുകൊള്ളുക''ഇത്യാദി പ്രാര്‍ത്ഥനകള്‍ വി. ഇഗ്നേഷ്യസിന്റെ  ആദ്ധ്യാത്മികതീക്ഷ്ണതയ്ക്ക് തെളിവാണ്. ''ദൈവത്തെ കൂടുതല്‍ സ്തുതിക്ക്'' എന്ന വി. ഇഗ്നേഷ്യസിന്റെ മുദ്രവാക്യം എല്ലാവരുടെയും മുദ്രവാക്യമായിരിക്കേണ്ടതാണ്. 1609 ജൂലൈ 27ന് പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേയ്ക്ക് ഉയര്‍ത്തി. 1622 മാര്‍ച്ച് 13ന് ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 

പാഷണ്ഡികള്‍ സന്നിഹിതരായിരിക്കുമ്പോള്‍ നിത്യസത്യങ്ങള്‍ പ്രതിപാദിക്കുക സൂക്ഷിച്ചു വേണം. ഉപവിയുടെയും ക്രിസ്ത്രീയ ആത്മനിയന്ത്രണത്തിന്റെയും മാതൃക അവര്‍ക്ക് കാണാന്‍ സാധിക്കണം. കഠിനപദങ്ങള്‍ ഉപയോഗിക്കരുത്. യാതൊരു പുച്ഛവും പ്രകാശിപ്പിക്കരുത്. 

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…