ഫ്രാന്‍സിലെ ലിയോണില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ വടക്കായി ഒരു കൊച്ചു ഗ്രാമത്തിലാണ് ജോണ്‍ മരിയ വിയാനിയുടെ ജനനം. അമ്മയുടെ മടിത്തട്ടിലിരുന്ന് വളരെ തീഷ്ണതയോടെ അദ്ദേഹം പഠിച്ചെടുത്ത പ്രാര്‍ത്ഥനയാണ് അദ്ദേഹത്തെ വിശുദ്ധനാക്കിയത്. അത് മറ്റൊന്നുമായിരുന്നില്ല ജപമാലയായിരുന്നു. തടികൊണ്ടുണ്ടാക്കിയ മാതാവിന്റെ ഒരു കൊച്ചു രൂപവും അവന് സ്വന്തമായുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വാര്‍ദ്ധക്യത്തിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ''പരിശുദ്ധ അമ്മയെ ഞാന്‍ അതിയായി സ്‌നേഹിക്കുന്നു. ഞാന്‍ അമ്മയെക്കുറിച്ച് അറിയുന്നതിനുമുന്‍പേ അമ്മയെ ഞാന്‍ സ്‌നേഹിച്ചുതുടങ്ങിയിരുന്നു.'' 

സഭ വളരെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു കാലമായിരുന്നുവത്. ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിലങ്ങുവയ്ക്കപ്പെട്ടിരുന്നൊരു കാലം. അത്മായരുടെ വേഷത്തില്‍ ഒളിച്ചുനടന്നുവേണമായിരുന്നു വൈദികര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍. പതിനൊന്ന് വയസ്സുണ്ടായിരുന്നപ്പോള്‍ ഒരു വൈദികന്‍ വിയാനിയെ കാണുന്നതിനിടയായി. അദ്ദേഹമാണ് വിയാനിയുടെ ആദ്യ കുമ്പസാരം കേള്‍ക്കുന്നത്. ഈ കുട്ടിയുടെ ഭക്തി തീഷ്ണത കണ്ട് അവനെ വേദപാഠം പഠിപ്പിക്കുവാനുള്ള ഏര്‍പ്പാടുകളും അദ്ദേഹം ചെയ്തു. പതിമൂന്നാമത്തെ വയസിലാണ് ആദ്യകുര്‍ബാനക്കൊരുക്കമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ഈശോയെ സ്വീകരിക്കുന്നത്. വളര്‍ന്ന് വലുതായപ്പോഴും ആ ദിവസങ്ങളെക്കുറിച്ച് കണ്ണുനീരോടെയാണ് വിയാനി സംസാരിച്ചിരുന്നത്. ദിവ്യകാരുണ്യം സ്വീകരിച്ച ദിവസങ്ങളില്‍ ഉള്ളില്‍ എഴുന്നള്ളി വന്ന യേശുവിനോട് താരതമ്യം ചെയ്തപ്പോള്‍ ലോകം മുഴുവന്‍ ശൂന്യമായതായി അദ്ദേഹത്തിന് തോന്നി. ഏറ്റവും വലിയ സമ്പത്ത് തന്റെ നാവില്‍ സ്വന്തമായതുപോലെ. സ്വര്‍ഗത്തെ മുഴുവന്‍ സ്വന്തമാക്കിക്കൊണ്ട് അള്‍ത്താരയില്‍ നിന്ന് തിരികെയിറങ്ങുവാന്‍ അവിടുന്ന് ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതിനെയോര്‍ത്ത് നന്ദി പറയുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശുദ്ധ കുര്‍ബാനശേഷമുള്ള പ്രാര്‍ത്ഥന. പതിനാറാമത്തെ വയസ്സില്‍ അമ്മയോടും ആന്റിയോടും വിയാനി തന്റെ സ്വപ്നം വ്യക്തമാക്കി - ഞാനൊരു വൈദികനായിരുന്നെങ്കില്‍ അനേകം ആത്മാക്കളെ ദൈവത്തിന്റെ അടുക്കലെത്തിക്കുവാന്‍ എനിക്ക് സാധിക്കുമായിരുന്നു. കുഗ്രാമത്തില്‍ വസിക്കുന്ന സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സ്വപ്നമായിരുന്നില്ല വിയാനി കണ്ടത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഭക്തനായൊരു വൈദികന്‍ അവരുടെ ഗ്രാമത്തില്‍ ദൈവവിളിക്കായുള്ള തിരച്ചിലുമായെത്തി. ജോണിന്റെ അമ്മ അവന്റെ പിതാവിനോട് അനുവാദം വാങ്ങിയതിനുശേഷം ഫാ.ബാളിയുമായി സംസാരിച്ചു. തന്റെ മകനെ സെമിനാരിയില്‍ ചേര്‍ക്കണമെന്നായിരുന്നു അവളുടെ ആവശ്യം. പരിമിതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ജോണ്‍ വിയാനിയെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ എല്ലാ സംശയങ്ങളും നീങ്ങി. ലത്തീന്‍ വിഷയത്തിലെ ഭാഗങ്ങള്‍ മനപാഠമാക്കുക ജോണിന് അതികഠിനമായിരുന്നു. കൂട്ടുകാരനായ പന്ത്രണ്ട് വയസ്സുകാരന്‍ ഒരു മിടുക്കന്‍ കുട്ടിയാണ് അവര്‍ക്ക് ലത്തീന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. ചെറിയ കാര്യങ്ങള്‍ പോലും മനസിലാകാത്തതുപോലെ പെരുമാറിയ ജോണിന്റെ മുഖത്ത് അവന്‍ അടിച്ചു. ഇരുപത് വയസുകാരന്‍ ജോണ്‍ പെട്ടെന്ന് മുട്ടിന്‍മേല്‍ നിന്ന് തന്നോട് ക്ഷമിക്കണമെന്നും തനിക്കുവേണ്ടി ഏവരും പ്രാര്‍ത്ഥിക്കണമെന്നും യാചിച്ചു. അത്രമേല്‍ പഠനത്തില്‍ പിന്നോക്കവും അതുപോലെ എളിമയുമുള്ള വ്യക്തിയായിരുന്നു ജോണ്‍. 1809 ല്‍ പട്ടാളത്തില്‍ നിര്‍ബന്ധിതസേവനത്തിന് യുവാക്കളെല്ലാം നിയോഗിക്കപ്പെടുന്ന അവസരമായിരുന്നു. സെമിനാരിയില്‍ പഠിക്കുന്നവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫാ. ബാളി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ജോണിനും സൈനികസേവനത്തിന് പോകേണ്ടതായി വന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ജോണ്‍ ആശുപത്രിയിലായി. തിരികെ വന്ന് രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ വീണ്ടും രോഗം ബാധിച്ച് കിടപ്പിലായി. ഒന്നരമാസം കഴിഞ്ഞപ്പോള്‍ സ്‌പെയിനിലുള്ള പട്ടാളത്തോട് ചേരുവാനായി അദ്ദേഹത്തെ വീണ്ടും അധികാരികള്‍ നിര്‍ബന്ധിച്ചു. വളരെ ദു:ഖത്തോടെ അദ്ദേഹം അവിടേക്ക് യാത്രയായി.

