വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1805 ഫെബ്രുവരി 10ാം തീയതി ആലപ്പുഴയില്‍ കൈനകരി എന്ന ഗ്രാമത്തില്‍ ചാവറ കുടുംബത്തില്‍ ജനിച്ചു. 1815 ല്‍ പ്രഥമ വിദ്യാഭ്യാസത്തിനുശേഷം ചേര്‍ത്തലയില്‍ പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന സെമിനാരിയില്‍ പാലയ്ക്കല്‍ തോമാമല്പാന്റെ കീഴില്‍ വൈദീകനാകുവാന്‍ പഠിച്ചു. 1827 ല്‍ സബ് ഡയക്കനേറ്റും, 1828 ല്‍ ഡീക്കന്‍ പട്ടവും സ്വീകരിച്ചു. 1829 നവംബര്‍ 29ാം തീയതി അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍വച്ച് പൗരോഹിത്യം സ്വീകരിച്ചു.
ശിശുപ്രായത്തില്‍ ചാവറയച്ചന്റെ അമ്മ ഈശോ എന്ന നാമം ചൊല്ലിക്കൊടുത്ത് വളര്‍ത്തിയതിനാല്‍ ഈശോയ്ക്കുവേണ്ടി അര്‍പ്പണമനോഭാവത്തോടെ ജീവിക്കണമെന്ന ആഗ്രഹം മനസ്സില്‍ നിറഞ്ഞിരുന്നു. വൈദികനായശേഷം 1831 ല്‍ പാലയ്ക്കല്‍ തോമാമല്പാനോടും പോരൂക്കര തോമാമല്പാനോടും കൂടി കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനംകുന്നില്‍ ഒരു ആത്മീയഭവനത്തിന് അടിസ്ഥാനമിട്ടു. കണിയാന്തറ യാക്കോബ് സഹോദരനും ഇവരോടൊപ്പം ചേര്‍ന്നു. എല്ലാറ്റില്‍ നിന്നും ഒതുങ്ങി പാര്‍ക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഈ ഭവനത്തിന് ബേസ്‌റൗമാ (ഉയരത്തിലെ വീട്) എന്നായിരുന്നു പേര് നല്‍കിയിരുന്നത്. അത് വളര്‍ന്ന് അമലോത്ഭവദാസസംഘം എന്ന പേരില്‍ ഒരു വൈദീകസമൂഹം മാന്നാനംകുന്നില്‍ രൂപപ്പെട്ടു. ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസസഭയായ സി.എം.ഐ. അങ്ങനെ ആരംഭിച്ചു. 1841 ല്‍ പാലയ്ക്കല്‍ തോമാമല്പാന്‍ മരണമടഞ്ഞു. 1846 ല്‍ പോരൂക്കര തോമാമല്പാനും മരണമടഞ്ഞതോടെ സഭയുടെ ഉത്തരവാദിത്ത്വം മുഴുവനും മരണം വരെയും കുര്യാക്കോസ് ഏലിയാസ് പിതാവില്‍ നിക്ഷിപ്തമായി. സഭയെ പിടിച്ചുലച്ച റോക്കോസ് ശീശ്മയില്‍നിന്ന് സഭയെ സംരക്ഷിക്കുന്നതിനായി കുര്യാക്കോസ് ഏലിയാസ് പിതാവിനെ മെത്രാപ്പോലീത്ത വികാരി ജനറളായി നിയമിച്ചു.
