വിശുദ്ധ (പാദുവ) അന്തോണീസിന്റെ ഓര്‍മ്മത്തിരുന്നാള്‍ : ജൂണ്‍ 13
ജനനം : 15 ആഗസ്റ്റ് 1195, Lisbon
മരണം : 1231 ജൂണ്‍ 13, Padua
വിശുദ്ധനായി പ്രഖ്യാപിച്ചത് : 30 May 1232, Pope Gregory IX
പോര്‍ട്ടുഗലിലെ ലിസ്ബണ്‍ പട്ടണത്തില്‍ മാര്‍ട്ടിന്‍-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു. പ്രഭുകുടുംബത്തിലെ അംഗമായ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെര്‍ണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തില്‍തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമ്മര്‍പ്പിച്ചിരുന്നു. എന്തെങ്കിലും കാര്യത്തിന് ഫെര്‍ണാണ്ടോ കരയുമ്പോള്‍ മാതാവിന്റെ സ്വരൂപം കാണിച്ചാല്‍ അവന്‍ കരച്ചില്‍ നിര്‍ത്തുമായിരുന്നു. വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ ആ ബാലന്‍ വേഗം സ്വന്തമാക്കി. സ്‌കൂളില്‍വച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെര്‍ണാണ്ടോ പഠിച്ചു. ബുദ്ധിശാലിയായ അവന് നല്ല ഓര്‍മ്മശക്തിയും ഉണ്ടായിരുന്നു. അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തതിനാല്‍ വിശ്വാസത്തില്‍ കൂടുതലായി ആഴപ്പെടാന്‍ ഫെര്‍ണാണ്ടോയ്ക്ക് സാധിച്ചു.
ദൈവവിളിയുടെ ഭാഗമായി ഫെര്‍ണാണ്ടോ അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. 1210-ല്‍ സെന്റ് വിന്‍സെന്റ് ആശ്രമത്തില്‍ ചേര്‍ന്നു. ഫ്രാന്‍സിസ്‌കന്‍ സഭയുടെ ലളിതജീവിതവും സുവിശേഷപ്രഘോഷണത്വരയും അന്തോണിസിനെ ആകര്‍ഷിച്ചു. കൂടാതെ മൊറോക്കോയില്‍ വച്ച് രക്തസാക്ഷികളായ ഫ്രാന്‍സിസ്‌കന്‍ സഹോദരങ്ങളെപ്പറ്റി കേട്ടപ്പോള്‍ മൊറോക്കോയില്‍ പോയി കര്‍ത്താവിനായി രക്തസാക്ഷിത്വം വഹിക്കാന്‍ ആ ഹൃദയം തുടിച്ചു. ആ ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ല്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതന്‍ എന്ന നിലയില്‍ ബൊളോഞ്ഞാ മോണ്ട് വെല്ലിയര്‍, പാദുവ എന്നീ വിദ്യാപീഠങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയില്‍ ഇറ്റലിയില്‍ ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. വചനപ്രഘോഷണത്തില്‍ വളരെ സാമര്‍ത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ്. വിശുദ്ധ ഫ്രാന്‍സിസ് അന്തോണിയെ ഇതിനാല്‍ അഭിനന്ദിച്ചിട്ടുണ്ട്. വിവിധഭാഷകളില്‍ അന്തോണി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.
പാദുവാ നഗരത്തിന്റെ നാമത്തോട് ചേര്‍ന്നാണ് അന്തോണീസ് അറിയപ്പെടുന്നത്. 1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത്. പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത്. കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ മേധാവിയായിരുന്ന ഏലിയാസ് അക്കാലത്ത് ആവിഷ്‌ക്കരിച്ച, വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ശക്തമായി ഇദ്ദേഹം നിലകൊണ്ടു. 1231 ജൂണ്‍ 13-ന് പാദുവായ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്യാസിമഠത്തില്‍വച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടര്‍ന്ന് പാദുവായിലെ വിശുദ്ധ അന്തോണീയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. അടുത്ത വര്‍ഷം ഗ്രിഗറി കത മാര്‍പാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കപ്പെട്ട രണ്ടാമത്തെ വിശുദ്ധീകരണപ്രക്രിയ ആയിരുന്നു വിശുദ്ധന്റേത്.
ജൂണ്‍ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ആത്മീയമൂല്യങ്ങള്‍ പരഗണിച്ചു 1946 ജനുവരി 16-ന് ഢകക-ാം പിയൂസ് മാര്‍പാപ്പ അന്തോണിയോസിനെ ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച് ആയി പ്രഖ്യാപിക്കുകയും ''തിരുസഭാ പണ്ഡിതന്‍'' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വിശുദ്ധന്റെ മാധ്യസ്ഥം വഴി കര്‍ത്താവ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ലോകമെമ്പാടും വിശുദ്ധനെ വണങ്ങാന്‍ ഇടയാക്കി. നഷ്ടപ്പെട്ട വസ്തുക്കളെയും മനുഷ്യരെയും വീണ്ടെടുക്കാന്‍ നമ്മള്‍ അന്തോണീസിന്റെ പ്രത്യേക മാധ്യസ്ഥം തേടുന്നു.
പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു. എന്നാല്‍, അന്തോണിസിന്റെമാദ്ധ്യസ്ഥം വഴി നമ്മുടെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍നിന്ന് നേടിയെടുത്ത് മടങ്ങുമ്പോള്‍ നാം മറക്കുന്നത് വിശുദ്ധന്റെ മാതൃകയാക്കേണ്ട ജീവിതത്തെയാണ്. സുഖലോലുപതയില്‍ മുഴുകി ജീവിതകാലം തീര്‍ക്കാമായിരുന്നു അന്തോണിസിന്. പക്ഷെ, തിരഞ്ഞെടുത്തതോ യേശുവിന്റെ സഹനത്തിന്റെ പാത. രക്തസാക്ഷിയാകാന്‍ കൊതിച്ചു. എങ്കിലും അന്തോണീസില്‍ ദൈവപദ്ധതി മറ്റൊന്നായിരുന്നു. വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നതിനൊപ്പം അന്തോണീസിന്റെ ജീവിതത്തിലെ ഒരംശം നമ്മുടെ ജീവിതത്തിലേക്കും ഇനി മുതല്‍ പകര്‍ത്താം.
വിശുദ്ധ അന്തോനീേസ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