റോമന്‍ കത്തോലിക്കാസഭ ആംഗ്ലിക്കന്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭ, ഈസ്റ്റേണ്‍  കാത്തലിക്ക് ചര്‍ച്ച് തുടങ്ങി ലോകം മുഴുവന്‍ വണങ്ങപ്പെടുന്ന വി.ഗീവര്‍ഗ്ഗീസ് സഹദാ, എടത്വായിലെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് എടത്വാപള്ളിയിലെ പുണ്യവാനാണ്. ഇംഗ്ലണ്ട്, എത്യോപ്യാ, ജോര്‍ജ്ജിയ , ഗ്രീസ്, പാലസ്തീന്‍  പോര്‍ട്ടുഗീസ് തുടങ്ങിയ നഗരങ്ങളുടെ സംരക്ഷകനുമാണ് വി.ഗീവര്‍ഗ്ഗീസ്.

എ.ഡി. 275 നും 285 നും മദ്ധ്യേ പാലസ്തീനായിലെ ലിദിയായില്‍ ജനിച്ച വിശുദ്ധന്റെ പിതാവ് ജോര്‍ഡിസ് റോമന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു. മാതാവ് പോളി കോര്‍ത്തിയ പാലസ്തീനാക്കാരിയും ഉന്നത ക്രൈസ്തവ പാരമ്പര്യമുള്ള കുടുംബവുമായിരുന്നതിനാല്‍ തങ്ങളുടെ ഏകമകനെ ഉറച്ച വിശ്വാസപാരമ്പര്യത്തിലാണ് അവര്‍ വളര്‍ത്തിയത്. എന്നാല്‍ 14-ാം വയസ്സില്‍ പിതാവിനെയും താമസിയാതെ മാതാവിനെയും നഷ്ടപ്പെട്ട ജോര്‍ജ്ജ് പിതാവിന്റെ സൈനികസേവനം തുടരുവാന്‍ തീരുമാനിച്ചു. 20-ാമത്തെ വയസ്സില്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷക സൈന്യത്തിന്റെ ലീഡറായി ( ട്രിബ്യൂണസ്)  തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് ചക്രവര്‍ത്തിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.

അന്യദേവന്മാര്‍ക്കു ധൂപാര്‍പ്പണം നടത്തുവാനും ബലിയര്‍പ്പിക്കുവാനും  ചക്രവര്‍ത്തി നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ക്രിസ്തുവിനെയല്ലാതെ മറ്റാരേയും  ആരാധിക്കില്ലെന്ന് വിശുദ്ധന്‍ തറപ്പിച്ചു പറഞ്ഞു. സമ്പത്തും, വസ്തുക്കളും, അംഗീകാരങ്ങളും നല്‍കി വിശുദ്ധനെ പ്രീണിപ്പിക്കാന്‍ ചക്രവര്‍ത്തി ശ്രമിച്ചു.  പരാജയപ്പെട്ടപ്പോള്‍ ജോര്‍ജ്ജിനെ വധിക്കുവാന്‍ തീരുമാനിച്ചു. തന്റെ സമ്പത്തു പാവങ്ങള്‍ക്കു നല്‍കി വിശുദ്ധന്‍ മരണത്തിനു തയ്യാറായി. പലതരത്തിലുള്ള പീഡനങ്ങള്‍ക്കുശേഷം അനേകം വാളുകള്‍ ചേര്‍ത്ത ചക്രത്തേല്‍ കറക്കി എ.ഡി. 303 ഏപ്രില്‍ 23 ന് നിക്കദോമിയ പട്ടണകവാടത്തില്‍വച്ച് ചക്രവര്‍ത്തി വിശുദ്ധന്റെ ശിരച്ഛേദനം നടത്തി. ക്രിസ്തുവിലുള്ള അചഞ്ചല വിശ്വാസത്തെ മാറോടുചേര്‍ത്ത് രക്തസാക്ഷിത്വം വരിച്ച വി.ഗീവര്‍ഗ്ഗീസ് അനേകര്‍ക്ക് ആശ്രയമരുളുന്നു.

വിശുദ്ധ ഗീവര്‍ഗീസ് സഹദായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