ഇരിങ്ങാലക്കുട താലൂക്കിലെ ഒരു ഉള്‍ഗ്രാമമായ കാട്ടൂരില്‍ 1877 ഒക്‌ടോബര്‍ 17 ന് സമൃദ്ധിയുടെ നിറവിലേക്കാണ് റോസ പിറന്നുവീണത്. എലുവത്തിങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മൂത്തമകളാണവള്‍. കുരുന്നുപ്രായം മുതലേ ദിവ്യതയ്ക്കുവേണ്ടിയുളള ഒരു വ്യക്തിഗതഅന്വേഷണം റോസയില്‍ തെളിഞ്ഞുനിന്നു. ആത്മീയജീവിതം ഗൗരവമായിട്ടെടുത്ത ഒരാളായാണ് റോസയെ കാണാനാകുക. അമ്മയും അത്തരക്കാരിയായിരുന്നു. വിശ്വാസത്തില്‍ വേരുറച്ചവള്‍. സ്വര്‍ഗീയറാണിയായ പരിശുദ്ധ അമ്മയെയും മാലാഖമാരെയും കുറിച്ചാണ് അവര്‍ തമ്മില്‍ സംഭാഷണം ചെയ്തിരുന്നത്. സ്വര്‍ഗവാസികളുമായുളള സംസര്‍ഗത്തിനുളള ഒരു ചായ്‌വ് റോസയ്ക്ക് സഹജമായുണ്ടെന്ന് അമ്മ മനസിലാക്കി. ഒമ്പതാം വയസ്സില്‍ തന്റെ കന്യാത്വം ദൈവത്തിന് പ്രതിഷ്ഠിച്ചു താനൊരു കന്യാസ്ത്രീയാകുമെന്ന് തീരുമാനിച്ചു.
എന്നാല്‍ തന്റെ ഓമനമകളെ വിലയും നിലയും ഉളള ഒരു കുടുംബത്തില്‍ കെട്ടിച്ചയക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്ന റോസയുടെ പിതാവിന്, ഇളയവളായ കൊച്ചുത്രേസ്യയുടെ അകാലചരമം വലിയ തിരിച്ചടിയായി. തന്റെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന പിതാവ് അന്തോണി, മകളെ വിശുദ്ധ ചാവറയച്ചനും വന്ദ്യനായ ലെയോപോള്‍ദ് അച്ചനും ചേര്‍ന്ന് 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മ്മലീത്താ മഠത്തിന്റെ ബോര്‍ഡിങ്ങിലാക്കി. ബോര്‍ഡിങ്ങില്‍വച്ച് അവള്‍ പുണ്യത്തിലും പ്രാര്‍ത്ഥനയിലും കരവേലകളിലും പഠനത്തിലും അതിവേഗം വളര്‍ന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. രണ്ടു പ്രാവശ്യം വീട്ടിലേക്കു പോയി. സുഖമായപ്പോള്‍ വീണ്ടും സ്വീകരിക്കപ്പെട്ടു. മൂന്നാംപ്രാവശ്യം മാരകമായ രോഗത്താല്‍ തീര്‍ത്തും അവശയായെങ്കിലും തിരുക്കുടുംബദര്‍ശനത്താല്‍ അവള്‍ സൗഖ്യം പ്രാപിച്ചു. 1897 മെയ് 10-ാം തീയതി അവള്‍ക്ക് ശിരോവസ്ത്രം ലഭിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
പ്രശ്‌നങ്ങളും സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും റോസയെ ഏറെ അലട്ടി. അതുപോലെതന്നെ സ്വര്‍ഗ്ഗീയാനന്ദവും ഉണ്ടായിരുന്നു. 1898 ജനുവരി 10-ാം തീയതി അവള്‍ക്ക് അനുഗൃഹീതമായ കര്‍മലസഭാവസ്ത്രം ലഭിച്ചു. അവളുടെ എല്ലാ ആദ്ധ്യാത്മികസംഘട്ടനങ്ങളും ദൈവികവെളിപാടുകളും മാര്‍ യോഹന്നാന്‍ മേനാച്ചേരിയെ അദ്ദേഹത്തിന്റെ കല്‍പ്പനപ്രകാരം കത്തുകള്‍ മുഖേന അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ രചിക്കപ്പെട്ട എണ്‍പതോളം കത്തുകള്‍ എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍ എന്ന പേരില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1900 മെയ് 24-ാം തീയതി ഒല്ലൂരില്‍ സ്ഥാപിതമായ സെന്റ് മേരീസ് മഠത്തിന്റെ ആശീര്‍വാദദിനത്തില്‍ സി. എവുപ്രാസ്യ നിത്യവ്രതം ചെയ്തു. 