ഒരു ഗ്രാമത്തില്‍ താമസം ആരംഭിച്ച പട്ടാളക്കാരുടെ കൂടെ ജോണ്‍ വിയാനിയുമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളെക്കുറിച്ച് അതിയായ വേദന തോന്നിയപ്പോള്‍, തന്റെ ജീവിതം അവിടെ സുരക്ഷിതമാണെന്ന് ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ അവരുടെ അടുക്കലേക്കയച്ച് വിയാനിക്ക് വ്യക്തമാക്കുവാന്‍ സാധിച്ചു. ഗ്രാമവാസികള്‍ക്കെല്ലാം വിയാനിയെ നന്നേ ഇഷ്ടപ്പെട്ടു. ഫാ.ബാളി വിയാനിയുടെ അമ്മയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. വിയാനി യുദ്ധസ്ഥലത്ത് രോഗിയാകുമെന്നോ, മുറിവേല്‍ക്കുമെന്നോ ഭയപ്പെടേണ്ട. അദ്ദേഹം ഒരിക്കലും ഒരു പട്ടാളക്കാരനാവില്ല, നല്ലൊരു വിശുദ്ധനായ വൈദികനാവുകതന്നെ ചെയ്യും. പക്ഷെ ഈ പ്രവചനം പൂര്‍ത്തീകരിച്ച് കാണുവാന്‍ വിയാനിയുടെ അമ്മ ജീവിച്ചിരുന്നില്ല. അവസാനം ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്താല്‍ വീണ്ടും വിയാനി സെമിനാരിയിലെത്തി. ഒരു വര്‍ഷത്തെ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയായിരുന്നു ലക്ഷ്യം. എല്ലാം പഠിക്കേണ്ടത് ലത്തീനിലും. ഇരുപത്താറ് വയസ്സുള്ള ജോണായിരുന്നു ക്ലാസിലെ ഏറ്റവും മുതിര്‍ന്ന കുട്ടി. പഠനം വലിയൊരു കുരിശിന്റെ വഴിതന്നെയായിരുന്നു ജോണിന് സമ്മാനിച്ചത്. മേജര്‍ സെമിനാരിയിലെത്തിയപ്പോഴും ഇതേ പ്രതിസന്ധികളാണ് വിയാനിയെ കാത്തിരുന്നത്. സഹപാഠികളുടെ വാക്കുകളില്‍ നിന്ന് വിയാനിയില്‍ പുണ്യങ്ങളായി നാം കാണുന്നത് ഈശോയോടും പരിശുദ്ധ അമ്മയോടുമുള്ള സ്‌നേഹമായിരുന്നു. ദൈവത്തിന്റെ ഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിക്കുവാനുള്ള അതിയായ എളിമയുണ്ടായിരുന്നു വിയാനിക്ക്. അനേകം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ദൈവവിളിയെ ഉറപ്പിക്കുന്നതിനായി രാവും പകലും കഠിനമായി അദ്ദേഹം പഠനത്തില്‍ അദ്ധ്വാനിക്കുമായിരുന്നു. ഒരു വൈദികന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒന്നും അസാധാരണമായില്ലാത്ത സാധാരണ മനുഷ്യന്‍ എന്നാണ്.

ദൈവസ്‌നേഹത്താല്‍ ജ്വലിച്ച ഈ സാധാരണത്വമാണ് വിയാനിയെ വിശുദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. മേജര്‍ സെമിനാരിയില്‍ നിന്ന് പരീക്ഷയില്‍ നിരന്തരമായ തോല്‍വികള്‍ ഏറ്റുവാങ്ങിയ വിയാനിയെ അധികാരികള്‍ പറഞ്ഞുവിട്ടു. വൈദികനാകുവാനുള്ള യോഗ്യതയില്ലെന്നും വേണമെങ്കില്‍ ഒരു സഹോദരനായി അവിടെ ജീവിക്കാമെന്നും അവര്‍ അറിയിച്ചു. കണ്ണുനീരോടെ സെമിനാരിയുടെ പടികളിറങ്ങി വിയാനി ഫാ. ബാളിയുടെ പക്കലെത്തി. അദ്ദേഹം ജോണ്‍ വിയാനിയെ ആശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു. നിനക്കൊരു വൈദികനാകാം. എന്റെ കൂടെ നിന്ന് അല്പം കൂടി നന്നായി പഠിക്കുക. അദ്ദേഹത്തോടൊപ്പം പഠിച്ചതിനുശേഷം വീണ്ടും പരീക്ഷയ്‌ക്കെത്തി. എന്നാല്‍ അപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ മനസുതകരാതെ വീണ്ടും അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഫാ. ബാളി നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും പരീക്ഷയെഴുതി വിയാനി അവസാനം വിജയിക്കുകതന്നെ ചെയ്തു. ഫിമെയ്ല്‍. അങ്ങനെ അതികഠിനമായ പരീക്ഷകള്‍ക്കൊടുവില്‍ ജോണ്‍ വിയാനി സബ്ഡീക്കനായി. അന്ന് അദ്ദേഹത്തിന്റ അടുക്കല്‍ നിന്നൊരു വൈദികന്‍ സാക്ഷ്യപ്പെടുത്തിയതിങ്ങനെ - വിശുദ്ധ ബലിമധ്യേ വിയാനിയുടെ കണ്ണുകളും മുഖവും അഭൗമീകമായൊരു പ്രകാശത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അറിവ് പരിമിതമാണെങ്കിലും ദൈവത്തെക്കുറിച്ചുള്ള അനുഭവത്തില്‍ വിയാനി എല്ലാവരുടേയും മുന്‍പിലായിരുന്നു. അവസാന പരീക്ഷയില്‍ രാവും പകലും ആരോഗ്യവും അനാരോഗ്യവും കണക്കിലെടുക്കാതെ വിയാനി അദ്ധ്വാനിക്കുകയായിരുന്നു. മുട്ടിന്‍മേല്‍ നിന്ന സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും കണക്കില്ല. സ്വര്‍ഗം അദ്ദേഹത്തിന് കൂട്ടുനില്‍ക്കുക തന്നെ ചെയ്തു.

1815 ആഗസ്റ്റ് മാസം പതിനെട്ടാം തിയതി ജോണ്‍ മരിയ വിയാനി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. വിയാനിയുടെ മഹനീയമായ വാക്കുകള്‍ ഇപ്രകാരമാണ്. ''ഒരു വൈദികന്‍ ആരാണെന്ന് മനസിലാവണമെങ്കില്‍ സ്വര്‍ഗത്തിലെത്തണം. ഒരു വൈദികന്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് ചെയ്യുന്നതെന്താണെന്ന് തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹം സ്‌നേഹം കൊണ്ട് ഇവിടെ മരിച്ചു വീഴും''. ഫാ. ബാളിയുടെ അസിസ്റ്റന്റ് വികാരിയായിട്ടാണ് വിയാനി ആദ്യം നിയമിതനായത്. സഭാ ചരിത്രവും പഠനങ്ങളുമെല്ലാം കാര്യമായി വിയാനിയച്ചന് പഠിക്കേണ്ടതായുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റേയും വിശുദ്ധരുടെ ജീവചരിത്രത്തിന്റെയും മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ പിതാക്കന്‍മാരുടെ സംഭവബഹുലമായ ജീവിതകഥകളുടേയും പാത പിന്‍തുടര്‍ന്ന് അതികഠിനമായൊരു ജീവിതചര്യയാണ് ജോണ്‍ വിയാനി അഭ്യസിച്ചത്. ശരീരത്തെയും ആഗ്രഹങ്ങളെയും അതികഠിനമായി നിലയ്ക്കുനിര്‍ത്തിയ വൈദികന്‍. അദ്ദേഹത്തിന്റെ പ്രായശ്ചിത്തപ്രവൃത്തികള്‍ അതികഠിനമാണെന്ന് ഇടവകജനങ്ങള്‍ രൂപതയില്‍ പരാതിപ്പെടുകയുണ്ടായി. അപ്പോള്‍ ലഭിച്ച മറുപടിയിതായിരുന്നു - ഇത്രമേല്‍ വിശുദ്ധിയും തീഷ്ണതയുമുള്ള ഒരു വൈദികനെ ലഭിച്ച നിങ്ങള്‍ ഭാഗ്യമുള്ളവരാണ്.

