കടപ്പാട് : Manoramaonline.com
മാമ്മന്‍ മാത്യു

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്റെ ദേവാലയത്തിന്റെ തിരുമുറ്റത്തേക്ക്, സൗമ്യമായൊരു ഇളംതെന്നല്‍പോലെ ഫ്രാന്‍സിസ് മാര്‍പാപ്പ വരികയാണ്. പോപ്പ് മൊബീല്‍ എന്നു പേരിട്ട പാപ്പാവാഹനത്തിനു ചുറ്റും സുരക്ഷാവലയത്തിന്റെ ബഹളങ്ങളില്ല.

        മാര്‍പാപ്പയെ കാണാന്‍, ആ കണ്ണില്‍പ്പെടാന്‍കാത്ത് ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നുമെത്തിയ ജനസഞ്ചയം. രോഗത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും പരിമിതികളുളളവരെ കണ്ണില്‍പ്പെട്ടാലുടന്‍ മാര്‍പാപ്പയുടെ വാഹനം നില്‍ക്കുന്നു. കുഞ്ഞുങ്ങളെ അദ്ദേഹം വാരിപ്പുണരുന്നു; അവര്‍ക്ക് ഉമ്മ കൊടുക്കുന്നു, രോഗബാധിതരെ പ്രാര്‍ത്ഥനയോടെ ആശ്ലേഷിക്കുന്നു; അവര്‍ക്കുമേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു.  

        പരിശുദ്ധപിതാവിന് ഒട്ടുമേ തിരക്കുണ്ടായിരുന്നില്ല. എല്ലാവര്‍ക്കുംവേണ്ടി, വിശേഷിച്ചും പ്രാര്‍ത്ഥനയും സഹായവും ആവശ്യമുളളവര്‍ക്കെല്ലാംവേണ്ടി അദ്ദേഹം സമയം കണ്ടെത്തി. സുരക്ഷാ ഭടന്മാര്‍ കുഞ്ഞുങ്ങളെ മാര്‍പാപ്പയുടെ പക്കലേക്ക് എടുത്തുയര്‍ത്തുന്നതു കരുതലോടെയും വാത്സല്യത്തോടെയുമാണ്. പാപ്പാ അവര്‍ക്കു സ്‌നേഹസ്പര്‍ശം സമ്മാനിക്കുന്നു.

        മെയ് 13 ബുധനാഴ്ച. ഏറെക്കാലത്തെ ആഗ്രഹപൂര്‍ത്തീകരണവുമായി ഞാനും കുടുംബാംഗങ്ങളും പരിശുദ്ധ പിതാവിനെ കാണാനെത്തിയത് അന്നാണ്. വിശ്വാസികള്‍ക്കായുളള പ്രതിവാര കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ക്കായി പ്രത്യേകസൗകര്യം ഒരുക്കിത്തന്നത് മലങ്കര കത്തോലിക്കാ സഭാ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവായാണ്. കര്‍ദിനാളിന്റെ നിര്‍ദേശപ്രകാരം സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുളള ഫാ.കുര്യാക്കോസ് എനിക്കും ഭാര്യ പ്രേമയ്ക്കും സൗകര്യപ്രദമായി മാര്‍പാപ്പയെ കാണാന്‍ പറ്റിയ ഒരു പ്രത്യേകസ്ഥലം ഒരുക്കിതന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച ഏര്‍പ്പാടാക്കണമെന്ന് ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് സാല്‍വതോറെ പിനാച്ചിയോടും ക്ലീമീസ് ബാവാ അഭ്യര്‍ത്ഥിച്ചിരുന്നു. മകന്‍ ജയന്തും കുടുംബവും എന്റെ സഹോദരന്‍ ഫിലിപ്പ് മാത്യുവിന്റെ മകന്‍ അമിതും കുടുംബവും എനിക്കൊപ്പമുണ്ടായിരുന്നു.


        ലോകത്തിനാകെ സൗഖ്യം പകരാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടു ശ്വാസകോളങ്ങളില്‍ ഒന്നേ പ്രവര്‍ത്തിക്കുന്നുളളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ രാജ്യാന്തര എഡിഷനില്‍ ഞാന്‍ വായിച്ചത് പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ്. എന്നാല്‍, വത്തിക്കാനിലെ ആ കൂടിക്കാഴ്ചയില്‍ എനിക്കൊരുകാര്യം ബോധ്യപ്പെട്ടു; സഹജീവികളെ സ്‌നേഹിക്കുകയും അവരുടെ ദു:ഖങ്ങള്‍ പങ്കിടുകയും ചെയ്യുന്ന വലിയ രണ്ടു ഹൃദയങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന്.

