'ഞാനാകുന്നു വഴിയും സത്യവും ജീവനും. ഞാന്‍ വഴിയല്ലാതെ ആരും പിതാവിന്റെ പക്കലെത്തുന്നില്ല.' വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായത്തില്‍ 3 മുതല്‍ 6 വരെ വാക്യങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന അതിവിശിഷ്ടവും ശ്രദ്ധേയവുമായ ഈ തിരുവചനത്തിന് ആധാരമായ സംശയം ഉന്നയിച്ചത് പന്ത്രണ്ടു ശ്ലീഹന്മാരിലൊരുവനായ വിശുദ്ധ തോമ്മായാണ്. 'ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തില്‍ സ്ഥലമൊരുക്കുവാന്‍ പോവുകയാണ്. ഞാന്‍ പോകുന്ന വഴി നിങ്ങള്‍ക്കറിയാം'. ശ്ലീഹന്മാരെ നോക്കി ഈ വാക്കുകള്‍ ദിവ്യരക്ഷകന്‍ പറഞ്ഞപ്പോള്‍ ഈശോയുടെ ഈ സന്ദേശത്തിന്റെ അര്‍ത്ഥം മനസ്സിലാകാതിരുന്ന വി. തോമ്മാശ്ലീഹാ ഈശോയോട് പറഞ്ഞു. കര്‍ത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴിയറിയുന്നത് എങ്ങനെ ? എന്ന്.
ഈശോയോട് അതിരറ്റ സ്‌നേഹവും ഭക്തിയും ബഹുമാനവും അദ്ദേഹത്തിനുണ്ടെങ്കിലും അദ്ദേഹത്തിനുണ്ടായ സംശയം തീര്‍ക്കുന്നതിന് ഒട്ടും കൂസലില്ലാതെ അത്യന്തം സ്‌നേഹത്തോടെ നാഥനോട് ചോദിച്ച് സംശയനിവര്‍ത്തി വരുത്തുന്നതിനുള്ള അസാമാന്യമായ കഴിവ് അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യഗണത്തില്‍ ചേര്‍ന്നവരധികവും സാധാരണക്കാരും മീന്‍പിടുത്തക്കാരുമായിരുന്നു. പാണ്ഡിത്യത്തേക്കാള്‍ ആത്മാര്‍ത്ഥതയും സ്‌നേഹവും ഉള്ളവരെയാണ് ശിഷ്യഗണത്തിലും പ്രത്യേകിച്ച് ശ്ലീഹന്മാരിലും നമുക്ക് കാണുവാന്‍ സാധിക്കുക. ഈശോയോടൊത്ത് ചുറ്റിസഞ്ചരിച്ച് തന്റെ പ്രബോധനങ്ങളും വിശിഷ്ടമായ ജീവിതരീതിയും ഗ്രഹിച്ച് ഇവര്‍ ക്രമേണ പാണ്ഡിത്യത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരുന്നു. അവരിലെ വിജ്ഞാന ഭണ്ഡാകാരം ബഹിര്‍ഗമിക്കുവാന്‍ ആരംഭിച്ചത് ഈശോയുടെ മരണ ഉത്ഥാനങ്ങള്‍ക്കു ശേഷം പരിശുദ്ധാത്മാവിന്റെ ആഗമനത്തോടുകൂടിയായിരുന്നു എന്നു മാത്രം.
പരിശുദ്ധാരൂപി പ്രാവിന്റെ രൂപത്തിലും തീനാവുകളുടെ സാദൃശ്യത്തിലും ശ്ലീഹന്മാരില്‍ വസിച്ച് അവരെ വിജ്ഞാനികളും പ്രബോധകരുമായി രൂപാന്തരപ്പെടുത്തി. പരിശുദ്ധാത്മാവിന്റെ ആഗമനംവരെ പേടിച്ചുവിറച്ചു കഴിഞ്ഞുകൂടിയിരുന്ന ശ്ലീഹന്മാരില്‍ പന്തക്കുസ്താദിനത്തില്‍ ദൃശ്യമായ വ്യതിയാനം വിസ്മയകരമായിരുന്നു. അവരുടെ ഭയം പോയിമറഞ്ഞു. ലോകത്തിന്റെ ഏതു കോണിലും എത്തിച്ചേര്‍ന്ന് സുവിശേഷം പ്രസംഗിക്കുവാനും ക്രിസ്തുവിലേയ്ക്ക് അഥവാ സത്യദൈവവിശ്വാസത്തിലേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനും ശ്ലീഹന്മാര്‍ വെറുംകൈയ്യോടെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. തികച്ചും, വഴി തീര്‍ത്തും അപരിചിതമായ ഭാരതഭൂവീലേയ്ക്ക് സുവിശേഷവേലയ്ക്കായി യാത്ര തിരിച്ചത് ശ്ലീഹന്മാരിലെ ഏറ്റം ധൈര്യവാനായിരുന്ന തോമ്മാശ്ലീഹായാണ്.
അനേകം മതവിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ഭാരതഭൂവില്‍ ക്രിസ്തുമതത്തിന് ശക്തമായ അടിത്തറ പാകുവാന്‍ തോമ്മാശ്ലീഹായ്ക്കു സാധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ക്രിസ്തു അനുയായികളുടെ അനവധാനതകൊണ്ടോ മറ്റു മതങ്ങളുടെ അതിപ്രസരംകൊണ്ടോ, ഏതായാലും ഇന്നും വെറും രണ്ടു ശതമാനത്തില്‍ മാത്രം ഇതു നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് തോമ്മാശ്ലീഹായുടെ പിന്‍ഗാമികളെന്നുള്ള പാരമ്പര്യ വിശ്വാസത്തില്‍ അഭിമാനിക്കുന്ന നമുക്കു ഭൂഷണമല്ല. എ.ഡി. 52 ല്‍ ഈ ഭാരതമണ്ണില്‍ കാലുകുത്തി ഇവിടെ വിശ്വാസദീപം തെളിച്ച തോമ്മാശ്ലീഹായെ കൂടുതല്‍ മനസ്സിലാക്കേണ്ടത് മാര്‍ത്തോമ്മാക്രിസ്ത്യാനികളായ നമ്മുടെ കടമയാണ്.
ജന്മനാട്
ഈശോയുടെ പന്ത്രണ്ട് ശിഷ്യരില്‍ ഒരുവനായിരുന്ന തോമ്മാശ്ലീഹാ യൂദയാ രാജ്യത്ത് ഗലീലാ എന്ന ദേശത്ത് ജാതനായി. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ യൂദ വംശജരും ഏറ്റം പാവപ്പെട്ടവരുമായിരുന്നു നിര്‍ദ്ധനരായിരുന്ന മാതാപിതാക്കള്‍ കൂലിപ്പണിയില്‍നിന്നു കിട്ടുന്ന പരിമിതമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്തിപ്പോന്നിരുന്നു. സാമ്പത്തികസുസ്ഥിതി കുടുംബത്തിനില്ലായിരുന്നെങ്കിലും സമാധാനവും സന്തോഷവും സഹവര്‍ത്തിത്വവും ദൈവികചിന്തയും ചെറുകുടുംബത്തില്‍ കളിയാടിയിരുന്നു. തങ്ങള്‍ വിദ്യാസമ്പന്നരല്ലെങ്കിലും മക്കള്‍ വിദ്യാഹീനരാകരുതെന്ന് ആ ദമ്പതികള്‍ക്ക് നിഷ്ഠയുണ്ടായിരുന്നു. തന്മൂലം തോമാശ്ലീഹായെ ചെറുപ്പത്തില്‍ത്തന്നെ വിദ്യ അഭ്യസിപ്പിക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. അതുപോലെ, മാതാപിതാക്കളുടെ ജീവിതമാതൃകയും പ്രേരണയും മൂലം തോമ്മാ സല്‍സ്വഭാവിയും ദൈവഭക്തനും , സത്യസന്ധനുമായി വളര്‍ന്നുവന്നു. തോമ്മാശ്ലീഹീയെ വിശുദ്ധഗ്രന്ഥത്തില്‍ 'ദിദിമൂസ്' എന്നും 'തോമാ' എന്നുമുള്ള പേരിലും നമ്മുക്ക് കാണുവാന്‍ സാധിക്കും. ഇരട്ടപിറന്നവന്‍ എന്നൊരര്‍ത്ഥം ഈ പേരിനുണ്ടെങ്കിലും തോമ്മാശ്ലീഹാ ഇരട്ടയിലൊരുവനാണ് എന്നു ഖണ്ഡിതമായി പറയുവാന്‍ ചരിത്രകാരന്മാര്‍ തയ്യാറായിട്ടില്ല.
തോമ്മാശ്ലീഹാ ചെറുപ്പകാലത്തുതന്നെ സാമാന്യ വിദ്യാഭ്യാസമൊക്കെ നിര്‍വ്വഹിച്ചശേഷം യൗവ്വനത്തില്‍ തന്റെ പിതാവിനോടൊത്ത് ജോലികാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് തയ്യാറായി. നന്നായി ജോലിചെയ്ത് വിയര്‍പ്പുചിന്തി കൂലി സമ്പാദിച്ച് കുടുംബം പുലര്‍ത്താന്‍ അദ്ദേഹം അനുദിനം ശ്രദ്ധിച്ചിരുന്നു. ജനാസറത്തു തടാകത്തിലും സമീപത്തുള്ള മറ്റു ജലാശയങ്ങലിലും കൂട്ടുകാരോടൊന്നിച്ച് അദ്ദേഹം മത്സ്യബന്ധനം നടത്തിവന്നിരുന്നു. ഇക്കാലയളവിലാണ് ഈശോ പരസ്യജീവിതം ആരംഭിച്ചത്. ഈശോയുടെ നിരവധി പ്രസംഗങ്ങള്‍ ശ്രവിച്ച തോമ്മാ ഈശോയോട് വളരെവേഗം അടുത്തുകൊണ്ടിരുന്നു. മണിക്കൂറുകള്‍ പിന്നിട്ട് മൈലുകള്‍ സഞ്ചരിച്ച് ദിവ്യരക്ഷകന്റെ പ്രസംഗം അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഈശോയുടെ പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായ തോമ്മാ തന്റെ സകലതും ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുവാന്‍ തീരുമാനിച്ചു.