1817 ഡിസംബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ദൈവവിളിയുടെ സംരക്ഷകനും അദ്ധ്യാപകനും ജീവിതത്തില്‍ തുണയുമായിരുന്ന ഫാ. ബാളിയെ വിയാനിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. എക്കൊളി ഇടവകയില്‍ നിന്നുള്ള അദ്ദേഹത്തിന്റെയും സ്ഥലം മാറ്റത്തിന്റെ ദിവസങ്ങളായിരുന്നുവത്. പുതിയ വികാരിക്ക് ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്നില്ല. രണ്ടുമാസങ്ങള്‍ക്ക് ശേഷം വിയാനിയ്ക്ക് പ്രഖ്യാതമാക്കിയ ആര്‍സ് ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ദൈവസ്‌നേഹത്തിന്റെ അലയടികള്‍ അവിടെ ഉയര്‍ത്തുകയാണ് വിയാനിയുടെ ലക്ഷ്യമെന്നാണ് അധികാരികള്‍ അദ്ദേഹത്തോട് പറഞ്ഞത്. മറ്റൊന്നും ചെയ്യാന്‍ വിയാനിക്കാവില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു ഇടവക എന്നതിനെക്കാളുപരി അതൊരു ദൗത്യമായിരുന്നു. ആത്മീയമായും ധാര്‍മ്മികമായും അധപതിച്ചൊരു സ്ഥലം. ആരും അവിടേക്ക് പോകുവാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീയൊഴികെ ആരും ആര്‍സില്‍ ഒരു ദേവാലയമോ വൈദികനോ വേണമെന്ന് പോലും ആഗ്രഹിച്ചില്ല. അത്രമേല്‍ ശോചനീയമായിരുന്നു അവിടുത്തെ അവസ്ഥ. ആത്മീയതയ്ക്കും പ്രാര്‍ത്ഥനയ്ക്കും മാത്രമായിരുന്നു അവിടെ പ്രവേശനമില്ലാതിരുന്നത്. വിയാനിയച്ചന്‍ സ്വന്തമെന്ന് പറയാവുന്ന പരിമിതമായ വസ്തുക്കളുമെടുത്ത് ആര്‍സ് ലക്ഷ്യമാക്കി നടക്കുകയാണ്. അവിടേക്കുള്ള വഴി അറിയാതെ വലഞ്ഞപ്പോള്‍ ഒരു ആട്ടിടയനായ കുട്ടിയോട് അദ്ദേഹം പറയുന്നതിതാണ്. എന്നെ ആര്‍സിലേക്കുള്ള വഴി കാട്ടിത്തന്നാല്‍, സ്വര്‍ഗത്തിലേക്കുള്ള വഴി ഞാന്‍ നിനക്ക് കാട്ടിത്തരാം. അതായിരുന്നു ജോണ്‍ വിയാനിയുടെ ജീവിതലക്ഷ്യവും. അപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിരണ്ടുവയസായിരുന്നു.

ഇടവകജനങ്ങളെ പരിചയപ്പെടുന്നതിനും കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങുന്നതിനും മുന്‍പ് അദ്ദേഹം ദേവാലയത്തിലെത്തി എല്ലാം വൃത്തിയാക്കി സ്വയം ദിവ്യബലിയര്‍പ്പിച്ചു. മണിക്കൂറുകള്‍ ദേവാലയത്തില്‍ മുട്ടിന്‍മേല്‍ നിന്ന് ദിവ്യകാരുണ്യനാഥന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയിപ്രകാരമായിരുന്നു - ''എന്തെല്ലാം സഹനങ്ങള്‍ അങ്ങെനിക്ക് അനുവദിക്കുന്നോ അതെല്ലാം സ്വീകരിക്കുവാന്‍ ഞാന്‍ സന്നദ്ധനാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്കുവേണ്ടി ബലിയായിക്കൊള്ളാം പകരം എന്റെ ഇടവക ജനത്തെ അങ്ങ് മാനസാന്തരപ്പെടുത്തണം. അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കാട്ടിക്കൊടുക്കണം. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവാലയത്തിലെ ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ കുറച്ചുപേര്‍ വന്നു. അവര്‍ പറഞ്ഞറിഞ്ഞ് മറ്റുള്ളവരും. അവരുടെ മുന്‍പില്‍ ദൈവസ്‌നേഹത്തിന്റെ പ്രവാചകന്‍ തന്റെ ശബ്ദമുയര്‍ത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ സ്‌നേഹമുള്ള കണ്ണുകള്‍ക്ക് മുന്‍പില്‍ പാപികള്‍ക്ക് പിടിച്ചുനില്ക്കുവാനാകുമായിരുന്നില്ല. ഓരോ ദിവ്യബലിയും കഴിയുമ്പോള്‍ കുമ്പസാരക്കൂടിന് മുന്‍പില്‍ ജനങ്ങള്‍ തടിച്ചുകൂടുവാന്‍ തുടങ്ങി. പകലന്തിയോളം കുമ്പസാരക്കൂട്ടില്‍ ചിലവഴിക്കുന്ന അദ്ദേഹം രാത്രിയില്‍ തന്റെ മുറിയിലേക്കു പോകും - രാത്രിമുഴുവന്‍ തന്റെ ഇടവകജനത്തിന്റെ മാനസാന്തരത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാന്‍. ദൈവത്തെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ത്ഥ പ്രാസംഗികന്‍ എങ്കില്‍ ജോണ്‍ വിയാനി നല്ലൊരു പ്രാസംഗികനായിരുന്നു. വിദ്യാഭ്യാസമോ, കഴിവോ, അറിവോ ഇല്ലാത്ത തനിക്കറിയാവുന്ന ഏക കാര്യം കുമ്പസാരിപ്പിക്കുകയും പ്രായശ്ചിത്തമനുഷ്ഠിക്കുകയും ഭക്തിപൂര്‍വ്വം ദിവയബലിയര്‍പ്പിക്കുകയുമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

