ചോദ്യോത്തരങ്ങള്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് പുത്തരിയല്ല. എന്നാല്‍ പതിനൊന്നു വ്യത്യസ്ത പത്രപ്രവര്‍ത്തകര്‍ മാറിമാറി ചോദ്യം ചോദിച്ചാലോ? അതും സ്പാനിഷിലും ഇറ്റാലിയനിലും ഇംഗ്ലീഷിലും!

        ഫിലദെല്‍ഫിയയില്‍ നിന്നും റോലിലേക്കുളള മടക്കയാത്ര അമേരിക്കന്‍ എയര്‍ലൈന്‍സില്‍. 47 മിനിറ്റു നീണ്ടുനിന്ന ചോദ്യോത്തരങ്ങള്‍. വിഷയങ്ങള്‍ പലതായിരുന്നു. വിവാഹമോചനം, ലൈംഗികാപവാദങ്ങള്‍, അഭയാര്‍ത്ഥി പ്രശ്‌നം. സ്ത്രീപൗരോഹിത്യം, വരാനിരിക്കുന്ന കുടുംബസിനഡ് എന്നിങ്ങനെ പലതും. ടൈം മാഗസിന്റെ എലിസബത്ത് ഡയസ് ആദ്യചോദ്യം ചോദിച്ചു. അമേരിക്കന്‍ പര്യടനത്തില്‍ പോപ്പിനെ അത്ഭുതപ്പെടുത്തിയ കാര്യമെന്തായിരുന്നു? അമേരിക്കന്‍ ജനതയുടെ സ്വീകരണം തന്നെ. ആതിധേയത്വത്തില്‍ പലരേയും ഇവര്‍ തോല്‍പിച്ചുകളഞ്ഞു. പാപ്പ പറഞ്ഞു. പ്രകോപനങ്ങളില്ല, ഹൃദ്യമായ സ്വീകരണം.

    റേഡിയോ ഫ്രാന്‍സിന്റെ പ്രതിനിധി മതില്‍ഡേ ഇംബര്‍ട്ടിയായിരുന്നു അവസാനം ചോദിച്ചത്. പരിശുദ്ധ പിതാവേ, അങ്ങ് യു.എസില്‍ ഒരു സ്റ്റാറായി കഴിഞ്ഞിരിക്കുന്നു. പോപ്പ് സ്റ്റാറാകുന്നത് സഭയ്ക്ക് ഗുണം ചെയ്യുമോ? സത്യത്തില്‍ ഈ ചോദ്യം പാപ്പയെ അത്ഭുതപ്പെടുത്തി. എങ്കിലും പാപ്പാ സന്തോഷത്തോടെ പ്രതികരിച്ചു. മാര്‍പാപ്പാ എന്നാല്‍, ദൈവത്തിന്റെ ദാസന്മാരുടെ ദാസനാണ്. സ്റ്റാര്‍ എന്നതില്‍ നിന്നും ഇതു വ്യത്യസ്തമാണ്. സ്റ്റാര്‍ കാണാന്‍ ഭംഗിയുളളതാണ്. ആകാശത്തിലേക്ക് ഞാന്‍ നോക്കാറുണ്ട്, സ്റ്റാര്‍ കാണുവാന്‍. തെളിഞ്ഞ ആകാശത്തുളള സ്റ്റാര്‍ അതു മിന്നിമറയും. നിലം പതിക്കും. കടന്നുപോകും. കര്‍ത്താവിന്റെ ദാസന്‍ ഒരിക്കലും അങ്ങനെയാവില്ല. മാധ്യമങ്ങള്‍ പല വിശേഷണങ്ങളും നല്‍കിയേക്കാം.