ശിഷ്യഗണത്തില്‍
ദിവ്യനാഥനെ സര്‍വ്വവുമായി അംഗീകരിച്ച് ഹൃദയപൂര്‍വ്വം സ്‌നേഹിച്ച് വിശ്വസ്തതാപൂര്‍വ്വം സേവനംചെയ്തു ജീവിച്ച തോമ്മായുടെ ഹൃദയനൈര്‍മ്മല്യവും ആത്മാര്‍ത്ഥതയും ശരിക്കും മനസ്സിലാക്കിയ ദിവ്യനാഥന്‍, ശ്ലീഹന്മാരില്‍ ഏതാനും ചുരുക്കംപേരെ പോലെ തോമ്മാശ്ലീഹായേയും ശിഷ്യസമൂഹത്തില്‍ ഒന്നാം നിരയില്‍ തന്നെ ഉള്‍പ്പെടുത്തി പരിഗണിച്ചിരുന്നു. ദിവ്യഗുരുവിനോടൊപ്പം ഏതു ത്യാഗവും അനുഷ്ഠിക്കുന്നതിനും ബുദ്ദിമുട്ടുകേളാ മരണം തന്നെയോ അനുഭവിക്കുന്നതിനും പൂര്‍ണ്ണമനസ്സോടുകൂടിയാണ് അദ്ദേഹം ഈ രംഗത്തേയ്ക്ക് പരപ്രേരണ കൂടാതെ സസന്തോഷം കടന്നുവന്നത്.
വി. ഗ്രന്ഥത്തില്‍
അദ്ദേഹത്തിന്റെ ആ ഉറച്ച വിശ്വാസവും ആത്മാര്‍ത്ഥതയും ധൈര്യവും അദ്ദേഹത്തിന്റെ മരണംവരെ നിലനിന്നിരുന്നു എന്നു നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ധൈര്യവും ആത്മാര്‍ത്ഥതയും ഗുരുവിനോടുള്ള സ്‌നേഹവും പ്രസ്പഷ്ടമാക്കുന്ന ചില സംഭവങ്ങല്‍ വി. ഗ്രന്ഥത്തില്‍ നമുക്കു കാണുവാന്‍ സാധിക്കും. ദിവ്യനാഥന്‍ അത്യധികം സ്‌നേഹിച്ചിരുന്ന ലാസര്‍ മരിച്ചു എന്നറിഞ്ഞ ഉടനെ യൂദയായില്‍ ലാസറിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിന് പുതുജീവന്‍ മല്‍കണമെന്ന് ഈശോ നിശ്ചയിച്ചു. ഈ വിവരം ഈശോ അവിടുത്തെ ശിഷ്യന്മാരെ യഥാവസരം അറിയിച്ചു. എന്നാല്‍, യൂദയാ ദേശത്തേക്കുള്ള യാത്ര അപകടം നിറഞ്ഞതാണെന്നും നാഥനെ എങ്ങനെയും നിഗ്രഹിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു വിഭാഗത്തിന്റെ കൈകളില്‍ അകപ്പെടാതിരിക്കണമെന്നും ശ്ലീഹാരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍, തോമ്മാശ്ലീഹായുടെ സുദൃഢമായ അഭിപ്രായം മറിച്ചായിരുന്നു. എങ്ങനെയും ലാസറിന്റെ കബറിടത്തില്‍ എത്തിച്ചേരുവാന്‍ നാഥന് കൂട്ടായി എല്ലാവരും പോകണമെന്ന് അഭിപ്രായപ്പെട്ട് അദ്ദേഹം മറ്റു ശിഷ്യാരെ ധൈര്യപ്പെടുത്തുകയും 'വരുവിന്‍, നമുക്കും ദിവ്യവാഥനോടൊപ്പം പോയി മരിക്കാം' എന്ന് പറയുകയുമായിരുന്നു. തോമ്മാശ്ലീഹായുടെ ധൈര്യവും പ്രേരണയും മറ്റു ശ്രീഹാര്‍ക്ക് യാത്രയ്ക്കു പ്രചോദനമായി. വിശുദ്ധഗ്രന്ഥത്തിലുള്ള മറ്റൊരു പരാമര്‍ശമാണ് അന്ത്യ അത്താഴ വേളയിലെ ദിവ്യനാഥന്റെ പ്രഭാഷണത്തിലെ ഒരു പരാമര്‍ശത്തിന്റെ സാരാംശം മനസ്സിലാക്കാതെ തോമ്മാശ്ലീഹ ചോദിച്ചു. 'ഗുരോ, അവിടുന്ന് എവിടെ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും' എന്നത്. അതിന് ഈശോ നല്‍കിയ വിശുദീകരണം തോമ്മാശ്ലീഹയ്ക്കും മറ്റു ശിഷ്യാര്‍ക്കും ലോകത്തിനു തന്നെയും വ്യക്തമായി മനസ്സിലാകുന്ന രീതിയിലായിരുന്നു എന്നത് വ്യക്തമാണ്.
തോമ്മാശ്ലീഹാ അവിശ്വാസിയോ ?
വിശുദ്ധ ഗ്രന്ഥത്തില്‍ തോമ്മാശ്ലീഹായെപ്പറ്റി പരാമര്‍ശമുള്ള മൂന്നാമത്തെ സംഭവം നടന്നത് ദിവ്യനാഥന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍പ്പും കഴിഞ്ഞുള്ള ദിവസങ്ങളിലായിരുന്നു. ഈശോ അനുഭവിച്ച അതിദാരുണമായ പാടുപീഡകളും കുരിശുമരണവുമെല്ലാം നേരില്‍ക്കണ്ടു ഭയന്നുവിറച്ച് ഭയാശങ്കയില്‍ ശ്ലീഹന്മാര്‍ ഒളിഞ്ഞുകഴിഞ്ഞിരുന്ന കാലം. ദിവ്യരക്ഷകന്‍ മരിച്ചവരില്‍നിന്നും ഉത്ഥാനം ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചിരിക്കുന്ന ദിനങ്ങള്‍ മുറിക്കുള്ളില്‍ പേടിച്ചു കഴിഞ്ഞു കൂടിയിരുന്ന കാലം. ശിഷ്യന്മാര്‍ കതകടച്ചു ഇരുന്നിരുന്ന അവസരത്തില്‍ മുറിക്കുള്ളില്‍ ഈശോ പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് സമാധാനം ആശംസിച്ചു. തേജസ്സോടുകൂടി ദിവ്യരക്ഷകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യം അവര്‍ ഭയപ്പെട്ടെങ്കിലും സമാധാനത്തിന്റേതായ സന്ദേശം. അതെ. ആ മധുരസ്വരം ശ്രവിച്ച മാത്രയില്‍ അവരെല്ലാവരും ധൈര്യശാലികളായി. നാഥന്റെ പുനരുത്ഥാനം അവര്‍ക്ക് നേരില്‍ മനസ്സിലാക്കുവാന്‍ അവസരം ലഭിച്ചതില്‍ അവരെല്ലാവരും അതീവ ചാരിതാര്‍ത്ഥ്യമുള്ളവരായി.
ഈശോയുടെ കുരിശുമരണം ശിഷ്യരില്‍ ഉളവാക്കിയ ആഘാതത്തിന്റയും നിരാശയുടേയുമെല്ലാം മ്ലാനത മാറി അവര്‍ ഉല്ലാസവാന്‍മാരും പ്രത്യാശയുള്ളവരുമായിത്തീര്‍ന്നു. ഈ മഹാസംഭവം നടക്കുന്ന അവസരത്തില്‍ സന്ദര്‍ഭവശാല്‍ തോമ്മാശ്ലീഹാ മുറിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം എവിടെപ്പോയിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നില്ല. എങ്കിലും ഒരു വസ്തുത നമുക്ക് ഊഹിക്കുവാന്‍ സാധിക്കും. ഈ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍, ദിവ്യനാഥന്‍ വിട്ടുപിരിഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ ശത്രുക്കളെ ഏറ്റവുമധികം ഭയപ്പെടേണ്ട ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കുവാന്‍ തക്ക ധൈര്യം മറ്റേതു ശിഷ്യരേക്കാളും തോമ്മാശ്ലീഹായ്ക്കുണ്ടായിരുന്നു എന്നത്. തോമ്മാശ്ലീഹാ തിരിച്ചുവന്ന അവസരത്തില്‍ മറ്റു ശിഷ്യന്മാര്‍, ഉത്ഥിതനായ ഈശോ മുറിയില്‍ പ്രത്യക്ഷപ്പെടുകയും അവരുമായി സംസാരിക്കുകയും ചെയ്ത വിവരം തോമ്മാശ്ലീഹായോടു പറഞ്ഞു. അദ്ദേഹം ഇല്ലാതിരുന്ന അവസരത്തില്‍ ഈശോ വന്നതുകൊണ്ട് നാഥനെ കാണാന്‍ സാധിച്ചില്ലെന്ന അതീവദുഃഖം അദ്ദേഹത്തിനു സഹിക്കുവാന്‍ സാധിച്ചില്ല.
