അരിസോണ : ഉദരത്തില്‍ 11 ആഴ്ച പ്രായമായപ്പോഴാണ് തന്റെ കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടെന്നുളള ഞെട്ടിക്കുന്ന വാര്‍ത്ത ലിന്‍ കസിദി എന്ന അരിസോണയില്‍ നിന്നുളള അമ്മ ഡോക്ടര്‍മാരില്‍ നിന്നറിയുന്നത്. ഭര്‍ത്താവ് സ്‌കോട്ടിനോടും ഈ വേദന അവര്‍ പങ്കുവച്ചു. തികഞ്ഞ കത്തോലിക്കാ വിശ്വാസികളായിരുന്ന അവര്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷം ആരോഗ്യമുളള കുഞ്ഞുങ്ങളെ ലഭിച്ച അനേകരുടെ സാക്ഷ്യങ്ങള്‍ അവര്‍ക്ക് ബലമായുണ്ടായിരുന്നു.

        ആവേ എന്നു പേരിട്ട് വിളിച്ച അവരുടെ കുഞ്ഞ് ജനിച്ചപ്പോള്‍ സ്വര്‍ണ്ണമുടികളും നീലക്കണ്ണുകളും, അവള്‍ സുന്ദരിയായിരുന്നു. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രം എന്ന രോഗത്തിന്റെ പിടിയിലും.     അത് ജനുവരി 2014. ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍  നടത്തി. ആവേയുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ഹൃദയത്തിനും പോരായ്മകളുണ്ടെന്ന് അവര്‍ കണ്ടെത്തി. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ഹൃദയത്തില്‍ രണ്ട് സുഷിരങ്ങളും ഉണ്ടെന്ന് സ്ഥിരീകരിച്ചു. കസിദ് കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഈ കണ്ടെത്തലുകള്‍.

        ഈസ്റ്റര്‍ അടുത്തുവന്നപ്പോള്‍ കസിദി കുടുംബം ഇറ്റലിയിലേക്ക് ഒരു യാത്ര പുറപ്പെടുവാന്‍ തീരുമാനിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ വിശുദ്ധനാക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടായി ആ യാത്ര എന്നത് ദൈവനിശ്ചയം. വന്‍ ജനാവലിയോടൊപ്പം അവരും തീര്‍ത്ഥാടകരായി. ഒരു ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കുളള യാത്ര. പലരില്‍ നിന്നും അവര്‍ ഒരു വാര്‍ത്ത കേട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പാ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്നു. മാത്രമല്ല, അടുത്തെത്തിയാല്‍ കുഞ്ഞുങ്ങളെ ആശ്ലേഷിച്ച് ചുംബിക്കുന്നതും പാപ്പായുടെ ഇഷ്ടങ്ങളിലൊന്ന്. അന്ന് സ്വക്വയറില്‍ അധികം കുഞ്ഞുങ്ങളെ അവര്‍ കണ്ടില്ല. ഇതുതന്നെ അവസരമെന്ന് കസിദി കുടുംബവും കരുതി.

        പോപ്പ് മൊബൈലില്‍ ഫ്രാന്‍സിസ് പാപ്പാ കടന്നുവരുന്നു. സ്‌കോട്ട് സ്വന്തം കുഞ്ഞിനെ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈവശമേല്‍പിച്ച് പാപ്പായുടെ നേര്‍ക്ക് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ആവേ അപ്പോള്‍ ഉറങ്ങുകയായിരുന്നെങ്കിലും പാപ്പായുടെ കൈകളില്‍ നിന്ന് അവള്‍ക്കും കിട്ടി ചുടുചുംബനം. എന്താണ് പേരെന്നും, എത്രവയസ്സായി എന്നും പാപ്പാ ആരാഞ്ഞു. സ്‌കോട്ട് കസീദി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പാപ്പാ, അവളുടെ ഹൃദയത്തില്‍ രണ്ടു സുഷിരങ്ങളുണ്ട്, അവള്‍ രോഗിണിയാണ്.

        റോമിലെ യാത്ര കഴിഞ്ഞ അവര്‍ മടങ്ങിയെത്തി. ആവേയെ ഹൃദയപരിശോധന നടത്തുന്ന ഒരു വിദഗ്ധന്റെ അടുക്കല്‍ അവര്‍ പരിശോധനയ്ക്കായെത്തിച്ചു. ഒരു സുഷിരം പാടേ അപ്രത്യക്ഷമായിരിക്കുന്നു! അടുത്തത് പാതിയടഞ്ഞ നിലയിലും ! ആ പ്രശ്‌നം 90 ശതമാനം പരിഹരിക്കപ്പെട്ടുവെന്നും ഇനി രണ്ടുവര്‍ഷത്തേക്ക് യാതൊരു ചെക്കപ്പും നടത്തേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ വിധി.
        കസിദി കുടുംബം ഒന്നടങ്കം പറയുന്നു. 'ഞങ്ങള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു. ഫ്രാന്‍സിസ് പാപ്പ ഒരു ജീവിക്കുന്ന വിശുദ്ധനാണ്. ദൈവം ഫ്രാന്‍സിസ് പാപ്പായിലൂടെ ചെയ്യുന്ന മഹനീയ കാര്യങ്ങളില്‍ ഒന്നായി ഇതും ഞങ്ങള്‍ ഏറ്റുപറയുന്നു.'

        വാഷിംഗ്ടണ്‍ പോസ്റ്റ് ഈ കുടുംബത്തെ നേരിട്ട് അഭിമുഖം നടത്തി പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത ഇതിനോടകം അനേകരുടെ വിശ്വാസത്തെയും സഭാസ്‌നേഹത്തെയും ഉണര്‍ത്തിയിരിക്കുകയാണ്.