        പരിശുദ്ധ പിതാവിന് ഇപ്പോള്‍ 79 വയസ്സാണ്. പക്ഷേ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തുന്നവര്‍ക്കു മുന്‍പില്‍ പാപ്പാ എത്രയോ ചെറുപ്പം. ആര്‍ക്കുവേണ്ടിയും കുനിയാന്‍, നീണ്ടുവരുന്ന കൈകളിലൊക്കെ സ്പര്‍ശിക്കാന്‍, ആ സ്പര്‍ശത്തിലൂടെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വൈദ്യുതിപ്രവാഹം സമ്മാനിക്കാന്‍, പരിശുദ്ധ പിതാവ് ഒരുക്കം.     

        സിംഹാസനങ്ങളില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയവര്‍ക്കായി, സാധാരണക്കാര്‍ക്കായി കൈനീട്ടുമ്പോള്‍, അവര്‍ ആരാണെന്ന് അദ്ദേഹം അന്വേഷിക്കുന്നില്ല. അവിടെ സ്ഥാനമാനങ്ങള്‍ അപ്രസക്തമാകുന്നു. എല്ലാവരും ഒരേ പ്രാര്‍ത്ഥനയില്‍ ംസാധാരണക്കാര്‍ക്കിടയില്‍, അവരിലൊരാളായി, മാര്‍പാപ്പ നീങ്ങുന്നതു കാണുമ്പോള്‍ നമ്മുടെ ഹൃദയത്തിലും എളിമ വന്നുനിറയും.

        മാര്‍പാപ്പയെ മൂന്നുമണിക്കൂര്‍ അടുത്തുനിന്നു കാണാന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടായി. ആ സാന്നിധ്യത്തിന്റെ കാന്തിക വലയത്തില്‍പ്പെട്ടു നില്‍ക്കുമ്പോള്‍ എനിക്കു ബോധ്യപ്പെട്ടു: അദ്ദേഹം സമാധാനത്തിന്റെ ഫ്രാന്‍സിസാണ്; കാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും വിശുദ്ധ ഫ്രാന്‍സിസ്.

        ജനങ്ങളുടെ പാപ്പാ, ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച്, അവരെ സമാശ്വസിപ്പിച്ച്, പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി നടന്ന്, തന്റെ പ്രതിവാര പ്രസംഗവേദിയിലെ ഇരിപ്പിടത്തിനരികിലെത്തുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ വാസ്തു പ്രൗഢിക്കു മുന്‍പില്‍ ആരും കൈകൂപ്പി നിന്നുപോകുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്നത് ആയിരങ്ങളാണ്. അവര്‍ക്കുമേല്‍ ശാന്തിസ്പര്‍ശമായി മാര്‍പാപ്പയുടെ വാക്കുകള്‍ വന്നിറങ്ങുന്നു.

        ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ ഭാഷയുടെയോ ആശയങ്ങളുടെയോ സങ്കീര്‍ണതയില്ല. ആ വാക്കുകള്‍ സാധാരണക്കാര്‍ക്കുളളതാണ്; എല്ലാവര്‍ക്കും വേണ്ടിയുളളതാണ്. ഓരോ വാക്കിലും നിറയുന്നത് സൗമ്യമായ ശാന്തതയുടെ കുളിര്‍മ. ഇതേ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മുന്‍പു പരാമര്‍ശിച്ചിട്ടുളള മൂന്നു ഭാഷാ പ്രയോഗങ്ങളെക്കുറിച്ചാണ് സംസാരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു.

        ഇംഗ്ലീഷിലാവുമ്പോള്‍ മേ ഐ, താങ്ക് യു, പാര്‍ഡന്‍ മി എന്നിങ്ങനെയാണ് അവ. കുടുംബജീവിതത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്ന വാക്കുകളാണിവയെന്നു മാര്‍പാപ്പ പറഞ്ഞു. ശാന്തിയുടെ മൂന്നു മൂലക്കല്ലുകള്‍. മൂന്നും ലളിതം. പക്ഷേ, നടപ്പാക്കല്‍ അത്ര ലളിതമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

        എന്നാല്‍, ഈ പ്രയോഗങ്ങള്‍ക്കുമേല്‍ ഭാഷാവരം കൈവരിച്ചുകഴിഞ്ഞാല്‍ നിത്യജീവിതത്തി ലേക്ക് വിജയങ്ങള്‍ പടികയറിവരും; നൂറുനൂറു പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം ഈ പദങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇവയുടെ അസാന്നിധ്യം ജീവിതത്തില്‍ വിളളലുകള്‍ വീഴ്ത്തുന്നു; ആ വിളളലുകള്‍ വലുതായി അവയിലൂടെ ജീവിതംതന്നെ ചോര്‍ന്നുപോയേക്കാം.