തോമ്മാശ്ലീഹായ്ക്കു സാധിക്കാത്ത കാര്യം തങ്ങള്‍ക്കു സാധിച്ചു എന്ന ധ്വനിയിലുള്ള മറ്റു ശിഷ്യന്മാരുടെ അവകാശവാദം അദ്ദേഹത്തെ ശുണ്ഠി പിടിപ്പിച്ചതാകാം. അതുമല്ലെങ്കില്‍ തന്നെ ഒന്നു പരീക്ഷിക്കുവാന്‍ അവര്‍ പറഞ്ഞ നുണയാകാം എന്നു ചിന്തിച്ചിട്ടാകാം, 'എന്റെ ഗുരുവിനെ ഞാന്‍ കാണുകയും അദ്ദേഹത്തിന്റെ ശരീരത്തിലെ ആണിപ്പഴുതുകളില്‍ സ്പര്‍ശിക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല' എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഈശോ പ്രത്യക്ഷപ്പെട്ടു എന്നു ബോധ്യപ്പെടുത്തുവാന്‍ അവന്‍ വളരെ പണിപ്പെടുകയും, പീഡാസഹനത്തിന്റെ സ്മരണയായി കൈകളിലും കാലുകളിലുമുള്ള ആണിപ്പഴുതും തിരുവിലാവില്‍ അവസാനതുള്ളിരക്തംപോലും വാര്‍ന്നുപോയ കുന്തംകൊണ്ടുള്ള കുത്തേറ്റുണ്ടായ മുറിവും ഉണങ്ങാതുള്ള അവസ്ഥപോലും തോമ്മാശ്ലീഹായെ അവര്‍ പറഞ്ഞു മനസ്സിലാക്കാന്‍ ആദ്യം ശ്രമിച്ചതില്‍നിന്നാകാം ഇപ്രകാരമൊരു മറുപടി അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.
ഈശോമിശിഹാ അവിടുത്തെ ഈ പ്രിയശിഷ്യന്റെ അഭിപ്രായം മനസ്സിലാക്കി അടുത്തൊരുദിവസം തോമ്മാശ്ലീഹാകൂടി മുറിയിലുണ്ടായിരുന്ന അവസരത്തില്‍ ശ്ലീഹന്മാരുടെ മദ്ധ്യത്തില്‍ പ്രത്യക്ഷനായി 'നിങ്ങള്‍ക്കു സമാധാനം' എന്ന സന്ദേശം നല്‍കി. ഈശോയെ കണ്ടമാത്രയില്‍ തോമ്മാശ്ലീഹാ അത്ഭുതപരതന്ത്രനായി ആനന്ദസാഗരത്തില്‍ ആറാടി. സമാധാനം ആശംസിച്ചതിനെ തുടര്‍ന്ന് ഈശോ തോമ്മാശ്ലീഹായെ നോക്കി കൈകള്‍ നീട്ടി കാണിച്ചുകൊണ്ടു പറഞ്ഞു. 'തോമ്മാ ഇവിടെ വരിക, എന്റെ കൈകളിലെ ആണിപ്പഴുതുകള്‍ സ്പര്‍ശിക്കുക. എന്റെ വിലാവിലെ മുറിവില്‍ നിന്റെ വിരല്‍ ഇടുക. അവിശ്വാസിയാകാതെ വിശ്വാസിയാവുക' എന്ന്. ഒരു ദുര്‍ബലനിമിഷത്തില്‍ തോമ്മാശ്ലീഹാ അവിശ്വാസിയുടെ ഭാഷയില്‍ സംസാരിച്ചുവെങ്കിലും ഈശോയെകണ്ടമാത്രയില്‍ അദ്ദേഹം ഉത്ഥിതനായ ഈശോയില്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു. ഈശോയുടെ ദിവ്യവചസ്സുകല്‍ക്ക് മറുപടിയെന്നോണം തോമ്മാശ്ലീഹാ പ്രതിവചിച്ചത് ഇപ്രകാരമാണ്. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന്. ഈശോയുടെ വാക്കുകേട്ട് തോമ്മാശ്ലീഹാ അത്യധികം വേദനിച്ചു. തന്റെ എല്ലാമായ ദിവ്യഗുരുവിനെ അവിശ്വസിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം മനംനൊന്തം വിലപിച്ചു. ആത്മാര്‍ത്ഥതയും സ്‌നേഹവുമുള്ള ഈ അരുമശിഷ്യന്റെ പരാമര്‍ശത്തില്‍ സ്‌നേഹനിധിയായ ഗുരുവിന് അദ്ദേഹത്തോട് ഒട്ടും നീരസമോ പരിഗണനക്കുറവോ തോന്നിയില്ല. തന്നെ ഒറ്റിക്കൊടുത്ത യൂദാസിനോടു ക്ഷമിക്കുകയും മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞ പത്രോസിന് പരമാധികാരം നല്‍കുകയും ചെയ്ത നാഥന്‍ തോമ്മാശ്ലീഹായോടു കൂടുതല്‍ സ്‌നേഹം ഉറപ്പിക്കുകയാണ് ചെയ്തത്. തോമ്മാശ്ലീഹായുടെ പ്രത്യുത്തരം, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന ചുരുങ്ങിയ വാക്കുകളിലായിരുന്നെങ്കിലും അത് വളരെ വിപുലമായ ആശയാവിഷ്‌കാരവും വിശ്വാസപ്രഘോഷണവും ആയിരുന്നു. അത് ഈശോയുടെ മനുഷ്യത്വവും ദൈവത്വവും പരമാധികാരവും പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയായിരുന്നു. ക്രിസ്തുവിന്റെ രാജത്വം വിളംബരം ചെയ്യുന്നതിന് ഇതിലും വലിയ പരാമര്‍ശങ്ങള്‍ നമുക്ക് ഇതുപോലെയുള്ള ചുരുങ്ങിയ വാക്കുകളില്‍ കണ്ടെത്താനാവുമോ എന്ന് സന്ദേഹമാണ്. അദ്ദേഹത്തിന്റെ അര്‍ത്ഥവത്തായ ഈ വാക്കുകള്‍ നാം ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിനുള്ള പാണ്ഡിത്യവും ഈശോയോടുള്ള സ്‌നേഹവും നമുക്ക് ഗ്രഹിക്കുവാന്‍ പ്രയാസമില്ല.
തോമ്മാശ്ലീഹായുടെ ഉത്തരം കേട്ട് സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചുകൊണ്ട് ഈശോ പറഞ്ഞു. 'തോമ്മാ, നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ അനുഗ്രഹീതരാകുന്നു'. ഈശോയുടെ ഈ തിരുവചനം ലോകാവസാനം വരെ തന്നില്‍ വിശ്വസിക്കുന്നതിന് ജനസമൂഹത്തിന് പ്രചോദനമേകുന്ന ഒന്നാണ്. തോമ്മാശ്ലീഹായോടു പറഞ്ഞ ഈ വചസുകള്‍, ഈശോയെ നേരില്‍ കാണാന്‍ സാധിക്കാത്ത എല്ലാ ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. മേല്‍പ്രസ്താവിച്ച സംഭവത്തോടുകൂടി ഇതുവരെയുള്ള രണ്ടു പേരുടെയും സ്‌നേഹത്തിനും പരസ്പരവിശ്വാസത്തിനും മാറ്റു വര്‍ദ്ധിച്ചു എന്നുതന്നെ പറയാം. ഈശോയുടെ യഥാര്‍ത്ഥ അനുയായിയായ തോമ്മാശ്ലീഹാ ഗുരുവിന്റെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ യത്‌നിച്ചുകൊണ്ട് ഏതാനും നാള്‍ ജറുസലേമില്‍ താമസിച്ചു.
യേശുനാഥന്‍ തന്റെ തിരുവുത്ഥാനത്തിന്റെ നാല്പതാംദിവസത്തില്‍ സ്വര്‍ഗ്ഗാരോഹണംചെയ്ത അവസരത്തില്‍ ആയതിനു സാക്ഷിയാകുവാന്‍ ഒലിവുമലയില്‍ സന്നിഹിതരായിരുന്ന മറ്റു ശ്ലീഹന്മാരോടൊപ്പം തോമ്മാശ്ലീഹായും ഉണ്ടായിരുന്നു. തന്മൂലം ദിവ്യഗുരുവിന്റെ അന്ത്യോപദേശങ്ങള്‍ ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ശിഷ്യന്മാരെ അനുഗ്രഹിക്കുകയും പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും സുവിശേഷ പ്രചരണത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്ത് സുവിശേഷ പ്രചരണത്തിന് പ്രബുദ്ധരാക്കിയ ശേഷം ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തു,
പരിശുദ്ധാത്മാവ്
ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യസമൂഹം ഭാവിപരിപാടികള്‍, സുവിശേഷവേല ഇവയെപ്പറ്റി ചിന്തിച്ച് ജറുസലേമില്‍ ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞിരുന്നു. പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ച് അസ്വസ്ഥരായി കഴിഞ്ഞിരുന്ന ശിഷ്യന്മാരെ അത്ഭുതപ്പെടുത്തുമാറ് പരിശുദ്ധാത്മാവ് അവരില്‍ ആവസിക്കുകയും തന്മൂലം അവര്‍ ഓരോരുത്തരും പവിത്രീകൃതരും അതോടൊപ്പം കൂടുതല്‍ വിജ്ഞാനികളും വിവേകികളുമായി മാറുകയും ചെയ്തു. സ്വതേ പാവപ്പെട്ടവരും നിരക്ഷരരുമായിരുന്ന ശിഷ്യര്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ വിജ്ഞാനികളും വാചാലരുമായി മാറിക്കഴിഞ്ഞിരുന്നു. സ്വന്തം ഭാഷപോലും നന്നായി കൈകാര്യം ചെയ്യാന്‍ കഴിവില്ലാതിരുന്ന അവര്‍ വിവിധ ഭാഷകളില്‍ അവഗാഹമുള്ളവരും ഒന്നാംതരം പ്രഭാഷകരും അത്ഭുതപ്രവര്‍ത്തകരുമായി തീര്‍ന്നു. ഭയം മൂലം രഹസ്യസങ്കേതങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്ന ശിഷ്യന്‍മാര്‍ ധൈര്യശാലികളായി പുറത്തുവന്നു.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംവഴി സുവിശേഷവേലയ്ക്ക് പൂര്‍ണ്ണമായും അര്‍പ്പിക്കപ്പെട്ട ശിഷ്യഗണം ജറുസലം,യൂദയാ മുതലായ സമീപപ്രദേശങ്ങളില്‍ നിരന്തരം മതപ്രചാരണം നടത്തി നിരവധി ജനങ്ങളെ സത്യവേലയ്ക്ക് ആനയിച്ചു. എങ്കിലും ഒരു ക്രമീകൃതപരിപാടിയില്‍ ലോകമാസകലം സുവിശേഷപ്രചാരണം നടത്തി. യേശുവിന്റെ പ്രബോധനങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന് ശ്ലീഹന്മാര്‍ തീരുമാനിച്ചുറപ്പിച്ചു. ശ്ലീഹന്മാരെല്ലാരും പരിശുദ്ധ കന്യകാമറിയത്തിന്റെ നേത്യത്ത്വത്തില്‍ സമ്മേളിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ഓരോ രാജ്യത്തും സുവിശേഷവേലയ്ക്ക് പോകേണ്ടവരെ നിശ്ചയിച്ചു. അങ്ങനെ വി. തോമ്മാശ്ലീഹായ്ക്ക് ലഭിച്ച ദേശമാണ് അനേകം മതവിശ്വാസം നിലനില്ക്കുന്ന ഭാരതം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, വിവിധ സംസ്‌കാരവും വിവിധ മതവിശ്വാസവും നിലനില്ക്കുന്ന ഈ വിദൂരപ്രദേശം തോമ്മാശ്ലീഹായ്ക്കു ലഭിച്ചതുതന്നെ മറ്റു ശിഷ്യന്മാരേക്കാള്‍ അദ്ദേഹത്തിനുള്ള ആത്മധൈര്യമായിരിക്കാം. ഏതു പ്രതിസന്ധിയും തരണം ചെയ്യുവാനുള്ള ധൈര്യവും ചങ്കുറപ്പുമുള്ള തോമ്മാശ്ലീഹായെ നിയോഗിച്ചത് മറ്റു ശിഷ്യര്‍ അിറഞ്ഞുകൊണ്ടു തന്നെയായിരിക്കണം.