ഇടവകയില്‍ അത്ഭുതങ്ങള്‍ നടക്കുകയായിരുന്നു. വര്‍ഷങ്ങളായി ദേവാലയത്തില്‍ വരാതിരുന്നവര്‍ എത്തിച്ചേരുവാന്‍ തുടങ്ങി. കൊടും പാപികള്‍ പോലും മാനസാന്തരപ്പെട്ടു. എന്തു പറയണമെന്നറിയാതെ തിങ്ങിക്കൂടിയ ജനത്തെനോക്കി വിറച്ചുകൊണ്ട് വിയാനിയച്ചന്‍ പറയും - എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല. പക്ഷെ ഇന്ന് ഈ അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്യം എനിക്ക് അനുഭവമുണ്ട് - ദൈവം സ്‌നേഹമാണ്. വീണ്ടും അതുതന്നെ അദ്ദേഹം ആവര്‍ത്തിക്കും - മക്കളേ ദൈവം സ്‌നേഹമാണ്. ആ ദൈവത്തെ നിങ്ങള്‍ വേദനിപ്പിക്കരുത്. കുമ്പസാരക്കൂട്ടില്‍ പിന്നീട് ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍... ഫാദര്‍ വിയാനിയുടെ ഇടറിയ ശബ്ദം ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതിന്റെ അടയാളമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം ഒരു സ്‌കൂള്‍ ആരംഭിച്ചു. ധാരാളം കുട്ടികളെ അവര്‍ വിയാനിയച്ചന്റെ സ്‌കൂളിലേക്കയച്ചു. അവസാനം കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വിയാനി ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ചുകൊണ്ട് ഒരു ഹോസ്റ്റല്‍ തുടങ്ങി. സകലതിനും അത്ഭുതങ്ങളുടെ പരിവേഷമായിരുന്നു.അദ്ദേഹമല്ല ഇതൊന്നും ചെയ്യുന്നത്. അദ്ദേഹത്തിനുവേണ്ടി ദൈവം അതിശക്തമായി പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ സ്ഥാപിച്ച ഭവനത്തിന്റെ മേല്‍നോട്ടം വിയാനിക്ക് കൂടുതല്‍ കഴിവും അറിവുമുള്ള മറ്റ് വ്യക്തികള്‍ക്ക് കൈമാറേണ്ടതായി വന്നു. അത്രമേല്‍ ദൈവം അതിനെ വളര്‍ത്തിയിരുന്നു. സ്‌കൂളിന്റെ പരിമിതികളെക്കുറിച്ചുള്ള പരാതികള്‍ അധികാരികളുടെ കാതിലെത്തി. ഇരുപത് കുട്ടികളെ താമസിപ്പിക്കുവാന്‍ സൗകര്യമുള്ളിടത്ത് അറുപതോളം കുട്ടികള്‍. ഭക്ഷണകാര്യങ്ങളും താമസസൗകര്യങ്ങളും ഒന്നും നന്നായി ക്രമീകരിക്കുവാനാകുന്നില്ല. വിയാനിക്ക് അത് നടത്തിക്കൊണ്ട് പോകുവാനാവില്ലെന്ന് പറഞ്ഞ് അവര്‍ അദ്ദേഹത്തെ അതിന്റെ ചുമതലയില്‍ നിന്ന് മാറ്റി. എന്നാല്‍ അധികാരികളുടെ ആജ്ഞ വന്നപ്പോള്‍ രാവും പകലും താന്‍ എന്തിനൊക്കെ വേണ്ടി അദ്ധ്വാനിച്ചോ അതിനെ പൂര്‍ണമായും അദ്ദേഹം വിട്ടുകൊടുത്തു. പിന്നീടൊരിക്കലും അതിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്ന നിര്‍ദ്ദേശവും അദ്ദേഹം പൂര്‍ണമായും അനുസരിച്ചു.

നഗരത്തിലെ മദ്യഷാപ്പുകള്‍ക്കെതിരെയാണ് വിയാനി നിരന്തരമായ യുദ്ധം പ്രഖ്യാപിച്ചത്. മദ്യപാനികളെ മാനസാന്തരപ്പെടുത്തിക്കൊണ്ടായിരുന്നു യുദ്ധം. വിയാനിയച്ചന്‍ തന്റെ ഇടവകാജനത്തെ മദ്യപാനത്തിന്റെ ഭീകരതയെക്കുറിച്ചും പാപത്തിന്റെ അതികഠോരമായ ഫലങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തി. ദൈവത്തെ സ്‌നേഹിക്കുവാനും ദുശ്ശീലങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാനും അവര്‍ക്ക് ശക്തി ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പാപം ചെയ്യാതിരിക്കുവാന്‍ ആര്‍സിലെ ജനങ്ങളെ പ്രാപ്തരാക്കിയതോടു കൂടി ജനം മദ്യത്തെ ഉപേക്ഷിച്ചു ദൈവത്തെ മുറുകെപ്പിടിച്ചു. അവസാനം മദ്യഷാപ്പിലേക്ക് ആളുകള്‍ വരാതായതോടുകൂടി ഷാപ്പുകള്‍ പൂട്ടിത്തുടങ്ങി. വിയാനിയച്ചനെതിരെ അപവാദങ്ങളും പരാതികളും ഉയര്‍ന്നു. മെത്രാന്റെ സവിധത്തില്‍ വരെയെത്തി കാര്യങ്ങള്‍. ചിലര്‍ അദ്ദേഹത്തെ വധിക്കുവാന്‍ തക്കം പാര്‍ത്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ എന്നാണ് ആ അരക്ഷിതാവസ്ഥയുടെ നാളുകളെക്കുറിച്ച് വിയാനിയച്ചന്‍ പ്രതികരിച്ചത്. ആര്‍സിലേക്ക് വരുന്നതിന് മുന്‍പ് അവിടെ സഹിക്കേണ്ടിവരുന്നതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ അതോര്‍ത്ത് അപ്പോള്‍ തന്നെ മരിച്ചുവീഴുമായിരുന്നുവെന്നാണ് വിയാനിയച്ചന്റെ വാക്കുകള്‍. അത്രമേല്‍ രൂക്ഷമായിരുന്നു വേദനകള്‍. അപവാദങ്ങളും ഭീഷണികളും അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ആര്‍സില്‍ നിന്ന് രക്ഷപ്പെടണമെന്ന ചിന്തപോലും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായി. അത്രമേല്‍ കഠിനമായിരുന്നു അദ്ദേഹത്തിനേല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ എന്നാണ് അടുത്തറിയാവുന്നവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ തന്റെ പ്രാര്‍ത്ഥനയുടേയും പ്രായശ്ചിത്തത്തിന്റെയും പിന്‍ബലത്തില്‍ ഉയര്‍ത്തിയ ജപമാലയുമായി തിന്മയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് തളരാതെ അദ്ദേഹം അവിടെത്തന്നെ നിലകൊണ്ടു. തിന്മയുടെ ശക്തികള്‍ വിജയം നേടുന്നതിന് വിയാനിയുടെ ഒളിച്ചോട്ടം സഹായിക്കുമെന്ന് അദ്ദേഹത്തെ പലരും ആ നാളുകളില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. അവസാനം വ്യക്തികളും സാഹചര്യങ്ങളുമാകുന്ന തന്റെ ആയുധങ്ങള്‍ക്ക് വിയാനിയെ ഭയപ്പെടുത്താനോ നിരുത്സാഹപ്പെടുത്തുവാനോ സാധ്യമല്ലെന്നുകണ്ട പിശാച് നേരിട്ട് പ്രത്യക്ഷനായി വിയാനിയെ ശല്യപ്പെടുത്തുവാന്‍ തുടങ്ങി. ആര്‍സ് പ്രഖ്യാതമായപ്പോള്‍ പല വൈദികരെയും അവിടേക്ക് അധികാരികള്‍ അയച്ചിരുന്നു. ഒരു ദിവസം അടുത്ത മുറിയില്‍ താമസിച്ചിരുന്ന വൈദികന്‍ വിയാനിയുടെ കിടപ്പുമുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടു. പിറ്റേദിവസം ചോദിച്ചപ്പോള്‍ വിയാനി പറഞ്ഞു - ഈ ഇടവകയില്‍ ഉണ്ടാകുന്ന നന്മയില്‍ കോപിഷ്ഠനായ പിശാചാണത്. അപ്പോള്‍ ചില വൈദികര്‍ വിയാനിയുടെ തലയ്ക്കുള്ളിലൂടെ ഓടുന്ന എലികളാണ് ശബ്ദമുണ്ടാക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹത്തെ കളിയാക്കുമായിരുന്നു. എന്റെ തലയക്കുള്ളിലാണെങ്കില്‍ പിന്നെ നിങ്ങളെങ്ങനെയാണ് ആ ശബ്ദം കേട്ടത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഒരു ദിവസം ഭയാനകമായ സ്വരം വിയാനിയുടെ മുറിയില്‍ നിന്നുയര്‍ന്നു. വൈദികരെല്ലാം അവിടേക്കോടി. വിയാനിയച്ചന്റെ കട്ടില്‍ തീയില്‍ കത്തുകയാണ്. എല്ലാവരും കൂടി വിയാനിയച്ചനെ വിളിച്ചുണര്‍ത്തി. തങ്ങളുടെ തെറ്റിന് മാപ്പപേക്ഷിച്ചു. വിയാനിയച്ചന്‍ പറഞ്ഞു - ''ഞാന്‍ നിങ്ങളോട് പറയുന്നതല്ലേ. തിന്മയുടെ ഏതാക്രമണത്തെയും നേരിടാന്‍ നിങ്ങള്‍ യുദ്ധസജ്ജരായിരിക്കണം. ഈ സഹനത്തിലൂടെ നാളെ നമുക്ക് വലിയ നേട്ടങ്ങള്‍ക്കുള്ള വകുപ്പായി''. പിറ്റേദിവസം പ്രഭാതം മുതല്‍ വൈകുന്നേരം വരെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ സന്ധ്യയായപ്പോള്‍ വര്‍ഷങ്ങളായി കുമ്പസാരിച്ചിട്ടില്ലാത്ത ഒരു ദുഷ്ടനായ മനുഷ്യന്‍ എനിക്ക് വിയാനിയച്ചന്റെ അടുക്കല്‍ കുമ്പസാരിക്കണമെന്ന് പറഞ്ഞ് അവിടെയെത്തി. എല്ലാവര്‍ക്കും ബോധ്യമായി തങ്ങളുടെ കൂട്ടുകാരന്‍ ഒരു വിശുദ്ധന്‍ തന്നെ. അനുദിനം സ്വന്തം കുരിശുമെടുത്ത് തന്റെ ദിവ്യനാഥന്റെ പിന്നാലെ വിയാനിയച്ചന്‍ നടന്നു.

ഈശോയുടെ തിരുശരീരത്തിന്റെ തിരുനാള്‍ ദിവസം ജനങ്ങളെകൂട്ടി നടത്തയിരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണമായിരുന്നു അതില്‍ ഏറ്റവും അനുഗ്രഹപ്രദമായത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ആര്‍സിലേക്ക് പ്രവഹിക്കുവാന്‍ തുടങ്ങിയ നാളുകള്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായി മാറിയത് ഈ പാവപ്പെട്ട വൈദികന്റെ ഇടവകയായിരുന്നു. വര്‍ഷങ്ങളോളമുള്ള അദ്ദേഹത്തിന്റെ കഠിനമായ ജീവിതമാണ് ഇതിനെല്ലാം വഴി തെളിച്ചത്. എന്നാല്‍ താന്‍ ഒന്നുമല്ലെന്നും ദൈവം പ്രവൃത്തിക്കുന്ന അത്ഭുതങ്ങളാണെന്നും അദ്ദേഹം എല്ലായ്‌പ്പോഴും വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുമായിരുന്നു. പരിശുദ്ധ ദൈവമാതാവിനെയും മറ്റു വിശുദ്ധരെയും ചൂണ്ടിക്കാണിച്ച് തന്റെ ഇടവകയില്‍ നടക്കുന്ന സകല അത്ഭുതങ്ങളും അവരുടെ മാദ്ധ്യസ്ഥതയിലൂടെ സംഭവിക്കുന്നതാണെന്നും അവരോട് അടുത്ത ബന്ധം സ്ഥാപിക്കണമെന്നും എല്ലാവരെയും പഠിപ്പിക്കുമായിരുന്നു. ഞാന്‍ ഈ ലോകത്തിലേക്ക് വന്നത് ദൈവത്തെ നല്‍കുവാനാണ്. അവിടുത്തേക്ക് എല്ലാം സാധ്യമാണ്. നമ്മുടെ ആത്മാക്കള്‍ ദൈവത്തോടൊപ്പമായിരിക്കണം. ഈ ലോകത്തിലും പരലോകത്തിലും - ഇതായിരുന്നു ജോണ്‍ വിയാനിയുടെ ജീവിത വിജയത്തിന്റെ രഹസ്യം. അടുത്തുള്ള ഇടവകകളിലെ വൈദികര്‍ക്ക് തങ്ങളുടെ ഇടവകജനം ആര്‍സിലേക്ക് കുര്‍ബാനയ്ക്കും കുമ്പസാരത്തിനുമായി പോകുന്നത് സഹിക്കുവാന്‍ സാധിക്കുമായിരുന്നില്ല. പലരും ഇതിനെതിരെ വളരെ കഠിനമായ നിയമങ്ങളുണ്ടാക്കുകയും അള്‍ത്താരയില്‍ പ്രസംഗിക്കുകയും ചെയ്തു. വിയാനിയച്ചനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തുകളുമെത്തി. അതിലൊന്നില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