1831മുതല്‍ മാന്നാനത്ത് പ്രവര്‍ത്തിച്ച കുര്യാക്കോസ് ഏലിയാസ് പിതാവ് വിദ്യാഭ്യാസ പുരോഗതിയ്ക്കായി മാന്നാനത്ത് സംസ്‌കൃതസ്‌കൂള്‍ ആരംഭിക്കുകയും മരപ്രസ്സ് സ്ഥാപിക്കുകയും ചെയ്തു. ആരാധനക്രമം പരിഷ്‌ക്കരിക്കുകയും പള്ളികളില്‍ ഞായറാഴ്ച പ്രസംഗങ്ങളും ജനങ്ങളുടെ ആദ്ധ്യാത്മികാഭിവൃദ്ധിയ്ക്കായി ധ്യാനങ്ങളും ക്രമീകരിക്കുകയും ചെയ്ത ചാവറ പിതാവ് ജീവിതത്തിന്റെ അവസാന ഏഴ് വര്‍ഷക്കാലം കൂനമ്മാവിലായിരുന്നു ചെലവഴിച്ചത്. 1866ല്‍ ഭാരതത്തിലെ ആദ്യ ഏതദ്ദേശിയ സന്യാസിനി സഭയായ സി.എം.സിക്ക് രൂപം നല്‍കി. 1871ല്‍ കൂനമ്മാവില്‍ ഭാഗ്യമരണം പ്രാപിച്ച കുര്യാക്കോസ് ഏലിയാസ് പിതാവിനെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ സംസ്‌കരിച്ചു. പിന്നീട് 1889മേയ് മാസം 24ാം തീയതി ചാവറ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൂനമ്മാവില്‍ നിന്നും സി.എം.ഐ. സഭയുടെ മാതൃഭവനമായ മാന്നാനം ആശ്രമദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ജീവിതകാലത്തു തന്നെ വിശുദ്ധിയുടെ നിറകുടമായിരുന്ന ചാവറ പിതാവ് മരണശേഷം അനേകര്‍ക്ക് ആശ്രയകേന്ദ്രമായി. തന്റെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയ ചാവറപിതാവിന്റെ കീര്‍ത്തി നാട്ടിലെങ്ങും പരന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മ രോഗിണിയായിരുന്നപ്പോള്‍ ചാവറപിതാവിന്റെ മദ്ധ്യസ്ഥം യാചിക്കുകയും അതിന്റെ ഫലമായി ചാവറപിതാവ് അല്‍ഫോന്‍സാമ്മായ്ക്ക് രോഗശാന്തി നല്കിയതായും വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചാവറപിതാവിന്റെ നാമകരണനടപടികള്‍ 1956ല്‍ ആരംഭിച്ചു. 1986ല്‍ കോട്ടയത്തുവച്ച് പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചാവറപിതാവിനെ വാഴ്ത്തപ്പെട്ടവനെന്ന പദവിയിലേയ്ക്കുയര്‍ത്തി. 2014നവംബര്‍ 23 ന് റോമില്‍വച്ച് കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിനെ വിശുദ്ധനെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നാമകരണം ചെയ്തു. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ അള്‍ത്താരയുടെ മുന്നില്‍ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്നു.
കുടുംബഭദ്രതയ്ക്കു് വേണ്ടി വിശുദ്ധ ചാവറയച്ചന്റെ പ്രവാചകവചനങ്ങള്‍
1. നല്ല ക്രിസ്ത്യാനികുടുംബം ആകാശമോക്ഷത്തിന്റെ സാദൃശ്യമാകുന്നു. കുടുംബം എന്നാല്‍, രക്തത്താലും, സ്‌നേഹത്താലും ബന്ധപ്പെട്ടവര്‍ കാരണവന്‍മാരോടു ബഹുമാനവും വിധേയത്വവും പുലര്‍ത്തി. തമ്പുരാനോടും മനുഷ്യരോടും സമധാനത്തില്‍വര്‍ത്തിച്ച് അവരവരുടെ അന്തസ്സിനനുസരിച്ച് നിത്യരക്ഷ പ്രാപിക്കുന്നതിന് പ്രയത്‌നം ചെയ്ത് ഒരുമിച്ച് ജീവിക്കുന്നതാകുന്നു.
2. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ ലോകജീവിതത്തില്‍ ദുഃഖങ്ങളില്‍ ആശ്വാസവും സമാധാനവും നല്കുന്നത് പരസ്പരസ്‌നേഹവും ക്രമവും ഉള്ള കുടുംബത്തില്‍ ജീവിക്കുന്നതാകുന്നു.
3. സമാധാനവും നിഷ്ഠയും ഇല്ലാത്തതും, ദൈവശുശ്രൂഷ ചെയ്യുന്നതിലും നിത്യരക്ഷ നേടുന്നതിലും താത്പര്യം ഇല്ലാത്തതും ആയ കുടുംബത്തില്‍ ജീവിക്കുന്നത് ഏറ്റവും വലിയ ദുരിതമാകുന്നു.
4. നിങ്ങള്‍ പരസ്പരം സ്‌നേഹത്തില്‍ ജീവിക്കുവിന്‍. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഈ ലോകത്തില്‍ സമാധാനവും പരലോകത്തില്‍ നിത്യഭാഗ്യവും നിങ്ങള്‍ അനുഭവിക്കും.