സുവിശേഷ പ്രചാരണം
നിയോഗിക്കപ്പെട്ട സുവിശേഷപ്രചാരണരംഗങ്ങളിലേയ്ക്ക് എല്ലാവരും വളരെ വേഗംതന്നെ യാത്ര പുറപ്പെട്ടു. തനിക്കു ലഭിച്ചിരിക്കുന്ന മിഷന്‍ രംഗത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയ തോമ്മാശ്ലീഹാ ദുര്‍ഘടയാത്രയെക്കുറിച്ച് ചിന്തിച്ചിട്ടാവാം, യാത്ര പുറപ്പെടാന്‍ കുറച്ചു താമസിച്ചു എന്നു പറയപ്പെടുന്നു. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ ദിവ്യനാഥന്‍ തോമ്മാശ്ലീഹായ്ക്ക് പ്രത്യക്ഷനായി. ഭാരതത്തിലേയ്ക്ക് പുറപ്പെടുവാന്‍ നിര്‍ദ്ദേശിക്കുകയും ചില വാഗ്ദാനങ്ങളാല്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു.
ഭാരതത്തില്‍
ഭാരതയാത്രയ്ക്കു മുന്‍പുതന്നെ തോമ്മാശ്ലീഹാ എത്യോപ്യ, പേര്‍ഷ്യ, മോദിയാ മുതലായ പല രാജ്യങ്ങളിലും സുവിശേഷപ്രഘോഷണം നടത്തി അനേകരെ ക്രിസ്തുമതാനുയായികളാക്കി. അദ്ദേഹത്തിന്റെ പ്രസംഗചാതുരിയും ലാളിത്യവും സ്‌നേഹമസൃണമായ പെരുമാറ്റവും അത്ഭുതപ്രവര്‍ത്തനങ്ങളും മൂലം അനേകരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു. എന്നാല്‍, ക്രിസ്തുമതത്തിലേയ്ക്കുള്ള ജനങ്ങളുടെ ഈ പ്രവാഹം ഗ്രഹിച്ച മറ്റു മതക്കാരായ ഒരു വിഭാഗത്തിന്റെ നിരന്തരമായ പീഡനങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. ഇതിനൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുവാനോ മങ്ങലേല്‍പ്പിക്കുവാനോ സാധിച്ചില്ല. മേല്‍പ്പറഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇന്ത്യയിലേയ്ക്കു യാത്ര പുറപ്പെടുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഇങ്ങനെയിരിക്കെ അറേബ്യന്‍ നഗരവീഥിയില്‍വച്ചു ഒരു ഇന്ത്യക്കാരനുമായി പരിചയപ്പെടുവാന്‍ തോമ്മാശ്ലീഹായ്ക്കു സാധിച്ചു. ഹാബാന്‍ എന്നു വിളിക്കപ്പെട്ടിരുന്ന അദ്ദേഹം ദക്ഷിണഭാരതത്തിലെ ചോഴരാജാവിന്റെ മന്ത്രിയായിരുന്നു.
അറേബ്യയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത് രാജാവിന് അതിവിശിഷ്ടതരത്തിലുള്ള ഒരു അരമന പടുത്തുയര്‍ത്തുവാന്‍വേണ്ടി ഒരു ശില്പകലാ വിദഗ്ദനെ തരപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. ഏതോ ഒരു അപരിചിതനാണ്. തോമാശ്ലീഹാ ശില്പകലാവല്ലഭനാണെന്നു ബോധ്യപ്പെടുത്തി ഹാബാനു കാണിച്ചുകൊടുത്തത്. തന്റെ ഗുരുവിന്റെ വാഗ്ദാനം സ്മരിച്ച് ദൈവത്തിലാശ്രയിച്ച് ഹാബാനോടൊപ്പം തോമാശ്ലീഹാ കപ്പല്‍ കയറി ഭാരതത്തിലേക്ക് യാത്രയായി. എന്നാല്‍, ഹാബാന്‍ ഭാരതീയനോ ചോഴരാജാവിന്റെ മന്ത്രിയോ അല്ല എന്നും ഒരു വിദേശവാണിജ്യശ്രേഷ്ഠന്‍ മാത്രമായിരുന്നു എന്നും, ഇന്ത്യയും അറേബ്യയുമായുള്ള വ്യാപാരബന്ധത്താല്‍ ഒരു ചരക്കുകപ്പലില്‍ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നെത്തി എന്നും ചില ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. വസ്തുത എന്തായിരുന്നാലും തോമാശ്ലീഹാ ഭാരതത്തില്‍ വന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യത്തിന് രണ്ടുതരത്തിലുള്ള പാരമ്പര്യ വിശ്വാസവും പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്.
കൊടുങ്ങല്ലൂര്‍
എ.ഡി. 52-ല്‍ തോമാശ്ലീഹാ അന്ന് തെക്കേ ഇന്ത്യയിലെ തുറമുഖമായ കൊടുങ്ങല്ലൂര്‍ എന്ന സ്ഥലത്ത് കപ്പലിറങ്ങിയതായി പറയപ്പെടുന്നു. അക്കാലത്ത് ദക്ഷിണേന്ത്യയിലെ പ്രസിദ്ധങ്ങളായ സാമ്രാജ്യങ്ങളായിരുന്നു ചേരം, ചോളം, പാണ്ഡ്യം എന്നീ മൂന്നു രാജ്യങ്ങള്‍. മറ്റനേകം ചെറുരാജ്യങ്ങല്‍ സ്വതന്ത്രാധികാരത്തോടുകൂടി അന്നു ഭരണനിര്‍വ്വഹണം നടത്തിയിരുന്നു. ഇതില്‍ ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ശ്ലീഹാ കൊടുങ്ങല്ലൂരില്‍വന്നിറങ്ങിയ ദിവസം ചേരരാജ്യാധിപന്‍ പെരുമാളുടെ ഏകപുത്രിയുടെ വിവാഹം നടക്കുകയായിരുന്നു. ആ രാജ്യത്തുള്ള എല്ലാ പ്രജകളും വിവാഹാഘോഷത്തില്‍ പങ്കെടുക്കണമെന്ന് രാജകല്പനയായിരുന്നു.
വിഭവസമൃദ്ധമായ സദ്യയും വിശിഷ്ടമായ കലാപരിപാടികളും വിവാഹാഘോഷങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍, സ്വാദിഷ്ടമായ ഭക്ഷണത്തോടോ നയനാനന്ദകരമായ കലാവിരുന്നിനോടോ താത്പര്യം പ്രകടിപ്പിക്കാതെ, താന്‍ ഭരമേറ്റിരിക്കുന്ന ദൗത്യത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിച്ചിട്ടാവാം, ധ്യാനനിരതനായിരുന്ന ഈ അതിഥിയുടെ നടപടികള്‍ വീക്ഷിച്ചിരുന്ന ഒരു രാജകിങ്കരന്‍ തോമാശ്ലീഹായെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, തോമാശ്ലീഹാ അസ്വസ്ഥനാകാതെ, ദൈവം നിന്നോടു ക്ഷമിക്കട്ടെ എന്നു മാത്രം പറഞ്ഞു. തോമാശ്ലീഹാ ക്ഷമിച്ചുവെങ്കിലും പരസ്യമായി ചെയ്ത ഈ നീചകൃത്യത്തിന്റെ കാഠിന്യം മറ്റുള്ളവരെ മനസ്സിലാക്കുവാന്‍ ദൈവം നിശ്ചയിച്ചു. ഏതോ മഹത്തായ കാര്യം ചെയ്തു എന്ന ചിന്തയോടെ വിവാഹവേദിയില്‍നിന്നും പുറത്തിറങ്ങി യാത്രയായ ആ മദ്യപനെ ദൈവം ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു വന്യമൃഗം ആ ദുഷ്ടന്റെ മുന്‍പില്‍ ചാടിവീണ് തോമാശ്ലീഹായെ മര്‍ദ്ദിക്കാനുപയോഗിച്ച കൈ കടിച്ചു ഛേദിച്ച് താഴെയിട്ടു. ഉടന്‍തന്നെ അയാള്‍ തോമാശ്ലീഹായുടെ അടുത്തു വരുകയും കുറ്റം ഏറ്റുപറഞ്ഞ് തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഈ സമയത്തു തന്നെ, ഛേദിച്ച് എറിയപ്പെട്ട കൈ ഒരു ശ്വാനന്‍ കടിച്ചെടുത്ത് തോമാശ്ലീഹായുടെ മുമ്പില്‍ കൊണ്ടുവന്നു സമര്‍പ്പിച്ചു. ബഹുജനസമക്ഷംതന്നെ ക്ഷമായാചനം ചെയ്ത അയാളോട് തോമാശ്ലീഹായ്ക്ക് ദയതോന്നി. തുടര്‍ന്ന് മുട്ടിന്മേല്‍നിന്ന് ആകാശത്തേയ്ക്കു ദൃഷ്ടി തിരിച്ച് പ്രാര്‍ത്ഥിച്ചശേഷം ഛേദിക്കപ്പെട്ട കൈയെടുത്ത് ശരീരഭാഗത്തു വച്ച് സൗഖ്യമാക്കി.