'ഫാ. വിയാനി, അങ്ങയെപ്പോലെ വളരെ കുറച്ച് ദൈവശാസ്ത്രമെ ഞങ്ങള്‍ക്ക് അറിയുള്ളുവെങ്കില്‍, ഞങ്ങള്‍ ഒരിക്കലും കുമ്പസാരിപ്പിക്കാന്‍ മെനക്കെടുമായിരുന്നില്ല'. വിയാനിയച്ചന്‍ വളരെ സ്‌നേഹത്തോടെ ഈ കത്തിന് മറുപടിയെഴുതി - 'എന്നെ ഇത്ര നന്നായറിയാവുന്ന അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. വളരെ നാളുകളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇവിടെനിന്നും മാറ്റം ലഭിക്കണമെന്നത്. പക്ഷെ ഒട്ടും കഴിവും വിവരവുമില്ലാത്ത, ദൈവശാസ്ത്രത്തിന്റെ ബാല പാഠങ്ങള്‍ പോലും അറിയില്ലാത്ത, അയോഗ്യനായ എന്നെ ഇരുത്തുവാന്‍ പറ്റിയ മറ്റൊരു ഇടവകയില്ല. എന്റെ പാപത്തെക്കുറിച്ചോര്‍ത്ത് കരയുവാന്‍ പാകത്തിന് എന്നെ അധികാരികള്‍ എവിടെയെങ്കിലും ഒരു കോണില്‍ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. എനിക്ക് ധാരാളം പ്രായശ്ചിത്തം ചെയ്യേണ്ടതായുണ്ട്. കണ്ണുനീരൊഴുക്കേണ്ടതായുണ്ട് - എന്റെ പാപങ്ങളെയും കുറവുകളെയും പ്രതി. വൈദികനാകുവാന്‍ പോലും യോഗ്യതയില്ലാത്ത ഒരു നീചനായ പാപിയാണു ഞാന്‍..' കണ്ണുനീരോടെയുള്ള ഇത്തരം മറുപടികള്‍ എതിരാളികളുടെ ആരോപണങ്ങളുട മുനയൊടിക്കുവാന്‍ തക്ക ശക്തിയുള്ളതായിരുന്നു. വിയാനിയച്ചന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്ന ജനങ്ങളെക്കൊണ്ട് ആര്‍സ് നിറഞ്ഞു. വളരെ ഗുരുതരമായ പാപങ്ങള്‍ ഏറ്റുപറയുവാന്‍ വരുന്ന മനുഷ്യരോട് എന്തു പറയണമെന്നും ഉപദേശിക്കേണ്ടതെങ്ങനെയെന്നും അറിയുവാന്‍ അദ്ദേഹം മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതിന് ശേഷമാണ് കുമ്പസാരക്കൂട്ടിലേക്ക് പ്രവേശിക്കുക. പാപത്തിന്റെ നിയമവശങ്ങളെക്കാള്‍ കുമ്പസാരിക്കുവാനെത്തുന്നവര്‍ പൊട്ടിക്കരയുന്ന കാഴ്ചയാവും പിന്നീട് കൂടിനില്‍ക്കുന്നവര്‍ കാണുന്നത്. തുടര്‍ച്ചയായി ഏഴുമണിക്കൂറെങ്കിലും അദ്ദേഹം കുമ്പസാരക്കൂട്ടിലുണ്ടാവും. പിന്നീട് വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി മാത്രമാണ് അദ്ദേഹം അവിടെനിന്നും പോവുക. ഇതിനുരണ്ടിനും നടുവില്‍ ജനങ്ങളോട് ദേവാലയത്തിലിരുന്ന് ജപമാല ചൊല്ലുവാന്‍ അദ്ദേഹം ആവശ്യപ്പെടും. കുര്‍ബാനയ്ക്കുശേഷം അഞ്ചുമിനിട്ട് എന്തെങ്കിലും കഴിച്ചുവെന്നുവരുത്താന്‍ മാത്രം ഭക്ഷണത്തിനായി പോകും. പിന്നെ വീണ്ടും കുമ്പസാരക്കൂടിലെത്തുകയായി. തനിക്ക് സാധ്യമായ എല്ലാക്കാര്യങ്ങളും വഴി ആത്മാക്കളെ സ്വര്‍ഗത്തിലെത്തിക്കുവാന്‍ അദ്ദേഹം അതീവതല്പരനായിരുന്നു. പതിമൂന്നും പതിനാലും മണിക്കൂറുകള്‍ അദ്ദേഹം കുമ്പസാരക്കൂട്ടിലായിരുന്നു.

കിടപ്പുമുറി പരിശോധിച്ച ഒരു വൈദികന്‍ കണെ്ടത്തിയത് പീഡനോപകരണങ്ങളും ദൈവശാസ്ത്ര സംബന്ധമായ ചില പുസ്തകങ്ങളും മാത്രമാണ്. മുപ്പത് വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ഈ ദിനചര്യയില്‍ മാറ്റം വരുത്തിയില്ല. രോഗിയായി അനങ്ങാന്‍ വയ്യാതായ ചില അവസരങ്ങളിലൊഴികെ. ഒരിക്കല്‍ പോലും ഈ കഠിനമായ ചിട്ടകളിലും സമയക്രമത്തിലും അദ്ദേഹത്തിന്റെ മനം മടുത്തതായി കണ്ടിട്ടില്ല. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള വിയാനിയച്ചന്റെ തീഷ്ണത അത്രമേല്‍ ആഴമുള്ളതായിരുന്നു. ദൈവം അവരെ രക്ഷിക്കുമെന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. പാപങ്ങള്‍ ക്ഷമിക്കുന്ന നല്ലവനായ ദൈവം നിങ്ങളുടെ ജീവതത്തെയും അനുഗ്രഹിക്കും - അത്രമാത്രം പറയുവാനേ പലപ്പോഴും അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ. ലോകത്തിന്റെ അറിവിനെ അതിശയിക്കുന്ന ദൈവത്തിന്റെ ജ്ഞാനം അവിടുന്ന് അദ്ദേഹത്തിന് നല്‍കി. ആര്‍സിലെ പ്രവാചകശബ്ദമായിരുന്നു വിയാനി. ദൈവം പറയുന്നതെന്തെന്ന് ജനത്തോട് പ്രഘോഷിക്കുവാന്‍ നിയോഗിക്കപ്പെട്ട വ്യക്തി. ഒരു മനുഷ്യന്‍ കുമ്പസാരിക്കാനെത്തിയെപ്പോള്‍ വിയാനിയച്ചന്‍ ചോദിച്ചു - എത്രവര്‍ഷമായി കുമ്പസാരിച്ചിട്ട്... അദ്ദേഹം പറഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍... വിയാനിയച്ചന്റെ മറുപടിയിതായിരുന്നു. അത് തെറ്റാണ്, നീ കുമ്പസാരിച്ചിട്ട് മുപ്പത്തിമൂന്നുവര്‍ഷങ്ങളായിരിക്കുന്നു. ഇരുപത് മിനിട്ടു നീണ്ട കുമ്പസാരത്തിലൂടെ ആ മനുഷ്യന്‍ വലിയ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും കടന്നുവന്നു. പാപങ്ങള്‍ മറന്നുപോയാല്‍ വിയാനിയച്ചന്‍ അതവരെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി കുമ്പസാരിക്കുവാനായി എത്തി. മന്ത്രവാദിയുടെ പക്കല്‍ സ്ഥിരമായി പോകുന്ന വ്യക്തിയായിരുന്നു അവള്‍. കുമ്പസാരം കഴിഞ്ഞപ്പോള്‍ വിയാനിയച്ചന്‍ അവളോട് പറഞ്ഞു - എന്റെ കുഞ്ഞേ, നീയൊളിപ്പിച്ചുവച്ചിരിക്കുന്ന മന്ത്രത്തകിടിനെക്കുറിച്ച് എന്നോട് പറയാത്തതെന്തേ? ഇതുകേട്ട് പെണ്‍കുട്ടി വേഗം വീട്ടിലെത്തി ആ മന്ത്രത്തകിട് നശിപ്പിച്ചുകളഞ്ഞു.

