അനായാസമായി നേടിയസമ്പത്തു ക്ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും (സുഭാഷിതങ്ങള്‍ 13:11).
വ്യാജംകൊണ്ടു നേടിയ ധനത്തില്‍ ആശ്രയിക്കരുത്; ആപത്തില്‍ അത് ഉപകരിക്കുകയില്ല (പ്രഭാഷകന്‍ 5:8).
അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേടുന്നവനു ഹാ! കഷ്ടം. പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനം വരുത്തിവച്ചു; നിന്റെ ജീവന്‍ നഷ്ടപ്പെടുത്തി (ഹബക്കുക്ക് 2:9-10).
സമ്പത്തിന്‍മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു (സുഭാഷിതങ്ങള്‍ 23:5).
മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് (ലൂക്കാ 12:15).
ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട് (1 തിമോത്തേയോസ് 6:6-10).
കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കോറിന്തോസ് 6:10).
അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത് (ലൂക്കാ 12:15).
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ (ഹെബ്രായര്‍ 13:5).