കേരളത്തില്‍ കോട്ടയത്തിനടുത്തുള്ള കുടമാളൂര്‍ ഇടവകയില്‍ മുട്ടത്തുപാടത്ത് കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടേയും നാലാമത്തെ സന്താനമായി 1910 ഓഗസ്റ്റ് 19ന്  അന്നക്കുട്ടി ജനിച്ചു. 1910 ഓഗസ്റ്റ് 27ന് കുടമാളൂര്‍ പള്ളിയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അമ്മയുടെ അകാലചരമത്തെതുടര്‍ന്ന്, കേവലം 3 മാസം പ്രായമുള്ള അന്നക്കുട്ടി, മാതൃസഹോദരി മുട്ടുചിറ മുരിക്കന്‍ അന്നമ്മയുടെ സംരക്ഷണത്തിലായി. ഏകദേശം മൂന്നു വയസ്സുള്ളപ്പോള്‍ രോഗം പിടിപെടുകയാല്‍ ചികിത്സാര്‍ത്ഥം അന്നക്കുട്ടിയെ കുടമാളൂരിലേക്ക് തിരികെകൊണ്ടുപോകുകയും സിദ്ധവൈദ്യനായ സ്വന്തം പിതാവിന്റെ ചികിത്സയില്‍ അവള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിക്കുകയും ചെയ്തു.

1916 മേയ് 16-ന് അന്നക്കുട്ടി കുടമാളൂരിനടുത്തുള്ള ആര്‍പ്പൂക്കര തൊണ്ണന്‍കുഴി ഗവ. സ്‌കൂളില്‍ ചേര്‍ന്നു. 1917 നവംബര്‍ 27ന് കൂടമാളൂര്‍ പള്ളിയില്‍വച്ച് പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി. മൂന്നാം ക്ലാസ്സ് കഴിഞ്ഞ് തുടര്‍ന്നുള്ള പഠനത്തിനായി അന്നക്കുട്ടിയെ മാതൃസഹോദരി അന്നമ്മ വീണ്ടും മുട്ടുചിറയിലേക്കു കൊണ്ടുവന്നു. അവിടെ ഗവ. സ്‌കൂളില്‍ ഏഴാം ക്ലാസ്സ്‌വരെ വിദ്യാഭ്യാസം നടത്തി. അക്കാലത്ത് മാതൃസഹോദരിയില്‍ നിന്ന് അന്നക്കുട്ടിക്ക് ലഭിച്ച ശിക്ഷണം, അനുസരണത്തിന്റെയും സ്‌നേഹത്തിന്റെയും വിവേകത്തിന്റെയും വിത്തുകള്‍ അവളില്‍ പാകി, സുന്ദരിയും, സുശീലയും ഭക്തയും വിവേകമതിയുമായി വളര്‍ന്നുവന്ന ആ പെണ്‍കുട്ടി സഹപാഠികള്‍ക്കും അയല്‍ക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കണ്ണിലുണ്ണിയായി മാറി.

സന്യാസിനിയാകണമെന്നുള്ള ആഗ്രഹം ചെറുപ്പംമുതല്‍  അവളില്‍ രൂഢമൂലമായിരുന്നു. എന്നാല്‍ സുന്ദരിയായ അന്നക്കുട്ടിയെ ഒരു നല്ല കുടുംബത്തില്‍ വിവാഹം ചെയ്തയയ്ക്കാനാണ് പേരമ്മ ആഗ്രഹിച്ചത്. ഒരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. മനസ്സമ്മതത്തിനു പോകേണ്ട ദിവസമായി. വിവാഹത്തില്‍നിന്നും രക്ഷപ്പെടുന്നതിന് വീടിന്റെ പിന്‍ഭാഗത്തുള്ള ചാരക്കുഴിയിലെ കനലില്‍, കാല്‍ അല്പം പൊള്ളിക്കാന്‍ അന്നക്കുട്ടി തീരുമാനിച്ചു. പക്ഷേ ഈ ശ്രമത്തില്‍ അവള്‍ തീയിലേയ്ക്ക് വഴുതിവീണ് രണ്ടു കാലും പൊള്ളുന്നതിനിടയായി. അതോടെ വിവാഹം മുടങ്ങി. സന്യാസിനിയാകാന്‍ അങ്ങനെ അവള്‍ക്ക് അനുമതി കിട്ടി.

1927 ലെ പന്തക്കുസ്താനാളില്‍ അന്നക്കുട്ടി ഭരണങ്ങാനത്തുള്ള ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയില്‍ ചേര്‍ന്നു. 1928 ആഗസ്റ്റ് 2ന് അവള്‍ ശിരോവസ്ത്രം സ്വീകരിച്ച് 'അല്‍ഫോന്‍സാ' ആയി. ഉപരിപഠനത്തിനുശേഷം 1930 മേയ് 19ന് അവള്‍ സഭാവസ്ത്രം സ്വീകരിച്ചു. 1932 ല്‍ കുറച്ചുകാലം വാകക്കാട് സ്‌കൂളില്‍ അദ്ധ്യാപികയായി ജോലിനോക്കി. ഒരു വര്‍ഷത്തെ കാനോനിക നോവിഷ്യറ്റിനുശേഷം 1936 ആഗസ്റ്റ് 12ന് നിത്യവ്രത വാഗ്ദാനം ചെയ്ത് സിസ്റ്റര്‍ അല്‍ഫോന്‍സാ, ഈശോയുടെ സ്വന്തമായിത്തീര്‍ന്നു.

കന്യകാലയത്തില്‍ പ്രവേശിച്ചതുമുതല്‍ മരണംവരെ സിസ്റ്റര്‍ അല്‍ഫോന്‍സാ രോഗിണിയായിരുന്നു. കഠോരമായ രോഗങ്ങളാലും മാനസികവേദനയാലും അവള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ്, തന്റെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനായി, തന്റെ എല്ലാ സഹനങ്ങളും കാഴ്ചവച്ചു. ഒരിക്കലും ഒന്നിനും പരാതിപ്പെട്ടിരുന്നില്ല. അല്‍ഫോന്‍സായുടെ സഹനജീവിതത്തെ  'സ്‌നേഹബലി' എന്ന ഒറ്റവാക്കില്‍ സംഗ്രഹിക്കാം.

1946 ജൂലൈ 28-ന് അല്‍ഫോന്‍സാ തന്റെ സഹനബലി പൂര്‍ത്തിയാക്കിക്കൊണ്ട്, സഹനത്തിന്റെ മഹത്വകിരീടം പ്രാപിക്കാനായി മാലാഖമാരുടെ നാട്ടിലേക്ക് പറന്നുപോയി. 02-12-1953-ല്‍ 'ദൈവദാസി', 6-11-1984-ല്‍ 'ധന്യ', 8-2-1986-ല്‍ 'വാഴ്ത്തപ്പെട്ടവള്‍' എന്നിങ്ങനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ട് തിരുസഭ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയെ അംഗീകരിച്ചു. അവസാനം, 12-10-2008-ല്‍ പരിശുദ്ധ പിതാവ് ബനഡിക്ട് 16-ാമന്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ!.