ഈ സംഭവം അനേകമാളുകളില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കുകയും അവരെല്ലാവരും ഭയഭക്തിയോടെ തോമാശ്ലീഹായെ ആദരിക്കുകയും ചെയ്തു. രാജാവ് ചേരമാന്‍ പെരുമാള്‍ ഈ മഹാമനുഷ്യനെ രാജസന്നിധിയില്‍ സ്വീകരിക്കുകയും ബഹുമാനിച്ച് ആദരിക്കുകയും ചെയ്തു. തോമാശ്ലീഹാ കുറച്ചുനാള്‍ കൊടുങ്ങല്ലൂരില്‍ താമസിച്ച് സുവിശേഷവേല നിര്‍വഹിച്ചശേഷം ചോഴരാജ്യത്തേയ്ക്ക് യാത്ര പുറപ്പെട്ടു. ചോഴരാജ്യാധിപനുവേണ്ടിയായിരുന്നു കൊട്ടാരനിര്‍മ്മാണത്തിന് ഹാബാന്‍ ശില്പിയെന്ന നിലയില്‍ തോമാശ്ലീഹായെ കൊണ്ടുവന്നത്. ഹാബാനോടൊപ്പം രാജസന്നിധിയിലെത്തിയ തോമാശ്ലീഹായെ രാജാവ് സ്വീകരിച്ച് മനോഹരമായ രമ്യഹര്‍മ്മ്യ നിര്‍മ്മാണത്തിനു വേണ്ട മനോഹാരിതയുടെ വിശദാംശങ്ങല്‍ വിവരിച്ചുകൊടുക്കുകയും ആയതിന്റെ ആവശ്യത്തിലേയ്ക്ക് വളരെ വലയൊരു തുക അനുവദിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍, ഈ തുകയത്രയും പാവപ്പെട്ടവര്‍ക്കായി അദ്ദേഹം പിന്നീട് ചെലവഴിച്ചു എന്നാണ് ഐതിഹ്യം.
ഏതാനും മാസങ്ങള്‍ ചോഴനാട്ടില്‍ സുവിശേഷപ്രസംഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയും പാവങ്ങളെ സഹായിച്ചും കഴിഞ്ഞതിനുശേഷം ഉത്തരേന്ത്യയിലേക്കും അവിടെനിന്നും ചൈനയിലേക്കും അദ്ദേഹം യാത്ര ചെയ്ത് ദിവ്യനാഥന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വീണ്ടും ചോഴനാട്ടില്‍ മടങ്ങിയെത്തി. ഈ അവസരത്തില്‍ കൊടുങ്ങല്ലൂര്‍ രാജാവ് തന്റെ മരുമകനെ അയച്ച് തോമാശ്ലീഹായെ കൊടുങ്ങല്ലൂര്‍ക്കു ക്ഷണിച്ചു. അങ്ങനെ തോമാശ്ലീഹാ വീണ്ടും കൊടുങ്ങല്ലൂരില്‍ വന്നുചേര്‍ന്നു.തോമാശ്ലീഹായുടെ സുവിശേഷപ്രസംഗങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ച് കൂടുതല്‍ ഗ്രഹിച്ചശേഷം കൊടുങ്ങല്ലൂര്‍ രാജാവ് കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു എന്നു പറയപ്പെടുന്നു. രാജകൊട്ടാരത്തിലെ വിവേകിയും ഭക്തനുമായ ഒരാള്‍ക്ക് പൗരോഹിത്യ പദവി നല്‍കുകയും കേപ്പാ എന്ന് നാമകരണം ചെയ്യുകയുമൂണ്ടായി എന്നും പറയപ്പെടുന്നു. രാജാവ് സ്വീകരിച്ച നാമം അന്ത്രയോസ് എന്നായിരുന്നു. അന്ത്രയോസ് രാജാവിന്റെ മരുമകനിയിരുന്നു പുരോഹിതനായി അവരോധിക്കപ്പെട്ട കേപ്പാ എന്നാണ് പാരമ്പര്യ വിശ്വാസം.
രാജാവും രാജകുടുംബം മുഴുവനും ക്രിസ്തുമതാനുയായികളായതോടെ കൊടുങ്ങല്ലൂര്‍ രാജ്യത്തെ ആയിരക്കണക്കിന് പ്രജകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. ഇവര്‍ക്കുവേണ്ടി അവിടെ ഏതാനും ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും ആവശ്യത്തിനു വൈദീകരെ വാഴിക്കുകയും ചെയ്തു. രാജാവ് ക്രിസ്തുമതം സ്വീകരിച്ചതില്‍ അമര്‍ഷം പൂണ്ട ചില ആളുകള്‍ നിരന്തരം പ്രതിഷേധമുയര്‍ത്തിയതിന്റെ ഫലമായി രാജാവ് സ്ഥാനമാനങ്ങളും അധികാരവും ഉപേക്ഷിച്ച് അനന്തരാവകാശിയെ ഭരണമേല്പിച്ച് ശിഷ്ടകാലം സമാധാനപൂര്‍വ്വം ജീവിതം നയിച്ചു.
ഏഴു പള്ളികള്‍
കൊടുങ്ങല്ലൂരെ സുവിശേഷപ്രചാരണവും മാനസാന്തര ്യപവര്‍ത്തനങങ്ങളും കഴിഞ്ഞ് തോമാശ്ലീഹാ കേരളത്തിന്‍ന്റെ പല ഭാഗങ്ങളും ചുറ്റിസഞ്ചരിക്കുകയും അനേകം പ്രഭാഷണങ്ങളും അനവധി അത്ഭുതങ്ങളും നിര്‍വ്വഹിക്കുകയും നിരവധി പേരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. തന്റെ വിശ്വസ്തശിഷ്യനും പൗരോഹിത്യ പദവിയില്‍ പ്രവേശിച്ച ദേഹവുമായ കേപ്പായും അദ്ദേഹത്തോടൊപ്പം സഹായിയായി അനുയാത്ര ചെയ്തിരുന്നു. കേരളത്തില്‍ അദ്ദേഹം ഏഴു പള്ളികള്‍ സ്ഥാപിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം. ആ ഏഴുപള്ളികള്‍ നിരണം, ചായല്‍, കോക്കമംഗലം, കോട്ടക്കാവ്, കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊല്ലം ഈ സ്ഥലങ്ങളിലാണെന്നു പറയപ്പെടുന്നു. ഇതിനുപുറമേയും നിരവധി പ്രധാനകേന്ദ്രങ്ങളില്‍ അദ്ദേഹം സുവിശേഷപ്രസംഗങ്ങള്‍ നടത്തുകയും അത്ഭുതങ്ങളും അടയാളങ്ങളും വഴി യേശുവിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം.
തോമാശ്ലീഹാ സുവിശേഷപ്രചരണാര്‍ത്ഥം കൊല്ലം എന്ന തുറമുഖ നഗരത്തില്‍ വന്നുചേര്‍ന്നു. ദക്ഷിണകേരളത്തില്‍ വളരെ പ്രശസ്തമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു കൊല്ലം. ശ്ലീഹാ ഒരു വര്‍ഷക്കാലത്തോളം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പ്രസംഗങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി, അനേകം പേരെ ക്രിസ്ത്വനുയായികളാക്കി കൊല്ലത്ത് അദ്ദേഹം ഒരു കുരിശു സ്ഥാപിച്ചു. എല്ലാ സ്ഥലങ്ങളിലുമെന്നപോലെ കൊല്ലത്തും അദ്ദേഹത്തിന് ക്രിസ്തുമത വിരോധികളില്‍ നിന്നും നിരവധി എതിര്‍പ്പുകള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ ധീരനായ തോമാശ്ലീഹാ യേശുവിലുള്ള തന്റെ അചഞ്ചലമായ വിശ്വാസംമൂലം മനസ്ഥൈര്യം കൈവിടാതെ മുന്നോട്ടു നീങ്ങി. തന്റെ വിരോധികള്‍ തനിക്ക് അപകീര്‍ത്തി വരുത്തുവാന്‍ കരുതിക്കൂട്ടി നടത്തിയ ഒരു പൈശാചിക സംഭവം- ഐതിഹ്യം ഇപ്രകാരമാണ്. കൊല്ലത്ത് എത്തിച്ചേര്‍ന്ന തോമാശ്ലീഹായ്ക്ക് ജനങ്ങളില്‍നിന്ന് അനുദിനം സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്നതുകണ്ട് അസൂയപൂണ്ട ഒരു വിഭാഗം ഒരു കൊലപാതകകുറ്റം ശ്ലീഹായില്‍ കെട്ടിവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അവര്‍ നിരപരാധിയായ ഒരു പൈതലിനെ കൊല ചെയ്ത ശേഷം ആ കൊലപാതകത്തിനുത്തരവാദി തോമാശ്ലീഹായാണെന്നു പ്രചരിപ്പിച്ച് അദ്ദേഹത്തെ നാട്ടുപ്രമാണിയുടെ സമക്ഷം കൊണ്ടുവന്നു. യാതൊരു ഭാവപകര്‍ച്ചയോ ഭയമോ പ്രകടിപ്പിക്കാതെ ശ്ലീഹാ അക്ഷോഭ്യനായി നിലകൊണ്ടു. വാദിഭാഗത്തിന്റെ ആരോപണങ്ങള്‍ക്കുശേഷം മറുപടിക്ക് അവസരം ലഭിച്ച സന്ദര്‍ഭത്തില്‍ ശ്ലീഹാ കുറ്റം നിഷേധിക്കുന്നതിനു പകരം ആ മൃതശരീരത്തെതന്നെ വിധിയാളനാക്കുവാനാണ് ഒരുങ്ങിയത്. തീക്ഷണമായി മനം നൊന്ത് പ്രാര്‍ത്ഥിച്ചശേഷം നിന്റെ ഘാതകന്‍ ആര് എന്ന് പറയുക. ദൈവനാമത്തില്‍ നിന്നോടു ഞാന്‍ ആവശ്യപ്പെടുന്നു എന്ന് ആ മൃതശരീരത്തില്‍ നോക്കി ശ്ലീഹാ പറഞ്ഞു. ഉടനെതന്നെ മൃതനായ ആ ശിശു എഴുന്നേല്ക്കുകയും തന്നെ കൊലചെയ്തത് തന്റെ പിതാവുതന്നെയാണെന്നും നിഷ്‌കളങ്കനായ ശ്ലീഹായുടെമേല്‍ കുറ്റമേല്പിക്കുവാന്‍ മനഃപൂര്‍വ്വം ചെയ്തതാണെന്നും പറഞ്ഞു. ശിശുവിന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അവിടെ കൂടിയിരുന്നവര്‍ ശ്ലീഹായെ വന്ദിച്ചു. ഈ കപടനാടകത്തിലെ നടന്‍മാര്‍ ഇളിഭ്യരായി സ്ഥലംവിട്ടു. ഈ സംഭവത്തോടുകൂടി തോമാശ്ലീഹായ്ക്ക് പതിന്മടങ്ങ് ആരാധകര്‍ ഉണ്ടാവുകയും ചെയ്തു.