5. സര്‍ക്കാര്‍ വഴക്കുകള്‍ കുടുംബങ്ങളെ നശിപ്പിക്കുന്നു. എത്ര ന്യായമുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കിലും സര്‍ക്കാരില്‍ കേസ്സിനു പോകാതിരിക്കുകയാണ് നല്ലത്.
6. ധനത്തെപ്രതി ക്രമവും ദൈവഭയവും ഇല്ലാത്ത തറവാടുകളുമായി ബന്ധുത്വം സ്ഥാപിക്കേണ്ട.എന്തെന്നാല്‍ ഒരു കുടുംബത്തിന് നന്മയും സന്തോഷവും വരുത്തുന്നതു ധനികരായ ബന്ധുക്കളല്ല. ക്രമവും ദൈവഭയം ഉള്ള ബന്ധുക്കളാണ് വേണ്ടത്.
7. ഒരു കുടുംബത്തിന്റെ പ്രധാനസമ്പത്ത് ദൈവഭയവും ഭക്തിയുമാണ്. ഇത്തരം തറവാട് ഈ ലോകത്തിലും പരലോകത്തിലും ദൈവാനുഗ്രഹത്തിന്റെ ഫലം അനുഭവിക്കും. ദൂഷണങ്ങളും ദുര്‍വാക്കുകളും കാര്‍മേഘംപോലെ നല്ല കുടുംബത്തിന്റെ വെളിച്ചത്തെ ഇല്ലാതാക്കുന്നു.
8. ഭക്തിയെ വര്‍ദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രഗ്രന്ഥങ്ങളും മക്കള്‍ക്കുവേണ്ടി സമ്പാദിച്ചുവയ്‌ക്കേണ്ട നിക്ഷേപങ്ങളാകുന്നു. ചീത്തപുസ്തകങ്ങള്‍ വീട്ടില്‍വച്ച് സൂക്ഷിക്കുന്നത് വയ്‌ക്കോലില്‍ തീ ഒളിച്ചു വയ്ക്കുന്നതിനു തുല്യമാകുന്നു.
9. മാതാപിതാക്കളേ, മക്കളെ വളര്‍ത്തുന്ന കാര്യം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയും ഉത്തരവാദിത്ത്വമാണെന്ന് നന്നായി അറിഞ്ഞുകൊള്ളുവിന്‍. നിങ്ങളാല്‍ സൂക്ഷിക്കപ്പെടുന്നതിനായ് സര്‍വ്വേശ്വരന്‍ തമ്പുരാന്‍ നിങ്ങളുടെ കയ്യില്‍ തന്നിരിക്കുന്ന നിക്ഷേപങ്ങളാണ് മക്കള്‍. തന്റെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കുന്നതിനും, ദൈവശുശ്രൂഷികളാക്കുന്നതിനും, വിധിദിവസത്തില്‍ തിരിച്ചേല്‍പ്പിക്കുന്നതിനുമായി, ഈശോമിശിഹാ നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആത്മാവുകളാണ് മക്കള്‍.
10. നിങ്ങളുടെ വാര്‍ദ്ധക്യത്തില്‍ നിങ്ങളെ സംരക്ഷിക്കുവാനും ആശ്വസിപ്പിക്കുവാനും നല്ല മക്കള്‍ നിങ്ങള്‍ക്കുണ്ടാകണമെങ്കില്‍ അവരുടെ ചെറുപ്രായത്തില്‍ അവരെ നല്ല ക്രിസ്ത്യാനികളാക്കി വളര്‍ത്തുവിന്‍.
11. അമ്മമാര്‍ തങ്ങളുടെ ഉണ്ണികളെ കൂടെ ക്കൂടെ തമ്പുരാന് കാഴ്ചവയ്ക്കുകയും, അവരെ ഈശോ മറിയം യൗസേപ്പിന്റെ മദ്ധ്യസ്ഥതയില്‍ ഏല്പിക്കുകയും, അവര്‍ക്കു വേണ്ടി നിരന്തരം അപേക്ഷിക്കുകയും വേണം. അമ്മയുടെ അപേക്ഷ ഉണ്ണിയുടെ അപേക്ഷയായി ദൈവം കൈകൊള്ളും.