        സൗമ്യവും അഭിജാതവും സംസ്‌കാരസമ്പന്നവുമായ പെരുമാറ്റത്തിന്റെ അടയാളവാക്യങ്ങള്‍ കൂടിയാണ് ഈ പദപ്രയോഗങ്ങള്‍ എന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധിയിലേക്കുളള പാതിദൂരം യാത്ര ചെയ്ത ഫലമാണു നല്ല പെരുമാറ്റം നല്‍കുന്നതെന്ന് ഫ്രാന്‍സിസ് ഡി സാലസ് എന്ന ബിഷപ്പ് മുന്‍പൊരിക്കല്‍ പറഞ്ഞത് പാപ്പാ അനുസ്മരിക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗങ്ങള്‍ കേവലം ഉപചാരത്തിനുവേണ്ടി മാത്രമായിക്കൂടാ. അങ്ങനെയായാല്‍ അത് ആത്മാവിന്റെ വരള്‍ച്ചയാണ് കാണിക്കുക; അപരനോടുളള നിര്‍വികാരതയും.

        ചിലപ്പോഴെങ്കിലും നല്ല പെരുമാറ്റത്തിനു പിന്നില്‍ ചീത്തസ്വഭാവങ്ങള്‍ ഒളിഞ്ഞിരിക്കുന്നുമുണ്ട്. ഈ ദുരന്തത്തില്‍ നിന്നു മതങ്ങള്‍ പോലും മോചിതമല്ല. വെറും ഉപചാരപ്രയോഗങ്ങള്‍ ആധ്യാത്മികതയെ ലൗകികതയില്‍ മുക്കിക്കൊല്ലുന്നു. ഇംഗ്ലീഷില്‍ 'മേ ഐ' എന്നു തുടങ്ങുന്ന ഒരു വാക്യം എളിമയുടെ അടയാളമാകുന്നു. ഞാന്‍ ഇങ്ങനെ ചെയ്‌തോട്ടേ എന്ന വിനീതമായ ചോദ്യമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. നമുക്കു ചെയ്യാന്‍ അവകാശമുളള ഒരു കാര്യമാണെങ്കില്‍കൂടി ചെയ്‌തോട്ടേ എന്നൊരു എളിമ ചേര്‍ക്കുന്നതോടെ, മറ്റുളളവരുടെ വികാരം കൂടി മാനിക്കാനുളള സന്നദ്ധതയുടെ ശോഭ അതില്‍ വന്നുനിറയുന്നു. കടന്നാക്രമണത്തിന്റെ ഭാവം ആര്‍ക്കും നന്നല്ല.

        'താങ്ക് യു' എന്നു നന്ദി പറയുന്നതു ബലഹീനതയാണെന്നു കരുതുന്നവരുണ്ട്. നന്ദിയും കടപ്പാടും ഏതു വിശ്വാസപ്രമാണത്തിന്റെയും പൂമുഖത്തു നില്‍ക്കേണ്ടതാണ്. ഉപകാരങ്ങള്‍ക്കു നന്ദി പറയുമ്പോള്‍ പ്രകടമാവുന്നതു മനസ്സിന്റെ സംസ്‌കാരമാണ്. സന്മസ്സില്‍ പൂവിടുന്നതാണ് നന്ദി; അതെത്ര മനോഹരം.

        കുടുംബജീവിതത്തിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുളള ഒറ്റമൂലിയാണ് മനസ്സില്‍തൊട്ട ക്ഷമാപണം. ഇംഗ്ലീഷിലെ പാര്‍ഡന്‍ മി. എനിക്കു തെറ്റിപ്പോയി, മാപ്പു തരൂ, ക്ഷമിക്കൂ എന്നു പറയാന്‍ വിസമ്മതിക്കുന്ന കുടുംബങ്ങളില്‍ ശുദ്ധവായു പ്രവേശിക്കുന്നില്ല. അവിടെ ശ്വാസം മുട്ടലുണ്ടാവും. പ്രശ്‌നങ്ങള്‍ അവിടേക്ക് ഇരച്ചുകയറും.