1952 ഓഗസ്റ്റ് 29 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെയുളള കാലയളവില്‍ ഏകദേശം 48 വര്‍ഷത്തോളം ഈ സുകൃതിനി ഒല്ലൂര്‍ മഠത്തില്‍തന്നെയാണ് താമസിച്ചിട്ടുളളത്. നോവിസ് മിസ്ട്രസ്, മഠാധിപ തുടങ്ങിയ വലിയ ഉത്തരവാദിത്ത്വങ്ങളില്‍ നിയോഗിക്കപ്പെട്ട സി. എവുപ്രാസ്യയുടെ പ്രാര്‍ത്ഥനാജീവിതവും നിയമാനുഷ്ഠാനതാല്പര്യവും താപസകൃത്യങ്ങളും ജീവിതകാലത്തുതന്നെ പ്രത്യേകം ശ്രദ്ധേമായിരുന്നു. എളിയ ഭാവത്തോടെ എപ്പോഴും വ്യാപരിക്കാനും കര്‍ത്താവ് നല്‍കിയ ആത്മീയവരങ്ങള്‍ സന്തോഷപൂര്‍വ്വം മറ്റുളളവരുടെ നന്മയ്ക്കുവേണ്ടി ചെലവഴിക്കാനും എവുപ്രാസ്യമ്മ സദാ ഉത്സുകയായിരുന്നു.
നീണ്ട മണിക്കൂറുകള്‍ തിരുസന്നിധിയില്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന ഈ സുകൃതിനി 'പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്ന അപരനാമത്തിലാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. 'പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത് 'എന്നു തുടങ്ങിയ മൂല്യപാഠങ്ങള്‍ നല്‍കാനും, തൊഴിലും വിവാഹവും സന്താനലബ്ധിയും പരീക്ഷാവിജയവും സമാധാനവും മറ്റും കരഗതമാകാനും ജനത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കാന്‍ അമ്മ ഏറെ ശ്രദ്ധിച്ചിരുന്നു. ആശ്രമശുശ്രൂഷികളോട് ആശ്രിതവാത്സല്യം പുലര്‍ത്തിയിരുന്ന എവുപ്രാസ്യമ്മ കനിവിന്റെ മാലാഖയായിരുന്നു അവര്‍ക്ക്. ചൊറിയും ചിരങ്ങും പിടിച്ചിരുന്ന അന്നക്കുട്ടിയെന്ന ആശ്രമശുശ്രൂഷിക്ക് സ്‌നേഹത്തിന്റെ തൈലം പകര്‍ന്ന എവുപ്രാസ്യമ്മ അലിവിന്റെ അമ്മയായി അന്നക്കുട്ടിയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു. രോഗികളെയും ആസന്നമരണരെയും ശുശ്രൂഷിക്കാന്‍ ഒരു പ്രത്യേക കരിസ്മ ഈ വിശുദ്ധയ്ക്കുണ്ടായിരുന്നു. ടി.ബി, കോളറ, വസൂരി മുതലായ പകര്‍ച്ചരോഗങ്ങള്‍ അന്ന് സാധാരണമായിരുന്നു. അത്തരം രോഗങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന സിസ്റ്റേഴ്‌സ് എവുപ്രാസ്യമ്മയുടെ സാന്നിദ്ധ്യവും ശുശ്രൂഷയും പ്രാര്‍ത്ഥനാസഹായവും ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് അവരെ ശുശ്രൂഷിക്കാനും നല്ല മരണത്തിന് ഒരുക്കാനും ഒല്ലൂരിന്റെ ഈ വിശുദ്ധ എപ്പോഴും തയ്യാറായിരുന്നു. അതിനായി മണലൂര്‍, അമ്പഴക്കാട് എന്നീ മഠങ്ങളിലേക്ക് പലപ്പോഴും യാത്ര ചെയ്തിട്ടുണ്ട്.