12. കുഞ്ഞുങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ മുതലായ പ്രാര്‍ത്ഥനകളും, സുകൃതജപങ്ങളും അവരെ പഠിപ്പിക്കുക. ശരീരത്തിനുവേണ്ട ആഹാരത്തോടൊപ്പം ഈ ആത്മീയഭക്ഷണവും അവര്‍ക്ക് കൊടുക്കുന്നത് നല്ലതാണ്.
13. മക്കളോട് കാണിക്കുന്ന അധിക കാര്‍ക്കശ്യവും അധികഭയവും രണ്ടും തിന്മയാകുന്നു. അതിവാത്സല്യം അഹങ്കാരം ജനിപ്പിക്കുന്നു. അധികകോപവും ശിക്ഷയുമാകട്ടെ നാണമില്ലായ്മയും, ബുദ്ധിമാന്ദ്യവും, ശരണക്കേടും കുട്ടികളില്‍ വരുത്തും.
14. മാതാപിതാക്കള്‍ പരസ്പരബഹുമാനവും, സ്‌നേഹവും വണക്കവും കാണിക്കുന്നില്ലെങ്കില്‍ മക്കളും അവരെ ബഹുമാനിക്കുകയില്ല.
15. മക്കള്‍ക്ക് ജീവിതാന്തസ്സ് തിരഞ്ഞെടുക്കേണ്ട പ്രായം വരുമ്പോള്‍ അവര്‍ക്ക് അതില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിക്കണം, എന്നാല്‍, അവരുടെ അന്തസ്സ് നിശ്ചയിക്കുന്നത് ദൈവത്തിന്റെയും, അത് തിരഞ്ഞെടുക്കുന്നത് അവരുടെയും കാര്യമാകുന്നു. അത് കാരണവന്മാര്‍ക്കുള്ളതല്ല.
16. മാതാപിതാക്കള്‍ പ്രായാധിക്യത്തിലെത്തുന്നതിനു മൂമ്പുതന്നെ അതായത് അവരുടെ ബോധത്തിന് ബലക്ഷയം വരുന്നതിനു മുമ്പുതന്നെ അവരുടെ വസ്തുക്കള്‍ ഭാഗം ചെയ്തുകൊടുക്കുക. അല്ലെങ്കില്‍ അവരുടെ മരണശേഷം മക്കള്‍ തമ്മിലുണ്ടാകുന്ന വഴക്ക്, തര്‍ക്കം മുതലായ പാപങ്ങള്‍ക്ക് മാതാപിതാക്കള്‍ ഉത്തരവാദികളാകും.
17. കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മാത്രം പോരാ അവര്‍ പഠിക്കുന്നുണ്ടോ എന്നും എങ്ങനെയുള്ള കൂട്ടുകൂടി നടക്കുന്നുവെന്നും അന്വേഷിക്കണം. ഞായറാഴ്ചതോറും അവര്‍ പഠിച്ചതിനെ പരിശോധിക്കുകയും വേണം.
18. വൈകിട്ട് ത്രികാലജപം കഴിഞ്ഞാലുടന്‍ കുടുംബപ്രാര്‍ത്ഥന കൂട്ടമായി നടത്തുക. ഈ സമയത്ത് എത്ര വലിയ വിശിഷ്ടാതിഥികളോ പ്രധാനികളോ ഉണ്ടായിരുന്നാലും പ്രാര്‍ത്ഥന മുടക്കരുത്. കൃത്യസമയത്തുതന്നെ അതു നടത്തുകയും വേണം.
19. വേലക്കാര്‍ക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കുകയോ താമസിപ്പിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഇത് ദൈവത്തിന്റെ പക്കല്‍ നിലവിളിക്കുന്ന പാപമാകുന്നു.
20. പാവപ്പെട്ടവരെ നിന്ദിക്കരുത്. അവരെ ബുദ്ധിമുട്ടിപ്പിക്കുകയുമരുത്. എന്തെന്നാല്‍ ദൈവം അവരുടെ കണ്ണുനീര്‍ കണ്ടാല്‍ തീര്‍ച്ചയായും നിന്നോട് പകരം ചോദിക്കും.
21. അന്യന് ഉപകാരം ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ ദിവസങ്ങളുടെ കണക്കില്‍ ചേര്‍ക്കില്ല.