നിരണം
കൊല്ലത്തുനിന്ന് തൃക്കണ്‍പാലേശ്വരം എന്ന സ്ഥലത്ത് എത്തി സുവിശേഷപ്രചരണം നടത്തിയ ശ്ലീഹാ അവിടെ ഒരു കുരിശ് സ്ഥാപിച്ചു. തോമാശ്ലീഹാ അവിടെ നിന്നും യാത്രതിരിച്ച ഉടന്‍തന്നെ അവിടെ മതവിപ്ലവകാരികള്‍ വിപ്ലവമുണ്ടാക്കുകയും കുരിശിന്റെ പാവനത നഷ്ടപ്പെടുത്തുകയും അതു നശിപ്പിക്കുകയും ചെയതു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ശ്ലീഹാ ആ സ്ഥലത്തെ ശപിക്കുകയും കുരിശ് അവിടെ നിന്നെടുത്ത് നിരണത്ത് കൊണ്ടുവന്നന് പൂജ്യമായി സ്ഥാപിക്കുകയും ചെയ്തു. നിരണം അന്നും പ്രസിദ്ധമായ ഒരു സ്ഥലമായിരുന്നു. കച്ചവടപ്രാധാന്യമുള്ള സ്ഥലം, പ്രശസ്തരായ കവികള്‍ വസിച്ചിരുന്ന സ്ഥലം എന്നെല്ലാമുള്ള പ്രാധാന്യത്തിന് ആധാരമായ ചരിത്രരേഖകല്‍ നിരണത്തെക്കുറിച്ച് നമുക്ക് കാണുവാന്‍ സാധിക്കും.
ചായല്‍
തോമാശ്ലീഹാ സുവിശേഷപ്രചാരണാര്‍ത്ഥം പിന്നീട് എത്തിച്ചേര്‍ന്നത് മലമ്പ്രദേശമായ ചായല്‍ അഥവാ നിലയ്ക്കല്‍ എന്ന സ്ഥലത്താണ്. അക്കാലത്ത് പാണ്ടിദേശക്കാരുടെ ഒരു വാണിജ്യകേന്ദ്രമായിരുന്നു ഈ പ്രദേശം. ഈ സ്ഥലത്തും തോമാശ്ലീഹാ നിരവധിപേരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും അവര്‍ക്കായി അവിടെ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രദേശത്തിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് അവിടെയുള്ള കുടുംബങ്ങള്‍ അധികവും കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ മുതലായ സ്ഥലങ്ങളിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. ഈ അടുത്ത കാലത്തായി വിവിധ ക്രൈസ്തവസഭകള്‍ ഒത്തുചേര്‍ന്ന് നിലയ്ക്കലില്‍ ഒരു എക്യുമെനിക്കല്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.
കോക്കമംഗലം
നിരണത്തെ പ്രവര്‍ത്തനങ്ങളും കുരിശുസ്ഥാപനവും കഴിഞ്ഞ് അപ്പസ്‌തോലന്‍ വടക്കുപടിഞ്ഞാറ് ഭാഗം ലക്ഷ്യമാക്കി സഞ്ചരിച്ച് കോക്കമംഗലം എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഈ സ്ഥലത്തും തോമാശ്ലീഹാ സുവിശേഷപ്രസംഗങ്ങളും അത്ഭുതപ്രവ്യത്തിയുംവഴി അനവധിയാളുകളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയുണ്ടായി. അവിടെയും അദ്ദേഹം ഒരു കുരിശു സ്ഥാപിച്ചു.
കോട്ടക്കാവ്
കോക്കമംഗലത്തെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കുശേഷം തോമാശ്ലീഹാ കോട്ടക്കാവ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ മതവിരോധികളായി നിരവധിപേരുടെ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. ക്രിസ്തുമതത്തിനുണ്ടാകുന്ന വളര്‍ച്ചയില്‍ അസൂയാലുക്കളായ ഏതാനുംപേര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു തടസ്സം സൃഷ്ടിക്കുകയും അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തു. ഇങ്ങനെയുള്ള അവസരത്തില്‍ അതിഭയങ്കരമായ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും പ്രതിയോഗികള്‍ നിലംപതിക്കുകയും ചെയ്തു. ജനങ്ങള്‍ ഭയവിഹ്വലരായി. ഈ സന്ദര്‍ഭത്തില്‍ ശ്ലീഹായുടെ വിരോധികള്‍ അദ്ദേഹത്തിന്റെ അടുത്തുവന്ന് ക്ഷമായാചനം ചെയ്യുകയുണ്ടായി. ഉടനെതന്നെ ശ്ലീഹാ കരങ്ങളുയര്‍ത്തി ആശീര്‍വദിച്ച് കാറ്റിനെ ശാന്തമാക്കി. ഒരു വര്‍ഷത്തോളം അവിടെ താമസിച്ചശേഷം പാലയൂര്‍ എന്ന ഗ്രാമത്തിലേക്ക് അദ്ദേഹം യാത്രയായി.
പാലയൂര്‍
കേരളത്തിന്റെ വടക്കന്‍ദേശത്തുള്ള പാലയൂരില്‍ തോമാശ്ലീഹാ തന്റെ ദൗത്യവുമായി എത്തിച്ചേര്‍ന്നു. ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഈ പ്രദേശങ്ങളില്‍ അധികവും. അവിടെയും പ്രസംഗങ്ങളും അത്ഭുതങ്ങളുംവഴി അനേകരെ സത്യവിശ്വാസത്തിലേയ്ക്ക് നയിക്കുവാന്‍ തോമാശ്ലീഹായ്ക്ക് സാധിച്ചു. അദ്ദേഹം പ്രവര്‍ത്തിച്ച അത്ഭുതങ്ങളിലൊന്ന് വളരെ പ്രസിദ്ധമാണ്. ഒരു കുളത്തിലിറങ്ങി നിന്ന് തോമാശ്ലീഹാ പ്രാര്‍ത്ഥിച്ചശേഷം കൈക്കുമ്പിളില്‍ ജലമെടുത്ത് മേല്‌പോട്ടെറിഞ്ഞു. ആ ജലകണങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നതും ജലമെടുത്ത സ്ഥാനമത്രയും ഒരു കുഴിയായതും കാണിച്ചു കൊടുത്തു. ഇതുമൂലം അവിടെ സന്നിഹിതരായിരുന്നവരത്രയും ക്രിസ്തുമതാനുയായികളായി. അന്ന് വിശ്വാസം സ്വീകരിച്ചവരില്‍പ്പെട്ട ബ്രാഹ്മണകുടുംബങ്ങളാണ് കാളികാവ്, ശങ്കരപുരി, പകലോമറ്റം മുതലായ കുടുംബങ്ങള്‍.
കേരളത്തിലെ സുദീര്‍ഘമായ സുവിശേഷപ്രസംഗ പ്രചരണവും ക്ലേശപൂര്‍ണ്ണമായ യാത്രകളും അത്ഭുതപ്രവര്‍ത്തനങ്ങളും പള്ളിസ്ഥാപനവുമെല്ലാം പൂര്‍ത്തിയാക്കി ശ്ലീഹാ വീണ്ടും ചോഴനാട്ടിലേയ്ക്ക് യാത്രയായി. അവിടുത്തെ പ്രധാനസ്ഥലങ്ങളില്‍ സുവിശേഷപ്രചരണം ആരംഭിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ശ്ലീഹാ തന്റെ രാജ്യത്ത് എത്തിച്ചേര്‍ന്ന വിവരമറിഞ്ഞ് രാജാവ് ആളയച്ച് അദ്ദേഹത്തെ വിളിച്ചുവരുത്തി കൊട്ടാരം പണിയെപ്പറ്റി അന്വേഷിച്ചു.