1952 ല്‍ എവുപ്രാസ്യമ്മയുടെ മരണശേഷം പുണ്യകീര്‍ത്തി നാടെങ്ങും പരന്നു. നാമകരണനടപടികള്‍ 1986 ല്‍ ആരംഭിച്ചു. എവുപ്രാസ്യമ്മയുടെ സുകൃതങ്ങള്‍ തീര്‍ത്തും വീരോചിതമെന്ന് അംഗീകരിച്ച്, 2002 ജൂലൈ 5 ന് വി.ജോണ്‍ പോള്‍ മാര്‍പാപ്പ എവുപ്രാസ്യമ്മയെ ധന്യയായി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ അഞ്ചേരിയിലെ തോമസ് തരകന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 1997 ഡിസംബര്‍ 4-ാം തീയതി എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥത്താല്‍ കാന്‍സര്‍ രോഗത്തില്‍നിന്ന് അത്ഭുതകരമായി പരിപൂര്‍ണ്ണസൗഖ്യം ലഭിച്ചു. എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥത്താലാണ് ഇത് സംഭവിച്ചത് എന്ന് തെളിഞ്ഞ്, പരിശുദ്ധ പിതാവ് മാര്‍ ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പ 2006 ജൂണ്‍ 26-ാം തീയതി എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് അംഗീകാരം നല്‍കി. വാഴ്ത്തപ്പെട്ടവളെന്ന ഈ പ്രഖ്യാപനം 2006 ഡിസംബര്‍ 30-ാം തീയതി വമ്പിച്ച വിശ്വാസസമൂഹത്തെ സാക്ഷി നിര്‍ത്തി, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, പേപ്പല്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് പെദ്രൊ ലോപ്പസ് ക്വിന്താനയുടെയും തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെയും മറ്റ് ആര്‍ച്ച് ബിഷപ്പുമാരുടെയും ജനറാളച്ചന്മാരുടെയും സാന്നിദ്ധ്യത്തില്‍ ഒല്ലൂര്‍ ഫൊറോന പളളിയങ്കണത്തില്‍ വച്ച് ഭക്തിയോടെ നിര്‍വ്വഹിച്ചു.
പിന്നീട് ജുവല്‍ എന്ന കുട്ടിയുടെ തൈറോഗ്‌ളോസ്സല്‍ സിസ്റ്റ് ഓപ്പറേഷന്‍ കൂടാതെ അത്ഭുതകരമായി സുഖപ്പെട്ട വിവരം റോമില്‍ അറിയിക്കുകയും റോം അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എവുപ്രാസ്യമ്മയെ 2014 ഏപ്രില്‍ 4 ന് വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
വിശുദ്ധജീവിതം ലോകത്തിന് വെളിപ്പെടുത്തിയത് 80 കത്തുകള്‍
ഒല്ലൂര്‍ : എവുപ്രാസ്യമ്മയുടെ വിശുദ്ധജീവിതം ലോകത്തിന് വെളിപ്പെടുത്തിയത് 80 കത്തുകള്‍. തന്റെ ആത്മീയപിതാവായിരുന്ന ബിഷപ് ജോണ്‍ മേനാച്ചേരിക്ക് എവുപ്രാസ്യമ്മ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുകളാണ് ആ വിശുദ്ധയുടെ ദൈവികത വെളിപ്പെടുത്തിയത്. പല തവണ ഉണ്ടായ ദൈവികദര്‍ശനങ്ങളും ജീവിച്ചിരിക്കുമ്പോള്‍തന്നെ ചെയ്യുവാന്‍ സാധിച്ച അത്ഭുതങ്ങളും രോഗപീഡകളാല്‍ അനുഭവിച്ച നരകവേദനയും എല്ലാം ഈ കത്തുകളില്‍ അമ്മ ഉള്‍ക്കൊളളിച്ചിരുന്നു. നിരന്തരമായ രോഗപീഡകള്‍ മൂലം മഠത്തില്‍നിന്നു പറഞ്ഞുവിടാന്‍ അധികാരികള്‍ ഒരുങ്ങിയപ്പോള്‍ ഉണ്ടായ അത്ഭുതംതന്നെ ഇത് വെളിവാക്കുന്നു. മൃതപ്രായമായി കിടക്കുന്ന എവുപ്രാസ്യമ്മയ്ക്ക് മഠത്തില്‍വച്ച് രോഗീലേപനം കൊടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അമ്മ പുഞ്ചിരിക്കുന്നു. കൈ ഉയര്‍ത്തുന്നു..മരണ വെപ്രാളമാകും എന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് അമ്മ എഴുന്നേറ്റിരിക്കുന്നു. ഇതിന് പിന്നിലെ രഹസ്യവും അമ്മ പിന്നീട് വെളിപ്പെടുത്തിയത് ആത്മീയപിതാവിനുളള എഴുത്തിലായിരുന്നു. ഉറക്കത്തിനിടയില്‍ തിരുഹൃദയദര്‍ശനവും ഏറെനാള്‍ സന്യാസിനിയായി ഇനിയും ജീവിക്കുമെന്നുളള മാതാവിന്റെ ഉറപ്പും ഈ കത്തില്‍ ഉള്‍ക്കൊളളിച്ചിരുന്നു.