22. നിന്റെ അന്തസ്സിനു ചേര്‍ന്നവിധത്തില്‍ ജോലി ചെയ്യുക. ജോലി ചെയ്യാതിരിക്കുന്നത് മാന്യതയുള്ളവരുടെ രീതിയല്ല. മടി സര്‍വ്വഗുണങ്ങളുടേയും മാതാവാകുന്നു. പ്രത്യേകിച്ച്, മദ്യപാനത്തിന്റെ പിതാവാകുന്നു. മദ്യപാനം ലോകത്തിനു മുമ്പില്‍ വലിയ അപമാനവും തമ്പുരാന്റെ മുമ്പില്‍ വലിയ പാപവുമാകുന്നു.
23. നീരസങ്ങളെക്കുറിച്ച് പകരം വീട്ടാന്‍ മൃഗങ്ങള്‍ക്കുപോലും സാധിക്കും. എന്നാല്‍ അവയെ സാരം വയ്ക്കാതെ ക്ഷമിക്കുന്നത് മഹാശക്തിയും വിവേകവുമുള്ള വ്യക്തികളുടെ അടയാളവുമാണ്.
24. കടമുള്ള ദിവസങ്ങളില്‍ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നത് കൂടാതെ, നല്ല പ്രസംഗങ്ങള്‍ കേള്‍ക്കുക. നല്ല പുസ്തകങ്ങള്‍ വായിക്കുക. രോഗികളെ പ്രത്യേകിച്ച് പാവപ്പെട്ടവരെ ചെന്നുകണ്ട് ശുശ്രൂഷ ചെയ്യുക മുതലായ പരോപകാരപ്രവൃത്തികള്‍ ചെയ്യുക.
25. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകയില്ല എന്നു കരുതി അവരുടെ മുന്നില്‍വച്ച് ചീത്ത സംസാരങ്ങളും പരദൂഷണങ്ങളും അരുത്.
26. ധാരാളിത്ത്വവും പിശുക്കും രണ്ടു തി്‌സയാകുന്നു. പിശുക്കന്റെ വസ്തു പുഴു തിന്നു. ധാരാളിയുടെ സന്തോഷം പുകപോലെ കടന്നുപോകും.
27. നിനക്ക് സ്‌നേഹിതന്മാര്‍ അധികം വേണ്ട. ആയിരം പേരില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കുക. തമ്പുരാനെ സ്‌നേഹിക്കാത്തവന്‍ സത്യമായും നിന്നെയും സ്‌നേഹിക്കുകയില്ലെന്ന് ഓര്‍ത്തുകൊള്ളുക.
28. നീ സമ്പന്നനാണെങ്കില്‍ അത് കൊട്ടിഘോഷിക്കരുത്. വിവാഹം മുതലായ ആഘോഷങ്ങളില്‍ സ്വന്തം സ്വത്തിനും പ്രാപ്തിക്കും അധികമായി ചെലവു ചെയ്യരുത്. ഒരു വലിയ വെട്ടം കാട്ടി ആളിക്കത്തി പെട്ടെന്ന് കെട്ടുപോകുന്ന ഒരു വൈക്കോല്‍ തുറുവിന്റെ തീയേക്കാള്‍ നല്ലത്, ഒരു ചെറിയ വിളക്കിന്റെ നിലനില്‍ക്കുന്ന വെളിച്ചമാണല്ലോ.
29. പ്രത്യേകമായ ആവശ്യങ്ങള്‍ക്കല്ലാതെ പണം വായ്പ വാങ്ങിക്കരുത്. മുമ്പ് വാങ്ങിച്ചിട്ടുണ്ടെങ്കില്‍ വേഗം തിരിച്ചുകൊടുക്കാന്‍ ഉത്സാഹിക്കണം. എന്നാല്‍ കാരണവന്മ ാര്‍ക്ക് വല്ല കുര്‍ബാന കടങ്ങളോ ഉത്തിരിപ്പ് കടങ്ങളോ ഉണ്ടെങ്കില്‍ അവ വലിയ താത്പര്യത്തോടെ തീര്‍ക്കുക.
30. സൂത്രംകൊണ്ടും കളവുകൊണ്ടും ഉണ്ടാക്കപ്പെട്ട സമ്പത്ത് മഞ്ഞുപോലെ വേഗം അലിഞ്ഞുപോകും.
31. ഒരു വീട്ടില്‍നിന്ന് എല്ലാവര്‍ക്കും കുര്‍ബ്ബാനയില്‍ സംബന്ധിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദിവസവും ഒന്നോ രണ്ടോ പേരെങ്കിലും മാറി മാറി കുര്‍ബ്ബാനയ്ക്കു പോകേണ്ടതാകുന്നു.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