എന്നാല്‍ ലേശവും ഭയപ്പെടാതെ ശ്ലീഹാ പറഞ്ഞു. രാജാവ് തന്ന തുക തീര്‍ന്നുപോയി എന്നും അത് പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുവെന്നും. എന്നാല്‍, തോമാശ്ലീഹായുടെ മറുപടികേട്ട് കുപിതനായ രാജാവ് തോമാശ്ലീഹായെ നിഷ്‌കരുണം കാരാഗൃഹവാസത്തിനയയ്ക്കുകയായിരുന്നു. തോമാശ്ലീഹായെ സംബന്ധിച്ചിടത്തോളം കാരാഗൃഹവാസവും ആനന്ദപ്രദമായിരുന്നു. നാഥനുവേണ്ടി മരിക്കുവാന്‍ തയ്യാറായി പ്രവര്‍ത്തിക്കുന്ന ശ്ലീഹാ സന്തോഷവാനായും പ്രാര്‍ത്ഥനാനിരതനായും കാരാഗൃഹത്തില്‍ കഴിഞ്ഞുകൂടി. ആ ഇടയ്ക്ക് രാജാവിന്റെ സഹോദരന്‍ ആകസ്മികമായി നിര്യാതനാവുകയുണ്ടായി. സഹോദരന്റെ നിര്യാണത്തോടനുബന്ധിച്ചു നടന്ന ചില അത്ഭുതങ്ങള്‍ നല്കിയ സൂചനകളനുസരിച്ച് രാജാവ് തോമാശ്ലീഹായെ ബന്ധനവിമുക്തനാക്കുകയും അദ്ദേഹത്തോട് ക്ഷമായാചനം ചെയ്ത് കൊട്ടാരത്തില്‍ സ്വീകരിച്ച് ബഹുമാനിക്കുകയും ചെയ്തു. അനന്തരം ശ്ലീഹാ ചോഴനാട്ടില്‍ അങ്ങോളമിങ്ങോളം സുവിശേഷപ്രചാരണം നിര്‍വ്വഹിച്ചു.
മലയാറ്റൂര്‍
വലിയ നോമ്പുകാലത്തും തുടര്‍ന്ന് പുതുഞായറാഴ്ചയും അനേകായിരം തീര്‍ത്ഥാടകരെയും തോമാശ്ലീഹായുടെ ഭക്തരേയും ആകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്യഹീതരായ ഈ പുണ്യസ്ഥലത്ത് എത്തിച്ചേര്‍ന്ന് ഭക്തിപൂര്‍വ്വം മലകയറി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന ഭക്തജനപ്രവാഹംതന്നെ ഇതിനു തെളിവാണ്. മല അടിവാരത്തുനിന്നും കുരിശിന്റെ വഴി കഴിച്ച് മലമുകളിലെത്തി പ്രാര്‍ത്ഥിക്കുന്നതുവഴി ഒരു വലിയ പാപപരിഹാരക്രിയയും ദിവ്യനാഥന്റെ പീഡാസഹനത്തിലുള്ള നമ്മുടെ പങ്കുചേരലും സാധിക്കുന്നു. ഈശോയെ അത്യധികം സ്‌നേഹിച്ച് സേവനം ചെയ്ത വി. തോമാശ്ലീഹായോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കുവാന്‍ ഏറ്റം അനുയോജ്യമായ ഈ അനുഷ്ഠാനങ്ങള്‍ എല്ലാ വര്‍ഷവും നിര്‍വ്വഹിക്കാന്‍ നമ്മുക്ക് ശ്രമിക്കാം.
ചോഴനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കിയ തോമാശ്ലീഹാ വീണ്ടും കേരളത്തെ ലക്ഷ്യംവച്ച് മലമ്പ്രദേശങ്ങളില്‍കൂടി യാത്ര തിരിച്ചു. ഈ യാത്രയ്ക്കിടയിലാണ് തോമാശ്ലീഹാ മലയാറ്റൂരില്‍ വിശ്രമിച്ചതും അവിടെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും. ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായി അത്ഭുതങ്ങള്‍ക്ക് ദൃക്‌സാക്ഷികളായി സത്യവേദത്തിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്ന ജനസമൂഹത്തെ കണ്ട് മതവിരോധികള്‍ ശ്ലീഹായ്‌ക്കെതിരായി പിറുപിറുക്കാനും ദുഷ്പ്രചരണം നടത്തുവാനും തുടങ്ങി. തോമാശ്ലീഹാ മലമുകളിലെ ഒരു പാറപ്പുറത്ത് ദീര്‍ഘനേരം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാന്തരം അദ്ദേഹം പാറപ്പുറത്ത് സ്വന്തം വിരല്‍കൊണ്ട് കുരിശടയാളം വരച്ചു. പിന്നീട് ഈ സ്ഥലത്ത് ഒരു സ്വര്‍ണ്ണക്കുരിശ് മുളച്ചു വന്നു എന്നു പറയപ്പെടുന്നു. ഇക്കാരണത്താലായിരിക്കണം മലയാറ്റൂര്‍ പൊന്നുംകുരിശു മുത്തപ്പന്‍ എന്ന് തോമാശ്ലീഹായെ വിളിക്കുന്നത്.
തോമാശ്ലീഹാവഴി ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടില്‍തന്നെ വിശ്വാസദീപം തെളിക്കപ്പെട്ട ഈ ഭാരതമണ്ണില്‍ പ്രത്യേകിച്ച് കേരളത്തില്‍ അനേകം പള്ളികള്‍ ഇന്ന് വി.തോമാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ വിശുദ്ധന്റെ നാമത്തിലുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നിരവധിയാണ്, തോമസ് എന്ന നാമം സ്വീകരച്ചിട്ടുള്ളവരും ധാരാളമാണ്. തോമസ്, തൊമ്മന്‍, തോമ്മാ, ടോം, ടോമി എന്ന പല പേരുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്.
അന്ത്യദിനങ്ങള്‍
കേരളത്തിലെ, ദീര്‍ഘമായ 20 സംവത്സരങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തോമാശ്ലീഹാ അന്ന് പാണ്ടിദേശം എന്നറിയപ്പെടുന്ന ഇന്നത്തെ തമിഴ്‌നാട് സംസ്ഥാനത്തേയ്ക്ക് യാത്രയായി. നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം ജനശ്രദ്ധപിടിച്ചു പറ്റിയ തോമാശ്ലീഹായെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു വലിയ സമൂഹം ആളുകള്‍ ഉണ്ടായിരുന്നു എന്നാല്‍ അദ്ദേഹത്തിന് ശത്രുക്കളും കുറവല്ലായിരുന്നു. ശത്രുതാമനോഭാവത്തോടുകൂടി തോമാശ്ലീഹായെ വീക്ഷിച്ചിരുന്നവര്‍ അദ്ദേഹത്തെ വകവരുത്തുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരുന്നു. അദ്ദേഹത്തോട് മതിപ്പും ബഹുമാനവുമുള്ള സമൂഹത്തില്‍നിന്ന് വിട്ടുകിട്ടാന്‍ തക്കംപാര്‍ത്തിരുന്ന വൈരികള്‍ക്ക് പാണ്ടിദേശത്തെ അദ്ദേഹത്തിന്റെ ആഗമനം അവസരമായി കണ്ടിരിക്കാം.
സുവിശേഷപ്രചാരണാര്‍ത്ഥം ചോഴനാട്ടില്‍പ്പെട്ട മൈലാപ്പൂര്‍ എന്ന സ്ഥലത്ത് തോമാശ്ലീഹാ ഏതാനുംനാള്‍ താമസിച്ചിരുന്നു. അവിടെയും അദ്ദേഹത്തിന് മിത്രങ്ങളേക്കാള്‍ ശത്രുക്കള്‍ അധികമായിരുന്നു. ഇക്കാലഘട്ടമായപ്പോഴേക്കും പ്രായാധിക്യംമൂലമുള്ള ക്ഷീണം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ ക്ഷീണം തെല്ലും വകവയ്ക്കാതെ തന്നാലാവുംവിധം ബുദ്ധിമുട്ടുകള്‍ സഹിച്ച് ദൗത്യം പൂര്‍ത്തിയാക്കുവാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. സാധിക്കുന്ന വിധത്തില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തി അദ്ദേഹം ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിന്റെ പര്യടനത്തിന്റെ ഒരവസരത്തില്‍ ശത്രുക്കളുടെ സങ്കേതത്തില്‍ ചെന്നുപെടുവാന്‍ ഇടയായി കിട്ടിയ അവസരം മുതലെടുക്കുവാന്‍ ക്രിസ്തുമതവിരോധികളായ ആ കശ്മലന്മാര്‍ തീരുമാനിച്ചു. അവര്‍ സംഘംചേര്‍ന്ന് ചുറ്റുംകൂടി തടഞ്ഞുനിര്‍ത്തി ക്രിസ്തുമതവിശ്വാസത്തിന് നിരക്കാത്ത ചില പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ തോമാശ്ലീഹായെ നിര്‍ബന്ധിച്ചു. യേശുദേവനെ തള്ളിപ്പറഞ്ഞ്, അവരുടെ ദൈവത്തെ ആരാധിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്നവര്‍ താക്കീതു നല്കി. അസഭ്യവാക്കുകള്‍കൊണ്ട് അദ്ദേഹത്തെ അവര്‍ ശ്വാസം മുട്ടിച്ചു. സഹികെട്ട ശ്ലീഹാ അവസാനം കുരിശടയാളം വരച്ച് തീക്ഷണമായി പ്രാര്‍ത്ഥിച്ചു. തല്‍ക്ഷണം ഭയങ്കരമായ അഗ്നിബാധയുണ്ടാവുകയും തന്നെ തടഞ്ഞ് അസഭ്യവര്‍ഷം ചൊരിഞ്ഞവരുടെ പ്രാര്‍ത്ഥനാലയം അഗ്നിക്കിരയാവുകയും ചെയ്തു. ഈ സംഭവത്തോടുകൂടി ശത്രുക്കള്‍ പ്രാണരക്ഷാര്‍ത്ഥം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. അപ്പോസ്‌തോലന്‍ തെല്ലും ഭയപ്പെടാതെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു.
