'ഞാനും ഒരു പാപിയാണ്. ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ ആശ്രയിച്ച് ജീവിക്കുന്നൊരാള്‍!' ബോളിവിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലില്‍ കൊടുംകുറ്റവാളികളുടെ മദ്ധ്യേ വച്ച് ഫ്രാന്‍സിസ് പാപ്പാ ഇത് പറഞ്ഞപ്പോള്‍ അവര്‍ ദൈവത്തിന്റെ കാരുണ്യത്തെകുറിച്ചോര്‍ത്തു മിഴി നനഞ്ഞു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ബോളീവിയയിലെ പാല്‍മസോള ജയില്‍ സന്ദര്‍ശിച്ച വേളയിലാണ് പാപ്പാ ഇത് പറഞ്ഞത്. അദ്ദേഹം അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബുവനോസ് ഐരിസിന്റെ ആര്‍ച്ചുബിഷപ്പായിരുന്ന കാലത്തും തടവറകള്‍ സന്ദര്‍ശിച്ചിരുന്നു.
നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ ചോദിക്കുന്നുണ്ടാവാം. ആരാണിയാള്‍ ? എന്നെ കുറിച്ച് ഉറപ്പായി ഒരു കാര്യം എനിക്ക് പറയാന്‍ സാധിക്കും. ദൈവത്തിന്റെ അനന്തമായ ക്ഷമയുടെ മധുരം നുകര്‍ന്നയാളാണ് ഞാന്‍. പാപ്പാ പറഞ്ഞു. ഒരു കാര്യം മാത്രം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ സ്‌നേഹിക്കുന്ന ഒരു കാര്യം അത് യേശുക്രിസ്തുവാണ്. പിതാവിന്റെ കാരുണ്യം മനുഷ്യകാരം പൂണ്ട യേശുക്രിസ്തു!
5000 ത്തോളം തടവുപുളളികളും അവരുടെ കുടുംബങ്ങളും വസിക്കുന്നിടമാണ് പാല്‍മസോള ജയില്‍. 2013 ല്‍ ഇവിടെ അരങ്ങേറിയ കുപ്രസിദ്ധ ലഹളയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒന്നര വയസ്സുളള ഒരു കുഞ്ഞുമുണ്ടായിരുന്നു.
നിങ്ങളെ കാണാതെ എനിക്ക് ബോളീവിയ വിട്ടുപോകാന്‍ ആവില്ലായിരുന്നു. ക്രിസ്തുവിന്റെ കുരിശില്‍ വെളിവാകുന്ന സ്‌നേഹത്തിന്റെ ഫലമായ വിശ്വാസവും പ്രത്യാശയും നിങ്ങളുമായി പങ്കുവയ്ക്കാതെ എങ്ങനെ പോകാനാവും. എനിക്ക്? ഇതു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ ജയില്‍ പ്രഭാഷണം ആരംഭിച്ചത്. സങ്കടം വരുമ്പോഴും മനസ്സു തകരുമ്പോഴും നിരാശ വന്നു മൂടുപ്പോഴും ക്രിസ്തുവിന്റെ കുരിശിലേക്ക് മിഴികളുയര്‍ത്താന്‍ അദ്ദേഹം തടവുകാരോട് ആവശ്യപ്പെട്ടു. 'നോക്കൂ ആ മുഖത്തേക്ക്. അവിടുന്ന് നിങ്ങളെ കാണുന്നുണ്ട്. ആ മിഴികള്‍ക്കുളളില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്. അവിടുത്തെ തിരുമുറിവുകളിലേക്ക് നിങ്ങളുടെ മുറിവുകളും വേദനകളും പാപങ്ങളും കൊണ്ടു വരൂ! പാപ്പാ പറഞ്ഞു. തന്നെ സ്വീകരിക്കാന്‍ കാണിച്ച സന്മനസ്സിന് തടവുകാര്‍ക്ക് നന്ദി പറഞ്ഞിട്ടാണ് പാപ്പാ മടങ്ങിയത്.