ഒരിക്കല്‍ ഒരു മധ്യവയസ്‌കനായ മനുഷ്യന്‍ വിയാനിയച്ചന്റെ അടുക്കല്‍ തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് എത്തുകയുണ്ടായി. അദ്ദേഹം ആ മനുഷ്യനെ കുമ്പസാരക്കൂട്ടിലേക്കാനയിക്കുകയാണുണ്ടായത്. അദ്ദേഹം കുമ്പസാരിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. പാപം മോചിക്കുന്ന നിമിഷത്തില്‍ അദ്ദേഹത്തിന്റെ രോഗിയായിരുന്ന കുട്ടി അത്ഭുതകരമായി സുഖം പ്രാപിച്ചു. അനേകം രോഗികളും ഇവിടെ സുഖം പ്രാപിച്ചിട്ടുണ്ട്. ആത്മീയമായും ശാരീരികമായും സൗഖ്യം പ്രാപിച്ചതിനുശേഷമാവും എല്ലാവരും അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് മടങ്ങുക. കാലങ്ങള്‍ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അസാധാരണമാം വിധം ജ്ഞാനത്താല്‍ നിറഞ്ഞതും ഹൃദയസ്പര്‍ശിയുമായിരുന്നു. ദൈവത്തിന്റെ മുഖത്ത് നിന്നുവരുന്ന ജ്ഞാനം അദ്ദേഹം ദിവ്യകാരുണ്യത്തെ നോക്കി സ്വന്തമാക്കി. ഒരിക്കല്‍ കുറെ പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി തങ്ങളുടെ കൈവശമുള്ള റോസാപൂക്കള്‍ ആശീര്‍വദിച്ചുതരണമെന്നാവശ്യപ്പെട്ടു. എല്ലാവര്‍ക്കും അത് തികയില്ലെന്നും അവര്‍ പറഞ്ഞു. വിയാനിയച്ചന്‍ ആശീര്‍വദിച്ച് നല്‍കിയ പൂക്കള്‍ പതിന്മടങ്ങായി വര്‍ദ്ധിച്ചു. അനേകം കുടുംബങ്ങളിലെ കുട്ടികള്‍ക്കാവശ്യമായ പൂക്കളായി അവ മാറിയിരുന്നു. അത്ഭുതം നടക്കുമ്പോഴെല്ലാം ദൈവത്തിലേക്കും വിശുദ്ധരിലേക്കും വിയാനിയച്ചന്‍ വിരല്‍ ചൂണ്ടും. അങ്ങനെ ചൂണ്ടിക്കാണിക്കുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു വിശുദ്ധയായിരുന്നു വിശുദ്ധ ഫിലോമിന. ഞാനൊരു പാവപ്പെട്ട വൈദികനാണ് വിശുദ്ധ ഫിലോമിനയാണ് എല്ലാ അത്ഭുതങ്ങളുടേയും കാരണം. അങ്ങനെയാണ് ആര്‍സ് വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായിത്തീര്‍ന്നതുതന്നെ. ഞാന്‍ ചോദിച്ച ഒരു കാര്യവും വിശുദ്ധ ഫിലോമിന എനിക്ക് സാധിച്ച് തരാതിരുന്നിട്ടില്ലെന്ന് വിയാനിയച്ചന്‍ പറയുമായിരുന്നു.

ജോണ്‍ മരിയ വിയാനി അനുദിനം വിശുദ്ധിയില്‍ വളര്‍ന്നത് തന്നെയായിരുന്ന സ്വര്‍ഗം ആര്‍സില്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ അത്ഭുതം. സഭയെ സ്‌നേഹിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ജനങ്ങള്‍ ആര്‍സിലെ അത്ഭുതമായി ക്കണ്ടത്. ദിവ്യകാരുണ്യനാഥന്റെ മുഖം കാണുമ്പോള്‍ വിയാനി പശ്ചാത്താപവിവശനായി പൊട്ടികരയുമായിരുന്നു. ദൈവത്തെ കരങ്ങളിലെടുക്കുവാനും മറ്റുള്ളവര്‍ക്ക് നല്‍കുവാനും തനിക്കെന്ത് യോഗ്യതയാണുള്ളത്. ഇതെന്റെ ശരീരമാകുന്നു എന്നു പറയുമ്പോള്‍ യേശുവിനെ നേരിട്ട് കണ്ട പ്രതീതിയായിരുന്നു ആ മുഖത്ത്. കാല്‍വരിയിലെ യേശുവിന്റെ പീഡാസഹനവും കുരിശുമരണവും കണ്ടുനില്‍ക്കേണ്ടി വരുന്ന വ്യക്തിയുടെ മുഖഭാവത്തോടെയാണ് അദ്ദേഹം വിശുദ്ധ ബലിയര്‍പ്പിച്ചിരുന്നത്. പക്ഷെ ഈ ജീവിക്കുന്ന വിശ്വാസം ജനങ്ങളിലേക്കും പടര്‍ന്നതോടുകൂടിയാണ് ആര്‍സ് അത്ഭുത പ്രവര്‍ത്തനങ്ങളുടെ ഇടവകയായി മാറിയത് എന്ന് നാം തിരിച്ചറിയണം. ജീവനുള്ള ഒരു വിശ്വാസത്തിന് മാത്രമെ ജനങ്ങളുടെ വിശ്വാസത്തെ ജീവനുള്ളതാക്കിമാറ്റുവാന്‍ സാധിക്കൂ. വിശുദ്ധ ജോണ്‍ വിയാനിക്ക് പലപ്പോഴും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുമായിരുന്നു. ഇതിനെക്കുറിച്ചുള്ള അറിവുകള്‍ നമുക്ക് ലഭിക്കുന്നത് വിയാനിയച്ചനില്‍ നിന്നല്ല. മറിച്ച് ദൃക്‌സാക്ഷികളില്‍ നിന്നാണ്. വിയാനിയച്ചന്‍ പരിശുദ്ധ അമ്മയുമായി സംസാരിക്കുന്നത് താന്‍ കണ്ടുവെന്ന് ഒരു വ്യക്തി നാമകരണനടപടികള്‍ക്കിടയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1840 മെയ്മാസം എട്ടാം തിയതി ദോയെ എന്നു പേരുള്ള ഒരു സ്ത്രീ അവിടെ ജോലിക്കെത്തിയതായിരുന്നു. അന്ന് വിയാനിയച്ചന്റെ മുറിയില്‍ നിന്ന് അവള്‍ ഒരു സംസാരം കേള്‍ക്കുകയുണ്ടായി. അടുത്തു ശ്രദ്ധിച്ചപ്പോള്‍ വിയാനിയച്ചന്‍ പതുങ്ങിയ സ്വരത്തില്‍ ഇപ്രകാരം പറയുന്നത് അവള്‍ കേട്ടു - അമ്മേ, ആത്മാക്കളുടെ മാനസാന്തരമാണ് ഞാന്‍ ചോദിക്കുന്നത്. സഹനങ്ങള്‍ എത്ര മാത്രം ഉണ്ടായാലും തനിക്ക് പരാതിയില്ലെന്നും രോഗികള്‍ക്കും പാപികള്‍ക്കും അശരണര്‍ക്കും വേണ്ടി