രക്തസാക്ഷി
കാലം പിന്നെയും കടന്നുപോയി. ശത്രുക്കള്‍ കൂടുതല്‍ ശക്തി സംഭരിച്ച് രാവും പകലും വീക്ഷിച്ച് എങ്ങനെയും അദ്ദേഹത്തെ വധിക്കുവാന്‍ പ്ലാന്‍ ചെയ്തുകൊണ്ടിരുന്നു. ഏതു ശത്രുവിനെയും നിഷ്പ്രയാസം തോല്പിക്കുവാന്‍ തക്ക ദൈവീകമായ പിന്‍ബലം അദ്ദേഹത്തിനുണ്ടെങ്കിലും ഇനി അതിനു മുതിരേണ്ട, സമയം സമാഗതമായി, തന്റെ ദൗത്യം പൂര്‍ത്തിയായി എന്ന ചിന്ത അദ്ദേഹത്തില്‍ കടന്നുകൂടി. ദൈവം അനുവദിക്കുമെങ്കില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗ്ഗീയാനന്ദം അനുഭവിക്കാന്‍ ഇനി വൈകേണ്ടതില്ല. അതിനു തന്നെ അനുവദിക്കണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. സുവിശേഷപ്രചാരണയാത്രകള്‍ കുറച്ച് പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചു. പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗീയനാഥനുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള സമയം സമാഗതമായി എന്ന ചിന്ത അദ്ദേഹത്തെ സന്തോഷചിത്തനാക്കി.
മൈലാപൂരിലെ ചിന്നമലയില്‍ സ്ഥാപിച്ച കുരിശിന്‍ചുവട്ടില്‍ സാഷ്ടാംഗം പ്രണമിച്ച് നിരന്തരം അദ്ദേഹം പ്രാര്‍ത്ഥനയില്‍ ലയിച്ചു. അവസാനം ഭക്ഷണവും മറ്റും ഉപേക്ഷിച്ച് രാപകല്‍ പ്രാര്‍ത്ഥിച്ച് കുരിശിന്‍ ചുവട്ടില്‍തന്നെ സമാധിയില്‍ ലയിച്ചു. ഈ തക്കം മുതലെടുത്ത് ക്രൂരന്മാരായ ശത്രുക്കള്‍ കുന്തംകൊണ്ട് മാരകമാംവിധം അദ്ദേഹത്തെ കുത്തിയശേഷം ഓടിമറഞ്ഞുകളഞ്ഞു. താമസംവിനാ ആ പാവനാത്മാവ് സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് പറന്നുയര്‍ന്നു. ഇതുസംഭവിച്ചത് എ.ഡി. 72 ജൂലൈ 3-ാം തീയതിയായിരുന്നു. അങ്ങനെ തന്റെ ഓട്ടം പൂര്‍ത്തിയാക്കി വിശ്വാസം സംരക്ഷിച്ചുകൊണ്ട് അഭിലഷിച്ചവിധം തന്നെ രക്‌സസാക്ഷിയായി ഈ ലോകത്തോടു യാത്രപറയുവാനുള്ള അനുഗ്രഹം ദൈവം അദ്ദേഹത്തിനു നല്‍കി.
തോമാശ്ലീഹായുടെ മരണവാര്‍ത്ത ഞെട്ടലോടെയും അത്യന്തം ദുഃഖത്തോടെയുമാണ് ക്രൈസ്തവര്‍ ശ്രവിച്ചത്. ഒരു വലിയ ജനാവലി ചിന്ന മലയിലെത്തിച്ചേര്‍ന്ന് പൂജ്യശരീരം വണങ്ങുകയും സംസ്‌കാരകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മൈലാപ്പൂര്‍ ദേവാലയത്തില്‍ വളരെ പൂജ്യമായി ആ തിരുമേനി അടക്കം ചെയ്തു. അന്നുമുതല്‍ നിരവധി അത്ഭുതങ്ങള്‍ അവിടെ ഉണ്ടായിക്കൊണ്ടിരുന്നു, മൈലാപ്പുരിലും ചിന്നമലയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഭക്തജനപ്രവാഹമായി. കുന്തത്താലുള്ള കുത്ത് ഏല്ക്കുമ്പോള്‍ തോമാശ്ലീഹാ ആശ്ലേഷിച്ചിരുന്ന ചിന്നമലയിലെ കുരിശ് മൈലാപ്പുര്‍ ദേവാലയത്തില്‍ സൂക്ഷിക്കുകയായിരുന്നു. മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ പ്രസ്തുതകുരിശില്‍ നിന്നും രക്തം പ്രവഹിക്കുമായിരുന്നു.
തോമാശ്ലീഹായുടെ ഘാതകരിലൊരുവന്റെ പുത്രന് ആ ദിവസങ്ങളില്‍ തന്നെ അതിഭയങ്കരമായ രോഗം പിടിപെട്ട് മരണത്തോട് മല്ലടിക്കുകയായിരുന്നു. മകന്റെ ദീനം തന്റെ കഠോരപ്രവ്യത്തിയുടെ ഫലമാണെന്ന് മനസ്സിലാക്കിയ അയാള്‍ പുത്രനെ എടുത്തുകൊണ്ടുവന്നു കല്ലറയില്‍ മുട്ടിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുകയും ചെയ്തു. കല്ലറയ്ക്കു മുകളിലെ മണ്ണുവാരി രോഗിയുടെ ദേഹത്ത് തീക്ഷണമായ വിശ്വാസത്തോടുകൂടി പിതാവ് പൂശി. തല്‍ക്ഷണം രോഗം നിശേഷം വിട്ടുമാറുകയും കൃതജ്ഞതയര്‍പ്പിച്ച് രണ്ടുപേരും സന്തോഷത്തോടെ മടങ്ങുകയും ചെയ്തു. തോമാശ്ലീഹായുടെ ഭൗതീകാവശിഷ്ടം നാലാം നൂറ്റാണ്ടില്‍ മൈലാപൂരില്‍ നിന്നും എദ്ദേസായിലേക്കു കൊണ്ടുപോയെന്നും പിന്നീട് ഇറ്റലിയിലെ ഒര്‍ട്ടോണാ എന്ന സ്ഥലത്തേയ്ക്ക് മാറ്റിയെന്നുമാണ് പാരമ്പര്യ വിശ്വാസം. 1972ല്‍ തോമാശ്ലീഹായുടെ 19-ാം ചരമശതാബ്ദി ആഘോഷിച്ച അവസരത്തില്‍ ആറാം പൗലോസ് മാര്‍പ്പാപ്പ അദ്ദേഹത്തെ ഭാരത അപ്പസ്‌തോലന്‍ എന്നു പ്രഖ്യാപിക്കുകയുണ്ടായി.
ഉപസംഹാരം
ഈ ഭാരതമണ്ണില്‍ വിശ്വാസത്തിന്റെ വിത്തുപാകിയ വിശുദ്ധ തോമാശ്ലീഹായോടു നാം കടപ്പെട്ടിരിക്കുന്നു. യേശുവിന്റെ അരുമശിഷ്യനും നമ്മുടെ പിതാവുമായ മാര്‍ തോമാശ്ലീഹായോടു നമുക്ക് മദ്ധ്യസ്ഥം അപേക്ഷിക്കാം. മദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനുമുമ്പായി അദ്ദേഹത്തോടു മാപ്പപേക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്. സുദീര്‍ഘമായ കാലഘട്ടം യാതനകളനുഭവിച്ച് ഈ ഭാരതഭൂവില്‍ വിശ്വാസദീപം തെളിക്കുകയും പള്ളികള്‍ സ്ഥാപിക്കുകയും പതിനായിരങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്തി സഭാസമൂഹത്തിന് അടിത്തറയുറപ്പിക്കുകയും ചെയ്തശേഷം ഇവിടെവച്ചുതന്നെ രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗ്ഗീയ ഓര്‍ശ്ലത്തേക്കു പ്രവേശിച്ച തോമാശ്ലീഹായോടു നീതി പുലര്‍ത്തുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ആദ്യനൂറ്റാണ്ടുകളിലെ വിശ്വാസചൈതന്യത്തില്‍ നിന്നും കൂട്ടായ്മയില്‍നിന്നുമെല്ലാം നാമിന്ന് അകന്നു കഴിയുന്നു. ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വിശിഷ്ടവ്യക്തിത്വത്തിനുടമയായ ദൈവപുത്രന്‍ യേശുനാഥന്റെ സത്യസഭയില്‍ ജനിച്ചതുകൊണ്ടു മാത്രമായില്ല. നാഥനു സാക്ഷികളാകുവാന്‍ ജീവിതമാതൃകവഴി മറ്റു മതസ്ഥര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്കുവാനും നമുക്കിന്നു സാധിക്കുന്നുണ്ടോ? നമ്മില്‍ പലരും സന്മാതൃകയ്ക്ക് പകരം ദുര്‍മാതൃകയല്ലേ ഇന്നു സമൂഹത്തില്‍ കാട്ടിക്കൊടുക്കുന്നത്.
'ഞാന്‍ ക്രിസ്തുവിനെ ബഹുമാനിക്കുന്നു, ക്രിസ്ത്യാനികളെ വെറുക്കുന്നു' എന്നു ഗാന്ധിജിപോലും പറയുവാനുണ്ടായ കാരണമെന്താണ്? യേശുവിന്റെ പ്രബോധനങ്ങളും ജീവിതമാതൃകയും പ്രാവര്‍ത്തികമാക്കുന്നതില്‍ സ്വന്തജനം തന്നെ പരാജയപ്പെട്ടതാണ് കാരണമെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇരുപതു നൂറ്റാണ്ടു പിന്നിടുന്ന നമുക്ക് അഭിമാനിക്കത്തക്ക പുരോഗതി കൈവരുത്തുവാന്‍ സാധിക്കുന്നുണ്ടോ? കേവലം രണ്ടു ശതമാനത്തില്‍ ഒതുങ്ങിനില്ക്കുന്നതിന്റെ കാരണത്തെപ്പറ്റി സഭയെ നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
വിശുദ്ധ തോമാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