        തെറ്റുകളും വീഴ്ചകളും ക്ഷമിക്കാതെയും ക്ഷമിക്കപ്പെടാതെയും ഒരു പകല്‍പോലും രാത്രിയിലേക്കു കാലെടുത്തുവയ്ക്കരുതെന്നാണ് മാര്‍പാപ്പ പറയുക. ജീവിതപങ്കാളിയോട്, കുഞ്ഞുങ്ങളോട്, മാതാപിതാക്കളോട് വഴക്കുകൂടാനിടയായാല്‍, ആ വഴക്കു തീര്‍ത്തിട്ടേ ഉറങ്ങാന്‍ പോകാവൂ. ക്ഷമാപണം ആത്മാവിനു ശാന്തി നല്‍കും; ജീവിതത്തിന് ആശ്വാസവും.

        ലളിതമായ വാക്കുകളാണിവ; ലളിതമായ ആശയങ്ങളും. കേള്‍ക്കുമ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞേക്കാം. ഇതു നിസ്സാരമല്ലേ എന്നു തോന്നാം. പക്ഷേ, ഇവ കൈവിട്ടാല്‍ കാര്യം നിസ്സാരമല്ലാതാവും. വലിയതെന്തെങ്കിലും പറഞ്ഞു എന്നൊരു ഭാവമില്ലാതെ പരിശുദ്ധ പിതാവ് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയാണിപ്പോള്‍. വീണ്ടും വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക്; ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വന്ന ജനങ്ങളിലേക്ക്; വാര്‍ദ്ധക്യവും രോഗവും സമാധാനക്കേടും അലട്ടുന്ന നിര്‍ഭാഗ്യരിലേക്ക്.

        ചുണ്ടില്‍ പുഞ്ചിരിമാത്രം; മനസ്സിലും വിരല്‍ത്തുമ്പിലും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും. ഭിന്നശേഷിയുളളവര്‍ക്കായി ഒരുക്കിയ ഭാഗത്തേക്ക് അദ്ദേഹം മടങ്ങിപ്പോയി. ഓരോരുത്തരുമായും സംസാരിച്ചു. അവരെ സമാശ്വസിപ്പിച്ചു; ഏറെനേരം അവിടെ ചെലവിട്ടു. ഒരാളെപ്പോലും പാപ്പാ കാണാതിരുന്നില്ല.

        ഉവ്വ്, വ്യഗ്രതകളുടെ ഈ ലോകത്തില്‍ അദ്ദേഹത്തിന് ഒരു തിരക്കുമില്ല. എല്ലാവരും, സാധാരണക്കാര്‍ ഉള്‍പ്പെടെ എല്ലാവരും, അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. അദ്ദേഹം ആരുടെയും ജാതിയും മതവും ചോദിക്കുന്നില്ല. ആ സാന്നിധ്യത്തിനു മുന്‍പില്‍ അവയെല്ലാം അപ്രസക്തമാകുന്നു.

        ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചയായിരുന്നു പിന്നീട്. അതുകഴിഞ്ഞ്, ഞാനും ഭാര്യയുമിരുന്ന ഭാഗത്തേക്ക് പരിശുദ്ധ പിതാവ് വന്നു. ഞങ്ങളുടെ അടുത്തിരുന്ന സ്ത്രീ അവരുടെ പേരക്കുട്ടികളുടെ ചിത്രം കൊണ്ടുവന്നിരുന്നു. അവരെ അനുഗ്രഹിക്കണം എന്നായിരുന്നു ആ മുത്തശ്ശിയുടെ അഭ്യര്‍ത്ഥന. ചിത്രത്തില്‍ തൊട്ടു പ്രാര്‍ത്ഥിക്കുക മാത്രമല്ല മാര്‍പാപ്പ ചെയ്തത്. ചിത്രത്തില്‍ പാപ്പാ ചുംബിച്ചപ്പോള്‍ ആ മുത്തശ്ശിയുടെ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍ നിറഞ്ഞൊഴുകി.

        ഞാനും എന്റെ ഭാര്യയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈമുത്തി. എന്റെ രാജ്യത്തിനും എന്റെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അപേക്ഷിച്ചു. രോഗബാധിതരായ എന്റെ സുഹൃത്തുക്കളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഞാന്‍ മലയാള മനോരമയുടെ വിസിറ്റിംഗ് കാര്‍ഡില്‍ എഴുതിവച്ചിരുന്നത് പരിശുദ്ധ പിതാവിനു നല്‍കി. അദ്ദേഹം അതു വാങ്ങി പോക്കറ്റില്‍ സൂക്ഷിച്ചു.