ഈ കത്തുകളിലൂടെയാണ് എവുപ്രാസ്യമ്മയുടെ വിശുദ്ധജീവിതം പുറംലോകമറിയുന്നത്. വിശുദ്ധിയിലേക്കുളള നാമകരണപ്രക്രിയയിലേക്ക് ഈ എഴുത്തുകളും വഴികാട്ടിയായി മാറി. ഒരു പുണ്യവതി മറ്റൊരു പുണ്യവതിക്കെഴുതിയ കത്തും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നുളളത് കൗതുകകരമാണ്. എവുപ്രാസ്യമ്മയോടൊപ്പം മൂന്ന് മാസം ഒല്ലൂരിലെ മഠത്തിലുണ്ടായിരുന്ന വാഴ്ത്തപ്പെട്ട മിറയം ത്രേസ്യയ്ക്ക് പിന്നീട് എവുപ്രാസ്യമ്മ എഴുതിയ കത്താണിത്. സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ഈ കത്തില്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടു പേരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ആദ്യം വാഴ്ത്തപ്പെട്ടവളായത് മറിയം ത്രേസ്യയാണെങ്കിലും ആദ്യം വിശുദ്ധയായത് എവുപ്രാസ്യമ്മയായത് മറ്റൊരു അപൂര്‍വതയായി. യേശുവിന്റെ പീഡാസഹനം സ്വയം അനുഭവിച്ച് ജീവിച്ചവളായിരുന്നു എവുപ്രാസ്യമ്മ. രോഗപീഡകളാല്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനിടയിലും ക്രിസ്തു പീഡാനുഭവസമയത്ത് അനുഭവിച്ച വേദനകളെല്ലാം സ്വയം അനുഭവിച്ചിരുന്നു.
ഒല്ലൂരിലെ സ്‌കൂള്‍ കുട്ടികളൊക്ക പരീക്ഷ എഴുതാന്‍ പോകുന്ന വഴി സെന്റ് മേരീസ് മഠത്തില്‍ കയറും. അവിടെ എപ്പോഴും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന കന്യാസ്ത്രീയോട് പ്രാര്‍ത്ഥിക്കണേ എന്നു പറയാന്‍ ആ അമ്മ പ്രാര്‍ത്ഥിച്ചാല്‍ പരീക്ഷയില്‍ തോല്‍ക്കില്ല എന്നായിരുന്നു കുഞ്ഞുങ്ങളുടെ വിശ്വാസം. നാട്ടുകാര്‍ അവരുടെ വിവിധആവശ്യങ്ങളുമായി ഈ കന്യാസ്ത്രീയുടെ അടുത്തെത്തിയത് ഈ പിളേളരില്‍നിന്നു കേട്ടാണ്. ആര് ഒരു സങ്കടം പറഞ്ഞെത്തിയാലും അത് എവുപ്രാസ്യമ്മയുടെ സങ്കടമായി മാറും. അത് പ്രാര്‍ത്ഥനയാകും.
മറ്റൊരാളെ വേദനിപ്പിച്ചുവെന്നു നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ ഉടന്‍ ആ വ്യക്തിയുടെ പാദം ചുംബിച്ച് ക്ഷമ ചോദിക്കുക. - എവുപ്രാസ്യമ്മയുടെ വാക്കുകള്‍…
വിശുദ്ധ എവുപ്രാസ്യമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