താന്‍ മരിക്കാന്‍ പോലും തയ്യാറാണെന്നും വിയാനിയച്ചന്‍ അമ്മയോട് ആവര്‍ത്തിച്ച് പറയുന്നു. പ്രത്യേകമായി മരണാസന്നയായ ഒരു സ്ത്രീയുടെ രോഗസൗഖ്യത്തിനുവേണ്ടി അദ്ദേഹം വാദിക്കുകയായിരുന്നു. മറുപടിയായി ഒരു സ്ത്രീശബ്ദം - അവള്‍ സുഖം പ്രാപിക്കും. പെട്ടന്ന് ഇതു കേട്ടുകൊണ്ടിരുന്ന സ്ത്രീ വിയാനിയച്ചന്റെ മുറിയിലേക്കു നോക്കി. അതാ തേജോമയയായ ഒരു സ്ത്രീ വിയാനിയച്ചന്റെ മുന്‍പില്‍ നില്‍ക്കുന്നു. ആ യുവതി തന്നെയും സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകണമെന്ന് പരിശുദ്ധ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമ്മയുടെ മനോഹരരൂപം മറഞ്ഞുപോയി. പ്രാര്‍ത്ഥനയില്‍ നിമഗ്നനായിരുന്ന വിയാനിയച്ചനോട് താന്‍ പരിശുദ്ധ അമ്മയെ കണ്ടുവെന്ന് അവള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു - ഞാനും കണ്ടു. എന്നാല്‍ നീയിത് ആരോടും പറയരുത്. പിന്നീട് ആഗസ്റ്റ് മാസത്തില്‍ വിയാനിയച്ചന്‍ പരിശുദ്ധ അമ്മയുടെ പക്കല്‍ വാദിച്ച ആ ക്യാന്‍സര്‍ രോഗി സുഖം പ്രാപിക്കുകയുണ്ടായി. ദൈവത്തെ സ്‌നേഹിക്കുന്നതിനും മറ്റുള്ളവരെ ദൈവസ്‌നേഹത്തിലേക്കാനയിക്കുന്നതിനും വേണ്ടി മാത്രമാണ് ജോണ്‍ വിയാനി ജീവിച്ചത്. അദ്ദേഹം ദൈവജനത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച നല്ല ഇടയനായിരുന്നു. പാപികളാണ് യേശുവിനെ വേദനിപ്പിക്കുന്നത് - പാപം ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് വിയാനിയച്ചന്‍ ഈ ലോകത്തോട് വിടപറയുന്നത് തന്നെ. അവസാനം വിയാനിയച്ചന്‍ മരണക്കിടക്കയിലാണ്. കുമ്പസാരക്കൂട്ടില്‍ എരിഞ്ഞടങ്ങിയ രക്തസാക്ഷിയാണ് വിയാനിയച്ചന്‍. ലോകത്തോട് വിടപറഞ്ഞ് തിന്മയോട് യുദ്ധം പ്രഖ്യാപിച്ച ആര്‍സിലെ പ്രവാചകന്‍. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട തന്റെ ജീവിതം അര്‍ത്ഥപൂര്‍ണമായി ചിലവഴിച്ചതിനുശേഷം അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. ദൈവത്തോടും ഒപ്പമായിരിക്കുവാന്‍.

അവസാനം ദിവ്യകാരുണ്യസ്വീകരണസമയത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു - ഈശോയെ അങ്ങയുടെ ശരീരത്തെ ഇപ്രകാരം എനിക്കിനി സ്വീകരിക്കാനാവില്ലല്ലോ. ദൈവം എത്രയോ നല്ലവനാണ്. അവിടുത്തെ കാണുവാന്‍ പോകാന്‍ നമുക്കാവില്ല. എന്നാല്‍ അവിടുന്ന് നമ്മുടെ അടുക്കലേക്ക് വരുന്നു. കുമ്പസാരക്കാരന്റെ അവസാന ആശീര്‍വാദം സ്വീകരിക്കുന്ന സമയം വിയാനിയച്ചന്‍ നിശബ്ദനായി ഈ ലോകത്തോട് വിടപറഞ്ഞു. കുമ്പസാരക്കൂട്ടില്‍ അനേകരുടെ പാപം മോചിക്കുവാന്‍ ഉയര്‍ത്തിയ ആ കരങ്ങള്‍ക്ക് നല്‍കിയ ഭാഗ്യമായിരിക്കണം അത്. പാപമോചനത്തിനായി ഉയര്‍ത്തുന്ന കരങ്ങള്‍ അവസാനമായി കണ്ടുകൊണ്ട് ഈ ലോകത്തോട് വിടപറയുന്നതിനുള്ള മഹാഭാഗ്യം. കാത്തുനിന്ന മാലാഖമാര്‍ അദ്ദേഹത്തെ സ്വര്‍ഗത്തില്‍ സ്വീകരിച്ചു. ധാരാളം തീര്‍ത്ഥാടകര്‍ വിയാനിയച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തി. ആര്‍സ് നഗരം കണ്ണുനീരില്‍ കുതിര്‍ന്നു. ആഗസ്റ്റ് പതിനാലിന് ആത്മാവ് വേര്‍പെട്ടെങ്കിലും ആ ശരീരം ഇന്നും കേടുകൂടാതെ ആര്‍സ് നഗരത്തിലുണ്ട്. ശരീരത്തിന്റെ എല്ലാ വാസനകളെയും ഉപേക്ഷിച്ച ആ ശരീരത്തെ തൊടുവാന്‍ പുഴുക്കളും കൃമികളും പോലും ധൈര്യപ്പെട്ടിട്ടില്ല. ദൈവത്തെ മഹത്വപ്പെടുത്തിയ ആ ജീവിതത്തെ ദൈവവും മഹത്വപ്പെടുത്തി. 1925 മെയ്മാസം 31-ാം തിയതി മരണത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിശുദ്ധ പിതാവ് പീയൂസ് പതിനൊന്നാമന്‍ പാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ഫ്രാന്‍സിന് ഒരു പുതിയ വിശുദ്ധന്‍. ഇടവകവൈദികര്‍ക്ക് ഒരു മദ്ധ്യസ്ഥന്‍. അനുഗമിക്കാന്‍ ഏറ്റവും എളുപ്പമുള്ള വിശുദ്ധന്‍, എന്നാല്‍ ജീവിക്കാന്‍ ഏറ്റവും വിഷമമുള്ളതും.വിശുദ്ധരാകുക എന്നാല്‍ ജീവിതം മുഴുവന്‍ യേശുവിനെ നോക്കി ജീവിക്കുക എന്നാണ് അര്‍ത്ഥം. നമ്മുടെ നോട്ടം തെറ്റിയാല്‍ നാം വീണുപോകും. ഈശോയോടുള്ള സ്‌നേഹം സകല പാപത്തില്‍ നിന്നും നമുക്ക് മോചനം നല്‍കും. ആ സ്‌നേഹം മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കും. വിശുദ്ധിയുടെ അടയാളവും ലക്ഷ്യവും ദൈവത്തോടുള്ള അപരിമേയമായ സ്‌നേഹമാണ്.