        മാര്‍പാപ്പയ്‌ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ ഞങ്ങള്‍ക്കു രണ്ടു കൊന്തകള്‍ തന്നു. ഞങ്ങളത് കൊച്ചുമക്കള്‍ക്കു സമ്മാനിച്ചു; എന്നെന്നും സൂക്ഷിച്ചുവയ്ക്കാന്‍. ഔന്നത്യത്തിന്റെ ഭാവങ്ങളില്ലാത്ത ആ വിശുദ്ധസാന്നിധ്യം ഞങ്ങളുടെ മനസ്സിനെ കീഴടക്കിയെന്നു പറയണം. മനസ്സില്‍ ധന്യത നിറയുന്ന അനുഭവം. പരിശുദ്ധ പിതാവിന്റെ ദൈനംദിന ജീവിതം തിരക്കൊഴിയാത്തതാണെങ്കിലും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നു മടങ്ങാന്‍ പിന്നെയും സമയമെടുത്തു.

        കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ മാര്‍പാപ്പ സ്വീകരിച്ചത് തൊട്ടുതലേന്നാണ്. ക്യൂബയും അമേരിക്കയും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചത് ഫ്രാന്‍സിസ് പാപ്പായാണ്. മാര്‍പാപ്പയുമായുളള കൂടിക്കാഴ്ചയക്കുശേഷം നടത്തിയ മാധ്യമസമ്മേളനത്തില്‍ റൗള്‍ കാസ്‌ട്രോ പറഞ്ഞു :

        'ഞാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു; അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ആഹ്വാനങ്ങളും കൃത്യമായി കേള്‍ക്കുന്നുണ്ടെന്നു ഞാന്‍ പാപ്പായോടു പറഞ്ഞു. എല്ലാറ്റിനും ഞാന്‍ ശ്രദ്ധയോടെ കാതോര്‍ക്കുന്നു; അവയില്‍ ഒരുപാട് അര്‍ത്ഥങ്ങളും സത്യങ്ങളുമുണ്ട്. കമ്മ്യൂണിസ്റ്റാണെങ്കിലും ക്യൂബയില്‍ പളളികള്‍ തുറന്നു കൊടുക്കാനാലോചിക്കുകയാണ് ഞാനിപ്പോള്‍. ക്യൂബയില്‍ മതത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്ന കാര്യവും തീര്‍ച്ചയായും പരിഗണിക്കും.'

        പലസ്തീന് പരമാധികാര രാഷ്ട്രമായി വത്തിക്കാന്‍ അംഗീകാരം നല്‍കിയതു ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നപ്പോഴാണ്. ഉവ്വ്, രാഷ്ട്രതന്ത്രപരമായ കാര്യങ്ങളില്‍ മാര്‍പാപ്പയുടെ തീരുമാനങ്ങളും നടപടികളും അതിവേഗമാണ്. എന്നാല്‍, തന്റെ അനുഗ്രഹം തേടിയെത്തുന്ന അശരണര്‍ക്കായി എത്രസമയം മാറ്റിവയ്ക്കാനും അദ്ദേഹം ഒരുക്കം. യൂറോപ്പിലും അമേരിക്കയിലും ക്രിസ്തുമതാനുയായികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പക്കലേക്ക് ഒഴുക്കു വര്‍ദ്ധിക്കുന്നതേയുളളൂ.

        തന്റെ സന്തോഷത്തിന്റെ രഹസ്യമെന്തെന്ന ചോദ്യത്തിനു പാപ്പാ ഇങ്ങനെയാണു മറുപടി നല്‍കിയത്:
        'ഇടയ്‌ക്കൊക്കെ തിരക്കുകള്‍ക്ക് അവധി കൊടുക്കുക. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക. മനുഷ്യന്റെ അന്തസ്സിനു ചേരുന്ന ജോലികള്‍ മാത്രം ചെയ്യുക. നിഷേധാത്മക ചിന്തകളെ അകറ്റിനിര്‍ത്തുക. കലയും പുസ്തകങ്ങളുമൊക്കെ ആസ്വദിക്കുക. മനസ്സിന് അയവു നല്‍കി, ജീവിതത്തിലൂടെ ശാന്തമായി കടന്നുപോകുക.'

        വിശുദ്ധ പത്രോസിന്റെ ചത്വരത്തിലൂടെ, വാക്കുകളില്ലാത്ത ഒരു പ്രാര്‍ത്ഥനപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നുപോയപ്പോള്‍ ഈ ശാന്തത എന്റെ ആത്മാവില്‍ തൊട്ടു.